Wednesday, September 23, 2009

faയോടൊപ്പം ആരുണ്ട്‌?

രാസമൂലകങ്ങളുടെ ആവർത്തനപ്പട്ടിക ഇന്നു നാം കാണുന്ന രൂപത്തിലായത്‌ ഏറെക്കാലത്തെ പരിണാമത്തിലൂടെയാണത്രേ. ഭാഷയിലെ ശബ്ദങ്ങളുടെ ആവർത്തനപ്പട്ടികയെന്നു വിളിക്കാവുന്ന അക്ഷരമാലയും അത്തരമൊരു പരിണാമത്തിനു വഴങ്ങുമോ? അതോ അത്തരമൊരു ശ്രമം ലിപിപരിഷ്കരണം പോലെ ഭാഷയുടെ മരണത്തിലേക്കു നയിക്കുമെന്ന് അഭിപ്രായമുള്ളവരുണ്ടാകുമോ?

നാം പരിചയിച്ചിരിക്കുന്ന മലയാളം അക്ഷരമാല സംസ്കൃതത്തിൽ നിന്ന്, മറ്റു മിക്ക ഭാരതീയഭാഷകളെയും പോലെ സ്വീകരിച്ചിട്ടുള്ളതാണ്‌. വ്യഞ്ജനങ്ങളുടെ ക്രമം നാം പഠിച്ചിട്ടുള്ളത്‌ ഇങ്ങനെയാണ്‌

ഖരംഅതിഖരംമൃദുഘോഷംഅനുനാസികം
കവർഗ്ഗം
ചവർഗ്ഗം
ടവർഗ്ഗം
തവർഗ്ഗം
പവർഗ്ഗം


ഇതിൽ ശ മുതലുള്ള നാലക്ഷരങ്ങളെ (ഊഷ്മാക്കൾ) വർഗ്ഗാക്ഷരങ്ങളുടെ കൂടെ കുടിയിരുത്താൻ കഴിയില്ലേ? (ഒന്ന് ഉറക്കെ വായിച്ചു നോക്കൂ) അങ്ങനെ വരുമ്പോൾ പവർഗ്ഗത്തിലെ ഒരു സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതു കാണുകയില്ലേ? അവിടെ ഇരിക്കേണ്ടവനല്ലേ നമ്മളൊക്കെ പുച്ഛിച്ചു തള്ളിയിരിക്കുന്ന fa?


ഖരംഅതിഖരംമൃദുഘോഷംഅനുനാസികംഊഷ്മാവ്
കവർഗ്ഗം
ചവർഗ്ഗം
ടവർഗ്ഗം
തവർഗ്ഗം
പവർഗ്ഗംfa


അറിയപ്പെടാത്തവയ്ക്കും തമസ്കരിക്കപ്പെട്ടവയ്ക്കും പാർശ്വവത്കരിക്കപ്പെട്ടവയ്ക്കും സംസ്കാരങ്ങളിൽ അർഹതപ്പെട്ട ഇടം നേടിക്കൊടുക്കണമെന്ന വാദങ്ങളുടെ കാലത്ത്‌ faയെ അക്ഷരമാലയിൽ കുടിയിരുത്താൻ വാദിക്കാനും ആളുണ്ടാവുമോ? അറുകൊലചെയ്യപ്പെട്ടവരുടെ ആത്മാവുകൾ ശരീരമുള്ളവരെ ബാധിക്കുമെന്നു പറയുന്നതുപോലെ എന്നോ എങ്ങനെയോ കശാപ്പുചെയ്യപ്പെട്ടതുകൊണ്ടായിരിക്കുമോ fa ഫയുടെ മേൽ ബാധ കൂടുന്നത്‌?


<< തോന്നിയവാസം

37 comments:

Anonymous said...

fa യെ കൂടെ കൂടുന്നതില്‍ ഒട്ടും തെറ്റില്ല എന്നാണ് തോന്നുന്നത്. എന്തുകൊണ്ടും ഫ യെ overload ചെയ്തു കുളം ആക്കുന്നതിലും നല്ലത് തന്നെ ആണ്.

Anonymous said...

ഇംഗ്ലീഷില്‍ ഏറ്റവും സാധാരണ ആയി ഉപയോഗികുന്ന 'ഫക്ക്' എന്ന പ്രോഫാനിടി 'fa' യോട് പുച്ഛം ഉള്ള ഒരു മലയാളി പറയാന്‍ നോക്കിയാല്‍,ഫണ്ണി ആയിരിക്കും അല്ലെ?

Anonymous said...

വ എന്നു പറയുമ്പോൾ ചുണ്ടും പല്ലും തമ്മിലെങ്ങനെ ബന്ധപ്പെട്ടിരിക്ക്കുന്നുവോ അതിനോടടുപ്പമുണ്ട് fa എന്ന ഇങ്ഗ്ലിഷ് സിലബിൾ ഉച്ചരിക്കുമ്പോൾ പല്ലും ചുണ്ടും തമ്മിലുള്ള ബന്ധത്തിന്.
അതിനെ പവർഗ്ഗത്തിലേക്കു ചെർക്കുന്നത് അബദ്ധമാകും.
ശ് ർ സ് എന്നീ ശബ്ദങ്ങൾ സ്വരങ്ങളെപ്പോലെ നീട്ടി ഉച്ചരിക്കാവുന്നവയാകയാൽ “ശകാരാദികളെ” സ്വരങ്ങളുടെ വരേണ്യസ്ഥാനത്തിരുത്തണമെന്ന് പണ്ട് ഒരു പരിഷ്കരണവാദി പറഞ്ഞിരുന്നതോർക്കുന്നു.
ഇതിനെ എതിർത്ത ആളുടെ വാദം ഇതായിരുന്നു:
അക്ഷരം ശബ്ദമായി പ്രകടമാകുമ്പോൾ ഓരോ വ്യക്തിയും ചില പൊതുനിയമങ്ങൾ അനുസരിക്കുന്നുണ്ടെങ്കിലും ഒരു തനിമ ശബ്ദോച്ചാരണത്തിലുണ്ട്.അതായത് ഓരോ വ്യക്തിയും താന്താങ്ങളുടെ ശബ്ദം , അക്ഷരങ്ങളുടെ ശബ്ദോച്ചാരണത്തിൽ ചേർക്കുന്നു. ‘ർ’(വണ്ടിയോടുന്നതെങ്ങനെയെന്നു കൊച്ചുകുട്ടികൾ പറയുമ്പോ‍ലെ)‘സ്’‘ശ്’ (എന്ന് പേരറിയാത്ത ആളെ വിളിക്കുമ്പോലെ) ഈനിവ നീട്ടി ഉച്ചരിക്കുന്നത് സ്വരങ്ങളുടെ ദീർഘോച്ചാരണങ്ങൾ പോലെയാണെങ്കിലും അതിൽ വൈയക്തിക ശബ്ദത്തിനു സ്ഥാനമില്ലാതെപോകുന്നു. വിസിലടിക്കുമ്പോലെയാകുന്നു. അതുകൊണ്ട് അവ സ്വരമല്ല.
ആറ്റം എന്ന് മലയാളം എഴുതിയത് വായിച്ചാൽ അത് ഇംഗ്ളീഷിലെ atom ആകുന്നില്ല.ഏറ്റവും ആറ്റവും atom അല്ലല്ലോ.അതിനു വേണ്ടി ഒരു സ്വരം വേണ്ടെ? പിന്നെ ആ സ്വരം വ്യഞ്ജനത്തോട് ചേർക്കാൻ ((കാറ്റ്, കേറ്റ്,ബാങ്ക്,ബേങ്ക് ) ഒരു സ്വരചിഹ്നം വേണ്ടേ?അങ്ങനെയങ്ങനെ ഇങ്ഗ്ലീഷിലെയും (അറബിയിലേയും) സിലബിളുകളെ യഥാവിധി ഉപചരിച്ചിരുത്താൻ നാമൊരുക്കുന്ന ലെറ്ററുകളെ മലയാളത്തിന്റെ പഴഞ്ചനക്ഷരമാലയിൽ തിരുകീക്കേറ്റണ്ടേ?
ഫ യെ ആട്ടിപ്പുറത്താക്കിയത് പിന്നാലെവരാൻപോകുന്നവരെക്കണ്ട്ട്ടായിരിക്കും.

