'ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക' (ലാനാ)യുടെ ആഭിമുഖ്യത്തിൽ എഴുത്തച്ഛൻ പുരസ്കാര സമ്മാനിതനായ സക്കറിയയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ എഴുതിവായിച്ച കുറിപ്പ്:
നമസ്കാരം
മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാലിൻ്റെ ഒരു ആരാധകനെ സങ്കല്പിക്കുക. ഓരോ സിനിമയും പലതവണ കാണും. പറ്റിയാൽ ദിവസവും പോകും. അങ്ങനെയിരിക്കുന്ന ആളോട് ഇഷ്ടതാരത്തെപ്പറ്റി രണ്ടുമിനിറ്റ് സംസാരിക്കാൻ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചുനോക്കുക. അതുപോലുള്ള ഒരു അമിതാവേശത്തോടെയാണ് ഞാൻ ഇവിടെ സംസാരിക്കുന്നത്. ആവേശം അമിതമാകുമ്പോൾ ഉണ്ടാകാനിടയുള്ള വികാരത്തള്ളൽ ഒഴിവാക്കാൻവേണ്ടി, എഴുതിത്തയ്യാറാക്കിയ ഒരു കുറിപ്പാണ് ഞാനിവിടെ വായിക്കുന്നത്. കാരണം, അമിതവൈകാരികത എന്നത് സ്വന്തം എഴുത്തിൽനിന്ന് ഒഴിവാക്കിനിർത്താൻ എന്നും ശ്രദ്ധിച്ചിട്ടുള്ള ഒരു എഴുത്തുകാരനാണ് സക്കറിയ. ബഷീറിനെപ്പോലെ, കാരൂരിനെപ്പോലെ, എം. പി. നാരായണപിള്ളയെപ്പോലെ കഥാപാത്രങ്ങളിൽനിന്ന് ഒരു അകലം സൂക്ഷിച്ചിട്ടുള്ള കാഥികനാണ് സക്കറിയയും, ആ കഥാപാത്രങ്ങൾ യേശുവോ അൽഫോൻസാമ്മയോ ഗീവറുഗീസ് പുണ്യവാളനോ ആയാലും ബാല്യം കഴിഞ്ഞിട്ടില്ലാത്ത കുട്ടിയോ തവളയോ കൊതുകോ ബഹിരാകാശജീവിയോ ആയാലും.
ഭൂരിപക്ഷം മലയാളികളും സക്കറിയയെ അറിയുന്നത് ഒരു കഥാകൃത്ത് എന്ന നിലയിലായിരിക്കില്ല എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിൻ്റെ ഒരു കഥപോലും വായിച്ചിട്ടില്ലാത്തവരെപ്പോലും ആ ലേഖനങ്ങളും യാത്രാവിവരണങ്ങളും വായിച്ചിരിക്കും, ആ പ്രസംഗങ്ങൾ കേട്ടിരിക്കും എന്നാണ് ഞാൻ കരുതുന്നത്. വായിച്ചവരെയെല്ലാം മാനസാന്തരപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ചിന്തിപ്പിക്കാനും അസ്വസ്ഥരാക്കാനും ലജ്ജിപ്പിക്കാനും അവയ്ക്ക് കഴിഞ്ഞിരിക്കും എന്ന് ഉറപ്പാണ്. ആരും പറയാൻ മടിക്കുന്ന അപ്രിയസത്യങ്ങൾ തുറന്നുപറയാൻ തയ്യാറാകുന്നതിൻ്റെ പേരിൽ ഇത്രയധികം ശത്രുക്കളെ സമ്പാദിച്ചിട്ടുള്ള സാംസ്കാരികനായകന്മാർ വേറെയുണ്ടാകില്ല. ഐ എസ് ആർ ഓ ചാരക്കേസ് ആഘോഷിച്ച, ഉദ്യോഗസ്ഥന്മാരുടെ അപകീർത്തിയെ വില്പനച്ചരക്കാക്കിയ പത്രങ്ങൾ തന്നെ പിൽക്കാലത്ത് ആ കേസ് അടിസ്ഥാനരഹിതമായിരുന്നെന്ന് തെളിഞ്ഞപ്പോൾ അവരെ രക്തസാക്ഷികളാക്കാൻ മുന്നോട്ടുവന്നപ്പോൾ സക്കറിയ അതിനെ ചോദ്യം ചെയ്തു. സത്‌നാം സിങ്ങ് എന്ന് പേരുള്ള, മാനസികാസ്വാസ്ഥ്യമുള്ള ഒരു യുവാവ് മാതാ അമൃതാനന്ദമയി മഠത്തിൽ വെച്ച് നടന്ന ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടപ്പോൾ, അതിലെ ദുരൂഹതകളെപ്പറ്റി എഴുതാൻ ഒരു പ്രമുഖപത്രങ്ങളും തയ്യാറാകാതിരുന്നപ്പോൾ, അതിനെതിരെ ശബ്ദമുയർത്തിയത് സക്കറിയയാണ്. ഇൻഡ്യ എന്ന രാഷ്ട്രം നേരിടുന്ന എക്കാലത്തെയും ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വഫാസിസമാണെന്ന് വ്യക്തമാക്കാൻ ഇത്രയുമധികം എഴുതുകയും സംസാരിക്കുകയും ചെയ്ത മറ്റൊരു എഴുത്തുകാരൻ കേരളത്തിലുണ്ടാകില്ല. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാൻവേണ്ടി സദാചാരപൊലീസിങ്ങിന് തുനിഞ്ഞ സിപിഎമ്മിനെ പരിഹസിച്ചതിന് കൈയേറ്റശ്രമത്തിന് ഇരയായി അദ്ദേഹം. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ റ്റി. ജെ. ജോസഫ് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിന് വിധേയനായപ്പോൾ അതിൽ കപടനിലപാടുകൾ പുലർത്തിയ ഇടത് ഭരണകൂടത്തെയും കത്തോലിക്കാസഭാനേതൃത്വത്തെയും നിശിതമായി വിമർശിച്ചു സക്കറിയ. അധികാരസ്ഥാപനങ്ങളെ എന്നും അസ്വസ്ഥരാക്കിയിട്ടുള്ള ഒരു ഉറച്ച ശബ്ദം.
