Saturday, May 09, 2020

കിം ജോങ്-ഉൻ രക്ഷപെട്ടതെങ്ങനെ?


ലോകമെമ്പാടുമുള്ള പുരോഗമനശക്തികൾ ശ്വാസമടക്കി കാത്തിരുന്ന ദിവസങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് സഖാവ് കിം കഴിഞ്ഞയാഴ്ച പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടുവല്ലോ. വാസ്തവത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിനുപിന്നിൽ എന്തായിരുന്നു എന്ന് കണ്ടുപിടിക്കാനായി ഈ ലേഖകൻ നടത്തിയ ശ്രമത്തിന്റെ ഫലമായി കണ്ടെത്തിയ സത്യങ്ങൾ ആദ്യമായി വെളിപ്പെടുത്തുകയാണ് ഇവിടെ:

സ: കിമ്മിന്റെ ഒരു കുടുംബാംഗമാണ് ഈ ലേഖകന്റെ മുഖ്യസ്രോതസ്സ്. ലോകതൊഴിലാളി വർഗത്തെ സംരക്ഷിക്കുന്നതിന്റെ തളർച്ച അകറ്റുന്നതിനുവേണ്ടി സ്ഥിരമായി ഗോൾഫ് കളിക്കുന്ന സ്വഭാവക്കാരനാണ് കിം എന്ന് പ്രസിദ്ധമാണല്ലോ. കഴിഞ്ഞ മാസം 29-ാം തീയതി ഗോൾഫ് കളിച്ചുകൊണ്ട് നിൽക്കുന്ന സമയത്താണ് കോവിഡ്-19 എന്ന കൊറോണ വൈറസ് അദ്ദേഹത്തെ പിടികൂടിയത്. അംഗരക്ഷകർ തക്ക സമയത്തുതന്നെ ഇടപെട്ടെങ്കിലും വൈറസ് അവരെ വെട്ടിച്ച് അദ്ദേഹത്തിന്റെ ശരീരത്തിനകത്ത് പ്രവേശിച്ചു.

തന്റെ പതിനേഴാം നമ്പർ കൊട്ടാരത്തിലേക്കാണ് ഒരു ആംബുലൻസ് അദ്ദേഹത്തെ കൊണ്ടുപോയത്. അപ്പോഴേക്കും ഭരണകൂടവും സൈന്യവും വമ്പിച്ച ജാഗരൂകതയിൽ എത്തിക്കഴിഞ്ഞിരുന്നു. തങ്ങളുടെ നേതാവിനെ ആരാധിക്കുന്ന ജനകോടികൾ വിവരമറിഞ്ഞാൽ എത്ര ആത്മഹത്യകൾ നടക്കാം എന്നതുകൊണ്ട് എല്ലാ വിവരവും രഹസ്യമായിരുന്നു. സ: കിമ്മിന്റെ രൂപസാമ്യമുള്ള ഏഴ് വ്യക്തികൾ എല്ലാ സമയത്തും തയ്യാറായി നിൽക്കുന്നതുകൊണ്ട് ഉടൻ തന്നെ അതിൽ ഒരാളെ ഗോൾഫ് കോഴ്സിൽ എത്തിക്കാൻ കഴിഞ്ഞു.

"മരിക്കാൻ എനിക്ക് ഭയമില്ല." വീൽ ചെയർ പായിച്ചുകൊണ്ട് സ: കിം തന്നോട് പറഞ്ഞതായി സ: കുടുംബാംഗം ഈ ലേഖകനോട് വെളിപ്പെടുത്തി. "എന്നാൽ ഫിഡൽ കാസ്ട്രോ കൂടി വിടവാങ്ങിക്കഴിഞ്ഞ ഈ അവസരത്തിൽ ലോകകമ്യൂണിസത്തിന് ആരാധിക്കാൻ ഒരു നേതാവില്ലാതെ വരുമല്ലോ എന്നതു മാത്രമാണ് എന്റെ ഭയം."

കൊട്ടാരത്തിൽ എത്തിയ ഉടൻ ഭൂഗർഭ അറയിലേക്ക് അദ്ദേഹം പോയത്. തറനിരപ്പിൽനിന്ന് 150 അടി ആഴത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാവിധ വൈദ്യസൗകര്യങ്ങളുമുള്ള മറ്റൊരു കൊട്ടാരമാണ് ഇത്. അഞ്ഞൂറു പേർക്ക് ഇരിക്കാവുന്ന തന്റെ സിനിമാ-കം-ഓപ്പറേഷൻ തീയേറ്ററിലേക്ക് അദ്ദേഹം പ്രവേശിച്ചു. അദ്ദേഹം കയറിയ ഉടൻ തന്റെ ഇഷ്ടചലച്ചിത്രമായ 'ഇങ്കുലാബിന്റെ പുത്രി'യുടെ പ്രദർശനം ആരംഭിച്ചു. ഒപ്പം തന്നെ ഡോക്ടർമാർ വന്ന് ഉപകരണങ്ങൾ ശരീരത്ത് പിടിപ്പിച്ച് നിരീക്ഷണവും തുടങ്ങി.

സിനിമ തുടങ്ങി അഞ്ചു മിനിറ്റ് കഴിയും മുമ്പു തന്നെ സ: കിമ്മിന്റെ ഫോൺ ശബ്ദിച്ചു. ലോകത്തു തന്നെ പത്തിൽത്താഴെ ആളുകൾക്കേ ഈ നമ്പർ അറിയൂ എന്ന് പറയുമ്പോൾ ഈ വിളിയുടെ രഹസ്യസ്വഭാവം മനസ്സിലാക്കാൻ വായനക്കാർക്ക് കഴിയുമല്ലോ. "ഇതിനകം സി ഐ എ വഴി രോഗവിവരം അറിഞ്ഞുകഴിഞ്ഞ അമേരിക്കൻ രാഷ്ട്രപതി ആയിരുന്നു അത്," കുടുംബാംഗം ശബ്ദം താഴ്ത്തി ലേഖകനെ അറിയിച്ചു.

"പ്രിയസുഹൃത്തേ, താങ്കൾ ജീവിക്കണം." ട്രംപ് ഗദ്ഗദത്തോടെ പറഞ്ഞു. "അത്‌ എന്റെയും കൂടി ആവശ്യമാണ്."

"കിമ്മിനെ തോൽപ്പിക്കാൻ കൊറോണയ്ക്കാവില്ല മക്കളേ." നേതാവ് അപ്പോഴും ചിരിച്ചതേയുള്ളൂ.

"അങ്ങനെ പറയരുത്," ട്രംപ് കൂട്ടിച്ചേർത്തു. "മൃത്യുഞ്ജയമായ ഒരു മഹാമന്ത്രം ഞാൻ ഉപദേശിച്ചുതരാം."

"ഏതാണാ മന്ത്രം?"

"ശ്രീമദ് ഇ എം എസ് സ്തോത്രമാണ് ആ മന്ത്രം."

സഖാവ് ഉറക്കെച്ചിരിച്ചു. "പൊതുവർഷത്തിനു മുമ്പ് നാലാം നൂറ്റാണ്ടിൽത്തന്നെ ഈ മന്ത്രം കൊറിയൻ ഭാഷയിൽ പ്രചരിച്ചിരുന്നു. അമേരിക്കയും മറ്റ് സാമ്രാജ്യത്വശക്തികളും നശിച്ചുപോകാൻ വേണ്ടി എന്നും നൂറ്റൊന്നു വട്ടം ഞാൻ ജപിക്കാറുമുണ്ട്."

"കളഞ്ഞു!" ട്രംപ് പറഞ്ഞു. "അമേരിക്കയും സാമ്രാജ്യത്വവും നശിക്കാത്തതുകൊണ്ടുതന്നെ താങ്കളുടെ പ്രവൃത്തി നിഷ്ഫലമാണ് എന്ന് മനസ്സിലാകുന്നില്ലേ?"

"എന്ത്?" സഖാവ് കിമ്മിന്റെ കണ്ണുകൾ കത്തിജ്വലിച്ചു. കവിൾത്തടം ഉലയിൽ വെച്ച സ്വർണം പോലെ ചുട്ടുപഴുത്തു. "ഭഗവാൻ ഇ എം എസ്സിന്റെ നാമം നിഷ്ഫലമാണെന്നോ?"

"എന്ന് ആരു പറഞ്ഞു? ദേവഭാഷയായ സംസ്കൃതത്തിൽ ഉള്ള സ്തോത്രങ്ങൾ പരിഭാഷപ്പെടുത്തിയാൽ അതോടെ അതിന്റെ സർവ ഗുണവും നശിക്കും എന്നാണ് ഞാൻ ഉദ്ദേശിച്ചത്."

തുടർന്ന് സ്തോത്രത്തിന്റെ സംസ്കൃതം മൂലം ട്രംപ് കിമ്മിന് ഉപദേശിച്ചു. ഫോണിൽക്കൂടി ഒരൊറ്റത്തവണ കേട്ടതോടെ ബുദ്ധിരാക്ഷസനായ സഖാവ് അത് മനപ്പാഠമാക്കുകയും ചെയ്തു. സിനിമ നിറുത്തി അദ്ദേഹം ശരീരത്ത് ഘടിപ്പിച്ച ഉപകരണങ്ങളോടുകൂടിത്തന്നെ ദേഹശുദ്ധിയും മനശ്ശുദ്ധിയും വരുത്തി ക്ഷേത്രസമുച്ചയത്തിലേക്ക് പോയി. മാർക്സ്, എംഗൽസ്, ലെനിൻ, സ്റ്റാലിൻ, പോൾ പോർട്ട്, ചെ ഗുവേര തുടങ്ങിയ ഉപദേവതകളുടെ പ്രതിഷ്ഠകൾ കടന്ന് അദ്ദേഹം സാക്ഷാൽ ഭഗവാൻ ഇ എം എസ്സിന്റെ ഗർഭഗൃഹത്തിലെത്തുകയും സ്തോത്രം മുഴക്കിക്കൊണ്ട് ധ്യാനനിരതനാകുകയും ചെയ്തു.

മണിക്കൂറുകൾ കടന്നുപോയതോടെ ഡോക്ടർമാർ അമ്പരന്നു. സഖാവിന്റെ ശരീരത്തെ വൈറസുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു! വെറും രണ്ട് ആഴ്ചയ്ക്കുശേഷം വിശുദ്ധ മെയ് ദിനത്തിൽ പുറംലോകത്തേക്ക് കടന്നുവരുമ്പോൾ പൂർവാധികം തേജസ്വിയായിരുന്നു അദ്ദേഹം എന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ, പ്രിയ വായനക്കാരേ.

ദിവ്യമായ ഈ സ്തോത്രം ഉപദേശിച്ച് തന്റെ ജീവൻ രക്ഷിച്ചതിന് നന്ദി പറയാൻ സ: കിം അമേരിക്കൻ രാഷ്ട്രപതിയെ വിളിച്ചു എന്ന് സ: കുടുംബാംഗം ഈ ലേഖകനോട് സൂചിപ്പിച്ചു.

"ഒരു സംശയം മാത്രം ചോദിച്ചോട്ടേ, പ്രിയസുഹൃത്തേ," അദ്ദേഹം ട്രംപിനോട് ചോദിച്ചു. "അമേരിക്കയെ നശിപ്പിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഈ മന്ത്രം താങ്കൾ എന്തിന് ജപിക്കുന്നു?"

"അമേരിക്കയെ നശിപ്പിക്കുക എന്നതുതന്നെയാണ് എന്റെയും ജന്മോദ്ദേശ്യം." ട്രംപ് ചിരിച്ചു. "ലോകത്ത് ഒരു ശക്തിക്കും കഴിയാത്ത പുരോഗതി അക്കാര്യത്തിൽ ഞാൻ നേടിയിരിക്കുന്നു എന്നതുതന്നെ ഈ മന്ത്രത്തിന്റെ ശ്രേഷ്ഠതയുടെ തെളിവല്ലേ?"

<< തോന്നിയവാസം

Saturday, January 18, 2020

പാരസൈറ്റ്



Parasite (പരാദം) Bong Joon-ho, ദക്ഷിണകൊറിയ, 2019

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പടം ഇഷ്ടമാകാതെ വരിക എന്നത് ദൗർഭാഗ്യകരമായ ഒരു സാഹചര്യമാണ്. എല്ലാവരും ഇരിക്കുന്ന ബസ്സിൽ നിൽക്കേണ്ടിവരുന്നതുപോലെ, എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണം അപഥ്യമായിരിക്കുന്നതുപോലെ, ഒരവസ്ഥ. ആദ്യകാലത്തൊക്കെ ഇങ്ങനെ സംഭവിച്ചാൽ അത് പരിഹരിച്ചിരുന്നത്
മറ്റുള്ളവർ നമ്മളെക്കാൾ താണ അഭിരുചിയുള്ളവരാണെന്ന് വിശ്വസിച്ചിട്ടാണ്. കാലക്രമത്തിൽ മനസ്സിലായി അങ്ങനെയാകണമെന്നില്ല എന്ന്. ഒരു കലാസൃഷ്ടി ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നതിന് അനേകം കാരണങ്ങളുണ്ട്. ഒരിക്കൽ ഇഷ്ടപ്പെട്ട പടം തന്നെ പിന്നീടൊരിക്കൽ കാണുമ്പോൾ ഇഷ്ടപ്പെടാതെയും മറിച്ചും വരാറുണ്ടെന്ന് ആലോചിച്ചാൽ മതിയല്ലോ.

കാനിൽ സ്വർണ്ണം നേടിയതും അസംഖ്യം നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങിയതും അസാധാരണമായ ജനപ്രീതി നേടിയതുമായ പടമായതുകൊണ്ടാണ് പാരസൈറ്റ് തീയേറ്ററിൽത്തന്നെ പോയി കണ്ടത്. ചമ്മലും നിരാശയുമായിരുന്നു ഫലം. മലയാളം സീരിയലുകളെ നാണിപ്പിക്കുന്ന അഭിനയം, (ടൈറ്റാനിക്ക് ഉൾപ്പെടെ പല സിനിമകളിൽ മുമ്പ് കണ്ടു കഴിഞ്ഞ) വർഗഘടനയുടെ രൂപകമായി തട്ടുകളുടെ ഉപയോഗം, കോമഡിയും ട്രാജഡിയും അന്യാപദേശവും കൂട്ടക്കൊലയും ഒക്കെ കൂട്ടിക്കുഴച്ച കഥ എല്ലാംകൂടി കണ്ടിറങ്ങിയപ്പോൾ മിണ്ടാൻ പറ്റാത്ത പരുവത്തിലായിപ്പോയി എന്നു പറഞ്ഞാൽ മതിയല്ലോ.

പടം ഇഷ്ടപ്പെടാത്ത സ്ഥിതിക്ക് ഇഷ്ടപ്പെട്ട മറ്റു രണ്ട് പടങ്ങളെപ്പറ്റി പറയാം. വേലക്കാരെയും വീട്ടുടമസ്ഥരെയും കഥാപാത്രങ്ങളാക്കി വർഗബന്ധങ്ങളെക്കുറിച്ചും വർഗസമരത്തെക്കുറിച്ചും ചിന്തിക്കുന്ന രണ്ടെണ്ണം. ഒന്ന് A Judgement in Stone (കല്ലിൽ കൊത്തിയ ന്യായവിധി) (Claude Chabrol, ഫ്രാൻസ്, 1995). രണ്ട് The Inheritors (അവകാശികൾ) (Stefan Ruzowitzky, ഓസ്ട്രിയ, 1998). ഇതിൽ ഒന്നാമത്തേത് ഫ്രെഞ്ച് നവതരംഗനായകനായ ഷാബ്രോളിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നുവെങ്കിൽപ്പോലും പ്രമുഖ പുരസ്കാരങ്ങളൊന്നും നേടിയിട്ടില്ല. രണ്ടാമത്തേതിന് റോട്ടർഡാം ഫെസ്റ്റിവലിൽ ടൈഗർ അവാർഡും. അപ്പോൾ അത്രയേയുള്ളൂ പുരസ്കാരങ്ങൾകൊണ്ട് നമുക്കുള്ള പ്രയോജനം.

കാൻ സ്വർണ്ണയജ്ഞം



ലോകസിനിമ കണ്ടുതുടങ്ങിയ കാലത്ത് ദൂരദർശനിലെ പാതിരാപ്പടങ്ങളും ഫിലിം സൊസൈറ്റികളിൽ മാസാമാസം കാണിക്കുന്ന പടങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിട്ടുന്നത് കണ്ടുകൊള്ളണം. പിൽക്കാലത്ത് ചലച്ചിത്രമേളകളിൽ പോകാമെന്നായി. വീഡിയോ കാസെറ്റുകളും ഡിവിഡിയും ബ്ലൂ റേയും വന്നു. സ്ട്രീമിങ്ങ് സർവീസുകൾ സുലഭമായി. ഇവിടെ അമേരിക്കയിലാണെങ്കിൽ ഏറെക്കുറെ അറിയപ്പെടുന്ന എല്ലാ പടങ്ങളും പബ്ലിക് ലൈബ്രറിയിൽനിന്ന് കിട്ടും. ഏതു പടവും കാണാം എന്ന അവസ്ഥ വന്നപ്പോൾ പരിമിതമായ സമയം ഏതിനുവേണ്ടി ചെലവാക്കും എന്ന പ്രശ്നമായി. പത്രമാസികകളിൽ അഭിപ്രായമെഴുതുന്നവരുടെ മുതൽ സമാനമനസ്കരായ സുഹൃത്തുക്കളുടെവരെ ശുപാർശകൾ എഴുതിവെച്ച് കാണാൻ തുടങ്ങി.

അതിൻ്റെ തുടർച്ചയായിട്ട് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു യജ്ഞം തുടങ്ങുകയാണ്. ലോകത്തെ ഏറ്റവും മാനിക്കപ്പെടുന്ന ചലച്ചിത്രമേള എന്ന് പ്രസിദ്ധമായ കാനിൽ സ്വർണ്ണപ്പനയോല (Palme d'Or) പുരസ്കാരം നേടിയ പടങ്ങൾ കിട്ടാവുന്നിടത്തോളം തേടിപ്പിടിച്ച് കാണുക എന്നതാണ് പരിപാടി. കഴിഞ്ഞകൊല്ലം എട്ടെണ്ണം കണ്ടു. കണ്ടതും കാണാനുള്ളതുമായ പടങ്ങളുടെ സമ്പൂർണപട്ടിക ലിങ്കിൽ കാണുക. അഭിപ്രായങ്ങൾ പിന്നാലെ എഴുതാം.

https://docs.google.com/spreadsheets/d/1Fj5oeaaXNEc2lxkYXPIuxFR30AA5gG5lEfPlfF6dSsc/edit#gid=0

Wednesday, November 27, 2019

തൊണ്ടിമുതലും ദൃക്‌സാക്ഷിയും


തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടു, ബോധിച്ചു. ക്രമസമാധാനപാലനം, നീതിന്യായം എന്നീ പേരുകളിൽ നമ്മുടേതുപോലുള്ള രാജ്യങ്ങളിൽ അരങ്ങേറുന്ന കലാപരിപാടിയുടെ വിശ്വസനീയമായ ചിത്രീകരണം, ഉദ്വേഗജനകമായ കഥ, വിശദാംശങ്ങളിലുള്ള ശ്രദ്ധകൊണ്ട് കഥാസന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും (തീരെ ചെറിയ കഥാപാത്രങ്ങൾ ഉൾപ്പെടെ) കിട്ടുന്ന സ്വാഭാവികത, സംഭാഷണങ്ങളിൽ മൊത്തത്തിലും പ്രാദേശികഭാഷയുടെ ഉപയോഗത്തിലുമുള്ള ഭംഗി, അലൻസിയറുടെയും (അപൂർവം ചില അവസരങ്ങളിലൊഴികെ ഫഹദ്‌ ഫാസിലിൻ്റെയും) പൊലീസ് വേഷമിടുന്ന മറ്റനേകം നടന്മാരുടെയും അഭിനയം ഇങ്ങനെ ഒരുപാട് സുഖങ്ങൾ പറയാനുണ്ടെങ്കിലും ഈ പടത്തിൻ്റെ ഏറ്റവും പ്രധാനമായ നേട്ടമായി തോന്നിയത് മറ്റൊന്നാണ്.

കുറ്റവാളി വില്ലനായി വരുന്നതാണ് കഥകളിലെ ഏറ്റവും പഴക്കമുള്ള രീതി. അതിനു സമാന്തരമായിത്തന്നെ തന്നെ കുറ്റവാളിയെ നായകനാക്കുന്ന കായംകുളം കൊച്ചുണ്ണിമാരുടെ കഥകളുടെ പാരമ്പര്യവും ഉണ്ട്. എന്നാൽ ‘തൊണ്ടിമുതൽ’ ഈ രണ്ടിൽനിന്നും വേറിട്ട് വേറൊരു വഴി തുറക്കാനുള്ള ശ്രമത്തിലാണ്.

കാഴ്ചക്കാർ എന്ന നിലയിൽ നമുക്ക് ആദ്യംമുതൽ അറിയുന്ന ദമ്പതികൾ. അവർ പ്രേമിച്ചതും നാടുവിട്ടതും ബുദ്ധിമുട്ടിയതുമെല്ലാം നേരിട്ട് അറിഞ്ഞവരാണ് നമ്മൾ. അവരുടെ ഏക ആശ്രയമായ സ്വർണം നമ്മുടെ കണ്മുമ്പിൽവെച്ച് മോഷ്ടിക്കപ്പെടുന്നു. അവർക്ക് അത് തിരികെ കിട്ടണം എന്നും കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നുമുള്ള ആഗ്രഹവുമായി ഇരിക്കുന്ന സമയത്താണ് അവരെക്കാൾ തൊലിവെളുപ്പും കുസൃതിയും പ്രസരിപ്പുമുള്ള കള്ളൻ പതുക്കെ നമ്മുടെ മനം ‘കവരുന്നത്’. അതിനുവേണ്ടി ചലച്ചിത്രകാരൻ ഉപയോഗിക്കുന്ന കരുക്കളിൽ ഒന്ന് ഫഹദ് ഫാസിലിൻ്റെ താരമൂല്യമാണ്. പോരെങ്കിൽ അയാൾ പറയുന്ന കഥകളിൽ ചെറുപ്പത്തിലെ അനാഥത്വവും ദാരിദ്ര്യവും പണത്തിൻ്റെ ആവശ്യവുമൊക്കെയുണ്ടുതാനും. അയാൾ പറയുന്ന കഥകളിലൂടെയല്ലാതെ ഇതൊന്നും കാണുന്നും അറിയുന്നും ഇല്ലെങ്കിലും നമ്മൾ അയാളെ വിശ്വസിക്കാൻ തയ്യാറാണ്. എന്നാൽ, കള്ളൻ്റെ പിറകേ പോകുന്ന കാഴ്ചക്കാരനെ വെറുതെവിടാൻ തയ്യാറാകുന്നില്ല ചലച്ചിത്രകാരൻ. ഓരോ തവണ അയാളെ ഇഷ്ടപ്പെടാൻ നമ്മൾ തയ്യാറാകുമ്പോഴും അയാൾ അതിലും കൂടിയ എന്തെങ്കിലും കടുംകൈ കാണിച്ചുകൂട്ടുന്നുണ്ട്. എന്നാൽ, പൊലീസിൻ്റെ കൈയിൽനിന്ന് കടുത്ത ഭേദ്യം അനുഭവിക്കുന്ന അവനെ ഒട്ട് വെറുക്കാനും നമുക്ക് സാധിക്കുന്നില്ല.

സിനിമാവസാനത്തിൽ കുറ്റവാളിയും ഇരയുംകൂടി രണ്ടുപേർക്കും ഗുണകരമായ ഒരു ഒത്തുതീർപ്പിലെത്തി കഥ മംഗളമാക്കുന്നുണ്ടെങ്കിലും സിനിമ കഴിഞ്ഞ് ആലോചിക്കുമ്പോൾ ആലോചിക്കാൻ തയ്യാറുള്ളവർക്ക് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. വാസ്തവത്തിൽ നമ്മൾ ഇത്ര നെറികെട്ടവരാണോ? വർഷങ്ങളായി തീറ്റിപ്പോറ്റുന്ന ഉടമസ്ഥനെ വഞ്ചിച്ച് കള്ളൻ്റെ പക്ഷം ചേരുന്ന കാവൽനായയെപ്പോലെ ഇത്ര അനായാസമായി സത്യത്തിനെയും നീതിയെയും തള്ളിപ്പറയാൻ നമുക്ക് എങ്ങനെ സാധിച്ചു? നിത്യജീവിതത്തിലും വാർത്തകളിലും തെരഞ്ഞെടുപ്പിൽപ്പോലും നമ്മുടെ പിന്തുണ പോകുന്നത് സത്യത്തിൻ്റെ പക്ഷത്തേക്കാണോ അതോ വശ്യശക്തിയുള്ള വ്യക്തികളുടെ പക്ഷത്തേക്കോ?

<< ????? ????? ???????????