Saturday, December 22, 2007

നഗ്നസത്യം - ഒരു ജമൈക്കന്‍ നാടോടിക്കഥ


പണ്ടു സത്യം കൊച്ചുകുട്ടിയായിരുന്ന കാലത്ത്‌ അവന്‍ നൂലുബന്ധമില്ലാതെ നടക്കുന്നതു വീട്ടുകാരും നാട്ടുകാരുമൊക്കെ വാത്സല്യപൂര്‍വം നോക്കിനിന്നിരുന്നു. അവന്‍ വലുതാവാന്‍ തുടങ്ങിയപ്പോള്‍, അവന്റെ അമ്മ അവനെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ചു. അവനതൊക്കെ ഉരിഞ്ഞിട്ടിട്ടു പിന്നെയും നഗ്നനായി നടന്നു. പിന്നെയും വളര്‍ന്നപ്പോള്‍, ഗ്രാമത്തിലെ പെണ്ണുങ്ങള്‍ ഒന്നു ശ്രമിച്ചു നോക്കി. അവന്‍ തുണിയൊക്കെ കീറിയെറിഞ്ഞിട്ടു പഴയതുപോലെ നടന്നു. ആണുങ്ങളായി പിന്നെ ശ്രമം. നിമിഷങ്ങള്‍ കൊണ്ടു പിന്നെയും പിറന്നപടിയിലായിട്ട്‌ അവന്‍ അവരോടു വാദിച്ചു, ഇതാണ്‌ എന്റെ വാസ്തവത്തിലുള്ള രൂപം; ഇതെനിക്കു മറച്ചുവെക്കണ്ട. നഗ്നത അഭംഗിയാണെങ്കില്‍ ദൈവം എന്നെ തുണിയുടുപ്പിച്ചു ലോകത്തിലേക്കയയ്ക്കുമായിരുന്നല്ലോ.

സത്യത്തിനെ തുണിയുടുപ്പിക്കാന്‍ കഴിയില്ലെന്നു മനസ്സിലായപ്പോള്‍ നാട്ടുകാര്‍ അവനെ ഒഴിവാക്കാന്‍ തുടങ്ങി. അവനെ എങ്ങാനും കണ്ടാല്‍ ആണുങ്ങള്‍ മുഖം തിരിച്ചു കളഞ്ഞു. പെണ്ണുങ്ങള്‍ വഴിമാറിപ്പോയി. അവന്റെ പെറ്റമ്മപോലും അവനെ വീട്ടില്‍ക്കയറ്റാതായി. അവന്റെ നഗ്നത കാണാതെ കഴിക്കാന്‍ നാട്ടുകാര്‍ ജനലുകള്‍ക്കു കട്ടിയുള്ള തിരശ്ശീലകളിട്ടു. സത്യം ആരുടെയും കണ്ണില്‍പ്പെടാതെ ജീവിച്ചു വൃദ്ധനായി.

ഒരിക്കല്‍ അവന്‍ ഗ്രാമത്തില്‍ പുതിയൊരു പെണ്ണിനെ കണ്ടു. അവളോട്‌ എല്ലാവരും സ്നേഹത്തോടെയും ആദരവോടെയും പെരുമാറുന്നതു കണ്ടു. അവളുടെ ചുറ്റിനും എപ്പോഴും ഒരാള്‍ക്കൂട്ടമുണ്ടാകും. അവള്‍ക്കു വര്‍ണ്ണപ്പകിട്ടുള്ള ഉടുപ്പുകളുണ്ടായിരുന്നു. അവയില്‍ നിറമുള്ള തൂവലുകളും ചിത്രവേലകളുമുണ്ടായിരുന്നു. അവയില്‍ നായാടുന്ന പുരുഷന്മാരുടെയും നൃത്തം ചെയ്യുന്ന സ്ത്രീകളുടെയും പടങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. ഒരിക്കല്‍ ആളൊഴിഞ്ഞ സമയത്ത്‌ സത്യം അവളെ സമീപിച്ചു ചോദിച്ചു:

"എനിക്ക്‌ ഒരു ജീവിതകാലം കൊണ്ടു നേടാന്‍ കഴിയാത്ത സ്നേഹവും അടുപ്പവും നിനക്ക്‌ ഇത്ര പെട്ടെന്ന് നേടിയെടുക്കാന്‍ കഴിഞ്ഞതെങ്ങനെയാണ്‌."

"നിന്റെ പേരെന്താണ്‌?" അവള്‍ അലിവോടെ ചോദിച്ചു.

"സത്യം." അവന്‍ പറഞ്ഞു.

"ഉം. എനിക്കു തോന്നി. എന്റെയും പേര്‌ സത്യമെന്നായിരുന്നു. എനിക്കും നഗ്നയായി നടക്കാനായിരുന്നു ഇഷ്ടം. ആളുകള്‍ക്ക്‌ അത്‌ ഇഷ്ടമാകുന്നില്ലെന്നു മനസ്സിലാക്കിയിട്ടാണ്‌ ഞാന്‍ മോടിയുള്ള ഉടുപ്പുകള്‍ ചാര്‍ത്തി നടക്കാന്‍ തുടങ്ങിയത്‌. ഇപ്പോള്‍ എല്ലാവര്‍ക്കും എന്നെ സ്നേഹവും വിശ്വാസവുമാണ്‌."

