ബൈറ്റിന്നായ് വാപൊളിയ്ക്കും, ചുമരിനരികിലേക്കോടി വിന്‍ഡോസ് തുറക്കും,
സൈറ്റെന്നാല് കണ്ണിറുക്കും, കലവറ തിരയും ചിപ്സിനായേറെനേരം,
ബൂട്ടിന്നായ് കാലുപൊക്കും - കണവനിതുവിധം ഭോഷനായോരുമൂലം
ഡെയ്റ്റിന്നായ് ചാറ്റുറൂമില്ക്കയറിയലയുവാനാണെനിയ്ക്കിന്നു യോഗം
പാമരനായ ഭര്‍ത്താവിന്റെ കൂടെ കഴിയേണ്ടിവന്ന വിദുഷിയായ മനോരമത്തമ്പുരാട്ടിയുടെ 'യസ്യ ഷഷ്ഠീ ചതുര്‍ത്ഥീ ച'എന്ന ശ്ലോകം പ്രസിദ്ധമാണല്ലോ. ഇന്നും ഈ ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്ന സ്ത്രീകളുണ്ട്. ഇതാ അത്തരത്തിലൊരാള്‍.
<< ശ്ലോകങ്ങള്‍
<< കവിതകള്‍
വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Wednesday, June 11, 2008
Sunday, June 01, 2008
കുട്ടിപ്പുരയുടെ ശില്പി

കഥാകാരികളെപ്പറ്റിയുള്ള ബ്ലോഗ് ഇവന്റിന്റെ ഭാഗമായി എഴുതുന്നത്.
'വേലൂ, ഉമ്മറത്തേക്കു വാ, മരത്തിന്റെയും ചായത്തിന്റെയും വിലയും പണിക്കൂലിയും തരാം. നീ ആനയുടെ വിലയൊന്നും പറഞ്ഞേക്കരുത്, പറഞ്ഞേക്കാം.'
ലോകത്തിലെ ഏറ്റവും മതിപ്പുകുറഞ്ഞ ജോലികള്‍ കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ടവയാണെങ്കില്‍ (അമ്മയുടേതുള്‍പ്പെടെ) സാഹിത്യത്തില്‍ അതേ സ്ഥാനം ബാലസാഹിത്യത്തിനായിരിക്കും. ലോകക്ലാസിക്കുകളുടെ കൊടുമുടികളിലും ശാസ്ത്രത്തിന്റെ നിലകിട്ടാക്കയങ്ങളിലും തത്വചിന്തയുടെ വന്‍കാടുകളിലും നിര്‍ഭയം കയറി വിഹരിക്കുന്ന മനസ്സുകളെ വായനയുടെ ആദ്യചുവടുകള്‍ നടത്തിയ ബാലസാഹിത്യകൃതികള്‍ പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുന്നു. എങ്കിലും, ആ ആദ്യപുസ്തകങ്ങള്‍ പകര്‍ന്ന ഊഷ്മളതയും ആര്‍ദ്രതയും ഊര്‍ജ്ജവും ആ മനസ്സുകളുടെ പ്രകൃതിയുടെ ഭാഗം തന്നെയായി അലിഞ്ഞുചേര്ന്നിട്ടുണ്ടാവണമെന്നതില് സംശയമില്ല. വായനയുടെ വഴികളില്‍ നിന്നു പിരിഞ്ഞുപോയി നിത്യവൃത്തികളുടെ മരണപ്പാച്ചിലില്ക്കുടുങ്ങിപ്പോയ ചില മനസ്സുകളും ചിലപ്പോഴെങ്കിലും കുട്ടിക്കഥകളുടെ ആ വിദൂരലോകത്തെ ഓര്‍മ്മിക്കുന്നുണ്ടാവും.
'അച്ഛാ, ഇതു നല്ല കുട്ടിപ്പുരയാണച്ഛാ. എനിക്ക് ഇതുതന്നെ മതി.'
