Sunday, July 19, 2020

മഹാഭാരതം കുറിപ്പുകൾ 7-9

ഏഴ്


നെഹ്രുവിൻ്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ ദൂരദർശനുവേണ്ടി ശ്യാം ബെനഗൽ പരമ്പരയാക്കിയതും എൺപതുകളിലായിരുന്നു. ഭാരതചരിത്രത്തെപ്പറ്റി നെഹ്രുവിൻ്റെ ഉൾക്കാഴ്ചയോടൊപ്പം പിൽക്കാലത്ത് ലഭിച്ചിട്ടുള്ള അറിവുകളും കോർത്തിണക്കി സൃഷ്ടിച്ച കനപ്പെട്ട ഡോക്യുമെൻ്ററി പരമ്പരയായിരുന്നു ‘ഭാരത് ഏക് ഖോജ്’. ഇൻഡ്യയെമ്പാടുമുള്ള ചരിത്രസ്മാരകങ്ങൾ സന്ദർശിച്ച്, അന്ന് ഒരു അത്ഭുതമായിരുന്ന ഏരിയൽ ഫോട്ടോഗ്രഫിയുടെയും മറ്റും സഹായത്തോടെ ചിത്രീകരിച്ച, വിനോദത്തിനും വാർത്തയ്ക്കും മാത്രം സ്ഥാനമുള്ള ഇന്നത്തെ ടെലിവിഷൻ ലോകത്തിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള ബൃഹത് പദ്ധതി. ചരിത്രത്തിലെ ഓരോ ഘട്ടങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ ആ കാലങ്ങളുടെ മുദ്ര പതിഞ്ഞ കലാരൂപങ്ങളുടെ മികച്ച അവതരണങ്ങളും ഉൾക്കൊള്ളിക്കാൻ ബെനഗൽ ശ്രദ്ധിച്ചിരുന്നു.

മഹാഭാരതത്തെക്കുറിച്ചുള്ള അധ്യായങ്ങളിൽ ദുര്യോധനവധം കഥകളിയിൽനിന്നും ഭാസൻ്റെ ഊരുഭംഗത്തിൽനിന്നും ദൂതവാക്യത്തിൽനിന്നുമുള്ള ഭാഗങ്ങൾ ഉണ്ടായിരുന്നു. അവയ്ക്കൊപ്പം കണ്ട ഒരു അത്ഭുതപ്രകടനം പാണ്ഡവാനി എന്ന കലാരൂപത്തിൻ്റേതായിരുന്നു. ഛത്തിസ്‌ഗഢിലെ ആദിവാസികൾക്കിടയിൽനിന്ന് ഉത്ഭവിച്ച്, മധ്യപ്രദേശിലും ബിഹാറിലും ഝാർഖണ്ഡിലുമെല്ലാം പ്രചരിച്ചിട്ടുള്ള ഒരു ആഖ്യാന-അവതരണകലയാണ് പാണ്ഡവാനി.

ഭാരത് ഏക് ഖോജിൽ പാണ്ഡവാനി അവതരിപ്പിച്ചത് തീജൻ ബായി എന്ന കലാകാരിയാണ്. പുരുഷന്മാർ മാത്രം അവതരിപ്പിച്ചുപോന്ന പാണ്ഡവാനി അവതരിപ്പിച്ചു എന്ന പേരിൽ ഗോത്രത്തിൽ നിന്നും ഗ്രാമത്തിൽനിന്നും പുറത്താക്കപ്പെട്ട തീജൻ ബായി തൻ്റെ കലാപ്രകടനത്തിലൂടെ ലോകപ്രശസ്തയായി മാറുകയാണുണ്ടായത്. ഭാരത് ഏക് ഖോജിൽ അഭിനയിക്കുന്ന കാലത്ത് തൻ്റെ മുപ്പതുകളിൽത്തന്നെ പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾ നേടിക്കഴിഞ്ഞിരുന്നു ഇവർ. ഔപചാരികവിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഭിലായി ഉരുക്കു നിർമ്മാണശാലയിലെ കാൻ്റീനിലാണ് ആദ്യകാലത്ത് ഇവർ ജോലി ചെയ്തിരുന്നത്.

പിൽക്കാലത്ത് ജംഷെദ്‌പുരിൽ കഴിയുമ്പോൾ തീജൻ ബായിയുടെ അവതരണം നേരിൽ കാണാൻ ഭാഗ്യമുണ്ടായി.

