Tuesday, October 23, 2012

തനിനിറം

ചുണ്ടിൽ ചുവപ്പായുമവൾക്കു കണ്ണു-
രണ്ടിൽ കനക്കുന്നൊരു നീലമായും
പണ്ടേ പലേമട്ടിലുദിപ്പു രാഗം
കൊണ്ടൽക്കറുപ്പായ് കരളിന്നകത്തും

രാഗം എന്ന വാക്കിന് പ്രേമം എന്ന അർത്ഥത്തോടൊപ്പം നിറം എന്നും മനോഭാവം എന്നും അർത്ഥങ്ങളുണ്ട്.

<< ശ്ലോകങ്ങൾ

Friday, October 12, 2012

മിണ്ടരുതെന്നു വിചാരിച്ചാലും

മോ യെന്നിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിനെക്കുറിച്ച് മലയാളമനോരമ അച്ചടിച്ച “മിണ്ടരുത്” എന്ന വാർത്ത നിറയെ അബദ്ധങ്ങളാണ്.




1) “റെഡ് സോർഗം” എന്ന ഴാങ് യിമൌ ചിത്രം “പ്രാദേശികമദ്യമുണ്ടാക്കുന്ന വഴികൾ വിശദമാക്കുന്ന ചലച്ചിത്രമാ“ണെന്ന്. ആ പടം കണ്ടവരേ, ദയവായി തലയറഞ്ഞു ചിരിക്കരുതേ.

2) “ചൈനീസ് ഭാഷയുടെ പന്ത്രണ്ടിലേറെ സമാഹാരങ്ങളും” ചൈനീസ് ഭാഷയുടെ സമാഹാരങ്ങളോ അതോ ചൈനീസ് ഭാഷയിലുള്ള സമാഹാരങ്ങളോ?

3) “അഞ്ചുലക്ഷം കഥാപാത്രങ്ങളെ“ നിരത്തിയതാണ് ഒരു നോവലെന്ന്. അഞ്ചുലക്ഷം കഥാപാത്രങ്ങളുള്ള ഒരു നോവലോ എന്ന് അന്തം വിടണ്ട. ചൈനീസ് അക്ഷരങ്ങളെ വിശേഷിപ്പിക്കുന്ന ‘കാരക്റ്റർ‘ എന്ന ഇംഗ്ലീഷ് വാക്ക് ‘കഥാപാത്രം‘ എന്ന് തെറ്റായി പരിഭാഷപ്പെടുത്തിയതാണ് ഈ ദുരന്തം. അഞ്ചുലക്ഷം സ്വഭാവശുദ്ധികൾ എന്നു പറയാഞ്ഞതു ഭാഗ്യം.

4) “ചീനക്കാരുണ്ടാക്കിയ കടലാസിൽ” ചൈനീസ് പേപ്പർ എന്നത് ഇങ്ങനെയാണോ പരിഭാഷപ്പെടുത്തുക? Indian cuisine എന്നത് ഇൻഡ്യക്കാരുണ്ടാക്കിയ ഭക്ഷണം എന്നു പറയാമോ?

5) “ആ കഥകളുടെ പ്രതീകാത്മകമായ അർത്ഥമുള്ള കഥകൾ.“ എന്തരോ എന്തോ?

6) Hallucinatonic എന്നൊരു വാക്കുണ്ടോ? ആ ടോണിക്ക് എവിടെയാണാവോ കിട്ടുക?

<< തോന്നിയവാസം

Monday, October 01, 2012

വൃത്തങ്ങളോട്

രൂപ,മർത്ഥവുമിയന്ന പൂർവകവിമല്ലരൊത്തു കളിയാടിയോ-
രാഭയാർന്ന പ്രിയ മല്ലികേ, സുമുഖി, സ്രഗ്ധരേ, കുസുമമഞ്ജരീ,
ഇന്നു നല്ല കവികൾക്കു നിങ്ങളൊടു പ്രേമമൊട്ടുമുണരായ്കയാൽ
എന്നെമാതിരി കുറഞ്ഞവീര്യമെഴുവോർക്കു തെല്ലു വശമാകുവിൻ!

<< ശ്ലോകങ്ങൾ