Monday, January 12, 2009

എന്തരോ മഹാനുഭാവുലു - പദപ്രശ്നം ഉത്തരങ്ങളും പുരസ്കാരദാനവും

ഒരു മാസം നീണ്ടുനിന്ന പദപ്രശ്നമത്സരത്തില്‍ പങ്കെടുത്ത 15 പേര്‍ക്കും നന്ദി. പങ്കെടുത്തവര്‍ മൊത്തത്തില്‍ത്തന്നെ വളരെക്കുറച്ചു തെറ്റുകളാണു വരുത്തിയത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. അഞ്ചുപേരാണ്‌ മുഴുവന്‍ ശരിയായ പൂരണങ്ങള്‍ അയച്ചത്‌. ഇവര്‍ ആജീവനാന്തം പദശേഖരന്മാരും ശേഖരികളുമായി അറിയപ്പെടും. ഒരോ കൊച്ചുതെറ്റുകളുടെ പേരില്‍ കൊച്ചുത്രേസ്യ, പാഞ്ചാലി, മാരാര്‍ എന്നിവര്‍ക്ക്‌ പദപ്രതിഭാപുരസ്കാരം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങളും നമസ്കാരവും.

പദശേഖരന്മാരും ശേഖരികളും (അയച്ച തീയതികളോടൊപ്പം)

ഉമേഷ്‌ (ഡിസംബര്‍ 9)
കുഞ്ഞുമോള്‍ (ഡിസംബര്‍ 10)
ഗിരീഷ്‌, അഞ്ജലി (ഡിസംബര്‍ 11)
അയല്‍ക്കാരന്‍ (ഡിസംബര്‍ 23)
സിജു (ജനുവരി 8)

പദപ്രതിഭ

പാഞ്ചാലി -1
കൊച്ചുത്രേസ്യ -1
മാരാര്‍ -1

ശരിയായ പൂരണം: (ഞെക്കിയാല്‍ ഭൂതക്കണ്ണാടിയില്ലാതെ വായിക്കാം)




മറ്റു പങ്കെടുത്തവരും ഓരോരുത്തര്‍ക്കും തെറ്റിയ കളങ്ങളുടെ എണ്ണവും

സൂരജ്‌ -2
ജയരാജന്‍ -3
സു -3
പ്രമോദ്‌ -3 (ഒരു നായനാര്‍ തെറ്റിക്കാന്‍ പാടില്ലാത്തതാണ്‌ തെറ്റിച്ചത്‌)
എതിരന്‍ കതിരവന്‍ -3
പ്രശാന്ത്‌ കളത്തില്‍ -3
ജയകൃഷ്ണന്‍ -5

ഉത്തരങ്ങളുമായി ബന്ധപ്പെട്ട ചില ചൂണ്ടുപലകകള്‍:

39 വലത്തോട്ട്‌: ശ്രീരാമചരിതത്തില്‍നിന്നുള്ള ഒരു പടലം ഇവിടെ വായിക്കാം.

18 താഴോട്ട്‌: സങ്കീര്‍ത്തനങ്ങള്‍ 92:12

25 താഴോട്ട്‌: ഗെയ്ഥെയുടെ ഉദ്ധരണി


ഇതേ പദപ്രശ്നം പോര്‍ട്ട്‌ലന്‍ഡിലെ മലയാളം വലിയ പിടിയില്ലാത്ത മലയാളികള്‍ക്കുവേണ്ടി ഉണ്ടാക്കിയത്‌ ഇവിടെ കാണാം.

20 comments:

പാഞ്ചാലി said...

