വചോ വിഭൂതിര്‍ ന തു പാരമാര്‍ത്ഥ്യം (ഈ കഥകളെല്ലാം ഉണ്ടാക്കിപ്പറഞ്ഞതാണ്, വാസ്തവമല്ല) - ശ്രീമഹാഭാഗവതം
Saturday, September 02, 2006
അയാള്‍ വീണ്ടും കടന്നുവരുന്നു
നോക്കൂ.
ഞാന്‍ ഉച്ചയ്ക്കു കോളജ് ഡൈനിങ്ങ് റൂമിലിരിയ്ക്കുകയാണ്. എനിക്കുചുറ്റും ചോറുപൊതി ഭരിയ്ക്കുന്ന ജീവികള്‍. ഒരേ ഗന്ധം പുറപ്പെടുവിച്ചുകൊണ്ട്, ഒന്നുപോലെ തോന്നിയ്ക്കുന്ന ചലനങ്ങള്‍ പുലര്‍ത്തിക്കൊണ്ട് ആ ജീവികള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ഞാനും അക്കൂട്ടത്തിലൊരുവന്‍ മാത്രം, അങ്ങനെയല്ല ഞാന്‍ വിചാരിക്കുന്നതെങ്കിലും.
പുറത്ത് പൈപ്പുകള്ക്കരികിലെ തിരക്കില്‍നിന്ന് ഒരു കിറ്റ്ബാഗ് ഡൈനിങ്ങ് ഹാളിന്റെ കതകു പൂര്‍ണ്ണമായും തുറന്നു കയറിവരുന്നു. അയാളാണത്. അയാളെക്കുറിച്ചാണു ഞാന്‍ നിങ്ങളോടുപറയുന്നത്. ഞാന്‍ അയാളെപ്പോലെയാണെന്ന് സ്വയം ചിന്തിയ്ക്കുന്നു. അങ്ങനെയല്ലെന്ന് നിങ്ങള്‍ പറയണമെന്ന് ഞാനാഗ്രഹിക്കുന്നു.
കറുത്തുമെലിഞ്ഞ ശരീരവും മടക്കിക്കുത്തിയ മുണ്ടും ആയാസകരമാംവണ്ണം നീണ്ട കൈകാലുകളുമുള്ള ഒരു വിദ്യാര്‍ത്ഥി.
അരുതെന്നു കരുതിയിട്ടും എന്റെ കണ്ണുകള്‍ അയാളെ പിന്തുടര്ന്നുചെല്ലുന്നു. മടക്കിക്കുത്തഴിച്ചിട്ട് ബാഗില്‍നിന്നു ചോറുപാത്രം പുറത്തെടുത്ത് ഞാന്‍ മുഖം തിരിക്കുന്നു. എന്റെ ചോറുപൊതിയുടെ കടലാസില്‍ പാവനസ്മരണയ്ക്കുവേണ്ടി ഉയിര്ത്തെഴുനേറ്റവര് ചതുരക്കളങ്ങളില്നിന്ന് ഉദാസീനമായി എന്നെ നോക്കിക്കൊണ്ടിരിക്കുന്നു. എന്റെ കണ്ണുകള്‍ വീണ്ടും അയാളെത്തേടിപ്പോവുന്നു. വായ ഒരു പ്രത്യേകതാളത്തില്‍ തുറന്നടച്ച് ചവയ്ക്കുകയാണയാള്. കവിളിന്റെ പ്രാഥമികഘടനയില്നിന്നു പുറത്തേക്കു കാണുന്ന മുഴകള്‍ ഭക്ഷണത്തിലെ വിഭവങ്ങളെ സൂചിപ്പിക്കുന്നു. അയാളുടെ കൃഷ്ണമണികള്‍ കാഴ്ചക്കാരെ അസ്വസ്ഥനാക്കുകയും സ്വയം സംതൃപ്തനാകുകയും ചെയ്യുന്ന ഒരു സൈക്കിളിസ്റ്റായി സഞ്ചരിക്കുന്നു. എനിക്ക് ഉണ്ണാന്‍ കഴിയുന്നില്ല. ഇപ്പോള്‍, അവ ഒരു പെന്‍ഡുലത്തിന്റെ കൃത്യനിഷ്ഠയോടെ ചലിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ പൊതിച്ചോറില്‍ ശ്രദ്ധചെലുത്താന്‍ ശ്രമിക്കുന്നു. അയാളുടെ കറുത്ത കൈമുട്ടുകള്‍ മടങ്ങി ഉയര്ന്നുനില്ക്കുന്നു. അയാളുടെ നീണ്ട കൈവിരലുകള്‍ തലമുടിയിലൂടെ കയറിയിറങ്ങുന്നു. ഒടുക്കം, ഒരു സമഭുജത്രികോണം സൃഷ്ടിച്ചുകൊണ്ട്, അയാള്‍ പലപ്പോഴും ചെയ്യാറുള്ളതുപോലെ ശിരസ്സു ചലിപ്പിക്കുന്നു. ഞാന്‍ അടച്ചുപിടിച്ച നിറഞ്ഞ വായയുമായി എഴുനേല്ക്കുന്നു. അവശേഷിക്കുന്ന, പകുതിയിലധികം ചോറ് വാഴയിലയോടും കടലാസിനോടുമൊപ്പം ചുരുട്ടിക്കൂട്ടിക്കൊണ്ട് ഞാന്‍ ജനലിനരികില്‍ നില്ക്കുന്നു. എന്റെ വായിലെ ചോറ് പുറത്ത്, ചുരുട്ടിക്കൂട്ടിയ ഇലകള്‍ക്കും കടലാസുകള്‍ക്കുമിടയില്‍ ചിതറിവീഴുന്നു. ഞാന്‍ വീണ്ടും വീണ്ടും കാര്‍ക്കിച്ചുതുപ്പുന്നു. അയാളുടെ ചലനങ്ങളെല്ലാം എന്റേതുതന്നെയാണെന്നാണു ഞാന്‍ വിചാരിക്കുന്നത്.
ഞാനൊഴികെ മറ്റെല്ലാവരും മാരകമാംവിധം നിഷ്ക്രിയരാണെന്നു ഞാന്‍ കരുതുന്ന ഉച്ചസമയങ്ങളുണ്ട്. ഉച്ചകഴിഞ്ഞു പരീക്ഷയുള്ള അത്തരം ദിവസങ്ങളിലൊന്നില്‍ മരത്തണലിലിരിക്കുന്ന മറ്റുള്ളവരില്‍ നിന്ന് ഒറ്റതിരിഞ്ഞ് പാഠപുസ്തകത്തെ ബലാത്സംഗം ചെയ്യാന്‍ ആളൊഴിഞ്ഞ ഒരു ക്ലാസ്റൂമന്വേഷിച്ചു നടക്കുന്ന ഞാന്‍ താരതമ്യേന ഒഴിഞ്ഞ ഒരു മുറി കാണുന്നു. മുന്ബെഞ്ചിലിരുന്ന്, മുന്നോട്ടു കുനിഞ്ഞിരുന്നു തമാശപറയുന്ന ഒരു ചെറിയകൂട്ടത്തെക്കടന്ന് ഒഴിഞ്ഞുകിടക്കുന്ന പിന്‍ബെഞ്ചിലിരുന്ന് പുസ്തകമെടുക്കുമ്പോഴാണ് അക്കൂട്ടത്തില്‍ നിന്നു മാറിയിരിക്കുന്ന ഒരു കിറ്റ്ബാഗും അതിന്റെ ഉടമസ്ഥനും എന്റെ കണ്ണില്‍ പെടുന്നത്. 'സീ-സോ'യുടെ കാലുകള്‍ പോലെ തലയ്ക്കു താങ്ങും ചെവികള്‍ക്കു കതകുകളുമായി വര്‍ത്തിക്കുന്ന കൈകള്‍ക്കു നടുവില്‍ മലര്‍ത്തിവെച്ചിരിക്കുന്ന പുസ്തകത്തിനുള്ളിലേക്കു ക്രൂരമായി തുറിച്ചിരിക്കുന്ന കണ്ണുകള്‍. ഞാന്‍ പുസ്തകം ബാഗിനുള്ളിലേക്കു തിരുകി മുന്‍ബെഞ്ചിലുള്ളവര്‍ പറയുന്നതു കേള്‍ക്കാവുന്നിടത്തോളം മുമ്പോട്ടു നീങ്ങി ഡെസ്കില്‍ കമിഴ്ന്നു കിടക്കുന്നു.
കോളജ് ലൈബ്രറിയില്‍ ആളൊഴിയുന്ന സമയങ്ങളില്‍ ആ മിനുങ്ങുന്ന കൈവരികളില്‍ പിടിച്ചുകൊണ്ട് ഞാന്‍ പടികള്‍ കയറുമ്പോള്‍ കയ്യില്‍ ഒരു ബുക്കുമാത്രം പിടിച്ച്, മുണ്ടു മടക്കിക്കുത്തിയ ആരെങ്കിലും എന്റെ മുന്പില് ഉണ്ടാകാറുണ്ട്. ഏതെങ്കിലും വളവുതിരിയുമ്പോള്‍ 'കീപ് ലെഫ്റ്റ്' എന്ന ബോര്‍ഡ് ഭിത്തിയില്‍ കാണുകയും മുമ്പില്‍, പടികളുടെ വലതുവശത്തുകൂടി നടക്കുന്നയാള് യാന്ത്രികമായി കൈവരികളോടുചേര്ന്ന് ഇടതുവശത്തുകൂടി പടികള്‍ കയറാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ അതയാളാണെന്ന് എനിക്കുറപ്പാവുന്നു. ഞാന്‍ തിരിഞ്ഞു പടികളിറങ്ങാന്‍ തുടങ്ങുന്നു.
ഞാന്‍ അയാളെപ്പോലെയല്ലെന്ന് ആരും എന്നോടു പറഞ്ഞിട്ടില്ല. അതുകൊണ്ട്, ഇറക്കം കുറഞ്ഞ ഷര്‍ട്ടിന്റെ കൈകളുടെ വൈകല്യത്തിനുമേലേക്ക് അയാള്‍ അവയെ വലിച്ചുതാഴ്ത്തുമ്പോള് ഞാനും അങ്ങിനെ ചെയ്യാറുണ്ടെന്നു വിശ്വസിക്കുക മാത്രമാണു ഞാന്‍ ചെയ്യുക.
ബസ്സ്റ്റാന്‍ഡില്‍, അനാകര്ഷകമാംവിധം ശിഥിലമെന്നു ഞാന്‍ കരുതുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നു കുറച്ചകന്നു നില്ക്കുമ്പോള് അതിസുന്ദരിയെന്ന് അവര്‍ വിശേഷിപ്പിക്കുന്ന ഒരു പെണ്‍കുട്ടി കടന്നുപോവുകയും അവര്‍ നിശ്ശബ്ദരായിത്തീരുകയും ചെയ്യുന്നു. ഞാന്‍ വ്യക്തിത്വം നിലനിര്‍ത്താനുള്ള ത്വരയോടെ അവളില്‍നിന്നു മുഖം തിരിക്കുകയും മതിലിനോടു ചേര്‍ന്നുനില്‍ക്കുന്ന അയാളെ കാണുകയും ചെയ്യുന്നു. മതിലിനു പുറത്ത്, വഴിയുടെ മറുവശത്തെ തുണിക്കടയില്‍ നിരന്നുനില്ക്കുന്ന സുന്ദരികളുടെ പ്രതിമകളെ നോക്കിനില്ക്കുന്ന അയാളെക്കണ്ട് ഞാന്‍ എന്തുകൊണ്ടോ നടുങ്ങുന്നു.
നോക്കൂ.
ഞാന്‍ കോളജ് ഓഡിറ്റോറിയത്തിലെ ഗ്രീന്റൂമിലാണ്. പ്രസംഗമത്സരം തുടങ്ങിക്കഴിഞ്ഞു. ഞാന്‍ പദ്യപാരായണത്തിനുള്ള എന്റെ പദ്യത്തിന്റെ പടികളിക്കൂടി വീണ്ടും കയറിയിറങ്ങിനോക്കുന്നു. അപ്പോഴാണ് ഞാനയാളെ കാണുന്നത് - സ്റ്റേജില്‍ നില്ക്കുന്ന അയാള്‍. മൈക്കിന്റെ ഉയരം തനിയ്ക്കനുയോജ്യമാക്കാന് ശ്രമിച്ചു പരാജയപ്പെട്ട് സദസ്സിനുമുമ്പില്‍, മുഖത്തു വിളറിയ ചായം പടര്‍ന്ന വേഷമായി അയാള്‍ സ്റ്റേജില്‍ നില്ക്കുന്നു. ഞാന്‍ എന്റെ ജനാലയ്ക്കുപുറത്തുള്ള തേക്കുമരങ്ങളിലേക്കു മുഖം തിരിച്ച് എന്റെ വരികളിലേക്കു മടങ്ങിവരാന്‍ ശ്രമിക്കുന്നു. അയാള്‍ സംസാരിക്കാനാരംഭിക്കുമ്പോള്‍ ഞാന്‍ നിശ്ശബ്ദനായിപ്പോകുന്നു. അയാള്‍ ചെറുതായി വിറയ്ക്കുന്ന കൈകള്‍കൊണ്ട് മേശയില്‍ പിടിക്കാന്‍ ശ്രമിക്കുകയും പിന്നെ വേണ്ടെന്നുവെയ്ക്കുകയും ചെയ്യുന്നു. സദസ്സിലെ ഓരോ പ്രതികരണത്തിലും ആവശ്യത്തിലധികം ശ്രദ്ധചെലുത്തുന്നു. 'ഗോഡ്സെ' എന്നതിനു പകരം 'ഗോയ്ഥെ' എന്നു പറഞ്ഞ് അടുത്തവാചകത്തിലൂടെ സ്വയം ബാലന്‍സു ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ നടന്നുപോകുമ്പോള്‍ ഞാന്‍ എനിക്കു ചൊല്ലാനുള്ള വരികള്‍ മറക്കുന്നു. അയാളുടെ ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും അനാകര്‍ഷകമായ വ്യക്തിത്വം എന്റേതുമാണെന്നു വീണ്ടും വീണ്ടും തിരിച്ചറിയുമ്പോള്‍ അയാളെ വിരമിപ്പിക്കുന്ന കയ്യടിയൊച്ച മുഴങ്ങുന്നു.
പിന്നെയുമൊരിക്കല്‍, അതേ ഗ്രീന്‍ റൂം ജനാലയ്ക്കരികില്‍ അതേ തേക്കുമരങ്ങളെ നോക്കി, സ്റ്റേജില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിന്ന് എനിക്കു വെട്ടിമാറ്റാനുള്ള സുവര്ണ്ണശിരസ്സുകള്ക്കുവേണ്ടി കാതോര്‍ത്ത് ഞാന്‍ നില്ക്കുമ്പോള് അയാള്‍ വീണ്ടും സംസാരിക്കാനാരംഭിക്കുന്നു. ഞാന്‍ പറയാനാഗ്രഹിച്ചിരുന്ന ആകര്‍ഷകങ്ങളായ വാക്യങ്ങള്‍ക്ക് ഒപ്പം നില്ക്കാന് കരുത്തുള്ള വാക്യശില്പങ്ങളെ അയാള്‍ അടിച്ചുവളയ്ക്കുകയും ഒടിക്കുകയും ചെയ്തു വികൃതമാക്കുന്നു. ഞാന്‍ നടുങ്ങുന്നു. "...എന്ന വസ്തുത രസകരമാണെന്നു പറഞ്ഞ് കൃത്രിമമായി ചിരിക്കാന്‍ ശ്രമിക്കുന്ന അയാളെ ലൗഡ്സ്പീക്കറുകള്‍ വെളിപ്പെടുത്തുന്നു. ഞാന്‍ ഗ്രീന്‍ റൂമിന്റെ വാതില്‍ തുറന്ന് മഞ്ഞച്ചുകിടക്കുന്ന ഉച്ചമയക്കത്തിന്റെ വന്ധ്യതയിലേക്കിറങ്ങുന്നു.
ഞാന്‍ ചെന്നെത്താനാഗ്രഹിക്കുന്നിടത്തെല്ലാം എനിക്കുമുമ്പു ചെന്നെത്തി ഞാന്‍ ചെയ്യാനാഗ്രഹിച്ചിരുന്ന പ്രവൃത്തികളുടെയെല്ലാം വൈരൂപ്യം വെളിപ്പെടുത്തി എന്നെ അസ്വസ്ഥനാക്കുക മാത്രമാണ് അയാളുടെ ജോലി. കോളജിനു മുമ്പില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിനപ്പുറത്ത്, മരത്തണലിലുള്ള സിമന്റുബെഞ്ചുകളിലൊന്നില് ഒരു പോക്കറ്റ് റേഡിയോ ചെവിയോടു ചേര്‍ത്തിരിക്കുന്ന ജീന്സുകാരനെക്കണ്ട് അയാളുടെയടുത്തേക്കു ഞാന്‍ നടക്കുമ്പോള്‍ തോളിനുമുകളിലൂടെക്കിടന്നാടുന്ന കിറ്റ്ബാഗും മടക്കിക്കുത്തിയ മുണ്ടുമായി ഒരാള്‍ പടികള്‍ കയറി വരികയും 'സ്കോറെത്രയായി?' എന്നു ചോദിക്കുകയും ചെയ്യുന്നു.
ഇയാള്‍ എന്റെ ഞരമ്പുകളെ ബാധിച്ചിരിക്കുകയാണ്. ചാപ്പലിലേക്കു കയറുമ്പോഴോ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തെരയുമ്പോഴോ ഏതെങ്കിലും ഒരു സ്വകാര്യചിന്തയുമായി മൈതാനത്തിന്റെ കോണില്‍ ഒരു മരച്ചുവട്ടില്‍ തനിച്ചിരിക്കാനായി പോകുമ്പോഴോ ഞാനയാളെ കാണുകയും ആ ദിവസം ദുരിതപൂര്‍ണ്ണമായിത്തീരുകയും ചെയ്യുന്നു. എപ്പോഴെങ്കിലും പഠിച്ചുകൊണ്ടിരുന്ന സ്ഥലത്തുനിന്നെഴുനേറ്റ് അല്പമെങ്കിലും ആത്മസംതൃപ്തിയോടെ പുറത്തേക്കു നടക്കുമ്പോള്‍ അയാള്‍ നടന്നുപോവുന്നതു ഞാന്‍ ചിന്തിക്കുന്നു. അനാകര്‍ഷകങ്ങളായ ഡിസൈനുകളുള്ള കയ്യിറക്കമില്ലാത്ത ഷര്‍ട്ടും തോളില്‍ക്കൂടി പിറകിലേക്കു കിടക്കുന്ന കിറ്റ്ബാഗും മടക്കിക്കുത്തിയ മുണ്ടും ഇടതൂര്‍ന്ന കൂട്ടുപുരികവും അസ്വസ്ഥത ജനിപ്പിക്കുന്ന കണ്ണുകളും ധരിച്ചിരിക്കുന്ന അയാള്‍ എന്നെ വേട്ടയാടുകയാണ്. എനിക്കു സഹിക്കാവുന്നതിനുമപ്പുറമാണിത്. കാടുപിടിച്ചുകിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനിലോ സയന്‍സ് ബ്ലോക്കിന്റെ ടവറിനുമുകളിലെ പൊടിയടിഞ്ഞുകിടക്കുന്ന ഏകാന്തതയിലോ രാവിലെ മരവിച്ചുകിടക്കുന്ന ബാസ്കറ്റ്ബോള്‍ കോര്ട്ടുകളിലൊന്നിലോ ഇരുണ്ട നിറവും ആയാസകരമാം വിധം നീണ്ട കൈകാലുകളുമുള്ള ഒരാള്‍ കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടാല്‍ എന്നോട് ആരും അതെക്കുറിച്ചു പറയരുത്. എന്നോട് അതാരാണു ചെയ്തതെന്നൂഹിക്കാനാവശ്യപ്പെടരുത്. എന്നെ ആരും കുറ്റപ്പെടുത്തരുത്.
(1985)
<< എന്റെ മറ്റു കഥകള്‍
Subscribe to:
Post Comments (Atom)
11 comments:
ഷ്ടപ്പെട്ടൂട്ടാ
കടമ്മനിട്ടയുടെ ഒരു
കവിതയുണ്ട്
പൂച്ച
എവിടെയും അതുണ്ട്
പണ്ടൊരു പാവം പാവം രാജകുമാരനെ സൃഷ്ടിച്ച ക്ഷത്രിയ കരങ്ങളല്ലേ!!!!
ഗംഭീരം....
കഥയെഴുതി മന്ത്രവാദം ചെയ്യുന്നു. ഒരു വല്ലാത്ത ശൈലി തന്നെ. നന്നായിരിക്കുന്നു.
നല്ല ഭാഷ. ഗംഭീരം.
പ്രത്യേകതയുള്ള രീതി.ഇഷ്ടപ്പെട്ടു.
ഫസ്റ്റ് പേഴ്സനിലുള്ള പ്രയോഗങ്ങള്‍ നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട്. വ്യത്യസ്തമായ ശൈലി അസ്സലായി
രാജേഷ്, തന്നെക്കുറിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അപരനായി കാണുന്നു. എന്നാല്‍ ഞാന്‍ പറയാം രാജേഷ് വര്‍മ്മ അയാളെപ്പോലെയെ അല്ല.
നല്ല കഥകള്‍ക്കായി കാത്തിരിക്കുന്നു.
രാജേഷ്, എല്ലാ കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഇതൊരു വരമാണ്. നിങ്ങളുടെ കൈവെള്ളയിലുള്ളത് ദൈവത്തിന്റെ കൈയ്യൊപ്പ് തന്നെയാണു്...
തനിക്കിഷ്ടമല്ലാത്ത തന്റെ ചെയ്തികളെ എത്ര മനോഹരമായാണ് താങ്കള്‍ വര്‍ണ്ണിച്ചിരിക്കുന്നത്.മനസ്സിരുത്തി വായിക്കേണ്ടി വന്ന ഒരു കഥ.
സുരേഷ്, കുലിയാന്ഡര്, സങ്കുചിതന്, പെരിങ്ങോടന്, കുട്ടന് മേനോന്, ദില്ബാസുരന്, വെട്ടം, റീനി, കുടിയന്, അമ്മായി,
എല്ലാവരുടെയും നല്ലവാക്കുകള്‍ക്കു ഇരുപത്തൊന്നു വര്‍ഷം മുമ്പത്തെ ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ പേരില്‍ നന്ദി.
ഈ കഥ വര്ണ്ണലയത്തില് പ്രസിദ്ധീകരിച്ചപ്പോള്‍ കഥാകൃത്തായ വി. എസ്. അനില്‍ കുമാര്‍ വായനക്കാരുടെ കത്തുകളിലെഴുതിയതും കവി ഡി. വിനയചന്ദ്രന് ഒരു സുഹൃത്തിനോടു പറഞ്ഞതായറിഞ്ഞതുമായ അഭിപ്രായങ്ങള്‍ വളരെ പ്രോത്സാഹനജനകമായിരുന്നു എന്ന് ഓര്‍മ്മിക്കുന്നു.
സങ്കുചിതാ,
കമെന്റില്‍ എന്തോ ഒരു പന്തികേടുണ്ടല്ലോ. മറനീക്കി പുറത്തുവരൂ.
ഹാവൂ!! ആശ്വാസമായി...ഞാന്‍ കരുതി ഇങ്ങിനെ എഴുതണത് വട്ടിന്റെ ലക്ഷമാണെന്ന് അതോണ്ട് പേടിച്ചിട്ട് എപ്പോഴെ നിര്‍ത്തി :-). അപ്പളും രാജേഷേട്ടനും അന്ന് ഇച്ചിരെ നൊസ്സുണ്ടായിരുന്നല്ലെ? :-) വെറുതെ പറയണതാട്ടൊ...ഡേറ്റ് നോക്കാണ്ട് തന്നെ ട്ടീനാജേര് ആയിരുന്നു ഇതെഴുതിയപ്പോന്ന് ഞാന്‍ കണ്ട് പിടിച്ചു. നമുക്ക് രണ്ടാള്‍ക്കും കുറച്ചൊക്കെ കാര്യങ്ങളില്‍ സേം പിഞ്ച് ആണ് കേട്ടൊ.. ഇതുപോലെ എന്നെ പിന്തുടര്‍ന്ന ഒരു പെണ്ണിന്റെ പേരു...പക്ഷെ മാലിനി എന്നായിരുന്നു...:-) എനിക്ക് അന്നേറ്റവും ഇഷ്ടപെട്ട പേരും ഞാന്‍ ഇട്ടിരുന്നു ഈ ഔട്ട് ഓഫ് ബോഡി എക്പീരിയന്സിനു :-)..ഹിഹിഹി
എനിക്കൊന്നറിയണം..ഇന്ന് ഇങ്ങിനെ എഴുതുമോ? ഈയടുത്ത് എന്നു വെച്ചാല്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ എഴുതിയ ഏതെങ്കിലും കഥ ഒന്ന് പ്രസിദ്ധികരിക്കമോ, പ്ലീസ്? എനിക്കൊന്ന് ആ എഴുത്തിന്റെ വിത്യാസം കാണാനാ..
Post a Comment