Saturday, January 12, 2008

എന്റെ ദ്രുതകവനം അഥവാ തട്ടിക്കൂട്ടിയ ശ്ലോകങ്ങള്‍

പദ്യമെഴുത്തു 'വെള്ളം പോലെ'യായ എഴുത്തുകാര്‍ അക്ഷരശ്ലോകം നടക്കുമ്പോഴോ അല്ലാത്ത അവസരങ്ങളിലോ മുന്‍കൂട്ടിയാലോചിക്കാതെ കവിതകള്‍ രചിക്കുന്നതിനാണ്‌ ദ്രുതകവനം എന്നു പറയുന്നത്‌. അക്ഷരശ്ലോകം ഇലക്ട്രോണിക്‌ കൂട്ടായ്മയില്‍ വര്‍ഷങ്ങളായി ഒരു ഇ-സദസ്സ്‌ നടക്കുന്നുണ്ട്‌. ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള ശ്ലോകകുതുകികള്‍ ശ്ലോകങ്ങള്‍ ചൊല്ലിവിടുന്നതിന്റെ വേഗക്കൂടുതലിനിടയില്‍ ചില തെറ്റുകള്‍ പറ്റാറുണ്ട്‌. ഉദാഹരണത്തിന്‌ അടുത്തതായി ചൊല്ലേണ്ട അക്ഷരം ശ്രദ്ധിക്കാതെ തെറ്റായ അക്ഷരം കൊണ്ടുള്ള ശ്ലോകം ചൊല്ലുക, രണ്ടുപേര്‍ ഒരേ സമയം ഒരേ അക്ഷരത്തിനുള്ള ശ്ലോകങ്ങള്‍ ഈ-മെയില്‍ വഴി അയയ്ക്കുക, മുമ്പു ചൊല്ലിയ ശ്ലോകങ്ങള്‍ ആവര്‍ത്തിക്കുക തുടങ്ങിയതാണ്‌ തെറ്റുകള്‍ക്കു കാരണമാകുന്നത്‌. അപ്പോഴുണ്ടാകുന്ന വിടവ്‌ അടയ്ക്കാന്‍ ഫില്ലര്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഓട്ടയടപ്പന്‍ ശ്ലോകങ്ങള്‍ ആരെങ്കിലും അയയ്ക്കും. ഇന്ന അക്ഷരം കൊണ്ടു തുടങ്ങി ഇന്ന അക്ഷരം കൊടുക്കുന്ന ശ്ലോകം എന്നതായിരിക്കും മിക്കവാറും ഓട്ടയടപ്പന്മാരുടെ സ്വഭാവം. ചിലപ്പോള്‍ അത്തരത്തില്‍ ഒരു ശ്ലോകം ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകും. ചിലപ്പോള്‍ തട്ടിക്കൂട്ടേണ്ടി വരും. ഇലക്ട്രോണിക്‌ യുഗത്തില്‍ എല്ലാത്തിനും വേഗത കൂടിയപ്പോള്‍ അക്ഷരശ്ലോകസദസ്സുപോലെ ചില സംഗതികള്‍ക്കു വേഗത കുറയുകയാണുണ്ടായത്‌. ദ്രുതകവനങ്ങളുടെ ദ്രുതഗതിയ്ക്കും കിട്ടി കുറച്ചു സാവകാശം. ഓട്ടയടയ്ക്കാന്‍ വേണ്ടി ഒന്നോ രണ്ടോ ദിവസം കിട്ടിയെന്നു വരും. അതിനിടയില്‍ ഒരെണ്ണം തട്ടിക്കൂട്ടിയാല്‍ മതിയാകും. ശ്ലോകമെഴുതി തഴക്കവും പഴക്കവും വന്ന സദസ്യരായ ബാലേന്ദുവിനെയും ഉമേഷിനെയും പോലെ മറ്റുള്ള ഞങ്ങളും ചിലത്‌ അങ്ങനെ തട്ടിക്കൂട്ടിയിട്ടുണ്ട്‌. ഇതു ഞാന്‍ ഇന്നോളം തട്ടിക്കൂട്ടിയ ശ്ലോകങ്ങളുടെ പട്ടികയാണ്‌.

ഒരു തട്ടിക്കൂട്ടല്‍ തര്‍ജ്ജമ:
പ്രദോഷധ്യാനം

'ശ'യ്ക്കു ചൊല്ലാന്‍ വേണ്ടി തട്ടിക്കൂട്ടിയത്‌
കരിവണ്ട്‌

'ച-മ'യ്ക്ക്‌ രഥോദ്ധതയില്‍ ചൊല്ലാന്‍ തട്ടിക്കൂട്ടിയത്‌
ശിവസ്തുതി

യമകശ്ലോകങ്ങളുടെ പരമ്പരയില്‍ 'ദ'യ്ക്കു ചൊല്ലാന്‍ വേണ്ടി ഉണ്ടാക്കിയത്‌:
ദയിതനായിത നാളുകളെണ്ണുമെ-
ന്നകമിതാക്കമിതാവിനെയോര്‍ക്കവേ
പെരിയമാരിയമര്‍ത്തിയ മാറെഴും
ഘനസമാന സമാധിയിലാണ്ടു പോയ്‌.

മദ്യശ്ലോകങ്ങളുടെ പരമ്പരയില്‍ 'ച'യ്ക്കു വേണ്ടി തട്ടിക്കൂട്ടിയത്‌:
കുടിയന്‍

തോടകശ്ലോകങ്ങളുടെ പരമ്പരയില്‍ 'ഒ'യ്ക്കു വേണ്ടിയുണ്ടാക്കിയത്‌:
ഒരിടത്തൊരിടത്തൊരു സക്കറിയാ
അവനോതിയ കെസ്സുകളാര്‍ക്കറിയാം?
പുഴുവും പഴുതാരയുമീശ്വരനും
കലരുന്നൊരു വാങ്‌മയമെന്തു രസം!

മോഷണം വിഷയമായ ശ്ലോകങ്ങളുടെ പരമ്പരയില്‍ 'ക'യ്ക്കു ചൊല്ലാന്‍ വേണ്ടിയുണ്ടാക്കിയത്‌:
കുട്ടിക്കൊമ്പന്‍

കുസുമമഞ്ജരി ശ്ലോകങ്ങളുടെ പരമ്പരയില്‍ 'പ'യ്ക്കു വേണ്ടി ഉണ്ടാക്കിയത്‌:
മദനഗോപാലന്‍

'മ'യ്ക്കു വേണ്ടി നടത്തിയ ദ്രുതകവനം:
മാനിച്ചിടട്ടെ ബുധരൊത്തു, പഴിച്ചിടട്ടേ
വന്നോട്ടെ വിത്ത,മതു പോലെയൊഴിഞ്ഞു പോട്ടേ
ഇന്നോ യുഗാന്തമതിലോ മരണം വരട്ടെ-
യന്യായമാം വഴി ചരിക്കുകയില്ല ധീരന്‍
ഇതേ ശ്ലോകത്തിന്റെ പരിഷ്കരിച്ച രൂപം:
ധീരന്‍

ആശകൊണ്ടു നടത്തിയ ഒരു പരിഭാഷയുടെ കഥ

ദ്രുതവിളംബിതത്തില്‍ 'ത'യ്ക്കു വേണ്ടി തട്ടിക്കൂട്ടിയത്‌:
മദാമ്മ

മാലിനി ശ്ലോകങ്ങളുടെ പരമ്പരയില്‍ 'പ'യ്ക്കു ചൊല്ലാന്‍ തട്ടിക്കൂട്ടിയത്‌:
വാഗ്‌ദേവതാ ധ്യാനം

ദ്രുതവിളംബിതത്തില്‍ 'ത'യ്ക്കു വേണ്ടി ഉണ്ടാക്കിയത്‌:
കര്‍മ്മത്തിന്റെ കരുത്ത്‌

ധ-ജ ഓട്ടയടപ്പന്‍:
മധുരസ്മരണ

അക്ഷരശ്ലോകസദസ്സിലെ 2500-ാ‍മത്തെ ശ്ലോകമായി ചൊല്ലാനുണ്ടാക്കിയത്‌:
നെയ്‌വിളക്കുകള്‍ക്കിടയില്‍

ദ്രുതപരിഭാഷകള്‍:
ഈറ്റുഭേദം

തിളങ്ങാന്‍ വേണ്ടത്‌

പല്ലും നാവും

ചെറുക്കന്‍കാണല്‍

ധനത്തില്‍ മികച്ചത്‌

കൂമന്റെ കാഴ്ച

പെണ്ണായ്‌ പിറന്നാല്‍

പാമ്പിനു പാലുകൊടുത്താല്‍

ഗുരുസാഗരം

തന്നോളം വളര്‍ന്നാല്‍

വ്യാഖ്യാതാവിന്റെ അറിവ്‌

ജ്യോതിയുടെ ഈ ശ്ലോകത്തിന്റെ വിവര്‍ത്തനം:
മദനവേദനയാ ഖലു കാതരാ-
മതിബലാ'മബലാ'മിതി ഭാവയന്‍
മഥിതമന്മഥമാനസപൂരുഷ-
സ്ത്വകരുണഃ,സ്സഖി! ചിന്തയ ശങ്കരം!


മദനകാതരയായവളെസ്സദാ
മദനമാലു പെരുത്തൊരു പൂരുഷന്‍
അബലയെന്നു വിളിക്കുവതോര്‍ക്കൊലാ
മദനവൈരിയെയോര്‍ക്കുക സര്‍വ്വദാ

അക്ഷരശ്ലോകസദസ്സില്‍ ഏറ്റവുമധികം ശ്ലോകങ്ങള്‍ ചൊല്ലിയ സദസ്യരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ശ്ലോകം. ഇത്‌ ദ്രുതകവനമല്ലെങ്കിലും ശ്ലോകസദസ്സുമായി ബന്ധപ്പെട്ടതായതുകൊണ്ട്‌ ഇവിടെ കിടക്കട്ടെ.
നെടും തൂണുകള്‍:
പ്രപഞ്ചത്തിന്റെ നെടുംതൂണിന്‌ ഒരു വന്ദനം. ഒപ്പം, സദസ്സിന്റെ നെടുംതൂണുകള്‍ക്കും:
ബാലേന്ദുവെപ്പൂവിതളെന്നപോലെ
ഫാലേ ധരിയ്ക്കുന്നൊരുമേശ, ശംഭോ,
മാലേറവേ ശ്രീധരനും ഭജിയ്ക്കും
കാലേകണം ജ്യോതിയിവന്നിരുട്ടില്‍

'ദ'യ്ക്കു വേണ്ടി ഒരു ദ്രുതകവനം. സമസ്യാപൂരണം:
ദുഷ്ടത്തമേറുന്നൊരു ശ്വശ്രുവിന്നെ-
പ്പെട്ടെന്നൊരമ്മിയ്ക്കു പുറത്തിരുത്തി
ചേരും കരിങ്കല്‍ കഷണത്തിനാലേ...
നാരായണന്നര്‍പ്പണമായ്‌ വരട്ടെ.

"അമ്മായിയമ്മയെ അമ്മിമേല്‍ വെച്ചിട്ടു/നല്ലൊരു കല്ലോണ്ടു...നാരായണാ" എന്ന നാടന്‍ പാട്ട്‌ ഓര്‍ക്കുക.

ഈ ശ്ലോകത്തിനു ശേഷം ചൊല്ലാന്‍ വേണ്ടി എഴുതിയത്‌:
വിലസല്‍ഘനപുഷ്പപുഷ്പപുഷ്പം
വിരഹസ്ത്രീജനമാരമാരമാരം
വിനതാമര രാജരാജരാജം
വിഷമാക്ഷം ഭജ കാലകാലകാലം


വഴിയും ചിരി, മാടുമാടുമാടും
കുഴലിന്നൊച്ചയുമേറുമേറുമേറും
പിഴയൊക്കെയുമാറുമാറുമാറും
തൊഴുമാ മാമുനിമാരുമാരുമാരും

മറ്റൊരു സമസ്യാപൂരണം

'ണ'യ്ക്ക്‌ ഒരു ദ്രുതകവനം:
ണത്താരൊത്ത കരത്തിലാത്തകുതുകം വെണ്‍താമരത്താരെടു-
ത്തത്താര്‍ മാനിനി ഹൃത്തിലും മദനമാല്‍ ചേര്‍ത്തീടുമത്താരുടല്‍,
ചത്തീടുംപൊഴുതാര്‍ത്തിതീര്‍ത്തരുളുവാനുള്‍ത്താരിലുണ്ടായിടാന്‍
നിത്യം പേര്‍ത്തു മനസ്സിലോര്‍പ്പു തിരുവല്ലത്തേവര്‍ തന്‍ കാല്‍ത്തളിര്‍.

<< എന്റെ ശ്ലോകങ്ങള്‍