അഞ്ച്താഴ്ന്ന ജനാലകളിലൂടെ ഉച്ചനേരത്തിന്റെ തീക്ഷ്ണമായ വെളിച്ചം മുറിയിലാകെ പരന്നിരുന്നു. ജനാലകള്‍ക്കു പുറത്ത് ആടുന്ന ചെടികളുടെ പച്ചപ്പ്. തിളങ്ങുന്ന നിലം ജനാലകളെ പ്രതിബിംബിപ്പിച്ചു. ഒഴിഞ്ഞ കോണിലെ ടീപ്പോയ് മേല്‍ ഫ്ലവര്‍ വെയ്സും മാസികകളും. ടീപ്പോയിയുടെ അടിയിലെ തട്ടിലും പുസ്തകങ്ങള്‍. ചുവരില്‍ കുറച്ചുയരെ മരിച്ചുപോയ കുട്ടിയുടെ ഫോട്ടോ. പാതിമയക്കത്തില്‍ ഓര്‍മ്മകളുടെയും കുറ്റബോധത്തിന്റെയും ഏതൊക്കെയോ അംശങ്ങളുമായി ബന്ധപ്പെട്ടു കാണുകയും ഉണര്‍ന്നപ്പോള്‍ ഒരു കലങ്ങിയ പരിവേഷം മാത്രം അവശേഷിപ്പിക്കുകയും ചെയ്ത ഘടികാരം.
ലിസി പനിയുടെ തളര്‍ച്ചയില്‍ ചുവരോടു ചേര്‍ത്തിട്ട കസേരയില്‍ ചാരിക്കിടന്നു. മുറിയാകെ നിശ്ചലമായിരുന്നു.
കതകില്‍ താണ ശബ്ദത്തില്‍ രണ്ടു മുട്ടു കേട്ടു. ലിസി അടഞ്ഞുകിടന്ന കണ്പോളകള് തുറന്നു. വാതില്പാളി ഒരു നേരിയ ഞരക്കത്തോടെ തുറന്നുവന്നു. ജോസ് അകത്തു കടന്നു. അവന്റെ കണ്ണുകളുടെ നിശ്ചലത ലിസിയെ നടുക്കി. ശബ്ദമുണ്ടാക്കാതെ വാതിലടയ്ക്കാനുള്ള ശ്രമം കഴിഞ്ഞാണ് അവന് ലിസിയെ കണ്ടത്. അവന്റെ കണ്ണുകള്‍ക്ക് പെട്ടെന്നു ജീവന് വെച്ചു.
ജോസ് മനോഹരമായി ചിരിച്ചു. ലിസിയുടെ ചിരി വിളറിയിരുന്നു.
"സുഖമില്ലേ?" ജോസ് ശ്രദ്ധാപൂര്‍വ്വം ചോദിച്ചു.
"പനിയാണ്." ലിസിയുടെ ചുണ്ടുകള്‍ വരണ്ടിരുന്നു.
അയഞ്ഞ ഉടുപ്പും ഉയരമേറിയ ശരീരവും. ജോസ് ഒരുപാടു വളര്‍ന്നതായി കാണപ്പെട്ടു. വളര്‍ന്നുപോയിരിക്കുന്നു, ലിസി വിചാരിച്ചു. ജോസ് മുറിയുടെ എതിര്‍കോണില്‍ ടീപ്പോയിയ്ക്കടുത്തുള്ള കസേരയിലിരുന്നു.
അവന് പിന്നെയും ലിസിയെ നോക്കി വെറുതെ ചിരിച്ചു. പിന്നെ ടീപ്പോയിപ്പുറത്തുനിന്ന് മാസികകളെന്തോ എടുത്ത് മറിച്ചുനോക്കാന്‍ തുടങ്ങി.
ഒരുപാടു വളര്‍ന്നുപോയിരിക്കുന്നു, ലിസി പിന്നെയും വിചാരിച്ചു.
ജോസ് ടീപ്പോയിയുടെ അടിയിലത്തെ തട്ടില്‍ നോക്കിയപ്പോള്‍ ആദ്യം കണ്ടത് റുബിക്സ് ക്യൂബാണ്. അവന്റെ കൈ അതിനു നേരെ നീണ്ടതും പിന്നെ പിന്‍വലിയ്ക്കപ്പെട്ടതും ലിസി കണ്ടു. ഒടുക്കം അവനതെടുത്തു.
