Thursday, April 29, 2010

നാടോടുമ്പോൾ

(പ്രമോദിന്റെ കവിതയ്ക്ക്‌ ഒരു പ്രതികരണം)

പുരുഷകേസരിക്കൂട്ടം
നാരിമാരെ മുറപോലെ
കരുത്തോടെ ഭരിക്കുന്നൊ-
രിടത്തുപോയി

കുടിക്കാനായ്‌ തരുണികൾ
പബ്ബുകളിൽ കയറിയാൽ
തടിയ്ക്കും തന്റേടത്തിനും
കുഴപ്പമാകാം

****

മനുഷ്യദൈവത്തെ വാഴ്ത്തി
സ്തുതിച്ചു സന്തുഷ്ടരായി
മനുഷ്യന്മാർ വസിക്കുന്ന
സ്ഥലത്തുപോയി
അവരുടെ തലയ്ക്കുള്ളിൽ
വെളിവു നൽകുവാൻ പോയാൽ
അവന്റെ കാര്യവും തെല്ലു
പരുങ്ങലാകാം

****

സവർണ്ണന്മാർ അവർണ്ണനെ
നിലയ്ക്കുനിർത്തുവാൻ വേണ്ടി
അവമതിപ്പെടുത്തുവാൻ
മടിയ്ക്കാ ദിക്കിൽ
'അവർണ്ണൻ ഞാൻ, എനിയ്ക്കെന്താ
ചെരിപ്പിട്ടു നടന്നാ'ലെ-
ന്നവിവേകം വിചാരിച്ചാൽ
കെണിയായേക്കാം

****

ചെകുത്താൻ വേദപുസ്തകം
പിടിച്ചും കുന്തിരിക്കത്തിൻ
പുകച്ചുരുൾ പരത്തിയും
ചരിക്കും നാട്ടിൽ
അവന്റെ മേൽ വിരൽ ചൂണ്ടാൻ
മനുഷ്യപുത്രനുണ്ടായാൽ
അവനു വേദനിക്കുവാൻ
ഇടയുണ്ടാകാം

****

"പൊറുക്കുവാനൊരിക്കലും
കഴിയാത്ത പ്രമാദത്തെ
പൊറുപ്പിക്കും കലയേ രാ-
ഷ്ട്രീയമെഴുത്ത്‌"
പതിറ്റാണ്ടു പലതിനു
മുമ്പൊരുത്തൻ പറഞ്ഞതു
പതിരില്ലാതെയിപ്പോഴും
ശരിയാണല്ലോ




<< കവിതകള്‍

6 comments:

Calicocentric കാലിക്കോസെന്‍ട്രിക് said...

വേണ്ടാതീനം എഴുതി രാജേഷ് വര്‍മ്മ പുരോഗമന ബ്ലോഗന്മാര്‍ക്ക് അനഭിമതനായോ?

:: VM :: said...

അവർണ്ണന്മാർ സവർണ്ണനെ
നിലയ്ക്കുനിർത്തുവാൻ വേണ്ടി
അവമതിപ്പെടുത്തുവാൻ
മടിയ്ക്കാ ദിക്കിൽ
'ചിത്രകാരന്‍ ഞാൻ, എനിയ്ക്കെന്താ
ബ്ലോഗു തുടങ്ങിയാലെന്താ നായരേ-
ന്നവിവേകം വിചാരിച്ചാൽ
പണിയായേക്കാം

രാജേഷ് ആർ. വർമ്മ said...

കാലിക്കോ,

നന്ദി.

വിശാലൻ,

ചിത്രകാരനെ ബ്ലോഗിലെ സക്കറിയ എന്നു വിശേഷിപ്പിക്കാൻ കഴിയുമെന്നു ചിന്തിച്ചിരുന്നില്ല. നന്ദി.

രാജേഷ് ആർ. വർമ്മ said...

വി‌എം,

വിശാലമനസ്കൻ എന്നതിന്റെ ചുരുക്കമാണെന്നു ധരിച്ചു. ക്ഷമിക്കണം. ഇത് ആളു വേറെ അല്ലേ?

രാജന്‍ വെങ്ങര said...

പ്രിയ രാജേഷ് വര്‍മ്മ,
ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ. http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

:: VM :: said...

സാരമില്ല- സത്യത്തില്‍ ഞാനും ഒരു വിശാല മനസ്സിന്റെ ഉടമയാ രാജേഷ് വര്‍മ്മേ, അതുകൊണ്ട് ഓക്കേ. :)