Tuesday, April 24, 2007

ഒരു നാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും

ഒട്ടോ റെനോ കാസ്റ്റില്ലോ

ഒരു നാള്‍,
ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.

ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ എന്തു ചെയ്തു എന്ന്
അവര്‍ ചോദിക്കും.

ഉടയാടകളെക്കുറിച്ചോ
നീണ്ട ഉച്ചമയക്കങ്ങളെക്കുറിച്ചോ
അവര്‍ അന്വേഷിക്കില്ല.
'ഇല്ലായ്മയുടെ ആശയ'ത്തോടുള്ള
വന്ധ്യമായ പോരാട്ടത്തെക്കുറിച്ച്‌
ആരായുകയില്ല.
സാമ്പത്തികശാസ്ത്രത്തിലെ ഉന്നതപഠനത്തെ ആരും വിലമതിക്കില്ല.
ഗ്രീക്ക്‌ പുരാണങ്ങളെക്കുറിച്ചോ,
ഉള്ളിലൊരാള്‍ ഒരു ഭീരുവിനെപ്പോലെ മരിച്ചപ്പോള്‍
തങ്ങളെത്തന്നെ വെറുത്തതിനെക്കുറിച്ചോ
ആയിരിക്കില്ല അവര്‍ ചോദിക്കുക.

എല്ലാം തികഞ്ഞ ജീവിതത്തിന്റെ നിഴലില്‍ ഉടലെടുത്ത
അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച്‌
അവര്‍ ചോദിക്കില്ല.

അന്ന്,
സാധാരണക്കാരായ മനുഷ്യര്‍ വരും.
അരാഷ്ട്രീയബുദ്ധിജീവികളുടെ പുസ്തകങ്ങളിലും കവിതകളിലും
ഇടമില്ലാതിരുന്നവര്‍,
അവര്‍ക്കു അന്നവും പാലും മുട്ടയും
എത്തിച്ചുകൊടുത്തിരുന്നവര്‍,
അവരുടെ കാറോടിച്ചിരുന്നവര്‍,
അവരുടെ നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിപാലിച്ചിരുന്നവര്‍,
അവര്‍ക്കു വേണ്ടി പണിയെടുത്തിരുന്നവര്‍,

അവര്‍ വന്നു ചോദിക്കും:

"പാവപ്പെട്ടവര്‍ നരകിച്ചപ്പോള്‍,
അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?"

എന്റെ പ്രിയപ്പെട്ട നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികളേ,
നിങ്ങള്‍ക്ക്‌ ഉത്തരം മുട്ടും.
നിശ്ശബ്ദതയുടെ കഴുകന്‍ നിങ്ങളുടെ കുടല്‍ കൊത്തിത്തിന്നും.
സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവില്‍ തറച്ചുകയറും.
അപ്പോള്‍ ലജ്ജകൊണ്ട്‌ നിങ്ങള്‍ക്കു മിണ്ടാന്‍ കഴിയില്ല.

<< മറ്റു കവിതകള്‍

26 comments:

രാജേഷ് ആർ. വർമ്മ said...

മൂര്‍ത്തി ബ്ലോഗിലിട്ട കവിതയുടെ മൊഴിമാറ്റം.

മൂര്‍ത്തി said...

നന്ദി രാജേഷ്..നന്ദി..
ഞാന്‍ ഇതിന്റെ മലയാളം തപ്പി നടക്കുകയായിരുന്നു..
വളരെ നന്ദി..വേഷത്തെക്കുറിച്ചോ എന്ന വരി വേഷഭൂഷാദികളെക്കുറിച്ചോ എന്നാക്കിയാല്‍ കുറച്ചുകൂടി അര്‍ത്ഥം വരില്ലേ എന്നൊരു തോന്നല്‍.വൈകീട്ട് വൃത്തിയായി വായിക്കണം...

vimathan said...

