വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Sunday, March 06, 2016
മാതൃഭൂമി സാഹിത്യമത്സരം: 1983
1983ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സ്കൂള്‍ സാഹിത്യമത്സരത്തില്‍ സമ്മാനം നേടിയപ്പോള്‍. അനശ്വരനായ എ.എസ്സിന്‍റെ ചിത്രത്തോടൊപ്പം.
കഥ ഇവിടെ വായിക്കാം.
<< കയറ്റുമതി
Saturday, March 05, 2016
അന്തര്‍സര്‍വകലാശാലായുവജനോത്സവം (യൂണിഫെസ്റ്റ് 1989)
1988 ഫെബ്രുവരിയില്‍ കേരളത്തിലെ സര്‍വകലാശാലകളിലെ യുവജനോത്സവങ്ങള്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തീരുമാനം ഉണ്ടായി. ഇന്‍ഡ്യയിലെ എല്ലാ സര്‍വകലാശാലകളെയും ക്ഷണിച്ച് ഒരു അന്തര്‍സര്‍വകലാശാലാ യുവജനോത്സവം നടത്തുക. യൂണിഫെസ്റ്റ് എന്നായിരുന്നു പേര്.
കേരളസര്‍വകലാശാലയില്‍നിന്ന്‍ കഥയില്‍ മത്സരിക്കാന്‍ പോയ മൂന്നുപേരില്‍ ഞാനും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറയിലുള്ള കൊച്ചമ്മ(അമ്മയുടെ അനിയത്തി)യുടെ വീട്ടില്‍നിന്ന്‍ മഹാരാജാസിലേക്ക് പോകുന്ന ബസ്സില്‍ ഇരിക്കുമ്പോള്‍ ഒരു വാഹനാപകടത്തില്‍പ്പെട്ട തെരുവുകുട്ടിയെ കണ്ടത് ഓര്‍മ്മയുണ്ട്. സ്വകാര്യ ബസ്സിന്‍റെ മുമ്പില്‍നിന്ന്‍ പത്തോപന്ത്രണ്ടോ വയസ്സുള്ള, ഷര്ട്ടിമടാത്ത ഒരു കുട്ടി തട്ടിപ്പിടഞ്ഞ് എഴുനേറ്റുപോകുന്നു. കഴുത്തിന്റെ പിറകില്‍ ചോര കണ്ട കൊഴുത്ത ചോരയ്ക്ക് നാടകത്തിലുംമറ്റും ഉപയോഗിക്കുന്ന പെയിന്റിനെക്കാള്‍ ഇരുണ്ട നിറമായിരുന്നു. കഥയെഴുതിയത് അവനെക്കുറിച്ചല്ലെങ്കിലും എഴുതുന്ന സമയം മുഴുവന്‍ അവനെക്കുറിച്ച് ചിന്തിച്ചിരുന്നു.
പഴമയും ഗാംഭീര്യവും വിളിച്ചോതുന്ന ഡെസ്ക്കുകളും ബെഞ്ചുകളുമുള്ള, വലിയ ക്ലാസ് മുറിയിലായിരുന്നു എഴുത്തുമത്സരം. ഒരു പബ്ലിക് പരീക്ഷയുടെ അന്തരീക്ഷം. മത്സരം നടക്കുമ്പോള്‍ വരാന്തയില്‍ കഥാകൃത്ത് ടി. പത്മനാഭനെ കണ്ടു. വിഷയം നിര്‍ദ്ദേശിച്ചതും വിധിനിര്‍ണയം നടത്താന്‍ പോകുന്നതും അദ്ദേഹം ആയിരിക്കും എന്ന്‍ കേട്ടു. അന്ന്‍ എഫ്.എ.സി.റ്റി.യില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. "അയാള്‍ ഒരു ശുദ്ധനാ," ഒരു സുഹൃത്ത് പിന്നീട് പറഞ്ഞു. "വെയ്റ്റ് ഇടാന്‍ ഒന്നും അറിഞ്ഞുകൂടാ. അയാള്‍ക്ക് കഥകള്‍ വാങ്ങിക്കാന്‍ ഇവിടംവരെ വരണ്ട വല്ല ആവശ്യവുമുണ്ടോ? ഇവന്മാര്‍ അവിടെക്കൊണ്ട് കൊടുക്കുകയില്ലേ?"
