Thursday, January 28, 2016

ആരും മരിക്കാത്ത വീടുകള്‍

"ആ പുസ്തകങ്ങളിലൊന്നില്‍ കടുകുമണികളുടെ കഥയുണ്ടായിരുന്നു. മരിച്ച കുഞ്ഞിനെ ജീവിപ്പിച്ചുകൊടുക്കാനാവശ്യപ്പെട്ട് ബുദ്ധനെ സമീപിച്ച അമ്മയോട് ആരും മരിക്കാത്ത ഏതെങ്കിലും വീട്ടിൽനിന്ന് ഒരുപിടി കടുകു വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞയച്ച കഥ.
"ജനലിൽക്കൂടി വീഴുന്ന വെയിലിന്റെെ ത്രികോണത്തിൽ കാലിട്ടിളക്കിക്കൊണ്ട് മിണ്ടാതെ കിടക്കുന്ന രാഹുലിന്‍റെ ചിത്രം ഗൌതമന്‍റെ മനസ്സിൽ തെളിഞ്ഞു. കടുകുമണികളുടെ കഥ കേള്‍ക്കുമ്പോൾ ഒരു തവണ അവൻ അമ്മയോടു ചോദിച്ചു:
“അവൾ നമ്മുടെ തെരുവിൽ വന്നാൽ മതിയായിരുന്നു, അല്ലേ അമ്മാ? ഏതു വീട്ടിൽനിന്നു വേണമെങ്കിൽ കടുകു കിട്ടുമായിരുന്നല്ലോ.”


നീണ്ടകഥ രണ്ടുഭാഗമായി കലാകൌമുദി 2108, 2109 ലക്കങ്ങളില്‍.

<< കഥ

Monday, October 19, 2015

ഒറ്റാല്‍



ചുരുങ്ങിയ ചെലവിൽ നിര്മ്മി ച്ചതോ, നാട്ടിൻപുറത്തിന്റെയും നന്മയുടെയും കഥകൾ പറയുന്നതോ, കുട്ടികളെയും ദരിദ്രരെയും വിദ്യാഭ്യാസമില്ലാത്തവരെയും കഥാപാത്രങ്ങളാക്കുന്നതോ, മനുഷ്യാവകാശധ്വംസനങ്ങളുടെ കഥകൾ പറയുന്നതോ ആയ സിനിമകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും വിമർശിക്കുമ്പോൾ കുറ്റബോധം തോന്നാറുണ്ടോ? എനിക്കുണ്ട്. ‘അംഗപരിമിതരുടെ’ കായികമേളയ്ക്കുപോയിട്ട് കുറ്റം പറയുന്നതുപോലെ, കൊച്ചുകുട്ടികളുമായി ഇടികൂടാൻ പോകുന്നതുപോലെ ഒരു നാണംകെട്ട പരിപാടിയാണ് ഇതെന്നാണ്‌ തോന്നാറ്. മുഖ്യധാരയിൽ നിന്നുള്ള ‘മുന്നറിയിപ്പി’നെയും ‘1983’നെയും വിമർശിക്കുമ്പോഴും ‘നോർത്ത് 24 കാത’ത്തിനെയും ‘101 ചോദ്യങ്ങ’ളെയും ‘ക്രൈം നമ്പർ 89’നെയും ‘ഐൻ’നെയുംകുറിച്ച് മോശമായിട്ട് എന്തെങ്കിലും പറയാൻ ഒരു മടി. ആരെങ്കിലും ഇതു വായിച്ചിട്ട് ആ സിനിമ കാണണ്ട എന്നു തീരുമാനിച്ചാലോ? അങ്ങനെ ആ സംവിധായകൻ അടുത്ത പടം എടുക്കാതിരുന്നാൽ ആ പാപത്തിൽ എനിക്കും പങ്കുണ്ടാകുകയില്ലേ എന്നൊക്കെയാണ്‌ വിചാരം.


ജയരാജിന്റെ ‘ഒറ്റാൽ’ ഒരു മുഖ്യധാരാസംവിധായകന്റെ കൃതിയാണെങ്കിലും മുകളിൽ പറഞ്ഞ എല്ലാ സ്വഭാവങ്ങളുമുള്ളതാണ്‌. എന്നാലും വല്ലപ്പോഴുമൊരിക്കൽ മനസ്സിൽ തോന്നുന്ന നാലുവാക്കു പറഞ്ഞില്ലെങ്കിൽ വായിലെ മധുരം കാരണം പുഴുപ്പല്ലുവരികില്ലേ? പിന്നെ ഏറ്റവും മികച്ച പടത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയതാണ്‌ എന്നുള്ളതുകൊണ്ട് അത്ര കുറ്റബോധം തോന്നണ്ടതില്ല.