നന്നായി, രാജേഷ്. ഒരു കാലത്ത് കാമ്പസുകളില്‍ ഇത് വളരെയധികം വായിക്കപ്പെട്ടിരുന്ന കവിതയായിരുന്നു, പല കോളേജ് മാഗസിനുകളിലും ഇതിന്റെ വിവര്‍ത്തനങള്‍ വന്നിരുന്നത് ഓര്‍മ്മ വന്നു.

Pramod.KM said...

രാജേഷ് വറ്മ്മ ചേട്ടാ.നല്ല ഉദ്യമം.,കണ്‍ഗ്രാറ്റ്സ്.;)
ഉള്ളീല്‍ തട്ടിയ കവിതകളില്‍ ഒന്നായിരുന്നു കാസ്റ്റില്ലൊയുടെ ഈ കവിത.

Cibu C J (സിബു) said...

രാജേഷേ, ഉമേഷിനെയാണോ കവിതയില്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക ;)

മൂര്‍ത്തി said...

പ്രിയ രാജേഷ്, ഈ മലയാള വിവര്‍ത്തനം വിക്കിയില്‍ ഇടുന്നതിനു സമ്മതമാണോ? വിക്കിയിഒ ഒട്ടോയെക്കുറിച്ച് ഒരു ലേഖനം ഇട്ടിട്ടുണ്ട്. അതില്‍ ഇംഗ്ലീഷ് കവിതയാണുള്ളത്...

sandoz said...

ദില്‍ബനാണു എന്നോട്‌ ഈ പോസ്റ്റിനെ ക്കുറിച്ച്‌ പറഞ്ഞത്‌..........
കലക്കന്‍ ഭാഷ.........
ശരിക്കും ഫീല്‍ ചെയ്തു......

Unknown said...

നെഞ്ചില്‍ ഒരു നീറല്‍ വായിച്ച് കഴിഞ്ഞപ്പോള്‍..

വേണു venu said...

രാജേഷജി്, വല്ലാതൊന്നുലഞ്ഞു പോയി.:)

Anonymous said...

മനുഷ്യന്‍ പട്ടിണീ കിടക്കുമ്പോഴും മൂലധനശക്തികള്‍
നരമേധം നടത്തുമ്പോഴും അമൂര്‍ത്തമായ കാല്പനീകതകളെ വര്‍ണിക്കുന്ന ഇവരെ മുക്കാലില്‍ കെട്ടി അടിക്കണം

രാജേഷ് ആർ. വർമ്മ said...

ഇതിന്റെ ഒരു മൊഴിമാറ്റം പണ്ടു വായിച്ച ഓര്‍മ്മയുണ്ട്‌. കൈയിലില്ലാത്തുകൊണ്ട്‌ ഒന്നു ചെയ്തുനോക്കാം എന്നു കരുതി.

മൂര്‍ത്തി,

നന്ദി. ചിലയിടങ്ങളില്‍ തിരുത്തുവരുത്തിയിട്ടുണ്ട്‌. വിക്കിയില്‍ ഇടുന്നതില്‍ സന്തോഷമേയുള്ളൂ. ഒരാഴ്ച കഴിഞ്ഞോട്ടെ. ആരെങ്കിലും തിരുത്തുകള്‍ നിര്‍ദ്ദേശിച്ചാലോ?

വിമതന്‍, പ്രമോദ്‌, സാന്‍ഡോസ്‌, ദില്‍ബന്‍, വേണു, വൊകുസ്ര,

നന്ദി.

സിബു,

ഉമേഷ്‌ ഇക്കൂട്ടരുടെ ഒരു ഉത്തമോദാഹരണമാണ്‌. അദ്ദേഹത്തിന്റെ ഉടയാടകളും നീണ്ട ഉച്ചമയക്കവും അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളുമാണ്‌ എനിക്കും ഇതു വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്‌ :-)

Unknown said...

കൊള്ളാം രാജേഷ്. ഇംഗ്ലീഷ് വിവര്‍ത്തനെക്കാളും എനിക്ക് നന്നായീന്നു തോന്നിയതു ഇതാണു്.

