Saturday, October 28, 2006

പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും എന്റെ ജീവിതവും

ചെറുകഥ


എനിക്ക്‌ ഇന്ദിരാഗാന്ധിയെ ഇഷ്ടമായിരുന്നില്ല. കഴുകന്റെ കൊക്കുപോലെ നീണ്ടുകൂര്‍ത്ത മൂക്കുള്ള ആ മുഖത്തു വശ്യമായ ഒരു രക്തദാഹം ഞാന്‍ കണ്ടു. ഇന്ത്യ കണ്ടിട്ടുള്ള ഭരണാധികാരികളില്‍ ഏറ്റവും വൃത്തികെട്ട സ്വേച്ഛാധികാരിയായിരുന്നു അവരെന്ന് എന്റെ ചെറുപ്പത്തിലൊക്കെ ധാരാളം പേര്‍ പറഞ്ഞിരുന്നു. എന്നാല്‍, ജനാധിപത്യധ്വംസനത്തിന്റെയും വര്‍ഗ്ഗീയത വളര്‍ത്തിയ രാഷ്ട്രീയത്തിന്റെയും കൂട്ടക്കൊലയുടെ അടിയന്തിരാവസ്ഥയുടെയും ഇരുണ്ട ദിനങ്ങളില്‍ വാണ അവര്‍ ഒരു മരണത്തിലൂടെ രക്ഷപെട്ട്‌ മഹതിയായ ദേശീയനേതാവും രാഷ്ട്രമാതാവും ജനാധിപത്യത്തിന്റെ പ്രതിബിംബവും ലോകസമാധാനത്തിന്റെ മുന്നണിപ്പോരാളിയുമൊക്കെയായിത്തീര്‍ന്നു. അപ്പോള്‍, അവര്‍ ഏകാധിപതിയായിരുന്നുവെന്നും വൃത്തികെട്ട ഭരണാധികാരിയായിരുന്നുവെന്നും പറഞ്ഞാല്‍ ചെവിക്കൊള്ളാനും ആളുകളില്ലാതെയായി. ജനങ്ങള്‍ അവരെ ദുഷിച്ചുകേട്ടാല്‍ ക്ഷോഭിക്കാന്‍ തുടങ്ങി. അവര്‍ ഇന്ദിരാഗാന്ധിയെന്നു കേള്‍ക്കുമ്പോള്‍ അലങ്കരിക്കപ്പെട്ട ചിതാഭസ്മകലശവും പുഞ്ചിരിക്കുന്ന അവരുടെ മുഖവും ഓരോതുള്ളിച്ചോരയും രാഷ്ട്രത്തിനുവേണ്ടി ചൊരിയുന്നതിനെക്കുറിച്ചുള്ള നീണ്ട വാചകങ്ങളും സിഖ്‌ ഭീകരരുടെ മുഖങ്ങളും ഓര്‍മ്മിച്ചു ക്ഷോഭിച്ചു. അവരോടു പണ്ടു പരിഭവിച്ചതിനു പ്രായശ്ചിത്തമായി അതേ ജനങ്ങള്‍ അവരുടെ മകനെ അധികാരത്തിലേറ്റിവിടുകയും ചെയ്തു. തെരുവുകളിലൂടെ ഓഫീസിനും വീട്ടിനും മധ്യേ നടന്നു കൊണ്ടിരുന്ന എന്നെ നേരിടാന്‍ മരിച്ചുപോയ ഇന്ദിരാഗാന്ധി തെരുവുകളുടെയും ക്ലബ്ബുകളുടെയും പേരുകളിലും പുരസ്കാരങ്ങളുടെയും ഫണ്ടുകളുടെയും പരസ്യങ്ങളിലും കവലകളിലെ സ്മാരകങ്ങളിലും ഉച്ചഭാഷിണികളിലെ കവിതകളിലും ഉയിര്‍ത്തെഴുനേറ്റ്‌ ആയിരം പത്തിവിരിച്ചു നിന്നു.

ആയിടയ്ക്കാണ്‌ ഞാനുമൊരു ടി.വി. വാങ്ങിയത്‌. അയല്‍ക്കാര്‍ക്ക്‌ വ്യാഖ്യാനിച്ചുകൊടുക്കേണ്ട ഹിന്ദിയും അലങ്കരിച്ച തിരക്കുള്ള തളങ്ങളില്‍ പാടിയാടുന്ന നായികാനായകന്മാരുള്ള സിനിമകളും വാര്‍ത്തവായിക്കുന്ന സുന്ദരികളും കൊതിയിയറ്റുന്ന പരസ്യങ്ങളുമായി ടി.വി. വന്നു. ഞങ്ങള്‍ ആദ്യമായി ടെലിവിഷന്‍ ഓണ്‍ ചെയ്തപ്പോള്‍ മേല്‍ക്കൂരയില്‍ നിന്ന് ടെക്‍നിഷ്യന്‍ പയ്യന്‍ ആന്റിന തിരിച്ചുകൊണ്ടു വിളിച്ചുചോദിച്ചു, "കിട്ടുന്നുണ്ടോ?" സുമുഖനായ രാജീവ്‌ഗാന്ധിയാണ്‌ ആദ്യമായി സ്ക്രീനില്‍ തെളിഞ്ഞത്‌. അയാളുടെ മൂക്ക്‌ ഇന്ദിരയുടേതിനോളം നീണ്ടതാണെന്നെനിക്കു തോന്നിയില്ല. ചടുലമായ ഇംഗ്ലീഷ്‌ വാക്കുകളില്‍ 'അതും ഇതും നമുക്ക്‌ ഇങ്ങനെ ചെയ്യാവുന്നതേയുള്ളൂ' എന്ന മാതൃകയില്‍ പ്രസന്നമായ മുഖത്തോടെ സംസാരിച്ചുപോവാന്‍ ദിവസേന പത്തോ ഇരുപതോ മിനിറ്റ്‌ എന്റെ ടി.വി.യില്‍ വരുന്ന ഈ പ്രധാനമന്ത്രി എന്തായാലും ഒരു കള്ളനല്ലെന്നെനിക്കു വൈകാതെ തോന്നിത്തുടങ്ങി. ഇയാള്‍ ജനോപകാരപ്രദമായി എന്തെങ്കിലുമൊക്കെ ചെയ്യുമെന്നും.

എന്റെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്നു വളരെ ദൂരെനിന്നു തന്നെ എന്നെ മാടിവിളിക്കുന്ന ആന്റിന നോക്കിക്കൊണ്ട്‌ ഒരു ദിവസം വൈകിട്ട്‌ വീട്ടിലേക്കു നടക്കുമ്പോഴാണ്‌ കവലയില്‍ വെച്ച്‌ അനിരുദ്ധനെ കണ്ടത്‌. അവന്‍ കയ്യിലുണ്ടായിരുന്നതെന്തോ മറച്ചുപിടിക്കുന്നതുപോലെ തോന്നി.
"എന്താ ചേട്ടാ, എവിടുന്നു വരുന്നു?" അവന്‍ കുശലം ചോദിച്ചു.
"ഓഫീസില്‍ നിന്ന്. നീയെന്താ ഈയിടെ അതിലെയൊന്നും വരാത്തത്‌?"
"ഒരു പാട്ടയും കുലുക്കി നടക്കുന്ന മറ്റൊരു ചെറുപ്പക്കാരന്‍ വന്ന് അനിരുദ്ധനെ വിളിച്ചു. ഞാനതത്ര ശ്രദ്ധിച്ചില്ല.
"നീ എന്തെടുക്കുകാ ഈ സമയത്തിവിടെ? നിനക്ക്‌ വൈകിട്ടത്തെ ഷിഫ്റ്റിലല്ലേ കോളേജില്‍ ക്ലാസ്‌?"
അവന്‍ ലജ്ജിച്ച ഒരു ചിരി ചിരിച്ച്‌ പിറകില്‍ നിന്നു കയ്യെടുത്തു. അവന്റെ കയ്യിലുമുണ്ടായിരുന്നു ഒരു പാട്ടയും കുറെ നോട്ടീസും.
"പിരിവാണു ചേട്ടാ." അവന്‍ പറഞ്ഞു.
ഞാന്‍ പോക്കറ്റില്‍ നിന്ന് രണ്ടുരൂപയുടെ ഒരു നാണയമെടുത്ത്‌ നീട്ടി. അവന്‍ മനസ്സില്ലാമനസ്സോടെ പാട്ടനീട്ടി. അവനൊരു നോട്ടീസും തന്നു.
"വീട്ടിലൊന്നും പറയല്ലേ ചേട്ടാ. അച്ഛനെന്നെ തിന്നും."

പോടാ എന്നു പറഞ്ഞ്‌ ഒരു ചിരിയും ചിരിച്ച്‌ ഞാന്‍ നടന്നു. ഇടയ്ക്കൊക്കെ അങ്ങോട്ടു വാ എന്നു പറയാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ പാട്ടയും കുലുക്കിക്കൊണ്ട്‌ എതിരെ വരുന്ന ഒരു കണ്ണടവെച്ച മനുഷ്യനെ എതിരിടുന്നതു കണ്ടു. അയാളുടെ മുഖത്തൊരു ദൈവം തമ്പുരാന്റെ ഭാവം. ഇവനൊക്കെ എന്തിന്റെ കുറവാണെന്നു ചിന്തിച്ചുകൊണ്ട്‌ ഞാന്‍ കുറച്ചുദൂരം നടന്നു. പിന്നെ കയ്യിലിരുന്ന നോട്ടീസെടുത്തു നോക്കി. രണ്ടുമൂന്നു വരി വായിച്ചപ്പോള്‍ത്തന്നെ അതു രാജീവ്‌ ഗാന്ധിയ്ക്കെതിരെയാണെന്നു മനസ്സിലായി. എനിയ്ക്കതിഷ്ടപ്പെട്ടില്ല. കോളേജില്‍ ക്ലാസു നടക്കുന്ന സമയത്ത്‌ ഈ പയ്യന്‍ എന്തിനാണു പ്രധാനമന്ത്രിയെയും തെറി പറഞ്ഞുകൊണ്ട്‌ പാട്ടയും കുലുക്കി റോഡില്‍ നടക്കുന്നത്‌? രാഷ്ട്രീയക്കാരന്റെ ഉദരപൂരണത്തിനുള്ള മാര്‍ഗ്ഗങ്ങളുടെ ക്രൂരതയെക്കുറിച്ചും ചുടുചോറു വാരുന്ന കുട്ടിക്കുരങ്ങന്റെ ഉപമയെക്കുറിച്ചും ചിന്തിച്ചുകൊണ്ടു ഞാന്‍ നടന്നു. ആ നോട്ടീസ്‌ ഞാന്‍ മുഴുവന്‍ വായിച്ചില്ല.

