Tuesday, June 02, 2009

അമ്മക്കഥ

അമ്മൂമ്മക്കഥ കേട്ടു വളര്‍ന്നതിനെപ്പറ്റി കൊതിയോടെ ഓര്‍മ്മിക്കുന്ന ആരും അമ്മക്കഥയെപ്പറ്റി വാചാലരാവുന്നതു കേട്ടിട്ടില്ല. അമ്മമാര്‍ മിക്കവാറും അടുക്കളയില്‍ത്തന്നെ ആയിരുന്നതുകൊണ്ടാവുമോ എന്തോ? അമ്മമാര്‍ പറയുന്ന കഥകളിലെ കരിയ്ക്കും ചളിയ്ക്കും കയ്പും കണ്ണുനീരിനും വിയര്‍പ്പിനും ഉപ്പും കൂടുതലായിപ്പോയേക്കുമെന്നു ഭയന്ന് നമ്മള്‍ ചെവികൊടുക്കാതിരുന്നതായിരിക്കുമോ?

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മാധവിക്കുട്ടിയുടെ 'എന്റെ കഥ' വായിച്ച്‌ അവസാനിപ്പിച്ചപ്പോള്‍ 'അമ്മേ' എന്നു വിളിച്ചാണ്‌ കരഞ്ഞതെന്ന് ഓര്‍മ്മയുണ്ട്‌. എന്നാല്‍, കമല സുരയ്യയാകുന്നതിനു മുമ്പ്‌ ഒരു ചടങ്ങില്‍ വെച്ച്‌ സ്വാഗതപ്രസംഗക്കാരി അവരെ 'മാധവിക്കുട്ടിയമ്മ' എന്നു വിശേഷിപ്പിച്ചുകേട്ടപ്പോള്‍ 'മാധവിക്കുട്ടിയുടെ കൂടെ ആ അമ്മ ചേരുന്നില്ലല്ലോ' എന്നു വിചാരിച്ചതും ഒപ്പം ഓര്‍മ്മവരുന്നു. അമ്മയായി ഫ്രെയിം ചെയ്തു വെക്കാന്‍ ഒരുങ്ങുമ്പോഴൊക്കെ അതു തകര്‍ത്തു പുറത്തുവരികയും കാമുകിയായി കാണാന്‍ ഒരുങ്ങുമ്പോഴെല്ലാം 'ഞാന്‍ നിന്റെ അമ്മയല്ലേ' എന്ന് ഓര്‍മ്മിപ്പിച്ച്‌ ആ സ്വപ്നം ഉടയ്ക്കുകയും ചെയ്യുന്ന എന്തോ ഒന്ന് മാധവിക്കുട്ടിക്കഥകളിലെ നായികമാരില്‍ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്‌.

കഥാസാഹിത്യചരിത്രക്കാരുടെ കണക്കുകളനുസരിച്ച്‌ പല തലമുറ പഴക്കമുള്ള മാധവിക്കുട്ടി നിരൂപകശ്രദ്ധയിലും വാര്‍ത്താമാധ്യമങ്ങളിലും അവസാനംവരെ നായികയായി വിരാജിക്കുന്നതു കണ്ടിട്ടെന്നപോലെ എഴുത്തുകാരികളുടെ പുതുതലമുറകള്‍ അവരുടെ വിഗ്രഹം തകര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതു കാണുമ്പോഴും ഒരു അമ്മയെയാണ്‌ ഓര്‍മ്മവന്നിട്ടുള്ളത്‌ - തങ്ങള്‍ക്കു കിട്ടുന്നതിലേറെ ശ്രദ്ധ അമ്മയ്ക്കു കിട്ടുന്നതു സഹിക്കാന്‍ കഴിയാത്ത പെണ്മക്കളുള്ള ഒരു അമ്മയെ. കഴമ്പില്ലാത്ത വിവാദങ്ങള്‍ക്കു നടുവില്‍ മാധവിക്കുട്ടിയെ എപ്പോഴും കാണുന്നതുകൊണ്ടു മാത്രം അവരുടെ കഥകള്‍ വായിക്കാതെതന്നെ വിവാദങ്ങള്‍ മാത്രമാണ്‌ അവരെന്നു തെറ്റിദ്ധരിച്ചവര്‍ ഏറെയുണ്ട്‌. പറയുമ്പോള്‍ 'കഥയില്ലാതെ' പലതും പറഞ്ഞ്‌ തെറ്റിദ്ധാരണകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ടെങ്കിലും എഴുത്തിന്റെ കാര്യം വരുമ്പോള്‍ അവരുടെ മികച്ച കൃതികളില്‍ അനാവശ്യമായ ഒരു വാക്കുപോലും കാണാന്‍ ബുദ്ധിമുട്ടും എന്ന് മറക്കാന്‍ എളുപ്പമായിരുന്നു.

