വചോ വിഭൂതിര് ന തു പാരമാര്ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Saturday, October 24, 2009
ലാ ലൂണാ: പൂനിലാവുദിക്കുമ്പോൾ
ചിത്രത്തിനു കടപ്പാട്: johncarney
ഞാൻ പണിചെയ്യുന്ന സ്ഥാപനത്തിലെ ഇടനാഴികളിൽ കണ്ടുമുട്ടുന്ന മുഖങ്ങളിൽ ഹൃദ്യമായി ചിരിക്കുന്നവരും പരിചയഭാവം നടിയ്ക്കുന്നവരും മുതൽ മുഖത്തു നോക്കാത്തവരും അനിഷ്ടത്തോടെ മുഖം തിരിച്ചുപോകുന്നവരും വരെ വിവിധതരക്കാരുണ്ട്. അവരിൽ ഒരാളാണ് അയാൾ. അവഗണിയ്ക്കപ്പെടുന്നതു ശീലമായതുകൊണ്ട് മുഖത്തുനോക്കണ്ട ആവശ്യമില്ലെന്ന മട്ടിൽ ഭാവഭേദമില്ലാതെ കടന്നുപോകുന്ന ഒരു മനുഷ്യൻ. നീണ്ടുമെലിഞ്ഞ അയാളുടെ മുഖത്തിന്റെ മിക്കഭാഗത്തും കഴുത്തിലും എന്തോ പൊള്ളലേറ്റതുപോലുള്ള നിറഭേദം കാണാം. പൊള്ളലേറ്റ തലയിൽ രോമങ്ങൾ അധികം വളരാത്തതുകൊണ്ട് പ്രായമെത്രയായി എന്നു പറയാൻ ബുദ്ധിമുട്ടാണ്. മുപ്പതിനു മുകളിൽ എഴുപതിനു താഴെ എത്രവേണമെങ്കിലുമാകാം. കണ്ണിനു ചുറ്റുമുള്ള തൊലിയ്ക്ക് കണ്ണിന്റെ വെള്ളയെക്കാൾ വലിയ നിറഭേദമില്ലാത്തതുകൊണ്ട് കൺപോളകൾ മുറിഞ്ഞുപോയതുപോലെ തോന്നും. അതുപോലെ തന്നെ വായയും പല്ലിളിച്ചിരിക്കുന്നതായിട്ടേ തോന്നൂ. മങ്ങി അനാകർഷകമായ നിറങ്ങളിലുള്ള ഉടുപ്പുകളിട്ടു നടക്കുന്ന അയാൾക്ക് ഭിത്തിയിൽ പതിച്ചുവെച്ചിരിക്കുന്ന ഒരു ചിത്രമായിട്ടോ മറ്റോ ആളുകൾ തെറ്റിദ്ധരിച്ചാൽക്കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നുതോന്നും. ജന്മനാലുള്ള വൈകല്യമായിരിക്കുമോ അയാളുടേത്? ചെറുപ്പത്തിലെങ്ങാനും രക്ഷാകർത്താക്കളുടെ കൈപ്പിഴകൊണ്ടു സംഭവിച്ച അപകടമായിരിക്കുമോ? കൗമാരത്തിലെ എന്തെങ്കിലും കുസൃതിയുടെ പരിണതഫലമാവുമോ? പ്ലാസ്റ്റിക്ക് സർജ്ജറിയ്ക്കു പണമില്ലാതിരുന്നതുകൊണ്ട് വൈരൂപ്യവുംകൊണ്ട് ജീവിക്കുന്നതായിരിക്കുമോ? 'എന്നും വഴിവക്കിൽ കാണുകയും ഒരിക്കലും അകത്തുകടക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന വീടുക'ളെപ്പറ്റിയെന്നപോലെ ചില ജിജ്ഞാസകൾ ശമിപ്പിക്കാവുന്നവയല്ല.
ഹാലോവീന് പതിവു വേഷങ്ങൾക്കു പകരം പ്രച്ഛന്നവേഷങ്ങൾ ധരിച്ചു വരാൻ ജോലിക്കാർക്ക് അനുവാദമുണ്ട്. ചോരയൊലിയ്ക്കുന്ന കടവായുള്ള രക്തരക്ഷസ്സുകളായും രാജകുമാരിമാരായും യക്ഷിക്കഥകളിലെ കഥാപാത്രങ്ങളായും വീരനായകന്മാരായും വീട്ടുപകരണങ്ങളായിട്ടു പോലും വേഷം ധരിച്ചു വരുന്നവർ ഒരു ദിവസം മുഴുവൻ അലഞ്ഞുനടക്കുന്നതുകാണാം. ചില വർഷങ്ങളിൽ വേഷങ്ങൾക്കു മത്സരങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞകൊല്ലത്തെ മത്സരത്തിൽ ഡ്രാക്കുളയ്ക്കും നേഴ്സിനും സൂപ്പർമാനും ബബിൾ ബോയിയ്ക്കും പുറമേ കണ്ണഞ്ചിക്കുന്ന ഒരു സുന്ദരികൂടിയുണ്ടായിരുന്നു. ആറടിയിലധികം ഉയരവും വെളുത്തുമെലിഞ്ഞ ശരീരവുമുള്ള, കിരീടംപോലെയുള്ള സ്വർണ്ണത്തലമുടിയ്ക്കു മുകളിൽ തൂവലുകൾ ചാർത്തിയ, തിളങ്ങുന്ന തൊങ്ങൽക്കുപ്പായത്തിനടിയിലൂടെക്കാണുന്ന വടിവൊത്ത കാലുകളിൽ ഹൈഹീൽ ഷൂസ് ധരിച്ച ഒരു സുന്ദരി. തിളങ്ങുന്ന പല്ലുകൾ വെളിപ്പെടുത്തിയുള്ള ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ എയ്തുവിടുന്ന കടാക്ഷങ്ങൾ. രണ്ടാമത്തെ നോട്ടത്തിൽ ആളെ മനസ്സിലായി. അയാൾ തന്നെ. ആ 'തീപ്പാതി'.
'അയാളെ അറിയുമോ?' ഞാൻ അടുത്തിരുന്ന സഹപ്രവർത്തകനോടു ചോദിച്ചു.
'ഹെൽപ്‌ഡെസ്കിലാണു ജോലി ചെയ്യുന്നതെന്നറിയാം. അയാൾ ലാ ലൂണയിൽ നൃത്തംചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്.'
'എന്താണ് ലാ ലൂണാ?'
'അത് സ്വവർഗ്ഗപ്രേമികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പുരുഷനർത്തകരുടെ ക്ലബ്ബാണ്.'
തന്റെ വൈകല്യം നിറഞ്ഞ പകൽജീവിതത്തെ വെല്ലുവിളിച്ചുകൊണ്ട് 'ഇളം വെണ്ണിലാവിൻ കതിർ പോലെ' രാത്രിതോറും ഉയിർത്തെഴുനേൽക്കുന്ന വിഭ്രാമകമായ ജീവിതം! തീപ്പൊള്ളലിനു മുമ്പുള്ള ആകാരത്തിന്റെ സാധാരണത്വത്തിലേക്കു മടങ്ങിക്കൊണ്ടല്ല, ഒരിയ്ക്കൽ രുചിനോക്കിയിട്ടു ബാക്കിയിട്ടിട്ടുപോയ അഗ്നിയോടു സാരൂപ്യം പ്രാപിച്ചുകൊണ്ടുള്ള നൃത്തപൂജ!
പകലത്തെ പതിവു ജോലിയ്ക്കു ശേഷം വൈകുന്നേരമോ രാത്രിയിലോ മറ്റൊരു ജോലി ചെയ്യുന്നതിനുള്ള ഒരു അമേരിക്കൻ വാക്കാണ് 'മൂൺലൈറ്റിങ്ങ്'. കുടുംബം പുലർത്താൻ കുറച്ചു ചില്ലറയുണ്ടാക്കാനുള്ള മാർഗ്ഗമായിട്ടു മാത്രമല്ല, പകൽജോലിയിൽ കിട്ടാത്ത സർഗ്ഗപരതയോ അംഗീകാരമോ നേടാനുള്ള ഉപാധികളായും ഈ നിലാവേലകളെ ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. യക്ഷിക്കഥകളിൽ പൂനിലാവുദിക്കുമ്പോൾ ദേവതകളായും രാജകുമാരന്മാരായും ജീവൻവെക്കുന്ന പാറക്കഷണങ്ങളെപ്പോലെ, ജോലിസ്ഥലത്തു കണ്ടെത്താൻ കഴിയാത്ത ധന്യതയുടെ പങ്കു പിടിച്ചുവാങ്ങാനായി ആരാധനാലയങ്ങളിലും സേവനസംഘടനകളിലും കളിക്കളങ്ങളിലും കലാസപര്യയിലും മുഴുകുന്ന ധാരാളം പേർ. (അങ്ങിങ്ങായി ചില ബ്ലോഗെഴുത്തുകാരും ഉണ്ടായിരിക്കണം.) ഓഫീസിലെ ഇടനാഴികളിൽ കാണുന്ന പാതി ജീവനുള്ള കണ്ണുകളിൽ കണ്ണുകൊരുക്കാൻ മടിക്കുന്ന ചിലർ തിളങ്ങുന്ന കണ്ണുകളോടെ മറ്റു കണ്ണുകളിൽ തിരികൊളുത്തുന്നുണ്ടാവണം.
ഹാലോവീനുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും പല വിശ്വാസങ്ങളും നിലവിലുണ്ട്. അവയിൽ പ്രമുഖമായ ഒന്നാണ് മരിച്ചവരുടെ ലോകത്തുനിന്ന് ജീവിക്കുന്നവരുടെ ലോകത്തേക്കുള്ള ചില വാതിലുകൾ തുറക്കുന്ന ദിവസമാണ് ഹാലോവീൻ എന്നത്. എവിടെയോ മറഞ്ഞു കഴിയുന്ന നമ്മുടെ പഴക്കങ്ങൾ നമ്മുടെ ജീവിതത്തിൽ വീണ്ടും വന്നു സന്ധിക്കുന്ന ആ ഒരു ദിവസമെങ്കിലും ഹെൽപ്‌ഡെസ്കിലെ രൂപമില്ലാത്ത ഒച്ചയുടെയും ദിവ്യസൗന്ദര്യമുള്ള ഒരു നർത്തകിയുടെയും ലോകങ്ങൾ കൂടിക്കലരുന്നുണ്ടല്ലോ. അതുപോലുമില്ലാത്ത, ഒരിക്കലും കലർന്നൊഴുകാത്ത ജീവിതങ്ങളുമായി എത്രയോ പേർ!
Subscribe to:
Posts (Atom)