Tuesday, December 02, 2008

വിരസചുംബനത്തിന്റെ പക്ഷത്തുനിന്ന്

രാക്ഷസനില്‍ നിന്നു 'രാ', ദുഷ്ടില്‍ നിന്നു 'ഷ്ട', പീറയില്‍ നിന്നു 'റ', ഈച്ചയില്‍ നിന്ന് 'ഈ', മായത്തില്‍ നിന്ന് 'യം' എന്നിങ്ങനെയാണ്‌ 'രാഷ്ട്രീയ'ത്തിന്റെ ചേരുവകള്‍ തന്റെ (അ)രാഷ്ട്രീയകവിതകളുടെ സമാഹാരമായ 'രാഷ്ട്രീയ'ത്തില്‍ കവി കുഞ്ഞുണ്ണി വേര്‍തിരിച്ചെടുക്കുന്നത്‌. കക്ഷിരാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയെക്കുറിച്ചും ഭരണത്തിലെ അഴിമതിയെക്കുറിച്ചും പറഞ്ഞു പഴകിയ അറിവുകളെ പറഞ്ഞുരസിക്കാന്‍ പറ്റിയ ചൊല്ലുകളും ഈരടികളുമാക്കി വായനക്കാരിലെത്തിക്കാനായിരുന്നു കവിയുടെ ശ്രമം. അതില്‍ പരാജയപ്പെട്ടില്ലെന്നു തന്നെ പറയാം. 'ഓട്ടുചെയ്ത്‌ ഓട്ടക്കലമായ നമ്മളെ'യും 'ഭാരം ചുമക്കുകയും തീയും തിന്നുകയും ചെയ്യുന്ന' ഭാരതീയനെയും 'പട്ടിപെറും' പോലെ പിളരുന്ന പാര്‍ട്ടികളെയും നോക്കിച്ചിരിക്കാനും കരയാനും ധാരാളം വകുപ്പുണ്ട്‌ ഈ ചെറുസമാഹാരത്തില്‍.

പാര്‍ട്ടിരാഷ്ട്രീയത്തിന്റെ കോമാളിക്കാഴ്ചകളില്‍ മനം മടുത്ത ഈ കവി സംഘപരിവാരത്തിന്റെ ഒരു സഹയാത്രികനായിരുന്നു എന്നതാണ്‌ പില്‍ക്കാലത്തെ വാര്‍ത്തകളിലൊന്ന്. വ്യവസ്ഥാപിതരാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്നതെന്ന പ്രതിച്ഛായയായിരിക്കുമോ കുഞ്ഞുണ്ണിയെപ്പോലെ പിന്നെയും പലരെയും കാവികുടുംബത്തിന്റെ ആരാധകരാക്കിത്തീര്‍ത്തത്‌? ഡെല്‍ഹിയും തിരുവനന്തപുരവുമുള്‍പ്പെടെ ഭരണകേന്ദ്രങ്ങളിലെല്ലാം ആദ്യകാലത്തു ബി.ജെ.പി. നേടിയ പിന്തുണ ഈ ആകര്‍ഷണത്തിന്റെ തെളിവായിരിക്കുമോ? അതോ ഹിന്ദുദേശീയതയുടെ ഉള്‍ക്കാമ്പായി നിലകൊള്ളുന്ന ഫാസിസത്തിന്റെ ഗുരുത്വാകര്‍ഷണത്തിന്റെ തെളിവോ?

'ചോദിച്ചു സമ്മതം വാങ്ങി-
ച്ചുംബിക്കും പോലെയല്ലയോ
നാണം കെട്ട്‌ ഓട്ടു ചോദിച്ചു
മേടിച്ചിട്ടു ഭരിപ്പത്‌?' എന്ന് 'രാഷ്ട്രീയ'ത്തില്‍ കുഞ്ഞുണ്ണി പരിഹസിക്കുന്നുണ്ട്‌. 'പെണ്ണര കാണാക്കവി'യായതുകൊണ്ട്‌ അരക്കവിയാണെന്നു സ്വയം സമ്മതിച്ചിരുന്ന അവിവാഹിതനായിരുന്ന അദ്ദേഹം ചുംബനശാസ്ത്രത്തിലും അജ്ഞനായിരുന്നു എന്നു കരുതുന്നതില്‍ അപാകതയില്ല. ചോദിക്കാതെയും പറയാതെയും മറ്റൊരാളുടെ മനസ്സറിഞ്ഞ്‌ ചുംബനത്തിലാഴ്ത്തുന്നതിനെക്കുറിച്ചുള്ള കാല്‌പനികതയെ ഉചിതമായ ബലപ്രയോഗത്തിലൂടെയുള്ള സാമൂഹ്യപരിവര്‍ത്തനശ്രമങ്ങളോടു തുലനം ചെയ്യുന്ന കവിമനസ്സ്‌ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെയും ഉദ്യോഗസ്ഥവാഴ്ചയുടെയും വിരസതകളെ ഒരു മുരട്ടുപ്രേമത്തോടാണു താരതമ്യം ചെയ്തു കാണുന്നത്‌. എന്നാല്‍, ഇഷ്ടമില്ലാത്ത ആരുടെയെങ്കിലും ചുംബനത്തിനു വിധേയരാവേണ്ടി വന്നിട്ടുള്ളവരോട്‌ സംശയത്തിനിടയില്ലാത്ത ഒരു മുന്‍ധാരണയുടെ ആവശ്യത്തെപ്പറ്റി ചോദിക്കുന്നതു നന്നായിരിക്കും, തെരഞ്ഞെടുപ്പും ജനാധിപത്യപ്രക്രിയയും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ജനതകളോട്‌ സ്വേച്ഛാധിപത്യത്തെപ്പറ്റിയും. പ്രേമത്തിന്റെ കണ്ണില്ലായ്മയിലെന്ന പോലെതന്നെ വിപ്ലവലഹരിയുടെ കണ്ണില്ലായ്മയിലും തത്‌പരകക്ഷികളുടെയെല്ലാം താത്‌പര്യങ്ങളെന്താണെന്ന്‌ എനിക്കറിയാം എന്ന മിഥ്യാധാരണയിലെത്തിച്ചേരാന്‍ എത്രയെളുപ്പമാണെന്നും പ്രേമിച്ചിട്ടുള്ളവര്‍ക്കറിയാം.

പറയുക പറയുക നിണമൊഴുകിയ കഥ

നീതിനേടുന്നതിനും സാമൂഹ്യനീതിനേടുന്നതിനുമായി നിയമത്തിന്റെ നീണ്ട ഇടനാഴികളില്‍ അലയാന്‍ തയ്യാറാവാതെ സ്വയം നീതിന്യായവ്യവസ്ഥയായി മാറുന്ന വീരനായകന്മാരുടെയും നായികമാരുടെയും കഥകള്‍ കൊണ്ടു നിറഞ്ഞതാണ്‌ ജനപ്രിയസാഹിത്യവും കലയും. സുരേഷ്‌ ഗോപിമാരുടെയും വിജയശാന്തിമാരുടെയും ഹിംസയുടെ കുറുക്കുവഴികളെക്കുറിച്ചു പാടുമ്പോള്‍ സിനിമയിലെ പാണന്മാര്‍ക്കു നാവു നൂറാണ്‌. ഇന്‍ഡ്യനും ഫോര്‍ ദി പീപ്പിളിനും രംഗ്‌ ദേ ബസന്തിയ്ക്കും വി ഫോര്‍ വെന്‍ഡെറ്റയ്ക്കും ചെറുപ്പക്കാര്‍ക്കിടയില്‍ ആരാധകരേറെയാണ്‌. പഴുതുകളടച്ചുകൊണ്ടുള്ള ഒരു നീണ്ട നിയമയുദ്ധത്തിലൂടെ നീതിനേടുന്നതിനെക്കുറിച്ചോ ബോധവത്കരണത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സമരത്തിലൂടെ സാമൂഹ്യപരിവര്‍ത്തനം നേടുന്നതിനെക്കുറിച്ചോ ഉള്ള ഒരു സിനിമയുണ്ടാക്കി തീയേറ്ററുകള്‍ നിറയ്ക്കാന്‍ എളുപ്പമല്ലല്ലോ.

