നാല്
ലിസി പനിയുടെ വിങ്ങുന്ന നിശ്ചലതയില്‍ കസേരയിലിരുന്നു. തളത്തിനു പുറത്ത് ഉച്ചനേരമായിരുന്നു. നിലം കണ്ണാടിപോലെ തിളങ്ങി. ചുവരില്‍ മരിച്ചുപോയ കുട്ടിയുടെ ഫോട്ടോ. അടുത്ത മുറിയില്‍ മകള്‍ ഉറങ്ങിക്കിടന്നു.
ലിസി തളര്‍ച്ചയില്‍ കണ്ണടച്ച് കസേരയില്‍ ചാരിക്കിടന്നു. ചുവരിലെ ഘടികാരത്തിന്റെയും കുട്ടിയുടെ ഫോട്ടോയുടെയും ബോധം പനിയുടെ സ്പന്ദങ്ങളുമായി ഇടകലര്‍ന്നു. ക്ലോക്കിനു താഴെ കുട്ടിയെ കൈപിടിച്ചു നടത്തിയിരുന്നത് അവളോര്‍ത്തു. മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അവന്‍ അമ്മ എന്നു പറയാന്‍ പഠിച്ചിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അര്‍ത്ഥമില്ലാത്ത ശബ്ദങ്ങള്‍ കൊണ്ടു പാട്ടുണ്ടാക്കി പാടുമായിരുന്നു. ഉച്ചയുറക്കത്തില്‍ നിന്നുണര്‍ന്നാലും മുറിയുടെ മുകള്‍ത്തട്ടുനോക്കിക്കൊണ്ടു കരയാതെ കിടക്കാന്‍ തുടങ്ങിയിരുന്നു.
അമ്മച്ചി കഴിഞ്ഞാല്‍ പിന്നെ കുട്ടിയ്ക്ക് ഏറ്റവുമിഷ്ടം ജോസിനെയായിരുന്നു. അവനെ ഏറ്റവും സന്തോഷിപ്പിച്ചിരുന്നത് ജോസ് വരച്ച ചിത്രങ്ങളാണ്. തിളങ്ങുന്ന തറയിലിരുന്ന് ടീപ്പോയിപ്പുറത്തുനിന്നു കടലാസെടുത്ത് ജോസ് മുമ്പില്‍ വെയ്ക്കും. പിന്നെ, കുട്ടിയെ തലയുയര്‍ത്തി നോക്കി, റോയിച്ചായന്റെ ചായപ്പെട്ടിയില്‍ നിന്ന് നിറങ്ങളെന്തെങ്കിലുമൊക്കെയെടുത്ത് കടലാസില്‍ എന്തെങ്കിലും വരയ്ക്കും. പിന്നെ ലിസിയുടെ മടിയിലിരിക്കുന്ന കുട്ടിയെ ചിത്രമുയര്‍ത്തികാണിക്കും. കുട്ടി ചിരിച്ചുകൊണ്ടിരിക്കും. അടുത്ത ചിത്രം വരച്ചു തീരുന്നതുവരെ.
കുട്ടിയുടെ കിടക്കയ്ക്കരിലെ ഭിത്തിയില്‍ നിറയെ ജോസിന്റെ ചിത്രങ്ങളൊട്ടിച്ചിരുന്നു. അവ നോക്കിക്കൊണ്ടുകിടന്നായിരുന്നു അവനുറങ്ങുക.
ജോസ് ദുര്‍ബ്ബലനായ ഒരു കുട്ടിയായിരുന്നു. മിക്ക ദിവസങ്ങളിലും പനിയോ ജലദോഷമോ ഉണ്ടായിരിക്കും. നിരകളിയിലും ചെസ്സിലും വാക്കു പറഞ്ഞു കളിയ്ക്കുമ്പോഴുമെല്ലാം ജോസ് തോല്‍ക്കുമായിരുന്നു. അപ്പോഴെല്ലാം ലിസി പരിഹസിച്ചു ചിരിക്കും. ഒരിയ്ക്കല്‍ പുസ്തകം വായിച്ചുകൊണ്ടിരുന്ന അവന്റെ പിറകിലൂടെ കടന്നുവന്ന ലിസി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഞെട്ടിത്തെറിച്ചു തിരിഞ്ഞുനോക്കിയതും ലിസി ചിരിച്ചു ചിരിച്ചു തളര്‍ന്നതുമെല്ലാം അവളോര്‍ത്തു, അവന്‍ ആദ്യം ചിരിക്കാന്‍ ശ്രമിക്കുകയും പിന്നെ പുസ്തകത്തിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയും ഒടുക്കം ചിരിച്ചുതീരും വരെ ആവിയുയരുന്നുവെന്നു തോന്നിച്ച കണ്ണുകളോടെ അവളെ നോക്കിയിരിക്കുകയും ചെയ്തു.
റുബിക്സ് ക്യൂബിന്റെ വശങ്ങളില്‍ നിറങ്ങളുറഞ്ഞുണ്ടാകുന്നതെങ്ങനെയെന്ന് ജോസിന് ഒരിക്കലും മനസ്സിലായതേയില്ല.