മലയാളത്തില്‍ സാഹിത്യ അക്കാദമിയും എന്‍.ബി.എസ്സും അപൂര്‍വമായി പുറത്തിറക്കിയിരുന്ന പുസ്തകങ്ങളൊഴിച്ചാല് ബാലസാഹിത്യത്തിന്റെ ലോകം ഏറെക്കുറെ മുഴുവനും ആനുകാലികങ്ങളില്‍ ഒതുങ്ങിനിന്നു. ബാലരമയും ബാലയുഗവും അമ്പിളി അമ്മാവനും യുറീക്കയും കുട്ടികളുടെ ദീപികയും ലാലുലീലയും ചംപക്കും ആവര്ത്തിച്ചുവായിക്കപ്പെടുകയും സൂക്ഷിച്ചുവെക്കപ്പെടുകയും ചെയ്തു. ഐക്യരാഷ്ട്രസംഘടന 1979 അന്താരാഷ്ട്രശിശുവര്ഷമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് മലയാളത്തിലെ പ്രസാധകര് കുട്ടിപ്പുസ്തകങ്ങളുടെ പരമ്പരകളുമായി കടന്നുവന്നത്. ഡി.സി. ബുക്സിന്റെ ബാലസാഹിത്യമാലയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സയന്‍സ് ക്രീമും നൂറുപുസ്തകങ്ങള്‍ വീതമുള്ള ഇത്തരത്തിലുള്ള രണ്ടു പരമ്പരകളായിരുന്നു. ഒരു കുട്ടിയായിരിക്കാന്‍ നല്ലൊരു കാലം!
കുട്ടിപ്പുര വന്നശേഷം, സാവിത്രിക്കുട്ടി നിവൃത്തിയുള്ളേടത്തോളം പടിഞ്ഞാറ്റിയില്ത്തന്നെ സമയം കഴിച്ചു.
മാലിയും പി. നരേന്ദ്രനാഥും സുമംഗലയുമായിരുന്നു ബാലസാഹിത്യമാലയിലെ എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. ഇതില്‍ മാലിയും പി. നരേന്ദ്രനാഥും മുമ്പുതന്നെ പരിചിതരായിരുന്നു. എന്നാല്‍, സുമംഗലയുടെ പുസ്തകങ്ങള്‍ ആദ്യമായി കാണുന്നത് ഈ പരമ്പരയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ്. അയല്വീടുകളിലെവിടെയോ നിന്നാണ് സുമംഗലയുടെ മിഠായിപ്പൊതി എന്ന തടിയന് കഥാസമാഹാരം കയ്യില്‍ക്കിട്ടിയത്. മുന്നൂറിലധികം പേജുകള്‍. ധാരാളം ചിത്രങ്ങള്‍. ഒരു കൊതിയന്‍ കുട്ടിയ്ക്ക് ഒരു മൂലയ്ക്കിരുന്ന് കാര്‍ന്നും നുണഞ്ഞും അകത്താക്കാന്‍ പറ്റിയ മധുരത്തുണ്ടങ്ങള് നിറയെ. തമ്മില്‍ പിണഞ്ഞുകിടക്കുന്ന ജീവിതങ്ങളുള്ള കുറെ വീട്ടുമൃഗങ്ങളുടെ കഥകള്‍, പരസ്പരാശ്രയത്തിലൂടെ സ്ഥാപിക്കപ്പെടുകയും ഒടുവില്‍ ആദ്യപാഠങ്ങള്‍ മറന്നതിലൂടെ ചിതറിപ്പോവുകയും ചെയ്ത, മൃഗങ്ങളുടെ ഒരു ഗ്രാമത്തിന്റെ കഥ, പിശാചുക്കള്‍ക്ക് ഇഡ്ഡലിയും ദോശയുമൊക്കെ കൊടുക്കാന്‍ തയ്യാറായ കുട്ടിയുടെ കഥ, ചില പ്രശസ്ത മുത്തശ്ശിക്കഥകളുടെ പുനരാഖ്യാനം ഇവയൊക്കെ അതിലുണ്ടായിരുന്നു. എന്നാല്‍, സമാഹാരത്തിന്റെ അവസാനത്തോടടുത്തപ്പോള്‍ വായിച്ച കഥകള്‍ വ്യത്യസ്തങ്ങളായിരുന്നു. വീട്ടുവിളക്കിന്റെ ഇത്തിരിവെട്ടത്തിനു പുറത്ത് പതുങ്ങിയിരിക്കുന്ന ഇരുട്ടിനെപ്പോലെയുള്ള ഭീതികളെ ചിത്രീകരിച്ച കഥകള്‍. ബാല്യത്തില്‍ നിന്നു കൗമാരത്തിലേക്കുള്ള പടിചവുട്ടുന്ന വായനയുടെ കഥകള്‍. ആളൊഴിഞ്ഞ വീട്ടിലെ നിലവറക്കുഴിയില്‍ പെട്ടുപോകുന്ന കുട്ടികളുടെ കഥ, ഉടമയായ കുട്ടി വളര്‍ന്നുപോകുമ്പോള്‍ പെട്ടിക്കുള്ളിലേക്കു മടങ്ങേണ്ടി വരുന്ന പാവയുടെ കഥ, കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കാരാക്കുന്ന സംഘത്തിന്റെ പിടിയില്‍ പെടുന്ന കുട്ടിയുടെ കഥ ഇവയൊക്കെ അതിലുണ്ടായിരുന്നു.
സാവിത്രിക്കുട്ടി അന്തംവിട്ടു നിന്നു. ഒരു കുട്ടിപ്പുര!
മിഠായിപ്പൊതിയിലെ അവസാനത്തെ കഥയായിരുന്നു കുട്ടിപ്പുര. വായിച്ചു മനസ്സു വല്ലാതെ നൊന്തപ്പോഴും വായിക്കാതിരിക്കാനും ഓര്മ്മിക്കാതിരിക്കാനും കഴിയാതിരുന്ന കഥ. നായികയായ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം അരക്കിറുക്കനായ ആശാരി പണിതുകൊടുക്കുന്ന കുട്ടിപ്പുര (പാവവീട്) അവളുടെ ഭാവനയെയും സങ്കല്പങ്ങളെയും ഉണര്‍ത്തുന്നു. അയാള്‍ അവര്‍ക്കു പേരും വ്യക്തിത്വങ്ങളും കൊടുക്കുന്നു. അവളുടെയും കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരായിത്തീരുന്നു ആ പുരയും അതിലെ അന്തേവാസികളായ പാവകളും. അവള് വളരുകയും കുട്ടിപ്പുരയെ മറക്കുകയും വീടുവിടുകയും ചെയ്യുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം ഒരിക്കല്‍ ഒരു യാത്രയില്‍ ബസ്സു കേടാകുമ്പോള്‍ ഇറങ്ങി നടക്കുന്ന അവള് കയറിച്ചെല്ലുന്ന ഒരു വീട്ടില്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍ അവള്‍ക്കു പരിചിതരായിത്തോന്നുന്നു. പഴമയും ജീര്‍ണ്ണതയും തളം കെട്ടിനില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍ കുറച്ചുസമയം ചെലവഴിക്കുമ്പോഴാണ് തനിക്ക് ഒരിക്കല്‍ പ്രിയപ്പെട്ടവരായിരുന്ന പാവകളാണ് ആ മനുഷ്യരെന്ന് അവള് മനസ്സിലാക്കുന്നത്. അവരുടെ നാശത്തില്‍ നിന്ന് അവള് ഓടിയകലുമ്പോള്‍ കഥ അവസാനിക്കുന്നു.
ഗെയ്റ്റ് പഴകിപ്പഴകി തുരുമ്പിച്ചിരിക്കുന്നു. ചായം മിക്കവാറും മാഞ്ഞുപോയിട്ടുണ്ട്. മതില് പായലും പൂപ്പലും പിടിച്ചുകിടക്കുന്നു.
