നാല്
പ്രക്ഷിപ്തഭാഗങ്ങൾ ഏതൊക്കെ എന്ന് നിർണയിക്കുന്നതിന് മാത്രമല്ല, തൻ്റെ പഠനങ്ങൾക്കുതന്നെ ആധാരമായി മാരാർ സ്വീകരിച്ച മഹാഭാരതപാഠം പൂനെയിലെ ഭണ്ഡാർക്കർ ഓറിയൻ്റൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (BORI) എന്നൊരു സ്ഥാപനം പ്രസിദ്ധീകരിച്ചതാണ്. സംശോധിതപാഠം (ക്രിട്ടിക്കൽ എഡിഷൻ) എന്ന് അറിയപ്പെടുന്ന ഈ പാഠം ലോകത്തിലെത്തന്നെ ഏറ്റവും വലിയൊരു സാംസ്കാരികപരിശ്രമത്തിൻ്റെ പരിണതഫലമാണ്. 1919ൽ തുടങ്ങി, 1966ൽ മാത്രം പൂർത്തിയായ പദ്ധതിയുടെ ഫലമായി 15000ലധികം പുറങ്ങളിൽ, പത്തൊമ്പത് വോള്യങ്ങളായിട്ടാണ് സംശോധിതപാഠം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സംശോധിതപാഠം പദ്ധതിയുടെ ഉപജ്ഞാതാവും മാർഗനിർദേശകനും ആയിരുന്നത് വി. എസ്. സുക്‌ഥങ്കർ എന്ന പണ്ഡിതനാണ്. കെയിംബ്രിജ്ജിലും എഡിൻബറോ സർവകലാശാലയിലും ഗണിതം പഠിച്ച അദ്ദേഹം പിന്നീട് ഇൻഡ്യൻ പഠനങ്ങളിൽ ആകൃഷ്ടനാകുകയും ജെർമനിയിൽ വിഖ്യാതരായ പണ്ഡിതരുടെ കീഴിൽ ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തു. 1925ൽ മഹാഭാരതം പദ്ധതിയുടെ ജെനറൽ എഡിറ്റർ ആയി സ്ഥാനമേറ്റ അദ്ദേഹം 1943ൽ മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.
1948ൽ ഭാരതപര്യടനം പ്രസിദ്ധീകരിക്കുമ്പോൾ സംശോധിതപാഠം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുപോലും ഇല്ലായിരുന്നു. തൻ്റെ പഠനത്തിന് ആധാരമായി ഏതെങ്കിലും പരമ്പരാഗതപാഠത്തെ സ്വീകരിക്കാതെ ഏറ്റവും പുതിയതിനെത്തന്നെ ആശ്രയിച്ചതിൽനിന്ന് മാരാരുടെ ഉല്പതിഷ്ണുത്വമാണ് വെളിവാകുന്നത്.
സംശോധിതപാഠം എന്ന ഒരു പാഠത്തെക്കുറിച്ചുള്ള അറിവ് മഹാഭാരതത്തെ സംബന്ധിച്ച ഒരു വലിയ പ്രതീക്ഷയാണ് തന്നത്. വ്യാസൻ രചിച്ച, പിൽക്കാലത്ത് വിവിധതാല്പര്യങ്ങളോടെ പലർ നടത്തിയ കൂട്ടിച്ചേർക്കലുകൾ അഴിച്ചുമാറ്റി ശുദ്ധീകരിച്ച, ഒരു പാഠം കണ്ടെത്തപ്പെട്ടിട്ടുണ്ടെന്
ഭാരതപര്യടനം വായിക്കാൻ തന്ന സുഹൃത്തിൻ്റെ കൈയിൽനിന്നു തന്നെയാണ് ഇരാവതി കാർവേയുടെ ‘മഹാഭാരതപഠനങ്ങൾ’ എന്ന പുസ്തകവും കിട്ടിയത്. (മറാഠിയിലും ഇംഗ്ലീഷിലും ഇതിന് യുഗാന്ത എന്നാണ് പേര്).
മഹാഭാരതത്തിന് ജയം എന്ന പേരിൽ ഒരു പൂർവരൂപം ഉണ്ടായിരുന്നു എന്ന അറിവ് ആദ്യമായി കിട്ടുന്നത് ഈ പുസ്തകത്തിൽനിന്നാണ്. അതുപോലെതന്നെ, ധർമ്മപുത്രരുടെ ജനയിതാവ് (ധർമ്മദേവൻ്റെ അവതാരമെന്ന് കരുതപ്പെടുന്ന) വിദുരരും കർണൻ്റെ പിതാവ് ദുർവാസാവ് മഹർഷി ആയിരുന്നിരിക്കാം എന്ന നിഗമനവും അതിലുണ്ട്. രണ്ടാമൂഴത്തിലേക്ക് ഇതേ ആശയം കടന്നുവന്നത് കാർവേയിൽനിന്നാണ് എന്ന് എം. ടി. പറഞ്ഞിട്ടുണ്ട്.
