ഒരു ബ്ലോഗറുടെ ജീവിതം തിരക്കു നിറഞ്ഞതാണ്.
പോസ്റ്റണം. പോസ്റ്റില്‍ വല്ലവരും കമന്റിയാല് മറു കമന്റണം. വരേണ്യബ്ലോഗര്‍മാര്‍ വല്ലവരുമാണു കമന്റാന്‍ വരുന്നതെങ്കില്‍ ആവണപ്പലകയിട്ടിരുത്തി കാലുകഴുകിച്ചുകമന്റണം. പുതിയവര്‍ വല്ലവരുമാണെങ്കില്പ്പോലും ഒന്നു കണ്ടെന്നു വരുത്തണം. നല്ലവാക്കു പറയുന്ന ബ്ലോഗന്മാരുടെ ബ്ലോഗില്‍പ്പോയി നല്ലതെന്തെങ്കിലും കമന്റണം. വിമര്‍ശിക്കുന്നവരുണ്ടെങ്കില്‍ അവരുടെ ബ്ലോഗില്‍പ്പോയി വിമര്ശിക്കാനെന്തെങ്കിലും കണ്ടെത്തണം. നമ്മുടെ പോസ്റ്റുകള്‍ക്കു റീഡിങ്ങ് ലിസ്റ്റുകളില്ക്കൂടി പരസ്യം തരുന്നവരുടെ പോസ്റ്റുകള്‍ക്കു പരസ്യം കൊടുക്കാനായി ഒരു റീഡിങ്ങ് ലിസ്റ്റ് തുടങ്ങുകയും അതു വേണ്ടവണ്ണം കൊണ്ടുനടക്കുകയും വേണം. അങ്ങിങ്ങായി നടക്കുന്ന ചര്‍ച്ചകളിലും വാക്കേറ്റങ്ങളിലും ആരൊക്കെ പങ്കെടുക്കുന്നു എന്നു നോക്കി ജയിക്കാനിടയുള്ള ഒരു പക്ഷം ചേര്‍ന്നു വ്യത്യസ്തതകൊണ്ടു ശ്രദ്ധേയമായി എന്തെങ്കിലും പറയണം. ആരെങ്കിലും എവിടെങ്കിലും വെച്ച് ഉത്തരംമുട്ടിച്ചാല് അവരെ പ്രത്യേകം ഒന്നു നോട്ടുചെയ്തു വെക്കണം. അവര്‍ക്കു ഭാവിയില്‍ എവിടെങ്കിലും വെച്ച് അടിതെറ്റുന്നുണ്ടോ എന്നു നോക്കിനടക്കണം. തെറ്റിയാല്‍ അവിടെ ചാടിവീഴണം. ഈ-മെയിലില്‍ക്കൂടി ചില ഗ്രൂപ്പുകളില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കണം. ചില ഗ്രൂപ്പുകളെങ്കിലും പരസ്പരവിരുദ്ധങ്ങളായിരിക്കുന്നതു നല്ലത്. ആരെ എപ്പോള്‍ ആവശ്യം വരുമെന്നു പറയാന്‍ പറ്റില്ല. വരേണ്യബ്ലോഗര്‍മാര്‍ അയയ്ക്കുന്ന ഇ-മെയിലുകള്‍ക്ക് അപ്പപ്പോള്‍ മറുപടിയയക്കണം. മറ്റുള്ളവരാണെങ്കില്പ്പോലും ഒരുമാസത്തിനുള്ളില്‍ മറുപടി അയച്ചിരിക്കണം. ഓര്‍ക്കുട്ടില്‍ കൂട്ടുകൂടണം. വരേണ്യബ്ലോഗര്‍മാര്‍ ക്ഷണിച്ചാല്‍ ഓര്‍ക്കുട്ട് കമ്യൂണിറ്റികളില്‍ ചേരണം. അവരുടെ സ്ക്രാപ്പുകള്‍ക്ക് അപ്പപ്പോള്‍ മറുപടിയിടണം. അവരുടെ ആരാധകരാകണം. ഫോട്ടോകള്‍ തുടരെ പുതുക്കിക്കൊണ്ടിരിക്കണം. അച്ചടിമാധ്യമങ്ങളില്‍ നിന്ന് ബ്ലോഗിന്തോലിട്ട ആരെങ്കിലും വന്നു നുഴഞ്ഞുകയറുന്നുണ്ടെങ്കില് അവരെ സംശയദൃഷ്ടിയോടെ നോക്കണം. അവരുടെ എഴുത്തുകള്‍ അതീവകര്ശനമായി പരിശോധിക്കണം. അവര്‍ എങ്ങാനും ഷൈന്‍ ചെയ്യാന്‍ തുടങ്ങുന്നുണ്ടെന്നു തോന്നിയാല്‍ ഗ്രൂപ്പുകളുടെ സഹായത്തോടെ അടിച്ചൊതുക്കണം.
