Wednesday, December 31, 2008

കഥയുടെ അവതാരരഹസ്യങ്ങള്‍



പുരാണകഥകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കവിതയുടെയും പണ്ഡിതനും മികവുറ്റ കഥപറച്ചിലുകാരനും ചെണ്ടകൊട്ടുകാരനുമാണ്‌ മൈക്കല്‍ മീഡ്‌. അദ്ദേഹം പറഞ്ഞ മുത്തശ്ശിക്കഥകളുടെ സമാഹാരമായ ജീവജല(The Water of Life)ത്തില്‍ കഥകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന ചില വിചാരങ്ങള്‍:

***

കഥയ്ക്കുള്ളിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ വിശദാംശത്തെ വേണം പിന്തുടരാന്‍. അഥവാ, വിശദാംശം വന്നു വിളിയ്ക്കുമ്പോള്‍ കൂടെപ്പോകണം. കഥ മുഴുവന്‍ മനസ്സ്സിലാക്കേണ്ട കാര്യമില്ല. വാസ്തവത്തില്‍, മുഴുവന്‍ മനസ്സിലാക്കപ്പെട്ടു കഴിഞ്ഞ കഥ പിന്നെ ജീവിക്കില്ല. ഈ പഴംകഥകള്‍ ജീവിച്ചിരിക്കുന്നത്‌ ആര്‍ക്കും അവയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്‌. കഥ ഒരു കലവറയാണ്‌, കാലങ്ങള്‍ കൊണ്ട്‌ മനുഷ്യമനസ്സിനെപ്പറ്റി ജനങ്ങള്‍ നേടിയ അറിവുകള്‍ അതില്‍ സൂക്ഷിച്ചിരിക്കുന്നു. കഥയ്ക്കുള്ളില്‍, പഴക്കം ചെന്നവരും മറക്കപ്പെട്ടവരുമായ ദൈവങ്ങളുടെയും ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ജീവികളുടെയും വസ്തുക്കളുടെയും പിറുപിറുപ്പുകള്‍ അടക്കം ചെയ്തിരിക്കുന്നു. കഥനത്തിന്റെ വഴിയേ നടന്നെത്താന്‍ തയ്യാറുള്ളവരുടെ കാലൊച്ചകള്‍ കേട്ടുണരാന്‍ വേണ്ടി അവ കാത്തുകിടക്കുന്നു.

***

കഥപറയാന്‍ കാരണങ്ങള്‍ പലതുണ്ട്‌. കഥയിലെ വാക്കുകളുടെയും ബിംബങ്ങളുടെയും കേവലാനന്ദത്തിനുവേണ്ടി കഥ പറയാം, ഒരു അന്വേഷണത്തിന്റെ ഭാഗമായി കഥപറച്ചിലിലേര്‍പ്പെടാം, പഴമയുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ വേണ്ടിയും കഥ പറയാം. വീണ്ടും വീണ്ടും പറയപ്പെടുന്ന കഥകള്‍ക്ക്‌ പഴക്കമേറിയ ഒരു ഉള്‍ക്കാമ്പുണ്ടായിരിക്കും. എന്നാല്‍, ജീവിച്ചിരിക്കാന്‍ വേണ്ടി അവ സ്വയം പുതുക്കിക്കൊണ്ടുമിരിക്കും. ഒരിക്കല്‍ പറഞ്ഞതുപോലെ ഒരു കഥ വീണ്ടും പറയുക സാധ്യമല്ല. പൊളിയ്ക്കുകകയും പണിയുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്‌ ഒരു കഥ, എന്നാല്‍ പഴയ ഒന്നിന്റെ ആവര്‍ത്തനവുമാണ്‌. ഒരര്‍ത്ഥത്തില്‍, രണ്ടിടത്തുനിന്നു പുറപ്പെട്ടാണ്‌ അത്‌ ഇവിടെയെത്തിച്ചേരുന്നത്‌. ഓര്‍മ്മയുടെ നാട്ടില്‍നിന്ന്‌ ഉറവെടുത്ത്‌, നാവില്‍നിന്നു പുറപ്പെടാന്‍ കുതിയ്ക്കുന്ന ഒരു പുഴപോലെയാണത്‌. എന്നാല്‍, പ്രചോദനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നാട്ടില്‍ നിന്നും പുറപ്പെടുന്ന ഒരു കൈവഴി കൂടി അതില്‍ ചേരുന്നുണ്ട്‌. കഥയില്‍ പണ്ടുപണ്ടേയുണ്ടായിരുന്നതിനോടൊപ്പം ഇപ്പോള്‍മാത്രം നടന്നുകൊണ്ടിരിക്കുന്നതും കൂടിക്കലരുന്നു. ഈ രണ്ടുനദികളും നാവിന്‍തുമ്പിന്റെ മലഞ്ചെരുവില്‍ കൂടിക്കലര്‍ന്ന് പുറംലോകത്തേക്കു കുതിയ്ക്കുന്നു. കുറഞ്ഞപക്ഷം, അങ്ങനെയാണ്‌ എന്റെ അപ്പൂപ്പന്‍ പറഞ്ഞത്‌, അതിനുമുമ്പ്‌ എന്റെ അപ്പൂപ്പന്റെ അപ്പൂപ്പനും. അവര്‍ക്ക്‌ അറിവില്ലെന്നുണ്ടെങ്കില്‍, നിങ്ങള്‍ പറയൂ, ആര്‍ക്കാണ്‌ അറിവുള്ളതെന്ന്.

***

കഥയെ മനസ്സിനുള്ളില്‍ നടക്കുന്ന ഒന്നായും കാണാം. അപ്പോള്‍, കഥയുടെ ഭാഗങ്ങള്‍ മനസ്സിന്റെ ഭാഗങ്ങളായി മാറുന്നു. കഥയിലുള്ള ഓരോ സംഗതിയെയും നമ്മുടെ മനസ്സിലുള്ള ബിംബങ്ങളോടും ഓര്‍മ്മകളോടും വികാരങ്ങളോടും ചേരുംപടി ചേര്‍ത്താണു നാം ഒരു കഥ കേള്‍ക്കുന്നത്‌. വളരെ പെട്ടെന്നു നടക്കുന്നതുകൊണ്ട്‌ നാം ഇത്‌ അറിയാറുപോലുമില്ല. എങ്കിലും, കഥയുടെ നദികള്‍ കേള്‍വിക്കാരന്റെ സര്‍ഗ്ഗപരമായ കേഴ്‌വിയോടു കലരുന്നിടത്താണ്‌ വാസ്തവത്തില്‍ കഥ നടക്കുന്നത്‌. പുതുമ മെനയാന്‍ ഇഷ്ടപ്പെടുന്ന മനസ്സ്‌, കഥ എന്ന ഈ കളി ഇഷ്ടപ്പെടുന്നു. നമുക്ക്‌ അറിവും ബോദ്ധ്യവുമുള്ള കാര്യങ്ങളുമായി ചേര്‍ത്തുവെക്കുമ്പൊഴേ ഓരോ വ്യക്തിയും കഥയിലെ വാക്കുകള്‍ കേള്‍ക്കുന്നുള്ളൂ. അതുകൊണ്ട്‌, ഒരര്‍ത്ഥത്തില്‍ ഇത്തരം കഥകള്‍ വാസ്തവത്തെക്കാളും വാസ്തവമാണെന്നു വേണം പറയാന്‍.

***

ഒരു കഥ ഒരുപാടു ദൂരം സഞ്ചരിക്കുമ്പോഴും, ഒരുപാടു കാര്യങ്ങളെപ്പറ്റി പറയുമ്പോഴും, അതിന്റെ രഹസ്യങ്ങള്‍ വിശദാംശങ്ങളിലാണു കുടികൊള്ളുന്നത്‌. കഥയില്‍ നിന്ന് അറിവുനേടണമെങ്കില്‍, അതിന്റെ ഉള്ളില്‍ കടക്കണം. അതിന്റെ ഉള്ളില്‍ കടക്കാനുള്ള വഴി വിശദാംശങ്ങളെ തുറന്നുനോക്കുക എന്നതാണ്‌. കഥ മുഴുവന്‍ അറിയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. എന്നാല്‍, വിശദാംശങ്ങളുടെ കവാടങ്ങള്‍ എങ്ങനെ തുറക്കാമെന്നറിയുന്നവനു മുമ്പില്‍ കഥ അതിന്റെ ഉള്‍പ്രപഞ്ചം തുറന്നിടുന്നു. വിശദാംശത്തിനു തൊടാന്‍ വേണ്ടി നിന്നുകൊടുക്കുമ്പോള്‍ നാം കഥയെ നമ്മുടെ ഉള്ളിലേക്കു പ്രവേശിക്കാനനുവദിക്കുന്നു.

***

സങ്കല്‍പ്പിക്കാനാവാത്തവിധം കേമമായിട്ടാണ്‌ കഥകള്‍ അവസാനിക്കാറ്‌. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ന്യായവും നീതിയും വിജയിക്കുകയും ചെയ്യുന്നത്‌ പഴങ്കഥകളിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നാണ്‌. പക്ഷേ, കഥയുടെ അവസാനമല്ല പ്രധാനം. കഥയുടെ നടുവില്‍, കഥയിലൂടെയുള്ള സഞ്ചാരത്തിന്റെ ദുര്‍ഗമപഥങ്ങളിലാണ്‌ പ്രധാനസംഗതികള്‍ നടക്കുന്നത്‌. വാസ്തവത്തില്‍, ആത്മാവിന്റെ യഥാര്‍ത്ഥ വെല്ലുവിളികളെയും അവസ്ഥാവിശേഷങ്ങളെയും അഭിമുഖീകരിച്ചതിന്റെ പ്രതിഫലമായിട്ടാണ്‌ കഥാന്ത്യത്തിലെ ആനന്ദം കൈവരുന്നത്‌. 'പഴങ്കഥകള്‍ എപ്പോഴും സന്തോഷകരമായി അവസാനിക്കുന്നു, ജീവിതം അങ്ങനെയല്ല' എന്ന് പലരും പറയാറുണ്ട്‌. ജീവിതത്തിന്റെ പ്രതിബിംബമായിരിക്കുക എന്നതല്ല പഴങ്കഥകളുടെ ജോലി. ആത്മാവിന്റെ വിഷമസന്ധികളെ വേണ്ടപോലെ നേരിടുമ്പോള്‍ ജീവിതം വീണ്ടും മുന്നോട്ടൊഴുകും എന്ന് ഓര്‍മ്മിപ്പിക്കുകയാണ്‌ അവയുടെ ജോലി. അവസാനത്തിലെ സൗന്ദര്യം കഥാമദ്ധ്യത്തിലെ ദുരിതങ്ങളുടെ സമ്മാനവുമാണ്‌.

***

പണ്ടു പണ്ടൊരു കാലത്ത്‌, ഇന്നത്തെ കാലത്തല്ല, എന്നാല്‍, ഇന്നത്തെ കാലത്തോടു സദൃശമായിരുന്നിരിക്കാവുന്ന മുന്‍പൊരു കാലത്ത്‌...
(ഒരു കഥയുടെ തുടക്കം)


<< കടലാസുകപ്പല്‍

10 comments:

Babu Kalyanam said...

:-)

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Rejeesh Sanathanan said...

പുതുവത്സരാശംസകള്‍

രാജേഷ് ആർ. വർമ്മ said...

ബാബു, ശ്രീനു, മലയാളി,

നന്ദി, പുതുവത്സരാശംസകള്‍!

പകല്‍കിനാവന്‍ | daYdreaMer said...

ഈ അവതാര രഹസ്യങ്ങള്‍ക്ക് നന്ദി സുഹൃത്തേ... പുതുവത്സരാശംസകള്‍..

Siji vyloppilly said...

കഥകേള്‍ക്കാന്‍ ആരുമില്ലാതാവുന്നതോടെ കഥ ഇല്ലാതാവുകയും ചെയ്യുന്നുവല്ലെ? :)

ഹേമ said...

കഥയുടെ കേള്‍വികളേ കുറിച്ച് മനോഹരമായി.

അഭിനന്ദനങ്ങള്‍

ഹേമ

രാജേഷ് ആർ. വർമ്മ said...

പകല്‍കിനാവന്‍, സിജി, ഹേമ, നന്ദി.

ഇല്ല, കഥ മരിക്കുന്നില്ല. ആട്ടം കഴിഞ്ഞ പാമ്പ്‌ കൂടയിലേക്കും പാട്ട്‌ മകുടിയിലേക്കും മടങ്ങുന്നതുപോലെ വന്നിടത്തേക്ക്‌ ഇഴഞ്ഞുതിരിച്ചുപോകും. അടുത്ത അവതാരം വരെ.

Mr. X said...

കൊള്ളാം, പോസ്റ്റ്..
കഥപരയുനതിനെപറ്റിയും കഥയെപ്പറ്റിയും കുറെ നല്ല ആശയങ്ങള്‍ തന്നതിന്,
നന്ദി...
"നമുക്ക്‌ അറിവും ബോദ്ധ്യവുമുള്ള കാര്യങ്ങളുമായി ചേര്‍ത്തുവെക്കുമ്പൊഴേ ഓരോ വ്യക്തിയും കഥയിലെ വാക്കുകള്‍ കേള്‍ക്കുന്നുള്ളൂ. അതുകൊണ്ട്‌, ഒരര്‍ത്ഥത്തില്‍ ഇത്തരം കഥകള്‍ വാസ്തവത്തെക്കാളും വാസ്തവമാണെന്നു വേണം പറയാന്‍." - this is my fave..

രാജേഷ് ആർ. വർമ്മ said...

നന്ദി ആര്യന്‍. എല്ലാ സ്തോത്രവും മൈക്കല്‍ മീഡിന്‌.