Umesh::ഉമേഷ് said...

നല്ല നിരീക്ഷണം.

അനോണീ, ആരും fa-യെ ആട്ടിപ്പുറത്താക്കിയില്ല. അക്ഷരമാല ഉണ്ടാക്കിയപ്പോൾ fa ഉണ്ടായിരുന്നില്ല. faയ്ക്കു് പ-യെക്കാൾ അടുപ്പം വ-യോടാണെന്ന വാദവും വിചിത്രം.

മലയാളത്തിനാവശ്യമുള്ള റ്റയുടെ ഒറ്റ, പനയിലെ ന എന്നിവ പോലും ഉൾപ്പെടുത്താതെ ദ്രാവിഡർക്കു സംസ്കൃതമെഴുതാൻ ഉണ്ടാക്കിയ അക്ഷരമാലയുടെ ഘടനയ്ക്കു കടുകിട വ്യത്യാസം വരുത്താൻ പാരമ്പര്യവാദികൾ തയ്യാറായിട്ടില്ല. കേരളപാണിനി കുറേ നോക്കിയതാണു്. അടുത്ത കാലം വരെ ക്ഷ-യും ഒരു സ്വതന്ത്രാക്ഷരമായിരുന്നില്ലേ?

ഗുപ്തന്‍ said...

മലയാളത്തില്‍ ഇല്ല fa എന്ന് ആരുപറഞ്ഞു?

faaഗ്യം, faര്‍ത്താവ്, faലം, faണ്ഡാരം, faണം, faക്ഷണം, faയങ്കരം എന്നൊന്നും കേട്ടിട്ടില്ല അല്ലേ? ഷെയിം ഓണ്‍ യൂ. അത് ചേര്‍ത്ത് കൂട്ടക്ഷരവും ഉണ്ട് .. പ്fa!



***************

ഇംഗ്ലീഷിന്റെ കാര്യത്തിലാണെങ്കില്‍ ആ അനോണി പറഞ്ഞതില്‍ വൈചിത്ര്യമൊന്നുമില്ല ഉമേഷ്ജി. ഉച്ചാരണം അടിസ്ഥാനമാക്കി കോണ്‍സണന്റ്സ് ക്ലാസിഫൈ ചെയ്യുമ്പോള്‍ രണ്ടും ഒരു ഗ്രൂപ്പിലാണ്. ലേബിയോ ഡെന്റത്സ്. ജെനറല്‍ ഫൊണറ്റിക് സ്കീമിലും അങ്ങനെ തന്നെയാണ്. http://www.mindpicnic.com/note/phonetics-classification-of/ ഈ സ്കീം നോക്കൂ. ജര്‍മന്‍സ് V എന്ന അക്ഷരത്തെ ‘ഫൌ’ എന്ന് വിളിക്കും. Vater എന്നെഴുതി ‘ഫാ’റ്റെര്‍ എന്ന് വായിക്കും. രണ്ടും ലേബിയോഡെന്റല്‍ ഫ. മലയാളത്തിലെ ഫ ബൈലേബിയലാണ്. ഈ വീഡിയോയും നോക്കാം. http://www.youtube.com/watch?v=mELVWr-jlxY

Anonymous said...

ഉമെഷ് (ഗുരോ),
ക്ഷ യെ അക്ഷരമാലയിൽ ഉൾപ്പെടുത്തിയത് ഒരു ടിപ്പിക്കൽ കൂട്ടക്ഷരം കൂടി അതിൽക്കിടക്കട്ടെ,ഫോറെക്സാംപ്ൾ, എന്നുകരുതിയിട്ടാണെന്നു എന്നോട് ഇങ്ങേ തുഞ്ചത്തെ എഴ്ശ്ശൻ പറഞ്ഞിട്ടുണ്ട്.
അനോണി പറഞ്ജ്ഞത് ശരിയല്ലേ?
പിന്നെ ഭവാദൃശന്മാർ fa എന്ന് പറയുമ്പോൾ ചുണ്ടും പല്ലും തമ്മിൽ തൊടുന്നത് ഏകദേശം ‘വ ’എന്നു പറയുമ്പോൾ സംഭവിക്കുന്നപോലെയല്ലെങ്കിൽ പിന്നെ എങ്ങനെയാണ്?
അനോണിയുടെ അനിയൻ

Umesh::ഉമേഷ് said...

അനോണിയും അനിയനും ദയവായി ക്ഷമി. അറിവില്ലായ്മ കൊണ്ടു പറഞ്ഞുപോയതാണു്. പ, വ, fa എന്നിവ ഉച്ചരിച്ചു നോക്കിയപ്പോൾ പ-യോടാണു കൂടുതൽ അടുത്തതെന്നാണു തോന്നിയതു്. അങ്ങനെയല്ല, അല്ലേ?

ഒരു കാര്യം മനസ്സിലായി. നമ്മൾ - കുറഞ്ഞതു ഞാനെങ്കിലും - fa ഉച്ചരിക്കുന്നതു സായിപ്പു് ഉച്ചരിക്കുന്നതു പോലെ അല്ല. നമ്മുടെ fa ഫ-യുടെ ഉച്ചാരണം ചേർന്നു ദുഷിച്ചു പോയിരിക്കുന്നു. ഇനി അതിനും വേറേ അക്ഷരം വേണ്ടി വരുമോ?

പിന്നെ, ക്ഷയുടെ കാര്യം. മലയാളിയും തമിഴനും സാധാരണയായി ക്ഷ ഉച്ചരിക്കുന്നതു് ക, ഷ എന്നിവയുടെ കൂട്ടക്ഷരമായിട്ടല്ല. ഏകദേശം റ്റ്ഷ പോലെ ഒന്നു്. കൂട്ടക്ഷരത്തെക്കാൾ കട്ടി കുറവുള്ള ഒന്നു്. അതു കൊണ്ടാവണം അതിനെ ഒരു പ്രത്യേക അക്ഷരമായി കണക്കാക്കിയതു്. എന്റെ അഭിപ്രായം മാത്രം.

ഗുപ്താ, നന്രി.

ഗുപ്തന്‍ said...

തമിഴില്‍ ക്ഷ ഉണ്ടോ ഉമേഷ്ജി ?തമിഴന്മാര്‍ക്ക് കക്ഷം ഉണ്ടെങ്കിലും അത് കച്ചം എന്നപേരില്‍ അറിയപ്പെടുന്നു എന്ന് ഏഴാം ക്ലാസിലെ നരവംശശാസ്ത്രപുസ്തകത്തില്‍ പഠിച്ചിട്ടുണ്ട്.

ബൈദവേ, പവര്‍ഗത്തിന്റെ കാര്യത്തില്‍ തമിഴനാണ് മലയാളിയുടെ സ്വന്തം മച്ചാന്‍. പവര്‍ഗത്തില്‍ മൊത്തം മൂന്നക്ഷരമേ ഉള്ളു. പ, ബ, മ. ബാക്കി പവര്‍ഗസ്വരങ്ങളെല്ലാം മലയാളി ഉച്ചരിക്കുന്നത് ബ, ലിപിയില്ലാത്ത fa , രണ്ടും കൂടിച്ചേര്‍ന്ന മൃദുലകോമളമായ മറ്റൊരു സാധനം എന്നിവ ഉപയോഗിച്ചാണ്.

