Saturday, January 21, 2006

മഴയുടെ അച്ഛന്‍

കാലവര്‍ഷം തുടങ്ങി, നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷം, പെയ്തു കൊണ്ടിരുന്ന മഴയ്ക്ക്‌ ഒരറുതി വന്ന, ഒരു നനഞ്ഞ പ്രഭാതത്തിലേക്കാണ്‌ സതീശന്‍ ഉണര്‍ന്നത്‌. അവന്‍ ഇംഗ്ലീഷ്‌ ത്രില്ലറുകളുടെ ലോകത്തായിരുന്നു. വായിക്കുന്ന പുസ്തകങ്ങള്‍, അവയുടെ കര്‍ത്താക്കള്‍, പേജ്‌, കിട്ടിയ ലൈബ്രറി എന്നിവയുടെ ദിവസക്കണക്കുകള്‍ കുറിച്ചുവെക്കുന്ന തടിച്ച ബുക്കെടുത്ത്‌ അവന്‍ ആ രാത്രി കൊണ്ടു വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ വിവരങ്ങളും എഴുതി. ആ ബുക്ക്‌ അടച്ച്‌, ഒന്നിനു മേലെ ഒന്നായി രണ്ടു പുസ്തകങ്ങളും അതിനു മേല്‍ അടുക്കിവെച്ച്‌ അവന്‍ എഴുനേറ്റു.

സതീശന്‍ ഉറക്കം മറന്നുതുടങ്ങിയ കാലമായിരുന്നു അത്‌. അമ്മ ഉണര്‍ന്നിരുന്നില്ല. അവന്‍ സമയം നോക്കിയിട്ട്‌ പുസ്തകങ്ങള്‍ വെച്ച അലമാരി തുറന്നു. പുസ്തകങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന ബ്രഷും പേസ്റ്റും പുറത്തെടുത്തു. സുപ്രസിദ്ധനായ ഒരു ഇംഗ്ലീഷ്‌ വീരനായകന്‍ ഉപയോഗിക്കുന്നതായി അവന്‍ വായിച്ചിരുന്ന പേസ്റ്റായിരുന്നു അത്‌. പല്ലുതേച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ പത്രമെടുത്ത്‌ 'ഇന്നത്തെ സിനിമ'യുടെ പേജെടുത്ത്‌ നഗരത്തില്‍ വന്ന ഏഴ്‌ ഇംഗ്ലീഷ്‌ സിനിമകളില്‍ താന്‍ വായിച്ച പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളവയ്ക്ക്‌ അടിവരയിട്ടു. അത്‌ അഞ്ചെണ്ണമായിരുന്നു. അങ്ങിനെ, അഞ്ചു ദിവസത്തേക്കുള്ള അവന്റെ സായാഹ്ന പരിപാടി നിശ്ചയിക്കപ്പെട്ടു.

പത്രം മടക്കി, പല്ലുതേപ്പ്‌ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ ശക്തിയായി മഴപെയ്യാന്‍ തുടങ്ങി. അവന്‍ തണുപ്പുള്ള ദിവസങ്ങളെ വെറുത്തിരുന്നു. മലയാളത്തില്‍ താളം സൃഷ്ടിച്ചു പെയ്യാനാരംഭിച്ച മഴയെ ഇംഗ്ലീഷില്‍ ശപിച്ച്‌, സതീശന്‍ ചില്ലുജനാലകളടച്ചു.

കിടക്കയില്‍ വന്നിരുന്ന് അന്നത്തെ ഒന്നാം പുസ്തകമെടുത്തു നിവര്‍ത്തപ്പോള്‍ സതീശന്‍, സുരേഷ്‌ ഒരിക്കല്‍ പറഞ്ഞ കഥയെക്കുറിച്ചോര്‍ത്തു.

കുട്ടികളായിരുന്നപ്പോള്‍, മഴപെയ്തുകൊണ്ടിരുന്ന ഒരു രാത്രി അവര്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. ജനലിനപ്പുറത്തെ മഴയില്‍ നോക്കിക്കിടന്നിരുന്ന സുരേഷ്‌ പറഞ്ഞു:

"ഈ മഴയ്ക്കൊരു ദൈവമുണ്ട്‌. ചേട്ടനറിയാമോ?"

സതീശന്‍ ഒന്നും മിണ്ടിയില്ല. സുരേഷ്‌ പറഞ്ഞുകൊണ്ടിരുന്നു.

