Tuesday, September 26, 2006

പുതിയ കുപ്പിയില്‍

നടനും കവിയുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ഒരു സമസ്യയ്ക്ക്‌ എന്റെ രണ്ടുപൂരണങ്ങള്‍:

വരവുചെലവ്‌

വലിയ ശമ്പളമപ്പടി നിന്റെ കൈ-
മലരില്‍ വെയ്ക്കുവതെന്‍ പതിവല്ലയോ?
സ്ഖലിതമിന്നു പൊറുക്കണമേ, വധൂ-
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.



പ്ലാച്ചിമട വിശേഷാല്‍ പതിപ്പ്‌
വില പെരുത്തു കൊടുത്തു കിടച്ചിടും
പലയിനങ്ങളിലുള്ളൊരു കോളകള്‍
ചിലതിലുണ്ടു വിഷാംശ,മതോര്‍ക്കയാല്‍
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

മകള്‍ക്ക്‌

മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ അരപ്പേജില്‍ കവിയാത്ത ഒരു ലേഖനത്തില്‍ വലുതായൊന്നും കൂട്ടിച്ചേര്‍ക്കാതെ അതിനെ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമയാക്കാമെന്നു തെളിയിച്ചിരിക്കുകയാണ്‌ ജയരാജ്‌-മാടമ്പ്‌ കുഞ്ഞുകുട്ടന്‍ ടീം. പത്തു പേജില്‍ കവിയാന്‍ സാധ്യതയില്ലാത്ത തിരക്കഥയില്‍ കറുപ്പും വെളുപ്പും മാത്രം നിറങ്ങളുള്ള കഥാപാത്രങ്ങളെ കുടിയിരുത്തി മുന്നേറുകയാണ്‌ ഇവര്‍.

ഭ്രാന്താലയത്തിലെ അന്തേവാസികളിലൂടെ പുറം ലോകത്തിന്റെ സ്വഭാവം ധ്വനിപ്പിക്കാനുള്ള ശ്രമം അപൂര്‍വം ചില നിമിഷങ്ങളില്‍ സഫലമാകുന്നില്ലെന്നു പറഞ്ഞുകൂടാ.

നീണ്ട ഇടനാഴിയുടെ ഒരു വശത്തെ അഴികള്‍ക്കിടയിലൂടെ നീളുന്ന കൈകളുടെ നിരകള്‍, എത്ര കുളിച്ചിട്ടും മതിയാവാത്ത അമ്പലവാസിയായ മാനസികരോഗി, എത്ര കൈകഴുകിയിട്ടും മതിയാവാത്ത മറ്റൊരാള്‍ എന്നിങ്ങനെ ചുരുങ്ങിയ ഘടകങ്ങള്‍ പലതവണ ആവര്‍ത്തിച്ചാണ്‌ ചിത്രം ഇപ്പോഴുള്ള നീളമെങ്കിലും കൈവരിക്കുന്നത്‌. എന്നാല്‍, ഈ ആവര്‍ത്തനം എന്തെങ്കിലുമൊരു ആന്തരികതാളത്തിന്റെ പ്രകടനമാണോ അതോ 'അവിഘ്നമസ്തു' തുടങ്ങിയ തന്റെ ദുര്‍ബലമായ രചനകളിലെന്നപോലെ ആവര്‍ത്തനത്തിലൂടെ ഒരര്‍ത്ഥം ഉരുത്തിരിഞ്ഞേക്കും എന്ന പ്രത്യാശയോടെ മാടമ്പ്‌ വെറുതെ ആവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുകയാണോ എന്നു കാഴ്ചക്കാര്‍ക്കു സംശയമുണ്ടായേക്കാം.