മത്സരം കഴിഞ്ഞ്, തിരുവനന്തപുരത്തുകാരായ സുഹൃത്തുക്കള്‍ (അന്‍വര്‍ അലിയും പി. കെ. രാജശേഖരനും) താമസിക്കുന്ന മുറിയില്‍ പോയിരുന്നു. വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു. അവര്‍ ആനന്ദ്, ആശയവാദം, താര്‍ക്കോവ്സ്കി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വാപൊളിച്ച് കേട്ടിരുന്നു. കലോത്സവവേദിയില്‍ പോയി ഭക്ഷണം കഴിച്ചു. ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടായിരുന്നു എന്നും നല്ല രുചിതോന്നിയെന്നും ഓര്‍മ്മയുണ്ട്. കൊല്ലത്ത് വടയാറ്റുകോട്ടയിലുള്ള ഉത്തരേന്ത്യന്‍ ഹോട്ടലില്‍ നിന്ന്‍ അതിനുമുമ്പ് ഒരിക്കലേ പനീര്‍ കഴിച്ചിരുന്നുള്ളൂ.
പിറ്റേദിവസം കൊല്ലത്തേക്ക് വണ്ടികയറുന്നതിനുമുമ്പ് മത്സരഓഫീസില്‍ പോയി ഫലം അറിയാം എന്നു തീരുമാനിച്ചു. നോക്കിയപ്പോള്‍ ഒന്നാം സമ്മാനം! രാജശേഖരന് രണ്ടാം സ്ഥാനവും ഉണ്ട്. തല തെറിച്ചു എന്നു പറയേണ്ടതില്ലല്ലോ. ഇന്‍ഡ്യയിലെ കോളേജ് വിദ്യാര്‍ഥികളില്‍ ഏറ്റവും നന്നായി മലയാളം കഥ എഴുതുന്നവന്‍ ഞാനല്ലാതെ മറ്റാര്? ഇതുവരെ പത്രത്തില്‍ വിജയികളെക്കുറിച്ചു വരുന്ന വാര്‍ത്തകള്‍ വായിച്ചുമാത്രം ശീലിച്ചിരുന്ന ഞാന്‍ നെഞ്ചുവിരിച്ച് അവരോട് അന്വേഷിച്ചു: "ആര്ക്കെിങ്കിലും ഇന്റര്വ്യൂുവോ മറ്റോ...?" "അവിടെ പോയി ഇരുന്നോളൂ," അവര്‍ തൊട്ടു പുറകിലുള്ള പ്രെസ് ബൂത്ത് കാണിച്ചു തന്നു. ഇങ്ങനെയൊക്കെയല്ലേ എഴുത്തുകാര്‍ പ്രശസ്തരാകുന്നത്. ഞാന്‍ തലയുയര്‍ത്തിപ്പിടിച്ച് അവിടെ പോയി ഇരുന്നു.
അടുത്തുള്ള കസേരയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇരിക്കുന്നു. അന്നും ഇന്നും ആദ്യം മുതല്‍ അവസാനംവരെ വായിച്ചിട്ടുള്ള ഒന്നോ രണ്ടോ കവിതാപുസ്തകങ്ങളില്‍ ഒന്നായ ‘പതിനെട്ടു കവിതക’ളുടെ കര്‍ത്താവ്. ഒരു സഹഎഴുത്തുകാരല്ലേ? പരിചയപ്പെട്ടേക്കാം.
“ചുള്ളിക്കാട് പ്രെസ് ആണോ?” ചോദിച്ചു.
വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍നിന്ന്‍ കണ്ണുയര്ത്തി നോക്കി. വായ നിറച്ച് മുറുക്കാന്‍ ഉണ്ടായിരുന്നു എന്ന്‍ ഓര്‍മ്മ. “അല്ല,” കാസെറ്റില്‍ കേള്‍ക്കുന്ന മുഴക്കമുള്ള അതേ ശബ്ദം. പിന്നെയും വായന.
എന്‍റെ ഇരിപ്പും ഭാവവും ഒക്കെക്കണ്ട് സഹതാപം തോന്നിയിട്ടാവാം, കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ദേശാഭിമാനിയുടെ ലേഖകന്‍ വന്നു. കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു. അങ്ങനെ, പിറ്റേന്നത്തെ പത്രത്തിന്റെ് അവസാനപേജില്‍ വന്ന ‘അഭിമുഖ’മാണ് ഇത്.
