'ഫ്രൈഡ്‌മാന്‍സിനെ പിടികൂടുന്നത്' (
കാപ്‌ചറിങ്ങ് ദ ഫ്രൈഡ്‌മാന്‍സ്) എന്ന ഡോക്യുമെന്ററിയുടെ കാഴ്ചക്കാര്‍ എത്തരക്കാരായിരിക്കും? തങ്ങളുടെയടുത്ത് കമ്പ്യൂട്ടര്‍ പഠിക്കാന്‍ വന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനു തടവിലായ പ്രൊഫസര്‍ പിതാവിന്റെയും ചെറുപ്പക്കാരനായ മകന്റെയും കഥ ആരു കാണും? മനുഷ്യന്റെയുള്ളില്‍ കൂരിരുട്ടുണ്ടെന്നു വിശ്വസിക്കുകയും ആ വിശ്വാസത്തെ ശരിവെയ്ക്കുന്ന കലാസൃഷ്ടികളോടു ചായ്‌വു പുലര്‍ത്തുകയും ചെയ്യുന്ന എന്നെപ്പോലുള്ളവര്‍ കണ്ടേക്കാം. ഓസ്കാര്‍ നാമനിര്‍ദ്ദേശം നേടിയതുകൊണ്ടും സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പരമോന്നത പുരസ്കാരം നേടിയതുകൊണ്ടും സിനിമാഭ്രാന്തന്മാര്‍ കണ്ടേക്കാം. പിന്നെയോ?
രാത്രിയില്‍ ഉറക്കമിളച്ചിരുന്ന്, ടെലിവിഷന്‍ ക്യാമറയ്ക്കുമുന്നില്‍ നടക്കുന്ന വെളിപ്പെടുത്തലുകളിലൂടെ തകരുന്ന വികലമായ കുടുംബങ്ങളുടെ സംഭവകഥകള്‍ അവതരിപ്പിക്കുന്ന
'ട്രാഷ് ടി.വി.'യുടെ പ്രേക്ഷകര്‍ക്കും രുചിച്ചേക്കാം ഇത്. പ്രൊഫസറുടെ മക്കള്‍ വിചാരണ നടക്കുന്ന കാലത്തെ കുടുംബജീവിതം ഹോം വീഡിയോയില്‍ ചിത്രീകരിച്ചുവെച്ചിട്ടുള്ളതാണ് ഈ ചിത്രത്തിന്റെ ഗണ്യമായ ഒരു ഭാഗം. സാധാരണമെന്നു തോന്നുന്ന ഒരു കുടുംബം അസാധാരണമായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്ലോ മോഷനിലെന്നപോലെ ചിതറിവീഴുന്ന കാഴ്ച ചിത്രീകരിക്കുന്ന ഈ ഭാഗങ്ങള്‍ അത്തരക്കാര്‍ക്ക് ഇഷ്ടമായേക്കാം.
