Tuesday, April 24, 2007

ഒരു നാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും

ഒട്ടോ റെനോ കാസ്റ്റില്ലോ

ഒരു നാള്‍,
ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.

ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ എന്തു ചെയ്തു എന്ന്
അവര്‍ ചോദിക്കും.

ഉടയാടകളെക്കുറിച്ചോ
നീണ്ട ഉച്ചമയക്കങ്ങളെക്കുറിച്ചോ
അവര്‍ അന്വേഷിക്കില്ല.
'ഇല്ലായ്മയുടെ ആശയ'ത്തോടുള്ള
വന്ധ്യമായ പോരാട്ടത്തെക്കുറിച്ച്‌
ആരായുകയില്ല.
സാമ്പത്തികശാസ്ത്രത്തിലെ ഉന്നതപഠനത്തെ ആരും വിലമതിക്കില്ല.
ഗ്രീക്ക്‌ പുരാണങ്ങളെക്കുറിച്ചോ,
ഉള്ളിലൊരാള്‍ ഒരു ഭീരുവിനെപ്പോലെ മരിച്ചപ്പോള്‍
തങ്ങളെത്തന്നെ വെറുത്തതിനെക്കുറിച്ചോ
ആയിരിക്കില്ല അവര്‍ ചോദിക്കുക.

എല്ലാം തികഞ്ഞ ജീവിതത്തിന്റെ നിഴലില്‍ ഉടലെടുത്ത
അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച്‌
അവര്‍ ചോദിക്കില്ല.

അന്ന്,
സാധാരണക്കാരായ മനുഷ്യര്‍ വരും.
അരാഷ്ട്രീയബുദ്ധിജീവികളുടെ പുസ്തകങ്ങളിലും കവിതകളിലും
ഇടമില്ലാതിരുന്നവര്‍,
അവര്‍ക്കു അന്നവും പാലും മുട്ടയും
എത്തിച്ചുകൊടുത്തിരുന്നവര്‍,
അവരുടെ കാറോടിച്ചിരുന്നവര്‍,
അവരുടെ നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിപാലിച്ചിരുന്നവര്‍,
അവര്‍ക്കു വേണ്ടി പണിയെടുത്തിരുന്നവര്‍,

അവര്‍ വന്നു ചോദിക്കും:

"പാവപ്പെട്ടവര്‍ നരകിച്ചപ്പോള്‍,
അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?"

എന്റെ പ്രിയപ്പെട്ട നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികളേ,
നിങ്ങള്‍ക്ക്‌ ഉത്തരം മുട്ടും.
നിശ്ശബ്ദതയുടെ കഴുകന്‍ നിങ്ങളുടെ കുടല്‍ കൊത്തിത്തിന്നും.
സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവില്‍ തറച്ചുകയറും.
അപ്പോള്‍ ലജ്ജകൊണ്ട്‌ നിങ്ങള്‍ക്കു മിണ്ടാന്‍ കഴിയില്ല.

<< മറ്റു കവിതകള്‍

Monday, April 09, 2007

ആശ്രാമത്തെ മരങ്ങള്‍



ആശ്രാമത്തെ മരങ്ങള്‍ എന്ന കവിത തര്‍ജ്ജനിയില്‍

<< എന്റെ മറ്റു കവിതകള്‍

ബീയിങ്ങ്‌ സൈറസ്‌

ഹോളിവുഡാവാന്‍ ഞങ്ങളെക്കൊണ്ട്‌ അനായാസം പറ്റുമെന്നുള്ള ബോളിവുഡിന്റെ നാട്യത്തിന്റെ ഫലമായുണ്ടായ പടങ്ങളില്‍ പലതിലും ഹോളിവുഡായി നടിക്കുന്ന ബോളിവുഡിനെയേ കാണാന്‍ കഴിയുന്നുള്ളൂ. കൂള്‍ ആയ നടീനടന്മാരെയും കൂള്‍ ആയ സാങ്കേതികവിദ്യകളും കൂള്‍ ആയ അമേരിക്കന്‍ ബ്രാന്‍ഡുകളും ഇണക്കി നിര്‍മ്മിച്ച, ഹോളിവുഡിലായിരുന്നെങ്കില്‍ നേരെ വീഡിയോയില്‍ ചെന്നൊടുങ്ങുമായിരുന്ന ദേശി ഉല്‍പന്നങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു നവാഗതനായ ഹോമി അദജാനിയയുടെ ബീയിങ്ങ്‌ സൈറസ്‌. ഉദ്വേഗജനകമായ ഒരു കഥയെ കഴിവുറ്റ നടീനടന്മാരുടെ സഹായത്തോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ഈ ഇംഗ്ലീഷ്‌ ഭാഷാ ചിത്രം.

ചത്തുതുലയുകയും ചാവാതെ തുലയുകയും ചെയ്യുന്ന കഥാപാത്രങ്ങളെ കാര്‍ട്ടൂണുകളായി വരച്ചാല്‍ കാണികള്‍ക്കു നീരസം കുറയുമെന്ന കണക്കുകൂട്ടല്‍ ശരിയാവാമെങ്കിലും അതിശയോക്തി തെല്ലുകുറച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആഴമേറിയ സിനിമാനുഭവമായേനേ എന്നു തോന്നി. കഥാപാത്രങ്ങളിലൊരാള്‍ തന്നെ കഥപറയുന്ന പല ചിത്രങ്ങളിലും സംഭവിക്കുന്നതുപോലെ അയാള്‍ അറിഞ്ഞിട്ടില്ലാത്ത സംഭവങ്ങളെ ആഖ്യാനത്തിലുള്‍പ്പെടുത്തുന്ന പിശക്‌ ഈ ചിത്രത്തിലും കണ്ടു. 'ഇങ്ങനെയാവാം പിന്നീടു സംഭവിച്ചത്‌' എന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ വിശ്വാസ്യത കൂടിയേനേ. സൂപ്പര്‍ താരങ്ങളായിരുന്ന പലരും കാണികള്‍ക്കിഷ്ടപ്പെടാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍, "ഇതു ഞാനല്ല, ഞാന്‍ ഇങ്ങനെ അഭിനയിക്കുന്നതാണ്‌. കണ്ടു രസിക്കൂ" എന്നൊരു സമീപനം ഡിംപിള്‍ കപാഡിയയുടെ അഭിനയത്തില്‍ അനുഭവപ്പെട്ടു.

ഒന്നൊഴികെ എല്ലാ കഥാപാത്രങ്ങളും പാഴ്സികളായ, ഒരു പാഴ്സി സംവിധായകന്റെ ഈ ചിത്രം കൗതുകത്തിനുവേണ്ടി ആചാരവിശേഷങ്ങളെയും മറ്റും ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനപ്പൂര്‍വം വിട്ടുനിന്നതു ശ്രദ്ധേയമായി. കൊലപാതകങ്ങളുടെയും പണക്കൊതിയുടെയും അവിഹിതബന്ധങ്ങളുടെയും വൃത്തികേടിന്റെയും കഥപറയുന്ന ഒരു രുചികരമായ ത്രില്ലറായി ഒതുങ്ങിനില്‍ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍പ്പോലും സമ്പത്തിന്റെ ക്ഷണികതയുടെയും വ്യര്‍ത്ഥകാമനകളുടെയും ഹിംസയെ പെറ്റുകൂട്ടുന്ന ഹിംസയുടെയും കയ്പ്‌ കാണികളുടെ വായില്‍ അവശേഷിപ്പിക്കാന്‍ കഴിയുന്നത്‌ അത്ര സാധാരണമല്ല, ബോളിവുഡിലെങ്കിലും.