എന്നാൽ, ഈ സത്യങ്ങൾ വിളിച്ചുപറയാൻ മറ്റൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയായിരുന്നെങ്കിൽ, മറ്റാർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ലാത്തതുപോലുള്ള അദ്ദേഹത്തിൻ്റെ കഥകൾ ഇതിലുമധികം ഉണ്ടായേനെ എന്ന് ചിന്തിച്ചുപോകുന്നു. മലയാളനിരൂപണസാഹിത്യം തന്നെ അളന്നുതീർന്നിട്ടില്ലാത്ത ഒരു കഥാപ്രപഞ്ചത്തെപ്പറ്റി ആധികാരികമായി എന്തെങ്കിലും പറയാൻ കഴിയും എന്നൊരു മിഥ്യാധാരണ സ്വയം പുലർത്തുന്ന ആളല്ല ഞാൻ. ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും വായിക്കുമ്പോൾ സ്കൂളിൽ പഠിക്കുകയായിരുന്ന, ഭാസ്കര പട്ടേലർ വായിക്കുമ്പോൾ കോളേജിൽ പഠിക്കുകയായിരുന്ന, കഥകൾ എഴുതാൻ ആഗ്രഹിക്കുന്ന, ഒരാളെന്ന നിലയിൽ മാത്രമാണ് ഇങ്ങനെ ചിന്തിച്ചുപോകുന്നത്. സക്കറിയ എഴുതിയിട്ടുള്ള ആകെ കഥകളുടെ പകുതിപോലും വായിച്ചിട്ടുള്ള ഒരാളല്ല ഞാൻ. എന്നാൽ, ഇടയ്ക്കിടെ ഞാൻ ഓർക്കുന്ന ഒരു രണ്ടുഡസൻ കഥകളെങ്കിലും അദ്ദേഹത്തിൻ്റേതാണ്. രാധ രാധ മാത്രം, അന്നമ്മ ടീച്ചർ: ഒരു ഓർമ്മക്കുറിപ്പ്, ശന്തനുവിൻ്റെ പക്ഷികൾ, ഇതാ ഇവിടെവരെയുടെ പരസ്യവണ്ടി പുറപ്പെടുന്നു, ആർക്കറിയാം, പണിമുടക്ക്, കുഴിയാനകളുടെ ഉദ്യാനം, തീവണ്ടിക്കൊള്ള, മൂന്നാംകിട സാഹിത്യത്തിൻ്റെ അന്ത്യം, അവസാനത്തെ ഷോ, പ്രപഞ്ചത്തിൻ്റെ അവശിഷ്ടങ്ങൾ തുടങ്ങിയ കഥകൾ വായിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽക്കിടന്ന് വളരുകയാണ്. അമേരിക്കൻ മലയാളി ജീവിതത്തെക്കുറിച്ച് ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മികച്ച കഥ എഴുതിയിട്ടുള്ളത് ഒരു അമേരിക്കൻ മലയാളിയല്ല, സലാം അമേരിക്ക എഴുതിയ സക്കറിയയാണ്.
അതുപോലെ, റ്റി എൻ ഗോപകുമാറിൻ്റെ ശുചീന്ദ്രം രേഖകൾ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക ഇന്നത്തെ കാലത്ത് ഭാഷ എങ്ങനെ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കരുത് എന്ന വിഷയത്തിൽ ഒരു മാനിഫെസ്റ്റോ പോലെ എപ്പോഴും ഓർമ്മിക്കുന്ന ഒരു കൃതിയാണ്.
സാഹിത്യത്തിന് കേരളസർക്കാർ നൽകുന്ന പരമോന്നത പുരസ്കാരം ഏറ്റുവാങ്ങുന്ന ഈ അവസരത്തിൽ ശ്രീ. സക്കറിയയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നതോടൊപ്പം ഇനി വരുന്ന വർഷങ്ങളിൽ കഥയ്ക്കും നോവലിനും വേണ്ടി കൂടുതൽ സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
നന്ദി.