(മുന്നറിയിപ്പ്: സിനിമ കാണുംമുമ്പ് കഥയറിയാന്‍ ഇഷ്ടമില്ലാത്തവർ തുടര്ന്നു വായിക്കരുത്)

നന്മനിറഞ്ഞ ഗ്രാമങ്ങളെപ്പറ്റി, അവിടുത്തെ അനഭ്യസ്തവിദ്യരായ പഴയ തലമുറയെപ്പറ്റിയുള്ള കഥകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ സിനിമ കണ്ടിരിക്കണം. ഇടയ്ക്കിടയ്ക്ക് ഫിഷ്-ഐ ലെൻസുകൊണ്ട് ഹൈലൈറ്റ് ചെയ്യുന്ന, നീണ്ടുപരന്നുകിടക്കുന്ന കുട്ടനാടിന്റെ ദൃശ്യങ്ങളാണ് ആദ്യാവസാനം. ശ്രീവത്സൻ ജെ. മേനോന്റെ മൃദുവായ ഘടം, കാവാലം നാരായണപ്പണിക്കർ എഴുതിയ കവിതകൾ എല്ലാമുണ്ട്. (ഇതിൽ താറാവുകാരന്‍ മുമ്പൊരു സിനിമയിൽ ഉപയോഗിച്ചുകഴിഞ്ഞതാണ്. യൂ-റ്റ്യൂബില്‍ നെടുമുടി വേണു പാടിയത് കിട്ടാനുമുണ്ട്. പക്ഷേ, പുതുമ ഈ പടത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്‍ അല്ലാത്ത സ്ഥിതിക്ക് അതിലൊന്നും കാര്യമില്ല.) പഴമ = നന്മ എന്നു വിശ്വാസിക്കുന്നവര്ക്ക് പറ്റിയ പടമാണ്. പഴമ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്‌ സിനിമയിൽ. ഗ്രാമീണരും വൃദ്ധരും മുഴുവന്‍ നല്ലവരാണ്. അവർ കള്ളുകുടിക്കുകയും വള്ളപ്പാട്ട് പാടുകയും, (‘കുട്ടനാടന്‍ പുഞ്ചയിലെ’ അല്ലാതെ ഒരു പാട്ട് കിട്ടിയില്ലേ?) രാവിലെ മുതൽ വൈകിട്ടുവരെ ചൂണ്ടയിടുകയും, യാതൊരു തെരക്കുമില്ലാതെ ഒറ്റാൽ വെച്ച് മീന്‍ പിടിക്കുകയും, ആര്ക്കും കത്ത് ഇല്ലെങ്കിലും പോസ്റ്റും കൊണ്ടു വരികയും (കുട്ടനാട്ടുകാർ കത്ത് എന്ന വാക്ക് ഉപയോഗിക്കാറുണ്ടോ?), ചക്രം ചവിട്ടുകയും, ‘ടോർച്ചും കുടച്ചക്രവും’ ഒക്കെ വന്നെങ്കിലും സന്ധ്യയ്ക്ക് വിളക്കുകാലിന്മേൽ എണ്ണവിളക്ക് കൊളുത്തിവെക്കുകയും ഒക്കെ ചെയ്യുന്നു. യന്ത്രങ്ങൾ പുതുമയുടെ പ്രതിനിധികളാണ്‌. ക്രൂരതയെക്കുറിച്ചും ചൂഷണത്തെക്കുറിച്ചുമുള്ള രംഗങ്ങളിൽ മാത്രമേ അവ കടന്നുവരുന്നുള്ളൂ. തഴച്ചുവളരുന്ന നെല്പാടങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലെങ്ങും ഒരു യന്ത്രം പോലും കാണാനില്ല. ഇതെല്ലാം യന്ത്രസഹായമില്ലാതെ പഴയ ചിട്ടയനുസരിച്ച് മനുഷ്യര്‍ നട്ടുവളർത്തിയതായിരിക്കാം. അസുഖം ഉണ്ടാകുമ്പോൾ ഒരേ ദിശയിൽനിന്ന് ഒന്നിച്ച് ഓടിയെത്തുന്ന ഇവരുടെ അലേർട്ട് സിസ്റ്റം ‘പൂഹോയ്’ വിളിയും കൈയിലെ വെളിച്ചം ചൂട്ടുകറ്റയുമാണ്‌.