മഹാഭാരതകാലത്ത് വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം ആയിട്ടല്ല, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധമായിട്ടാണ് സമൂഹം പരിഗണിച്ചിരുന്നത് എന്നും കാർവേ നിരീക്ഷിച്ചിട്ടുണ്ട്. പ്രണയം എന്ന സങ്കല്പത്തിന് മഹാഭാരതത്തിൽ സ്ഥാനമില്ല. നരവംശശാസ്ത്രജ്ഞയായ ലേഖികയുടെ ഈ നിരീക്ഷണം മൂല്യങ്ങളുടെ ചരിത്രനിഷ്ഠതയെപ്പറ്റിയുള്ള ഒരു വെളിപാടായിരുന്നു എന്ന് ഓർമ്മിക്കുന്നു.
മഹാഭാരതത്തെ അടിസ്ഥാനമാക്കി പീറ്റർ ബ്രൂക്ക് നടത്തിയ രംഗാവതരണം ഫ്രാൻസിൽ അരങ്ങേറിയത് 1985ലാണ്. ലോകശക്തികൾ തമ്മിൽ ആണവയുദ്ധഭീഷണി നിലനിന്നിരുന്ന ആ കാലത്ത് യുദ്ധത്തിൻ്റെ അനന്തരഫലങ്ങളെപ്പറ്റിയുള്ള ഒരു പരിചിന്തനമാണ് ബ്രൂക്ക് ഭാരതകഥയിൽ കണ്ടെടുത്തത്. ഗർഭസ്ഥനായ ശിശുവിനെപ്പോലും ലക്ഷ്യംവെക്കുന്ന അശ്വത്ഥാമാവിൻ്റെ ബ്രഹ്മാസ്ത്രപ്രയോഗത്തിനെ അണ്വായുധദുരന്തത്തിൻ്റെ പ്രതീതികളുണർത്തും വിധമാണ് അവതരിപ്പിച്ചത്. നാടകം കണ്ട മറാഠി സംവിധായിക വിജയാ മെഹ്ത്ത ഒരു ജേർണലിൽ അതെപ്പറ്റി എഴുതിയത് കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ മനോഹരവും ശാന്തവുമായ കെട്ടിടത്തിൽ ഇരുന്ന് വായിച്ചത് ഓർമ്മയുണ്ട്. വായനക്കാരിൽ നാടകം കണ്ട ഫലം ഉളവാക്കുന്ന എഴുത്തായിരുന്നു മെഹ്ത്തയുടേത്. കർണ്ണൻ്റെ മരണരംഗത്തിൻ്റെ വർണനയൊക്കെ ഇപ്പോഴും ഓർമ്മയുണ്ട്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള നടീനടന്മാർ പങ്കെടുത്ത അവതരണമായിരുന്നു പീറ്റർ ബ്രൂക്കിൻ്റേത്. പാഞ്ചാലിയായി അഭിനയിച്ച മല്ലികാ സാരാഭായി ആയിരുന്നു ഇൻഡ്യയിൽനിന്നുള്ള മുഖ്യനടി.വ്യത്യസ്ത നരവംശങ്ങളിൽനിന്നും വ്യത്യസ്ത സാംസ്കാരികപാരമ്പര്യങ്ങളിൽനിന്നും വന്ന അഭിനേതാക്കളെ ഉൾക്കൊള്ളിച്ചതിലൂടെ മഹാഭാരതകഥയെ സാർവലൗകികമാക്കുകയാണ് ചെയ്തത് എന്നാണ് പാശ്ചാത്യനിരൂപകർ അഭിപ്രായപ്പെട്ടതെങ്കിലും ഇൻഡ്യയിലെ നിരൂപകർക്ക് അത് അത്ര പഥ്യമായില്ല. കുന്തി ഇരിക്കുന്നത് ഇൻഡ്യൻ സ്ത്രീകൾ ഇരിക്കുന്നതുപോലെയല്ല എന്നും ഭീമനായി അഭിനയിച്ചത് കറുത്ത വർഗക്കാരൻ (നീഗ്രോ എന്നാണ് ഉപയോഗിച്ച വാക്ക്) ആകേണ്ടായിരുന്നു എന്നുമൊക്കെ പരാതികൾ ഉണ്ടായി.
പീറ്റർ ബ്രൂക്ക് പിൽക്കാലത്ത് തൻ്റെ നാടകം ടെലിവിഷനുവേണ്ടി രൂപാന്തരം ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം അത് കാണാൻ കഴിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. നാടകത്തിനും ടെലിഫിലിമിനും ഇടയിലെവിടെയോ പെട്ടുപോയ, ഫ്രാൻസിലെ പാറമടയിൽ ഒരുക്കിയ വേദിയുടെ ഗാംഭീര്യം ആവാഹിക്കാൻ കഴിയാതെപോയ ഒരു ഉദ്യമമായിരുന്നു അത്.
No comments:
Post a Comment