അന്നത്തേതുപോലെ ഇന്നും വിജയന്റെ്യും മാധവിക്കുട്ടിയുടെയും കഥകള്‍തന്നെ ഏറ്റവും ഇഷ്ടം. അന്നേ ദുര്‍ബലമായിരുന്ന വായന പിന്നെ ഏറെയൊന്നും മുന്നോട്ട് ഓടാതിരുന്നതുകൊണ്ടാവാം. അല്ലെങ്കില്‍ 'എണ്‍പതുകളില്‍ ഉറച്ചുപോയ ഭാവുകത്വം' എന്നൊക്കെ ഇപ്പോള്‍ പറയുന്ന സാധനം ആയിരിക്കും. അതുമല്ലെങ്കില്‍ അത്ര കരുത്തുള്ള എഴുത്തുകാര്‍ പിന്നീടു വന്നിട്ടില്ലാത്തതുകൊണ്ടും ആവാം. അക്കാലത്തു വായിച്ചിരുന്ന സി. വി. ബാലകൃഷ്ണന്റെ കൃതികള്‍ ഏറെക്കുറെ മറന്നുപോയെങ്കിലും സി. ആര്‍. പരമേശ്വരന്റെ ‘പ്രകൃതിനിയമം’ ഇന്നും പ്രിയപ്പെട്ട മലയാളനോവലുകളില്‍ ഒന്നായി തുടരുന്നു.
ഒന്നുവേഗം വയസ്സായിരുന്നെങ്കില്‍ ഒരു ആത്മകഥ എഴുതാമായിരുന്നു.
<< അനുഭവം
Thursday, January 28, 2016
ആരും മരിക്കാത്ത വീടുകള്‍

"ജനലിൽക്കൂടി വീഴുന്ന വെയിലിന്റെെ ത്രികോണത്തിൽ കാലിട്ടിളക്കിക്കൊണ്ട് മിണ്ടാതെ കിടക്കുന്ന രാഹുലിന്‍റെ ചിത്രം ഗൌതമന്‍റെ മനസ്സിൽ തെളിഞ്ഞു. കടുകുമണികളുടെ കഥ കേള്‍ക്കുമ്പോൾ ഒരു തവണ അവൻ അമ്മയോടു ചോദിച്ചു:
“അവൾ നമ്മുടെ തെരുവിൽ വന്നാൽ മതിയായിരുന്നു, അല്ലേ അമ്മാ? ഏതു വീട്ടിൽനിന്നു വേണമെങ്കിൽ കടുകു കിട്ടുമായിരുന്നല്ലോ.”
നീണ്ടകഥ രണ്ടുഭാഗമായി കലാകൌമുദി 2108, 2109 ലക്കങ്ങളില്‍.
<< കഥ
Monday, October 19, 2015
ഒറ്റാല്‍

ചുരുങ്ങിയ ചെലവിൽ നിര്മ്മി ച്ചതോ, നാട്ടിൻപുറത്തിന്റെയും നന്മയുടെയും കഥകൾ പറയുന്നതോ, കുട്ടികളെയും ദരിദ്രരെയും വിദ്യാഭ്യാസമില്ലാത്തവരെയും കഥാപാത്രങ്ങളാക്കുന്നതോ, മനുഷ്യാവകാശധ്വംസനങ്ങളുടെ കഥകൾ പറയുന്നതോ ആയ സിനിമകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും വിമർശിക്കുമ്പോൾ കുറ്റബോധം തോന്നാറുണ്ടോ? എനിക്കുണ്ട്. ‘അംഗപരിമിതരുടെ’ കായികമേളയ്ക്കുപോയിട്ട് കുറ്റം പറയുന്നതുപോലെ, കൊച്ചുകുട്ടികളുമായി ഇടികൂടാൻ പോകുന്നതുപോലെ ഒരു നാണംകെട്ട പരിപാടിയാണ് ഇതെന്നാണ് തോന്നാറ്. മുഖ്യധാരയിൽ നിന്നുള്ള ‘മുന്നറിയിപ്പി’നെയും ‘1983’നെയും വിമർശിക്കുമ്പോഴും ‘നോർത്ത് 24 കാത’ത്തിനെയും ‘101 ചോദ്യങ്ങ’ളെയും ‘ക്രൈം നമ്പർ 89’നെയും ‘ഐൻ’നെയുംകുറിച്ച് മോശമായിട്ട് എന്തെങ്കിലും പറയാൻ ഒരു മടി. ആരെങ്കിലും ഇതു വായിച്ചിട്ട് ആ സിനിമ കാണണ്ട എന്നു തീരുമാനിച്ചാലോ? അങ്ങനെ ആ സംവിധായകൻ അടുത്ത പടം എടുക്കാതിരുന്നാൽ ആ പാപത്തിൽ എനിക്കും പങ്കുണ്ടാകുകയില്ലേ എന്നൊക്കെയാണ് വിചാരം.