പറഞ്ഞുവരുന്നതെന്താന്ന് വച്ചാല്‍, ഓഫ് ടോപ്പിക്കല്ല, ഉച്ചാരണം വച്ച് ലിപി പരിഷ്കരിക്കാന്‍ നോക്കിയാല്‍ പലതും കൂട്ടിച്ചേര്‍ക്കേണ്ടിവരും എന്നാണ്.

ഗുപ്തന്‍ said...

തമിഴറിയാത്തതുകൊണ്ടാണ് നരവംശശാസ്ത്രപുസ്തകം ക്വോട്ടേണ്ടിവന്നതെന്ന് ഖേദപൂര്‍വ്വം ഓഫ് :(

Cibu C J (സിബു) said...

'ഹ', 'ശ', 'ഷ' എന്നിവയുടെ പുതിയ പോസിഷനുകൾ ശരിയായി തന്നെ തോന്നുന്നു. എന്നാൽ സ, fa എന്നിവയുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.

'ത'വർഗം, പല്ലുകൾക്കിടയിൽ നാക്കിന്റെ അറ്റം വച്ചാണ്‌ പറയുന്നത്. 'സ' പല്ലുകൾകൊണ്ടു മാത്രം ഉണ്ടാക്കുന്നശബ്ദമാണ്‌.

അതുപോലെ, 'പ'വർഗം മുഴുവൻ രണ്ടു ചുണ്ടുകളും കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്നതാണ്‌. എന്നാൽ 'fa' മുകളിലെ പല്ലും താഴത്തെ ചുണ്ടും ഒരുമിച്ചുണ്ടാക്കുന്നതാണ്‌.

ഇനി 'സ'യേയും 'fa'യേയും എവിടെയെങ്കിലും ചേർത്തേ മതിയാവൂ എങ്കിൽ ഈ പുതിയ വർഗ്ഗീകരണം തന്നെ നല്ലത്.

Anonymous said...

'സ' പല്ലുകൾകൊണ്ടു മാത്രം ഉണ്ടാക്കുന്നശബ്ദമാണ്‌.-cibu.
!!!!!

Suraj said...

നമുക്ക് ഫ(fa)യും വേണം ഫ(pha)യും വേണം.എന്നുവച്ച് ഇത് എവിടേലും കേറ്റണോ? ;) ഫലിതവും ഫ്യൂരിയസ്സും പോലെ ഒറിജിനല്‍ ഭാഷയനുസരിച്ച് തരാതരം അതങ്ങ് ഉച്ചരിച്ചോട്ടെ ആളുകള്.

സിബുച്ചാ, ‘സ’യ്ക്ക് നാക്കും വേണം. നാക്കിന്റെ അറ്റം പല്ലിനു പുറകില്‍ തൊട്ടുതൊട്ടില്ലാ എന്നാക്കി(apical sibilant) പല്ലുകള്‍ക്കിടയിലൂടെ കാറ്റ് കടത്തിവിട്ടാണ് സ വിടുന്നത് ;) അത് voiceless alveolar fricative ആണ്.

Cibu C J (സിബു) said...

ഞാൻ 'സ' പറയുന്ന രീതി ഉമേഷിന്റെ മേലെയും പയറ്റി നോക്കി. സക്സസ്. നാക്കു വേണ്ടേവേണ്ട.

നാക്ക് സർജറി ചെയ്തുകളയാനൊന്നും പറ്റില്ലല്ലോ. അതിനെ നമുക്കിഷ്ടമുള്ള പോസിഷനിൽ വയ്ക്കുക; എയർഫ്ലോ തടയാത്ത രീതിയിൽ. ഇനി പല്ലുരണ്ടും കൂട്ടിപ്പിടിക്കുക. 'സ' എന്നു നല്ലവണ്ണം മനസ്സിൽ വിചാരിച്ച്, ഏയറുവിടുക; അപ്പോൾ തന്നെ പല്ലുകൾ മുകളിലേയ്ക്കും താഴേക്കും മാറ്റുക. നാക്ക്‌ താഴെ വയ്ക്കുന്നതിനു, എയർഫ്ലോയ്ക്ക് ഒരു തടസവും ഉണ്ടാവാതിരിക്കുക എന്ന ആവശ്യം മാത്രമാണ്‌ ഉള്ളതെന്നു തോന്നുന്നു.

Suraj said...

സിബുച്ചാ...

‘സ’യ്ക്ക് നാക്ക് വായിലെവിടെയും തൊടുന്നില്ല എന്നതുകൊണ്ടാകും അതിനു നാക്ക് വേണ്ടെന്ന് സിബുച്ചന്‍ പറയുന്നത്.ഒരു സ്പീച് തെറാപ്പിസ്റ്റിനോട് ഈ തിയറി ഒന്ന് പറഞ്ഞു നോക്കിക്കേ ;)

എയര്‍ഫ്ലോയ്ക്ക് തടസ്സമുണ്ടാവാതിരിക്കാനല്ല ‘സ’യില്‍ നാക്കുപയോഗിക്കുന്നത്. ദന്തനിര കൂട്ടിപ്പിടിക്കുന്നതിനിടയിലൂടെ എയര്‍ഫ്ലോ കൃത്യമായി നിയന്ത്രിച്ച് വിടാനാണ്. ഇംഗ്ലിഷിലെ Z-യ്ക്കും ഇത് തന്നെ രീതി (അത് voiced alveolar fricative).

വായില്‍ കാന്‍സര്‍ വന്ന് നാക്ക് അറ്റമോ മുഴുവനായോ മുറിച്ചുകളയേണ്ടിവരുന്നവന്റെ ബുദ്ധിമുട്ട് കണ്ടാലേ ശരിക്ക് ‘സ’യില്‍ നാക്കിന്റെ വില മനസ്സിലാവൂ.

Cibu C J (സിബു) said...

സ്പീച്ച് തെറാപ്പിസ്റ്റിന്‌ എന്താ ഇവിടെ കാര്യം. എനിക്കറിയുന്നതിൽ കൂടുതൽ അയാൾക്ക് മലയാളം അറിയുമോ? എന്തായാലും എന്റെ പല്ല്‌ സ്പെഷൽ ആണെന്നേ വിചാരിക്കാൻ പറ്റൂ. നാക്കെങ്ങനെ പിടിച്ചാലും 'സ' വരുന്നു. എന്താ ചെയ്യാ.

അല്ല, ഈ 'സിബുച്ചാ' വിളിക്കുന്നത്‌ ആളെ ചൊറിയാൻ വേണ്ടിയുള്ളതല്ലേ.. ശരിക്കും?

Suraj said...

ഓഹോ !
നാക്ക് എങ്ങനെ പിടിച്ചാലും സ വരണൊണ്ടാ ? അപ്പം എന്തു പറഞ്ഞാലും സ വരുമല്ലോ ;)

(ചുമ്മാ)

സിബുച്ചാ എന്ന് വിളിച്ചാല്‍ ചൊറിയാനോ ? ഇത് മറ്റേ ഇന്നസെന്റിന്റെ പോലീസുകാരാ കോമഡിയാണോ ??

ഒരു കുട്ട സ്മൈലീണ്ട് -> :):):):):):):):):):):):):):):):):)
:):):):):):):):):):):)....

ഗുപ്തന്‍ said...

നാക്കെങ്ങനെ പിടിക്കാലും സ വരുന്നത് ഒരു അസുഖമല്ലേ ഡോക്റ്റര്‍?

സിബുച്ച..അക്കാര്യംശരിയാണ്. ഇമ്മാനുവല്‍ സിബുച്ച എന്നത് ഒരു വടക്കന്‍ ആഫ്രിക്കക്കാരന്‍ അന്താരാഷ്ട്രകുറ്റവാളിയുടെ പേരാണ് :)

(ന്നുവച്ചാല്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്; ഗൂഗിളില്‍ സെര്‍ച്ചണ്ട)

blogger cuba mukundan (all hail, no rain) said...