നല്ല ഛായാഗ്രഹണവും നല്ല കലാസംവിധാനവും നല്ല പശ്ചാത്തലസംഗീതവുമുണ്ടായിട്ടും മറ്റേറെയൊന്നുമില്ലാത്ത ഈ ചിത്രം ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ പോലും ഒരു മ്യൂസിക്‌ വീഡിയോയെക്കാള്‍ ഏറെ ദൂരമൊന്നും പോകുന്നില്ല.

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കൊണ്ട്‌ അസ്ഥാനത്തു പാടിച്ച ഒരു കവിതയുടെയും ഗസലിന്റെ ഈണത്തില്‍ പാടിയ ഒരു കുട്ടിപ്പാട്ടിന്റെയും വിഷമം കുറച്ചെങ്കിലും തീര്‍ന്നത്‌ ജാസി ഗിഫ്റ്റുപാടിയ ഒരു പാട്ടിലാണ്‌.

<< മറ്റു പടങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍

Monday, September 18, 2006

ദുഷിപ്പിന്റെ തെക്കന്‍കാറ്റ്‌

മാതൃഭൂമി പത്രത്തില്‍ ചൊവ്വാഴ്ചകളില്‍ 'മധുരം മലയാളം' എന്നൊരു പംക്തിയുണ്ട്‌. ഭാഷയില്‍ താത്‌പര്യമുള്ളവര്‍ക്കു വളരെ പ്രയോജനപ്രദമാണിത്‌. കഴിയുമ്പോഴൊക്കെ ഞാനിതു വായിക്കാറുണ്ട്‌. വാക്കുകളുടെ നിഷ്‌പത്തി, പരിണാമം തുടങ്ങി പല വിഷയങ്ങളെപ്പറ്റിയും കുറിപ്പുകള്‍ വരാറുണ്ടിതില്‍.

2006 സെപ്റ്റംബര്‍ 12ന്റെ 'മധുരം മലയാള'ത്തില്‍ സി. സാന്ദീപനി എന്നു പേരായ ഒരെഴുത്തുകാരന്‍ ചേട്ടന്‍, ചേട്ടത്തി എന്നീ തെക്കന്‍ മലയാള വാക്കുകള്‍ക്ക്‌ സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ചിരിക്കുന്നു. അശ്രീകരം എന്നര്‍ത്ഥമുള്ള ചേട്ട, ചേട്ടത്തം എന്നീ വാക്കുകളുമായി സാമ്യം തോന്നുന്നു എന്നതാണ്‌ ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന്റെ കാരണം.

മാതൃഭൂമിയിലെ കുറിപ്പ്‌ ഇവിടെ കാണാം. മാതൃഭൂമി ഫോണ്ട്‌ ഇല്ലാത്തവര്‍ക്കുവേണ്ടി അതു താഴെ ചേര്‍ക്കുന്നു:

'ചേട്ടന്‍'മാരും 'ചേട്ടത്തി'മാരും സൂക്ഷിക്കുക!

പിശക്‌ എന്ന വാക്കിന്‌ തെറ്റ്‌ എന്നാണ്‌ അര്‍ത്ഥം. ഓര്‍മ്മപ്പിശക്‌, അക്ഷരപ്പിശക്‌ എന്നിങ്ങനെ 'പിശക്‌' ചേര്‍ന്ന ഉദാഹരണങ്ങള്‍ ധാരാളമുണ്ട്‌. എന്നാല്‍ ഇവയില്‍ നിന്ന്‌ വ്യത്യസ്തമാണ്‌ 'ചേട്ടനും ചേട്ടത്തിയും പെശകാ' എന്ന വാചകത്തിലെ പിശകിന്റെ അര്‍ത്ഥം. ഇവിടെ പിശക്‌ എന്ന വാക്കില്‍ സാമൂഹികമോ സദാചാരപരമോ ആയ ദുസ്സൂചനകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്‌. നമ്മളറിയാതെയാണ്‌ വാക്കുകളില്‍ ദുസ്സൂചനകള്‍/ദുരര്‍ത്ഥങ്ങള്‍ കയറിപ്പറ്റുന്നത്‌. 'ചേട്ടന്‍' എന്ന വാക്കിലുമുണ്ട്‌ ('ചേട്ടത്തി'യിലും) ഇങ്ങനെയൊരു അപകടം. 'ജ്യേഷ്ഠന്‍', ജ്യേഷ്ഠത്തി' എന്നിവയുടെ മയപ്പെടുത്തിയ രൂപങ്ങളാണിവ. തീരെമോശമായതിന്‌, വൃത്തികെട്ടതിന്‌, ദുഷിപ്പുവരുത്തുന്നതിന്‌ നമ്മള്‍ പണ്ടുമുതലേ പ്രയോഗിക്കുന്ന വാക്കാണ്‌ 'ചേട്ട'. ചേട്ടയെ ഓടിച്ചാണ്‌ നമ്മള്‍ ശീപോതിയെ കുടിയിരുത്തുന്നത്‌. 'ചേട്ട'യുടെ ഗുണാവസ്ഥ 'ചേട്ടത്തം' ആണ്‌. ചേട്ടനോ ചേട്ടത്തിയോ ആകുന്ന അവസ്ഥയും മലയാളത്തിന്റെ വ്യാകരണവഴക്കമനുസരിച്ച്‌ 'ചേട്ടത്തം' ആകും! വടക്കന്‍ കേരളത്തിന്റെ പ്രയോഗ നിഘണ്ടുവില്‍ 'ചേട്ട'യുടെ സ്പര്‍ശമില്ല. ഏട്ടനും ഏടത്തിയുമാണിവിടെ. എന്നാല്‍ ചാനലുകളില്‍ ചേട്ടന്‍മാരും ചേട്ടത്തിമാരും അവതരിച്ചതു മുതല്‍ വടക്കിനെയും 'ചേട്ട' പിടികൂടിത്തുടങ്ങിയിട്ടുണ്ട്‌. -സി.സാന്ദീപനി

ചേട്ട എന്ന വാക്ക്‌ മഹാലക്ഷ്മിയുടെ/ശ്രീഭഗവതിയുടെ മൂത്ത സഹോദരിയായി സങ്കല്‍പിച്ചിരിക്കുന്ന, പൊട്ടി, മൂധേവി, മൂശേട്ട എന്നും മറ്റും പേരുകളുള്ള ജ്യേഷ്ഠ എന്ന ക്ഷാമദേവതയുടെ പേരിന്റെ മലയാളീകരണമാണെന്ന് ഈ ലേഖകന്‌ അറിയാത്തതാവുമോ? അതറിഞ്ഞിരുന്നെങ്കില്‍ ജ്യേഷ്ഠന്‍, ജ്യേഷ്ഠത്തി എന്നീ വാക്കുകള്‍ക്കും ഈ 'പിശ'കുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നോ? ചേട്ട എന്ന അര്‍ത്ഥത്തില്‍ ഏട്ട എന്ന വാക്കും ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹത്തിനറിയാത്തതോ? അങ്ങനെയായാല്‍ വടക്കന്‍ പ്രയോഗങ്ങളായ ഏട്ടനും ഏടത്തിയും കൂടി പിശകായി മാറുകയില്ലേ? അതോ ടിവി കാരണമായി വടക്കോട്ടു വീശുന്നതായി അദ്ദേഹം ഭയക്കുന്ന തെക്കന്‍ കാറ്റിലാണോ 'പിശക്‌' അദ്ദേഹത്തിനനുഭവപ്പെടുന്നത്‌?

Monday, September 11, 2006

ശിവസ്തുതി


ചന്ദ്രശേഖര, പ്രപഞ്ച നായക,
സുന്ദരേശ, ഭവരോഗ നാശക,
മന്ദബുദ്ധികളില്‍ നിന്നുമെന്നെ നീ
സന്തതം കരുണയോടു കാക്കണേ.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