ഒരു നാൾ,
എൻ്റെ നാട്ടിലെ
അരാഷ്ട്രീയബുദ്ധിജീവികളെ
ഇവിടുത്തെ ഏറ്റവും കരുത്തന്മാരായ നേതാക്കൾ
ചോദ്യം ചെയ്യും.
ഏകാന്തമായ ഒരു ചെറുജ്വാല പോലെ
പാർട്ടിഫണ്ട്
കെട്ടടങ്ങിയ സമയത്ത്
നിങ്ങൾ എന്താണ് ചെയ്തത്
എന്ന് അവർ ചോദിക്കും.
മകൾക്ക് ജോലി ആയോ എന്നോ
മകൻ്റെ പഠിത്തം കഴിഞ്ഞോ എന്നോ
അവർ ചോദിക്കില്ല.
പ്രസ്താവനയിൽ ഒപ്പിടാനോ
പ്രചാരണഗാനം എഴുതിത്തരാനോ
അവർ ആവശ്യപ്പെടില്ല.
ഒട്ടേ റെനോ കാസ്റ്റീലോയുടെ
ഉച്ചാരണം എന്താണെന്നോ
റഷ്യയിൽ ഇപ്പോൾ
എന്താണ് സംഭവിക്കുന്നതെന്നോ
ചോദിക്കില്ല.
ഭരണഭാഷാ വിഷയത്തിലോ
പരിസ്ഥിതിയുടെ കാര്യത്തിലോ
ഉള്ള വിദഗ്ധവും സുചിന്തിതവുമായ
അഭിപ്രായങ്ങൾ അവർ ആരായില്ല.
അന്ന് ഉന്നതരായ നേതാക്കൾ വരും.
അരാഷ്ട്രീയബുദ്ധിജീവികളുടെ
പ്രബന്ധങ്ങളിലും കാർട്ടൂണുകളിലും കവിതകളിലും
ഇടമില്ലാതിരുന്നവർ,
തിളങ്ങാൻ പുരസ്കാരങ്ങളും
വിളങ്ങാൻ ചാനലുകളും തന്നവർ,
ഡ്രൈവിങ്ങിന് അതിവേഗപാതകളും
ഷോപ്പിങ്ങിന് മാളുകളും പണിതവർ,
ചലച്ചിത്രോത്സവങ്ങളും സെമിനാറുകളും
ഹർത്താലുകളും നടത്തിയവർ.
അവർ വരും.
വന്ന് ചോദിക്കും:
“അന്വേഷണക്കമ്മീഷനുകൾ ഞങ്ങളെ
നിർത്തിപ്പൊരിച്ചപ്പോൾ,
മാധ്യമങ്ങൾ വിചാരണചെയ്തപ്പോൾ
എന്ത് ചെയ്യുകയായിരുന്നു നിങ്ങൾ?”
അരാഷ്ട്രീയബുദ്ധിജീവികളേ,
അപ്പോൾ നിങ്ങൾക്ക് ഉത്തരം മുട്ടും.
ആത്മനിന്ദയുടെ സന്നദ്ധസൈന്യം
നിങ്ങളെ കൈകാര്യം ചെയ്യും.
സ്വന്തം നിസ്സാരത
നിങ്ങളെ വെട്ടിനിരത്തും.
നിങ്ങൾക്ക് മിണ്ടാൻ കഴിയില്ല.
No comments:
Post a Comment