എഴുത്തും മറ്റു സര്‍ഗ്ഗപരിപാടികളും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് Julia Cameronന്റെ How to Avoid Making Art (or Anything Else You Enjoy). ആ പുസ്തകത്തിന്റെ വെളിച്ചത്തില്‍, ബ്ലോഗെഴുതാതിര്‍ക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:
1. ആഴ്ചയില്‍ രണ്ടു പോസ്റ്റെങ്കിലും ഇടാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുതില്ലെന്നു പ്രതിജ്ഞയെടുക്കുക.
2. എഴുതാനിരിക്കുന്ന പോസ്റ്റിനെ ഖസാക്കിന്റെ ഇതിഹാസവുമായി താരതമ്യം ചെയ്യുക.
3. എഴുതുന്നതു വായിക്കുകയും നന്നായിട്ടുണ്ടെന്ന് അഭിപ്രായം പറയുകയും ചെയ്യുന്നവരെല്ലാം പോഴന്മാരാണെന്നു വിശ്വസിക്കുക, മോശമായിപ്പോയെന്നു പറയുന്നവരെല്ലാം നിരൂപകകേസരികളാണെന്നും.
4. എഴുതാന്‍ പോകുന്ന പോസ്റ്റ് ബ്ലോഗിലിടുന്നതിനു പകരം തിരക്കഥയാക്കി ഹോളിവുഡില്‍ വിറ്റാല്‍ എത്ര പണമുണ്ടാക്കാമായിരുന്നു എന്ന് ആലോചിക്കുക.
5. ഈ ആശയം മറ്റാരും ഇതുവരെ എഴുതിയിട്ടില്ല എന്ന് ബൂലോകത്തിലും അച്ചടിമാധ്യങ്ങളിലും തെരഞ്ഞ് ഉറപ്പുവരുത്തിയിട്ടേ എഴുതൂ എന്നു തീരുമാനിക്കുക. റീഡേഴ്സ് ലിസ്റ്റിന് അടിമയാവുക.
6. ഈ മുടിഞ്ഞ ജോലി കാരണമാണ് എഴുത്തുനടക്കാത്തതെന്നു പരാതിപ്പെട്ടിട്ട് ഓഫീസിലിരുന്ന് ഇ-മെയില്‍ നോക്കുകയും ജോലി തീരാത്തതുകൊണ്ടു വൈകിയിരിക്കുകയും ചെയ്യുക.
7. ഇ-മെയിലില്‍ ഫോര്‍വേഡ് ചെയ്തു കിട്ടുന്നതെല്ലാം വായിക്കുക.
8. ബ്ലോഗര്‍മാരുടെ കൂട്ടായ്മകളിലും സ്വയംസേവാസംഘങ്ങളിലും ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുക. ബ്ലോഗ്സംഗമങ്ങളുടെ സംഘാടകനാകുക.
9. ചൂടുപിടിച്ച വിവാദങ്ങള്‍ നടക്കുന്ന ബ്ലോഗുകളില്‍ തമ്പടിയ്ക്കുക. ഈരണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ കമന്റുകള്‍ വായിച്ച് രോഷംകൊള്ളുക.
10. കുട്ടികള്‍ വലുതായിക്കഴിഞ്ഞ് എഴുതാമെന്നു തീരുമാനിക്കുക.
<< കടലാസുകപ്പല്‍
10 comments:
ആഴ്ചയിൽ രണ്ട് പോസ്റ്റെങ്കിലുമിടണമെന്ന നിർബന്ധത്തിനെഴുതിയതാ അല്ലേ..
അപ്പോൾ എന്താ ബ്ലോഗെഴുതാതിരിക്കാൻ ഇത്ര താല്പര്യം?
എന്നിട്ടും ബ്ലോഗെഴുതുന്നവനെ വഴിയിൽ തടഞ്ഞു നിർത്തി നാലു പോട്ടിക്കുക... അല്ലെ പിന്നെ...!
ആ പുസ്തകം വായിച്ചിട്ടും ഒരു പോസ്റ്റ് എഴുതാന്‍ തോന്നി എന്നത് ആ പുസ്തകത്തെക്കുറിച്ച് വിശ്വാസം നഷ്ടപ്പെടുത്തുന്നു.
പ്രതിജ്ഞ എടുക്കാന്‍ ബുദ്ധിമുട്ടായതുകാരണമായിരിക്കും ഈയാഴ്ച രണ്ടുപോസ്റ്റ് ഇട്ടതു്, അല്ലേ?
