Wednesday, October 01, 2008

ചുവന്ന കുഞ്ഞിക്കോഴി




പോര്‍ട്ട്‌ലന്‍ഡിലെ എന്റെ ഒരു സുഹൃത്തിന്റെ കുട്ടികള്‍ പഠിയ്ക്കുന്ന സ്കൂളില്‍ കുട്ടികളെയോ രക്ഷിതാക്കളെയോ കൊണ്ട്‌ അവരവരുടെ മാതൃഭാഷയില്‍ The Little Red Hen എന്ന കഥ പറയിക്കുന്ന/വായിപ്പിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അതിനുവേണ്ടി തര്‍ജ്ജമ ചെയ്തതാണിത്‌. ഇതിന്റെ ഒരു പാഠഭേദം കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഉണ്ടായിരുന്നു.

പണ്ടുപണ്ട്‌, ഒരിടത്ത്‌ ഒരു ചുവന്ന കുഞ്ഞിക്കോഴിയുണ്ടായിരുന്നു. അവള്‍ തന്റെ കൊച്ചുവീട്ടില്‍ ഒരു താറാവിനെയും ഒരു പൂച്ചയെയും ഒരു പട്ടിയെയും താമസിപ്പിച്ചിരുന്നു.

താറാവൊരു വലിയ വായാടിയായിരുന്നു. രാവിലെ മുതല്‍ വൈകിട്ടുവരെ അയല്‍ക്കാരോടു വര്‍ത്തമാനം പറയലായിരുന്നു അവളുടെ പണി.

പൂച്ച ഒരു പൊങ്ങച്ചക്കാരിയായിരുന്നു. രാവിലെ മുതല്‍ വൈകിട്ടുവരെ രോമങ്ങള്‍ ചീകിയൊതുക്കലും മീശമിനുക്കലും നഖം തിളക്കലുമായിരുന്നു അവളുടെ പണി.

പട്ടി ഒരു ഉറക്കംതൂങ്ങിയായിരുന്നു. രാവിലെ മുതല്‍ വൈകിട്ടുവരെ വരാന്തയിലെ ആടുന്ന കസേരയില്‍ക്കിടന്നുറങ്ങലായിരുന്നു അവന്റെ പണി.

വീട്ടിലെ ജോലിയൊക്കെ ചുവന്ന കുഞ്ഞിക്കോഴിയായിരുന്നു ചെയ്തത്‌.

അവള്‍ വെച്ചു, വിളമ്പി, വൃത്തിയാക്കി
തുണിയലക്കി, ചവറുകൊണ്ടുക്കളഞ്ഞു.
മുറ്റത്തെ പുല്ലുവെട്ടി, കരിയില അടിച്ചുവാരി.
സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍പ്പോയിരുന്നതുപോലും അവളാണ്‌.

ഒരു ദിവസം രാവിലെ ചന്തയിലേക്കുപോകുന്ന വഴിയില്‍ക്കിടന്ന് ചുവന്ന കുഞ്ഞിക്കോഴിക്ക്‌ കുറച്ചു ഗോതമ്പുമണികള്‍ കിട്ടി. അവളത്‌ ഉടുപ്പിന്റെ കീശയിലിട്ടു.

വീട്ടിലെത്തിയപ്പോള്‍ അവള്‍ കൂട്ടുകാരോടു ചോദിച്ചു, "ഈ ഗോതമ്പു നടാന്‍ ആരൊക്കെ വരുന്നു?"

"ഞാനില്ല," താറാവു പറഞ്ഞു.
"ഞാനില്ല," പൂച്ച പറഞ്ഞു.
"ഞാനില്ല," പട്ടി പറഞ്ഞു.

"എന്നാല്‍ ഞാന്‍തന്നെ ചെയ്യാം," ചുവന്ന കുഞ്ഞിക്കോഴി പറഞ്ഞു.

അവളതു നട്ടു.

ഗോതമ്പു മുളച്ചപ്പോള്‍ ചുവന്ന കുഞ്ഞിക്കോഴി ആര്‍ത്തുവിളിച്ചു, "നോക്ക്‌, ഞാന്‍ നട്ട ഗോതമ്പു മുളച്ചു. ഇതു നോക്കിവളര്‍ത്താന്‍ ആരൊക്കെയുണ്ട്‌?"

"ഞാനില്ല," താറാവു പറഞ്ഞു.
"ഞാനില്ല," പൂച്ച പറഞ്ഞു.
"ഞാനില്ല," പട്ടി പറഞ്ഞു.

"എന്നാല്‍ ഞാന്‍തന്നെ ചെയ്യാം," ചുവന്ന കുഞ്ഞിക്കോഴി പറഞ്ഞു.

അവള്‍ വേനല്‍ക്കാലം മുഴുവന്‍ ഗോതമ്പുചെടികള്‍ നോക്കിവളര്‍ത്തി.
അവയ്ക്ക്‌ വേണ്ടത്രവെള്ളമൊഴിച്ചു, തടത്തിലെ കളകള്‍ കണ്ടുപിടിച്ച്‌ പറിച്ചുകളഞ്ഞു.
അങ്ങനെ, വേനല്‍ക്കാലം കഴിയാറായപ്പോഴേക്ക്‌ ഗോതമ്പുചെടികള്‍ വളര്‍ന്നു വലുതായി.

ഒടുക്കം ഗോതമ്പുചെടികള്‍ വിളഞ്ഞ്‌, പച്ചനിറം മാറി സ്വര്‍ണ്ണനിറമായപ്പോള്‍ അവള്‍ കൂട്ടുകാരോടു ചോദിച്ചു,
"ഗോതമ്പു കൊയ്തുമെതിയ്ക്കാന്‍ ആരൊക്കെ വരുന്നു?"
"ഞാനില്ല," താറാവു പറഞ്ഞു.
"ഞാനില്ല," പൂച്ച പറഞ്ഞു.
"ഞാനില്ല," പട്ടി പറഞ്ഞു.

"എന്നാല്‍ ഞാന്‍തന്നെ ചെയ്യാം," ചുവന്ന കുഞ്ഞിക്കോഴി പറഞ്ഞു.

അവള്‍ ഗോതമ്പുചെടിയെല്ലാം കൊയ്തുമെതിച്ചു.

എല്ലാം കഴിഞ്ഞപ്പോള്‍ ചുവന്ന കുഞ്ഞിക്കോഴി ഗോതമ്പെല്ലാം കോരി ഒരു ഉന്തുവണ്ടിയിലിട്ടിട്ട്‌ ചോദിച്ചു,
"ഗോതമ്പു മില്ലില്‍ കൊണ്ടുപോയി പൊടിപ്പിയ്ക്കാന്‍ ആരൊക്കെ വരുന്നു?"

"ഞാനില്ല," താറാവു പറഞ്ഞു.
"ഞാനില്ല," പൂച്ച പറഞ്ഞു.
"ഞാനില്ല," പട്ടി പറഞ്ഞു.

"എന്നാല്‍ ഞാന്‍തന്നെ ചെയ്യാം," ചുവന്ന കുഞ്ഞിക്കോഴി പറഞ്ഞു.

അവള്‍ ഉന്തുവണ്ടി ഉന്തി മില്ലില്‍ക്കൊണ്ടുപോയി.

മില്ലുകാരന്‍ ഗോതമ്പു പൊടിച്ച്‌ ഒരു ചാക്കിലിട്ട്‌ ചുവന്ന കുഞ്ഞിക്കോഴിയ്ക്കു കൊടുത്തു.

അവള്‍ ഒറ്റയ്ക്ക്‌ ഉന്തുവണ്ടിയില്‍ ചാക്കുവെച്ച്‌ ഉന്തി വീട്ടിലെത്തിച്ചു.

കുറച്ചു ദിവസം കഴിഞ്ഞ്‌, ഇളം തണുപ്പുള്ള ദിവസം അതിരാവിലെ ചുവന്ന കുഞ്ഞിക്കോഴി എഴുനേറ്റു പറഞ്ഞു,
"റൊട്ടിയുണ്ടാക്കാന്‍ പറ്റിയ ദിവസം. മില്ലില്‍ നിന്നു പൊടിച്ചു കൊണ്ടുവന്ന ഗോതമ്പുപൊടികൊണ്ട്‌ ഒരു റൊട്ടിയുണ്ടാക്കാന്‍ ആരൊക്കെ വരുന്നു?"

"ഞാനില്ല," താറാവു പറഞ്ഞു.
"ഞാനില്ല," പൂച്ച പറഞ്ഞു.
"ഞാനില്ല," പട്ടി പറഞ്ഞു.

"എന്നാല്‍ ഞാന്‍ തന്നെ ചെയ്യാം," ചുവന്ന കുഞ്ഞിക്കോഴി പറഞ്ഞു.

അവള്‍ റൊട്ടിയുണ്ടാക്കി.

ഗോതമ്പുപൊടിയില്‍ പാലും മുട്ടയും വെണ്ണയും ഉപ്പും ചേര്‍ത്ത്‌, മാവു കുഴച്ച്‌, ഒരു വലിയ റൊട്ടിയുടെ ആകൃതിയിലാക്കി അടുപ്പില്‍ വെച്ച്‌ ശ്രദ്ധിച്ചു നോക്കിനിന്നു.

മൊരിയുന്ന റൊട്ടിയുടെ മണം ചുറ്റും പരന്നു.

കൊതിപ്പിക്കുന്ന മണം കേട്ട്‌ താറാവു വര്‍ത്തമാനം നിര്‍ത്തി. പൂച്ച ഒരുക്കം നിര്‍ത്തി. പട്ടി മയക്കം നിര്‍ത്തി.

ഓരോരുത്തരായി അടുക്കളയിലെത്തി. ചുവന്ന കുഞ്ഞിക്കോഴി ചുട്ട റൊട്ടി അടുപ്പില്‍നിന്നെടുത്തിട്ടു ചോദിച്ചു,

"ഈ റൊട്ടി തിന്നാന്‍ ആരൊക്കെ വരുന്നു?"

"ഞാനുണ്ട്‌," താറാവു പറഞ്ഞു.
"ഞാനുണ്ട്‌," പൂച്ച പറഞ്ഞു.
"ഞാനുണ്ട്‌," പട്ടി പറഞ്ഞു.

"ഉണ്ടോ?" ചുവന്ന കുഞ്ഞിക്കോഴി ചോദിച്ചു.

ഗോതമ്പു നട്ടുവളര്‍ത്തിയതാരാ?

ഞാന്‍.

ഗോതമ്പു കൊയ്തുമെതിച്ച്‌ മില്ലില്‍ കൊണ്ടുപോയി പൊടിപ്പിച്ചതാരാ?

ഞാന്‍.

ഗോതമ്പു പൊടി വീട്ടിലെത്തിച്ചതും റൊട്ടിയുണ്ടാക്കിയതും ആരാ?

ഞാന്‍.

ഞാനൊറ്റയ്ക്കല്ലേ ഇതൊക്കെ ചെയ്തത്‌? എന്നാല്‍ റൊട്ടിയും ഞാനൊറ്റയ്ക്കു തിന്നുകൊള്ളാം."

എന്നിട്ട്‌ ചുവന്ന കുഞ്ഞിക്കോഴി ഒറ്റയ്ക്ക്‌ ആ റൊട്ടി മുഴുവന്‍ തിന്നു.

6 comments:

ഗുപ്തന്‍ said...

അതെ അതേ.. പാഠപുസ്തകത്തിലെ പണ്ടാറഭേദമാണോ എന്തോ ഒരു കഥ ഞാന്‍ ഓര്‍ക്കുന്നുണ്ട്.. നാഴിയമ്മയും കോലുമക്കളും

പൂച്ചേം പട്ടീമൊന്നും ഇല്ല. അമ്മേം മക്കളുമാണ്..

അന്നേരം ഇതിന്റെയും പേറ്റന്റ് ലവന്മാര്‍ നേരത്തേ എടുത്താരുന്നു അല്ലേ :(

വര്‍ക്കേഴ്സ് ഫോറം said...

കുഞ്ഞിക്കോഴീടെ കഥ നന്നായി പറഞ്ഞിരിക്കുന്നു.
ഏറ്റവും ബുദ്ധിമുട്ട് കുട്ടികള്‍ക്ക് വേണ്ടി കഥയെഴുതാന്‍ ആണെന്നറിയാം.

G. Nisikanth (നിശി) said...

കുഞ്ഞിലെ മുത്തശ്ശി പറഞ്ഞു തന്നിരുന്ന ഒരു കഥയുടെ ഈണം...

വളരെ നാളിനുശേഷം ഇതു വായിച്ചപ്പോൾ ഓർമ്മ വന്നു...

Santhosh said...

“എന്നാലേ, കോഴിയമ്മതന്നെ തിന്നോളാം”

രണ്ടാം ക്ലാസിലായിരുന്നു ഈ കഥ എന്നാണോര്‍മ്മ.

Promod P P said...

കോഴിയമ്മയുടെ കഥ തന്നെ

രാജേഷ് ആർ. വർമ്മ said...

ഗുപ്തന്‍, വര്‍ക്കേഴ്സ്‌ ഫോറം, ചെറിയനാടന്‍, സന്തോഷ്‌, തഥാഗതന്‍,

എല്ലാവര്‍ക്കും നന്ദി.