"നമ്മടെ ദൈവങ്ങളെപ്പോലൊന്നുമല്ല, കറത്ത കോട്ടും ഷര്‍ട്ടും ടൈയും കറത്ത തൊപ്പീം വെച്ച ഒരു നീണ്ടയാളാ ഈ ദൈവം. ദൈവത്തിന്റെ വീട്ടില്‌..."

അവന്‍ ഒന്നു നിറുത്തി. ദൈവത്തിന്റെ 'വീടെ'ന്ന പ്രയോഗത്തെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിച്ചിട്ടെന്നപോലെ അവന്‍ തുടര്‍ന്നു,

"ദൈവത്തിന്റെ വീട്ടിലൊരു പൈപ്പൊണ്ട്‌. അതിന്റെ റ്റാപ്പു തൊറന്നാ മഴപെയ്യാന്‍ തൊടങ്ങും. കൂടുതലു തൊറന്നാ കൂടുതലു ശക്തീ പെയ്യും. നിര്‍ത്തിയാ മഴേം നിക്കും."

"പോടാ, മഴപെയ്യുന്നത്‌ ആകാശത്തൂന്നല്യോ? ആകാശമൊരു വല്യ റ്റാപ്പാണോ?"

"അതല്ല ചേട്ടാ. ദൈവത്തിന്റെ വീട്‌ താഴത്തന്നാ. ഇവിടെ പൈപ്പു തൊറക്കുമ്പം അവിടെ മഴപെയ്യും. അത്രേയൊള്ളൂ."

"പോടാ. നീ വെറുതെ ഒണ്ടാക്കിപ്പറഞ്ഞ കഥയായിത്‌."

"അല്ലെന്നേ. ഞാനിന്നാളൊരു പുസ്തകത്തീ വായിച്ചതാ."

"പിന്നേ. പുസ്തകത്തിപ്പറഞ്ഞിട്ടൊണ്ടോ ഷര്‍ട്ടും ടയ്യുമൊക്കെയുള്ള ദൈവത്തിന്റെ കാര്യം? നീ പറഞ്ഞതു മുഴുവന്‍ കള്ളമാ. ദൈവത്തിന്റെ വീട്ടിലതിനു പൈപ്പില്ലല്ലോ."

"ചേട്ടങ്കണ്ടിട്ടൊണ്ടോ?"

"നീ കണ്ടിട്ടൊണ്ടോ?"

സതീശന്‍ കയ്യിലെടുത്ത പുസ്തകം കട്ടിലില്‍ വെച്ചു. ശക്തിയായി മഴ പെയ്തുകൊണ്ടിരുന്നു. അവന്‍ ജനാലയ്ക്കരികില്‍ പോയി നിന്നു. മതിലിനു തൊട്ടപ്പുറത്തുള്ള ചെറിയ പുരയിടത്തില്‍ മഴപെയ്യുന്നത്‌ അവന്‍ നോക്കിക്കാണുകയായിരുന്നു. ചുറ്റും മതിലുകെട്ടിയ പുരയിടം. വഴിയിലേക്കു തുറക്കുന്ന ഗേറ്റ്‌ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്‌. ആ പുരയിടം ആരുടേതാണെന്നുപോലും അവനറിഞ്ഞുകൂടാ. നടുവില്‍ ഏഴെട്ടുമുറികളുള്ള ഒരു ഒറ്റനിലയുള്ള വീടുണ്ട്‌. ഒന്നു രണ്ടു മുറികളുടെ മേല്‍ക്കൂര പൊളിഞ്ഞുകഴിഞ്ഞു. അഴികളിട്ട ഒരു നീളന്‍ മുറിയാണ്‌ അവന്‍ നില്‍ക്കുന്നിടത്തു നിന്നാല്‍ വ്യക്തമായിക്കാണാവുന്നത്‌. മേല്‍ക്കൂര പൊളിഞ്ഞ മുറികള്‍ക്കകത്ത്‌ കാട്ടുചെടികള്‍ വളര്‍ന്നു നിന്നിരുന്നു. കതകുകളെല്ലാം അടഞ്ഞിരുന്നെങ്കിലും ചില്ലുകള്‍ പലതും പൊട്ടിപ്പോയിരുന്ന കണ്ണാടിജനാലകളുള്ള മുറികളുണ്ടായിരുന്നു. അവിടെ മഴപെയ്യുന്നതു നോക്കിക്കാണുകയായിരുന്നു സതീശന്‍.