ജനജീവിതം സ്തംഭിപ്പിച്ചും വികസനത്തിനു വിലങ്ങുതടിയിട്ടും മദിക്കുന്ന ജനാധിപത്യത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നു രക്ഷനേടാന്‍ പുതിയ തലമുറ ഇത്തരം വസന്തസ്വപ്നങ്ങളിലഭിരമിക്കുമ്പോള്‍ പഴമനസ്സുകള്‍ സ്വേച്ഛാധിപത്യത്തിന്റെ പഴംപാട്ടുകളിലാണ്‌ അഭയം തേടുന്നത്‌. സി. പി.യ്ക്കു ശേഷം തിരുവന്തപുരത്ത്‌ എന്തുണ്ടായിട്ടുണ്ടെന്ന് അവര്‍ ചോദിക്കുന്നു. ഭീകരവാദത്തോടുള്ള ഭീതി, വിചാരണയില്ലാത്ത കൊലക്കയറുകളുടെ സൈനികഭരണത്തിന്റെ മേന്മയെ വാഴ്ത്താന്‍ അവരെ പ്രേരിപ്പിക്കുന്നു. രാജഭരണത്തിന്റെയും ബ്രിട്ടീഷ്‌ ഭരണത്തിന്റെയും അടിയന്തിരാവസ്ഥയുടെയും സുവര്‍ണ്ണസ്മൃതികള്‍ അവരുടെ കണ്ണുകള്‍ക്കുമുന്‍പില്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്നു. 'ഇന്നെന്റെയുണ്ണിയ്ക്കരങ്ങേറുവാന്‍ പുതിയ മണ്ണിന്റെമാറത്തെഴുന്നള്ളു'വാന്‍ മാമാങ്കത്തെ ക്ഷണിക്കുന്ന കവിയുടെ കണ്ണില്‍ ഹിംസയുടെ ആ ഉത്സവം രണ്ടു നാടുവാഴികള്‍ മേല്‍ക്കോയ്മത്തര്‍ക്കത്തിനു പരിഹാരം കാണാന്‍ ചെറുപ്പക്കാരെ കുരുതികൊടുത്തിരുന്നതല്ല, മറിച്ച്‌, 'സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും മങ്ങാത്ത മായാത്ത മലയാണ്മയും' തമ്മിലുള്ള ഏറ്റുമുട്ടലാണ്‌. നാത്സി ഭരണകാലത്തെ ഒരു ജെര്‍മ്മന്‍ പലചരക്കുകടക്കാരന്റെ വാക്കുകള്‍ ഈ നഷ്ടസ്വര്‍ഗ്ഗത്തിന്റെ സ്മരണകള്‍ക്കൊപ്പം വായിക്കുന്നതു നന്നായിരിക്കും: "മുന്‍പ്‌ ഞങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പിനെക്കുറിച്ചും കക്ഷികളെക്കുറിച്ചും വോട്ടിനെക്കുറിച്ചും ആലോചിച്ചു കഷ്ടപ്പെടണമായിരുന്നു. ഇന്നു ഞങ്ങള്‍ സ്വതന്ത്രരാണ്‌."

സ്വാതന്ത്ര്യസമരകാലത്തെ കലാപകാരികളെക്കുറിച്ചുള്ള സിനിമയ്ക്കുള്ളിലെ സിനിമയില്‍ നിന്നു പ്രചോദനം നേടി, പുത്തന്‍ തലമുറയുടെ പ്രതിനിധികള്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വകവരുത്തുന്ന 'രംഗ്‌ ദേ ബസന്തി'യില്‍ തലമുറകള്‍ കടന്നു നീളുന്ന ഈ അക്ഷമയുടെയും അസഹിഷ്ണുതയുടെയും പൂര്‍വധാരകളെക്കുറിച്ചു സൂചനതരുന്നുണ്ട്‌. പിന്നീടു വിരുദ്ധദിശകളിലേക്ക്‌ ഒഴുകിയകന്ന 'ചോരക്കുറി തൊട്ട' തീവ്രവാദവും ചോരക്കൊടിപിടിച്ച തീവ്രവാദവും തങ്ങളുടെ പൂര്‍വികരായി കാണുന്നത്‌ സ്വാതന്ത്ര്യസമരകാലത്തെ ബോംബേറുകാരെയാണ്‌.