പിന്നത്തെയാഴ്ച ഒരു വൈകുന്നേരം അനിരുദ്ധന്‍ വീട്ടില്‍ വന്നു. ടെലിവിഷനില്‍ കൃഷിദര്‍ശനോ മറ്റോ ആയിരുന്നു. ഞാന്‍ ടി. വി. നിറുത്തിയിട്ട്‌ അവനെ വിളിച്ചുകൊണ്ട്‌ എന്റെ മുറിയില്‍പ്പോയി. എന്തിനാണു രാജീവ്‌ ഗാന്ധിയെ ദുഷിച്ചു പറഞ്ഞുകൊണ്ടു നടക്കുന്നതെന്നു ഞാന്‍ ലഘുവായി ചോദിച്ചു. അവന്റെ ഭാവമാകെയങ്ങു മാറി. സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്റെ ശബ്ദത്തിനു പെട്ടെന്നു വല്ലാത്ത കനം കൈവന്നു. അനിരുദ്ധന്‍ തന്നെയാണോ ഇതെന്ന് എനിക്കു സംശയം തോന്നി. അവന്‍ നിര്‍ത്താതെ ഒന്നിനു പിറകെ മറ്റൊന്നായി സംഭവങ്ങളും നയങ്ങളും ചൂണ്ടിക്കാട്ടി രാജീവ്‌ ഗാന്ധിയെ വിമര്‍ശിച്ചു. ഈ മനുഷ്യനെക്കുറിച്ച്‌ എതിര്‍ത്ത്‌ ഇത്രയേറെ പറയാന്‍ എന്തിരിക്കുന്നുവെന്നത്‌ എന്നെ അദ്ഭുതപ്പെടുത്തി. അവന്‍ വിവരിച്ച കാര്യങ്ങള്‍ തികച്ചും എനിക്കറിയാത്തതോ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതോ ആയിരുന്നു. എതിര്‍ത്തു പറയാനുള്ള അറിവ്‌ എനിക്കില്ലായിരുന്നതുകൊണ്ട്‌ എല്ലാം അമ്പരപ്പോടെ ഞാന്‍ കേട്ടു.

സന്ധ്യയായി. മുറിയില്‍ ഇരുട്ടു വന്നു. അവന്‍ സംസാരം നിര്‍ത്തി മിണ്ടാതിരിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു:

"ഞാന്‍ വെറുതെ തമാശയ്ക്കു ചോദിച്ചതിന്‌ നീയെന്തിനാ ഇത്രയും ക്ഷോഭിച്ചത്‌?"

അനിരുദ്ധന്‍ ചിരിച്ചു.

"ഞാന്‍ തമാശ പറഞ്ഞതല്ല. ചേട്ടനെപ്പോലുള്ളവര്‍ ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതാണ്‌."

അടുത്തയാഴ്ച വരാമെന്നു പറഞ്ഞ്‌ അവന്‍ പോയി. ഞാനാകെ ആശയക്കുഴപ്പത്തിലായി. അവന്‍ പറഞ്ഞതെല്ലാം ദുരുപദിഷ്ടമോ ആത്മാര്‍ത്ഥതയില്ലാത്ത കെട്ടുകഥയോ ആണെന്നു വിശ്വസിക്കാനെനിക്കു തോന്നിയില്ല. 'ചേട്ടനെപ്പോലെയുള്ളവ'രെന്ന് അവന്‍ പറഞ്ഞതു ഞാനോര്‍ത്തു. അവന്‍ എന്നെ ആരുടെയൊക്കെ കൂട്ടത്തിലാണു പെടുത്തിയിരിക്കുന്നതെന്ന് ഞാന്‍ വിസ്മയിച്ചു. രണ്ടോ മൂന്നോ വീടിനപ്പുറം പാര്‍ക്കുകയും വഴിയില്‍ വെച്ചു കാണുമ്പോഴെല്ലാം ചിരിക്കുകയും ചെയ്ത, എന്നെക്കാള്‍ അഞ്ചാറു വയസ്സിനിളയ അനിരുദ്ധന്‍ എന്നാണ്‌ ഇത്രയൊക്കെ ചിന്തിച്ചുണ്ടാക്കിയതെന്നു ഞാന്‍ അദ്ഭുതപ്പെട്ടു.

അന്നു രാത്രി ഞാന്‍ അനിരുദ്ധന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ട്‌ വാര്‍ത്ത കണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് രാജീവ്‌ ഗാന്ധി പ്രസംഗിച്ചുകൊണ്ടു പ്രവേശിച്ചു. അയാളുടെ മൂക്കിന്‌ അല്‍പം നീളമേറിയതായും അതു ചുവന്നിരിക്കുന്നതായും എനിക്കു തോന്നി. അല്‍പമൊന്നു തലതിരിച്ചപ്പോള്‍ ആയാളുടെ പിന്‍ശിരസ്സില്‍ വട്ടത്തില്‍ കഷണ്ടിബാധിച്ചിരിക്കുന്നതു ഞാന്‍ കണ്ടു. നോക്കെത്തുന്ന ദൂരത്തോളം പരന്നുകിടക്കുന്ന ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് വീണ്ടും വാര്‍ത്ത വായിക്കുന്ന സുന്ദരി പ്രത്യക്ഷപ്പെട്ടു. എനിക്ക്‌ അവളോട്‌ അകാരണമായ ദേഷ്യം തോന്നി.

പിന്നെയൊരു ദിവസം ഞാന്‍ വഴിയില്‍വെച്ച്‌ അനിരുദ്ധനോടൊപ്പം കണ്ണടവെച്ച, കറുത്ത ഒരു മനുഷ്യനെക്കണ്ടു. നേതാവാണെന്നു പറഞ്ഞ്‌ അനിരുദ്ധന്‍ അയാളെ എനിക്കു പരിചയപ്പെടുത്തിത്തന്നു. എന്നെക്കുറിച്ച്‌ അവന്‍ അയാളോടു മുമ്പേ പറഞ്ഞിട്ടുണ്ടെന്നു തോന്നി. വല്ലപ്പോഴും എന്നെ പാര്‍ട്ടിയോഫീസിലേക്കു കൂട്ടിക്കൊണ്ടു ചെല്ലാന്‍ അയാള്‍ അനിരുദ്ധനോടു പറഞ്ഞു.

അനിരുദ്ധന്‍ പിന്നെയും ചില വൈകുന്നേരങ്ങളില്‍ വന്നു. അവന്‍ വാതോരാതെ പിന്നെയും സംസാരിച്ചു. പാര്‍ട്ടിപ്രസിദ്ധീകരണങ്ങളും ലഘുലേഖകളും മറ്റും തന്ന് അവന്‍ പൈസ മേടിച്ചുകൊണ്ടുപോയി. ഞാന്‍ അവയില്‍ ചിലതൊക്കെ ശ്രദ്ധാപൂര്‍വം വായിച്ചു. ചിലതൊക്കെ വലിച്ചെറിഞ്ഞു കളഞ്ഞു. ആ ദിവസങ്ങളില്‍ ഞാന്‍ വലിയ ആശയക്കുഴപ്പത്തിലും വായനയിലുമായിരുന്നു. പിന്നെ അനിരുദ്ധന്‍ വരാതായി. ഞാന്‍ ചിന്തിക്കുന്നതുമവസാനിപ്പിച്ചു. ഇങ്ങനെ ചിന്തിക്കുന്ന ചില മനുഷ്യരുമുണ്ടെന്നു മാത്രം വിചാരിച്ചുകൊണ്ട്‌ ഞാനെന്റെ ടി.വിച്ചുവട്ടിലേക്കു മടങ്ങി. രാജീവ്‌ ഗാന്ധി മിക്ക ദിവസവും വരികയും ഏറെ നേരം സംസാരിക്കുകയും ചെയ്തു.

ദാരിദ്ര്യരേഖയ്ക്കു താഴേക്കു തൂങ്ങുന്ന അക്ഷരങ്ങളിലും ശബ്ദങ്ങളിലും വര്‍ണ്ണങ്ങളിലും ടി.വി.യുടെ ചതുരത്തില്‍ നിന്നു പുറപ്പെട്ടുകൊണ്ടിരുന്ന ഹിന്ദി അതിനു മുമ്പുതന്നെ എന്നെ മടുപ്പിച്ചു കഴിഞ്ഞിരുന്നു. ഹിന്ദിയുടെ ഹസ്തിനാപുരവും പിന്നെ പ്രാകൃതങ്ങളായ കാട്ടുഭാഷകള്‍ സംസാരിക്കുന്ന ഓണംകേറാമൂലകളിലെ സാമന്തരാജ്യങ്ങളുമായി ഇന്ത്യയെ ചുരുക്കിക്കാണുന്ന ഹിന്ദിക്കാരന്റെ ധാര്‍ഷ്ട്യം അവന്റെ ഭാഷയും വിളംബരം ചെയ്തുകൊണ്ടിരുന്നു. എനിക്കു ശരിക്കറിയാത്ത ഒരു ഭാഷ എന്റെ രാഷ്ട്രഭാഷയാവുന്നതെങ്ങനെയെന്നും ദില്ലി നഗരത്തിലെ എണ്ണമറ്റ തെരുവുകളിലെ ഭാഷാഭേദങ്ങള്‍ ഞാന്‍ മന:പാഠമാക്കിവെക്കുന്നേതെന്തിനെന്നും ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. അറബി വാക്കുകള്‍ പറയുന്നതുപോലെ അവന്‍ സംസ്കൃതം ചൊല്ലുന്നതു കേട്ട്‌ ഞാന്‍ പ്രതികാരബുദ്ധിയോടെ ചിരിച്ചു. ഗോതമ്പു തിന്നുന്ന ആര്യന്റെ വെളുത്ത തൊലിയും ചെമ്പിച്ച കണ്ണും വരണ്ട മുഖവും എന്നെ പുരാണകാലങ്ങളിലെ ആക്രമണകഥകളോര്‍മ്മിപ്പിച്ചു. അവന്റെ സാഹിത്യവും സിനിമയും അഭിരുചികളുമെല്ലം എന്റെ ഭാഷയുടേതിനു താഴെയാണെന്നും അതിന്റെ വൈരം തീര്‍ക്കാന്‍ അവന്‍ എന്റെ ഭാഷയുടെമേല്‍ അവന്റെ അപരിഷ്കൃതങ്ങളായ ശബ്ദങ്ങളുള്ള ഭാഷ എഴുതിയിടുകയാണെന്നും ഞാന്‍ ചിന്തിച്ചു. ആയിടയ്ക്കൊരു ദിവസം ഇതെച്ചൊല്ലി ഞാനും ഹിന്ദി പഠിപ്പിച്ചു പെന്‍ഷനായ അമ്മാവനും തമ്മില്‍ തര്‍ക്കിച്ചു. അമ്മാവന്‍ ഏറെ ക്ഷോഭിച്ചു; ഞാന്‍ മന:പൂര്‍വം അമ്മാവനെ അപമാനിക്കുകയാണെന്നുവരെ പറഞ്ഞു. എന്നെ അതു വല്ലാതെ വിഷമിപ്പിച്ചു. മലയാളത്തിന്റെ ശബ്ദങ്ങളില്‍ കുട്ടികള്‍ക്കു ഹിന്ദി പറഞ്ഞുകൊടുത്തു ജീവിച്ച അമ്മാവനെ വടക്കേയിന്ത്യക്കാരന്റെ ചാരനായിക്കണ്ടു കോപം തീര്‍ത്തതില്‍ എനിക്കു ലജ്ജതോന്നി. ഒരു ജീവിതകാലം മുഴുവന്‍ ചെയ്തുനടന്ന തൊഴില്‍ ജനദ്രോഹമായിരുന്നുവെന്ന്, എത്ര യുക്തിസഹമായി വിശദീകരിച്ചാലും, ആരാണു വിശ്വസിക്കാനിഷ്ടപ്പെടുക!

ആ ദിവസങ്ങളിലും ഞാന്‍ രാജീവ്‌ ഗാന്ധിയെ വെറുത്തു തുടങ്ങിയിരുന്നില്ല. എന്നാല്‍, അയാളെ ഞാന്‍ സംശയദൃഷ്ടിയോടെ നോക്കിത്തുടങ്ങിയിരുന്നു. സിനിമകള്‍ക്കും നൃത്ത,ഗാനപരിപാടികള്‍ക്കും കവിസദസ്സുകള്‍ക്കുമിടയില്‍ വളരെക്കുറിച്ചു മാത്രം ഞാന്‍ ആ മനുഷ്യനെക്കുറിച്ചു ചിന്തിച്ചു.

ഈ സന്ദിഗ്‌ധാവസ്ഥയവസാനിച്ചതും പെട്ടെന്നൊരു ദിവസമായിരുന്നു. ഒരു വൈകുന്നേരത്തെ വാര്‍ത്തക്കു മുന്‍പിലിരിക്കുമ്പോള്‍ രാജീവ്‌ ഗാന്ധി പൊടുന്നനെ ഒരു വമ്പിച്ച ആള്‍ക്കൂടത്തിനുയരെ നിന്നു സംസാരിക്കന്‍ തുടങ്ങി. ടി.വിയില്‍ അയാളുടെ ചുവന്നു തുടുത്ത മുഖം നിറഞ്ഞു. എനിക്കു പെട്ടെന്നു തോന്നി ഇന്ദിരാഗാന്ധിതന്നെയാണു സംസാരിക്കുന്നതെന്ന്. കഴുകന്റെ കൊക്കുപോലെയുള്ള മുഖവും വശ്യമായ രക്തദാഹം നിറഞ്ഞ ആ മുഖവും അവരുടേതുതന്നെയായിരുന്നു. ആ കാപാലികതയുടെ യുഗമവസാനിച്ചു എന്ന വിശ്വാസത്തില്‍ അവരുടെ മരണത്തിന്റെ ദിനങ്ങളില്‍ ആഹ്ലാദിച്ചതു വ്യര്‍ത്ഥമായിപ്പോയി എന്നെനിക്കു തോന്നി. ആ സ്ത്രീ, വേഷം മാറി, എല്ലാവരെയും സമര്‍ത്ഥമായി കബളിപ്പിച്ച്‌ സിംഹാസനത്തില്‍ തുടരുകയായിരുന്നു. ഞാന്‍ രാജീവ്‌ ഗാന്ധിയെ വെറുക്കാന്‍ തുടങ്ങി.

ഞാന്‍ ഇടയ്ക്കൊരു ദിവസം അനിരുദ്ധനെ കണ്ടു. അവനെന്നെ നിര്‍ബന്ധിച്ച്‌ പാര്‍ട്ടിയോഫീസില്‍ കൊണ്ടുപോയി. കണ്ണടവെച്ച കറുത്ത മനുഷ്യന്‍ രാജീവ്‌ ഗാന്ധിയുടെ ജനദ്രോഹപരിപാടികളെക്കുറിച്ചു സംസാരിച്ചു. അയാളും അയാളുടെ സര്‍ക്കാരും എങ്ങനെയാണ്‌ ശ്രീലങ്കയിലെ തമിഴ്‌ തീവ്രവാദികള്‍ക്ക്‌ പരിശീലനത്തിന്‌ ഇന്ത്യയില്‍ കളമൊരുക്കിക്കൊടുക്കുന്നതെന്നും സ്ത്രീകളെ എന്നും ഇരുളില്‍ തളച്ചിടാന്‍ വേണ്ടി വ്യക്തിനിയമങ്ങളില്‍ മായം ചേര്‍ക്കുന്നതെന്നും വിശദീകരിച്ചുതന്നു. എനിക്കു പാവപ്പെട്ട, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെച്ചൊല്ലി അനുകമ്പയും ശ്രീലങ്കയില്‍ ഭീകരപ്രവര്‍ത്തനമഴിച്ചുവിടുന്ന ഒളിപ്പോരാളികളോടു പകയും തോന്നി. അയാള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് എനിക്കു തോന്നി.

രാജീവ്‌ ഗാന്ധിയുടെ ചെയ്തികളുടെ പൊരുള്‍ പിടികിട്ടിയതോടെ അയാളുടെ രൂപത്തിനു ചുറ്റും ഒരു പരിവേഷം പോലെയുയര്‍ന്നുനിന്നിരുന്ന ചുറുചുറുക്കിന്റെയും മാന്യതയുടെയും ആത്മാര്‍ത്ഥതയുറ്റ തുറന്ന സമീപനത്തിന്റെയും ചീട്ടുകൊട്ടാരം വീണുപൊളിഞ്ഞുപോയി. അയാളുടെ ചലനങ്ങളെല്ലാം അഭിനയവും അയാളുടെ വാക്കുകളെല്ലാം കപടവുമായിത്തീര്‍ന്നു. നീറുന്ന പ്രശ്നങ്ങള്‍ക്കുറിച്ചു ചോദിക്കുന്ന പത്രലേഖകരുടെ മുമ്പില്‍ നര്‍മ്മബോധവും ഭാഷാസ്വാധീനവുമുള്ള കോണ്‍വെന്റുവിദ്യാര്‍ത്ഥിയുടെ സഭാകമ്പമില്ലാത്ത ലാഘവത്തോടെ അയാള്‍ നിന്നു. എന്റെ ടി.വിയ്ക്കു മുമ്പിലിരുന്ന അച്ഛനും അമ്മയും അയല്‍വക്കത്തെ കുടുംബനാഥന്മാരുമടങ്ങുന്ന സദസ്സ്‌ എന്നിലുണ്ടായ മാറ്റമറിഞ്ഞില്ല. രാജീവ്‌ ഗാന്ധിയുടെ ചുട്ടമറുപടികളിം ഫലിതങ്ങളും കേട്ടു ചിരിച്ചും അയാളുടെ ചലനങ്ങളുടെ അന്തസ്സു ശ്രദ്ധിച്ച്‌ ആരാധനപൂണ്ടും അവരിരുന്നു. എന്റെ കണ്ണുകള്‍ കത്തുന്ന രണ്ടു ഗോളങ്ങള്‍ പോലെ രാജീവ്‌ ഗാന്ധിയ്ക്കു പിറകെ നീങ്ങി. അയാള്‍ അധികം സംസാരിക്കാന്‍ മുതിരുന്ന പത്രലേഖകരുടെ വായടപ്പിച്ചും ഇടയ്ക്കിടെ ഗൗരവം നടിച്ചും ഒഴുക്കുള്ള ഭാഷയില്‍ സംസാരിച്ചുകൊണ്ടിരുന്നു. പത്രസമ്മേളനത്തിനു ശേഷം വിഭവസമൃദ്ധമായ വിരുന്നുണ്ടെന്നു ഞാന്‍ സങ്കല്‍പിച്ചു. വിരുന്നു വൈകുന്നതില്‍ അക്ഷമരായി ചോദ്യങ്ങള്‍ ഉപസംഹരിച്ച്‌ പേനകളും നോട്ടുപുസ്തകവുമടച്ച്‌ കാത്തിരിക്കുന്ന പത്രലേഖകരെ ഞാന്‍ കണ്ടു.

വെള്ളപ്പൊക്കവും വരള്‍ച്ചയും തെരഞ്ഞെടുപ്പുകളുമുണ്ടാകുന്ന കാലാവസ്ഥകളില്‍ രാജീവ്‌ ഗാന്ധി ഹെലികോപ്ടറുകളില്‍ കയറി സംസ്ഥാനങ്ങളിലേക്കു പോയി. പ്രളയത്തില്‍ മൂടിക്കിടന്ന ഗ്രാമങ്ങള്‍ക്കു മുകളിലൂടെ ഒരു സിനിമാസ്കോപ്പു ചിത്രത്തിലെന്നപോലെ പറന്നു ചെന്ന് മാനത്തുനിന്ന് അയാളിറങ്ങിയേടത്തെല്ലാം ഭൂപടങ്ങള്‍ കാട്ടി വിവരിക്കുമ്പോള്‍ തൊണ്ടവരളുന്ന സാമന്തോദ്യോഗസ്ഥന്മാരുണ്ടായിരുന്നു. അകലങ്ങളില്‍ കെട്ടിയുറപ്പിച്ച വേലിക്കപ്പുറത്തുനിന്ന് ദ്രവിച്ച വേഷങ്ങള്‍ ധരിച്ച ഗ്രാമീണര്‍ തങ്ങളുടെ ചക്രവര്‍ത്തിക്കു ദീര്‍ഘായുസ്സുനേര്‍ന്ന് ഒരു രോദനത്തിന്റെ സ്വരത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു. അവര്‍ എങ്ങനെയാവും ഈ മനുഷ്യനെ കാണുക എന്ന് ഞാനൊരിക്കല്‍ ചിന്തിച്ചു; തങ്ങളുടെ സ്വത്തിനും ജീവനും മേല്‍ സര്‍വാധിപത്യമുള്ള, തങ്ങള്‍ ഭക്ഷിക്കുന്ന അന്നത്തിനുദ്ഭവമായ കാരുണ്യം ചൊരിയുന്ന, തങ്ങളുടെ നാണയങ്ങളില്‍ ശിരസ്സു മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള പഴയ സമ്രാട്ടുകളുടെ സ്ഥാനത്ത്‌ അതേ അധികാരവുമായി വന്നിറങ്ങുന്ന പുത്തന്‍ രാജാവ്‌ എന്നാവുമോ? രാജീവ്‌ ഗാന്ധി വേലിയരികില്‍ക്കൂടി മെല്ലെ നടന്നു. ആര്‍ത്തലയ്ക്കുന്ന സ്വരത്തില്‍ ആ മനുഷ്യര്‍ ആവലാതികള്‍ പറയുന്നത്‌ അയാള്‍ കരുണഭാവിച്ച്‌ ശ്രദ്ധിക്കുകയും അടിയന്തിരമായി എന്തു ചെയ്യേണ്ടതുണ്ടെന്നു ചോദിക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ അവരെ തന്റെ അധികാരത്തിന്റെ ഭീകരപരിമാണം കൊണ്ടു നടുക്കാന്‍ അവരുടെ മുമ്പില്‍ വെച്ചു തന്നെ അയാള്‍ സാമന്തരാജാക്കന്മാരെ ശാസിക്കുകയും ചെയ്തു. ഒരു ദിവസം അയാള്‍ ഒരു മുഖ്യമന്ത്രിയോടു ഗര്‍ജ്ജിക്കുമ്പോള്‍ അയാളുടെ നീണ്ട മൂക്കു ചുവന്നു. അയാളുടെ കണ്ണുകളില്‍ നിന്നു തീപറക്കും പോലെ തോന്നി. ഓഫീസിലുള്ളവര്‍ തിരുമേനി എന്നു വിളിക്കുന്ന ഞങ്ങളുടെ മേലുദ്യോഗസ്ഥനെ ഞാനോര്‍മ്മിച്ചു. അയാള്‍ ക്ഷോഭിക്കുമ്പോള്‍ ഉത്തരമില്ലാതെ നിസ്സഹായനായ ഞാന്‍ അയാള്‍ക്കുമുമ്പില്‍ നിന്നതു ഞാനോര്‍ത്തു. വേലിക്കപ്പുറത്തു നിന്ന ദരിദ്രഗ്രാമീണര്‍ ജയാരവം മുഴക്കിക്കൊണ്ടേയിരുന്നു.

രാജീവ്‌ ഗാന്ധി ആകാശത്തു വിമാനപാതകളുള്ള ദിശകളിലൂടെയെല്ലാം വിദേശസന്ദര്‍ശനത്തിനു പൊയ്ക്കൊണ്ടിരുന്നു. അക്കാലത്തെല്ലാം ലോകത്തിന്റെ ഏതോ കോണില്‍ കിടക്കുന്ന ആ രാജ്യങ്ങളുടെയൊക്കെ നാടന്‍കലകളും നഗരങ്ങളും ടി.വി.യ്ക്കു മുമ്പിലിരിക്കുന്നവര്‍ക്കെല്ലാം കാണേണ്ടിവന്നു. അയാള്‍ വിമാനമിറങ്ങി നടക്കുമ്പോള്‍ തെരുവോരങ്ങളില്‍ നിറയെ ചിരിക്കുന്ന മനുഷ്യര്‍ നിറഞ്ഞുനിന്ന് ഇന്ത്യയുടെ പതാകവീശിക്കാണിക്കുകയോ ദേശീയഗാനം പാടുകയോ ചെയ്തു. എങ്ങനെയുള്ള ഒരു ഭരണമാണ്‌ ഇന്ത്യയില്‍ നടക്കുന്നതെന്നാണാവോ ഈ ദൂരദേശങ്ങളിലെ മനുഷ്യര്‍ മനസ്സിലാക്കിയിരിക്കുന്നത്‌! തിളങ്ങുന്ന നിലമുള്ള രാജകീയപ്രൗഢിയുള്ള തളങ്ങളില്‍ ഭാര്യാസമേതനായ പ്രധാനമന്ത്രി അന്തസ്സുറ്റ തന്റെ ചുവടുവെയ്പുകളോടെ അഭിവാദ്യം സ്വീകരിച്ചു നീങ്ങി. അയാള്‍ അന്താരാഷ്ട്രമൈത്രിയെക്കുറിച്ചും നിരായുധീകരണത്തെക്കുറിച്ചുമൊക്കെ പറയുന്നത്‌ തങ്ങള്‍ക്കു വ്യക്തമാവുന്നില്ലെങ്കിലും രാഷ്ട്രത്തലവന്മാര്‍ അതു ശ്രദ്ധിച്ചിരിക്കുന്നതു കണ്ട്‌ നിറഞ്ഞ അഭിമാനത്തോടെ അച്ഛനും അമ്മാവനും മറ്റും ടി.വി.യിലേക്കു നോക്കിയിരുന്നു.

അച്ഛനും അമ്മയ്ക്കും രാജീവ്‌ ഗാന്ധിയോടുള്ള വാത്സല്യം ഒട്ടും കുറയാതെ തുടരുന്നുവെന്നതു ഞാന്‍ ശ്രദ്ധിച്ചു. പുതുതായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന വിദ്യാഭ്യാസനയത്തെപ്പറ്റി ഞാനും അനിരുദ്ധനും സംസാരിച്ച ദിവസം വൈകുന്നേരമായിരുന്നു അത്‌. പതിവുള്ള സമയത്ത്‌ രാജീവ്‌ ഗാന്ധി വന്നപ്പോള്‍ സ്വീകരണമുറിയില്‍ എത്തിനോക്കിയിട്ട്‌ 'രാജീവ്‌ കുട്ടന്റെ' ക്ഷീണത്തെപ്പറ്റി അമ്മ പറയുന്നതു കേട്ടു. പണ്ട്‌ വല്ലപ്പോഴുമൊക്കെ അമ്മ എന്നെ കുട്ടനെന്നു വിളിച്ചിരുന്നതു ഞാനോര്‍ത്തു. ഞാന്‍ വാര്‍ത്ത കഴിഞ്ഞ്‌ അടുക്കളയില്‍ച്ചെന്നു. ജോലി ചെയ്തുകൊണ്ടിരുന്ന അമ്മയോട്‌ ഞാന്‍ രാജീവ്‌ ഗാന്ധിയെ സ്നേഹിക്കരുതെന്നു പറയാന്‍ തുടങ്ങി. അമ്മ അവിശ്വാസത്തോടെയും അസഹിഷ്ണുതയോടെയും എന്നെ നോക്കി. പള്ളിക്കൂടങ്ങളില്‍ പോകുന്ന എല്ലാ കുട്ടികളെയും യന്ത്രങ്ങളോ ഖനിത്തൊഴിലാണികളോ ആക്കിത്തീര്‍ക്കുവാനാണ്‌ ഈ മനുഷ്യന്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ട്‌ ഇങ്ങനെ ഊരുചുറ്റുന്നതെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ജനങ്ങങ്ങളെ ഒന്നടങ്കം ദ്രോഹിക്കുന്ന പരിപാടികള്‍ ഒരു ഭരണകര്‍ത്താവും നടപ്പാക്കില്ലെന്ന് അമ്മ പറഞ്ഞു. ഞാന്‍ വിട്ടുകൊടുക്കാതിരുന്നപ്പോള്‍ ദേഷ്യപ്പെട്ട്‌ 'എനിക്കൊന്നും കേള്‍ക്കണ്ട' എന്നു പറഞ്ഞ്‌ അമ്മ ചെവി പൊത്തിനിന്നു.

രാജീവ്‌ ഗാന്ധി പൊതുവേദികളില്‍ സംസാരിക്കുമ്പോഴെല്ലാം കറുത്ത ഉടുപ്പിട്ട അംഗരക്ഷകര്‍ അയാള്‍ക്കു നാലുപാടും നിന്ന് ചുറ്റും നിരീക്ഷിച്ചുകൊണ്ടിരുന്നു. ആരെയോ തീവ്രമായി ഭയപ്പെട്ടുകൊണ്ടാണ്‌ പ്രധാനമന്ത്രി കഴിയുന്നത്‌. യഥാര്‍ത്ഥത്തില്‍ ഈ അംഗരക്ഷകരാണ്‌ ആ അരങ്ങില്‍ പ്രകടനം കാഴ്ചവെക്കുന്നതെന്നും രാജീവ്‌ ഗാന്ധി ജീവനില്ലാത്ത വാക്കുകളുരുവിട്ടുകൊണ്ട്‌ അവര്‍ക്കു നടുവില്‍ നില്‍ക്കുകമാത്രമാണു ചെയ്യുന്നതെന്നും എനിക്കു പലപ്പോഴും തോന്നി. ഇത്രയേറെ ശക്തമായ ഒരു സുരക്ഷാവലയം പോലും ഭേദിച്ചു കടന്നുചെല്ലുന്ന ഒരു ഭീകരന്‍ ഈ മനുഷ്യനെ ആക്രമിക്കുന്നതായി സങ്കല്‍പിച്ചുകൊണ്ട്‌ ഒരു ദിവസം ടി.വി. കണ്ടിരിക്കുകയായിരുന്നു ഞാന്‍. അടുത്ത നിമിഷം - ഞാന്‍ സത്യമാണു പറയുന്നത്‌ - അയാളുടെ പിറകില്‍ നിന്നിരുന്ന കറുത്ത ഉടുപ്പിട്ട, ഉയരമേറിയ അംഗരക്ഷകന്മാരിലൊരാള്‍ അംഗരക്ഷകന്മാരിലൊരാള്‍ മുഖം വെട്ടിത്തിരിച്ച്‌ എന്റെ നേരെ നോക്കി. എന്റെ നട്ടെല്ലില്‍ക്കൂടി ഒരു തരിപ്പ്‌ മേലോട്ട്‌ അരിച്ചുകയറി. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം, ഒന്നും സംഭവിക്കാത്തതുപോലെ അയാള്‍ വീണ്ടും മുഖം തിരിച്ചു. ആ സംഭവത്തിനു ശേഷം രാജീവ്‌ ഗാന്ധി പ്രവേശിച്ചാലുടന്‍ ടെലിവിഷന്റെ മുമ്പില്‍ നിന്ന് ഞാന്‍ എഴുനേറ്റു പോകുന്നതു പതിവാക്കി.

അക്കാലത്തു ടെലിവിഷനില്‍ രാമായണം നടന്നിരുന്നു. രാമന്റെയും രാജീവ്‌ ഗാന്ധിയുടെയും രൂപസാദൃശ്യമാണ്‌ എന്നെ രാമായണത്തിന്റെ ശത്രുവാക്കിത്തീര്‍ത്തത്‌. ധര്‍മ്മത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട്‌ അമ്പും വില്ലും പിടിച്ചു സഞ്ചരിക്കുകയും എല്ലാ യുദ്ധങ്ങളിലും ജയിക്കുകയും ചെയ്തുകൊണ്ടിരുന്ന ആ അതിമാനുഷന്‍ രാജീവ്‌ ഗാന്ധി തന്നെയാണെന്ന് ഞാന്‍ ചിന്തിച്ചു. അയാള്‍ക്കുവേണ്ടി കുരങ്ങന്മാരും പക്ഷികളും കടലില്‍ പാലം പണിയുകയും യുദ്ധത്തില്‍ ചത്തുവീഴുകയും ചെയ്യുന്നതു ഞാന്‍ കണ്ടു. പത്രസമ്മേളനത്തില്‍ സംസാരിക്കുന്ന രാജീവ്‌ ഗാന്ധി കിരീടം വെച്ചിട്ടുണ്ടെന്ന് ഒരു ദിവസം എനിക്കു തോന്നി.

ഒരു പാര്‍ട്ടി അംഗമായി ഈ സമയമത്രയും തുടര്‍ന്നെങ്കിലും ഒടുക്കം ഞാന്‍ അനിരുദ്ധനോടും പാര്‍ട്ടിയോടും വഴക്കിട്ടുപിരിയുകതന്നെ ചെയ്തു. രാജീവ്‌ ഗാന്ധിയോടുള്ള ശുദ്ധമായ വെറുപ്പ്‌ അന്തിമലക്ഷ്യമാക്കാന്‍ എന്നെപ്പോലെ അവര്‍ക്കുദ്ദേശമില്ലെന്ന് എനിക്കു മനസ്സിലായി. രാജീവ്‌ ഗാന്ധിയ്ക്കപ്പുറമുള്ള പല കാര്യങ്ങളിലേക്കും വന്നപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ ഏറെ പ്രകടമായി. അത്തരം കാര്യങ്ങളില്‍ എനിക്കു താത്‌പര്യമില്ലാത്ത ആശയങ്ങള്‍ എന്നെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് ഒരു രാത്രി വൈകും വരെ ഞാനും നേതാവും അനിരുദ്ധനും തര്‍ക്കിച്ചിരുന്നു. പിന്നെ ഞാന്‍ പാര്‍ട്ടിയോഫീസില്‍ പോയിട്ടില്ല. വളരെച്ചുരുക്കമായേ അനിരുദ്ധന്‍ അതിനുശേഷം എന്നെക്കാണാന്‍ വന്നിട്ടുള്ളൂ.

ടെലിവിഷന്‍ ആന്റിനകളുടെ നിഴല്‍ വീണുകിടന്ന തെരുവുകളിലൂടെ നിരാലംബനായ ഞാന്‍ ഓഫീസിലേക്കു വീട്ടിലേക്കും നടന്നുകൊണ്ടിരുന്നു. ടെലിവിഷന്റെ വെളിച്ചങ്ങളില്‍ നിന്ന് രാജീവ്‌ ഗാന്ധി ദേശത്തിന്റെ ഐക്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും പുരോഗതിയെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്നു. അയാളുടെ സൈന്യം തമിഴ്‌ വിഘടനവാദികള്‍ക്കെതിരെ പോരാടാന്‍ ശ്രീലങ്കയില്‍പ്പോയി കൊലയും ബലാത്സംഗവും നടത്തി. ടെലിവിഷനിലിരുന്ന് പട്ടുസാരിയണിഞ്ഞ സുന്ദരിമാര്‍ രാജീവ്‌ ഗാന്ധിയുടെ കള്ളങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ഞാന്‍ നടക്കുന്ന തെരുവുകളെ മുഴുവന്‍ അക്ഷരങ്ങളും തോരണങ്ങളും കൊണ്ടു മൂടി തെരഞ്ഞെടുപ്പു വന്നു. ഒരു ദിവസം ഓഫീസിലേക്കു കയറുമ്പോള്‍ ഗെയ്റ്റിന്റെ തൂണില്‍ പതിച്ചുവെച്ചിരിക്കുന്ന പോസ്റ്ററില്‍ രാജീവ്‌ ഗാന്ധി കൂപ്പുകൈയുമായി നില്‍ക്കുന്നതു ഞാന്‍ കണ്ടു. ചുറ്റും നോക്കിയിട്ട്‌ ഞാനതു കീറിപ്പറിച്ചു കളഞ്ഞു.

അന്നു വൈകുന്നേരം ഞങ്ങള്‍ ഓഫീസില്‍നിന്നു വരികയായിരുന്നു. പെട്ടെന്ന് തെരുവില്‍ അങ്ങുമിങ്ങും നടന്നിരുന്നവര്‍ മെയിന്‍റോഡിലേക്ക്‌ ഓടാന്‍ തുടങ്ങി. എന്റെ കൂടെ നടന്നിരുന്നവര്‍ എന്നെ വിളിച്ചിട്ട്‌ ഓടിവരാന്‍ പറഞ്ഞു; രാജീവ്‌ ഗാന്ധി കടന്നുപോകുന്നുവെന്ന്.

ഞാനും വഴിവക്കില്‍ച്ചെന്നു നിന്നു. ജനക്കൂട്ടം ഇരുവശത്തും തടിച്ചുകൂടിയിരുന്നു. ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നുഴഞ്ഞുകയറി. തിക്കും തിരക്കും സഹിച്ചു ഞാന്‍ മുമ്പിലെത്തി. ദൂരെനിന്ന് ഒരു വാഹനം ചീറിപ്പാഞ്ഞു വരുന്നതു കണ്ടു. കൂപ്പുകൈയുമായി അതില്‍ രാജീവ്‌ ഗാന്ധി നില്‍ക്കുന്നു. എന്റെ എല്ലാ നിയന്ത്രണവും വിട്ടു. ഞാന്‍ ഉറക്കെ ഗര്‍ജ്ജിച്ചുകൊണ്ട്‌ വഴിയിലേക്കു ചാടി. രണ്ടു പോലീസുകാര്‍ എന്റെ നേരെ പാഞ്ഞുവന്നു. ഞാന്‍ ഉറക്കെ ചീത്തവിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ വഴിയില്‍ വീണു. എന്നെ അവര്‍ അടിയ്ക്കുകയും ചവിട്ടുകയും ചെയ്തുകൊണ്ടിരുന്നു. വാഹനം ഒരിരമ്പലോടെ കടന്നുപോയി. അതില്‍ നില്‍ക്കുന്ന രാജീവ്‌ ഗാന്ധിയെ ഞാന്‍ കണ്ടു. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. എന്റെ തലയില്‍ ഒരു ലാത്തിയടി വീണു. ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളികളും വാഹനങ്ങളുടെ ഇരമ്പവും പോലീസുകാരുടെ ആക്രോശങ്ങളും നിലച്ചു. "ദൈവമേ!" ഞാന്‍ പെട്ടെന്നു വിചാരിച്ചു, "ഞാന്‍ ഈ മനുഷ്യനെ എന്തിനാണ്‌ ഇത്ര വെറുത്തത്‌? ആ മുഖം ആപല്‍ബാന്ധവനും കരുണാവാരിധിയുമായ അവിടുത്തേതു പോലിരിക്കുന്നല്ലോ." ഞാന്‍ തെരുവോരത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെയും വഴിയിലേക്കു ചാഞ്ഞുനില്‍ക്കുന്ന കാറ്റാടിമരത്തിന്റെ ചില്ലയും അതിനുമപ്പുറത്ത്‌ നീലിച്ച ആകാശവും കണ്ടു. ഞാന്‍ രാജീവ്‌ ഗാന്ധിയെ സ്നേഹിക്കാന്‍ തുടങ്ങി.


(1986-87)
<< എന്റെ മറ്റു കഥകള്‍

30 comments:

Satheesh said...

വളരെ ഭംഗിയായി എഴുതിയിരിക്കുന്നു...
ലാസ്റ്റ് പാരഗ്രാഫ് വായിക്കുന്നതു വരെ ഇതു സ്വന്തം അനുഭവമാണ് കഥാകൃത്ത് എഴുതുന്നത് എന്ന വിചാരമായിരുന്നു..പക്ഷെ അവസാന പാരഗ്രാഫ് ആ വിചാരത്തെ ചവിട്ടിത്തെറിപ്പിച്ചു!!! :-)
വളരെ നല്ലവിവരണം!

Kiranz..!! said...

നന്നായിരിക്കുന്നു രാജേഷ്...രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ നല്ല പോലെ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞു..!

മുസാഫിര്‍ said...

രാജേഷ്,
നല്ല് എഴുത്ത്.തന്റെ മുത്തശ്ശന്റെ സമകാലികനായിരുന്ന ജയവര്‍ദ്ധനയോടു കൊമ്പു കോര്‍ക്കാന്‍ പോയതോടെയാണു രാജീവ് ഗാന്ധിയുടെ പതനം തുടങ്ങുന്നതു എന്നാണു എന്നാണ് എന്റെ വിശ്വാസം.
കാട്ടില്‍ ഒറ്റപ്പെട്ടു പോയ തമിഴ് പുലികള്‍ക്കു സഹായ വാഗ്ദാനം ജയവര്‍ദ്ധനെ നിഷേധിച്ചപ്പോള്‍ യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെ എയര്‍ഫോഴ്സിന്റെ കാര്‍ഗൊ വിമാനത്തില്‍ നിര്‍ബന്ധമായി ശ്രിലങ്കയുടെ വ്യോമാതിര്‍ത്തി ലംഘിച്ചു ഭക്ഷണം ഇട്ടുകൊടുത്തത് ആദ്യത്തെ തെറ്റു.
പിന്നെ തമിഴ് പുലികളെ സഹായിക്കാന്‍ ഇന്‍ഡ്യന്‍ സേനയെ അയച്ചതും ഒടുക്കം അവര്‍ ശത്രുക്കളായതും അതു കണ്ട് ജയവര്ദ്ധനെ ചിരിച്ചതും ചരിത്രം.

Unknown said...

രാജേഷേട്ടാ,
മനോഹരമായിരിക്കുന്നു. ആസ്വദിച്ച് വായിച്ചു. :-)

ഉമേഷ്::Umesh said...

നല്ല കഥ, രാജേഷ്!

ടെക്സ്റ്റ് ഫയലില്‍ ടൈപ്പു ചെയ്തു്, അതു പിന്നെ ഇ-മെയില്‍ വഴിയോ മറ്റോ വേറൊരിടത്താക്കി, വരമൊഴിയില്‍ പേസ്റ്റു ചെയ്തു് യൂണിക്കോഡാക്കി അതു ബ്ലോഗറില്‍ പേസ്റ്റു ചെയ്യുന്നതു കൊണ്ടാവണം, എല്ലാ വരിയുടെയും അവസാനം ലൈന്‍-ബ്രേക്ക് വരുന്നു. അവ നീക്കം ചെയ്തു പാരഗ്രാഫുകള്‍ മാത്രം ശരിയായി ഇട്ടാല്‍ ഒന്നുകൂടി പാരായണക്ഷമമായേനേ.

asdfasdf asfdasdf said...

രാജേഷ് മാഷേ..എന്താ എഴുത്ത്..മനോഹരം.. തൃശ്ശൂര്‍ റൌണ്ടില്‍ വെച്ച് രാജീവ് ഗാന്ധി കടന്നു പോകുമ്പോള്‍ ഞങ്ങളില്‍ ചിലര്‍ കരിങ്കൊടി കാട്ടിയത് ഓര്‍മ്മ വരുന്നു.

Kaippally said...

അവസാനത്തെ പരഗ്രാഫ് ഒന്നുകൂടി. വ്യക്തമാക്കണം. എനിക്കു മനസിലായില്ല.

പിന്നെ, ഭാരതത്തിന്റെ കൊടിയില്‍ കയറി പണിയരുതു്.

രാജീവ് ഗാന്ധിയെ പള്ളു പറയാം. എന്റെ നാട്ടിന്റെ പതാകയെ ആക്ഷേപിക്കരുത്.

ദയവായി അതു മാറ്റു.

സു | Su said...

:|

ഡാലി said...

നല്ലകഥ. സാധാരണക്കരന്റെ, കക്ഷിരാഷ്രീയമില്ലാത്തവന്റെ, ചിന്തകള്‍ രാജീവ് ഗാന്ധിയിലൂടേയും, രാജീവിന്റെ ഭരണനാളുകളിലൂടേയും വരച്ചിട്ടിരിക്കുന്നു.

വേറെയും ചിന്തയ്ക്കുതുകുന്ന ശകലങ്ങള്‍:
“അവന്റെ സാഹിത്യവും സിനിമയും അഭിരുചികളുമെല്ലം എന്റെ ഭാഷയുടേതിനു താഴെയാണെന്നും അതിന്റെ വൈരം തീര്‍ക്കാന്‍ അവന്‍ എന്റെ ഭാഷയുടെമേല്‍ അവന്റെ അപരിഷ്കൃതങ്ങളായ ശബ്ദങ്ങളുള്ള ഭാഷ എഴുതിയിടുകയാണെന്നും ഞാന്‍ ചിന്തിച്ചു. “

ഹോസ്റ്റലില്‍ ഹിന്ദി സംസാരം ഒരു പരിഷ്കാരമായപ്പോള്‍ ഇത്തരത്തില്‍ ചിന്തിച്ചു പോയിട്ടുണ്ട്.(കേരളത്തില്‍ ജനിച്ച് വളര്‍ന്ന, വടക്കേയിന്ത്യ കണ്ടീട്ടില്ലാത്ത കുട്ടികള്‍ കൂടി നല്ല മണി മണി പോലെ ഹിന്ദി പറയുന്നതു കണ്ട് അസൂയ കൊണ്ടും ആകാം)

ഓഫ്: ഇന്ദിരാ ഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും മൂക്ക് ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഓര്‍ക്കുന്നു, ജൂതന്മരുടെ മൂക്ക് കാണുമ്പോള്‍!

രാജ് said...

കഥ നന്നായിരിക്കുന്നു. ബ്ലോഗുകള്‍ ഇല്ലായിരുന്നെങ്കില്‍ 80 -കളിലെ ഈ കഥകളൊന്നും ഞങ്ങള്‍ക്കു വായിക്കാന്‍ പറ്റാതിരുന്നേന്നെ.

Abdu said...

മുഖ്യധാരാ എഴുത്തുകാരന്‍ കാണിക്കാത്ത ധൈര്യം ഞാനീ എഴുത്തില്‍ കാണുന്നു,
ചില പ്രയൊഗങ്ങളും വീക്ഷണങ്ങളും താങ്കളിലെ പക്വതയുള്ള എഴുത്തുകാരനെ എനിക്ക് കാണിച്ച് തരുന്നു,
സംസ്കൃതഭാഷക്ക് ഇന്ത്യയിലെ മറ്റു ഭാഷകളിലുള്ള അമിതമായ സ്വാധീനത്തെകുറിച്ച് പറഞ്ഞത് ഉദാഹരണം,

“പള്ളിക്കൂടങ്ങളില്‍ പോകുന്ന എല്ലാ കുട്ടികളെയും യന്ത്രങ്ങളോ ഖനിത്തൊഴിലാണികളോ ആക്കിത്തീര്‍ക്കുവാനാണ്‌ ഈ മനുഷ്യന്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്”, “രാമന്റെയും രാജീവ്‌ ഗാന്ധിയുടെയും രൂപസാദൃശ്യമാണ്‌ എന്നെ രാമായണത്തിന്റെ ശത്രുവാക്കിത്തീര്‍ത്തത്‌. ധര്‍മ്മത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട്‌ അമ്പും വില്ലും പിടിച്ചു സഞ്ചരിക്കുകയും എല്ലാ യുദ്ധങ്ങളിലും ജയിക്കുകയും ചെയ്തുകൊണ്ടിരുന്ന ആ അതിമാനുഷന്‍ രാജീവ്‌ ഗാന്ധി തന്നെയാണെന്ന് ഞാന്‍ ചിന്തിച്ചു“... എന്നിങ്ങനെ അത് നീളുന്നു,

കൂടുതല്‍ പറയാന്‍ സമയം അനുവധിക്കുന്നില്ല,

തുടരുക,

-അബ്ദു-

Santhosh said...

നല്ല കഥ,രാജേഷ്.

nalan::നളന്‍ said...

ഹിറ്റ്ലറെ ഒന്നു നേരിരിട്ടു കണ്ടിരുന്നേല്‍ പുള്ളിയേയും കൂടി സ്നേഹിച്ചു തുടങ്ങാമായിരുന്നു

രാജേഷ് ആർ. വർമ്മ said...

സതീഷ്‌, കിരണ്‍സ്‌, മുസാഫിര്‍, ദില്‍ബന്‍,
നന്ദി.

ഉമേഷ്‌,
ഞാന്‍ വരമൊഴിയില്‍ നേരിട്ടു റ്റൈപ്പ്‌ ചെയ്ത്‌, Export to Unicode ചെയ്ത്‌ ബ്ലോഗറിലെ Edit to html-ല്‍ പോസ്റ്റു ചെയ്യുകയാണു പതിവ്‌. ബ്ലോഗറില്‍ Edit post നോക്കുമ്പോള്‍ അതില്‍ ഓരോ വരിയുടെയും അവസാനം ബ്രെയ്ക്ക്‌ കാണുന്നില്ലല്ലോ. നമുക്ക്‌ ഒരു ദിവസം ഒന്നിച്ചിരുന്നു നോക്കാം.

കുട്ടമ്മേനോന്‍,
നന്ദി. ഞാന്‍ രാജീവ്‌ ഗാന്ധിയെ കണ്ടിട്ടുള്ളതായി ഓര്‍മ്മയില്ല.

കൈപ്പള്ളി,
കമന്റു വായിച്ചപ്പോള്‍ കൈപ്പള്ളി ഒരു പോസ്റ്റിനു മല്ലുക്കളെ അപമാനിച്ചു എന്ന് ആരോപണം വന്നത്‌ ഓര്‍ത്തുപോയി. രണ്ടു ചോദ്യം:
1. ഞാന്‍ കൈപ്പള്ളിയുടെ നാടിന്റെ പതാകയെ അപമാനിച്ചതെങ്ങനെയെന്നു പറയൂ.
2. രാജീവ്‌ ഗാന്ധിയെ ആക്ഷേപിക്കാം, പതാകയെ പാടില്ല എന്നു പറയാന്‍ കാരണം എന്ത്‌?

സു,
നന്ദി. :|

ഡാലി പറഞ്ഞ കാലം നന്നായി ഓര്‍മ്മയുണ്ട്‌. ടി.വി. പ്രചരിച്ച്‌, മലയാളം സാറ്റലൈറ്റ്‌ ചാനലുകള്‍ വരുന്നതിനു മുന്‍പുള്ള ആ കാലം കേരളത്തില്‍ ഹിന്ദിയുടെ സുവര്‍ണ്ണകാലമായിരുന്നു. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ നാല്‍പതു കൊല്ലം കൊണ്ടു സാധിക്കാത്തത്‌ പത്തുകൊല്ലം കൊണ്ട്‌ ദൂര്‍ദര്‍ശന്‍ സാധിച്ചു.

പെരിങ്ങോടാ,
മറ്റൊരാളും ഇരുപതു കൊല്ലത്തിനിടയില്‍ വായിക്കാത്ത ഈ കഥ ഒരു ദിവസം കൊണ്ടു പത്തിരുപതു പേരിലെങ്കിലും എത്തിക്കാന്‍ കഴിഞ്ഞതു ബ്ലോഗിന്റെയും ഇന്റര്‍നെറ്റിന്റെയും മഹത്വം തന്നെ.

അബ്ദു, സന്തോഷ്‌, നന്ദി.

നളന്‍, കമന്റു വായിച്ചപ്പോള്‍ ആന്‍ ഫ്രാങ്ക്‌ റിമെംബേഡ്‌ എന്ന സിനിമയുടെ അവസാനം ആന്‍ ഫ്രാങ്കിന്റെ അറിയപ്പെടുന്ന ഒരേയൊരു ചലിക്കുന്ന ചിത്രം ചേര്‍ത്തിട്ടുള്ളത്‌ ഓര്‍മ്മവന്നു. നാത്സി പാര്‍ട്ടിയുടെ ഒരു പ്രകടനം നടക്കുമ്പോള്‍ തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ആവേശത്തോടെ കൈയുയര്‍ത്തി വീശുന്ന ആ കുട്ടി ഹിറ്റ്‌ലറെ ആരാധിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്‌.

Kaippally said...

ഞാന ഇവടത്തെ നല്ല കുട്ടിയല്ല എന്ന് മനസിലായല്ലോ. അതു താങ്കള്‍ ഓര്മിപിച്ചതില്‍ നന്ദി.

താങ്കളുടെ ഇപ്പോഴത്തെ പൌരത്യ്വം എനിക്കറിയില്ല. അറിയണമെന്നുമില്ല.
എന്തായാലും താങ്കള്‍ ത്രിവര്ണ്ണ പതാകയുടെ പടം ഈ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. ഭാരതതിന്റെ ത്രിവര്ണ പതാകയില്‍ കൈപത്തി ഉപയോഗിക്കുന്നത് തന്നെ തെറ്റാണെന്നാണു് എന്റെ അഭിപ്രായം. താങ്കള്‍ അശോകചക്രത്തിന്റെ മുകളില്‍ ഒരു വിമാനവും വരച്ചു. ആശയം എന്തായാലും പതാകയില്‍ തൊട്ടുള്ള കളി വേണോ?

ദയവായി അതു മാറ്റു. വളരെ താഴ്മയായി അപേക്ഷിക്കുന്നു.

Santhosh said...

നളന്‍, “ഡൌണ്‍ഫോള്‍” എന്ന ഒരു ജര്‍മന്‍ സിനിമയുണ്ട്. ഹിറ്റ്ലറെ സ്നേഹിക്കില്ലെങ്കിലും സഹതാപം ജനിപ്പിക്കുന്ന സിനിമയാണ്. അവസരം ക്കിട്ടിയാല്‍ കണ്ടുനോക്കൂ.

രാജേഷ് ആർ. വർമ്മ said...

കൈപ്പള്ളി,

ഒരു ബ്ലോഗില്‍ ചെന്ന്‌ അവിടെ കൊടുത്തിരിക്കുന്ന ഒരു എഴുത്തോ വരയോ എടുത്തുകളയണമെന്നാവശ്യപ്പെടുമ്പോള്‍ അതിനു കാരണം കൂടി പറയേണ്ടതല്ലേ?

ഞാന്‍ അശോകചക്രത്തിനു മുകളില്‍ വിമാനം വരച്ചിരിക്കുകയല്ല. അതെന്റെ വരയ്ക്കാനുള്ള കഴിവുകുറവു കൊണ്ടു തോന്നുന്നതാണ്‌. മൈക്രോസോഫ്റ്റ്‌ പെയിന്റ്‌ എന്ന അത്യാധുനിക സന്നാഹം ഉപയോഗിക്കുന്നതുകൊണ്ടുള്ള പരിമിതികളും ഉണ്ട്‌. ഞാന്‍ വരച്ചിരിക്കുന്നത്‌ കാളവണ്ടിച്ചക്രം പിടിപ്പിച്ച വിമാനമുള്ള ഒരു പതാകയാണ്‌. കുറച്ചുകൂടി വ്യക്തമാക്കിക്കൊണ്ട്‌ തിരുത്തിവരയ്ക്കാന്‍ ശ്രമിക്കാം.

രാഷ്ട്രീയ സംഘടനകളുള്‍പ്പെടെ പലരും (കോണ്‍ഗ്രസ്‌ (ഐ) , തൃണമൂല്‍ കോണ്‍ഗ്രസ്‌ , NCP , DIC(K), INA , ക്രിക്കറ്റ്‌ ആരാധകര്‍ ,

സ്റ്റോക്ക്‌ എക്സ്ചേഞ്ജ്‌
, ഉമ്മന്‍ ചാണ്ടി , സിമുലേഷന്‍ ഗെയ്മുകള്‍ , എയ്‌ഡ്‌സ്‌ ആക്റ്റിവിസ്റ്റുകള്‍ തുടങ്ങി പലരും ) ഈ മൂന്നുനിറങ്ങള്‍ താന്താങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതായി താങ്കള്‍ നിരീക്ഷിച്ചതിനോടു യോജിക്കുന്നു.

ഞാന്‍ താങ്കളെ നല്ല കുട്ടിയായോ ചീത്തക്കുട്ടിയായോ ചാപ്പ കുത്താന്‍ വേണ്ടിയല്ല താങ്കളുടെ മല്ലു പോസ്റ്റിന്റെ കാര്യം പറഞ്ഞത്‌. താങ്കളെക്കുറിച്ചുണ്ടായ ആരോപണങ്ങളില്‍ പ്രതിഷേധിച്ചു ബ്ലോഗിങ്ങ്‌ നിര്‍ത്തിക്കളയാന്‍ പോലും ഒരുങ്ങിയ താങ്കള്‍ക്ക്‌ ഇത്ര ലാഘവത്തോടെ മറ്റൊരാള്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്താന്‍ എങ്ങനെ കഴിയുന്നു എന്നൊന്ന്‌ അദ്ഭുതപ്പെട്ടുപോയി എന്നു മാത്രം.

Anonymous said...

സത്യത്തില്‍ ഇത് ഇഷ്ടപ്പെടണമെങ്കില്‍ ഇഷ്ടപ്പെടാം, മറിച്ചും ആവാം. ഇതു രാജീവ് ഗാന്ധി ആയതിലുള്ള കല്ലുകടിയല്ല.
ഉപരിപ്ലവകരമായ കാര്യങ്ങള്‍ യുക്തിക്കുമേല്‍ ചെലുത്തുന്ന സ്വാധീനം, എല്ലാമൊരു വിധേയമനോഭാവത്തോടു സ്വീകരിക്കുന്ന പ്രവണത, അതാണു കട്ടിച്ചത്.

‘Anne Frank Remembered‘ ഉം ഡൌണ്‍ഫോളും ചൂണ്ടിക്കാട്ടിയതിനു നന്ദി..ശമിക്കാം

Kaippally said...

ഇത്ര ലാഘവത്തോടെ മറ്റൊരാള്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്താന്‍ എങ്ങനെ കഴിയുന്നു എന്നൊന്ന്‌ അദ്ഭുതപ്പെട്ടുപോയി എന്നു മാത്രം.

ആരോപണം. അതായത് acquisition towards you. Not towards you or your written words. But towards your wanton desecration of the Indian National Flag.

താങ്കള്‍ കുത്തിവരച്ച ദേശിയ പതാക കണ്ടപ്പോള്‍ വിഷമം തോന്നി.

താങ്കള്‍ വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു എങ്കിലും ഓര്‍മ്മിപ്പിക്കുന്നു.

പതാകയുടെ ആക്ഷേപ ചിത്രം മാറ്റുന്നില്ലെങ്കില്‍ മാറ്റണ്ട. താങ്കള്‍ കാണിച്ചു തന്ന ആ ഉദാഹരണങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി ചേര്‍ക്കാം.

ഒന്നുകടി പറയുന്നു. താങ്കളെ വ്യക്തിപരമായി ഇവിടെ പരാമര്‍ശിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. താങ്കളുടെ ഒരു ശ്രിഷ്ടിയെ ആണു പരാമര്‍ശിച്ചതു. പിന്നെ എനിക്ക് ഒന്നും മയത്തില്‍ സുഖിപ്പിക്കാന്‍ അറിയില്ല.

താങ്കള്‍ എഴുതിയ ഈ കഥയുടെ അവസാനം മനസിലാകാത്തത് കോണ്ട് ഞാന്‍ വ്യക്തമാക്കാന്‍ അപേക്ഷിച്ച്, താങ്കള്‍ അതിനു് മറുപടി തന്നില്ല.

സാരമില്ല.

Promod P P said...

ഇതിനെ ഒരു കഥ എന്ന രൂപത്തില്‍ മാത്രം കാണാനാണ്‌ എനിക്കിഷ്ടം. കഥയില്‍ വരുന്ന പാത്രങ്ങള്‍ ജീവിച്ചിരുന്ന വ്യക്തികളാവാം,കഥയില്‍ വരുന്ന മുഹൂര്‍ത്തങ്ങള്‍ നടന്ന സംഭവങ്ങളാവാം. പക്ഷെ മുന്‍വിധികള്‍ ഇല്ലാതെ ഒരു കലാസൃഷ്ടിയെ സമീപിക്കുന്ന ഒരു നിഷ്പക്ഷവായനക്കാരന്റെ മനസ്സ്‌ കൊണ്ട്‌ ഇതിനെ വായിച്ചപ്പോള്‍ ഇതൊരു നല്ല കഥയായാണ്‌ എനിക്ക്‌ തോന്നിയത്‌.

കഥ എഴുതിയ ആളിന്റെ മാനസികവ്യാപാരങ്ങളിലേക്ക്‌ ഏത്‌ തരത്തില്‍ ഉള്ള ചിന്തകളും കടന്നുവരാം.. അത്‌ രാജീവ്‌ ഗാന്ധിയെ കുറിച്ചായാലും മേനകഗാന്ധിയെ കുറിച്ചയാലും മറ്റാരെക്കുറിച്ചയാലും കുഴപ്പമില്ല. കഥ വായിച്ച്‌ കഴിയുമ്പോള്‍ വായനക്കരന്റെ മനസ്സില്‍ എന്തെങ്കിലും ബാക്കി നില്‍ക്കുന്നുണ്ടൊ എന്നതാണ്‌ പ്രധാനം.

അങ്ങനെ എന്തൊക്കേയൊ മനസ്സില്‍ ബാക്കി നില്‍ക്കുന്നത്‌ കൊണ്ട്‌,ഇത്‌ ഒരു നല്ല കഥയാണെന്ന് പറയാന്‍ എനിക്ക്‌ ഒരു പേടിയും ഇല്ല..

ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു മാഷേ....
അധികാരം അതിന്റെ അപായങ്ങളെ ആകാശങ്ങള്‍ തോറും പന്തലിപ്പിക്കുന്നതിനെ എതിര്‍ദിശകളില്‍ നിന്ന് നോക്കുന്നതുകൊണ്ട് പ്രത്യേകിച്ചും...

രാജേഷ് ആർ. വർമ്മ said...

????? (നളന്‍?) കഥാപാത്രത്തിന്റെ മര്‍മ്മസ്വഭാവങ്ങളിലൊന്നാണ്‌ ചൂണ്ടിക്കാണിക്കുന്നതെന്നു തോന്നുന്നു. നീണ്ടമൂക്കുള്ളതുകൊണ്ടും ധിക്കാരിയായ മേലുദ്യോഗസ്ഥനെ ഓര്‍മ്മിപ്പിക്കുന്നതുകൊണ്ടും ഒരാളെ വെറുക്കുകയും ദൈവത്തിന്റെ ഛായയുള്ളതുകൊണ്ട്‌ ഒരാളെ സ്നേഹിക്കുകയുമൊക്കെ ചെയ്യുന്ന, യുക്തിക്കു മാത്രം വഴങ്ങി ജീവിക്കാത്ത ഒരാള്‍ ഒരളവുവരെ നമ്മിലെല്ലാമില്ലേ?

ഓര്‍വെലിന്റെ 1984ന്റെ മലയാളതര്‍ജ്ജമ വായിച്ച്‌ ഏറെക്കഴിയുന്നതിനു മുമ്പാണ്‌ ഈ കഥ എഴുതിയത്‌. ഈ കഥ വായിക്കുന്നവരെല്ലാം 1984 വായിച്ചിട്ടുണ്ടാവുമെന്നും എല്ലാവര്‍ക്കും അതിലെ വിശദാംശങ്ങള്‍ ഓര്‍മ്മയുണ്ടാവുമെന്നുമുള്ള ധാരണയുണ്ടായിരുന്നിരിക്കാം അന്നെനിക്ക്‌. ഈ കഥയിലെ അവസാനവാചകം 1984ലെ അവസാനവാചകത്തിന്‌ ഒരു ആദരാഞ്ജലിയായിരുന്നു.

തഥാഗതന്‍, ലാപുട, നന്ദി.

രാജേഷ് ആർ. വർമ്മ said...

ഒരാശയത്തിനു വ്യക്തതയില്ലാതെ വരുമ്പോഴാണ്‌ അതു വിവാദത്തിനിടയാക്കുന്നതെന്ന അര്‍ത്ഥത്തില്‍ എം. പി. നാരായണപിള്ള എന്തോ പറഞ്ഞതായി ഓര്‍ക്കുന്നു. ഒരു കഥയിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥ ചിത്രീകരിക്കാനുള്ള ശ്രമത്തില്‍ വരച്ച 'കാളവണ്ടിച്ചക്രം പിടിപ്പിച്ച വിമാനം അടയാളപ്പെടുത്തിയ ത്രിവര്‍ണ്ണപതാക' എന്ന ആശയം എന്റെ ചിത്രരചനാശേഷിയുടെ പരിമിതികള്‍ കൊണ്ട്‌ 'ദേശീയപതാകയുടെ മുകളില്‍ വിമാനം വരച്ചുചേര്‍ത്തത്‌' എന്നാണ്‌ ഒരു കാഴ്ചക്കാരനെനിലെങ്കിലും എത്തിയത്‌. മുമ്പു പറഞ്ഞിരുന്നതുപോലെ കുറച്ചു സമയം കിട്ടിയപ്പോള്‍ തിരുത്തി വരയ്ക്കാന്‍ ശ്രമിച്ചു. ശരിയാകുന്നില്ല. ചക്രം മുഴുവനോടെ മായ്ച്ചു കളഞ്ഞു വിമാനം മാത്രം ഇട്ടു. ചെറിയ വലിപ്പത്തില്‍ പടം അപ്‌ലോഡ്‌ ചെയ്യാന്‍ ബ്ലോഗര്‍ സമ്മതിക്കുന്നില്ല. അപ്പോള്‍പ്പിന്നെ കുറച്ചു വലിപ്പത്തില്‍ത്തന്നെ ഇട്ടു. ശുഭം!

ബിന്ദു said...

വളരെ നന്നായി എഴുതിയ ഒരു നല്ല കഥ.:)

രാജേഷ് ആർ. വർമ്മ said...

ബിന്ദു, നന്ദി.

Anonymous said...

എങ്ങിനെ മനുഷ്യന്മാര്‍ക്ക് ദേഷ്യം വരാണ്ടിരിക്കും? അവരെ കുറ്റം പറയാന്‍ ഒക്കുവോ?

ഓട്ടോറിക്ഷാ വരച്ചിട്ട് അത് പ്ലെയിന്‍ ആണെന്ന് പറഞ്ഞാല്‍? ഹിഹി.എനിക്ക് ചിരിക്കാന്‍ വയ്യായ്യേ!. അമ്മയാണേ,ഇനി മോനെക്കൊണ്ടേ പടം വരപ്പിക്കാവൂ.പ്ലീസ്. കഥ എഴുതിക്കോ,
പക്ഷെ പടം..പ്ലീസ്. ക്രമസമാധാനനില തന്നെ തകരാറിലാവണ കാണുമ്പൊ...:) (തമാശിക്കാന്‍ നോക്കണതാണേ) :-) :)

ഈ കഥ വായിച്ചിട്ട് പണ്ടൊക്കെ മനോരമേലേ സണ്ടേ സപ്ലിമെന്റ് വായിക്കണ സുഖം.

രാജേഷ് ആർ. വർമ്മ said...

ഇഞ്ചീ, വിമര്‍ശിക്കാനൊക്കെ ആരോഗ്യമായി, അല്ലേ? എന്തു ചെയ്യാം, വലിയ എഴുത്തുകാര്‍ കുറച്ചു വലിയ ചിത്രകാരന്മാരുമായിപ്പോകുന്നു.

രാജേഷ് ആർ. വർമ്മ said...

നന്ദി, ഉണ്ണി! ഓര്‍മ്മകളുണ്ടായിരിക്കട്ടെ.

പാച്ചു said...

ഗാര്‍ഡ്‌-ഓഫ്‌-ഓണര്‍ സ്വീകരിച്ച സമയത്ത്‌ ശ്രീലങ്കന്‍ പട്ടാളക്കാരന്റെ അടി കിട്ടി.
പിന്നീട്‌,മരിച്ചതോ,ശ്രീലങ്കക്കാരുടെ ശത്രുവായ തമിഴ്‌ പുലികളുടെ ബോംബേറ്റ്‌.!!

ഇങ്ങനെ രണ്ടിടത്തു നിന്നും അടി കിട്ടാനും മാത്രം ഉജ്ജ്വലമാണ്‌ നമ്മുടെ നയതന്ത്രം..?!

പാവം...അങ്ങേരിതറിഞ്ഞാണോ, അതോ നട്വര്‍ സിംഗ്‌ അവര്‍കളുടെ ഉപദേശത്തില്‍ വീണതൊ.?

എന്തായാലും അതിന്റെ ഉള്‍ക്കളികള്‍ പറഞ്ഞു തന്നതിനു നന്ദി.

രാജേഷ് ആർ. വർമ്മ said...

പാച്ചു,

ഉള്‍ക്കളികളൊന്നുമറിയാത്ത ഒരുത്തന്റെ നന്ദി. :-)

ഉണ്ണി,

ചാക്കാല ഉചിതമായി. കാപ്പിയോ കാശോ തരാന്‍ നിവൃത്തിയില്ലാത്തതില്‍ ഖേദിക്കുന്നു.