പറമ്പാകെ കാടുപിടിച്ചു കിടന്നു.

ചെടികള്‍ക്കുമീതെ മഴപെയ്തുകൊണ്ടിരുന്നു.

ഇലകളില്‍ പ്രാകൃതമായൊരു താളത്തോടെ വന്നുവീണ മഴത്തുള്ളികള്‍ ഒന്നിച്ചുകൂടി ചില ഇലകളില്‍ തങ്ങിനിന്നു. നിറഞ്ഞുകഴിഞ്ഞ ഇലകള്‍ കാറ്റത്ത്‌ ഒരു വശത്തേക്കു ചെരിഞ്ഞ്‌ രസബിന്ദുക്കളെപ്പോലെ വെള്ളം താഴേക്കൊഴിച്ചു. മഴയെ സംബന്ധിച്ച്‌ സതീശന്‍ ആകെ ഇഷ്ടപ്പെട്ടിരുന്നത്‌ തുള്ളികളായും ചെറിയ ധാരകളായും ഇലകള്‍ക്കിടയിലൂടെ പതിച്ചിരുന്ന മഴവെള്ളത്തിന്റെ സ്റ്റീല്‍ നിറവും നനഞ്ഞ മഴത്തടികളുടെ നിറവുമായിരുന്നു. അവന്‍ അടഞ്ഞ ജനാലകൊണ്ട്‌ മഴയുടെ ശബ്ദത്തില്‍നിന്നു രക്ഷനേടി മഴത്തുള്ളികളുടെ തിളക്കം ആസ്വദിക്കുകയായിരുന്നു.

പുരയിടത്തില്‍ മുഴുവനും വീടിനു മുകളിലും മഴപെയ്തുകൊണ്ടിരുന്നു.

മരങ്ങളില്‍ പെയ്ത മഴ ശാഖകളില്‍ സ്വരൂപിച്ച്‌ തായ്ത്തടിയിലൂടെ താഴോട്ടൊഴുകി. നനഞ്ഞ തടി സതീശനിഷ്ടപ്പെട്ട നിറം പൂണ്ടു. മേല്‍ക്കൂരപോയ കുമ്മായച്ചുവരിനുമേല്‍ പെയ്ത മഴ അതില്‍ത്തന്നെ ആണ്ടിറങ്ങി. കുറെ, വിള്ളലുകളില്‍ക്കൂടി പുറത്തേക്കൊഴുകി. കാറ്റടിച്ച്‌, മഴ മുഴുവനും ചെരിഞ്ഞപ്പോള്‍ ആക്രമണം, പൊട്ടിയ ചില്ലുകളിലൂടെ അകത്തു കടന്നു.

മനോഹരമായി കൊത്തുപണിചെയ്തിരുന്ന, വളരെക്കാലമായി പൂട്ടിക്കിടന്ന ഇരുമ്പുഗേറ്റിലും അപ്പുറത്തു റോഡിലും മഴപെയ്തുകൊണ്ടിരുന്നു. പെട്ടെന്നാണ്‌ സതീശന്‍ ആ പുരയിടത്തില്‍ ഒരാളെക്കണ്ടത്‌. വെളുത്ത മുണ്ടാണാദ്യം കണ്ടത്‌. ആരോ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നറിഞ്ഞതുപോലെ ചെടികള്‍ക്കിടയിലൂടെ കുനിഞ്ഞ്‌ അയാള്‍ വേഗം കെട്ടിടത്തിനു നേരെ തിരിച്ചു നടന്നു. തല എന്തോ കൊണ്ടു മറച്ചിരുന്നു. അയാള്‍ പെട്ടെന്നു തന്നെ കെട്ടിടത്തിന്റെ, സതീശനു കാണാന്‍ കഴിയാത്ത ഭാഗത്തേക്കു കടന്നു മറഞ്ഞു.

സതീശന്‍ വലത്തു വശത്തെ മുറിയിലേക്കു കടന്നു, ജനാലയിലൂടെ പുറത്തേക്കു നോക്കി. അവന്‌ ആ കെട്ടിടത്തിന്റെ മുന്‍വശം കാണാമായിരുന്നു. അവിടെ അയാളുണ്ടായിരുന്നില്ല. മഴമാത്രം വീണുകൊണ്ടിരുന്നു.

വായിച്ചുകഴിഞ്ഞ ഇംഗ്ലീഷ്‌ ത്രില്ലറുകളുടെ ഒരടുക്ക്‌ ജനാലയ്ക്കലെടുത്തു വെച്ച്‌ അവന്‍ അതിന്മേല്‍ കയറിനിന്നു. എന്നിട്ടും അവന്‍ ഒന്നും കണ്ടില്ല. പെട്ടെന്നാണ്‌ അവനു തോന്നിയത്‌, അതൊരു രഹസ്യസങ്കേതമാണെന്ന്.

അവന്‍ കിടക്കയ്ക്കു വലതുവശത്തെ ഭിത്തിയിലേക്കു നോക്കി. ഇംഗ്ലീഷ്‌ സിനിമകളിലെ പ്രഖ്യാതരായ വീരനായകന്മാര്‍ അവനു ദര്‍ശനമരുളി അവിടെ നിലകൊണ്ടിരുന്നു. അവരോടു മൗനമായി അനുവാദം വാങ്ങി തലയിണയ്ക്കടിയില്‍ നിന്നും തന്റെ ഇരുമ്പുവടി അവന്‍ പുറത്തെടുത്തു. തന്റെ വസ്ത്രങ്ങള്‍ക്കിടയില്‍നിന്നും റെയിന്‍കോട്ടു തെരഞ്ഞെടുത്ത്‌, മടക്കിക്കുത്തിയ കൈലിയ്ക്കുമുകളില്‍ അതു ധരിച്ചു. എളിയില്‍ സുരക്ഷിതമായി ഇരുമ്പുവടി സൂക്ഷിച്ചു. അവന്‍ മുറിയ്ക്കു പുറത്തിറങ്ങി.

അമ്മ ഉറങ്ങിക്കിടക്കുകയായിരുന്നു.

സതീശന്‍ വാതില്‍ തുറന്നു.

അന്നാദ്യമായി അവനു തോന്നി; മഴയ്ക്കും ഹൃദ്യമായൊരു താളമുണ്ടെന്ന്‌. അവന്‍ മുറ്റത്തേക്കിറങ്ങി.

മഴത്തുള്ളികള്‍ ആര്‍ത്തിരമ്പി അവന്റെ ശിരസ്സിലേക്കു വീണു. അവന്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോയി. ഇടതു കൈകൊണ്ട്‌ കട്ടികുറഞ്ഞ തലമുടി പിറകിലേക്കു മാടിയൊതുക്കി, കൂട്ടിയിടിക്കുന താടിക്കു താഴെ മഴയില്‍ നിന്നും ആവേശം സംഭരിച്ച ഹൃദയമൊതുക്കി അവന്‍ വീടിനു പിറകിലേക്കു നടന്നു.

മഴപെയ്തു വഴുക്കിയ മതിലിനു മുകളില്‍ക്കയറി ചാടാനൊരുങ്ങുമ്പോഴാണ്‌ തനിക്കു തെറ്റുപറ്റിയെന്ന് സതീശന്‍ ആദ്യമായി മനസ്സിലാക്കിയത്‌. പക്ഷേ, അപ്പോഴേക്കും കെട്ടിപ്പുണരുന്ന കുറ്റിച്ചെടികള്‍ക്കിടയില്‍ കെട്ടിനിന്ന വെള്ളത്തില്‍ അവന്‍ വീണുകഴിഞ്ഞിരുന്നു.

മതിലില്‍ നിന്നു ചാടുന്നതിനും താഴെയെത്തുന്നതിനും ഇടയ്ക്ക്‌ തനിയ്ക്കുണ്ടായ തോന്നല്‍ സതീശനെ അസ്വസ്ഥനാക്കി. അവന്‍ അപ്പോള്‍ വിചാരിച്ചത്‌, തന്റെ ഊഹങ്ങളെല്ലാം തെറ്റായിരുന്നുവെന്നാണ്‌. ഇതൊരു രഹസ്യസങ്കേതമാണെങ്കിലും ഇംഗ്ലീഷ്‌ ത്രില്ലറുകളുമായി അതിനൊരു ബന്ധവുമില്ലെന്നാണ്‌ അവനപ്പോള്‍ മനസ്സിലാക്കിയത്‌. അത്‌ മഴയുടെ ദേവന്റെ സങ്കേതമായിരുന്നു.