ജോസിന്റെ കൈകള്‍ ചലിയ്ക്കാന്‍ തുടങ്ങി. പണ്ടു മെലിഞ്ഞിരുന്ന ജോസിന്റെ വിരലുകള്‍ ഏറെ നീണ്ടിരിക്കുന്നു. ചതുരക്കളങ്ങള്‍ അവയ്ക്കിടയില്‍ ചലിച്ചുകൊണ്ടിരുന്നു. നിമിഷങ്ങളുടെ ചലനങ്ങള്‍ക്കുശേഷം ചതുരക്കട്ടയുടെ വശങ്ങളിലെല്ലാം നിറങ്ങളുറഞ്ഞു. സങ്കീര്‍ണ്ണതകള്‍ വെടിഞ്ഞു കീഴടങ്ങിയ ചതുരക്കട്ട ജീവനറ്റതുപോലെ ടീപ്പോയിപ്പുറത്തിരുന്നു.
ഘടികാരത്തിന്റെ താളവും പാപബോധത്തിന്റെ തരികളുമടിഞ്ഞുകിടന്നിരുന്ന ബോധത്തില്‍ ലിസി ചിന്തിക്കാന്‍ തുടങ്ങി. മരിച്ചുപോയ കുട്ടിയില്‍ നിന്നു കവര്‍ന്നെടുത്തു പങ്കിട്ടുകൊടുത്തതെല്ലാം വാങ്ങിക്കൊണ്ടുപോകാനാണ് ജോസ് വന്നിരിക്കുന്നതെന്ന് അവള്‍ക്കു തോന്നി. അവള് കൈപിടിച്ചു നടത്തിത്തുടങ്ങിയ വഴികളെല്ലാം അളന്നുകഴിഞ്ഞ പഴയ കുട്ടി. നേടിയ എല്ലാ കരുത്തുകളുമായി അവന് തന്നെ നേരിട്ടാല്‍ ചെറുത്തുനില്ക്കാനാവില്ലെന്ന് അവളറിഞ്ഞു.
ജോസ് തുറന്നുപിടിച്ച മാസികയിലെ വാക്കുകളും ചിത്രങ്ങളുമെല്ലാം പതുക്കെപ്പതുക്കെ സ്പന്ദിക്കാന്‍ തുടങ്ങി. അവന് മുഖമുയര്‍ത്തി ലിസിയെ നോക്കി. അവന്റെ കണ്ണുകള്‍ ആസക്തിപൂണ്ടിരുന്നു. അവള് മരവിപ്പോടെ തന്നെത്തന്നെ നോക്കിയിരിക്കുകയാണെന്ന് അവള് കണ്ടു.
"നല്ല പനിയുണ്ടോ?" ജോസിന്റെ ശബ്ദം വിറപൂണ്ടിരുന്നു. അവന് എഴുനേറ്റു. തിളങ്ങുന്ന നിലത്തിനു കുറുകെ അവന്റെ പ്രതിച്ഛായ നീങ്ങി. ഒരിക്കല്‍ തുടങ്ങിവെച്ച പാപകര്‍മ്മത്തിന്റെ അനിവാര്യമായ പൂര്‍ത്തീകരണമാണിതെന്ന് ലിസിയറിഞ്ഞു. ജോസ് വിറയ്ക്കുന്ന ഇടതുകൈ അവളുടെ തോളത്തുവെച്ചു. വലതുകൈകൊണ്ട് നെറ്റിത്തടം മൂടി. അതു ചൂടറിഞ്ഞു. ജോസിന്റെ മുഖം അവളുടേതിലേക്കു താണു. ലിസിയുടെ കണ്ണുകള്‍ പാതിയടഞ്ഞിരുന്നു. ദുഷ്കരമായ ഏതോ അനുഷ്ഠാനത്തിന്റെ തുടക്കത്തിലെന്നപോലെ അവള് വിയര്‍ത്തും തളര്‍ന്നുമിരുന്നു.
പൊടുന്നനെ, രക്ഷകണ്ടിട്ടെന്നപോലെ ലിസിയുടെ കണ്ണുകള്‍ പ്രകാശിച്ചു. ജോസിന്റെ കൈകളില്‍ അവളുടെ ശരീരം തണുത്തു. അവന് പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു നല്ല സ്വപ്നത്തില്‍നിന്നുണര്‍ന്നുപോകുമോ എന്ന പോലെ വെമ്പലില്‍ തിരിഞ്ഞുനോക്കി. അവന് പിശാചിനെക്കണ്ടതുപോലെ മരവിച്ചു. അവന്റെ കൈകള്‍ അവളുടെ ശരീരത്തില്‍ നിന്നു വിട്ടകന്നു.
"അമ്മേ" കുട്ടി വിളിച്ചു.
വാതില്ക്കല് ലിസിച്ചേച്ചിയുടെ പെണ്‍കുട്ടി നില്‍പ്പുണ്ടായിരുന്നു. പകപ്പില്‍ നിന്നുണര്‍ന്ന കുട്ടി ജോസിനെ നോക്കിച്ചിരിച്ചു. അത് ലിസിക്കരികിലേയ്ക്കോടിപ്പോയി.
ജോസ് പിറകോട്ടു മാറി. കുട്ടി ലിസിയുടെ മടിയിലേക്കു ചെന്നു തലചായ്ച്ചു. രണ്ടുകൈകൊണ്ടും ലിസി അതിനെ മുറുകെപ്പിടിച്ചു. കുട്ടി ജോസിനെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
"അങ്കിള്‍" ലിസിയുടെ ചുണ്ടുകള്‍ പെട്ടെന്നു ചലിച്ചു. ചെറിയ കൈകൊണ്ട് കുട്ടി ജോസിനെ ചൂണ്ടി ശബ്ദമില്ലാത്ത ചുണ്ടുകള്‍ കൊണ്ട് അതാവര്‍ത്തിച്ചു. ലിസി കുട്ടിയെ വാരിയെടുത്തു മടിയില്‍ വെച്ചു.
"പോട്ടെ." ജോസിന്റെ ചുണ്ടുകള്‍ വരണ്ടിരുന്നു. അവന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ജോസ് വാതില്‍ തുറന്നു.
ലിസി കണ്ണടച്ച് കുട്ടിയെ ഇറുകെപ്പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോസ് പുറത്തുകടന്നു വാതിലടച്ചു.
വാതിലിനു പുറത്ത് മുറ്റത്ത് ഉച്ചനേരം ചുട്ടുപഴുത്തുകിടന്നു. മണലില്‍ ചവുട്ടിയിറങ്ങിയ ജോസിന്റെമേല്‍ വെയില് പെയ്തുകൊണ്ടിരുന്നു. അവന് കിതയ്ക്കുകയായിരുന്നു.
താന്‍ ഒരു കഥകൂടി പറയാന്‍ തുടങ്ങുകയാണെന്ന് ജോസറിഞ്ഞു. ഇനിയുമൊരു സന്ധ്യക്ക്, മുഷിഞ്ഞ അടിവസ്ത്രങ്ങളുടെയും സിഗററ്റുപുകയുടെയും ഗന്ധം തങ്ങിനില്ക്കുന്ന ഹോസ്റ്റല്‍ മുറിയില്‍...
"ഞാന്‍ കയറിച്ചെല്ലുമ്പോള്‍ ലിസിച്ചേച്ചി കണ്ണടച്ചു കിടക്കുകയായിരുന്നു. എന്നെക്കണ്ടു ചിരിച്ചു. ഞാന്‍ കുറച്ചുനേരം അതുമിതും നോക്കിക്കൊണ്ട് കസേരയിലിരുന്നു. പിന്നെ എഴുന്നേറ്റ് അടുത്തുചെന്നു."
"എന്നിട്ടോ? പറയെടാ..."
"ഛെ. പറഞ്ഞു തൊലയ്ക്കെടാ വേഗം."
ജോസ് നടക്കുകയായിരുന്നു, പൊടിമണ്ണുനിറഞ്ഞ വഴിയ്ക്കിരുവശവും ആകാശം മുട്ടെ വളര്ന്നുനില്ക്കുന്ന മരങ്ങളുടെ തണുപ്പിലൂടെ, ചവിട്ടേറ്റു ഞരങ്ങുന്ന കരിയിലകളുടെയും മഞ്ചാടിക്കുരുക്കളുടെയും വഴിയിലൂടെ. കിതപ്പടങ്ങിയിരുന്നു.
തണലുകളുടെ കനിവിനു താഴെ അവനില്‍ ആത്മാനുതാപം വന്നു നിറഞ്ഞു.
ജോസിന്റെ കരുനീക്കങ്ങളെല്ലാം നേരവും കളവും പിശകി ഒന്നുമാകാതെയവസാനിച്ചു. തന്റെ തോല്‍വികളില്‍ നിന്നും വിജയം വരച്ചെടുക്കാന്‍, തന്റെ പരിമിതികളെയും പരാജയങ്ങളെയും പൊളിച്ചുപണിയാനുള്ള ത്വരയോടെ ജീവിതത്തിന്റെ മങ്ങിയ ഇരുളിലിരുന്ന് അവന് കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു
തണല്‍മരങ്ങള്‍ക്കുതാഴെ ജോസിന്റെ വഴി കറുത്തുകിടന്നു.
(അവസാനിച്ചു)<< കഴിഞ്ഞ അദ്ധ്യായം