അനോണീസ് ആന്റീതീസിസ് - എങ്ങനെ പോസ്റ്റ് എഴുതിക്കൊണ്ടേയിരിക്കാം.
1. നമുക്ക് വൈദഗ്ദ്ധ്യമുള്ള വിഷയങ്ങളേ എഴുതൂ എന്ന് വാശിപിടിക്കാതെയിരിക്കുക.
2. സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ തല വയ്ക്കരുത്- ക്വാണ്ടം തീയറിയെക്കുറിച്ച് ഒരു പോസ്റ്റിടുന്ന സമയം കൊണ്ട് കോണ്ടം കീറിപ്പോയ കഥപോലെ നൂറെണ്ണം എഴുതാം.
3. സീരിയല്‍ പോസ്റ്റുകള്‍ വിഷയം എഴുതിത്തീരും വരെ തുടരേണ്ടതില്ല, മടുക്കുമ്പോള്‍ നിര്‍ത്താം
4. പതിനഞ്ചു മിനുട്ടില്‍ പോസ്റ്റ് എഴുതി തീര്‍ന്നില്ലെങ്കില്‍ എഴുതിയെത്തിയിടത്ത് നിര്‍ത്തുക
5. പോസ്റ്റുകള്‍ക്ക് ക്വാളിറ്റി ചെക്ക് നടത്തരുത്, ഒരൊറ്റ വരി പോലും പബ്ലിഷാതെ ഉപേക്ഷിക്കരുത്
6. ക്രോസ് ലിങ്ക്, ഫുട്ട് നോട്ട്, റെഫറന്‍സ്, ക്രോസ് റെഫറന്‍സ് ഇതൊക്കെ പ്രബന്ധങ്ങള്ക്കുള്ളതാണ്, പോസ്റ്റുകള്‍ക്ക് ഇവ അവശ്യമൊന്നുമല്ല. റെഫറാന് വായനക്കാരനു ഗൂഗിള്‍ കയ്യിലുണ്ടല്ലോ.
7. എഴുതിയത് വായിച്ചു നോക്കരുത്, എഴുത്തുകാരന് വേറേ വായനക്കാരന് വേറേ.
8. അക്ഷരപ്പിശകുകള്‍ കമന്റാല്‍ തിരുത്തപ്പെട്ടുകൊള്ളും, ആശയപ്പിശകുകള് തെറിവരുമ്പോള്‍ മനസ്സിലായിക്കോളും.
9. ഒരു കാരണവശാലും ഡ്രാഫ്റ്റ് സേവരുത്, എഴുത്ത് നിര്‍ത്തുമ്പോല്‍ അടിക്കാനുള്ളതാണ് പബ്ലിഷ് ബട്ടണ്‍.
10. എഴുതാനായി സമയം മാറ്റിവയ്ക്കരുത്, ജോലിക്കിടെ, ഫോണ്‍ ചെയ്യുമ്പോള്‍, ഒരിടത്ത് പോയി വെയിറ്റ് ചെയ്യുമ്പോള്‍, ഡെന്റിസ്റ്റിന്റെ അപ്പോയിന്റ്മെന്റിനു വെയിറ്റുമ്പോള്- എപ്പോഴാണോ തോന്നുന്നത്, അപ്പോള്‍ ബ്ലോഗുക.
11. മറ്റു പണിയൊന്നുമില്ലാത്തപ്പോള്‍ മാത്രം കമന്റ് വായിക്കുക.
12. ബ്ലോഗാനുള്ള സമയം കമന്റിപ്പാഴാക്കരുത്, കമന്റിയാലും ട്രാക്കരുത്, ട്രാക്കിയാലും തുടര്‍ക്കമന്റുകള്‍ ഇടരുത്, ഇട്ടാലും അതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കരുത്.
13. എല്ലാ പോസ്റ്റിനും കമന്റ് വേണമെന്ന് വാശിപിടിക്കരുത്, കമന്റ് കിട്ടുന്ന വിഷയമേ എഴുതൂ എന്ന് കരുതരുത്, കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം....
അയ്യേ, കമന്റ് മോഡറേഷനോ? വേഡ് വേരിഫിക്കേഷനോ? പച്ചവെള്ളത്തില്‍ കുളിക്കാമോ? പഴങ്കഞ്ഞിയും കള്ളും കുടിക്കാമോ? ഒണക്കമീന്‍ കൂട്ടാവോ?