ഒന്നും പറയണ്ട.
ഒരു ബ്ലോഗറുടെ ജീവിതം തിരക്കു നിറഞ്ഞതാണ്.
ഈ തിരക്കിനിടയില്‍ സാധാരണക്കാരന്റെ ജീവിതവുമായി ബന്ധം നഷ്ടപ്പെട്ടുപോകുക സ്വാഭാവികമാണ്. സാധാരണക്കാരന്റെ ജീവിതമാണ് ബ്ലോഗിന്റെ അസംസ്കൃതവസ്തു. അതില്ലെങ്കില്‍ പോസ്റ്റില്ല. അങ്ങനെ തോന്നിത്തുടങ്ങിയാല്‍, വൈകാതെ ചെയ്യേണ്ടുന്ന ഒന്നാണ് പൊതുജനസമ്പര്‍ക്കപരിപാടി.
ഇക്കൊല്ലത്തെ പൊതുജനസമ്പര്‍ക്കപരിപാടിയുടെ വിവരം ഇപ്രകാരമാണ്:
ജൂലൈ 26: റോമ(റോം)
ജൂലൈ 27,28: ഫിറെന്‍സെ (ഫ്ലോറന്‍സ്)
ജൂലൈ 29, 30: വെനീഷ്യ (വെനീസ്)
ജൂലൈ 31, ആഗസ്റ്റ് 1: റോമ
ആഗസ്റ്റ് 3-6: മുംബൈ
ആഗസ്റ്റ് 7-31: കേരളം
പുസ്തകപ്രകാശനങ്ങള്‍, കുട്ടികള്‍ക്കു പേരിടല്‍, ഉദ്ഘാടനങ്ങള്‍, പ്രഭാഷണം, സമ്മാനദാനം തുടങ്ങിയവ നടത്താനാഗ്രഹിക്കുന്നവര്‍ നിരക്കുകള്‍ അറിയുന്നതിന് ഇ-മെയില്‍ വഴി ഉടനടി ബന്ധപ്പെടുക.
6 comments:
:)
:-D എന്തെ ഒരു ബെര്‍ലി സ്റ്റൈല്‍!!!!
വേറെ പണിയൊന്നുമില്ലേ...
നിരക്കുകള്‍ അറിയാന്‍ ഇ-മെയില്‍ വഴി വരുന്നുണ്ട്... :)
ഫോട്ടോകള്‍ തുടരെ പുതുക്കിക്കൊണ്ടിരിക്കണം. ഇതു മുടങ്ങാതെ ചെയ്യുന്നുണ്ടല്ലോ... :)
-വരേണ്യനല്ലാത്ത ഒരു ബ്ലോഗര്‍
വിശാലന്, വിഷ്ണു,
നന്ദി.
ബാബു,
അതു വേണ്ടായിരുന്നു. സ്റ്റൈല്‍ തിരുത്താന്‍ ശ്രമിയ്ക്കാം.
സന്തോഷ്,
പോസ്റ്റില്ലെങ്കിലും ഫോട്ടോ പുരപ്പുറത്തുണ്ടാവണം എന്നല്ലേ പഴമൊഴി?
Post a Comment