'രുഗ്മിണിയ്ക്കൊരു പാവക്കുട്ടി'യും 'നീര്‍മാതളം പൂത്ത കാല'വും 'ചന്ദനമരങ്ങ'ളും 'വെറും ഒരു ഉറക്കുമരുന്നും' 'ഗാന്ധിജിയുടെ പ്രസക്തി' പോലും എടുത്തു വായിക്കാന്‍ കയ്യിലില്ല. 'കോലാടും' 'നെയ്പ്പായസ'വും വെബ്ബില്‍നിന്നു കിട്ടിയത്‌ ഒന്നുകൂടി വായിക്കട്ടെ. ഇന്നലെ മരിക്കുന്നതിനു മുന്‍പ്‌ എനിക്കായി അവരുണ്ടാക്കി വെച്ച നെയ്പ്പായസത്തില്‍ വിരല്‍ മുക്കി രുചിച്ചിട്ട്‌ ഒന്നു കൂടി പറഞ്ഞോട്ടെ: "നല്ല സ്വാദ്ണ്ട്‌! അമ്മ അസ്സല്‌ നെയ്പ്പായസാ ഉണ്ടാക്ക്യേത്‌..."

<< തോന്നിയവാസം

6 comments:

കെ.കെ.എസ് said...

എഴുത്തമ്മയോടുള്ള ആദരവും സ്നേഹവും വരികളിൽ സ്പന്ദിക്കുന്നുണ്ട്..ശരീരത്തിന്റെ സങ്കുചിതത്വത്തിൽനിന്നും മോചിപ്പിക്കപെട്ട് അവർ ഈ ദിവ്യപ്രപഞ്ചമാകെ വീടായി സ്വീകരിച്ചിരിക്കുന്നൂ..ഔപചാരികമായ വാക്കുകൾ ക്ക് ഇവിടെ പ്രസക്തിയില്ലെന്നു തോന്നുന്നു.കാരണം ജീവിതത്തിന്റെ നൈരന്തര്യത്തിൽ അനതിവിദൂരമായ ഭാവിയിൽ അവർ വീണ്ടുംതൂലികയേന്തുമെന്നു ഞാൻ വിശ്വസിക്കുന്നു..

ഹന്‍ല്ലലത്ത് Hanllalath said...

...ആദരാഞ്ജലികളോടെ...

രാജേഷ് ആർ. വർമ്മ said...

കെ. കെ. എസ്, ഹൻള്ളളത്ത്,

നന്ദി.

Promod P P said...

അമ്മയായി ഫ്രെയിം ചെയ്തു വെക്കാന്‍ ഒരുങ്ങുമ്പോഴൊക്കെ അതു തകര്‍ത്തു പുറത്തുവരികയും കാമുകിയായി കാണാന്‍ ഒരുങ്ങുമ്പോഴെല്ലാം 'ഞാന്‍ നിന്റെ അമ്മയല്ലേ' എന്ന് ഓര്‍മ്മിപ്പിച്ച്‌ ആ സ്വപ്നം ഉടയ്ക്കുകയും ചെയ്യുന്ന എന്തോ ഒന്ന് മാധവിക്കുട്ടിക്കഥകളിലെ നായികമാരില്‍ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്‌.

എനിക്ക് പല തവണ തോന്നിയ കാര്യമാണ് വർമ്മാജി
ഇത്രയും മനോഹരമായ ഒരു ഓർമ്മക്കുറിപ്പ് വായിക്കാൻ വൈകിപ്പോയി

വയനാടന്‍ said...

വൈകിയെങ്കിലും ആ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു. നമുക്കു കാത്തിരിക്കാം ജീവിച്ചിരിക്കുമ്പോൾ വേട്ടയാടി മണ്മറയുമ്പോൾ സ്തുതിക്കാൻ ഇരകൾക്കായി.

രാജേഷ് ആർ. വർമ്മ said...

നന്ദി തഥാഗതാ.
വയനാടാ,
വേട്ടയാടപ്പെടും എന്ന അറിവോടെയാണുപലരും വ്യത്യസ്തരായി ജീവിക്കുകയും എഴുതുകയും ചെയ്യുന്നതെങ്കിലും വേട്ട ഒരു യാഥാർത്ഥ്യമായിത്തീരുമ്പോഴും പിന്തിരിയാത്തവർ കുറയും. മാധവിക്കുട്ടി അതിൽ പെടുന്നു എന്നു തോന്നുന്നു.