കുട്ടി പനിപിടിച്ചു കിടക്കുകയായിരുന്നു. ലിസി എന്തൊക്കെയോ അവനോടു പറഞ്ഞുകൊണ്ടിരുന്നു. ഒടുക്കം കുട്ടി കരച്ചില്‍ നിറുത്തി തളര്‍ന്ന കണ്ണുകളോടെ അവളെ നോക്കിക്കിടക്കുക മാത്രം ചെയ്തു. ലിസി മുറിയ്ക്കു പുറത്തിറങ്ങുമ്പോള്‍ തിരിഞ്ഞു കുട്ടിയെ നോക്കിയെന്നും അവന്‍ അവളെത്തന്നെ നോക്കിക്കിടക്കുകയായിരുന്നുവെന്നും അവളോര്‍മ്മിക്കുന്നു.
അരണ്ടവെളിച്ചമുള്ള മുറിയില്‍ റുബിക്സ് ക്യൂബ് കൈയില്‍ പിടിച്ചുകൊണ്ട് കട്ടിലില്‍ കിടക്കുകയായിരുന്നു ജോസ്. അവന്‍ പുഞ്ചിരിച്ചു, "ശരിയാകുന്നതേയില്ല". അവള്‍ ചിരിച്ചുകൊണ്ട് കട്ടിലില്‍ ചെന്നിരുന്നു. ക്യൂബ് പിടിച്ച അവന്റെ കൈകള്‍കൊണ്ടുതന്നെ അതു ചലിപ്പിച്ചു. അവന്‍ കൈകള്‍ പിന്‍വലിച്ചു.
അവന്റെ കൈപ്പത്തികള്‍ മെലിഞ്ഞു ദുര്‍ബ്ബലങ്ങളായിരുന്നു. അവളുടെ കഴുത്തിനു താഴെ മെത്തയില്‍ തലചാരിയിരുന്ന അവന്‍ ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ഒതുങ്ങിക്കിടന്നു. അവന്റെ ഉച്ഛ്വാസം അവളുടെ ഇടതു കൈയില്‍ തട്ടി. കുട്ടിയെ പിച്ചവെയ്ക്കാന്‍ പഠിപ്പിക്കുന്ന ഓര്‍മ്മ അവള്‍ക്കു പെട്ടെന്നുണ്ടായി. തിരിയുന്ന നിറങ്ങളില്‍നിന്ന് ഒരുവശം മുഴുവന്‍ ചുവപ്പുനിറം വന്നു നിറഞ്ഞു. അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍ എന്തിലേക്കോ വഴുതിവീഴാന്‍ തുടങ്ങുന്നതുപോലെ കാണപ്പെട്ടു. അവന്റെ വിറയ്ക്കുന്ന കൈകളുയര്‍ന്നുവന്ന് അവളുടെ കൈകളെ പ്രാപിച്ചു. അവന്റെ ദൗര്‍ബ്ബല്യമെല്ലാം താനൊഴുക്കിക്കളയുകയാണെന്നവനു തോന്നി, പിച്ചവെയ്ക്കുന്ന കുട്ടിയ്ക്കു താങ്ങായിരിക്കുമ്പോഴെന്നപോലെ. അവളുടെ ചുണ്ടുകളുടെ ഊഷ്മളത അവന്റെ നെറ്റിത്തടത്തിലേക്കമര്‍ന്നു. പെട്ടെന്ന് ദൃഷ്ടിമണ്ഡലത്തിന്റെ അതിരില്‍ ഒരു നിഴല്‍ ചലിച്ചു. അവള്‍ തലയുയര്‍ത്തി. വാതില്‍ക്കല്‍ പകച്ചുനോക്കിക്കൊണ്ട് കുട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ലിസി ചാടിയെഴുനേറ്റു. ക്യൂബ് തറയില്‍ വീണു ചിതറി. കരഞ്ഞുതുടങ്ങിയിരുന്ന കുട്ടിയെ വാരിയെടുത്തുകൊണ്ട് ലിസി പുറത്തിറങ്ങി. കുട്ടി ഉറക്കെക്കരഞ്ഞുകൊണ്ടിരുന്നു.