"നിന്റെ പുതിയ പേരെന്താണ്‌?" സത്യം ചോദിച്ചു.

"കഥ" അവള്‍ പറഞ്ഞു

ജമൈക്കന്‍ വംശജയായ ബ്രിട്ടീഷ്‌ കഥപറച്ചിലുകാരി കാരള്‍ റസ്സല്‍ പറഞ്ഞുകേട്ടത്‌. ഇതേ കഥ അല്‍പസ്വല്‍പം വ്യത്യാസത്തോടെ ആഫ്രിക്കന്‍, യഹൂദ, പൂര്‍വയൂറോപ്യന്‍ പാരമ്പര്യങ്ങളിലും പറഞ്ഞുവരുന്നുണ്ടത്രെ.

13 comments:

മൂര്‍ത്തി said...

കൊള്ളാം..

കണ്ണൂരാന്‍ - KANNURAN said...

:) നല്ല കഥ.

സു | Su said...

ജമൈക്കന്‍ കഥ മലയാളത്തിലാക്കിയത് ഇഷ്ടമായി. അതു തന്നെ സത്യം.

Umesh::ഉമേഷ് said...

നല്ല കഥ. ഇതു പരിഭാഷപ്പെടുത്തിയതിനു നന്ദി.

വെള്ളെഴുത്ത് said...

‘സത്യം’ എന്നു പറഞ്ഞു തുടങ്ങിയിടത്തു വച്ച് ദാ.. ഒരു നീതിസാരം കൂടി എന്നാണ് വിചാരിച്ചത്. അവസാനം പെണ്ണ് തന്റെ പേര് കഥ എന്നു പറഞ്ഞിടത്തുവച്ചാണ് കഥ തുടങ്ങുന്നത്..

വേണു venu said...

കഥകഴിഞ്ഞു.:)

അഭയാര്‍ത്ഥി said...

വര്‍മ്മ സാറെ കൊള്ളാം.

സത്യത്തെക്കുറിച്ച സത്യം.
സത്യം കയ്ക്കുന്നതാണ്‌, സത്യം അനാവൃതമാണ്‌.
അനാവൃതമെങ്കിലും അഭിരമിക്കുവാനാകില്ല.
കാരണം കയ്പ്പ്‌.

കപടസുന്ദരം ജീവിതം-
സത്യത്തെ മയക്കുമരുന്നടിപ്പിച്ച്‌ കുളിപ്പിച്ച്‌ കിടത്തിരിക്കയാണെന്ന്‌ വയലാര്‍..
പിന്നെ കയ്ക്കുന്ന നഗ്നമാം സത്യത്തെ പുല്‍കിയിട്ടെന്ത്‌ നേടാന്‍.ഉദ്ധരിക്കില്ല.
സത്യമായും ഞാന്‍ പറയുന്നു അസത്യനിര്‍ഭരമായ ജീവിതം ആവോളമാസ്വദിക്കു.
തൊട്ടരികിലുള്ള സൗഭാഗ്യത്തിന്ന്‌ 360 ഡിഗ്രി കറക്കുന്നത്‌ സത്യം.
നാം നില്‍ക്കുന്നത്‌ സുഖത്തില്‍ തന്നെ എന്ന തിരിച്ചറിവ്‌ അസത്യം.
ഏത്‌ വേണം എന്ന്‌ നിങ്ങള്‍ തീരുമാനിക്കു. ഒരു ജീവിതം മുഴുവന്‍ ചിന്തിക്കുവാനായി തന്നിരിക്കുന്നു.

രാജേഷ് ആർ. വർമ്മ said...

മൂര്‍ത്തി, കണ്ണൂരാന്‍, സു, ഉമേഷ്‌, വെള്ളെഴുത്ത്‌, വേണു, അഭയാര്‍ത്ഥി,

വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. പഴവന്മാരുടെ അറിവ്‌ വാറ്റിയെടുത്ത്‌ ഒരു റേഡിയോ അഭിമുകത്തില്‍ പറഞ്ഞ ആ വലിയ കഥാകാരിയുടെ വാക്കുകളുടെ വിസ്മയത്തിന്റെ ചെറിയൊരംശം പത്തുപേര്‍ക്കു കൂടി പകര്‍ന്നുകൊടുക്കാന്‍ പറ്റിയെന്നറിഞ്ഞതില്‍ സന്തോഷം. കഥയേവ ജയതേ!

Pramod.KM said...

നല്ല കഥ:)

Anonymous said...

Subtle, beautiful

രാജേഷ് ആർ. വർമ്മ said...

പ്രമോദ്‌, വാക്കാശാരി,

നന്ദി.

ശ്രീലാല്‍ said...

നന്ദി രാജേഷ്.

വിചാരശൂന്യം said...

🥰