ഫോഫു:
പതവംശശാസ്ത്രം മൂന്നാമദ്ധ്യായം നാലാം വാക്യം പ്രതി-കാരം, പോളിഷുകാര്‍ പോളിഷിട്ടു വാറ്റുന്ന കോടയാണ് സിബുച്ച.
തീത്തൈലം എന്നാണ് കോട്ടയം വിട്ടാല്‍ കേരളാവിന്റെ മറ്റു bhaaഗങ്ങളിലുള്ള മലയാളം.

രാജേഷ് ആർ. വർമ്മ said...

കവിത, അനോണികൾ, ഉമേഷ്‌, ഗുപ്തൻ, സിബു, സൂരജ്‌,

വന്നതിനും ചർച്ചയിൽ പങ്കെടുത്തതിനും എല്ലാവർക്കും നന്ദി. എല്ലാവരും പറഞ്ഞതിൽനിന്ന് പോയന്റുകൾ വേർതിരിച്ച്‌ മറുപടി പറയാൻ ശ്രമിക്കട്ടെ:

*) മറ്റു ഭാഷകളിലെ ശബ്ദങ്ങളെ മലയാളത്തിൽ ചേർക്കാനുള്ള പരിപാടിയാണോ ഇത്‌?

അല്ല. പ്രചാരത്തിലിരുന്ന ശബ്ദങ്ങളെ പ്രത്യേകിച്ചു ക്രമമൊന്നുമില്ലാതെ പെറുക്കിക്കൂട്ടിയതാണു മറ്റു ഭാഷകളിലെ അക്ഷരമാലകളെന്നും സംസ്കൃതത്തിലും അതിനെ പിൻപറ്റുന്ന ഭാരതീയ ഭാഷകളിലും മാത്രമാണ്‌ ശാസ്ത്രീയമായ നിയമങ്ങൾക്കനുസരിച്ച്‌ അടുക്കിയ അക്ഷരമാല ഉള്ളതെന്നും കേട്ടു വളർന്ന ഒരുത്തന്റെ ഒരു സംശയമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്‌. വർഗ്ഗാക്ഷരങ്ങളിൽ പെടുത്താതെ വേറെ കിടത്തിയിരിക്കുന്ന ഊഷ്മാക്കളെ വാസ്തവത്തിൽ അവയുടെ കൂടെ പെടുത്താൻ പറ്റുമോ എന്ന ഒരു അന്വേഷണം. അങ്ങനെ ചെയ്യാൻ കഴിയുമെങ്കിൽ ഈ അക്ഷരമാല ഉണ്ടാക്കിയവർക്ക്‌ ഒരു നോട്ടപ്പിശകു സംഭവിച്ചു എന്നു സമ്മതിക്കാൻ നമ്മൾ തയ്യാറാകുമോ? അതോ ഭാരതീയസാംസ്കാരികപൈതൃകത്തിലുള്ള അഭിമാനം എന്ന സാധനം അതിനു തടസ്സമാകുമോ?

ഒന്നാം അനോണി ചൂണ്ടിക്കാണിച്ചതുപോലെ ഇംഗ്ലീഷിലേയോ അറബിയിലേയോ ശബ്ദങ്ങളിൽ ചിലതിന്‌ മലയാളികൾക്കിടയിൽ എത്രമാത്രം പ്രചാരം ലഭിച്ചാലും അവയ്ക്കെല്ലാം ലിപിയുണ്ടാക്കുക എന്നതു നടക്കുന്ന കാര്യമല്ല. (സാഹിത്യവാരഫലം) എം. കൃഷ്ണൻനായരെപ്പോലെ ചിലർ cat എന്ന വാക്കിനെ ൿ,ദീർഘം,റ്റ്‌ എന്ന് എഴുതാറുണ്ടായിരുന്നെങ്കിലും അതൊന്നും പ്രചാരം നേടിയില്ല. അതിന്റെയൊന്നും സഹായമില്ലാതെ തന്നെ cat എന്നതു മലയാളികൾ ശരിയായി വായിക്കുന്നുണ്ടുമുണ്ട്‌. (എന്നുമല്ല പട്‌ന തുടങ്ങിയ ചില വാക്കുകളെ ആ സ്വരം ചേർത്ത്‌ പാറ്റ്‌ന എന്നു വായിക്കാറുമുണ്ട്‌).

*) മറ്റു ഭാഷകളിലെ ശബ്ദങ്ങളെ നമ്മുടെ അക്ഷരമാലയിൽ കയറ്റുന്നത്‌ സാംസ്കാരികമായ അടിമത്തമല്ലേ?

ആണെങ്കിൽ ആ അടിമത്തത്തിലൂടെയാണ്‌ നാം ഇന്നു കാണുന്ന മലയാളം അക്ഷരമാല രൂപംകൊണ്ടത്‌. തമിഴിൽ ഇല്ലാത്ത സംസ്കൃത ശബ്ദങ്ങൾ എഴുതാൻ വേണ്ടി എത്ര അക്ഷരങ്ങളാണ്‌ ഉണ്ടാക്കപ്പെട്ടിട്ടുള്ളത്‌? അവ ഇപ്പോഴും മലയാളിയുടെ ഉച്ചാരണത്തിൽ അലിഞ്ഞുചേർന്നിട്ടില്ലാത്തതിന്റെ ഫലമാണ്‌ ജാർഖണ്ഡ്‌ തുടങ്ങിയ ദുരന്തങ്ങൾ.

അതേപോലെ ഹിന്ദിയിലും മറ്റും ഉർദു ശബ്ദങ്ങൾ പറയാൻ വേണ്ടി കുത്തിട്ട കുറേ അക്ഷരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. അത്‌ ഒരു വശത്തുകൂടി നടക്കും. അതല്ല ഈ പോസ്റ്റിന്റെ വിഷയം.

രാജേഷ് ആർ. വർമ്മ said...

കമന്റിന്റെ നീളം കൂടിപ്പോയതുകൊണ്ട് രണ്ടാക്കേണ്ടി വന്നു.


*) ഇംഗ്ലീഷിലെ fa ആണോ പവർഗ്ഗത്തിലെ ഊഷ്മാവ്‌?

അല്ല. ഊതിക്കൊണ്ട്‌ ഉച്ചരിച്ചിട്ട്‌ വായ തുറന്നാൽ ഉണ്ടാകുന്ന ശബ്ദമായിരിക്കും പവർഗ്ഗത്തിലെ ഊഷ്മാവ്‌. എന്നാൽ, മറ്റു വർഗ്ഗങ്ങളിലേതുപോലെ പവർഗ്ഗത്തിലും ഒരു ഊഷ്മാവിനു വകുപ്പുണ്ടെന്നത്‌ ആരും നിഷേധിച്ചുകണ്ടില്ല. ആ അക്ഷരം എഴുതാൻ ഞാൻ fa എന്നത്‌ തെരഞ്ഞെടുത്തതുകൊണ്ടായിരിക്കാം എല്ലാവർക്കും ഇതൊരു തട്ടിപ്പുവാദമാണെന്ന തോന്നലുണ്ടായത്‌. ഗ്രീക്കിലെ ഫൈയോ ഹിന്ദിയിലെ ഫയുടെ അടിയിൽ കുത്തിട്ട അക്ഷരമോ എഴുതുന്നതിനെക്കാളും വായിക്കുന്നതിനെക്കാളും എളുപ്പമായിരിക്കും എന്നതുകൊണ്ടാണ്‌ ഞാൻ fa തെരഞ്ഞെടുത്തത്‌. പിന്നെ, വിദേശഭാഷയിലെ അക്ഷരം മലയാളത്തിലേക്കു തിരുകിക്കയറ്റാനുള്ള ശ്രമത്തെച്ചൊല്ലി അനോണി ഒന്നാമൻ തുടങ്ങിയവർക്കുണ്ടായ അമർഷത്തിനും ഇതായിരിക്കും കാരണം.