തീജൻ ബായിയുടെയും ഇരാവതി കാർവേയുടെയും സ്വാധീനങ്ങൾ ഉൾക്കൊണ്ട് ബംഗാളി നടിയായ ശാഒളി മിത്ര അവതരിപ്പിച്ച ഒറ്റയാൾ നാടകമാണ് “നാഥവതി അനാഥവത്” (ഭർതൃമതിയായിട്ടും അനാഥയെപ്പോലെ). പാണ്ഡവാനിയിലെ കഥനരീതി ഉപയോഗിച്ച് ദ്രൗപദി സ്വന്തം കഥ പറയുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ നാടകം കൊൽക്കത്തയിൽവെച്ച് കാണാൻ കഴിഞ്ഞു.


എട്ട്




1980-കളിൽത്തന്നെയാണ് ഹിന്ദി നിർമ്മാതാവായ ബി ആർ ചോപ്ര മഹാഭാരതത്തെ ഒരു നെടുങ്കൻ ടെലിവിഷൻ പരമ്പരയായി നിർമ്മിച്ചത്. ദൂർദർശൻ ഒരേയൊരു ടിവി ചാനലായിരുന്ന കാലമായതുകൊണ്ട് എല്ലാ പരിപാടികളും ഒരുപാടുപേർ കാണുന്ന അവസ്ഥയായിരുന്നു അന്ന്. അവയിൽത്തന്നെ രാമായണവും മഹാഭാരതവും ജനപ്രീതിയിൽ ഏറെ മുമ്പിലായിരുന്നു. ഞായറാഴ്ച രാവിലെ മഹാഭാരതം സംപ്രേഷണം ചെയ്യുന്ന സമയത്ത് ഇൻഡ്യയിലെ ഒരു ടെലിവിഷൻ സെറ്റ് പോലും ഓഫായിരുന്നില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയായിരിക്കില്ല. വിവാഹങ്ങളുടെ മുഹൂർത്തങ്ങളും പള്ളികളിലെ കുർബാനസമയവും പോലും മാറ്റിവെയ്ക്കുന്ന അവസ്ഥയുണ്ടായി. ഹിന്ദി അറിയാത്ത കാഴ്ചക്കാർക്കുവേണ്ടി മലയാളം പത്രങ്ങൾ ഞായറാഴ്ചപ്പതിപ്പിൽ അന്നത്തെ തിരക്കഥയുടെ പരിഭാഷ പ്രസിദ്ധീകരിച്ചു. പരസ്യക്കാരുടെ സ്വപ്നസാക്ഷാത്കാരം തന്നെയായിരുന്നു ആ പരമ്പര.

എന്നാൽ, ഒരു കലാസൃഷ്ടിയെന്ന നിലയിൽ മേന്മ കുറഞ്ഞ ഉല്പന്നമായിരുന്നു മഹാഭാരതം. മിക്ക അഭിനേതാക്കളുടെയും പ്രകടനങ്ങളും വേഷവിധാനങ്ങളും ഛായാഗ്രഹണവും സംഗീതവുമെല്ലാം പരിതാപകരമായിരുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ പണം കൊയ്യുക എന്ന ലക്ഷ്യമായിരുന്നിരിക്കണം ഈ തീരുമാനങ്ങൾക്ക് പിന്നിൽ. കൃഷ്ണകഥയ്ക്ക് അമിതമായ പ്രാധാന്യം കൊടുത്തതും മറ്റും ഭാരതപര്യടനത്തിൻ്റെ വായനക്കാരനെന്ന നിലയിൽ അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു.

ഗുണമേന്മയുള്ള വീഡിയോ ക്യാമറകൾ ഇല്ലാത്ത കാലമായതുകൊണ്ട് ‘ഭാരത് ഏക് ഖോജ്’ പോലുള്ള അന്നത്തെ മികച്ച പരമ്പരകൾ ഫിലിമിലാണ് ചിത്രീകരിച്ചിരുന്നത്. ചോപ്ര അതിനൊന്നും മെനക്കെട്ടില്ല. ഹിന്ദി സിനിമയിലെ വില്ലന്മാരെപ്പോലെ അട്ടഹസിക്കുന്ന ‘മഹാഭാരത്’ ലെ പുനീത് ഇസ്സാറിൻ്റെ ദുര്യോധനനെ മാത്രം കണ്ടിട്ടുള്ളവർ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘ഭാരത് ഏക് ഖോജ്’ലെ ഓം പുരിയുടെ ദുര്യോധനനെ ഒന്ന് കാണേണ്ടതാണ്.