രാജേഷെ, പദപ്രശ്ന ഫലം കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. :)
പുരസ്കാരം നിരസിക്കുന്നതാണല്ലൊ ഇപ്പോള്‍ സ്റ്റൈല്‍.
ഞാനിതാ നിരസിയ്ക്കുന്നു :(
പടലം എന്നതിനു പകരം ഞാന്‍ പാടലം എന്നാണെഴുതിയിരുന്നത് (അതൊരു ഊഹം വച്ചെഴുതിയതായിരുന്നു!). അതു കാണാതെ സമ്മാനം പ്രഖ്യാപിച്ചതാണെങ്കില്‍ തിരിച്ചെടുക്കുക. എനിക്കാ കൊച്ചുത്രേസ്യേടെ കൂടെ തമാശ കേട്ടിരിക്കാമല്ലോ! പിന്നെ ആ തെറ്റു കണ്ടിട്ടും “ഉത്തരം ഏറ്റവും ആദ്യം അയച്ചതല്ലേ പാവം!” എന്നു വിചാരിച്ച് തന്നതാണെങ്കില്‍ തിരിച്ചെടുക്കണ്ട.
:)

ഏതായാലും അച്ഛനപ്പൂപ്പന്മാരുടെ കാലം മുതല്‍ ഞങ്ങള്‍ സത്യസന്ധരാണെന്നു നാലാളുകള്‍ മനസ്സിലാക്കുമല്ലോ! മതി! അതു മതി!
“സത്യമേവ ജയതേ”

പാഞ്ചാലി said...

ആ പോര്‍ട്ട്ലാന്‍ഡ് പദപ്രശ്ന ലിങ്ക് കിട്ടുന്നില്ലല്ലോ രാജേഷ്?

Suraj said...

ഇംഗ്ലീഷുമീഡിയത്തില്‍ നിന്നുമുള്ള ഒരു “മലയാള-വികലാംഗന്‍” എന്ന പരിഗണന തരാന്‍ ജഡ്ജിങ് കമ്മറ്റിക്ക് ഒരു അപ്പീലു കൊടുക്കാമ്പോവുവാ.

പ്രൈസടിച്ച പദശേഖരന്മാര്‍ക്കും ശേഖരികള്‍ക്കും മത്സരക്കമ്മറ്റിയൊരുക്കുന്ന സമാപനദിന സദ്യകഴിച്ച് വയറിളകി മുടിയാന്‍ പോത്തുകാലപ്പനു നേര്‍ച്ചയും നേരുന്നു.

അപ്പീല്‍ കമ്മറ്റി സമക്ഷം,

ഒപ്പ്.
ഡുണ്ടു മോന്‍ & ടിന്റു മോള്‍
കേരള നടനം ടീം,
ബ്രെസ്റ്റ് നമ്പര്‍ 334.

അയല്‍ക്കാരന്‍ said...

പള്ളിക്കൂടത്തിലെങ്ങാനും വെച്ചായിരുന്നെങ്കില്‍ നല്ല ഇടിവെച്ചു തന്നേനെ.
തുരപ്പന്‍, കള്ളനാണയം, എക്കല്‍ എന്നതു മൂന്നും ശരിയാണെങ്കില്‍ പിന്നെ തുള്ളല്‍ എന്ന് ഞാന്‍ വേറെ എഴുതേണ്ട കാര്യമുണ്ടോ? കള്ളിയില്‍ എഴുതിയിരുന്നേ ഫുള്ളാ‍.

സു | Su said...

എക്കൽ എന്നുള്ളത് ഏക്കൽ എന്നായി. തെറ്റി. പക്ഷെ നമസ്തേ ശരിയല്ലേ? അതാവും ശരിയെന്നു കരുതിയാണ് നമസ്കാരം എന്നത് മാറ്റി എഴുതിയത്. അറിയാഞ്ഞിട്ടല്ല.

Thus Testing said...

ഡുണ്ടുമോനും ടിന്റുമോനും 5000 ക. അപ്പീല്‍ ഫീസടക്കാന്‍ താല്പര്യപ്പെടുന്നു.

Siju | സിജു said...

അങ്ങിനെ അതും..
ശ്ശോ.. എന്നെ കൊണ്ട് ഞാന്‍ തോറ്റു..

Anonymous said...

