ഝയുടെ കഷ്ടകാലം തുടങ്ങിയതു പുതിയലിപിയോടെയാണെന്നു തോന്നുന്നു. അക്ഷരശൂന്യന്മാരായ ചില അച്ചുനിരത്തലുകാർ ഈ അക്ഷരം കണ്ട് തയും ധയും ചേർന്ന കൂട്ടക്ഷരമാണെന്നു കരുതി ത്ധ എന്നെഴുതാൻ തുടങ്ങിയതോടെ, അനഭിമതനായ ഒരു ഐ. എ. എസ്സുകാരനെപ്പോലെ ഈ അച്ച് ഒരു മൂലക്കു കിടന്നു ക്ലാവുപിടിച്ചുതുടങ്ങിയിരുന്നു.
അപ്പോഴും ഝ കരുതിയിരുന്നു. അക്ഷരമാലയിൽനിന്നു പുറത്താക്കാൻ ആർക്കും കഴിയില്ലല്ലോ. എന്നിട്ടും, കാണെക്കാണെ, ഝാൻസിറാണി നാടുനീങ്ങി, ഝലം ശത്രുരാജ്യത്തായി. ഒടുക്കം ഝാർഖണ്ഡിനു സംസ്ഥാനപദവികിട്ടിയപ്പോൾ ഏറ്റവും സന്തോഷിച്ച മലയാളി ഝ ആയിരുന്നിരിക്കണം. ഇനി എന്തു ചെയ്യുമെന്നു കാണണമല്ലോ?
അതും നടന്നില്ല. സസ്പെൻഷൻ കഴിഞ്ഞിട്ടും സർവീസിൽ കയറാൻ അനുവാദം കിട്ടാതെ വീട്ടിലിരിക്കുന്ന ഉദ്യോഗസ്ഥനെപ്പോലെ ഝ ഇന്നും പുറത്തുതന്നെ. വിവിധ കൊലക്കേസുകളും അഴിമതികളും ഗൂഢാലോചനകളും അന്വേഷിക്കുന്നതിലെല്ലാം അഭിപ്രായവ്യത്യാസമുള്ള പത്രങ്ങൾ, മാതൃഭൂമിയും മനോരമയും ദീപികയും കേരളകൗമുദിയും ദേശാഭിമാനിയുമെല്ലാം ഝയോടുള്ള നീതികേടിൽ ഒറ്റക്കെട്ടാണ്.
പ്രതീക്ഷയ്ക്കു വകയുണ്ടെങ്കിൽ അതു മാധ്യമത്തിലും ഏതാനും ഓൺലൈൻ പത്രങ്ങളിലുമാണ്. ഝയെ അറിയുന്ന അവർ ആയിക്കൂടെന്നില്ലല്ലോ നാളത്തെ വാർത്താമാധ്യമങ്ങൾ.
<< തോന്നിയവാസം
7 comments:
http://vellezhuthth.blogspot.com/2009/09/blog-post.html
a for apple പോലെ 'ഝ' വച്ച് 'ഝഷം' അല്ലേ. ഇതു തന്നെ ഗതി. അങ്ങനെ കുറച്ചെണ്ണം കൂടി ഒരു വഴിക്കാവാനുണ്ട്. 'ഢ'യാണ് ഒരുപകാരത്തിനുമില്ലാതെ അവിടവിടെ ചുറ്റിക്കറങ്ങുന്ന മറ്റൊരുത്തൻ.
അബ്ദു,
വെള്ളെഴുത്തിനെയും വിഷ്ണുപ്രസാദിനെയും കൊണ്ടു തോറ്റു. മനുഷ്യന് സ്വൈരമായി ഒന്നും എഴുതാൻ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. എന്തെഴുതാൻ വിചാരിച്ചാലും ഈ കക്ഷികൾ അതിനെപ്പറ്റി മുമ്പേ എഴുതിക്കഴിഞ്ഞിരിക്കും. ഇതുകൊണ്ടൊന്നും ഞാൻ കുലുങ്ങില്ല.
സിബൂ,
ഢ വേണ്ടെന്ന് ഗാഢമായി ആലോചിച്ചിട്ടു തന്നെയാണോ പറഞ്ഞത്? അതോ രൂഢമൂലമായ ഏതെങ്കിലും തെറ്റിദ്ധാരണകൊണ്ടോ? യൂണിക്കോഡുകാരുമായി സംസാരിക്കാൻ ഗൂഢാലോചന തുടങ്ങിക്കഴിഞ്ഞോ? വെറുതെ ഢീക്കടിച്ചതല്ലല്ലോ, അല്ലേ? ദൃഢനിശ്ചയമെടുത്തുകഴിഞ്ഞോ? ആഢ്യന്മാരോടും പ്രൗഢന്മാരോടും ആലോചിച്ചപ്പോൾ ആരും 'വിഡ്ഢിത്തം പറയാതെടാ, മൂഢാ' എന്നു പറഞ്ഞില്ലേ? അതുകേട്ടു നവോഢയെപ്പോലെ നാണംവന്നുപോയോ? ഢ പോയിക്കഴിഞ്ഞാൽ ഢക്കയില്ലാതെ തബല വായിക്കേണ്ടി വരുമോ? ആഷാഢമാസം ഇല്ലാതാകുമോ? ചണ്ഡീഗഢും ഛത്തീസ്ഗഢും ഢാക്കയുമുണ്ടാകുമോ? മലയാളം പത്രങ്ങൾക്ക് ഢാക്ക ഇപ്പോഴേ ധാക്കയാണ്. സിബു അവരെ സ്വാധീനിച്ചിരുന്നോ?
സിബൂ,
ഉള്ള അക്ഷരങ്ങളെ ഒഴിവാക്കുന്നതിനു പകരം ഇല്ലാത്തതെന്തെങ്കിലുമുണ്ടെങ്കിൽ ഉൾക്കൊള്ളിക്കാനല്ലേ നോക്കണ്ടത്? അടുത്ത പോസ്റ്റ് അതിനെപ്പറ്റി.
രാജേഷേ, രണ്ടും വേണം - ആവശ്യമില്ലാത്തവയെ ഒഴിവാക്കുകയും ആവശ്യമുള്ളവയെ കയറ്റിയിരുത്തുകയും വേണം. അതല്ലേ പരിണാമം എന്നു പറയുന്നത്.
എറ്റേണൽ 'ഢ' കളക്ഷൻസ് എനിക്ക് വളരെ ഇസ്ടമായി. ഇനി അതു ഇങ്ങനെയായെങ്കിലോ:
ഗാഡമായി
രൂഡമൂലം
ഗൂഡാലോചന
ഡീക്കടിക്കുക/ധീക്കടിക്കുക
ദൃഡനിശ്ചയം
ആഡ്ഡ്യന്മാരും
പ്രൗഡന്മാരും
വിഡ്ഡിത്തം
മൂഡ്ഡാ
നവോഡയെ
ഢക്ക/ധക്ക
ആഷാഡമാസം
ചണ്ഡീഗഡും
ധാക്ക
രാജേഷിനു 'എന്തോപോലെ' തോന്നും എന്നതിൽ സംശയമില്ല. എന്നാൽ ഒരു വഴിപോക്കനെ വിളിച്ച് കാണിച്ചു കൊടുത്താലോ.. എന്തുപറയും എന്നറിയാൻ കൗതുകമുണ്ട്. പോർട്ട്ലാൻഡിൽ വഴിപോക്കർ 'ഡ'യോ 'ഢ'യോ വായിക്കുമോ?
സിബൂ,
പോർട്ട്ലൻഡിലെ മലയാളി വഴിപോക്കരിൽ പകുതിയും മലയാളമറിയാത്ത നിരക്ഷരരാണ്. കേരളത്തിൽ മലയാളം വായിക്കാൻ മെനക്കെടുന്നവരിൽ നല്ലൊരു പങ്കിന് ഈ 'എന്തോപോലെ' തോന്നൽ ഉണ്ടാവും എന്നാണ് എന്റെ ഊഹം. അതുകൊണ്ടായിരിക്കുമല്ലോ ഢ നിലനിന്നുപോകുന്നത്. പത്രമാപ്പീസുകളിലും മറ്റും അങ്ങനെയല്ലായിരിക്കാം. അതുകൊണ്ടാവാം ചണ്ഡീഗഡും ധാക്കയുമൊക്കെ ഉണ്ടാവുന്നത്.
അക്ഷരങ്ങൾ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യും. എന്നാൽ ഇത്രയും നാൾ കുറെ സംസ്കൃതം വാക്കുകൾക്കുവേണ്ടി ചുമന്നുകൊണ്ടു നടന്ന ഝയെയും ഢയെയും മറ്റും ഇന്ന്, ഛത്തീസ്ഗഢും ഝാർഖണ്ഡുമൊക്കെ നിത്യോപയോഗത്തിലുള്ള വാക്കുകളാകുന്ന സമയത്ത്, അവയെ തെറ്റില്ലാതെ പറയാൻ ഉപയോഗമുള്ളപ്പോൾ ഉപേക്ഷിക്കേണ്ട കാര്യമുണ്ടോ?
ഈ 'ഝ', 'ഢ' എന്നിവയുടെ aspiration ഒന്നും ഞാൻ പറയുന്ന മലയാളത്തിലില്ല. പിന്നെന്തിനു എനിക്കിത്ര ദണ്ണം?
Post a Comment