ഹിംസയിലൂടെയുള്ള നീതിയെ പാടിപ്പുകഴ്ത്തുന്ന മേല്‍പ്പറഞ്ഞ പടങ്ങളെല്ലാം അവസാനിക്കുന്നത്‌ കലാപകാരികളുടെ രക്തസാക്ഷിത്വത്തിലാണ്‌. വിജയിച്ച കലാപകാരിയാണ്‌ സ്വേച്ഛാധിപതിയായി മാറുന്നതെന്ന വാസ്തവത്തെ മൂടിവെയ്ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ലല്ലോ. വ്യവസ്ഥിതിയ്ക്കെതിരെയെന്നു നടിക്കുമ്പോള്‍ത്തന്നെ 'രംഗ്‌ ദേ ബസന്തി'യില്‍ ധീരസേനാനികളോടും പട്ടാളത്തോടുതന്നെയുമുള്ള ആരാധന പ്രകടമാകുന്നുണ്ട്‌. ടെലിവിഷന്‍ ചാനലുകളിലെ തമാശപ്പരിപാടികളില്‍ ദിവസേന പ്രത്യക്ഷപ്പെടുന്ന ഖാദിയ്ക്കു പകരം പട്ടാളക്കാരന്റെ യൂണിഫോമിനെയോ രംഗ്‌ ദേ ബസന്തിയിലെ ജീന്‍സിനു മുകളില്‍ അനാവൃതമാകുന്ന ഉടലിനെയും ആരാധിക്കാന്‍ കൊതിയ്ക്കുകയാണു നമ്മുടെ മനസ്സ്‌. മെല്ലെപ്പോക്കു രാഷ്ട്രീയത്തിന്റെയും അഴിമതിഭരണത്തിന്റെയും തലവേദനയ്ക്കു ചികിത്സ ജനാധിപത്യമെന്ന തലതന്നെ അറുത്തുകളയുകയാണെന്ന നിഗമനത്തിലേക്കു തന്നെയാണ്‌ ഇവരും നോക്കിനില്‍ക്കുന്നത്‌.

ഈസോപ്പുകഥ: തവളകളുടെ രാജാവ്‌

തങ്ങള്‍ക്കുമാത്രം ഒരു രാജാവില്ലാത്തതില്‍ ഖേദിച്ച്‌ തവളകള്‍, ദേവേന്ദ്രനോട്‌ ഒരു രാജാവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു മരത്തടിയെയാണ്‌ ഇന്ദ്രന്‍ അവര്‍ക്കു രാജാവായിക്കൊടുത്തത്‌. അനക്കമില്ലാത്ത ഒരു മുഷിപ്പനാണ്‌ തങ്ങളുടെ രാജാവെന്നു മനസ്സിലാക്കിയ തവളകള്‍ ശരിക്കും ഭരിക്കുന്ന മറ്റൊരു രാജാവിനെ തരണമെന്ന് വീണ്ടും പ്രാര്‍ത്ഥിച്ചു. കൊറ്റിയായിരുന്നു പുതിയ രാജാവ്‌. അത്‌ തവളകളെയെല്ലാം കൊത്തിത്തിന്നു.

<< മറ്റു തോന്നിയവാസങ്ങള്‍

9 comments:

Umesh::ഉമേഷ് said...

ശക്തമായ നിരീക്ഷണം. ആനന്ദിന്റെ ചില കൃതികളും ഓര്‍മ്മവരുന്നു.

vimathan said...

തികച്ചും സമയോചിതം. നന്ദി.

Roby said...

ജനാധിപത്യം തന്നെയാണു മറുപടി അല്ലേ..

ഈ കഥ പറഞ്ഞതിനു നന്ദി. ഞാനിതോർത്തുവെക്കും. എനിക്ക് 'Z' എന്ന സിനിമയെക്കുറിച്ചെഴുതാൻ തോന്നുന്നു..അത് കണ്ടിരുന്നോ?

Promod P P said...