പ്രിയ ക്രോസ് (ബെല്‍റ്റ് )വേര്‍ഡ് രാജേഷ് ജീ

ഒരുത്തരം ശരിയാക്കിയതില്‍ ഖേദിക്കുന്നു.
പണ്ടും പരീക്ഷ പേപ്പര്‍ തരുമ്പൊള്‍ എന്നോട് ടീച്ചര്‍മാര്‍ ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്..
"ഒരു ചോദ്യം മാത്രം എങ്ങനെ ശരിയാക്കിയെടാ എന്ന്"

അതറിയാമായിരുന്നെങ്കില്‍ ഞാനീ പത്രവും കൊണ്ട് ഇന്നു നടക്കുമായിരുന്നോ!

നൂറില്‍ പൂജ്യത്തിന് പകരം, ഒന്ന് കിട്ടുന്നതാണ് കൂടുതല്‍ നാണക്കേട്. എന്റെ വിധി.
അടുത്ത പ്രാവശ്യം ഒന്നൂടെ ആഞ്ഞ് ശ്രമിക്കാം.

കൊച്ചുത്രേസ്യ said...

അപ്പോൾ ഇനി ചരിത്രത്തിന്റെ ഏടുകളിൽ നോം 'കൊച്ചുത്രേസ്യാ പ.പ്ര.' (പദപപ്രതിഭ) എന്ന പേരിൽ അറിയപ്പെടുമല്ലേ.. സന്തോഷമായി ഗോപിയേട്ടാ..

അഭിനന്ദനംസ്‌ വിജയീസ്‌..

രാജേഷ് ആർ. വർമ്മ said...

അപ്പീലുകളിന്മേലുള്ള തീരുമാനം:

പാഞ്ചാലി,

ഇ-മെയില്‍ വഴി രണ്ടുമൂന്നു പൂരണം അയച്ചിരുന്നില്ലേ? അങ്ങനെ വന്ന പിശകാണ്‌. പദപ്രതിഭയായി തരംതാഴ്ത്തിയിരിക്കുന്നു.

സൂരജ്‌,

വികലാംഗക്വോട്ടയിലുള്ള അപ്പീല്‍ തള്ളി. കാരണം അറിയാന്‍ ഈ വീഡിയോ കാണുക.

അയല്‍ക്കാരന്‍,

അയല്‍ക്കാരന്റെ അപ്പീല്‍ വായിച്ച്‌ എന്റെ കണ്ണുനിറഞ്ഞു. കരളലിഞ്ഞു. പിന്നെ എന്നെങ്കിലും നേരിട്ടു കണ്ടാല്‍ ഇടി കിട്ടുമോ എന്ന പേടിയുമുണ്ട്‌. (ഇതെന്താ കൊല്ലത്തുകാരനാണോ ഒന്നു പറഞ്ഞ്‌ രണ്ടാമത്തേതിന്‌ ഇടിയ്ക്കാന്‍?) അതുകാരണം കളത്തിലല്ലാതെ അയച്ച എല്ലാ പൂരണങ്ങളും വീണ്ടും മാര്‍ക്കിടാന്‍ പോകുന്നു. ഒന്നു മാത്രമായി ചെയ്യുന്നതു ശരിയല്ലല്ലോ.

Sapna Anu B.George said...

കണ്ടതില്‍ സന്തോഷം

ജയരാജന്‍ said...

എനിക്കും പരാതി ബോധിപ്പിക്കാൻ ഉണ്ട്‌ :(
15. വലത്തോട്ട്‌, ഞാൻ എക്സൽ ഷീറ്റിൽ 'അഭിമാനി' എന്ന് ശരിയായി പൂരിപ്പിച്ചതാ; പക്ഷേ എടുത്തെഴുതിയപ്പോൾ 'ദേശാഭിമാനി' എന്ന് തെറ്റിപ്പോയി - അക്ഷരങ്ങൾ നാലിന്‌ പകരം 5 ആയിപ്പോയി:(
7. താഴോട്ട്‌ 'വനമാല'; 8. താഴോട്ട്‌ 'യവനിക' ; 9. താഴോട്ട്‌ 'നാലമ്പലം'; 15. താഴോട്ട്‌ 'അരുമ'- ഇത്‌ നാലും ശരിയാക്കിയ എനിക്ക്‌ ഈ ഗതി വന്നുവല്ലോ :(
ഇ-മെയിൽ ഐഡി തന്നപ്പോൾ എക്സലിന്റെ jpeg image അയച്ചു തരാമായിരുന്നു - എന്റെ പിഴ :(

രാജേഷ് ആർ. വർമ്മ said...

സപ്ന,

നന്ദി

ജയരാജന്‍,

വിഷമിക്കണ്ട. കളത്തിലല്ലാതെ അയച്ച എല്ലാവരുടേതും പുനര്‍മാര്‍ക്കിടല്‍ നടത്താന്‍ പോകുന്നു.

Anonymous said...

പദപ്രശ്നത്തിലെ ഒരു പദത്തെപ്പറ്റി ഒരു ചെറിയ 'പ്രശ്നം' ഉന്നയിയ്ക്കട്ടെ. 37-ല്‍ വലത്തോട്ടുള്ള ശൂര്‍പണഖയെപ്പറ്റിയാണ്‌. "മുറം പോലെ നഖമുളളവള്‍" എന്നാണല്ലോ സൂചന - വിശേഷണസ്വഭാവമുള്ള ആ അര്‍ത്ഥത്തില്‍ ഈ വാക്കു ശരിയാണോ എന്നു സംശയമുണ്ട്‌: ചില പാണിനീയസൂത്രങ്ങളനുസരിച്ച്‌, ആ അര്‍ത്ഥം വരുവാന്‍ "ശൂര്‍പനഖീ" എന്നു വേണമെന്നു തോന്നുന്നു. ആരുടെയെങ്കിലും പേരാകുമ്പോള്‍ മാത്രമേ "നഖാ" എന്ന് "ആ"കാരത്തില്‍ അവസാനിയ്ക്കുകയുള്ളൂ എന്നാണു വിധി. ഇവിടെ (ശൂര്‍പം, നഖം എന്നീ പദങ്ങള്‍ ചേരുമ്പോള്‍) "ന"കാരത്തിനു പകരം "ണ"കാരം വരുന്നതും പേരാകുമ്പോള്‍ മാത്രമാണെന്നു വിധിയ്ക്കുന്ന മറ്റൊരു സൂത്രവുമുണ്ട്‌. അതായത്‌`, "രാവണസഹോദരിയുടെ പേര്‌" എന്നായിരുന്നു സൂചനയെങ്കില്‍ ഈ ഉത്തരം (ശൂര്‍പണഖാ) ശരിയാണ്‌, പക്ഷേ "മുറം പോലെ നഖമുളളവള്‍"ക്ക്‌ ശൂര്‍പനഖീ എന്നു വേണ്ടിവരും(പേരല്ലാതെ വിശേഷണം മാത്രമാകുമ്പോള്‍) എന്നാണ്‌ മനസ്സിലാക്കിയിട്ടുള്ളത്‌. (രാവണന്റെ പെങ്ങള്‍ക്ക്‌ എന്തുകൊണ്ടാണങ്ങിനെ പേരിട്ടതെന്നു കൈകസിയോടു തന്നെ ചോദിയ്ക്കണം !)

സംസ്കൃതക്കാരുടെ ഓരോ ചിട്ടകളാണ്‌ - ഒരു മലയാളപദപ്രശ്നത്തില്‍ ഇതൊന്നും അത്ര പ്രസക്തമല്ല, എങ്കിലും ഇതു കണ്ടപ്പോള്‍ സംസ്കൃതത്തില്‍ ഇങ്ങനെയൊരു പുലിവാലുണ്ടെന്നു പറയണമെന്നു തോന്നി, അതുകൊണ്ടെഴുതിയതാണ്‌.

