Sunday, September 16, 2007

ഗലേ ലഗാ ലേ



വളിപ്പിന്റെ കേദാരത്തില്‍ ഒരു ചേരിചേരാസമ്മേളനത്തിലെ ഒരാലിംഗനത്തിന്റെ കഥ പറഞ്ഞിട്ടുണ്ട്‌. -ടി- സമ്മേളനത്തിലെ സഖാവിന്റെയും ഇന്ദിരേടത്തിയുടെയും -ടി- ആലിംഗനത്തിന്റെ പടം മുന്‍പേജില്‍ പത്രങ്ങളിലെല്ലാം അച്ചടിച്ചുവന്നതിന്റെ അടുത്താഴ്ച കേസരി ഇറങ്ങിയപ്പോള്‍ ഭാരതസംസ്കാരത്തിനു വിരുദ്ധമായ ഈ നടപടിയെ മുക്തകണ്ഠം അപലപിച്ചിട്ടുണ്ടായിരുന്നു. കാസ്ട്രോയെ കാസ്ട്രേറ്റ്‌ ചെയ്യണമെന്നതില്‍ കുറഞ്ഞെല്ലാം പറഞ്ഞുവെച്ചിരുന്നു. ഒട്ടുനാള്‍ കഴിഞ്ഞ്‌ ബാബ്‌റി മസ്ജിദ്‌ പൊളിച്ചിട്ട സമയത്ത്‌ മറ്റൊരു പടം പലയിടത്തും അച്ചടിച്ചുകണ്ടിരുന്നു. എല്‍. കെ. അഡ്വാനിയും ഉമാ ഭാരതിയും മസ്ജിദ്‌ തകര്‍ന്നുവീഴുന്നതിന്റെ ആനന്ദം ഒരാലിംഗനം കൊണ്ടു പങ്കുവെയ്ക്കുന്നതിന്റേത്‌. അതെപ്പറ്റി കേസരി എന്താണു പറഞ്ഞിരുന്നതെന്നറിഞ്ഞുകൂടാ.

മലയാളിയുടെ ആലിംഗനവിരുദ്ധത ഒരു സമീപകാല പ്രതിഭാസമായിരിക്കുമോ? അല്ലെങ്കില്‍ കെട്ടിപ്പിടിത്തത്തിന്‌ ഇത്രയേറെ വാക്കുകള്‍ നമ്മുടെ ഭാഷയില്‍ എങ്ങനെയുണ്ടായി? കെട്ടിപ്പിടിക്കുക, പുണരുക, പുല്‍കുക, പൂണുക, മാറോടണയ്ക്കുക, മാറുചേര്‍ക്കുക, ആശ്ലേഷിക്കുക, പരിരംഭണം ചെയ്യുക എന്നീ ശബ്ദങ്ങളെല്ലാം അച്ചിമാരുമായി നടത്തുന്ന ബാഹ്യലീലയെ കുറിയ്ക്കാന്‍ മാത്രമായിരിക്കുമോ ഉപയോഗിച്ചിരുന്നത്‌?

പാശ്ചാത്യസംസ്ക്കാരത്തിന്റെ അവിഭാജ്യഘടകമെന്നു നാം കരുതിയിരിക്കുന്ന ആലിംഗനം അമേരിക്കയില്‍ ആണുങ്ങള്‍ തമ്മില്‍ പ്രയോഗിച്ചു കാണ്ടിട്ടില്ല. എന്നല്ല, ഹ്രസ്വമായ ഒരു ഹസ്തദാനത്തിനപ്പുറത്ത്‌ മേലുതൊട്ടുള്ള ഒരു കളിയും ആണുങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. പൊതുവെ കൈകോര്‍ത്തും തോളത്തു കൈയിട്ടും നടക്കാനിഷ്ടപ്പെടുന്ന മലയാളി ആണുങ്ങള്‍ പോലും അമേരിക്കയിലെത്തിയാല്‍ വൈകാതെ "കുണ്ടന്മാരാണെന്നു വിചാരിച്ചാലോ" എന്നു ഭയന്ന് പരസ്പരം തൊടാതെ നടക്കുന്നതു കാണാം. ആണുങ്ങള്‍ തമ്മിലുള്ള ആലിംഗനത്തിനു സാമൂഹ്യാംഗീകാരമില്ലാത്തതിന്റെ ഫലമാണ്‌ കെട്ടിമറിയലും പൂണ്ടടക്കം പിടിക്കലും ഒക്കെ കലര്‍ന്ന അമേരിക്കന്‍ ഫുട്ബോളിന്റെ ജനപ്രിയതയ്ക്കു കാരണമെന്നും ഒരു തിയറി കേട്ടിട്ടുണ്ട്‌.

