Saturday, January 13, 2007

ജോസ്‌ സാമുവല്‍ - ഒന്ന്

ഒന്ന്

ജോസിന്റെ ബാല്യം എ.ബി.സി. ബുക്കുകള്‍ക്കും എഞ്ചുവടികള്‍ക്കും ചിത്രപ്പുസ്തകങ്ങള്‍ക്കുമിടയില്‍ എവിടെയോ കളഞ്ഞുപോയിരുന്നു. അവന്റെ ഓര്‍മ്മയില്‍ ശൈശവത്തിലെ പൂക്കള്‍ക്കെല്ലാം കടലാസിന്റെ ഗന്ധമായിരുന്നു; മഴകള്‍ക്ക്‌ നേഴ്സറി റൈമുകളുടെ താളവും.

പത്തുപതിനഞ്ചു വര്‍ഷങ്ങളിലൂടെ വളര്‍ന്നുകഴിഞ്ഞൊടുക്കമാണ്‌ അവന്‍ ഒരിടത്ത്‌ തന്റെ ബാല്യം കണ്ടെത്തിയത്‌. അക്കാലത്തൊക്കെ അവന്‍ തോട്ടുവക്കത്തെ പുരയിടത്തില്‍ അലഞ്ഞു നടക്കാറുണ്ടായിരുന്നു. ചുട്ടുപഴുത്ത ആകാശം ഉതിര്‍ന്നുവീഴാതിരിക്കാനെന്നപോലെ പടര്‍ന്നുനിന്ന വലിയ മരങ്ങളും മഴയുടെയും മണ്ണിന്റെയും മണമുള്ള കാട്ടുചെടികളും അവനെ പുറംലോകത്തുനിന്നു മറച്ചു. ഇരുണ്ട പച്ചപ്പിന്റെ ലോകത്ത്‌ അവന്‍ അലഞ്ഞുനടന്നു.

ഒഴിഞ്ഞുകിടന്ന കെട്ടിടത്തിനുള്ളിലേക്ക്‌ ജോസ്‌ ഒരു വഴി കണ്ടെത്തിയിരുന്നു, അഴികളൊടിഞ്ഞുപോയ ഒരു ജനാലയിലൂടെ.

ഒരേപോലെയുള്ള ദിവസങ്ങളുടെ ഒരവധിക്കാലമായിരുന്നു അതെന്ന് അവനോര്‍മ്മയുണ്ട്‌. സംഭവബഹുലമെന്നു തോന്നിച്ച ഒരു ദിവസമായിരുന്നു അത്‌. തോട്ടുവക്കത്തെ കെട്ടിടത്തിനകത്ത്‌ പഴക്കം മണക്കുന്ന കടലാസുകഷണങ്ങള്‍ ചിതറിക്കിടക്കുന്നതിനു നടുവിലെ അരണ്ടവെളിച്ചത്തിന്റെ രഹസ്യാത്മകതയില്‍ അവനിരിക്കുകയായിരുന്നു. അവനരികിലെ ജനാലയിലൂടെ കാണാവുന്ന പച്ചപ്പിന്റെ ഒരു നനഞ്ഞ ലോകവും കാട്ടുചെടികള്‍ മൂടിയ തോടിന്റെ കരയും നിറഞ്ഞ ഒരു ദൃശ്യത്തിന്റെ കഷണം അവനിപ്പോഴും ഓര്‍ക്കുന്നു.

ഓര്‍മ്മയുടെ ഹരിതാഭയ്ക്കും കുളിരിനും മുകളില്‍ മഴ പെയ്തുകൊണ്ടിരുന്നു. മഴനൂലുകള്‍ക്കിടയിലൂടെ തോടിനക്കരെയുള്ള വാഴത്തോട്ടത്തിലേക്ക്‌ പച്ചപ്പിന്റെ മറവുകളില്‍നിന്നും ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. മഴ ഇരമ്പിപ്പെയ്തുകൊണ്ടിരുന്നു. കൈകള്‍ മാറിടത്തിനു മുകളില്‍ പിണച്ചുവെച്ചിരുന്നു. അവള്‍ തോട്ടുവക്കത്തെ പന്നല്‍ച്ചെടികള്‍ക്കും ഇല്ലിമുളകള്‍ക്കുമിടയിലേക്കു മുട്ടുകുത്തിയിരുന്നു. അവള്‍ വിറച്ചുകൊണ്ടേയിരുന്നു. പച്ചനിറത്തിനിടയില്‍ അവള്‍ പകുതിമറഞ്ഞു. പതുക്കെപ്പതുക്കെ അവള്‍ മഴയുടെ താളത്തില്‍നിന്നു മുക്തയായി. മാറില്‍ പിണച്ചുവെച്ചിരുന്ന കൈകള്‍ സ്വതന്ത്രമായി. മഴയും കുളിരും അവളെ തണുപ്പിക്കാതെയായി. മഴയുടെ അസാന്നിദ്ധ്യത്തിലെന്നപോലെ അവള്‍ നിശ്ചലയും നിസ്സ്സംഗയുമായിത്തീര്‍ന്നു. പെട്ടെന്നൊരു ചേഷ്ടാവിനിമയത്തിലെന്നപോലെ അവള്‍ ഉടുപ്പുതുറന്ന് മാറിടം മഴയ്ക്കും പെയ്യുന്ന നേര്‍ത്ത വെളിച്ചത്തിനും ജോസിന്റെ ജനാലക്കീറിലെ ദൃശ്യത്തിന്റെ സൗഭാഗ്യത്തിനും തുറന്നിട്ടുകൊടുത്തു. പിന്നെ മൂര്‍ച്ഛിച്ചിട്ടെന്നപോലെ ഇല്ലിമുളകള്‍ക്കപ്പുറത്തു താണുമറഞ്ഞു.

പച്ചനിറം മാത്രം നിറഞ്ഞുനിന്ന തന്റെ ദൃശ്യത്തില്‍ അവള്‍ ഒരു പൂവുപോലെ ഉയര്‍ന്നുവരുന്നതു കാണാന്‍ കാത്തിരുന്ന ജോസ്‌ എപ്പോഴോ ഉറങ്ങിപ്പോയി. ബാല്യത്തിന്റെ വീണ്ടെടുപ്പിന്റെയും പഴമയുടെയും ഗന്ധം നിറഞ്ഞുനിന്ന മുറിയില്‍ കൂടിക്കുഴഞ്ഞ ഒരുപാടു സ്വപ്നങ്ങളുടെ ഉറക്കത്തിനുശേഷം ഉണരുമ്പോള്‍ തനിക്കു സ്ഖലിച്ചിരിരുന്നു എന്ന് അവനറിഞ്ഞു. അപ്പോഴും പുറത്ത്‌ മഴപെയ്തുകൊണ്ടിരുന്നു.


മഴ തോര്‍ന്നിരുന്നു. ജോസ്‌ ലിസിച്ചേച്ചിയുടെ വീട്ടിലെ പുസ്തകങ്ങളുടെ മുറിയിലിരിക്കുകയായിരുന്നു. ചുവരില്‍ റോയിച്ചായന്റെയും ലിസിച്ചേച്ചിയുടെയും കുഞ്ഞിന്റെയും ഫോട്ടോ. ഓട്ടിന്‍പുറത്തുനിന്ന് മഴത്തുള്ളികള്‍ ഇറ്റു വീണുകൊണ്ടിരുന്നു. മുറിയ്ക്കുള്ളില്‍ മഴക്കാലത്തിന്റെ അരണ്ട വെളിച്ചം തങ്ങിനിന്നു. അടുത്ത മുറിയില്‍ നിന്ന് പനിപിടിച്ചുകിടക്കുന്ന കുഞ്ഞിന്റെ നേര്‍ത്തസ്വരത്തിലുള്ള ആവലാതികളും സാന്ത്വനപ്പെടുത്തിക്കൊണ്ടിരുന്ന ലിസിച്ചേച്ചിയുടെ പതിഞ്ഞ ശബ്ദവും കേള്‍ക്കാമായിരുന്നു. ജോസ്‌ റുബിക്സ്‌ ക്യൂബുമായി മടക്കിവെച്ചിരുന്ന കിടക്കയില്‍ച്ചാരി കട്ടിലിലിരിക്കുകയായിരുന്നു. അവന്‍ കൈകളില്‍ നിശ്ചലമായിരിക്കുന്ന ക്യൂബിനെ നോക്കിക്കൊണ്ട്‌ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. ശുക്ലത്തിന്റെ നേരിയ ഗന്ധം വായുവിലാകെ പരന്നിരിക്കുന്നതുപോലെ തോന്നിച്ചു. വാതില്‍ക്കല്‍ ലിസിച്ചേച്ചി വന്നുനിന്നു. അവരെന്തോ പറയാന്‍ വിചാരിച്ചുപേക്ഷിച്ചതുപോലെ നിശ്ശബ്ദയായി. ലിസിച്ചേച്ചി അകത്തുകടന്നുവന്നു.