നരിക്കുന്നന്‍,
ബ്ലോഗെഴുതാതിരിക്കാന് താത്പര്യമുണ്ടാകാന്‍ പലകാരണങ്ങളുണ്ട്: സന്തോഷം തരുന്നതെന്തും പാപമാണെന്നു വിശ്വസിക്കാനുള്ള ത്വര, ഒന്നിനും കൊള്ളില്ലെന്നു സ്വയം വിലയിരുത്തിയതു ശരിയായിരുന്നു എന്നു തെളിയിക്കാനുള്ള ത്വര മുതലായവ ഉദാഹരണങ്ങള്‍.
സഹ്യന്,
അസഹ്യമായാല് അങ്ങനെയും ചെയ്യാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ പൊട്ടീരു കിട്ടുന്ന പാകത്തില്‍ എഴുതിയാലും മതി.
ചിത്രകാരന്,
ഞാന്‍ പലഘട്ടങ്ങളിലും വിജയകരമായി ഉപയോഗിച്ചിട്ടുള്ളതാണ് ഈ പുസ്തകം. വല്ലപ്പോഴുമൊരിക്കല്‍ പരാജയപ്പെട്ടു എന്നത് പുസ്തകത്തിന്റെ ബലഹീനതയുടെ സൂചനയല്ല, എന്റെ ബലഹീനതയുടെ സൂചനയാണ്.
സന്തോഷ്,
പ്രതിജ്ഞയെടുത്തിട്ടും കാര്യമുണ്ടായില്ല.
ആന്റപ്പന്,
എഴുതാതിരിക്കുന്നതില്‍ വിദഗ്ധനായ എന്റെയും എഴുതുന്നതില്‍ വിദഗ്ധനായ താങ്കളുടെയും അഭിപ്രായങ്ങള്‍ക്ക് ഒരേ സമയം വേദിയായ ഈ പോസ്റ്റ് രണ്ടുകാംക്ഷികള്ക്കും ഉപകരിക്കുമല്ലോ എന്നോര്‍ത്തിട്ടു സന്തോഷം സഹിയ്ക്കവയ്യ. കമന്റ് മോഡറേഷന് പദപ്രശ്നമത്സരത്തിനുവേണ്ടി താത്കാലികമായി ഏര്‍പ്പെടുത്തിയതാണെന്നു കണ്ടുകാണുമല്ലോ. (അതോ കണ്ടില്ലേ? ഛെ!) വേഡ് വെരിഫിക്കേഷന് പണ്ടു സ്പാമന്മാര് വന്നപ്പോള്‍ തുടങ്ങിയതാണ്. ആന്റപ്പന് പറഞ്ഞതിന് പ്രകാരം കുറെനാള്‍ ഓഫാക്കിനോക്കട്ടെ.
ആന്റണി പറഞ്ഞതിന്റെ പൊരുള്‍ ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ 'പൂര്ണ്ണതാരോഗത്തില് (പെര്‍ഫെക്ഷനിസ്റ്റ് സിന്‍ഡ്രോം) നിന്നു മോചനം നേടുക' എന്നതാണ്. എഴുതാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് പൂര്ണ്ണതാരോഗം വികസിപ്പിച്ചെടുക്കുക എന്നതും.
ദുഷ്ടാ അന്തോണിച്ചാ... ആന്റീതെസിസ് കണ്ടിട്ട് അസൂയ സഹിക്കുന്നില്ല. ഉരച്ചു തീര്‍ക്കാന്‍ ഒരു കല്ലുകിട്ടുമോന്ന് നോക്കട്ട്.
ബ്ലോഗിങ് തമ്പുരാട്ടി Arianna Huffington ഈയടുത്ത് നല്കിയ ഒരിന്റര്‍വ്യൂവില്‍ പറഞ്ഞതും ആ പെര്‍ഫക്ഷനിസ്റ്റ് മനോഭാവം ഒഴിവാക്കണമെന്നു തന്നെ. ആ...എന്തരോ !
വര്‍മാജി,
ഇത് നേരത്തെ പോസ്റ്റിയിരുന്നെങ്കില്‍ എത്ര സമയം ലാഭിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം, വേസ്റ്റായ ടൈം വേസ്റ്റായില്ലേ.
നന്ദി സൂരജ്, ജെ.എ.
Post a Comment