വിദ്യാഭ്യാസമാണ് വിമര്ശേനവിധേയമാകുന്ന മറ്റൊരു സ്ഥാപനം. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരു തടവറതന്നെയാണ്‌. ‘മരിക്കുന്നതുവരെ പഠിത്തമാണ്‌’ എന്നും മറ്റുമുള്ള വിമർശനങ്ങൾ അങ്ങിങ്ങ് കേള്ക്കാംാ. നല്ലകഥാപാത്രങ്ങളിൽ വീട്ടമ്മയും ഡോക്ടറുമൊഴികെ എല്ലാവരും വിദ്യാഭ്യാസമില്ലാത്തവരാണ്‌.
ഇതുവരെ പറഞ്ഞത് ഈ ചിത്രം മുന്നോട്ടുവെക്കുന്ന ദര്ശിനത്തെക്കുറിച്ചാണ്. ഇതിനോട് ഒരു കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് വിയോജിപ്പുണ്ട് എന്നത് ഒരു കാര്യം. എന്നാൽ, ഇതും ഒരു ദര്ശ്നമാണ് എന്നതും അത്തരം ഒരു ദര്ശ്നം അവതരിപ്പിക്കാന്‍ ഒരു ചിത്രത്തിന് അവകാശമുണ്ട് എന്നതും വേറെ കാര്യം.
ഇനി പറയുന്നത് ശില്പപരമായ പ്രശ്നത്തെക്കുറിച്ചാണ്. ഹൃദയസ്പർശിയാവേണ്ട ഒരു കഥയാണ്‌. പക്ഷേ, ഒന്നും തോന്നുന്നില്ല. പിടിച്ച് ഉലച്ചുകളയുന്ന ഏതാനും ഷോട്ടുകൾ ഒഴിച്ചാൽ ഈ ചിത്രം മുഴുവന്‍ വിരസതയാണ്.

അഭിനയിച്ചു പരിചയമില്ലാത്ത മുഖ്യനടന്മാരെക്കൊണ്ട് നന്നായി അഭിനയിപ്പിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ, ഒരു പട്ടി ഉള്പ്പെഴടെ.
മലയാളസിനിമ അന്താരാഷ്‌ട്രതലത്തിൽ എന്തുകൊണ്ട് അംഗീകാരങ്ങൾ നേടുന്നില്ല എന്ന്‍ വിചാരപ്പെടുന്നവർ വാഴ്ത്തപ്പെടുന്ന ഇത്തരം ചിത്രങ്ങൾ കാണേണ്ടതാണ്.

<< കണ്ടെഴുത്ത്‌

Friday, September 18, 2015

വൈക്കം സത്യഗ്രഹത്തെപ്പറ്റി മേരി കിങ്ങ്



പ്രശസ്ത സമാധാനപ്രവര്‍ത്തകയും പണ്ഡിതയുമായ ഡോ: മേരി എലിസബെത്ത് കിങ്ങ് എഴുതിയ "Gandhian Nonviolent Struggle and Untouchability in South India: The 1924-25 Vykom Satyagraha and Mechanisms of Change" എന്ന പുസ്തകവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന ചര്‍ച്ച വിജ്ഞാനപ്രദമായിരുന്നു. ഡോ: കിങ്ങിന്റെയും പുസ്തകപരിചയം നടത്തിയ ശ്രീ. എം. ജി. രാധാകൃഷ്ണന്‍റെയും പ്രസംഗങ്ങളില്‍നിന്നു മനസ്സിലാക്കിയ ഏതാനും കാര്യങ്ങള്‍.