അവള്‍ കട്ടിലിരുന്നപ്പോള്‍ എന്തോ പറഞ്ഞുവെന്ന് ജോസ്‌ ഓര്‍മ്മിക്കുന്നു. അവന്റെ കൈകളില്‍നിന്ന് ലിസിച്ചേച്ചി ക്യൂബുവാങ്ങിച്ചു. അവളുടെ ശരീരത്തിന്റെ ഇടതുവശം അവനെ തൊട്ടിരിക്കുകയായിരുന്നു. അവന്റെ കണ്മുമ്പില്‍ നിറങ്ങള്‍ ചലിക്കാന്‍ തുടങ്ങി. ചലനങ്ങളിലൂടെ, ചതുരക്കട്ടയുടെ ഒരു വശം മുഴുവന്‍ ചുവപ്പുനിറം വന്നു നിറഞ്ഞു. ചതുരക്കട്ടയുടെ ചുവന്നവശം അവളവനെക്കാട്ടി പുഞ്ചിരിച്ചു. പെട്ടെന്ന് മഴ പെയ്തു തുടങ്ങി. അവന്റെ കൈകളുയര്‍ന്ന് അവളുടെ കൈകളെ സ്പര്‍ശിച്ചു. മഴയുടെ ഇരമ്പമുയര്‍ന്നു നിറഞ്ഞു.

പെട്ടെന്നു വാതില്‍ക്കല്‍ ലിസിച്ചേച്ചിയുടെ കുഞ്ഞു വന്നുനിന്നു. ലിസിയുടെ കൈകളില്‍ നിന്ന് ക്യൂബു നിലത്തുവീണു നിറങ്ങള്‍ ചിതറി. കുട്ടിയുടെ കണ്ണുകള്‍ പ്രേതബാധയുള്ളതുപോലെ കാണപ്പെട്ടുവെന്ന് ജോസ്‌ ഓര്‍മ്മിക്കുന്നു. ലിസിച്ചേച്ചി ചാടിയെഴുനേറ്റു. കുഞ്ഞ്‌ ഉറക്കെക്കരയാന്‍ തുടങ്ങി. ജോസ്‌ നിലത്തിരുന്ന് ചിതറിക്കിടന്ന നിറങ്ങള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. അവന്‍ മുഖമുയര്‍ത്തിയതേയില്ല. ലിസിച്ചേച്ചി കുഞ്ഞിനെയെടുത്തുകൊണ്ടു കടന്നുപോയി. അവന്‍ ചിതറിക്കിടന്ന കഷണങ്ങളിണക്കിച്ചേര്‍ത്ത്‌ കട്ടിലിനു പുറത്തുവെച്ചിട്ട്‌ പുറത്തു വീണുകൊണ്ടിരുന്ന മഴയിലേക്കിറങ്ങിപ്പോയി.

ആര്‍ത്തുകൊണ്ടിരുന്ന മഴയിലൂടെ നടക്കുമ്പോള്‍ അപ്പോഴും സ്ഖലനത്തിന്റെ നനവു തന്നിലുണ്ടെന്ന് ജോസിനു തോന്നി. മഴയുടെ ആരവത്തിനു നടുവില്‍ മാറിടം തുറന്നിട്ടുനില്‍ക്കുന്ന ലിസിച്ചേച്ചിയുടെ രൂപം ഒന്നു തെളിഞ്ഞു മാഞ്ഞുപോയി. ക്യൂബിന്റെ ചലനത്തിന്റെ താളം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഓര്‍മ്മയുടെ നിറം മാഞ്ഞ കളങ്ങള്‍ കൂടിച്ചേരാന്‍ തുടങ്ങി. വരണ്ട ഒരുച്ചനേരത്ത്‌ വേലിയ്ക്കരികില്‍ മൂത്രമൊഴിച്ചുകൊണ്ടു നിന്ന കുട്ടിയായ ജോസിനെ നോക്കി മൂക്കിനു മുകളില്‍ വിരല്‍ വെച്ചു കഷ്ടം പറഞ്ഞുകൊണ്ട്‌ റോയിച്ചായന്‍ കടന്നുപോയത്‌ അവനോര്‍ത്തു. അവനു തോന്നി റോയിച്ചായന്‍ മഴനനഞ്ഞു മൂത്രമൊഴിച്ചുകൊണ്ടു നില്‍ക്കുകയാണെന്നും താന്‍ കൈകൊട്ടിച്ചിരിക്കുന്നുവെന്നും. അവനു ചുറ്റും ഇഴയടുപ്പിച്ചു വീണുകൊണ്ടിരുന്ന മഴനാരുകള്‍ അവനെ വന്നു പൊതിഞ്ഞു കാറ്റിലുയര്‍ത്തിക്കൊണ്ടുപോയി.