പ്രായപൂര്‍ത്തിയായ ആണ്മക്കളെയൊക്കെ കെട്ടിപ്പിടിക്കേണ്ടിവരുന്ന അമേരിക്കന്‍ അച്ഛന്മാര്‍ ഇടത്തെ തോളിന്റെ മുകളിലും വലത്തെ തോളിന്റെ മുകളിലും താടിവെച്ച്‌ അതു നടത്തും. എല്ലാം മിന്നല്‍വേഗത്തില്‍ കഴിയും. ആലിംഗനം നിലവിലില്ലെന്നു പറയുന്ന കേരളത്തിലെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ഇതേ മാതൃകയിലുള്ള ആലിംഗനം പലതവണ കണ്ടിട്ടുണ്ട്‌. പാശ്ചാത്യസംസ്കാരത്തിന്റെ പ്രതിനിധികളെന്ന് വേഷവിധാനം കൊണ്ടും മറ്റും തോന്നിക്കുന്ന (കോര്‍ഡ്രോയ്‌ ജീന്‍സ്‌!), അപ്പനമ്മമക്കളെപ്പോലെ തോന്നിക്കുന്നവര്‍ തമ്മില്‍. കേരളത്തിലെ പാശ്ചാത്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായ തങ്കശ്ശേരിയുടെ സാമീപ്യമാണോ കാരണം എന്നറിഞ്ഞുകൂടാ. അതു ധൃതരാഷ്ട്രാലിംഗനമായിരുന്നില്ലെന്ന് എങ്ങനെയറിയാം എന്നൊന്നും ചോദിക്കാനും പാടില്ല.

മലയാളിയുടെ ആലിംഗനമില്ലായ്മയില്‍ നിന്നുണ്ടാകുന്ന ആന്തരികശൂന്യതയായിരിക്കുമോ ദ ഹഗ്ഗിങ്ങ്‌ സെയിന്റ്‌ മലയാളിമനസ്സിനെ ഉറുപ്പടക്കം പിടിച്ചിരിക്കുന്നതിനു കാരണം? മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടുനാറും സതീര്‍ത്ഥ്യനെ മാറത്തുണ്മയോടു ചേര്‍ത്തു ഗാഢം പുണര്‍ന്ന ദൈവത്തിനെത്തന്നെ ആരാധിക്കുന്നവരല്ലേ മറ്റിന്ത്യക്കാരെപ്പോലെ മലയാളിയും?

പണ്ട്‌ ആകാശവാണിയില്‍ രാവിലെ കേട്ട ഒരു സുഭാഷിതശ്ലോകത്തിന്റെ രണ്ടാം പകുതി മാത്രം ഓര്‍മ്മയുണ്ട്‌: യേനൈവാലിംഗതേ കാന്താ/യേനൈവാലിംഗതേ സുതാ. ശ്ലോകത്തിന്റെ ആശയം ഇങ്ങനെയായിരുന്നു എന്നോര്‍മ്മ: മനസ്സാണ്‌ പ്രവൃത്തികളുടെ വാസ്തവത്തിലുള്ള അര്‍ത്ഥം നിശ്ചയിക്കുന്നത്‌. ഭാര്യയെ പുണരുന്നതുപോലെയല്ലല്ലോ മകളെ പുണരുന്നത്‌. ഭാര്യയെയും മകളെയും തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമൂഹമായിക്കഴിഞ്ഞിരിക്കുന്നതു കൊണ്ടാണോ നമ്മള്‍ മക്കളെപ്പോലും കെട്ടിപ്പിടിക്കാന്‍ മടിച്ചുനില്‍ക്കുന്നത്‌?

...എന്നെല്ലാം ചിന്തിച്ചു കഴിയുമ്പോഴും ഒരു ചിന്ത ബാക്കിയാവുന്നു: പാശ്ചാത്യര്‍ എന്തുകൊണ്ടായിരിക്കാം ആരെയും കാലില്‍ വീണു വണങ്ങാത്തത്‌?

<< മറ്റു മനോധര്‍മ്മം

14 comments:

chithrakaran:ചിത്രകാരന്‍ said...

പ്രിയ രാജേഷ് ,
നല്ല ചിന്തകള്‍...

സാല്‍ജോҐsaljo said...

അനുയോജ്യമായ ഒന്ന് മാഷെ...
ഹം ഭീ ഗലേ ലഗായേംഗെ...!
സംജോ ഹം ആപ് കേ ഗലേ ലഗ് ഗയാ!

സുല്‍ |Sul said...

ഹഗ്ഗ്സ് ഹഗ്ഗ്സ് ഹഗ്ഗ്സ്

കുഞ്ഞന്‍ said...

രാജേഷ്, ചിന്തിക്കാനുതുകുന്ന പോസ്റ്റ്.

ന്യായമായ ചോദ്യമാണു അവസാനം എഴുതിയിരിക്കുന്നത്.

myexperimentsandme said...

സഖാവ്-ഇന്ദിരാഗാന്ധി, അഡ്‌വാ‍ന്‍ സാമ്‌നി-ഉമാഭാരതി:

1. കേസരിയുടെ നയങ്ങളോട് യോജിച്ച് പോകുന്നവര്‍ ചെയ്യുന്ന അതേ കാര്യങ്ങള്‍ കേസരിയുടെ നയങ്ങളോട് യോജിച്ച് പോകാത്തവര്‍ ചെയ്താല്‍ ചെയ്ത കാര്യം മാത്രം നോക്കി ഒരേ രീതിയിലുള്ള പ്രതികരണം കേസരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ വലിയ കാര്യമില്ല. രണ്ടുകൂട്ടരെയും രണ്ടായിട്ട് തന്നെ കണ്ടായിരിക്കണം, കേസരി-അവരുടെ പ്രവര്‍ത്തികളെയും.

2. തങ്ങള്‍ ആഗ്രഹിച്ച ഒരു കാര്യം സാധിച്ചതിന്റെ സന്തോഷത്തില്‍ അഡ്‌വാനി ഉമാഭാരതിയെ കെട്ടിപ്പിടിച്ചെങ്കില്‍ ആ കാര്യത്തോട് (പൊളിക്കല്‍) യോജിക്കുന്ന കേസരി എന്തിന് അതിനെ കുറ്റപ്പെടുത്തണം? അവര്‍ മൂലകാരണം നോക്കി-എന്തിന് കെട്ടിപ്പിടിച്ചു? പൊളിച്ചതിന് കെട്ടിപ്പിടിച്ചു- കൊടുകൈ.

3. ഉമാഭാരതി സന്യാസിനിയല്ലേ. മാതാ അമൃതാനന്ദമയി ആള്‍ക്കാരെ കെട്ടിപ്പിടിക്കുന്നതിനെക്കുറിച്ചും കേസരി എഴുതുന്നില്ലല്ലോ.

4. സ്വദേശി-വിദേശി ആംഗിള്‍.

പാശ്ചാത്യാലിംഗനം:

ഗള്‍ഫില്‍ ആചാരത്തിന്റെ ഭാഗമല്ലേ കെട്ടിപ്പിടുത്തം? യൂറോപ്പിലെങ്ങിനെ? ഒരു മിനിറ്റില്‍ എത്ര കെട്ടിപ്പിടുത്തം ആണും ആണും, ആണും പെണ്ണും, പെണ്ണും പെണ്ണും തമ്മില്‍? ഒരു അറബി കെട്ടിപ്പിടിച്ചാല്‍ അമേരിക്കക്കാരന്‍ ഓടുന്നില്ലല്ലോ. അപ്പോള്‍ സ്വദേശി-സ്വദേശി ആംഗിള്‍.

മലയാളിയുടെ ആലിംഗനമില്ലായ്മ:

അമൃതാനന്ദമയിയുടേത് കെട്ടിപ്പിടുത്തം കൊണ്ട് മാത്രം ഉണ്ടാക്കിയ ഒരു ആരാധകവൃന്ദം ആണെന്ന് തോന്നുന്നില്ല. പക്ഷേ നിലവില്‍ പോപ്പുലറല്ലാത്ത ഒരു രീതി അവര്‍ പ്രയോഗിച്ചു എന്നത് സത്യം. കമ്മ്യൂണസത്തിലുള്ള വിശ്വാസം മലയാളിക്ക് നഷ്ടപ്പെട്ടപ്പോള്‍ അടുത്തത്. എന്തെങ്കിലും ഇല്ലെങ്കില്‍ നമുക്ക് എങ്ങിനെ മുന്നോട്ട് പോകാന്‍ പറ്റും? അതുകൊണ്ട് അമൃതാനന്ദമയിയെപ്പറ്റിയുള്ള ഗവേഷണം കെട്ടിപ്പിടുത്തത്തില്‍ മാത്രമായി ഒതുക്കരുത്. വഴി തെറ്റി വള്ളിക്കാടിന് പകരം കൊല്ലത്തെത്തും.

മകളെപ്പോലും കെട്ടിപ്പിടിക്കാത്തത്:

ഭാര്യയെയും മകളെയും തിരിച്ചറിയാന്‍ കഴിയുന്ന ഒരു സമൂഹം തന്നെയാണല്ലോ മലയാളി സമൂഹവും. അപ്പോള്‍ അതാവാന്‍ വഴിയില്ല.

പാശ്ചാത്യര്‍ കാലില്‍ വീഴാത്തത്:

കോട്ടിന്റെയും സ്യൂട്ടിന്റെയും ഇഫക്ട്? ശുചിത്വബോധം? ഒബേസിറ്റി?

വേണു venu said...

നല്ല ലേഖനം രാജേഷ്ജി.
ഹഗ്ഗിങ്ങു് നടക്കുന്ന ചടങ്ങുകളിലെ വിവേചനവും കണ്ടുനിന്നിട്ടുണ്ടു്.
ആവോ ഗലേ ലഗാ ലേ എന്നല്ല, പലപ്പോഴും തോന്നിയതു്, ആരേം ഗലാ ലഗാനേ..
Nice post.:)

രാജ് said...

വക്കാരിയുടെ ഒന്നാം പോയന്റ് വച്ച് നോക്കുവാണെങ്കില്‍ കേസരിയുടെ നയങ്ങളോട് യോജിച്ചു പോകുന്നവര്‍ നരഹത്യ നടത്തിയാലും കേസരി മിണ്ടൂല്ലാ. അത്ഭുതമില്ല.

ശുചിത്വം കുടുംബത്തില്‍ നിന്ന് ശീലിച്ചെടുക്കുന്ന ഒന്നായതുകൊണ്ടാവാം കുടുംബത്തിനു വെളിയില്‍ മലയാളി ആലിംഗനത്തിനു വിമുഖത പ്രകടിപ്പിക്കുന്നത്. രാജേഷ് പറഞ്ഞതു പോലെ ആലിംഗനപ്പെടല്‍ (?) ഇല്ലാതായിരിക്കുന്നത് ഒരു സമീപകാല അവസ്ഥയെ മാത്രമായിരിക്കണം സൂചിപ്പിക്കുന്നത് (ഒരു പക്ഷെ ഓരോ അവധിക്കാലത്തും പോത്തിന്റെ വളര്‍ച്ചയും കൊണ്ടുചെല്ലുന്ന ചെറുവാല്യക്കാരെ ഒക്കത്തെടുക്കുവാന്‍ വിഫലശ്രമം നടത്തുന്ന ചെറിയമ്മമാരുടെയും വലിയമ്മമാരുടേയും നാട്ടില്‍ നിന്ന് വരുന്നതുകൊണ്ടുള്ള തെറ്റിദ്ധാരണയുമാകാം)

myexperimentsandme said...

യോജിച്ച് പോകുന്നവര്‍ നരഹത്യ നടത്തിയാല്‍ കേസരി മിണ്ടുന്നുണ്ടോ?

അത്‌ഭുതപ്പെടേണ്ടതില്ലെന്ന് തന്നെ.

Rasheed Chalil said...

അവസാന ചോദ്യങ്ങള്‍ തികച്ചും ന്യായം.. നല്ല ചിന്ത.

ജ്യോതിര്‍മയി /ज्योतिर्मयी said...

താങ്ങും തണലും സ്നേഹവും തരാന്‍ ഒരാളുവേണമെങ്കില്‍ ആ ആള്‍ പലപ്പോഴും പലരാവണം എന്നുണ്ടോ? ഒരാള്‍ മാത്രം പോരേ?

അതല്ല, പല പല ആളുകളെ കെട്ടിപ്പിടിക്കാന്‍ തോന്നുന്നുവെങ്കില്‍, അഥവാ ഈ പലരില്‍നിന്നും സ്നേഹവും സാന്ത്വനവും ഒക്കെ കിട്ടിയാലേ തനിയ്ക്കു ശക്തികിട്ടൂ എന്ന് തോന്നുന്നുവെങ്കില്‍ അങ്ങനേം ചെയ്യട്ടെ...അല്ലാതെന്താ പറയാ? അതു പക്ഷേ കാര്യം വേറെന്തോ ആണെന്നാ തോന്നുന്നത്.
:)

[(25 micron). നെല്ലിക്കയ്ക്കുള്ളമറുപടിയോ കേദാരം വായിച്ചതിന്റെ പ്രതികരണമോ എന്നു നല്ല നിശ്ചയമില്ല. കമന്റ് ഇവിടെ കിടക്കട്ടെ, വേണമെങ്കില്‍ പിന്നീടു ഡിലീറ്റ് ചെയ്യാം]

Anonymous said...

“ചന്ദ്രലേഖ“യിലെ ഇന്നസെന്റിനെയാണ് ഓര്‍മ്മ വരുന്നത്.

- കൃഷ്ണകുമാര്‍.

രാജേഷ് ആർ. വർമ്മ said...

ചിത്രകാരന്‍, സാല്ജോ, സുല്‍, കുഞ്ഞന്‍, വക്കാരി, വേണു, പെരിങ്ങോടന്‍, ഇത്തിരിവട്ടം, ജ്യോതി, കൃഷ്ണകുമാര്‍,

എല്ലാവര്‍ക്കും നന്ദി.

വക്കാരി,

1. വളരെ ശരി. കുറ്റം പറയണമെങ്കില്‍ കുറ്റം വേണമല്ലോ. കുറ്റത്തിന്റെ നിര്‍വചനമാണെങ്കില്‍ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെന്നും.

3. സന്യാസിനി എന്നു മാത്രമല്ല, ഇഷ്ടമുള്ള (അമ്മ)അച്ചിയും. മറ്റുള്ള മതക്കാരുടെ സന്യാസിയോ സന്യാസിനിയോ മറ്റോ ആയിരുന്നെങ്കില്‍ കേസരി പേര്‌ അന്വര്‍ത്ഥമാക്കിയേനെ.
ജ്യോതി,

സൌഹൃദവും സ്നേഹവും വാത്സല്യവും ആരാധനയും സഹതാപവും എല്ലം ഒരാളില്‍ നിന്നു മതി എന്നുള്ളവര്‍ക്ക്‌ ഈ ചര്‍ച്ച പ്രസക്തമായിരിക്കില്ല.

കൃഷ്ണകുമാര്‍,

ചന്ദ്രലേഖയിലെ ഇന്നസെന്റിനെ തീരെ ഓര്‍മ്മവരുന്നില്ലല്ലോ. സഹായിക്കൂ.

Anonymous said...

ചന്ദ്രലേഖ സിനിമയില്‍ ഇന്നസെന്റിന്റെ മകളാണ് ലേഖ (പൂജ ബാത്ര). അവര്‍ക്ക്‌ പുറത്തെവിടേയൊ പഠിക്കാന്‍ scholarship കിട്ടിയിട്ട് അയാള് പറഞ്ഞയക്കുന്നില്ല, കാരണം അവിദെ “ഗലേ ലഗാ ലേ” കൂടുതലാണ് എന്നതു തന്നെ.

:-)

കൃഷ്ണകുമാര്‍.

രാജേഷ് ആർ. വർമ്മ said...

കൃഷ്ണകുമാര്‍,

നന്ദി. മലയാളിയുടെ മനോഭാവങ്ങളെ ചുരുക്കി കൃത്യമായി ഒറ്റ വരികളിലാക്കാന്‍ ഇന്നസെന്റിന്‌ (അദ്ദേഹത്തിന്റെ തിരക്കഥാകൃത്തുക്കള്‍ക്കും) പലവട്ടം കഴിഞ്ഞിട്ടുണ്ട്‌. "എന്തിനാ എല്ലാവരും എന്നെയിങ്ങനെ പീഡിപ്പിക്കുന്നെ?" (പാവം പാവം രാജകുമാരന്‍), "ഈ മലയാളികള്‍ക്കൊക്കെപ്പോയി മിലിട്ടറിയില്‍ ചേര്‍ന്നുകൂടേ?" (തൂവല്‍സ്പര്‍ശം) ഇവരണ്ടും ഓര്‍ക്കുന്നു.