- സമരം തുടങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് ഗാന്ധിജി സമരവുമായി ബന്ധപ്പെട്ടത്.
- മര്‍ദ്ദകരുടെ മാനസാന്തരത്തിലൂടെ മര്‍ദ്ദനങ്ങള്‍ക്ക് അറുതി എന്നതായിരുന്നു ഗാന്ധിജിയുടെ ദര്‍ശനം. അയിത്തത്തിന്‍റെ അവസാനം സവര്‍ണ്ണ ജാതിക്കാരുടെ മുന്‍കൈയോടെ നടക്കണം എന്ന്‍ അദ്ദേഹം കരുതി. അതുകൊണ്ട്, എസ്എന്‍ഡിപി ഉള്‍പ്പെടെ പ്രമുഖ അവര്‍ണ്ണസംഘടനകളുടെ പങ്കാളിത്തത്തെ അദ്ദേഹം അവഗണിച്ചു. അഹിന്ദുക്കളായ അകാലികളെയും ക്രിസ്ത്യാനികളെയും അവര്‍ സമരത്തില്‍നിന്നും പിന്തിരിപ്പിച്ചു.
- സമരം നീണ്ടുപോയിട്ടും സവര്‍ണ്ണസ്ഥാപനങ്ങളുടെ മാനസാന്തരം ഉണ്ടാകില്ല എന്നു കണ്ടപ്പോള്‍ അദ്ദേഹം തന്‍റെ സമീപനത്തില്‍ പല മാറ്റങ്ങളും വരുത്താന്‍ തയ്യാറായി. 'സമ്മര്‍ദ്ദം', 'പൊതുജനാഭിപ്രായം' തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായി.
- സമരം ഒരു വന്‍വിജയമായിരുന്നു എന്ന്‍ പാശ്ചാത്യലോകത്ത് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് സത്യമല്ല. അവര്‍ണ്ണരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ഒരു പുതിയ വഴിവെട്ടുകയാണ് ക്ഷേത്രഭരണക്കാര്‍ ചെയ്തത്. ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രപാതയില്‍ അവര്‍ണ്ണര്‍ക്ക് തുടര്‍ന്നും പ്രവേശനം ഉണ്ടായില്ല.
- ഇവിആര്‍ സത്യഗ്രഹത്തിന്‍റെ പരിസമാപ്തിയെച്ചൊല്ലി നിരാശനായിരുന്നു. സമരം പിന്‍വലിച്ചതിന്റെ പിറ്റേന്ന് അദ്ദേഹം കോണ്‍ഗ്രസ്സില്‍നിന്നു രാജിവെച്ചു.
- സത്യഗ്രഹം രാജ്യത്തിലൊട്ടാകെയും പുറത്തും ശ്രദ്ധനേടി. ഗാന്ധിജിയുടെ പങ്കാളിത്തം മൂലമാണ് പരിമിതമായ നേട്ടങ്ങളെങ്കിലും കൈവരിക്കാന്‍ സമരത്തിനു കഴിഞ്ഞത്. അതിനുശേഷം നടന്ന സമാനമായ പല സമരങ്ങളും പരാജയപ്പെട്ടു.
- അഹിംസാധിഷ്ഠിതമായ സമരമാര്‍ഗം എന്ന നിലയില്‍ ലോകപ്രശസ്തമായി തീര്‍ന്ന സത്യഗ്രഹത്തിന്‍റെ ഒന്നാമത്തെ പരീക്ഷണവേദിയായിരുന്നു വൈക്കം. അതില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഗാന്ധിജി പില്‍ക്കാലത്ത് സത്യഗ്രഹത്തെ മെച്ചപ്പെടുത്തിയത്.
- അഹിംസാധിഷ്ഠിതമായ സമരങ്ങള്‍ അക്രമമാര്‍ഗങ്ങളെക്കാള്‍ ഇരട്ടി ഫലവത്താണ് എന്ന്‍ ഈയിടെ നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
- അമേരിക്കയിലെ കറുത്തവംശജരുടെ പ്രതിനിധികള്‍ പലവട്ടം ഇന്‍ഡ്യ സന്ദര്‍ശിക്കുകയും സത്യഗ്രഹത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഈ മാര്‍ഗങ്ങളാണ് അവര്‍ ഉപയോഗപ്പെടുത്തിയത്.
- 1959ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് തിരുവനന്തപുരം സന്ദര്‍ശിച്ചു. അന്ന്‍ ഇഎംഎസ്സുമായി നടന്ന അരമണിക്കൂര്‍ നീണ്ട സ്വകാര്യസംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ ഇപ്പോഴും പരസ്യമല്ല.

<< കടലാസുകപ്പല്‍

Wednesday, August 19, 2015

ഡിൽഡോ: ഛിന്നകാമനകളുടെ ദുരന്തപുസ്തകം

വി. എം. ദേവദാസ് എഴുതിയ "ഡിൽഡോ: ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം" എന്ന നോവലിന്‍റെ ഒരു വായന. തര്‍ജ്ജനി ഓണപ്പതിപ്പില്‍.



<< കടലാസുകപ്പല്‍