ആദ്യം വായിച്ച കാലത്തു തന്നെ ഭീതിയും നിരാശയും ഉത്തേജനവും ഒന്നിച്ചു ജനിപ്പിച്ച കുട്ടിപ്പുര ആവര്‍ത്തിച്ചുള്ള വായനകളിലും പുതുമ പകര്‍ന്നുകൊണ്ടേയിരുന്നു. വളര്‍ന്നു വലുതായിക്കഴിഞ്ഞ്, മാലിയുടെയും നരേന്ദ്രനാഥിന്റെയും മികച്ച കഥകള്‍ മറന്നുകഴിഞ്ഞപ്പോഴും കുട്ടിപ്പുര പിന്നെയും പിന്നെയും ഓര്‍മ്മവന്നു. പോര്‍ട്ട്ലന്‍ഡിലെ ഒരു അമ്മയുടെ കയ്യില്‍ "മിഠായിപ്പൊതി" കണ്ടപ്പോള്‍ അറിയാതെ കൈനീട്ടിപ്പോയി. പ്രതീക്ഷിച്ചതുപോലെ തന്നെ, മധുരത്തിന്റെ മാന്ത്രികത പ്രമേഹഭീതിയുടെയും നാവിന്റെ മടുപ്പിന്റെയും രുചികളുടെ അതിപരിചിതത്വത്തിന്റെയും മുമ്പില്‍ മങ്ങിയിരിക്കുന്നു. കുട്ടിപ്പുര വീണ്ടും വായിച്ചു. ഉവ്വ്! ഇതില്‍ കാലപ്പഴക്കത്തിനു നഷ്ടപ്പെടുത്താന്‍ കഴിയാത്തതെന്തോ ഇപ്പോഴും ബാക്കിയുണ്ട്. ആനുകാലികങ്ങളില്‍ വന്നുപോയ ഭ്രമാത്മകമായ നൂറുകഥകള്‍ക്കും നഷ്ടപ്പെടുത്താന്‍ കഴിയാത്ത എന്തോ ഒന്ന്.
ആശാരിവേലു ഒരു സാഹിത്യകാരന് ആകേണ്ടതായിരുന്നു എന്നും, അവന് സൃഷ്ടിച്ച പാവകള്‍ക്കെല്ലാം കണ്ടാല്‍ മാത്രമല്ല, സ്വഭാവത്തിലും വ്യക്തിത്വവും ജീവനുമുണ്ടെന്നും, ആ സംഭാഷണം യദൃച്ഛയാ കേള്‍ക്കാനിടയായ സാവിത്രിക്കുട്ടിയുടെ മൂത്ത ജ്യേഷ്ഠന് വാസുദേവന്‍ അന്നു രാത്രി ഉണ്ണാനിരിക്കുമ്പോള്‍ പറഞ്ഞു.
ആരായിരുന്നു കുട്ടിപ്പുരയിലെ അന്തേവാസികള്‍? നമ്മള് വിട്ടകലുന്നതോടെ ജീര്‍ണ്ണതയിലേക്കും കാത്തിരുപ്പിലെക്കും ഏകാന്തതയിലേക്കും ചുരുങ്ങിപ്പോകുന്ന മാതാപിതാക്കളോ? അമ്മയ്ക്കും അച്ഛനും പകരം നമ്മുടെ ബാല്യത്തിലെ ഏകാന്തകള്ക്കു കൂട്ടിരുന്ന അയല്‍ക്കാരും ബന്ധുക്കളും വേലക്കാരുമോ? നമ്മള് വായിച്ചിഷ്ടപ്പെട്ട്, കുറെ നാള് കൂടെക്കൊണ്ടു നടന്നിട്ട്, പിന്നെ എപ്പോഴോ മറന്നുപോയ, ഇപ്പോഴും എവിടെയോ ജീവിച്ചിരിക്കുന്ന, കുട്ടിക്കഥകളിലെ കഥാപാത്രങ്ങളോ?
<< തോന്നിയവാസം
Subscribe to:
Posts (Atom)