ജയരാജിന്റെ ‘ഒറ്റാൽ’ ഒരു മുഖ്യധാരാസംവിധായകന്റെ കൃതിയാണെങ്കിലും മുകളിൽ പറഞ്ഞ എല്ലാ സ്വഭാവങ്ങളുമുള്ളതാണ്. എന്നാലും വല്ലപ്പോഴുമൊരിക്കൽ മനസ്സിൽ തോന്നുന്ന നാലുവാക്കു പറഞ്ഞില്ലെങ്കിൽ വായിലെ മധുരം കാരണം പുഴുപ്പല്ലുവരികില്ലേ? പിന്നെ ഏറ്റവും മികച്ച പടത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയതാണ് എന്നുള്ളതുകൊണ്ട് അത്ര കുറ്റബോധം തോന്നണ്ടതില്ല.
(മുന്നറിയിപ്പ്: സിനിമ കാണുംമുമ്പ് കഥയറിയാന്‍ ഇഷ്ടമില്ലാത്തവർ തുടര്ന്നു വായിക്കരുത്)
നന്മനിറഞ്ഞ ഗ്രാമങ്ങളെപ്പറ്റി, അവിടുത്തെ അനഭ്യസ്തവിദ്യരായ പഴയ തലമുറയെപ്പറ്റിയുള്ള കഥകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ സിനിമ കണ്ടിരിക്കണം. ഇടയ്ക്കിടയ്ക്ക് ഫിഷ്-ഐ ലെൻസുകൊണ്ട് ഹൈലൈറ്റ് ചെയ്യുന്ന, നീണ്ടുപരന്നുകിടക്കുന്ന കുട്ടനാടിന്റെ ദൃശ്യങ്ങളാണ് ആദ്യാവസാനം. ശ്രീവത്സൻ ജെ. മേനോന്റെ മൃദുവായ ഘടം, കാവാലം നാരായണപ്പണിക്കർ എഴുതിയ കവിതകൾ എല്ലാമുണ്ട്. (ഇതിൽ താറാവുകാരന്‍ മുമ്പൊരു സിനിമയിൽ ഉപയോഗിച്ചുകഴിഞ്ഞതാണ്. യൂ-റ്റ്യൂബില്‍ നെടുമുടി വേണു പാടിയത് കിട്ടാനുമുണ്ട്. പക്ഷേ, പുതുമ ഈ പടത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്‍ അല്ലാത്ത സ്ഥിതിക്ക് അതിലൊന്നും കാര്യമില്ല.) പഴമ = നന്മ എന്നു വിശ്വാസിക്കുന്നവര്ക്ക് പറ്റിയ പടമാണ്. പഴമ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ് സിനിമയിൽ. ഗ്രാമീണരും വൃദ്ധരും മുഴുവന്‍ നല്ലവരാണ്. അവർ കള്ളുകുടിക്കുകയും വള്ളപ്പാട്ട് പാടുകയും, (‘കുട്ടനാടന്‍ പുഞ്ചയിലെ’ അല്ലാതെ ഒരു പാട്ട് കിട്ടിയില്ലേ?) രാവിലെ മുതൽ വൈകിട്ടുവരെ ചൂണ്ടയിടുകയും, യാതൊരു തെരക്കുമില്ലാതെ ഒറ്റാൽ വെച്ച് മീന്‍ പിടിക്കുകയും, ആര്ക്കും കത്ത് ഇല്ലെങ്കിലും പോസ്റ്റും കൊണ്ടു വരികയും (കുട്ടനാട്ടുകാർ കത്ത് എന്ന വാക്ക് ഉപയോഗിക്കാറുണ്ടോ?), ചക്രം ചവിട്ടുകയും, ‘ടോർച്ചും കുടച്ചക്രവും’ ഒക്കെ വന്നെങ്കിലും സന്ധ്യയ്ക്ക് വിളക്കുകാലിന്മേൽ എണ്ണവിളക്ക് കൊളുത്തിവെക്കുകയും ഒക്കെ ചെയ്യുന്നു. യന്ത്രങ്ങൾ പുതുമയുടെ പ്രതിനിധികളാണ്. ക്രൂരതയെക്കുറിച്ചും ചൂഷണത്തെക്കുറിച്ചുമുള്ള രംഗങ്ങളിൽ മാത്രമേ അവ കടന്നുവരുന്നുള്ളൂ. തഴച്ചുവളരുന്ന നെല്പാടങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലെങ്ങും ഒരു യന്ത്രം പോലും കാണാനില്ല. ഇതെല്ലാം യന്ത്രസഹായമില്ലാതെ പഴയ ചിട്ടയനുസരിച്ച് മനുഷ്യര്‍ നട്ടുവളർത്തിയതായിരിക്കാം. അസുഖം ഉണ്ടാകുമ്പോൾ ഒരേ ദിശയിൽനിന്ന് ഒന്നിച്ച് ഓടിയെത്തുന്ന ഇവരുടെ അലേർട്ട് സിസ്റ്റം ‘പൂഹോയ്’ വിളിയും കൈയിലെ വെളിച്ചം ചൂട്ടുകറ്റയുമാണ്.
വിദ്യാഭ്യാസമാണ് വിമര്ശേനവിധേയമാകുന്ന മറ്റൊരു സ്ഥാപനം. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരു തടവറതന്നെയാണ്. ‘മരിക്കുന്നതുവരെ പഠിത്തമാണ്’ എന്നും മറ്റുമുള്ള വിമർശനങ്ങൾ അങ്ങിങ്ങ് കേള്ക്കാംാ. നല്ലകഥാപാത്രങ്ങളിൽ വീട്ടമ്മയും ഡോക്ടറുമൊഴികെ എല്ലാവരും വിദ്യാഭ്യാസമില്ലാത്തവരാണ്.
ഇതുവരെ പറഞ്ഞത് ഈ ചിത്രം മുന്നോട്ടുവെക്കുന്ന ദര്ശിനത്തെക്കുറിച്ചാണ്. ഇതിനോട് ഒരു കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് വിയോജിപ്പുണ്ട് എന്നത് ഒരു കാര്യം. എന്നാൽ, ഇതും ഒരു ദര്ശ്നമാണ് എന്നതും അത്തരം ഒരു ദര്ശ്നം അവതരിപ്പിക്കാന്‍ ഒരു ചിത്രത്തിന് അവകാശമുണ്ട് എന്നതും വേറെ കാര്യം.
ഇനി പറയുന്നത് ശില്പപരമായ പ്രശ്നത്തെക്കുറിച്ചാണ്. ഹൃദയസ്പർശിയാവേണ്ട ഒരു കഥയാണ്. പക്ഷേ, ഒന്നും തോന്നുന്നില്ല. പിടിച്ച് ഉലച്ചുകളയുന്ന ഏതാനും ഷോട്ടുകൾ ഒഴിച്ചാൽ ഈ ചിത്രം മുഴുവന്‍ വിരസതയാണ്.
അഭിനയിച്ചു പരിചയമില്ലാത്ത മുഖ്യനടന്മാരെക്കൊണ്ട് നന്നായി അഭിനയിപ്പിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ, ഒരു പട്ടി ഉള്പ്പെഴടെ.
മലയാളസിനിമ അന്താരാഷ്‌ട്രതലത്തിൽ എന്തുകൊണ്ട് അംഗീകാരങ്ങൾ നേടുന്നില്ല എന്ന്‍ വിചാരപ്പെടുന്നവർ വാഴ്ത്തപ്പെടുന്ന ഇത്തരം ചിത്രങ്ങൾ കാണേണ്ടതാണ്.
<< കണ്ടെഴുത്ത്
Subscribe to:
Posts (Atom)