കണ്ണശ്ശനും എഴുത്തച്ഛനും മുതൽ കുഞ്ഞിക്കുട്ടൻ തമ്പുരാനും വിദ്വാൻ പ്രകാശവും വരെയുള്ളവർ മഹാഭാരതത്തെ പരിഭാഷപ്പെടുത്തിയിട്ടുള്ള മലയാളത്തിലെ അവസ്ഥയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്നത്. അവിടെ പലരും മഹാഭാരതകഥയുടെ അടിസ്ഥാനഗതിപോലും മനസ്സിലാക്കുന്നത് ടിവി പരമ്പരയിൽനിന്നായിരുന്നു. കോളേജിൽ സഹപാഠിയായിരുന്ന ഹിമാചൽ പ്രദേശ്‌കാരന് സീരിയലിലെ സംശയങ്ങൾ പരിഹരിച്ചുകൊടുത്തിരുന്നത് മലയാളി മുസ്ലിമായ സഹമുറിയനായിരുന്നു എന്നത് രസകരമായ ഓർമ്മയാണ്.

മഹാഭാരത് പരമ്പരയുടെ നിലവാരത്തിലല്ലെങ്കിലും ഏറെ നിരാശപ്പെടുത്തിയ കൃതിയാണ് എം. ടിയുടെ രണ്ടാമൂഴം. വമ്പിച്ച പ്രാധാന്യത്തോടെ, നമ്പൂതിരിയുടെ ചിത്രങ്ങളുടെ സമൃദ്ധിയോടെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചുവന്ന നോവൽ ഏറെ സ്വീകരിക്കപ്പെട്ടു, ജ്ഞാനപീഠമുൾപ്പെടെ അസംഖ്യം പുരസ്കാരങ്ങൾ നേടി. എന്നാൽ, ഒരു ടെമ്പോ വാൻ നിറയെ പുസ്തകങ്ങൾ വായിച്ചതിനുശേഷം രചിക്കപ്പെട്ടതായി പറയുന്ന ഈ കൃതി എം.ടിയുടെ തന്നെ മികച്ച നോവലുകളോടോ ചെറുകഥകളോടു പോലുമോ കിടനിൽക്കുമോ എന്ന കാര്യം സംശയമാണ്.


ഒമ്പത്


മഹാഭാരതത്തെ ഒരു മതഗ്രന്ഥമായി ചുരുക്കിക്കാണാൻ ശ്രമിക്കുന്ന സമീപനങ്ങൾ പെരുകിപ്പെരുകി വരുന്നതാണ് കാലക്രമത്തിൽ കാണാൻ കഴിയുന്നത്. ഇൻഡ്യയെ ഒരു മതരാഷ്ട്രമായി പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്ക് സമാന്തരമായിട്ടാണ് ഏറ്റവും വലിയ ഇൻഡ്യൻ ഇതിഹാസത്തെയും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

മഹാഭാരതം ഒരു അധ്യാത്മികഗ്രന്ഥമാണ് എന്ന ധാരണ ഏറെ ചെറുപ്പത്തിൽത്തന്നെ ഇല്ലാതായതാണ്. ഏറെ സങ്കീർണമായ ധർമ്മാന്വേഷണങ്ങളുടെയും ധർമ്മസങ്കടങ്ങളുടെയും ഇതിഹാസം എന്ന വിശേഷണമായിരിക്കും അതിന് ചേരുന്നതെന്നാണ് കൂടുതൽ അറിയും തോറും തോന്നിയത്.
മഹാഭാരതം മതപരമായ വ്യാഖ്യാനങ്ങളുടെ വരുതിയിൽ നിൽക്കുന്നതല്ല എന്ന ധാരണ മതത്തിൻ്റെ അധികാരകേന്ദ്രങ്ങൾക്കുണ്ടായിരുന്നു എന്നതിൻ്റെ ഒരു തെളിവാണ് ഈ പുസ്തകം വീട്ടിൽ സൂക്ഷിക്കാനും വായിക്കാനും പാടില്ല എന്ന പരമ്പരാഗതമായ വിശ്വാസം. മനുഷ്യർ പുസ്തകം വായിക്കാൻ തുടങ്ങിയാൽ തങ്ങൾ പറയുന്നതൊന്നുമല്ല അതിൽ കാണുക എന്ന് അവർ ഭയന്നിരുന്നു എന്നുവേണം കരുതാൻ. തൻ്റെയൊക്കെ ചെറുപ്പത്തിൽ വീടുകളിൽ ബൈബിൾ വായിക്കുന്നത് പുരോഹിതന്മാർ നിരുത്സാഹപ്പെടുത്തിയിരുന്നു എന്ന് സക്കറിയ ഒരിക്കൽ പറഞ്ഞത് ഓർമ്മവരുന്നു.

എന്നാൽ ഏറെക്കുറെ എല്ലാ ഹിന്ദുഭവനങ്ങളിലും കാണാവുന്ന ഒരു പുസ്തകമാണ് ഭഗവദ്ഗീത എന്ന ചെറുകൃതി. ചെറുപ്പത്തിൽത്തന്നെ ഗീത വായിക്കാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. മഹാഭാരതത്തെ വ്യാഖ്യാനിച്ച് ശരിപ്പെടുത്താൻ കഴിയാത്തവർ അതിലെ സ്വീകാര്യമായ ഒരു ചെറിയ ഭാഗം ഭഗവദ്‌ഗീതയെ എടുത്ത് അതിനെ മഹാഭാരതത്തിൻ്റെ ഹൃദയമായി മാത്രമല്ല, ഭാരതീയ തത്വചിന്തയുടെയും ആത്മീയതയുടെയും തന്നെ ഉറവിടമായും ഹിന്ദുമതത്തിൻ്റെ ആധികാരികഗ്രന്ഥമായും പ്രതിഷ്ഠിക്കുകയാണ് ചെയ്തത് എന്നാണ് ഗീതയെപ്പറ്റി തോന്നിയത്. കൃഷ്ണനും അർജുനനും എവിടെയുണ്ടോ അവിടെ ഐശ്വര്യവും വിജയവും നീതിയും ഉണ്ടാകും എന്ന ഗീതയിലെ അവസാനശ്ലോകത്തിന് നിരക്കുന്നതല്ല മഹാഭാരതകഥയുടെ പരിസമാപ്തി.

ഖുർ-ആനും ബൈബിളും പോലെ ഒരൊറ്റ വിശുദ്ധപുസ്തകത്തെ കേന്ദ്രമാക്കിക്കൊണ്ട് ഭാരതീയതയെ മുഴുവൻ ഒരൊറ്റ ഹിന്ദുമതമായി ചുരുക്കിയെടുക്കാനുള്ള ശ്രമം ബ്രിട്ടീഷ് ഭരണാധികാരികളെ മുതൽ ഹിന്ദുദേശീയവാദികളെ വരെ ഏറെ മോഹിപ്പിച്ചിരുന്നു. ബഹുമുഖവും ബഹുസ്വരവുമായ ഭാരതീയ സംസ്കാരങ്ങളെ മുഴുവൻ വൈദിക-ബ്രാഹ്മണിക-സംസ്കൃത പാരമ്പര്യം മാത്രമായി ചുരുക്കുകയും അതിനെ വീണ്ടും ഒരൊറ്റ പുസ്തകവുമായി ചുരുക്കുകയും ചെയ്താൻ ഭരിക്കാൻ എത്ര എളുപ്പമായി!

ഗീതയുടെ വമ്പിച്ച പ്രചാരത്തിന് കാരണം എന്തായിരിക്കാം എന്നതിനെപ്പറ്റി എൻ. ഇ. ബാലറാം ഒരിക്കൽ എഴുതിയത് ഓർമ്മയുണ്ട്. വളരെ അവ്യക്തവും ഏറെ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുന്നതുമാണ് ഗീതാവാക്യങ്ങൾ. നൂറുകണക്കിന് പേജുകൾ നീണ്ടുനിൽക്കുന്ന വ്യാഖ്യാനങ്ങളായും ആഴ്ചകൾ നീണ്ടുനിൽക്കുന്ന ജ്ഞാനയജ്ഞങ്ങളായും ഗീത വളരുന്നതുകാണുമ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. ഗാന്ധിയും ഗോഡ്‌സേയും എപ്പോഴും കൈയിൽ കൊണ്ടുനടന്നിരുന്ന പുസ്തകമായിരുന്നു ഗീത എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

No comments: