Wednesday, April 22, 2009

സാമ്പത്തികത്തകര്‍ച്ചയുടെ സാദ്ധ്യതകള്‍



ഒരു പഴങ്കഥയാണ്‌. ചരിത്രം ഓഹരിവിപണിപോലെ മുമ്പോട്ടു മാത്രമാണു സഞ്ചരിക്കുന്നതെന്നു വിശ്വസിക്കുന്നവര്‍ക്കും, അല്ല വട്ടത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നവര്‍ക്കും, അതുമല്ല നിന്ന നില്‌പില്‍ ആടുകമാത്രമാണെന്നു ശങ്കിക്കുന്നവര്‍ക്കുമെല്ലാം ഇതു വായിച്ചു രസിക്കാവുന്നതാണ്‌.

വില്യം ഷൈറര്‍ എഴുതിയ "മൂന്നാം സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും പതനവും" എന്ന പുസ്തകത്തില്‍നിന്ന് ഒരു ഭാഗം:


1929 അവസാനം ഒരു കാട്ടുതീപോലെ ലോകമെമ്പാടും പരന്ന സാമ്പത്തിത്തകര്‍ച്ച അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ക്കു മുമ്പില്‍ ചില സാധ്യതകള്‍ കാഴ്ചവെച്ചു, അദ്ദേഹം അതിനെ പരമാവധി ചൂഷണം ചെയ്യുകയും ചെയ്തു. മിക്ക വിപ്ലവകാരികളെയുംപോലെ ആസുരകാലത്തു മാത്രമേ ഹിറ്റ്‌ലര്‍ക്കും തഴയ്ക്കാന്‍ കഴിയുമായിരുന്നുള്ളൂ - ആദ്യം, ജനത തൊഴിലില്ലായ്മയും വിശപ്പും നിരാശയുംകൊണ്ട്‌ ഉഴലുമ്പോഴും പിന്നീട്‌ യുദ്ധത്തിന്റെ ലഹരിയില്‍ മുങ്ങിക്കഴിയുമ്പോഴും. പക്ഷേ, ചരിത്രത്തിലെ മറ്റു വിപ്ലവകാരികളില്‍ നിന്ന് ഒരു കാര്യത്തില്‍ അദ്ദേഹം വ്യത്യസ്തനായിരുന്നു: അധികാരം പിടിച്ചടക്കിയതിനു ശേഷം വിപ്ലവം കൊണ്ടുവരാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. രാഷ്ട്രത്തിന്റെ നിയന്ത്രണം നേടുന്നതിനായി വിപ്ലവമുണ്ടാക്കാന്‍ അദ്ദേഹം പരിപാടിയിട്ടില്ല. ജനസമ്മതിയോ ഭരണകൂടത്തിന്റെ സമ്മതമോ - ചുരുക്കിപ്പറഞ്ഞാല്‍ ഭരണഘടനാവിധേയമായ മാര്‍ഗ്ഗങ്ങള്‍ - ഉപയോഗിച്ച്‌ അതു നേടാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി.

1929 ഒക്ടോബര്‍ 24-ന്‌ വോള്‍ സ്ട്രീറ്റിലെ ഓഹരിവിപണി തകര്‍ന്നു. അതിന്റെ ദുരന്തഫലങ്ങള്‍ ജെര്‍മ്മനിയില്‍ വൈകാതെ അനുഭവപ്പെടാന്‍ തുടങ്ങി. ജെര്‍മ്മന്‍ അഭിവൃദ്ധിയുടെ ആധാരശില വിദേശത്തുനിന്ന്, വിശേഷിച്ച്‌ അമേരിക്കയില്‍ നിന്നുള്ള വായ്പകളും ആഗോളവാണിജ്യവും ആയിരുന്നു. വായ്പകളുടെ ഒഴുക്കുനിലക്കുകയും പഴയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കാലമാവുകയും ചെയ്തതോടെ ജെര്‍മ്മന്‍ ധനകാര്യവ്യവസ്ഥയ്ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായി. സാമ്പത്തികത്തകര്‍ച്ചയെത്തുടര്‍ന്ന് അന്താരാഷ്ട്രവാണിജ്യവും കൂടി ഇടിഞ്ഞതോടെ അത്യാവശ്യ അസംസ്കൃതവിഭവങ്ങളും ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യാനാവശ്യമായ കയറ്റുമതി പോലും നടത്താന്‍ ജെര്‍മ്മനിയ്ക്കു കഴിയില്ലെന്ന അവസ്ഥയായി. കയറ്റുമതിയിലെ തകര്‍ച്ചയെത്തുടര്‍ന്ന് വ്യവസായസ്ഥാപനങ്ങള്‍ ഓടാതെയായി. 1929-1932 കാലയളവില്‍ വ്യാവസായിക ഉല്‍പാദനം പകുതിയായി ചുരുങ്ങി. ദശലക്ഷങ്ങള്‍ക്കു തൊഴില്‍ നഷ്ടമായി. ആയിരക്കണക്കിനു ചെറുകിടസംരംഭങ്ങള്‍ പൊളിഞ്ഞു. 1931 മെയ്‌ മാസത്തില്‍ ഓസ്ട്രിയയിലെ ഏറ്റവും വലിയ ബാങ്കും, തുടര്‍ന്ന് ജൂലൈ 13-ന്‌ ജെര്‍മ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നും തകര്‍ന്നു. ബെര്‍ലിനിലെ സര്‍ക്കാര്‍ എല്ലാ ബാങ്കുകളും താത്കാലികമായി അടച്ചുപൂടാന്‍ നിര്‍ബന്ധിതരായി. ജൂലൈ 6-ന്‌ അമേരിക്കന്‍ പ്രെസിഡന്റ്‌ ഹൂവറുടെ നേതൃത്വത്തില്‍ ജെര്‍മ്മനിയുള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും യുദ്ധകാല നഷ്ടപരിഹാരഗഡുക്കളടയ്ക്കുന്നതിനു നല്‍കിയ താത്കാലികമായ സമാശ്വാസത്തിനു പോലും ഈ കുത്തൊഴുക്കിനെ തടയാന്‍ ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഭരണാധികാരികള്‍ക്കു മനസ്സിലാകാത്ത, അതിമാനുഷികമെന്നു തോന്നിച്ച ശക്തികളുടെ ആഘാതത്തില്‍പ്പെട്ട്‌ പാശ്ചാത്യലോകം മുഴുവന്‍ ആടിയുലയുകയായിരുന്നു. ഇത്രയേറെ സമൃദ്ധിയ്ക്കു നടുവില്‍, പൊടുന്നനെ, ഇത്രമാത്രം ദാരിദ്ര്യവും ദുരിതവും എങ്ങനെ സംഭവിച്ചു?

ഹിറ്റ്‌ലര്‍ ഇത്തരമൊരു ദുരന്തം പ്രവചിച്ചിരുന്നു, എന്നാല്‍ മറ്റേതു രാഷ്ര്ടീയക്കാരനെക്കാളുമേറെ അതിന്റെ കാരണങ്ങളെപ്പറ്റി അദ്ദേഹത്തിനു ധാരണയുണ്ടായിരുന്നു എന്നു കരുതരുത്‌. ഒരുപക്ഷേ, സാമ്പത്തികശാസ്ത്രത്തിലുള്ള താത്‌പര്യക്കുറവും അജ്ഞതയും കാരണം പലരെക്കാളും കുറച്ചേ അദ്ദേഹം മനസ്സിലാക്കിയിരുന്നുള്ളൂ എന്നുവേണം പറയാന്‍. എന്നാല്‍, സാമ്പത്തികത്തകര്‍ച്ചയുടെ ഫലമായി ഉരുത്തിരിഞ്ഞ സാധ്യതകളെപ്പറ്റി അദ്ദേഹത്തിനു താത്‌പര്യക്കുറവോ അജ്ഞതയോ ഉണ്ടായിരുന്നില്ല. മുന്‍പ്‌, മാര്‍ക്കിന്റെ മൂല്യത്തകര്‍ച്ചകൊണ്ടു ജീവിതങ്ങള്‍ തകര്‍ന്നതിനു ശേഷം ഒരു പതിറ്റാണ്ടു പോലും കഴിയുന്നതിനുമുന്‍പ്‌ ജെര്‍മ്മന്‍ ജനതയ്ക്കു വീണ്ടും നേരിടേണ്ടി വന്ന ഈ ദുരന്തം അദ്ദേഹത്തില്‍ സഹതാപമുണര്‍ത്തിയില്ല. മറിച്ച്‌, വ്യവസായസ്ഥാപനങ്ങള്‍ നിശ്ശബ്ദമായ, തൊഴിലില്ലായ്മ അറുപതുലക്ഷം കടന്ന, രാജ്യത്തിലെ ഓരോ നഗരത്തിലും ഭക്ഷണത്തിനുള്ള വരികള്‍ ബ്ലോക്കുകളോളം നീണ്ട ആ ഇരുണ്ടനാളുകളില്‍, അദ്ദേഹത്തിന്‌ നാത്സി പ്രസിദ്ധീകരണങ്ങളില്‍ ഇങ്ങനെ എഴുതാന്‍ കഴിഞ്ഞു: "ഇതുപോലൊരു ആന്തരികസംതൃപ്തിയും മനസ്സുഖവും ഞാന്‍ ജീവിതത്തിലൊരിക്കലും അനുഭവിച്ചിട്ടില്ല. കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ ജെര്‍മ്മന്‍ ജനതയെ വിളിച്ചുണര്‍ത്തി മാര്‍ക്സിസ്റ്റ്‌ ജനവഞ്ചകരുടെ അഭൂതപൂര്‍വ്വമായ തട്ടിപ്പുകളും കള്ളങ്ങളും വഞ്ചനകളും തിരിച്ചറിയാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്‌." സഹതപിച്ചു സമയം പാഴാക്കാനുള്ള ഒന്നായല്ല, കരുണയും കാലതാമസവുംകൂടാതെ സ്വന്തം ഉത്കര്‍ഷേച്ഛയ്ക്കുള്ള രാഷ്ട്രീയപിന്തുണയായി മാറ്റേണ്ട ഒന്നായിട്ടാണ്‌ സഹജീവികളുടെ യാതനയെ അദ്ദേഹം കണ്ടത്‌.

<< കടലാസുകപ്പല്‍

Sunday, March 29, 2009

വാക്കുകള്‍

വാക്കുകള്‍ ബന്ധിക്കുന്നു വള്ളികള്‍ കണക്കെന്നെ,
വള്ളികള്‍ കണക്കവ പിണഞ്ഞു ഞെരിക്കുന്നു, പെരുമ്പാമ്പിനെപ്പോലെ.
പെരുമ്പാമ്പിനെപ്പോലെന്‍ ചെവിയില്‍ ചീറുന്നവ മോഹനരഹസ്യങ്ങള്‍.

വാക്കുകള്‍ ബന്ധിക്കുന്നു ചങ്ങലകണക്കെന്നെ,
കൈകളും കാലുമവ വരിഞ്ഞുമുറുക്കുന്നു, ആമപ്പൂട്ടിനെപ്പോലെ.
ആമപ്പൂട്ടിനെപ്പോലെ ദ്രവിയ്ക്കാ,തഴുകാതെ, നിത്യത കണക്കവ.
നിത്യത കണക്കവ എന്നെന്നും എന്നോടൊപ്പം തീരാതെ ജീവിക്കുന്നു.

വാക്കുകള്‍ വരിഞ്ഞെന്നെ തളച്ചുകിടത്തുന്നു, തളര്‍വാതത്തെപ്പോലെ.
തളര്‍വാതത്തെപ്പോലെ മാറാവ്യാധിയാകുന്നു, അനുരാഗത്തെപ്പോലെ.
അനുരാഗത്തിലെന്നപോല്‍ അവയില്‍ കടക്കുമ്പോള്‍ ജീവനും സൗന്ദര്യവും
മുക്തിയും നേടുന്നു ഞാന്‍

വിനയരാജിന്റെ ആവശ്യപ്രകാരം സോഫിയാ വൈറ്റിന്റെ ഈ കവിത തര്‍ജ്ജമ ചെയ്തത്‌.

<< മറ്റു കവിതകള്‍

Tuesday, March 17, 2009

ചണ്ഡാലഫെമിനിസ്റ്റ്‌




"ക്ഷമിക്കണം. സുന്ദരനായ നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരുന്നതില്‍ വിഷമമുണ്ട്‌. പക്ഷേ, നിങ്ങളുടെ ഔദ്ധത്യം നിറഞ്ഞ പെരുമാറ്റം എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ്‌. പെണ്ണ്‌ ആണിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉപകരണമാണെന്നു വിശ്വസിക്കുന്ന ആണ്‍കോയ്മയാവാം നിങ്ങളുടെ മനസ്സില്‍. അല്ലെങ്കില്‍, ദലിതര്‍ സവര്‍ണ്ണന്റെ ആജ്ഞാനുവര്‍ത്തികളാണെന്നുള്ള ധാരണയാവാം. രണ്ടായാലും, നിങ്ങള്‍ക്കു വെള്ളം കോരിത്തരാന്‍ എനിക്കു മനസ്സില്ല. വേണമെങ്കില്‍ പാളയും കയറുമെടുത്ത്‌ തന്നത്താന്‍ കോരിക്കുടിച്ചോളൂ."

<< തോന്നിയവാസം

Tuesday, February 24, 2009

റാവുസാഹേബ്‌, ഷെവലിയര്‍, ശാന്തി, ഓസ്കര്‍


ആധിപത്യങ്ങള്‍ ഉണ്ടായിവരുന്ന സമയത്ത്‌ മാനുഷരെല്ലാരും ഏറെക്കുറെ ഒന്നുപോലെയാണ്‌. കൂടെക്കൂടാന്‍ തയ്യാറുള്ളവരെയെല്ലാം ബാന്‍ഡുവാഗണിലേക്കു കയറ്റിയിരുത്തും.

അതു കഴിഞ്ഞ്‌, ആധിപത്യം സ്ഥാപിച്ചു കഴിയുമ്പോഴാണ്‌, തലപ്പത്തിരിക്കുന്നവര്‍ക്ക്‌ അവിടുത്തെ സ്ഥാനം ഉറപ്പുവരുത്താന്‍ വേണ്ടി ഒഴിവാക്കല്‍ തുടങ്ങുന്നത്‌. യോഗ്യതയ്ക്കു പുതിയ മാനദണ്ഡങ്ങള്‍ വരും. ജാതികൊണ്ടും ഉപജാതികൊണ്ടും ജന്മം കൊണ്ടും കര്‍മ്മംകൊണ്ടും തൊലിനിറം കൊണ്ടും പ്രാദേശികതകൊണ്ടും ഭാഷകൊണ്ടും തലങ്ങും വിലങ്ങും വിവേചിയ്ക്കും.

അവര്‍ പിന്നെ കണ്ണുതുറക്കുന്നത്‌ ആധിപത്യത്തിന്റെ തകര്‍ച്ചയുടെ കരകരശബ്ദം കേള്‍ക്കുമ്പോഴാണ്‌. അപ്പോള്‍ പിന്നെ തകര്‍ച്ച ഒഴിവാക്കാനും നീട്ടിക്കിട്ടാനും വേണ്ടി, താങ്ങിനിര്‍ത്താന്‍ ആളെത്തേടലായി. നിങ്ങളുടെ സ്വന്തം പ്രജാപതിമാരാണു ഞങ്ങളെന്നു ബോധ്യപ്പെടുത്താനുള്ള തിരക്കായി. നിങ്ങളില്ലാതെ ഞങ്ങള്‍ക്ക്‌ എന്ത്‌ ആഘോഷമെന്നായി. സാമ്രാജ്യങ്ങള്‍ തകരാന്‍ പോകുമ്പോള്‍ സര്‍ സ്ഥാനവും ഷെവലിയര്‍ സ്ഥാനവും തേടിപ്പിടിച്ചു കൊടുക്കും. മുമ്പു കുരങ്ങച്ചിമാരെന്നു വിശ്വസിച്ചിരുന്നവരുടെ പിന്മുറക്കാരെ തെരഞ്ഞുപിടിച്ചു വിശ്വസുന്ദരിപ്പട്ടം കൊടുക്കും. പരിശുദ്ധസാമ്രാജ്യങ്ങള്‍ക്കു പുറത്തുനിന്നും കര്‍ദ്ദിനാള്‍മാരും പരിശുദ്ധരും മാര്‍പ്പാപ്പവരെയും ഉണ്ടായിവരും. മുന്‍പു വേദോച്ചാരണം കേട്ടാല്‍ കേഴ്‌വിശക്തി നഷ്ടപ്പെടേണ്ടിവന്നിരുന്നവരുടെ പിന്‍ഗാമികളെ എഴുന്നള്ളിച്ചുകൊണ്ടുവന്നു പൂണൂലും വേദാധികാരവും കൊടുക്കും. പ്രാകൃതഭാഷകളുപേക്ഷിച്ച്‌ പരിഷ്കൃതഭാഷയില്‍ സാഹിത്യമെഴുതുന്നവര്‍ക്ക്‌ ആള്‍ത്തൂക്കം പൊന്നുകൊടുക്കും. ഹോളിവുഡിന്റെ ഹോളിനെസ്സിനെക്കാള്‍ ബോളിവുഡിന്റെ ബോളിയ്ക്ക്‌ ജനപ്രിയമാകുന്നുവെന്നു സംശയം തോന്നുമ്പോള്‍ അന്വേഷണം തുടങ്ങും, ആരുണ്ടൊരോസ്കര്‍ നല്‍കീടാന്‍ ഗുണവാന്‍ കശ്ച വീര്യവാന്‍...

<< തോന്നിയവാസം