വെള്ളത്തില്‍ നിന്നെഴുനേറ്റ സതീശന്‍ അല്‍പം മുമ്പ്‌ താന്‍ നിന്നിരുന്ന ജനാലയിലേക്കു നോക്കി. അവന്‍ ആദ്യമായിട്ടായിരുന്നു വീടിന്റെ പിന്‍വശം കാണുന്നത്‌. അതെത്ര അസുന്ദരമായിരുന്നുവെന്ന് അവന്‍ മനസ്സിലാക്കിയതും അപ്പോഴാദ്യമായിട്ടാണ്‌.

മടങ്ങിപ്പോകുന്നതിനു മുമ്പ്‌, എന്തായാലും ഈ കെട്ടിടം ഒന്നു പരിശോധിക്കാതിരുന്നാല്‍ അതു നന്നല്ലെന്നവനു തോന്നി. വളര്‍ന്നു നിന്ന പാഴ്ച്ചെടികള്‍ക്കിടയിലൂടെ കാലുയര്‍ത്തിച്ചവിട്ടി അവന്‍ കെട്ടിടത്തിനു നേരെ നടന്നു.

മരംകൊണ്ടുള്ള അഴികളുള്ള നീണ്ട മുറിക്കരികിലാണ്‌ സതീശന്‍ ചെന്നു നിന്നത്‌. മഴയില്‍ നിന്ന് അവന്റെ മുഖം മുക്തമായിരുന്നു. മഴ റെയിന്‍കോട്ടില്‍ വീണുകൊണ്ടിരുന്നു. അഴികള്‍ക്കിടയിലൂടെ അകത്തേക്കുനോക്കിയപ്പോള്‍ ഒരു രഹസ്യസങ്കേതമാകാനുള്ള യോഗ്യത ഒന്നുകൊണ്ടും ഈ കെട്ടിടത്തിനില്ലെന്നവനു തോന്നി. ആ മുറിയില്‍ ഉപയോഗശൂന്യമായ വളരെയധികം സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നു. ജനാലക്കമ്പികള്‍, സൈക്കിളിന്റെ ഭാഗങ്ങള്‍, ഒടിഞ്ഞ കസേര, പാടത്തുപയോഗിച്ചിരുന്ന ഒരു ചക്രം, ഒരു മണ്ണെണ്ണ സ്റ്റവ്‌, ചിതലുപിടിച്ച ഒരുകെട്ടു പുസ്തകങ്ങള്‍, കുറ്റികള്‍,പൂട്ടുകള്‍ , കതകുകള്‍, ഒരു സിമന്റു സ്ലാബ്‌ എന്നിങ്ങനെ ഒരായിരം സാധനങ്ങള്‍. പലപ്പോഴും താന്‍ ജനാലക്കരികില്‍ നിന്നും കണ്ടിട്ടുള്ള ആ മുറി അരികില്‍ നിന്നു കണ്ടപ്പോള്‍ എത്ര വ്യത്യസ്തമാണെന്ന്‌ അവനോര്‍ത്തു. ഒരു തുരുമ്പിച്ച പാട്ടയില്‍ നിന്നും ഒരു പെരുച്ചാഴി പുറത്തെക്ക്‌ എത്തിനോക്കിയപ്പോഴാണ്‌ ഇതൊരു രഹസ്യകേന്ദ്രമാവില്ലെന്നവന്‍ തീര്‍ച്ചപ്പെടുത്തിയത്‌.

വീട്ടിനുമുമ്പിലെ കതകു വലിയൊരു താഴുപയോഗിച്ചു പൂട്ടിയിരുന്നു. അതിനപ്പുറം, മേല്‍ക്കൂരതകര്‍ന്ന്‌, കാടുവളര്‍ന്നു കിടന്ന രണ്ടുമുറികളില്‍ക്കൂടിയും അകത്തു കടക്കേണ്ടെന്ന് സതീശന്‍ തീരുമാനിച്ചു. പിന്നെയും നടന്ന്, കെട്ടിടത്തിന്റെ പിന്‍ഭാഗത്തെത്തിയപ്പോഴാണ്‌ മഴയുടെ ശക്തി വളരെക്കുറഞ്ഞത്‌. അവിടെ, അവന്‍ അകത്തേക്കുള്ള വഴി കണ്ടെത്തി. അതൊരു ജനാലയായിരുന്നു. പകുതിഭാഗത്തെ അഴികള്‍ നഷ്ടപ്പെട്ട്‌, നീലയും പച്ചയും നിറങ്ങളിലുള്ള കണ്ണാടിക്കതകുകള്‍ താഴെ തകര്‍ന്നു കിടന്നിരുന്ന ആ ജനാല അരയാള്‍ ഉയരത്തിലായിരുന്നു. ആ ജനാലയുടെ അഴികളില്ലാത്ത പകുതിഭാഗത്തുകൂടി സതീശന്‍ ശ്രമപ്പെട്ട്‌ അകത്തു കടക്കുമ്പോള്‍ അരയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുകമ്പി വയറ്റത്തു വല്ലാതെ കുത്തിക്കൊണ്ടിരുന്നു. അപ്പോള്‍ മഴയുടെ രീതി വീണ്ടുമൊന്നു മാറി. അതു തീരെക്കുറഞ്ഞു.

സതീശന്‍ അകത്തു കടന്നു. തറയില്‍ മണ്ണു നനഞ്ഞുകുഴഞ്ഞു കിടന്നിരുന്നു. തലയുയര്‍ത്തി അവിടെ നിവര്‍ന്നു നില്‍ക്കാന്‍ അവനു കഴിഞ്ഞു. അവന്‍ റെയിന്‍കോട്ടഴിച്ചു. പിന്നെ ഇരുമ്പുകമ്പിയും മാറ്റി. അത്‌, ജനാലയില്‍ വെച്ചു. മഴയുടെ ശക്തി വര്‍ദ്ധിക്കാന്‍ തുടങ്ങി.

പെട്ടെന്ന്,

ഇടതു വശത്ത്‌, അല്‍പം മുമ്പിലുള്ള കതകു തുറക്കപ്പെട്ടു. സതീശന്‍ അല്‍പം മുമ്പു കണ്ടയാള്‍ ശ്രദ്ധിച്ചു പുറത്തേക്കു കാലെടുത്തുവെച്ചു. പെട്ടെന്ന് സതീശനെക്കണ്ട്‌ അയാള്‍ ചിരിച്ചുപോയി. ഒളിച്ചുകളിക്കിടയില്‍, ഒളിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കണ്ടുപിടിക്കപ്പെട്ടുപോയ ഒരു കുട്ടിയുടെ ചിരിയായിരുന്നു അത്‌.

സതീശനും ചിരിച്ചുപോയി.

അയാള്‍ ലജ്ജിച്ചു നില്‍ക്കുകയായിരുന്നു.

"വരൂ", പെട്ടെന്നയാള്‍ പറഞ്ഞു.

അവര്‍ അകത്തെ മുറിയിലേക്കു കടന്നു. അവിടം ഒരു സാധാരണ ഓഫീസ്‌ മുറിപോലെ കാണപ്പെട്ടു. ലൈറ്റു കത്തിനിന്നിരുന്നു. മേശപ്പുറത്ത്‌ ഒരറ്റത്ത്‌ ഒരു വലിയ അടുക്കു ഫയലുകളും മറ്റേയറ്റത്ത്‌ ചെറിയൊരടുക്കു ഫയലുകളും ഉണ്ടായിരുന്നു. ഒരു ഗ്ലാസില്‍ മൂന്നുനാലു പേനകളിട്ടിരുന്നു. നിവര്‍ത്തുവെച്ചിരുന്ന ഒരു ഫയലിരുന്നതില്‍ തുറന്ന ഒരു പേന ഇരുന്നു. മേശയ്ക്കു മുമ്പില്‍ ഒരു റിവോള്‍വിങ്ങ്‌ ചെയര്‍. വലതുവശത്തൊരു ചവറ്റുകൊട്ട. കുറച്ചകലെ പ്ലാസ്റ്റിക്കുവരിഞ്ഞ ഒരു കസേര.

അയാള്‍ മേശയ്ക്കരികിലെ കസേരയിലിരുന്നു. സതീശനോടു മറ്റേ കസേരയിലിരിക്കാന്‍ പറഞ്ഞു.

ഒരു ഖദര്‍ ഡബിളും കറുത്തൊരു ഷര്‍ട്ടും ധരിച്ച, തലയില്‍ ഒരു കറുത്ത തൊപ്പിവെച്ച മനുഷ്യനായിരുന്നു അത്‌. അയാള്‍ ചിരിച്ചു.

"മഴയുടെ ദൈവമല്ലേ?" സതീശന്‍ സൗഹൃദഭാവത്തില്‍ ചോദിച്ചു.

"എന്നു പറയാം." അയാള്‍ പുഞ്ചിരിച്ചു. അയാള്‍ വാച്ചുനോക്കി, കൈനീട്ടി, മേശയ്ക്കിടത്തു വശത്തുണ്ടായിരുന്ന ടാപ്പ്‌ ശക്തിയായി തുറന്നുവെച്ചു. സതീശന്‍ അപ്പോഴാണതു ശ്രദ്ധിച്ചത്‌. ഒരു ബക്കറ്റില്‍ വെള്ളം വീണുകൊണ്ടിരുന്നു. പുറത്തു മഴയ്ക്കു ശക്തികൂടിയതു നോക്കിയിട്ട്‌ അവന്‍ പെട്ടെന്നു പ്രതിഷേധിച്ചു.

"പക്ഷേ, നിങ്ങള്‍ ദൈവമല്ല."

"എന്തുകൊണ്ട്‌?" അയാള്‍ ചിരിച്ചുകൊണ്ടിരുന്നു.

"നിങ്ങള്‍ ദൈവങ്ങളെപ്പോലെയല്ല."

"അതെന്താ?" അയാള്‍ ചിരിച്ചുകൊണ്ടുതന്നെ മേശയുടെ വലിപ്പുതുറന്ന് ഒരു കറുത്തകോട്ടും ടൈയുമെടുത്തു. അതു ധരിച്ചിട്ട്‌ അറ്റന്‍ഷനായി നിന്നു.

"പോരെ?" അയാള്‍ വീണ്ടും പുഞ്ചിരിച്ചു.

"അതുകൊണ്ടായില്ല", സതീശന്‍ തലകുലുക്കി. "ദൈവങ്ങള്‍ ഇങ്ങനെയല്ല."

"ഞാനൊരു ഫുള്‍ടൈം ദൈവമല്ലെന്നു നിങ്ങള്‍ക്കറിയാമല്ലോ. എനിക്ക്‌ ഇത്തരം മാസങ്ങളിലേ ജോലിതന്നെയുള്ളൂ."

"ഞാന്‍ വേണമെങ്കില്‍ മഹര്‍ഷിമാരെപ്പോലെ ഒന്നു സ്തുതിയ്ക്കാം. പക്ഷേ, ദൈവമെന്നൊന്നും വിളിക്കാന്‍ എന്നെ കിട്ടില്ല." സതീശന്‍ ചുമല്‍ കുലുക്കി.

അയാളുടെ ചിരിമാഞ്ഞു:

"കുറഞ്ഞപക്ഷം, എന്നെ മഴയുടെ അച്ഛനെന്നു വിളിക്കാനെങ്കിലും നിങ്ങള്‍ തയ്യാറാവണം."

സതീശന്‍ ഒന്നും മിണ്ടിയില്ല. അല്‍പം കഴിഞ്ഞു.

"ഏതായാലും ഞാന്‍ മഴയിഷ്ടമല്ലാത്ത ഒരതിഥിയാണെന്നു കണക്കാക്കി മഴയൊന്നു നിറുത്തൂ." അവന്‍ പറഞ്ഞു.

"ഓര്‍ഡറില്ല." ദൈവം വീണ്ടും പുഞ്ചിരിച്ചു.

സതീശന്‍ ചാടിയെഴുനേറ്റ്‌, അയാളെ തള്ളിമാറ്റി ആ ടാപ്പു തിരിക്കാന്‍ തുടങ്ങി. ആദ്യം ശക്തികൂട്ടുകയാണവന്‍ ചെയ്തത്‌. പിന്നെ, തെറ്റുമനസ്സിലാക്കിയപ്പോള്‍ അവനതു കുറച്ചു. പുറത്ത്‌, ശക്തിയായി പെയ്ത മഴയുടെ ശക്തി കുറഞ്ഞുകുറഞ്ഞുവന്നവസാനിക്കുന്നതു നോക്കി അവനിരുന്നു. അടുത്ത നിമിഷം, പിറകില്‍ നിന്നു വന്ന ഒരടിയേറ്റ്‌ അവന്‍ തറയില്‍ വീണു.

സതീശന്റെ അമ്മ ഉണര്‍ന്നെഴുനേറ്റ്‌ കുറെക്കഴിഞ്ഞ്‌ അവനെത്തിരയാനാരംഭിച്ചു. മണിക്കൂറുകള്‍ക്കു ശേഷവും അവനെക്കുറിച്ച്‌ ഒരു വിവരവും ലഭിക്കാതെ വന്നപ്പോള്‍, വേഗമെത്താന്‍ സുരേഷിനു ഫോണ്‍ ചെയ്തിട്ട്‌ ഫോണിനടുത്തിരുന്നു കരയാന്‍ തുടങ്ങി.

അപ്പോള്‍, ആ വരണ്ട മദ്ധ്യാഹ്നത്തില്‍, ശൂന്യമായ തൊട്ടടുത്ത വീട്ടില്‍ തറയില്‍ നിന്നു രക്തം വാര്‍ന്നൊഴുകി സതീശന്‍ മരിച്ചുകിടക്കുകയായിരുന്നു.

1984

7 comments:

സു | Su said...

സതീശനേം കൊന്നു. ല്ലേ? :(

രാജേഷ് ആർ. വർമ്മ said...

പ്രാണന്‍ കൊടുക്കുന്നവന്‌ അതെടുക്കാനും അധികാരമുണ്ടെന്നല്ലേ പറയാറ്‌? കാവ്യം ഒരു ലോകമാണെങ്കില്‍ കവിയാണു പ്രജാപതിയെന്നു പറയാറുണ്ട്‌. അപ്പോള്‍, ദൈവം തമ്പുരാന്‍ ആരെയും കൊന്നു എന്നു നമ്മള്‍ പറയാത്തതു പോലെ കഥാകൃത്തുക്കളെയും കഥാപാത്രങ്ങളെ കാച്ചിയതിന്റെ പേരില്‍ 'സൂ' ചെയ്യാന്‍ പാടില്ല എന്നാണ്‌ എന്റെ അഭിപ്രായം. "ഒരുത്തനെ കൊന്നവന്‍ കൊലയാളി, ആയിരങ്ങളെ കൊന്നവന്‍ ദിഗ്വിജയി, സകലവനെയൂം കൊന്നവന്‍ ദൈവം" എന്നു പണ്ടാരാണ്ട്‌ പറഞ്ഞതായി കേട്ടിട്ടില്ലേ? ഈ വ്യത്യാസം കഥപറച്ചിലുകാര്‍ക്കിടയിലുമുണ്ട്‌. എന്നെപ്പോലെയുള്ള 'ചെറു'കഥാകൃത്തുക്കള്‍ വളരെ കഷ്ടപ്പെട്ട്‌ ഒരുത്തനെ തട്ടിയാലായി. വാല്മീകി, വ്യാസന്‍, ടോള്‍സ്റ്റോയി, ഹോമര്‍ തുടങ്ങിയവര്‍ ഓരോ പേജിലും ശവങ്ങള്‍ കൂട്ടിയാണിടുന്നത്‌. മാര്‍കേസിന്റെ 'ഏകാന്തതയുടെ ഒരുനൂറുവര്‍ഷങ്ങ'ളില്‍ ശവം നിറച്ച നൂറു ബോഗിയോ മറ്റോ ഉള്ള ഒരു തീവണ്ടി കാണാം. ഒ. വി. വിജയന്റെ 'അവസാനത്തെ ഈയംപൂശല്‍' എന്ന കഥയില്‍ ഭൂമിയിലുള്ള ജീവന്‍ മുഴുവന്‍ നശിക്കുന്നുണ്‌. വിജയന്‍ ദൈവമായിരിക്കുമോ?

മുസാഫിര്‍ said...

നല്ല് കധ,ഒഴുക്കുള്ള ആഖ്യാനവും.ഇനിയും ഇതുപോലെ കാമ്പുള്ള സാധനഗള്‍ പ്രതീക്ഷിക്കട്ടെ.

മുസാഫിര്‍ said...

കാട്ടുചെത്തിപൂക്കളും കൂടി വായിച്ചപ്പൊഴാണ് ‘സു’ വിന്റെ കമെന്റിന്റെ അര്‍ഥ്തം മനസ്സിയാലത്.

രാജേഷ് ആർ. വർമ്മ said...

മുസാഫിര്‍, നന്ദി.
സു പറയുന്നതൊന്നും കേള്‍ക്കേണ്ട. ആളെക്കൊല്ലാതെ കഥയെഴുതാന്‍ പറ്റില്ലെന്ന് പിന്നീടു ബോധ്യമായി സൂവിന്‌.

asdfasdf asfdasdf said...

നന്നായിട്ടുണ്ട്. നല്ല ഒഴുക്കുള്ള അവതരണം. ഇനിയും പോരട്ടെ..

രാജേഷ് ആർ. വർമ്മ said...

കുട്ടമേനോന്‍,
നന്ദി.