എതിരന്‍ കതിരവന്‍ said...

ഇന്നത്തെ മലയാളത്തില്‍ “അരാഷ്ട്രീയ” എന്ന വ്ശേഷണപദം സി. പി. എം കാര്‍ തന്നെ ചോദിച്ചുവാങ്ങിക്കഴിഞ്ഞതിനാല്‍ ഇതൊരു വിരോധഭാസത്തമാശയായിട്ടാണ് രാജേഷ് കൊണ്ടിട്ടതെന്നു കരുതാനാണെനിക്കിഷ്ടം. കാസ്റ്റില്ലൊ ഈ വടി കൊണ്ട് കേരളാ കമ്മ്യുണിസ്റ്റ് ബുദ്ധിജീവികളെത്തന്നെ തല്ലിയേനെ, ഇന്നുണ്ടായിരുന്നെങ്കില്‍.ഇവര്‍ നശിപ്പിച്ച കിളിരൂര്‍ പെണ്‍കുട്ടി പാടുന്ന പാട്ടല്ലേ ഇത്? പൂമൂടലിനു അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ഉച്ചഭാഷണിയില്‍ക്കൂടെ വരുന്ന ഈ പാട്ട് വേറെ ഏതോ സിനിമാ ഭക്തിഗാനമാണെന്നാണ് അവരുടെ വിചാരം.

ഈ “ഐറണി” കടുകുവറത്തു സ്വാദു കൂട്ടിയതിനാല്‍ മൊഴിമാറ്റക്കാളന്‍‍ ഞാന്‍ ധാരാളം വാ‍ാരിക്കുടിച്ചു.

പരാജിതന്‍ said...

രാജേഷ്‌,
നല്ല വിവര്‍ത്തനം.

ഞാന്‍ പരിഭാഷപ്പെടുത്തിയിരുന്നെങ്കില്‍ തുടക്കം ഇങ്ങനെയാവുമായിരുന്നു:

"ഒരു ദിവസം,
എന്റെ നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികള്‍
നമ്മളില്‍ ഏറ്റവും സാധുക്കളായവരാല്‍
വിചാരണ ചെയ്യപ്പെടും...."

കവിതയിലാകെ ഇത്തരം ചെറിയ മാറ്റങ്ങള്‍ വന്നേക്കാം.

അതിരിക്കട്ടെ, വിവര്‍ത്തനത്തിന്റെ കൂട്ടത്തില്‍ ഉമേഷ്‌ ഗുരുവിനിട്ടൊരു പണിയും കൊടുത്തു; അല്ലേ? :)

ഇതിനാണ്‌ വഞ്ചന എന്നു പറയുന്നത്‌. :)

Sathyardhi said...

അഞ്ഞൂറ്റി അറുപത്തഞ്ച്‌ എന്നു മന്‍സ്സില്‍ വിചാരിച്ച്‌ 5,6 എന്നെഴുതുന്ന
രാജേഷ്‌ വര്‍മ്മയെ മിക്കവാറും പിടി കിട്ടില്ലെങ്കിലും ഇതില്‍
കിട്ടിയതുകൊണ്ട്‌ ഈ പോസ്റ്റിടുമ്പോള്‍ പ്രൊഫൈലില്‍ പിടിച്ചിരിക്കുന്ന
വട്ടി ട്രാഷ്‌ ക്യാന്‍ അല്ലെന്നും ഒറ്റാല്‍ ആണെന്നും കണ്ടുപിടിച്ചു.

അരാഷ്ട്രീയത ആഗോളപ്രതിഭാസമാണെന്നും എല്ലാവരും അരാഷ്ട്രീയരാണെന്നും
അതിനാല്‍ തന്റെ അരാഷ്ട്രീയത ജസ്റ്റിഫൈ ചെയ്യാവുന്നതാണെന്നും
കൊഞ്ചിപ്പറഞ്ഞ്‌ കിളികള്‍ ഇതില്‍ വന്നു വീഴുന്നത്‌ കാത്തിരിക്കുകയാണല്ലേ?
ദുഷ്ടന്‍.