(ഈ കുറിപ്പു വായിച്ചാല്‍ പാണിനീയത്തില്‍ നല്ല അവഗാഹമുള്ളയാളാണ്‌ ഇതെഴുതുന്നത്‌ എന്നോ മറ്റോ ഒരു തെറ്റിദ്ധാരണയുണ്ടാകാനിടയുണ്ടെങ്കില്‍ അതിനു വിശേഷിച്ചു മാപ്പുചോദിയ്ക്കുന്നു, സത്യം അതിന്റെയടുത്തെങ്ങുമല്ലെന്നു കൂടി "അഭിമാനപൂര്‍വം" പറയട്ടെ).

രാജേഷ് ആർ. വർമ്മ said...

ശ്രീകൃഷ്ണന്‍,

തെറ്റു തിരുത്തിയതു നന്ദി. എവിടുന്നോ പണ്ടു ധരിച്ചുവെച്ചതാണ്‌. പദപ്രശ്നം പൂരിപ്പിച്ചവര്‍ക്കും പലര്‍ക്കും ഇതേ ധാരണയുണ്ടായിരുന്നു എന്നു മനസ്സിലായി.

Suraj said...

അപ്പീലു തള്ളിയ വിഡിയോ കണ്ട് കണ്ണൂ നിറഞ്ഞു... പിന്നെ ഉരല് വേഴ്സസ് മദ്ദളം, ഒരുകാല്‍ മന്തന്‍ വേഴ്സസ് ഇരുകാല്‍ മന്തന്‍ എന്നിങ്ങനെയുള്ള സുന്ദര ഇമേജറികള്‍ ഓര്‍ത്ത് സമാധാനപ്പെടുന്നു.

അടുത്ത മത്സരത്തിനു കോടതി ഉത്തരവും കൊണ്ടേ വരൂ.. നോക്കിക്കോ.

Sapna Anu B.George said...

നെല്ലിക്ക എവിടെയോ വായിച്ചു മറന്നോ അതോ...കേട്ടു പരിചയമോ അറിയില്ല... ബ്ലോഗ് വായിച്ചതില്‍ സന്തോഷം

രാജേഷ് ആർ. വർമ്മ said...

വൈകിയെത്തുന്ന നീതി വരാത്ത നീതിയ്ക്കു തുല്യമാണെന്നല്ലേ പറയാറ്‌. എല്ലാവരും ക്ഷമി! കളത്തില്‍ എടുത്തെഴുതി സകല പൂരണങ്ങളും ഒരിക്കല്‍ക്കൂടി പുനപ്പരിശോധിച്ചു. (അടപ്പൂരിപ്പോയി!) മാര്‍ക്കുകളില്‍ കുറച്ചു മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. അയല്‍ക്കാരന്‍ ശേഖരനായി. പാഞ്ചാലിയും മാരാരും പ്രതിഭകളും. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

രാജേഷ് ആർ. വർമ്മ said...

സപ്ന, ഇത്ര ചെറുപ്പത്തിലേ ഇത്ര മറവിയോ? കഷ്ടിച്ച്‌ ഒരുമാസം മുമ്പ്‌ ഇട്ട കമന്റ്‌ മുകളില്‍ കാണുന്നുണ്ടല്ലോ. പിന്നെ ഓര്‍ക്കുട്ടിലെ കൂട്ടുകാരുടെ ബ്ലോഗുകള്‍ പോലും ഓര്‍മ്മയില്ലാത്തത്ര സുഹൃദ്ബാഹുല്യമോ? :-)

അയല്‍ക്കാരന്‍ said...

പ്രൊമോഷന്‍ കിട്ടിയത് ഇന്നാണ് കണ്ടത്. നന്ദി, ഥാങ്ക് യൂ, ശുഭ്ക്രിയ