അവധി മടുത്ത ജോസ്‌ വിരുന്നുപോകാന്‍ പുറപ്പെട്ടുനില്‍ക്കുമ്പോഴാണ്‌ ലിസിച്ചേച്ചിയുടെ കുട്ടിയ്ക്കു പനി കൂടുതലാണെന്നും ആശുപത്രിയിലാക്കിയിരിക്കുന്നുവെന്നും അമ്മ പറഞ്ഞറിഞ്ഞത്‌. ബാഗില്‍ വസ്ത്രങ്ങള്‍ അടുക്കിവെച്ചുകൊണ്ടിരിക്കുമ്പോള്‍ സംസാരിച്ചുകൊണ്ടിരുന്ന അമ്മയുടെ വാക്കുകളുടെ ഉത്കണ്ഠയും പറയാത്ത ദുശ്ശങ്കയും തന്നിലേക്കു പകരുന്നില്ലെന്ന് വിശ്വസിക്കാന്‍ അവന്‍ ശ്രമിച്ചു. വെട്ടുകല്ലും ചെമ്മണ്ണും നിറഞ്ഞ വഴിയിലൂടെ പുറപ്പെട്ടുപോകുമ്പോള്‍ അവനുറപ്പായിരുന്നു, താനൊരു പലായനത്തിലാണെന്ന്, മരണവാര്‍ത്തയുടെയും നനഞ്ഞു ഭാരംവെച്ച മനസ്സിന്റെയും ദിനങ്ങളാണു വരാനിരിക്കുന്നതെന്ന്.

അവന്‍ വിരുന്നുപോയ വീട്ടില്‍, പകലെല്ലാം അവനോടൊപ്പം ചീട്ടുകളിച്ചിരിക്കുകയും എപ്പോഴും ജയിക്കുകയും ഉറക്കെച്ചിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുണ്ടായിരുന്നു. അവന്റെ ചീട്ടുകള്‍ പലപ്പോഴും തെറ്റിപ്പോവുകയും അവന്റെ ചിരി വിളറിപ്പോവുകയും ചെയ്തു. ആകാശം കാണാവുന്ന തുറന്നജനാലയുള്ള മുറിയില്‍ അവനുറങ്ങാന്‍ കിടന്നു. പിശാചുബാധയുള്ളതുപോലെ കാണപ്പെട്ട ആഴമേറിയ രണ്ടു കണ്ണുകളും ക്യൂബിന്റെ താളമുള്ള മഴ നനയുന്ന ഒരു തുറന്നമാറിടവും മറക്കാനുള്ള ശ്രമത്തില്‍ അവന്‍ ചീട്ടുകളിക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചു ചിന്തിക്കാന്‍ ശ്രമിച്ചു. ഇരുട്ടിനുതാഴെ ഘനീഭവിച്ചു കിടന്ന തന്റെ രാത്രിയിലേക്ക്‌ അമര്‍ത്തിയ പാദചലനവും പാവാടയുടെ മര്‍മ്മരവുമായി അവരിലാരെങ്കിലുമൊരാള്‍ കടന്നുവരാതിരിക്കില്ലെന്നു വിശ്വസിക്കുകയും വാതില്‍ അകത്തുനിന്നു തഴുതിടാതിരിക്കുകയും ചെയ്തു.

അടുത്ത അദ്ധ്യായം >>
Post a Comment