Wednesday, February 28, 2007

(ബൂ)ലോകം പദ്യത്തിലേക്കു മടങ്ങുന്നു/മുന്നേറുന്നു

(അനുഷ്ടുപ്പ്‌)

നാദമായുയിരാര്‍ന്നൂ പ-
ണ്ടാദിയില്‍ സര്‍വ്വമെന്നു താന്‍
മോദത്തോടെയരുള്‍ചെയ്തു
വേദഗ്രന്ഥങ്ങളോര്‍ക്കുവിന്‍

(ഇന്ദ്രവജ്ര)

വേദാന്തവും ശാസ്ത്രവുമാഗമങ്ങള്‍,
ഗീതാമൃതം, തത്വവിചാരജാലം,
കാവ്യങ്ങളും നാടകവും പുരാണം,
ദിവ്യങ്ങളായുള്ളിതിഹാസമെല്ലാം

പദ്യത്തിലാകുന്നു പിറന്നതോര്‍ത്താല്‍
ഗദ്യം പരം പ്രാകൃതമെന്നു നൂനം.
ഗദ്യം വ്യവസ്ഥാരഹിതം, കിരാതം,
പദ്യത്തിലേ പൂര്‍ണ്ണത ചേര്‍ന്നുകാണൂ.

(വസന്തതിലകം)

പാടേ മറന്നു പരമാര്‍ത്ഥമിതെന്തു നമ്മള്‍
പാടാത്ത പൈങ്കിളികളായ്‌ മരുവുന്നിതിപ്പോള്‍?
കേടൊക്കെ മാറ്റുവതിനായ്‌ സമയം, നമുക്കു
നേടാം പ്രപഞ്ചം, ഉടയട്ടെ വിലങ്ങു സര്‍വ്വം.

(സ്രഗ്‌ധര)

വൃത്തം വേണം കവയ്ക്കാന്‍, അറിയണമറിയിക്കേണമെല്ലാവരേയും
ഹൃത്തിന്നുള്ളില്‍ നുരയ്ക്കും കവിത പകരുവാന്‍ വൃത്തമേ പാത്രമാകൂ
വൃത്തം നേടാന്‍ മടങ്ങാം - അരുതരുതതു മുന്നേറലാണെന്നു നാം ദുര്‍-
വൃത്തന്മാരെ പഠിപ്പിക്കണമതിവിടെ നടത്തീടണം വൃത്തയജ്ഞം

(തോടകം)

ഉലകത്തിനു പദ്യസുഖം പകരാന്‍
കലതന്റെ മുഖത്തഴകാര്‍ന്നിടുവാന്‍
കളകോകിലമെന്നകണക്കിനി ബൂ-
വുലകത്തെഴുതാം പല പദ്യഗണം

(വഞ്ചിപ്പാട്ട്‌)

കമന്റിനു വൃത്തം വേണം, പോസ്റ്റിനെല്ലാം വൃത്തം വേണം,
കമനീയം പ്രൊഫൈലിനും വൃത്തങ്ങള്‍ വേണം
കവിതയ്ക്കു മാത്രം പോരാ, ലേഖനങ്ങള്‍, കഥകള്‍ക്കും
നവനവവൃത്തം വേണം സ്മരണകള്‍ക്കും

(ഗാഥ)

ബ്ലോഗില്‍ നാമേവം തുടങ്ങിയാല്‍ വേഗത്തില്‍
ലോകം മുഴുവന്‍ പരക്കും വൃത്തം
നാകമാകില്ലയോ മന്നിടം? നാമന്നു
പൂകുകയില്ലയോ രാമരാജ്യം?

(പാന)

കഥകള്‍ പാനയാകണം, നോവലിന്‍
വ്യഥ മല്ലികയായിട്ടൊഴുകണം
വൃത്തം വേണമെല്ലാറ്റിനും, ഭൂമിയും
വൃത്തത്തില്‍ത്തന്നെയല്ലേ ചലിക്കുന്നു?

(കല്യാണി)

പത്രങ്ങള്‍, വാരികയൊക്കെയും ചേലില്‍
വൃത്തത്തിലാവണം അച്ചുനിരത്തുവാന്‍
ഏറും പരസ്യവും നാറുന്ന വാര്‍ത്തയും
ചേറു ചികഞ്ഞതും കല്യാണിയാകും

(കാകളി)

കാഫ്‌കയെത്തര്‍ജ്ജമ ചെയ്യണമെങ്കിലോ
കാകളിയില്ലേ മനോഹരഭാഷിണി?
പത്രാധിപര്‍ക്കുള്ള കത്തുകളൊക്കെയും
വൃത്തമില്ലെങ്കിലെറിയണം കുപ്പയില്‍

(കളകാഞ്ചി)

സിനിമകളിലതിചടുലമായ സംഭാഷണം
ഗാനവുമെല്ലാം കളകാഞ്ചിയാകണം
എഴുതുവതിനറിയരുതു പദ്യമെന്നാകിലോ
കോഴ കൊടുക്കണം സര്‍ക്കാരിനപ്പൊഴേ

(തരംഗിണി)

നര്‍മ്മം വേണം പറയാനെങ്കില്‍
നമ്പ്യാര്‍ തന്റെ തരംഗിണിയില്ലേ?
പദ്യത്തിന്റെയകമ്പടിയില്ലേല്‍
മുദ്രാവാക്യവുമെന്തിനു കൊള്ളാം?

(ഭരണിപ്പാട്ട്‌)

തെറിയാണു പറയേണ്ടതെങ്കിലതിനില്ലേ
കുറവേതുമില്ലാത്ത ഭരണിപ്പാട്ട്‌?
കാര്‍ട്ടൂണിനൊക്കെയടിക്കുറിപ്പായി
കാര്‍ട്ടൂണ്‍ കവിതയും ചേര്‍ത്തിടേണം

(ഓമനക്കുട്ടന്‍)

പെറ്റീഷന്‍ പോലും വൃത്തമില്ലെങ്കില്‍
പറ്റുകില്ല കൊടുക്കുവാന്‍
പാടുവാന്‍ കഴിയാത്തതൊന്നുമേ
പാടില്ലിന്നിയെഴുതുവാന്‍

(പഞ്ചചാമരം)

പരക്കെയെങ്ങുമിക്കണക്കു പദ്യഭാഷയാകുകില്‍
പിരിഞ്ഞുപോയിടും പെരുത്ത ദുഷ്കവീന്ദ്രരൊക്കെയും.
ഇരന്നു തിന്നു വാഴ്കിലും വിശന്നവര്‍ മരിക്കിലും
വരും ജഗത്തിലൊക്കെയും നരന്നു നല്ല മംഗളം.

<< എന്റെ മറ്റു കവിതകള്‍

11 comments:

G.MANU said...

എവിടെന്‍ പ്രിയ കേക പറയൂ രാജേഷാറേ
ഇവിടെത്തിരഞ്ഞെണ്റ്റെ നെഞ്ചകം പിടഞ്ഞല്ലൊ
അങ്കണത്തൈമാവിലും ആളില്ലാത്താപ്പീസിലും
ചെങ്കനല്‍പ്പാടത്തും ഞാന്‍ തിരഞ്ഞു തളര്‍ന്നല്ലൊ


(കവിത എല്ലാം എടുത്തു കേട്ടൊ.. ചില മറന്ന വൃത്തങ്ങള്‍ പൊടിതട്ടിയെടുക്കാന്‍)

വേണു venu said...

കമന്‍റെഴുതാനായിപ്പോള്‍-,
വൃത്തമൊന്നൊപ്പിക്കണം.
വിഷമ വൃത്തത്തില്‍ പെട്ടു
കേഴുന്നു ഞാന്‍ രാജേഷ്ജിയെ

അങ്കിള്‍. said...

അപ്പോള്‍ രാജേഷേ, വൃത്തമില്ലാത്തതൊന്നുമില്ലേ നമുക്കു ചുറ്റും. നന്നായി രസിച്ചു.

riyaz ahamed said...

കുത്തിക്കുറിക്കുവാനേതിനും
വൃത്തം തന്നെയുത്തമം
അനുഷ്ടിപ്പില്‍ തുടങ്ങണം
ഛന്ദസ്സേതെന്നു നോക്കണം
പ്രാസഭംഗിയും നല്‍കണം
ദ്വിതീയമെങ്കില്‍ നല്ലത്!
വൃത്തമില്ലാത്ത ജീവിതം
മാനികള്‍ക്ക് മ്ര്തിയേക്കാള്‍ ഭയാനകം!
തെറ്റാണെങ്കില്‍ പൊറുക്കണം
ബൂലോക പുലികളേ

വിഷ്ണു പ്രസാദ് said...

-:)

രാജേഷ് ആർ. വർമ്മ said...

ബെന്നിയുടെ പോസ്റ്റ്‌ വായിച്ചിട്ടെഴുതിയത്‌. വൃത്തങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ബൂലോകം ലോകത്തെ നയിക്കട്ടെ.

Abdu said...

ഒരു കോമ്പസ്സും ഒരു പെന്‍സിലും കിട്ടിയിരുന്നെങ്കില്‍....
ഒരു കവിത വരക്കാമായിരുന്നൂ...


വിത്ത് ‘കുത്ത് & കോമ’

സ്നേഹത്തോടെ,

Santhosh said...

രാജേഷേ... (വിഷമ) വൃത്തം തന്നെ മനുഷ്യ ജീവിതം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'രാമരാജ്യമാകുന്ന സ്വര്‍ഗം'... 'ദുഷ്കവീന്ദ്രരൊക്കെയും ഇരന്നുതിന്ന്‌ ജീവിക്കുകയോ മരിച്ചോ പോവുക'... ഇതുരണ്ടും സംഭവിക്കാതിരിക്കാന്‍ വൃത്തവും ചമയവും ഞാന്‍ ഒഴിവാക്കാന്‍ ശ്രമിക്കും. ശ്രീ. രാജേഷ്‌ വര്‍മ്മയുടെ ആഗ്രഹം മനോഹരമായ നടക്കാത്ത ഒരു സ്വപ്നം!' ആവുമോ?

രാജേഷ് ആർ. വർമ്മ said...

മനു,

കേകയെക്കണ്ടിരുന്നു ഇന്നലെ കൊടും ക്ഷയരോഗബാധിതയായിക്കിടപ്പൂ നേഴ്സിങ്ങ്‌ ഹോമില്‍

അങ്കിള്‍,

നന്ദി

റിസ്‌,

അനുഷ്ടുപ്പാണു സൗകര്യം. കൊനഷ്ടില്ലതിന്‌ ഒട്ടുമേ.

വിഷ്ണു,

സ്മൈലിയാണെങ്കില്‍പ്പോലും പദ്യത്തിലല്ലേ ഇട്ടത്‌? ആ ലീലാ വിലാസത്തിന്‌ ഒരായിരം കൃതഞ്ജത.

ഇടങ്ങള്‍,

കവിതയ്ക്കു മാത്രമോ? കഥയ്ക്കും കാര്‍ട്ടൂണിനും അവിതര്‍ക്കിതം ആത്മകഥയ്ക്കും വൃത്തം വേണം. കോമ്പസ്സു കിട്ടാനില്ലയെങ്കിലോ ചിരട്ടയോ അമ്പിളിയമ്മാവനോ പൊറോട്ട പോലും മതി.

സന്തോഷേ,

പദ്യത്തിന്‍ രസത്തില്‍ നാം കുളിപ്പിച്ചെടുക്കാന്‍ ഒരുദ്യമം ചെയ്താല്‍ പിന്നെ സരസം ഈ ജീവിതം.

ശിവപ്രസാദ്‌,

നടക്കും മാഷേ. എന്നെ എത്രയോ ബ്ലോഗര്‍ ഇതിനിടയ്ക്കു സമീപിച്ചുവെന്നോ പദ്യത്തിന്നായി? തന്റെ ബ്ലോഗുകളൊക്കെ വൃത്തത്തിലാക്കാന്‍ വേണ്ടി എന്റെ നിര്‍ദ്ദേശം തേടി ബ്ലോഗിലെ പുലി ഒരാള്‍. ചാരുകേശി രാഗത്തില്‍ പാടുവാന്‍ തയ്യാറായി ചീരത്തോരന്റെ പാചകക്കുറിപ്പുമായ്‌ ഒരാള്‍. ഫോട്ടോകള്‍ മാത്രം ഇടും മറ്റോരു പ്രമുഖനും കൂട്ടിനുവേണം ചില പദ്യങ്ങള്‍ കുറിപ്പായി. കലണ്ടര്‍ ഇറക്കുന്ന പത്രക്കാര്‍ ചിലര്‍ ബന്ധം പുലര്‍ത്തുന്നുണ്ട്‌. വൃത്തം വേണം പോല്‍ കലണ്ടറില്‍! റെയില്‍വേ ടൈം ടേബിളും ടെലിഫോണ്‍ യെല്ലോ പേജും 'വയലും വീടും' പോലും പദ്യത്തിലാകും ഇനി. ദുഷ്കവികളെച്ചൊല്ലി എന്തിനു ഖേദിക്കുന്നു? നിഷ്കരുണമല്ലയോ പീഡിപ്പിച്ചവര്‍ നമ്മെ?

രാജേഷ് ആർ. വർമ്മ said...

വേണു,

നന്ദി.