Sunday, February 06, 2022

നീലവെളിച്ചം

 


 ചിത്രത്തിന് കടപ്പാട്: ഡി സി ബുക്സ്

സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഭാർഗവീനിലയം (പുതിയ കോപ്പി) കണ്ടത്. പിന്നെ ആറുമാസത്തേക്ക് ഇരുട്ടത്ത് തനിയെ നടക്കാനും ഇരുട്ടു മുറിയിൽ കയറാനും പേടിയായിരുന്നു. അത്ര ശക്തമായിരുന്നു അതിലെ അന്തരീക്ഷസൃഷ്ടി. സിനിമ കണ്ടുകഴിഞ്ഞ് വായിച്ചതുകൊണ്ടായിരിക്കാം നീലവെളിച്ചം ഒരു പ്രത്യേകതയുമില്ലാത്ത കഥയായിട്ടാണ് അന്ന് തോന്നിയത്. മനോരാജ്യം വാരികയിൽ വന്നുകൊണ്ടിരുന്ന 'വിശദീകരിക്കാനാവാത്ത സംഭവം' എന്ന പംക്തിയിൽ വരുന്ന കഥകൾ പോലെ തോന്നി.

എന്നാൽ കഴിഞ്ഞ ദിവസം ക്ലബ്ഹൗസിലെ വായനമുറിയിൽ കേട്ടപ്പോൾ കഥയിൽനിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് കിട്ടിയത്. ഇത് ബഷീറിന്റെ ഏറ്റവും മികച്ച കഥകളിൽ ഒന്നല്ല എന്ന തോന്നൽ നിലനിൽക്കുമ്പോൾത്തന്നെ ഇതിന്റെ അടിയൊഴുക്കായി വർത്തിക്കുന്ന ഒരു പ്രമേയം ഉണ്ടെന്ന് തോന്നി. പരസ്പരഭിന്നവും ഒരു പക്ഷേ പരസ്പരവിരുദ്ധവുമായ പല വായനകൾക്ക് സാധ്യതയുള്ള ഒരു കഥയെന്ന നിലയിൽ എന്റെ തോന്നലുകൾ ഇവിടെ കുറിക്കുന്നു.

(കഥാകൃത്തിനെപ്പോലെ) ദീർഘകാലം അവിവാഹിതനായി കഴിഞ്ഞ, എന്നാൽ വിവാഹജീവിതത്തിനും പെൺകൂട്ടിനും കൊതിക്കുന്ന ഒരു പുരുഷന്റെ ഉൽക്കണ്ഠകളാണ് ഇതിൽ ഞാൻ കേൾക്കുന്നത്. മാറിക്കൊണ്ടേയിരിക്കുന്ന വീടുകൾ അയാളുടെ അല്പായുസ്സുകളായ പ്രേമബന്ധങ്ങളെ കുറിക്കുന്നു. വീട് കണ്ടെത്തിക്കഴിയുമ്പോൾ അയാൾ ഉപയോഗിക്കുന്ന സ്ത്രീലിംഗ പ്രയോഗങ്ങൾ കഥയുടെ തുടക്കത്തിൽത്തന്നെ കാണാം. പർദ്ദയിൽ ഒളിപ്പിച്ച് ആരും കാണാതെ സൂക്ഷിക്കണം എന്നൊക്കെയാണ് അയാൾ ആഗ്രഹിക്കുന്നത്. പിന്നെ കഥയിൽ വീടും 'വീടരും' തിരിച്ചറിയാൻ പറ്റാത്തതുപോലെ കൂടിക്കലരുകയാണ്. താൻ കൊതിച്ച് കൈക്കലാക്കിയ പെണ്ണ് ഒരു ഉടഞ്ഞ പ്രണയത്തിന്റെ ജീവിക്കുന്ന പ്രേതമാണെന്നും പുരുഷവിദ്വേഷം കൊണ്ട് നിറഞ്ഞ് തുളുമ്പുകയാണെന്നും അയാൾ മനസ്സിലാക്കുന്നു. പിന്നെ ആശ്വസിക്കുന്നത് തനിക്ക് മന്ത്രം അറിയാം എന്ന് ചിന്തിച്ചാണ്. ആ മന്ത്രം എന്താണെന്ന് കഥയിൽ ഒരിടത്തും വ്യക്തമാക്കുന്നില്ലെങ്കിലും നമ്മൾ കാണുന്നത് നായകൻ നായികയുമായി സംസാരിക്കാൻ തയ്യാറാകുന്നതാണ്. സംഗീതം, സാഹിത്യം, സൗഹൃദം അയാൾ അവളുമായി പങ്കുവെക്കുന്നു. അവൾക്കായി പനിനീർത്തോട്ടം ഒരുക്കുന്നു. (സുഹൃത്തുക്കളെ ഭാര്യ അംഗീകരിക്കണം എന്ന ആഗ്രഹം/ശാഠ്യം പൂവമ്പഴത്തിലും കാണാം.) എന്നിട്ടും, കഴുത്തു ഞെരിക്കില്ല അവൾ എന്ന് മനസ്സിലായിക്കഴിയുമ്പോൾ അയാൾ അവളെ അവഗണിക്കുന്നു, മറക്കുന്നു, പരേതാത്മാക്കളെപ്പോലെ പരിഗണിക്കുന്നു.

ഒടുക്കം, സർഗശക്തി അന്ധകാരത്തിൽ മുങ്ങുന്ന ഒരു യാമത്തിൽ, 'നിനക്ക് നിന്റെ ഭാർഗവിക്കുട്ടിയോട് ചോദിക്കാമായിരുന്നല്ലോ' എന്ന് സുഹൃത്ത് പറഞ്ഞുകഴിയുമ്പോഴാണ് അവളാണ് തന്റെ നീലവെളിച്ചത്തിന്റെ ഇന്ധനം എന്ന് അയാൾ തിരിച്ചറിയുന്നത്.

 

3 comments:

ഷൈജു.എ.എച്ച് said...

ബേപ്പൂർ സുൽത്താനെ കുറിച്ച് കണ്ടാൽ നോക്കാതെ ഇരിക്കുവാൻ കഴിയില്ല മലയാളിക്ക്. അത് ഒരു ചിത്രമായാലും രണ്ടു വാരി ആയാലും. യോജിക്കുവാൻ കഴിയുന്ന വിലയിരുത്തലുകൾ..ആശംസകളോടെ...

രാജേഷ് ആർ. വർമ്മ said...

🙏

Anonymous said...

👍