എന്നാല്‍, ഈശ്വരവിശ്വാസിയും സ്നേഹശീലയുമായ, കയ്പു കൂടുതലായതുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പും കലാകൗമുദിയും വായിയ്ക്കാറില്ലെന്നു പറയുന്ന, ഒരു വീട്ടമ്മ ഈ പടം ഇഷ്ടമായി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് അമ്പരന്നു. അതും കഴിഞ്ഞ് പടം കാണാന്‍ അവസരം കിട്ടിയപ്പോള്‍ പിന്നെയും അമ്പരപ്പു ബാക്കിയായി. ക്രൂരതയുടെ പര്യായങ്ങളായ മനുഷ്യരുടെ മനസ്സുകളുടെ കാഴ്ചയല്ല, തെളിവില്ലാത്ത കുറ്റങ്ങളുടെ പേരില്‍ ഒരു സമൂഹവും നീതിന്യായവ്യവസ്ഥയും ഭ്രാന്തുപിടിച്ചിട്ടെന്നപോലെ തങ്ങള്‍ക്കു നേരെ തിരിയുമ്പോള്‍ ബാഹ്യശക്തികളുടെ കയ്യില്‍ നിന്നു രക്ഷനേടാനെന്നപോലെ പരസ്പരം ആക്രമിയ്ക്കുന്ന കുടുംബാംഗങ്ങളുടെ ചെയ്യുന്ന കാഴ്ചയാണ് ഈ ഡോക്യുമെന്ററിയില്‍ ഞാന്‍ കണ്ടത്. സത്യം കരുത്തുറ്റതാണെന്നും അതിനു കല്‍ത്തുറുങ്കുകള്‍ പൊളിച്ചും ചങ്ങലകള്‍ തകര്‍ത്തും നിരപരാധികളെ മോചിപ്പിക്കാന്‍ കഴിയുമെന്നു കരുതാനിടയുള്ള ഒരാളില്‍ തികഞ്ഞ അസ്വസ്ഥത നിറയ്ക്കാനല്ലേ ഈ പടത്തിനു കഴിയൂ? 'തനിയാവര്‍ത്തന'വും 'കിരീട'വും കണ്ടു കണ്ണീരൊഴുക്കി ഇറങ്ങിപ്പോരുന്നതുപോലെ ലളിതമാണോ താറുമാറായ ജീവിതങ്ങളുടെ വാസ്തവകഥകള്‍ കണ്ടിരിക്കുന്നത്?
ആ അമ്പരപ്പോടെ ഓണ്‍ലൈന്‍ ചര്‍ച്ചാവേദികളിലും മറ്റും പോയി നോക്കിയപ്പോഴാണു മനസ്സിലായത് ഞാന്‍ കണ്ട പടമല്ല ഈ കാഴ്ചക്കാരില്‍ പലരും കണ്ടതെന്ന്. നിരപരാധികളെ ക്രൂശിച്ച സമൂഹത്തെയല്ല, കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുത്ത പോലീസിനെയും നീതിപീഠത്തെയുമാണ് അവര്‍ ഇതില്‍ കണ്ടത്. അപ്പോഴാണ് വിഷയത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ചും ചലച്ചിത്രകാരനായ ആന്‍ഡ്രൂ ജാറെക്കിയുടെ പ്രതിഭയെക്കുറിച്ചും ഒരു ധാരണയുണ്ടാകുന്നത്. ഒരേ ചിത്രം കാണുന്ന ഒന്നിലധികം പേര്‍ക്കു പരസ്പരവിരുദ്ധങ്ങളായ നിഗമനങ്ങളിലെത്തിച്ചേരാന്‍ പ്രാപ്തിയുണ്ടാക്കത്തക്കവണ്ണം നിഷ്പക്ഷമായി ഒരു കഥ, സംഭവിച്ചതോ സംഭവിക്കാത്തതോ ആകട്ടെ, അവതരിപ്പിക്കാന്‍ എത്രപേര്‍ക്കു കഴിയും? കഥാചിത്രങ്ങളെ പിന്തള്ളിക്കൊണ്ട് ചെറുതും വലുതുമായ ഡോക്യുമെന്ററികള്‍ കഴിഞ്ഞ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ നടത്തിയിട്ടുള്ള മുന്നേറ്റത്തിനു പിന്നില്‍ ഈ നിഷ്പക്ഷതയുടെ നേട്ടമായിരിക്കുമോ? മലയാളസാഹിത്യത്തില്‍
'സാഹിത്യത്തിന്റെ രാജവീഥികള്‍'ക്കു പുറത്ത് വാസ്തവകഥകള്‍ നേടുന്ന വന്‍വിജയത്തിനു പിന്നില്‍, കല്‍പിതകഥകള്‍ക്കും അഭിലഷണീയമെങ്കിലും കൈവിട്ടുപോയ, വായനക്കാര്‍ക്കു വേണ്ടി നിഗമനങ്ങളിലേക്കു കുതിയ്ക്കാതിരിക്കാനുള്ള ഈ കഴിവും സ്വന്തം നിഗമനങ്ങളിലെത്താന്‍ അവര്‍ക്കുള്ള കഴിവിലുള്ള വിശ്വാസവുമായിരിക്കുമോ?
<< കണ്ടെഴുത്ത്