കഴിഞ്ഞ കഥ വായിച്ച് ഒരു നല്ല കമന്റ് ഇടാൻ പറ്റാത്തതിന്റെ വിഷമം ഇവിടെ തീർന്നു

തികച്ചും സമയോചിതമായ ലേഖനം.നിരവധി ശക്തങ്ങളായ നിരീക്ഷണങ്ങളും

ഓ ടോ : നാടകശാലയിൽ വെച്ചൊ നാട്ടുവഴി കൂട്ടിൽ വെച്ചൊ അരമണി നാണം മറന്നതായും ഉണ്ട്

Umesh::ഉമേഷ് said...

തഥാഗതാ,

അരമണി നാണം മറന്നതു മറ്റേ യുദ്ധമല്ലേ? അതല്ലല്ലോ ഇതു്. ഇതല്ലല്ലോ അതു്.

Inji Pennu said...

ഓഫ്:
എഴുതാനറിയുന്നവര്‍ പലപ്പോഴും മൌനം പാലിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ഒരു ആള്‍ക്കൂട്ടം വരുമായിരിക്കും അല്ലേ? അരാഷ്ട്രീയ ബുദ്ധിജീവികള്‍ക്കൊപ്പം അവരും ഒരുനാള്‍ ചോദ്യം ചെയ്യപ്പെടുമായിരിക്കും.

Babu Kalyanam said...

അപഹൃതചുംബനമതീവഹൃദ്യം എന്നല്ലേ...[stolen kisses...] കേട്ടറിവേ ഉള്ളൂ ;-)

Calicocentric കാലിക്കോസെന്‍ട്രിക് said...

നമ്പൂരി ഫലിതങ്ങള്‍ എന്നൊരു casteist തെമ്മാടിത്തരവും ഈ മഹാന്‍റെ പേരില്‍ ഇറങ്ങിയിട്ടുണ്ടല്ലോ. ചെപ്പയ്ക്കു കാച്ചേണ്ട ജാതി വര്‍ത്തമാനമാണ് നിറയെ.

രാജേഷ് ആർ. വർമ്മ said...

ഉമേഷ്‌, വിമതന്‍, റോബി, തഥാഗതന്‍, ബാബു, ഇഞ്ചി, കാലിക്കട്ടര്‍ നന്ദി!

റോബി,

Z കണ്ടില്ല. ജനാധിപത്യവും അഹിംസയും തന്നെയാണു പ്രിയം.

ബാബു,

കള്ളന്മാരാരെങ്കിലും എഴുതിയതായിരിക്കും. :-) (കള്ളന്‍ കപ്പലില്‍ത്തന്നെയാകുമ്പോള്‍ കേസു വേറെ) ഈ കവിയ്ക്കും കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു.

ഇഞ്ചി,

ശരിയായിരിക്കാം. വീട്ടുകാര്യം നോക്കുന്നതും പണിയെടുക്കുന്നതുമൊന്നും രാഷ്ട്രീയപ്രവര്‍ത്തനങ്ങളല്ലെന്നു പറയുന്നവരുണ്ട്‌. അവര്‍ വന്നു ചോദ്യം ചെയ്തിട്ടു പോകട്ടെന്നേ.

കാലിക്കട്ടര്‍,

കുഞ്ഞുണ്ണി സമാഹരിച്ച നമ്പൂരി ഫലിതങ്ങള്‍ വായിച്ചത്‌ ഏതാണ്ട്‌ 25 കൊല്ലം മുമ്പാണ്‌. മുമ്പേ കേട്ടിട്ടുള്ള ചില ഫലിതങ്ങളുടെ ആവര്‍ത്തനമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ രസികന്‍ പുസ്തകമായിട്ടാണ്‌ ഓര്‍ക്കുന്നത്‌. അതില്‍ ജാതിഭ്രാന്തുണ്ടായിരുന്നതായി ഒട്ടും ഓര്‍മ്മയില്ല. പുസ്തകം കൈയിലോ ഓര്‍മ്മയിലോ ഉണ്ടെങ്കില്‍ തെമ്മാടിത്തങ്ങള്‍ക്ക്‌ ഒന്നു രണ്ട്‌ ഉദാഹരണങ്ങള്‍ തരൂ.