*) സ ഉപയോഗിക്കാൻ നാക്കിന്റെ ആവശ്യമുണ്ടോ?

സൂരജും അനോണി മൂന്നാമനും ഗുപ്തനും പറഞ്ഞതുപോലെ ഉണ്ട്‌. ഇതിന്‌ ഒരു ലഘുപരീക്ഷണം. (അത്ര ലഘുവല്ല) ത എന്നു പറയുക. എന്നിട്ട്‌ നാക്കുകൊണ്ടുവന്ന് വായയുടെ താഴെവെച്ചിട്ട്‌ അനങ്ങാതെ താഴത്തെ മുൻപല്ലുകളുടെ താഴെ മോണയിൽ ചേർത്ത്‌ അമർത്തിവെക്കുക. എന്നിട്ട്‌ സ എന്നു പറഞ്ഞുനോക്കുക. വായുടെ മുകൾത്തട്ട്‌ താഴോട്ട്‌ ചേർന്നുവരാതെ പ്രത്യേകം ശ്രദ്ധിക്കണം. നാക്കിന്റെ നടുഭാഗം ഉയർന്നുവരാതെയും ശ്രദ്ധിക്കണം. സ പറയാൻ പറ്റുന്നുണ്ടോ? എനിക്കു പറ്റുന്നില്ല. ഹ എന്ന ശബ്ദമാണ്‌ പുറത്തേക്കു വരുന്നത്‌.

ഇവിടെ നോക്കിയാലും ദന്ത്യങ്ങളുടെ (തവർഗ്ഗം) കൂട്ടത്തിലാണ്‌ സയെ ചേർത്തിരിക്കുന്നത്‌.

*) വിക്കിയിലെ ആ വർഗ്ഗീകരണത്തിൽ ഹയെ ഗ്ലോട്ടൽ എന്ന മറ്റൊരു വിഭാഗത്തിലാണല്ലോ പെടുത്തിക്കാണുന്നത്‌.

അതെ. പക്ഷേ, ആ ഹയും കവർഗ്ഗത്തിലെ ഹയും തമ്മിലുള്ള വ്യത്യാസം എനിക്കു മനസ്സിലാകുന്നില്ല. ആരെങ്കിലും പറഞ്ഞുതന്നാൽ മനസ്സിലാകുമായിരിക്കും.

*) തമിഴിൽ ക്ഷ ഉണ്ടോ?

ഗുപ്തന്റെ ആന്ത്രത്തിന്റെ പുസ്തകത്തിൽ ഏതുകാലത്തെ തമിഴിനെക്കുറിച്ചാണു പറഞ്ഞിരിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാൽ, തമിഴിൽ ക്ഷ എന്ന അക്ഷരം കണ്ടിട്ടുണ്ട്‌. സംസ്കൃതത്തിൽ നിന്നു വന്ന ജ, ഷ, സ, ഹ എന്നിവയോടൊപ്പം ഇതും ഇവിടെ കാണാം. ഇതു തമിഴൻ ഉച്ചരിക്കാറുണ്ടോ അതോ ച്ച എന്നാണോ വായിക്കുന്നത്‌ എന്ന് അറിഞ്ഞുകൂടാ. എന്നാൽ ഗൂഗിളിൽ തപ്പിയപ്പോൾ ധാരാളം കാണുന്നുണ്ട്‌.

ചർച്ച തുടരട്ടെ. എല്ലാവർക്കും വീണ്ടും നന്ദി.

ഗുപ്തന്‍ said...

ക്ഷയെക്കുറിച്ചുള്ള കമന്റ് ഒരു ലൈറ്റ് വെയിനില്‍ ഇട്ടതാണ്. പട്ടാളിമക്കള്‍ കച്ചി എന്ന് മലയാളത്തിലും katchi എന്ന് ഇംഗ്ലീഷിലും വായിച്ചതാണ് ഓര്‍മ. അക്ഷരം ഉണ്ട് എന്നും അതിന്റെ ഉപയോഗം വളരെ കുറവാണെന്നും ദാ ഇവിടുത്തെ ചര്‍ച്ചയില്‍ രണ്ടുപേര്‍.

http://ta.wikipedia.org/wiki/%E0%AE%AA%E0%AF%87%E0%AE%9A%E0%AF%8D%E0%AE%9A%E0%AF%81:%E0%AE%B0%E0%AE%95%E0%AF%8D%E0%AE%B7%E0%AE%BE_%E0%AE%AA%E0%AE%A8%E0%AF%8D%E0%AE%A4%E0%AE%A9%E0%AF%8D

അങ്ങനെ പറയുന്നവന്‍ കുലംകുത്തിയും വെറുക്കപ്പെട്ടവനും സിന്‍ഡിക്കേറ്റും ആണെന്ന് വേറെ ഒരാള്‍.. (ഓ ചുമ്മാ)

ഒരു കാര്യം ഉറപ്പാണ്. തമിഴന് ക്ഷ ഉണ്ടായിട്ട് ഒരു കാര്യവുമില്ല. :D

Cibu C J (സിബു) said...

അല്ല ഞാൻ വിചാരിച്ചു 'സിബൂച്ച' ഒരു തരം പൂച്ചയാണെന്നു :)

ശ്രമിച്ചു നോക്കുമ്പോൾ, സ, ഫ2, റ, ര, ശ, യ, ഷ, ഴ, ഹ - എന്നിവയൊക്കെയും ഊഷ്മാക്കളാണെന്നു തോന്നുന്നു. കൂവാൻ വരട്ടെ; പറയാം. ഇവയൊഴിച്ച് ബാക്കിയുള്ള അക്ഷരങ്ങൾ ഉച്ചരിക്കുന്നത് സ്ലോമോഷനിൽ നോക്കിയാൽ ആദ്യം എയർ പാത്തിനെ മൊത്തം ബ്ലോക്ക് ചെയ്ത് നാക്കോ പല്ലോ ഒക്കെ പിടിക്കുന്നു. എന്നിട്ട് അല്പം പ്രഷർ കൊടുത്ത് ബ്ലോക്ക് തുറന്നുവിടുന്നു.

എന്നാൽ മുകളിലെഴുതിയവയുടെ കാര്യത്തിൽ എയർപ്പാത്ത് മുഴുവനായും അടയ്ക്കുന്നില്ല. തുടക്കം മുതൽ തന്നെ എയർ ലീക്ക് ചെയ്യാൻ അനുവദിക്കുന്നുണ്ട്. എന്നാലേ ആ ശബ്ദം ഉണ്ടാവൂ.

ഇതിൽ ഓരോ അക്ഷരത്തിനും ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നത് വ്യത്യസ്ത പോസിഷനിലാണ്‌, അതും നാക്കിന്റെ വ്യത്യസ്ത ഭാഗങ്ങൾ കൊണ്ട്‌ :
സ - മുൻപല്ലുകൾകൊണ്ട്. നാക്കിനു സ്ഥാനമില്ല.
ഫ2 - മുകളിലെ മുൻപല്ലുകളും കീഴ്ചുണ്ടും. വിടേയും നാക്കിനു റോളില്ല.
റ - അതിനു തൊട്ടുപിന്നിൽ, നാക്കിന്റെ അഗ്രം കൊണ്ട്
ര - റ-യ്ക്കും തൊട്ടുപിന്നിൽ, ഇതും നാക്കിന്റെ അറ്റം കൊണ്ട്
ശ, ഷ, ഴ - നാക്കിന്റെ അറ്റമല്ല, മുൻഭാഗം കൊണ്ടാണ്‌. ശയുടെ പിന്നിൽ ഷ, അതിനും പിന്നിൽ ഴ.
യ - ഷ-യുടെ പോസിഷനിലാണ്‌ ബ്ലോക്ക്. പക്ഷെ, നാക്കിന്റെ അല്പം കൂടി പിന്നിലെ ഭാഗം കൊണ്ടാണ്‌ ആ ബ്ലോക്ക് ചെയ്യുന്നത്.
ഹ - നാക്കിന്റെ ഏറ്റവും പിൻഭാഗം അണ്ണാക്കിനോടടുപ്പിച്ച്.

