Thursday, December 29, 2011

ചെറിയാൻ കെ. ചെറിയാന്റെ കത്ത്

“ഈ കത്തിനു മറുപടി അയയ്ക്കേണ്ടതില്ല. അഥവാ അയച്ചാൽ അതിനു മറുപടി പ്രതീക്ഷിക്കുകയും വേണ്ട.“ ഇത്ര സത്യസന്ധമായും ലളിതമായും അവസാനിക്കുന്ന ഒരു കത്ത് ആരാണു കൊതിച്ചുപോകാത്തത്‌! കാമകൂടോപനിഷത്ത് എന്ന എന്റെ കഥാസമാഹാരത്തിന്റെ ഒരു പ്രതി അയച്ചുകൊടുത്തപ്പോൾ എല്ലാ കഥകളും വായിച്ചിട്ട് പ്രമുഖകവിയായ ശ്രീ. ചെറിയാൻ കെ. ചെറിയാൻ എഴുതിയ വിശദമായ മറുപടിയുടെ ഉപസംഹാരമാണിത്. യാതൊരു മുൻപരിചയവുമില്ലാത്ത ഒരു തുടക്കക്കാരനോട് മുതിർന്ന ഒരെഴുത്തുകാരനു കാണിയ്ക്കാവുന്ന ഔദാര്യത്തിന്റെ പ്രകടരൂപമാണ് ആശംസകളും ഗുണദോഷവിചാരവും ഉപദേശവും നിറഞ്ഞ ഈ കത്ത്. വായിക്കുക:


പ്രിയപ്പെട്ട ശ്രീ. രാജേഷ്‌ വർമ്മയ്ക്ക്‌,

താങ്കളുടെ കാമകൂടോപനിഷത്ത്‌ വായിച്ചു. ആഹ്ലാദകരമായ ഒരനുഭവമായിരുന്നു വായന.
എനിക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞിട്ടുള്ള ഏറ്റവും നല്ല മലയാളകഥകളിലൊന്നാണ്‌ 'മരിച്ചുപോയവർക്ക്‌ ഒരു മുന്നറിയിപ്പ്‌'. ലളിതമായ കഥാസംവിധാനം. ആയാസരഹിതമായ പ്രതിപാദനം. അനാച്ഛാദിതമാകുന്ന അന്തരീക്ഷത്തിന്‌ ഇണങ്ങുന്ന ഭാഷ. കൂടാതെ ഇതിവൃത്തത്തിന്റെ പുതുമയും. വായനകഴിഞ്ഞും രക്ഷസ്സിന്റെ കുടിലചിത്രം ഒരു നിലങ്കാരിച്ചുമപോലെ അൽപനേരത്തേക്കെങ്കിലും അനുവാചകനെ ബാധിക്കും. അനുഭവസമൃദ്ധമായ കൂട്ടുകുടുംബജീവിതത്തിന്റെ മലയാളത്തനിമ ഹൃദയാവർജ്ജകം തന്നെ.
ബഹുമാന്യനെന്നു കരുതി ആദരിക്കപ്പെടുന്ന കഥാപാത്രം പരമനീചനെന്നു തെളിയുന്ന ഒരു നാടകം ഇബ്‌സൻ എഴുതിയിട്ടുണ്ട്‌. പേര്‌ ഓർമ്മയിൽ വരുന്നില്ല. അതിന്റെ അനുകരണമൊന്നുമല്ല താങ്കളുടെ കഥ. അതിനെക്കാൾ ഉയർന്ന ഒരു ഭാവതലവും കൂടി ദർശിക്കുന്നു എന്നതിനാൽ രണ്ടു മാറ്റിന്റെ ഏറെപ്പൊലിമയും ഈ കഥയ്ക്കുണ്ട്‌. അതായത്‌ അടുത്ത തലമുറയ്ക്ക്‌ ഒരു രക്ഷസ്സ്‌ വരാനിരിക്കുന്നു. അതു താനായിരിക്കുമോ എന്ന സംശയം കാഥികനെ ഒരു ആത്മപരിശോധനയ്ക്കു നിർബന്ധിതനാക്കുകയാണ്‌. പിശാചുക്കളെ നിരത്തിനിർത്തി, മന്ത്രം ചൊല്ലി പുറത്തിറക്കി, ആത്മശുദ്ധീകരണത്തിനു തയ്യാറാവണമെന്ന പരോക്ഷമായ ഉദ്ബോധനം ആ സംശയത്തിനു പിന്നിൽ മറഞ്ഞുനിൽക്കുന്നതായി ഞാൻ കാണുന്നു.
കാമവും ഫലിതവും തമ്മിൽ കോർത്തിണക്കുമ്പോൾ ഒരു പരിഹാസച്ചുവ കടന്നുകൂടുക പതിവാണ്‌. അവശ്യമായ ഒരു ജൈവസ്വഭാവമായി കാമത്തെ ദർശിക്കുന്നു എന്നതിനാൽ കാമകൂടോപനിഷത്തിലെ പരിഹാസം അൽപമാത്രവും അപ്രകടിതവും എന്നുതന്നെ പറയാം. അതേസമയം ഫലിതത്തിന്റെ സമൃദ്ധി അൽപമൊട്ടല്ല താനും. സംഭോഗവേളയിൽ അനങ്ങാതെ കിടന്നവർ മൂങ്ങകളായും മറ്റു ചിന്തകളിൽ വ്യാപരിച്ചവർ പറവകളായും പുനർജ്ജനിക്കുന്നു എന്ന സംക്ഷേപണം അതിശയോക്തിയെ ഫലിതത്തിൽ വിളയിച്ചെടുത്ത പക്കാവടയാണ്‌. കഥയുടെ സമാപ്തിയിൽ വിശദമാകുന്ന - നാം ദിവ്യമായി കരുതുന്ന സദാചാരബോധങ്ങളെല്ലാം രതിയുടെ സഫലീകരണത്തിനു മുന്നിൽ അപ്രസക്തമാണെന്ന - നിഗമനം അതിശയോക്തിയുടെ വെളിച്ചത്തിൽ സ്വീകാര്യമെന്നു തോന്നിപ്പോകും!
ഒരു സംശയം: അഗ്നിഹോത്രി മുതലായ അധികപ്പറ്റുകൾ അനാവശ്യ കഥാപാത്രങ്ങളായി ഉപനിഷത്തിൽ കടന്നുകൂടിയിട്ടില്ലേ?
ആട്ടിൻ കുട്ടിയുടെ കഥ കാട്ടിലെത്തുന്നതുവരെ ഹൃദ്യം തന്നെ. ജീവികൾക്കു കൊടുത്ത പേരുകൾ രസകരവും. ആരെയും ചിരിപ്പിക്കുന്നതാണ്‌ താറാവിന്റെ സാറാമ്മയെന്ന പേര്‌. ചാണ്ടിയുടേതും ഉചിതം തന്നെ. ചാണ്ടുന്നവൻ ചാണ്ടി. കാട്ടിൽ ചെന്നുകഴിഞ്ഞുള്ള ഭാഗം രസാപകർഷം വരുത്തുന്നുണ്ടെന്നാണ്‌ എന്റെ പക്ഷം. കാട്ടിലെത്തിയ ആട്ടിൻ കുട്ടിയ്ക്ക്‌ അവിടെ പുലരാനാവില്ലെന്ന് ആർക്കും അറിവുള്ളതാണ്‌. അതു പിന്നെ വിവരിച്ചിട്ടു കാര്യമില്ല. ആട്ടിൻ കുട്ടി ഒരിക്കലും അമ്മയെ കാണാൻ വന്നില്ല; അടുത്ത പെരുന്നാളിന്‌ ചാണ്ടിയും കുടുംബവും ആട്ടിൻ കുട്ടിയുടെ അമ്മയെ കൊന്നു പാകം ചെയ്തു, എന്നെഴുതി കഥ അവസാനിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ, ചെന്നായ ആട്ടിൻ കുട്ടിയെ വിചാരണ ചെയ്യുന്നതു തൊട്ടു തുടങ്ങി ഫ്ലാഷ്‌ ബാക്കിലൂടെ ആഖ്യാനം നടത്തേണ്ടിയിരുന്നു.
യന്ത്രങ്ങളുടെ രാജാവിന്‌ യാതൊന്നും പകരാൻ കഴിഞ്ഞില്ല. ജീവികളെപ്പോലെ മരങ്ങളെയും താത്വികമായ ഒരു ചിന്താസരണിയിലൂടെ നയിക്കാൻ ശ്രമിച്ചതാവാം കാരണം. ജോസ്‌ സാമുവൽ ഒരു കഥകൂടി പറയുന്നത്‌ ഭാഷയിലൂടെ നടത്തിയ ഒരു മുഷ്ടിമൈഥുനം എന്നേ എനിക്കു തോന്നിയുള്ളൂ.
താങ്കളുടെ സ്വദേശം മദ്ധ്യതിരുവിതാംകൂറായതുകൊണ്ടാവാം രചന അവിടുത്തെ ഭാഷാശൈലിയിലാണ്‌. ഈ ശൈലിയ്ക്ക്‌ ഒരു തകരാറുണ്ടെന്ന് പലപ്പൊഴും എനിക്കു തോന്നിപ്പോയിട്ടുണ്ട്‌. അതായത്‌ - മലയാളത്തിന്‌ മറ്റു ഭാഷകളെ അപേക്ഷിച്ചുള്ള ഒരു വ്യത്യാസം, ഏകവചനത്തിന്‌ ചിലപ്പോൾ, ചില സന്ദർഭങ്ങളിൽ (എപ്പോഴുമില്ല) ബഹുവചനത്തിന്റെ ഘനം ഉണ്ടായിരിക്കും എന്നതാണ്‌. ഉദാഹരണത്തിന്‌ - അവൻ കണ്ണുകൾ അടച്ചു എന്നതിനു പകരം അവൻ കണ്ണടച്ചു എന്നെഴുതിയാൽ മതിയാവും. അവൻ കാലുകൾ നീട്ടിവെച്ചു നടക്കേണ്ട കാര്യമില്ല, കാൽ നീട്ടിവെച്ചു നടന്നാൽ മതിയാവും. ഈ നിയമം പക്ഷേ എല്ലായിടത്തും ഒരുപോലെയല്ല എന്ന കാര്യം ശ്രദ്ധയോടെ നിരീക്ഷിച്ചു മനസ്സിലാക്കേണ്ടതുമാണ്‌.
താങ്കൾ നല്ല കഥാകൃത്താണ്‌. ഒരു നോവലിസ്റ്റാവാൻ വേണ്ടുന്ന വിശാലവീക്ഷണവും ആഖ്യാനപാടവവും കൂടി താങ്കൾക്കുണ്ട്‌. ഗുന്തർ ഗ്രാസിന്റെ 'ടിൻ ഡ്രം', 'ഫ്ലൗണ്ടർ' എന്നീ നോവലുകളും ഉംബെർടൊ എക്കൊയുടെ 'ദി നേം ഓഫ്‌ ദി റോസും', ഗാർഷിയ മാർക്കേസിന്റെ 'വൺ ഹൻഡ്രഡ്‌ യിയേർസ്‌ ഓഫ്‌ സോളിറ്റിയൂഡും' വായിച്ച (അഥവാ വായിച്ചിട്ടുണ്ടെങ്കിൽ വീണ്ടും വായിച്ച്‌) അവയിലെ ആഖ്യാനതന്ത്രങ്ങൾ മനനം ചെയ്തു മനസ്സിലാക്കാൻ ശ്രമിക്കുക. മലയാളത്തിലെ ഏറ്റവും നല്ല സുർറിയലിസ്റ്റ്‌ നോവലിസ്റ്റാവാൻ താങ്കൾക്കു സാധിച്ചെന്നു വരാം.
ഭാവുകങ്ങൾ.
ചെറിയാൻ കെ. ചെറിയാൻ

കുറിപ്പ്‌: ഈ കത്തിന്‌ മറുപടി അയയ്ക്കേണ്ടതില്ല. അഥവാ അയച്ചാൽ അതിനു മറുപടി പ്രതീക്ഷിക്കുകയും വേണ്ട.

<< കഥകൾ

Monday, December 12, 2011

ദുരന്തകഥയുടെ ശുഭാന്ത്യം





ഈ ലക്കം കടലാസുകപ്പലിൽ റിച്ചാഡ് യെയ്റ്റിസിന്റെ റെവൊല്യൂഷനറി റോഡ് എന്ന ക്ലാസിക്കിനെ മുൻ‌നിർത്തി ദുരന്തകഥകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചിന്ത.

അഭിപ്രായങ്ങൾ ദയവായി തർജ്ജനിയിൽ രേഖപ്പെടുത്തുക.

<<കടലാസുകപ്പൽ

Friday, December 09, 2011

പദപ്രശ്നം ഉത്തരം



കോടതി അലക്ഷ്യം വിഷയമാക്കി നടത്തിയ പദപ്രശ്നത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. രണ്ടു തെറ്റുകള്‍ മാത്രം വരുത്തിയ അജിത്‌ പന്തീരടി, ഡുണ്ടുമോള്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. മൂന്നു തെറ്റു വരുത്തിയ ഉമേഷിന്‌ രണ്ടാം സ്ഥാനം. 7 താഴോട്ട് എന്ന ചോദ്യത്തിന് മാട് എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ച ഉത്തരം എങ്കിലും ഉമേഷ്‌ എഴുതിയ പേട്‌ എന്നതും ശരിയായതുകൊണ്ട് അതിനു പരിഗണനകൊടുത്തിട്ടുണ്ട്. വിജയികൾക്ക് അഭിനന്ദനങ്ങൾ!

ആകെ മൂന്നു പേരെ മത്സരത്തില്‍ പങ്കെടുത്തുള്ളൂ. കൂടുതൽ എന്തു പറയാൻ?



<< തോന്നിയവാസം