ജോസിന്റെ ചിത്രങ്ങള്‍ കെണി പോലെ വിന്യസിച്ചിരുന്ന ചുവരുകളുള്ള മുറിയ്ക്കുള്ളില്‍ പനിച്ചുകിടന്ന ദിവസങ്ങളിലെല്ലാം കുട്ടിയുടെ തളര്‍ന്നുകൊണ്ടേയിരുന്ന കണ്ണുകള്‍ ലിസിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
കുട്ടിയെ ആശുപത്രിയിലാക്കിക്കഴിഞ്ഞുള്ള തുടര്‍ച്ചയായ രാത്രികളില്‍ ഉറക്കമിളച്ച് തളര്‍ന്ന ലിസി ഉറങ്ങിപ്പോയ രാത്രിയായിരുന്നു അത്. റോയിച്ചായന്‍ വാതിലില്‍ മുട്ടിവിളിച്ചതു കേട്ടാണവളുണര്‍ന്നത്. വിളക്കിടാതെതന്നെ ലിസി വാതില്‍ തുറന്നു. പുറത്തു മഴപെയ്തുകൊണ്ടിരുന്നു. ഇരുട്ടില്‍ റോയിച്ചായന്‍ നില്‌പുണ്ടായിരുന്നു. മരണവാര്‍ത്തയാണതെന്ന് അവള്‍ക്കുറപ്പായി. തളര്‍ന്നിട്ടെന്നപോലെ അയാള്‍ അവളുടെ രണ്ടുകൈകളിലും പിടിച്ചു. നനഞ്ഞവസ്ത്രങ്ങളില്‍ അവളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് അയാള്‍ അകത്തു കയറി. "മരിച്ചു." അയാളതു പറഞ്ഞോ എന്നു ലിസിയ്ക്കുറപ്പില്ല. ഇരുട്ടില്‍ അവരൊന്നിച്ചു നടന്നു കട്ടിലില്‍ ചെന്നിരുന്നു. ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് അവര്‍ ഇണചേര്‍ന്നിരുന്നതാണ് ലിസി ആദ്യം ഓര്‍മ്മിച്ചത്. പിന്നെ, പാഴായിപ്പോയ ആകാംക്ഷകളെപ്പറ്റി, വ്യഥകളെപ്പറ്റി, പ്രതീക്ഷകളെപ്പറ്റി അവളോര്‍ത്തു. അവളുടെ മുലകള്‍ പാല്‍ ചുരത്തി. അവളെ ഇറുകെപ്പിടിച്ചിരുന്ന റോയി ദുര്‍ബലമായി ഏങ്ങലടിക്കാന്‍ തുടങ്ങി. അയാളുടെ ദുര്‍ബലമായ സ്പര്‍ശത്തിലൂടെ ലിസി ജോസിനെക്കുറിച്ചോര്‍ത്തു. കുട്ടിയുടെ ചുണ്ടില്‍നിന്നെടുത്തുമാറ്റി ജോസിനു കൊടുത്തതിനെല്ലാം കുട്ടി പ്രതികാരം ചെയ്തിരിക്കുന്നു. അവളുടെ ദൗര്‍ബല്യം പാപഫലം കായ്ച്ചിരിക്കുന്നു. ലിസി ഇരുട്ടിലേക്ക് ഉറക്കെക്കരഞ്ഞു.
ഒരു ദിവസം ലിസി കുട്ടിയുടെ മുറിയിലെ ചുവരുകളില്‍നിന്ന് ജോസ് വരച്ച ചിത്രങ്ങളെല്ലാം പിച്ചിക്കീറിക്കളഞ്ഞു. പിന്നെപ്പിന്നെ അവള്‍ കരയാതെയായി. യാഥാര്‍ത്ഥ്യങ്ങളും ശീലവും കൂടിക്കുഴഞ്ഞ ചെറിയ ആശയക്കുഴപ്പങ്ങള്‍ക്കു നടുവില്‍ നിന്ന് റോയി കുട്ടിയുടെ പേരു വിളിക്കുകയും ലിസി കുട്ടിയ്ക്കു പാലുതയ്യാറാക്കുകയും ചെയ്ത ദിവസങ്ങള്‍ പോയി. കുട്ടിക്കുപ്പായങ്ങളില്‍നിന്നും കളിപ്പാട്ടങ്ങളില്‍നിന്നുമെല്ലാം ഓര്‍മ്മകള്‍ ആവിയായി മാഞ്ഞു. കുട്ടി ചുവരുയരത്തില്‍ ഫ്രെയിം ചെയ്തുവെച്ച ഒരു ഫോട്ടോയും പിന്നെ പരിചിതദൃശ്യത്തിന്റെ ഭാഗവുമായി.
<< കഴിഞ്ഞ അദ്ധ്യായം
അടുത്ത അദ്ധ്യായം >>
3 comments:
എല്ലാം വായിക്കുന്നുണ്ട്. അടുത്ത ഭാഗം പ്രതീക്ഷിയ്ക്കുന്നു. :-)
വായിച്ചു.
‘ഇരുട്ടില്‍ അവരൊന്നിച്ചു നടന്നു കട്ടിലില്‍ ചെന്നിരുന്നു. ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് അവര്‍ ഇണചേര്‍ന്നിരുന്നതാണ് ലിസി ആദ്യം ഓര്‍മ്മിച്ചത്.’
ഈ വരികള്‍ എന്നെ രാജേഷ് വര്‍മ എന്ന എഴുത്തുകാരനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
ദില്‍ബന്‍, വിഷ്ണു, നന്ദി. ഇതു റ്റൈപ്പു ചെയ്യുന്ന സമയത്ത് പലവട്ടം ഞാനും ഇരുപതുകൊല്ലം മുമ്പ് ഈ കഥയെഴുതുന്ന കാലത്തെ എന്നെപ്പറ്റി ചിന്തിച്ചു.
Post a Comment