ഇതുനോക്കിയാൽ മനസ്സിലാവും, നാക്കിന്റെ ഏതുഭാഗമാണ്‌ ബ്ലോക്ക് ചെയ്യാൻ ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചാണ്‌ അക്ഷരങ്ങൾ തമ്മിലുള്ള ചേർച്ച; എവിടെയാണ്‌ ബ്ലോക്ക് ചെയ്യുന്നത്‌ എന്നതല്ല. 'ഷ'ക്ക് 'ശ'യോടാണോ ചേർച്ച അതോ 'യ'യോടോ?

രാജേഷ് ആർ. വർമ്മ said...

സിബൂ,

ഊഷ്മാവ്‌ ആകണമെങ്കിൽ വായുവിനെ ശക്തിയായി പുറത്തേക്കു തള്ളണം. അത്‌ റ, ര, യ, ഴ എന്നീ അക്ഷരങ്ങളിൽ ഇല്ല.

അതിഖരം (ഖ, ഛ, ഢ, ഥ, ഫ) ഘോഷം (ഘ, ഝ, ഢ, ധ, ഭ) എന്നീ അക്ഷരങ്ങളിലും ഈ ശക്തിയായി പുറത്തേക്കു തള്ളൽ ഉണ്ട്‌. അതിനു കാരണം ഖരം + ഹ (ഊഷ്മാവ്‌) = അതിഖരം, മൃദു + ഹ (ഊഷ്മാവ്‌) = ഘോഷം എന്നിങ്ങനെയാണ്‌ ഇവ ഉണ്ടായത്‌ എന്നുള്ളതാണ്‌.

Suraj said...

ഇപ്പം ഗമ്പ്ലീറ്റ് കണ്‍ഫ്യൂഷനായി കിട്ടി.

ക ഖ ഗ ഘ എന്ന് ഉച്ചരിക്കുമ്പോള്‍ നാക്കും അണ്ണാക്കും തമ്മില്‍ തട്ടുന്നതിന് ക്രമമായ ഒരു പോക്കുണ്ട് എന്ന് കാണാം. ഇത് നമ്മുടെ വര്‍ഗ്ഗീകരണ നിയമം. മലയാള വ്യഞ്ജനങ്ങളുടെ വര്‍ഗീകരണം IPAക്കാരന്റെ articulatory phonetics നിയമങ്ങള്‍ക്കനുസരിച്ചാണ് വര്‍ഗീകരിക്കാനുദ്ദേശിക്കുന്നതെങ്കില്‍ ഇപ്പൊ അനാഥരായി കിടക്കുന്ന ശ,ഷ ഹ റ ഴ ടീംസിനെയൊക്കെ പിടിച്ച് ബാക്കിയൊള്ളേന്റെ കൂടക്കൂട്ട്യാ മതി. സംഗതി റെഡി.

ഉദാഹരിച്ചാല് :

1. പ, ഫ (സായിപ്പിന്റെയല്ല നമ്മുടെ ഫ തന്നെ), ബ, ഭ, മ - എല്ലാം bilabial : നാവിന്റെ സഹായമില്ലാതെ ചുണ്ടുകള്‍ കൊണ്ട് ഉണ്ടാക്കുന്നവ.

2. - ഒറ്റയ്ക്ക് Labiodental എന്ന ഗ്രൂപ്പില്‍ നില്ക്കണം. ശബ്ദമുണ്ടാക്കുന്ന രീതി - മേല്‍ ദന്ത നിര + കീഴ് ചുണ്ട് . ഇംഗ്ലീഷിലെ ‘ഫ’ കടമെടുക്കാന്‍ തീരുമാനിച്ചാല്‍ ലവനെയും ഈ ലേയ്ബിയോ ഡെന്റല്‍ ഗണത്തില്‍ കൂട്ടാം.

3. ത,ഥ,ദ,ധ, ന ('പന'യിലെ 'ന' അല്ല, നാരായത്തിലെ 'ന'), - dental അണ് : നാവിന്റെ മുന്‍ഭാഗം മുകള്‍നിരപ്പല്ലുകള്‍ക്ക് പുറകിലോ ദന്തനിരകള്‍ക്കിടയിലോ ചേര്‍ത്തുച്ചരിക്കേണ്ടവ. ഇവിടെ മുകളില്‍ സംസ്കൃതോച്ചാരണത്തിന്റെ വിക്കി പീഡിയ ലിങ്ക് രാജേഷ് ജി ഇട്ടതില്‍ ഒരു തെറ്റുണ്ട്. ഡെന്റല്‍ എന്ന ക്ലാസിഫിക്കേഷനില്‍ ആണ് “സ” വരുന്നതെന്നാണ് ആ ലിങ്കില്‍ കൊടുത്തിരിക്കുന്നത്. അത് തെറ്റാണ്, ‘സ’ ഡെന്റലല്ല, ആല്‍വിയോലാര്‍ ആണ്

4. (പനയിലെ ന), റ്റ, സ (സിബുച്ചന്റെ സ അല്ല, സാധാരണ 'സ':), ല , ര, റ - alveolar ആണ് : Alveolar consonantകളില്‍ ഒരു ശബ്ദം ഉച്ചരിക്കുമ്പോള്‍ മുകള്‍ ദന്തനിര ആരംഭിക്കുന്ന മോണയുടെ മുന്നറ്റത്തായി നാക്ക് തട്ടുന്നതിന്റെ അടിസ്ഥാനത്തിലാണ് ശബ്ദങ്ങളുടെ വര്‍ഗീകരണം. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം 'സ'യ്ക്കു നാവിന്റെ തുമ്പും ആംഗലത്തിലെ z-യ്ക്കു നാവിന്റെ തുമ്പിനു തൊട്ടു പിന്നിലായുള്ള പരന്ന ഭാഗവുമാണ് മോണയുടെ തുഞ്ചത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വരുന്നത്.
(ഥയും ഫയും സ യും z യും Fricative എന്ന ഉപഗണത്തില്‍ വരുന്നതിനു കാരണം അവ ഉച്ചരിക്കുമ്പോള്‍ വിടുന്ന കാറ്റിന്റെ ‘സീല്‍ക്കാരം’ മൂലമാണ്.)
ഇത് വലിയ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു എന്ന് തോന്നുന്നു. നാക്കു വേണ്ടാ എന്ന തിയറിയൊക്കെ ദേ വരുന്നു ;) പക്ഷേ നാക്ക് വേണം എന്ന് palatographyയും മോണയുടെയും അണ്ണാക്കിന്റെയും ഇലക്ട്രിക്കല്‍ സെന്‍സറി ആക്റ്റിവിറ്റിയും ഒക്കെ വച്ച് നോക്കി തെളിയിച്ചിട്ടാണ് ഈ വര്‍ഗീകരണം ഫൊനെറ്റിക്സുകാരു നടത്തിവച്ചിരിക്കുന്നത്.

5. : post alveolar ആയിട്ടു വരും (പാവം ഷാ ഒറ്റയ്ക്കാ). തൊട്ടുമുകളില്‍ പറഞ്ഞ alveolar consonant-കളുടെ ഉച്ചാരണത്തോട് സാമ്യമുണ്ടെങ്കിലും നാക്ക് മുകള്‍ മോണയില് ഒരല്പം കൂടി പുറകിലായാണ് തൊടുന്നത് എന്ന വ്യത്യാസമുണ്ട്. ‘ശ‘യും ‘ഴ’യും ഇവിടെ ചേര്‍ക്കാന്‍ ആദ്യം തോന്നും. പക്ഷേ അതിന് വേറെ ക്ലാസുണ്ട്.

6. ച, ഛ, ജ ഝ, ഞ, ശ, യ, - ഒക്കെ palatalലാണ് : നാക്ക് (വിശേഷിച്ച് മധ്യഭാഗം) പരത്തി വായുടെ മുകള്‍ തട്ടില്‍ തൊട്ട് പറയുന്നവ. “ഹ്യ” ശബ്ദവുമായി ചേര്‍ന്ന് പോകുന്നതു കൊണ്ട് ‘ശ‘-യെ ഇതിലാണ് ഉള്‍പ്പെടുത്താന്‍ തോന്നിയത്.

7. ക,ഖ, ഗ,ഘ, ങ - എല്ലാം velar ആണ്. നാക്ക് + അണ്ണാക്ക് അല്ലെങ്കില്‍ കൂറുനാക്ക്

8. ട, ഠ, ഡ, ഢ, ണ, ള, ഴ - ഒക്കെ retroflexകള് - നാവ് വില്ലായി വളച്ച് അടിഭാഗം വായുടെ മേല്‍ത്തട്ടില്‍ ചവിട്ടി ചാടിയമര്‍ന്ന്, കടകം വെട്ടി....!!!
(പ്രത്യേകം ശ്രദ്ധിക്കുക, നാവിന്റെ വളവ് മൂലം, 'ഴ' ഈ ഗണത്തിലാണ് വരുന്നത് :)

9. : Pharyngeal ആണ് ഹാ ! നാക്കിന്റെ ഏറ്റവും പുറകുവശം കൊണ്ട് തൊണ്ടയില്‍ ചേര്‍ത്ത് അടച്ചിട്ട് കാറ്റ് വിടുമ്പോള്‍ കിട്ടുന്നത്. (നാക്ക് വേണം, ഇല്ലാതെ വിട്ടാല്‍ കാറ്റേ വരൂ. ശബ്ദം വരൂല്ല ;) അറബികള്‍ക്ക് ഇതിന്റെ "ഖ"കാരം കലര്‍ന്ന രൂപമുണ്ട് (തൊണ്ടക്കുഴീന്ന് ഠോന്ന് വരണ ഒച്ച - epiglottal).

ബാക്കി ക്ലാസിഫിക്കേഷനും വധവും പണ്ഡിതര്‍ക്ക് വിടുന്നു. നമോവാകം!

പിന്നെ, ഊഷ്മാക്കളെ എല്ലാം ഫ്രിക്കേറ്റിവ്സ് എന്ന് പറയാനാവില്ല. ഫ്രിക്കേറ്റിവ് എന്നും എഫ്രിക്കേറ്റിവ് എന്നും ഉള്ള വിഭജനം വേറെ രീതിയിലാണ്. ഉച്ചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന വായുടെ ഭാഗങ്ങള്‍ അടുപ്പിച്ചു വച്ച് അതിനിടെ ചെറിയ ഒരു ഇടനാഴിയുണ്ടാക്കി അതിലൂടെ കടത്തി വിടുന്ന വായുവിന്റെ turbulence വച്ചാണ് ചില ശബ്ദങ്ങള്‍ക്ക് അതിന്റെ ക്വാളിറ്റി കൊടുക്കുന്നത്. അങ്ങനെയുള്ളവയെയാണ് ഫ്രിക്കേറ്റിവ്സ് എന്ന്‍ വിളിക്കുന്നത്. അത് ഊഷ്മാവ് എന്ന വര്‍ഗീകരണവുമായി interchangeable അല്ല.
ഫ, ഭ, വ, ഥ, ദ, സ, ഷ, ഛ, ഝ, ഖ, ഘ, ഹ എന്നിവയാണ് നമ്മുടെ വ്യഞ്ജനങ്ങളിലെ ഫ്രിക്കേറ്റിവ്സ്.

ഗുപ്തന്‍ said...

ഒടുക്കം ശശി ആരായി?

ഗുപ്തന്‍ said...

യ്യൊ പറയാന്‍ വിട്ടു. സൂരജ് പറഞ്ഞതില്‍ ശ മാത്രം മനസ്സിലായില്ല. അത് എത്ര പറഞ്ഞുനോക്കീട്ടും പലറ്റല്‍ വകുപ്പില്‍ കൊള്ളുന്നില്ല.

Suraj said...

Gupthare...

That's a difficult one, I guess. The closest 'voiceless palatal fricative' relative to our ശ is the "ch" in the German "ich" :)

Listen to this pronunciation guide in Wiki

I was also confused about ഴ similarly. The "r" as pronounced by Americans closely resembles ഴ, but both fall in different consonant groups. Thankfully, the retroflex nature of ഴ is much more obvious :)

Cibu C J (സിബു) said...

സൂരജേ വലിയ വലിയ വാക്കുകൾ പറയാതെ. അവര്‌ ലേസറുവച്ച് ടെസ്റ്റൊക്കെ ചെയ്തിട്ടുണ്ടാവും. പക്ഷെ, ഞാൻ പറയുന്ന 'സ' അല്ലെന്നുമാത്രം.

ഞാൻ 'ര' പറയുമ്പോഴും 'ശ' പറയുമ്പോഴും ഉപയോഗിക്കുന്ന മർദ്ദം ഒന്നു തന്നെ പിന്നെ 'ര' എങ്ങനെ ഊഷ്മാക്കളിൽ നിന്നും പുറത്തായി?

എന്തായാലും അടിച്ചു പിരിയുക തന്നെ ഒരേ ഒരു വഴി എന്നു തോന്നുന്നു. മലയാളാളികളുടെ ഉച്ചാരണങ്ങൾ തമ്മിൽ ചെറുതല്ലാത്ത വ്യത്യാസങ്ങളുണ്ട് എന്ന ബോധോദയം ഇതോടുകൂടി ഉണ്ടായി - ഉദാഹരണത്തിനു, എന്റെ 'സ' പൂർണ്ണമായും dental ആവുമ്പോൾ സൂരജിന്റേത് alveolar ആവുന്നതു തന്നെ. എന്തായാലും എന്റെ ഉച്ചാരണം എങ്ങിനെയെന്നു കാണിച്ചൊരു പോസ്റ്റിടാം.

Suraj said...
This comment has been removed by the author.
Suraj said...

സിബുച്ചാ ;))

എന്തരണ്ണാ...ഇതില് അടിച്ചുപിരിയാനും വേണ്ടിയൊന്നുമില്ല. ഇതൊന്നും “വല്യ വല്യ” വാക്കുകളല്ല. സാദാ ഫൊണെറ്റിക്സ് ബേസിക്സ് ആണ്. ഞാന്‍ കണ്ടുപിടിച്ചതുമല്ല. ദാ സംശയമുണ്ടെങ്കീ ഇവടെ IPA ഫൊണെറ്റിക്സ് ഓരോന്നായിട്ട് ഞെക്കി കേട്ട് നോക്കിയേ. സംഭവം തെളിയും.

പിന്നെ, രാജേഷ് ജി പറഞ്ഞതില്‍ നിന്ന് ഊഷ്മാക്കള്‍ എന്നത് ഐ.പി.ഏ വര്‍ഗീകരണത്തിലെ ഫ്രിക്കേറ്റിവ്സ് ആണെന്ന ധാരണ വന്നിട്ടുണ്ടെന്ന് തോന്നുന്നു. അത് ശരിയല്ല.രണ്ടും ഒന്നല്ല. ഊഷ്മാക്കള്‍ക്ക് യഥാര്‍ത്ഥ ഉച്ചാരണമനുസരിച്ച് വേറെ വല്ല നിര്‍വചനവും കണ്ടുപിടിക്കണം.

Anonymous said...

So do you all agree to group ശകാരാദി among vowels?
I dont.

വൃകോദരാക്ഷന്‍ said...

'സ' പല്ലുകൊണ്ടാണ് ഉച്ചരിക്കുന്നത് എന്ന അഭിപ്രായം കേട്ട് ഞെട്ടി പോയി.

അങ്ങനെ എങ്കില്‍, പല്ലെല്ലാം പോയ ഒരു വൃദ്ധന്‍ ഒരു ഹോട്ടലില്‍ പോയി മസാല ദോശയും സാമ്പാറും എങ്ങനെ ഓര്‍ഡര്‍ ചെയ്യും സാറന്മാരേ? തികച്ചും ആശങ്കാജനകമാണ് ഇത്. അവര്‍ക്കും കഴിക്കേണ്ടേ മസാല്‍ ദോശ?

Anonymous said...

let them use keyman!

രാജേഷ് ആർ. വർമ്മ said...

ഈ പോസ്റ്റെഴുതിയിട്ടു മാസം അഞ്ചായെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. കുറേ കാര്യങ്ങൾ (എനിക്ക്)ഒരു തീരുമാനമാകാതെ കിടക്കുകയായിരുന്നു. ഗുപ്തനും സൂരജുമുൾപ്പെടെ ആരും മറുപടി പറയാത്ത പ്രശ്നങ്ങൾ. fa എന്ന ശബ്ദം വയോട് അടുപ്പമുള്ളതായിരിക്കെ പ്രതിനിധീകരിക്കാൻ മലയാളമുൾപ്പെടെ മിക്ക ഭാഷകളിലും പവർഗ്ഗത്തിലെ അക്ഷരങ്ങൾ എന്തുകൊണ്ട് ഉപയോഗിക്കുന്നു എന്നത് അത്തരത്തിൽ ഒന്നായിരുന്നു. ജർമ്മൻ തുടങ്ങി ചിലവ അപവാദം. ഗുപ്തൻ ആ അപവാദം പറഞ്ഞുകഴിഞ്ഞു. ബംഗാളിയിൽ fa എഴുതാൻ അപൂർവമായി വ/ബ (അവർക്കു രണ്ടും കൂടി ഒന്നേയുള്ളൂ) ഉപയോഗിക്കാറുണ്ട്. സ്റ്റേറ്റ് ബാങ്ക് അബ് ഇൻഡ്യ എന്നൊക്കെ. എനിക്കു തോന്നുന്ന ഉത്തരം ഇതാണ്: 1) fa കേട്ടപ്പോൾ ഫയോടാണ് അടുപ്പമെന്നു തോന്നിയ ധാരാളം പേർ പണ്ടും ഉണ്ടായിരുന്നു. അവരാണ് ഇതിനു പിന്നിൽ. അഥവാ, 2) പവർഗ്ഗത്തിലെ ഊഷ്മാവുപോലെയാണ് പണ്ടൊക്കെ ഇവർ fa ഉച്ചരിച്ചിരുന്നത്.

രാജേഷ് ആർ. വർമ്മ said...

രണ്ടാമത്തെ ചോദ്യം ഇതായിരുന്നു: പവർഗ്ഗത്തിലെ ഊഷ്മാവിനെ ഭാരതീയ ഭാഷകളിൽ മിക്കതിന്റെയും മൂലമായ സംസ്കൃതവ്യാകരണം തിരിച്ചറിയാതിരുന്നത് എന്തുകൊണ്ടാണ്?

ഇതിനെപ്പറ്റി പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഡോ: ടി. ബി. വേണുഗോപാലപ്പണിക്കരുമായി (കോഴിക്കോട് സർവകലാശാല) സംസാരിക്കാൻ ഒരു അവസരം ഈയിടെ കിട്ടി. അദ്ദേഹം പറഞ്ഞതിൽ നിന്ന് മനസ്സിലായ കാര്യങ്ങൾ സംഗ്രഹിച്ചെഴുതാം:
വൈദികഭാഷയിൽ പവർഗ്ഗത്തിലെ ഊഷ്മാവ് ഉണ്ടായിരുന്നു. (ഇത് പവർഗ്ഗത്തോടൊപ്പമല്ല ഉൾപ്പെടുത്തിയിരുന്നത്. എന്നാലും അങ്ങനെ ചെയ്യാവുന്നതാണ്.) ഇതിന് ‘ഉപധ്മാനീയം’ എന്നായിരുന്നു പേര്. ഊതുന്നതുപോലെ എന്ന് അർത്ഥം. ഇതിന്റെ ഐ.പി.എ. ശബ്ദം ഇവിടെ കാണാം. പിന്നീട് പാണിനിയുടെയും മറ്റും സംസ്കരണപ്രക്രിയ വന്നപ്പോൾ ഈ ശബ്ദത്തെ optional ആക്കി. പുനഃ പുനഃ എന്നത് പുന**പുനഃ എന്ന് ഉച്ചരിക്കാവുന്നതാണ്. (** ഉപയോഗിച്ചിരിക്കുന്നത് faയും ഫയും ഉപയോഗിക്കുന്നതിന്റെ ആശയക്കുഴപ്പം ഒഴിവാക്കാൻ).

അതുപോലെ തന്നെ കവർഗ്ഗത്തിലെ ഊഷ്മാവ് ഹ അല്ല. ഹയോട് അടുപ്പമുള്ള മറ്റൊരു അക്ഷരമാണ്. ഇതും വേദഭാഷയിൽ ഉണ്ടായിരുന്നിട്ട് പിന്നീട് ഇല്ലാതായതാണ്. ജിഹ്വാമൂലീയം എന്നു പേര്. ഐപി‌എ അടയാളം ഇത്. പുനഃ കർഷതി എന്ന സംസ്കൃതം വാക്കുകൾ സന്ധിക്കുമ്പോൾ പുന***കർഷതി എന്നും വായിക്കാം എന്നു നിയമമുണ്ട്. ഈ ശബ്ദം ഉർദു/ഹിന്ദി, അസമിയ (അഹമിയയിലെ ഹ ഇതാണ്), സ്കോട്ടിഷ് എന്നിങ്ങനെ ധാരാളം ഭാഷകളിലുണ്ട്. ഖുശി (ख़ुशी) എന്ന വാക്ക് ഹിന്ദിയിൽ എഴുതേണ്ടത് ഖയുടെ അടിയിൽ കുത്തിട്ടിട്ട് ഇങ്ങനെയാണ്.

വേദഭാഷയിൽ നിന്നുള്ള ഇത്തരം ശബ്ദങ്ങൾ/അക്ഷരങ്ങൾ എന്തുകൊണ്ട് ലൌകികഭാഷയിൽ (സംസ്കരിക്കപ്പെട്ട സംസ്കൃതത്തിൽ) ഉപേക്ഷിക്കപ്പെട്ടു എന്നതിന് ഉത്തരം നിത്യോപയോഗമില്ലാത്ത ഇത്തരം അക്ഷരങ്ങളെ ഉപേക്ഷിക്കുന്നത് പുതിയ ‘പരിഷ്കാരം’ അല്ലായിരുന്നു എന്നതും പണ്ടേ സംസ്കരണം(standardization/planning/polishing/മാനകീകരണം) എന്ന പ്രക്രിയയുടെ ഭാഗമായിരുന്നു എന്നതുമാണ്.

സാജന്‍ said...

ഒരു "za" കൂടി വേണ്ടതല്ലേ?

രാജേഷ് ആർ. വർമ്മ said...

സാജൻ,

zaയെപ്പറ്റി മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ.