ഉമാ-രമാസംവാദങ്ങള് കേട്ട്, ഇവരുടെ പ്രാണനാഥന്മാരുടെ സംവാദം എങ്ങനെയായിരിക്കും എന്ന് അദ്ഭുതപ്പെട്ടിട്ടുള്ളവര്ക്കു വേണ്ടി:
"കുന്നിന്‍നാട്ടിലെ ബാന്ധവം കഠിനമോ?" "തണ്ണീരിലും മെച്ചമാ-"
"ണുണ്ണിക്കുമ്പ നിറഞ്ഞിടാത്തൊരഴലോ?" "വന്ധ്യത്വമോര്‍ത്താല്‍ സുഖം."
"പെണ്ണിന് മാതിരി പാതിമേനിയഴകോ?" "പെണ്‍വേഷമോ?"യെന്നു താര്-
ക്കണ്ണന്‍ വമ്പിനെ വെന്ന വാണിയൊടു മുക്കണ്ണന് തുണച്ചീടണം.
<< എന്റെ മറ്റു ശ്ലോകങ്ങള്‍
16 comments:
"വന്ധ്യത്വം"????കണ്ണന് കുട്ടികളുണ്ടല്ലോ:പ്രദ്യുമ്നന്,സാംബന്...
അരസികത്വം പൊറുക്കുക...
ശിവനും വിഷ്ണുവും നേര്ക്കുനേരല്ലേ ബാബുമാഷേ..അവതാരങ്ങള്‍ കൂട്ടിയിട്ടില്ലല്ലോ . :)
ആ നാലാമത്തെ വരിയില്‍ എന്തോ സ്റ്റോണ്ബൈറ്റ് ഉണ്ടെന്ന് തോന്നുന്നല്ലോ രാജേഷേട്ടാ....
കവിതയില്‍ അങ്ങിനെയാണെങ്കിലും title "കണ്ണന്" എന്നല്ലേ!!!എല്ലാം മായ!!!
സ്വയമ്പന്‍ ശ്ലോകം! അപ്പോള്‍ മുക്തകങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല, അല്ലേ?
ഗുപ്താ, എനിക്കു കല്ലുകടിയൊന്നും തോന്നിയില്ലല്ലോ. വൃത്തം, യതി, അര്‍ത്ഥം എന്താണു തെറ്റിയതു്?
കല്യാണമേ, രാജേഷ് മഹാവിഷ്ണുവിനെയായിരിക്കാം ഉദ്ദേശിച്ചതു്. കൃഷ്ണനും രാമനുമൊക്കെ മക്കളുണ്ടു്.
പക്ഷേ, അങ്ങനെയാണെങ്കില്‍ “കണ്ണന്” എന്നു പറയാതിരിക്കുകയാവും ഭേദം.
പക്ഷേ ഈ തല്ലിനൊരു ഉശിരു പോരാ. പാര്‍വ്വതിയും ലക്ഷ്മിയും തമ്മില്‍ തല്ലുന്ന തല്ലാണു തല്ല്!
ബാബു,
അരസികത്വമോ? ഇതല്ലേ രസം?
ബാബു, ഉമേഷ്,
എഴുതിയപ്പോള്‍ത്തന്നെ തോന്നിയിരുന്നു കണ്ണനെന്നു വിഷ്ണുവിനെ വിളിച്ചതു ശരിയായില്ലെന്ന്. കണ്ണന്, മുക്കണ്ണന് എന്ന് ഒന്നിച്ചു പറയാനുള്ള രസം കൊണ്ട് അതങ്ങനെയിട്ടതാണ്. നിങ്ങള്‍ പറഞ്ഞതനുസരിച്ചു ശ്ലോകം തിരുത്തി.
ഗുപ്തന്,
നന്ദി
ഉമേഷ്ജീ, രാജേഷേട്ടൻ പോസ്റ്റിൽത്തന്നെ “ഉമാ-രമാസംവാദങ്ങളി”ലേക്ക്(സരസശ്ലോകങ്ങള്‍: അയല്‍വാസികളുടെ വഴക്കു്)ലിങ്ക് കൊടുത്തിരുന്നല്ലോ? പിന്നെ കമന്റിൽ വീണ്ടും ഒന്നിന്റെ ആവശ്യമുണ്ടോ? :)
(ദേ സ്മൈലി, സ്മൈലി :))
ജയരാജാ,
ഞാന്‍ കമന്റിട്ടതിനു ശേഷമാണു രാജേഷ് ആ ലിങ്കിട്ടതു്. പോസ്റ്റു വരുമ്പോള്‍ എവിടെയെങ്കിലും പോയിക്കിടന്നുറങ്ങിയിട്ടു് ഇപ്പോള്‍ എഴുനേറ്റു പിച്ചും പേയും പറയുന്നോ? :)
:-).
രണ്ടു തലകള്‍ ചേര്‍ന്നാലും ഫോര്‍മുലകള്‍ ചേരില്ലെന്ന ചൊല്ലിനാല്‍ സാധു.
രാജേഷേ, ഒരിക്കല്‍ക്കൂടി സലാം. ദന്നെ രസികത്തം.
ഉമേഷ്ജീ... ലിങ്ക് അവിടെ ഉണ്ടായിരുന്നു..ഞാന്‍ കമന്റ് ഇടുമ്പോഴേ.. ഞാന്‍ ഗുരുകുലത്തില്‍ വന്ന് വീണ്ടുമൊന്നു വായിച്ചു പോന്നതാണ്. ഉമേഷ്ജീ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
നാലാം വരി വായിച്ചപ്പോള്‍ എന്തോ സുഖമില്ലായ്മ തോന്നി. വൃത്തം കൃത്യമാണെങ്കിലും.... :)
അയ്യോ, അങ്ങനെയാണെങ്കില്‍ ഞാന്‍ കാണാഞ്ഞതാണു്. എല്ലാവരും ക്ഷമി. പ്രത്യേകിച്ചു് ജയരാജന്.
അവിടെ നിന്നു് ഇങ്ങോട്ടും ഒരു ലിങ്കു കൊടുത്തിട്ടുണ്ടു്.
രാജേഷ്,
നന്നായിരിക്കുന്നു;
കുറച്ചുപ്രാവശ്യം ചൊല്ലിനോക്കി, ചെത്തിമിനുക്കി വീണ്ടും പോസ്റ്റണേ. ആ ‘മുക്കി’ലൊന്നു നിറുത്തേണ്ടിവരുന്നതാവാം ഗുപ്തന് പ്രകടിപ്പിച്ച വിഷമം.
“...ര്ക്കണ്ണനെ വെന്ന വാക്കെറിയുമെന് മുക്കണ്ണ നീ കാക്കണം..“ എന്നു തിരുത്തുമ്പോള്‍ അനാവശ്യമായി അക്ഷരം തിരുകേണ്ടിവന്നുവെങ്കിലും മുക്കില്‍ നിറുത്തേണ്ടിവരുന്നില്ല.
‘ചെന്തണ്ടാര്ക്കണ്ണന്‘?
രസകാര്യത്തിലും ഒന്നു ശ്രദ്ധിച്ച് വാക്കു തെരഞ്ഞെടുത്താല്‍ ഈ പുതിയ പോരൊന്നാഘൊഷിക്കാം.
നന്നായിരിക്കുന്നു, ഒന്നാമത്തേത്.
പി.സി.മധുരാജ്
ഹാ ഹാ!
വായിക്കാന്‍ നല്ല ഒരു ശ്ലോകം തന്നതിന് നന്ദി പറയുന്നതിന് പകരം കുറ്റം കണ്ടെതുന്നവരെ അല്ലെ അരസികന്, ദോഷൈകദൃക്ക് എന്നൊക്കെ വിളിക്കേണ്ടത് ;-)
ഒന്നു കൂടി "മുക്കണ്ണന് Vs താമരക്കണ്ണന് " അല്ലെ കേള്‍ക്കാന്‍ സുഖം. കവിതയിലും മുക്കണ്ണനു അല്ലെ പ്രാമുഖ്യം.
ഒരു ഉപദേശം കൂടി; ഫ്രീ ആയിട്ടു. "നാട്ടുകാരുടെ വാക്ക് കേട്ടു കവിത മാറ്റിയെഴുതാന്‍ നിന്നാല്‍ അവസാനം ക"വിത"യിലെ "വിത" പോയി അത് "കള" ആകും, "കല" ആവില്ല... ;-)
അതെ മു/ക്കണ്ണന്‍ തന്നെ ആണ് പ്രശ്നം. സംസ്കൃതവൃത്തങ്ങളെ സംബന്ധിച്ച ധാരണയില്‍ euphony ഒരു പ്രധാനഘടകമാണോ എന്നറിയില്ല. അറിവില്ലാത്തതുകൊണ്ടാണ് പറയാതിരുന്നത്.
ശ്യൊ തെറ്റി.. മു/ക്കണ്ണന്‍ അല്ല ടുമു... ഹിഹി
നാരായണക്കിളീ, നന്ദി. എന്നാല്‍ ഇവിടെ ചേരാത്തതു മുലകളല്ല, തലകള്‍ തന്നെ.
മധുരാജ്, ഗുപ്തന്,
നന്ദി. എന്നാല്‍, ആ മു-ക്കണ്ണന്‍ മുറിയ്ക്കലിലെ രസഭംഗം ബോധ്യപ്പെട്ടില്ല. കണ്ണന്-മുക്കണ്ണന് എന്ന വാക്കുകളുടെ അടുപ്പമായിരുന്നു ആ രണ്ടു വാക്കുകള്‍ക്കും പിന്നെ ന-ണ ശബ്ദങ്ങള്‍ക്കും ഊന്നല്‍ കൊടുത്ത് ശ്ലോകമുണ്ടാക്കാനുള്ള ആഗ്രഹത്തിനു തന്നെ പിറകില്‍. ശ്ലോകം ഒന്നുകൂടി തിരുത്തിയിട്ടുണ്ട്. രണ്ടുവാക്കിലെയും കണ്ണന് സിമെട്രിക്ക് ആയ സ്ഥലത്തു (വരിയുടെ തുടക്കത്തിലും യതിയ്ക്കു ശേഷവും) വരത്തക്കവണ്ണം.
ബാബു,
ആ അവസാനത്തെ ഉപദേശവും സ്വീകരിച്ചിരിക്കുന്നു. ഇനി തിരുത്തില്ല.
ഗുപ്തന്,
കേള്‍വിക്കുള്ള സുഖം പ്രധാനമല്ലാത്ത ഭാഷകളുണ്ടാകുമോ? ഇല്ലെന്നു തോന്നുന്നു.
Post a Comment