ഒരു മൊഴിമാറ്റക്കെണി വച്ച്‌ അരാഷ്ട്രീയരെ വീഴിക്കുന്ന കെണിയാളാ,
ആദ്യം രാഷ്ട്രീയം പോയി,
പിന്നെ ബുദ്ധി പോയി,
വെറും ജീവി.
നല്ല ടെക്നീഷ്യന്‍
നല്ല വണ്ടിക്കാള
നല്ല പിണിയാള്‍
നല്ല സ്വാര്‍ത്ഥന്‍
നല്ല അനുയായി
നല്ലവര്‍ എത്ര ബാക്കി...

രാജേഷ് ആർ. വർമ്മ said...

ഏവൂരാന്‍, നന്ദി. സ്പാനിഷ്‌ പഠിച്ചിട്ടുണ്ടോ? ഏതോ കഥയില്‍ കണ്ടതുപോലെ ഓര്‍മ്മ. ഉവ്വെങ്കില്‍ ശരിയാവാത്തതൊക്കെ ശരിയാക്കി ഒരു ഈ-മെയിലോ കമന്റോ ചെയ്യുമോ?

എതിര്‍, അങ്ങോട്ടു വന്നു കാണാന്‍ പറ്റിയില്ല. ഇവിടെ കണ്ടതില്‍ സന്തോഷം. 'ചിലപ്പോഴൊക്കെ ഒരു ചുരുട്ട്‌ ഒരു ചുരുട്ടു മാത്രമാണ്‌' എന്നു ഫ്രോയ്ഡ്‌ പറഞ്ഞതോര്‍ത്തുപോയി. പിന്നെ പുളിശ്ശേരിയായാലും പഴങ്കഞ്ഞിയായാലും വിളമ്പുന്നവനല്ലല്ലോ ഉണ്ണുന്നവനല്ലേ തീരുമാനിക്കുന്നത്‌ എങ്ങനെ കഴിക്കണമെന്ന്.

പരാജൂ,

(പരൂ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ :-))
ഒരു കാര്യം ചെയ്യൂ. തിരുത്തണമെന്നു തോന്നുന്നതെല്ലാം തിരുത്തി ഈ-മെയിലോ കമന്റോ ചെയ്യൂ. ഞാനിതൊന്നു പരിഷ്കരിച്ചു മൂര്‍ത്തിക്കു കൊടുക്കട്ടെ. വിക്കിയിലിടാമല്ലോ.

ദേവാ,

ഞാന്‍ അത്രയ്ക്കു ഷോര്‍ട്ട്‌ഹാന്‍ഡ്‌ ഉപയോഗിക്കാറുണ്ടോ? ഇനി നിയന്ത്രിക്കാം. എനിക്കേറ്റവും ബുദ്ധിമുട്ട്‌ ദേവന്‍ പറയുന്നതു മനസ്സിലാക്കാനാണ്‌. പിന്നെ മണ്ടനാണെന്നു വിചാരിക്കുമല്ലോ എന്നു വിചാരിച്ച്‌ പലതും വായിച്ചു മിണ്ടാതെ സ്ഥലം വിട്ടിട്ടുണ്ട്‌ :-)

Roby said...

രാജേഷ്,
ഞാന്‍ ഒരു late bus ആണ്‌...മാസങ്ങള്‍ കഴിഞ്ഞാണ്‌ പല നല്ല പോസ്റ്റുകളും കണ്ട് കമന്റിടുന്നത്‌...അതിനാല്‍ ഇതു വായിക്കുമോ എന്നറിയില്ല. മനസ്സില്‍ തട്ടുന്നത്, അപാരം, അപരിമേയംഎന്നൊക്കെ പറഞ്ഞ് ബോറാക്കുന്നില്ല...Bertholt Brecht ന്റെയും ken saro vivaയുടെയും കുറച്ചു കവിതകള്‍ വിവര്‍ത്തനം ചെയ്യാമോ...സമയംകിട്ടുമെങ്കില്‍...

രാജേഷ് ആർ. വർമ്മ said...

നന്ദി, റോബി. പല പോസ്റ്റുകളും ഞാനും വായിക്കുന്നതു വൈകിത്തന്നെ. ബ്രെഖ്‌തിന്റെയും സാരോ വിവയുടേയുമൊക്കെ വിവര്‍ത്തനം മലയാളത്തില്‍ മുന്‍പുവന്നിട്ടുണ്ടാവും എന്നുറപ്പാണ്‌. എന്നാലും അരക്കൈനോക്കാന്‍ മടിയില്ല.

chithrakaran:ചിത്രകാരന്‍ said...

വളരെ മഹത്തരമായ ഈ കവിത മൊഴിമാറ്റം നല്‍കി ബ്ലോഗിനിട്ടതില്‍ ചിത്രകാരന്റെ നന്ദി. വായിക്കാനായല്ലോ.

അരാഷ്ട്രീയ ബുദ്ധിജീവികള്‍ക്ക് ലജ്ജ ശേഷിച്ചിരിക്കുമെന്ന്
കവിയുടെ അന്ധവിശ്വാസം മാത്രമായതിനാല്‍
ജനങ്ങളുടെ ചോദ്യം ചെയ്യുന്ന സ്വപ്നത്തിന്റെ ചത്തശരീരത്തിനുമേല്‍ കഴുകന്മാരായി അരാഷ്ട്രീയ ബുദ്ധിജീവികള്‍ നിസങ്കോചമിരുന്ന് വിശ്രമിക്കെ അക്ഷരശ്ലോക/ സമസ്യകളില്‍ മുഴുകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ?

Umesh::ഉമേഷ് said...

ഈ പരിഭാഷ കൂടി കാണുക.

രാജേഷ് ആർ. വർമ്മ said...

ഉമേഷേ, ദേവന്റേതു ഒരു മുടിഞ്ഞ അലക്കായിപ്പോയല്ലോ. ബസ്സ് വർജ്ജിക്കാനുള്ള പ്രതിജ്ഞയെടുത്തില്ലായിരുന്നെങ്കിൽ കമന്റ് അവിടെയിട്ടേനെ.

Appukkuttan said...

Njaan aadyamayi ithu ( ee kavitha) kelkkunnathu (John abrahaminte) "amma ariyan" enna cinimayilaanu. Athil valare bhangiyayi ithu avatharippichittundu.. ithe vivarthanam pole thanne thonni .
"araashtreeya budhi jeevikal" enna prayogathilaanu avideyum thudakkam.

Sarvar said...

രാജേഷ്‌ അമ്മാവാ വളരെ നന്നായിരിക്കുന്നു !

രാജേഷ് ആർ. വർമ്മ said...

അപ്പുക്കുട്ടൻ,

നന്ദി. ആ തർജ്ജമ കിട്ടാത്തതുകൊണ്ടാണ് അതേ രീതിയിൽ ഒന്നു ചെയ്തുനോക്കിയത്.

ശരത്,

നന്ദി.

രാജേഷ് ആർ. വർമ്മ said...

ഒട്ടോ റെനേ കാസ്റ്റിയ്യോയുടെ കവിത മറുഭാഷപ്പെടുത്തിയ കൂട്ടത്തിൽ ഇതും.

http://beta.bodhicommons.org/article/apolitical-intellectuals

Akbar said...

അരാഷ്ട്രീയ ബുദ്ധി ജീവികളെ..നിങ്ങൾ പട നിലത്തിലേക്കു വിളിക്കപ്പെട്ടു കഴിഞ്ഞു..

ഒന്നുകിൽ ശത്രു..അല്ലെങ്കിൽ മിത്രം..
ഒന്നുകിൽ സ്തുതിപാടകൻ, അല്ലെങ്കിൽ പടനായകൻ..

നിങ്ങൾ ആരാണ്...???