Thursday, May 08, 2008

ബ്ലോഗറോടു ചോദിക്കാം



ബ്ലോഗറോടു ചോദിക്കാം. വിരോധമില്ല. പക്ഷേ, ബ്ലോഗറും തിരിച്ചു ചോദിക്കും.

വിജ്ഞാനകോശമോ നിഘണ്ടുവോ നോക്കാതെ, മെനക്കെടാതെ, വിവരം സമ്പാദിക്കാനുള്ള എളുപ്പമാര്‍ഗ്ഗം ചോദ്യം ചോദിക്കലല്ലേ? ഉത്തരം കിട്ടിയാല്‍ സന്തോഷം. ഉത്തരം മുട്ടുന്നതു കണ്ടാല്‍ അതിലും സന്തോഷം. അതുകൊണ്ടു കടന്നുവരൂ, കടന്നുവരൂ. ആര്‍ക്കും ചോദിക്കാം. ഏത്‌ അനോണിയുടെ മോനും ചോദിക്കാം.

മറുപടി ബ്ലോഗര്‍ക്കു മാത്രമല്ല, ആര്‍ക്കും പറയാം.

ഉത്തരം പറയുന്ന ഓരോ ചോദ്യത്തിനും പകരം ഒരു ചോദ്യം അങ്ങാട്ട്‌. ഉത്തരം കിട്ടാതെ വന്നാല്‍ ആദ്യം കൊഞ്ഞനം കാണിയ്ക്കും. പിന്നെ രഹസ്യമായി ചോദ്യം മായ്ച്ചു കളയും. അത്‌ ആരെങ്കിലും കണ്ടുപിടിച്ചു പരസ്യമാക്കിയാല്‍, ഉത്തരമറിയില്ലെന്നു സമ്മതിയ്ക്കും. അടിയറവ്‌! അപ്പോള്‍, ചോദ്യം ചോദിച്ചവര്‍ ഉത്തരം പറയണം.

33 comments:

രാജേഷ് ആർ. വർമ്മ said...

ഈ പോസ്റ്റില്‍ അനോണിയിട്ട കമന്റ്‌ ഞാന്‍ ഇങ്ങോട്ടു മാറ്റി:

ചെന്നായയുടെ നിറം ചുകപ്പാ‍ണോ സര്‍?
ചെന്നായ ഒട്ടും ക്രൂരതയില്ലാത്തമൃഗമാണെന്നു നമുക്ക് ബോധ്യമാകാനല്ലേ “ചെന്നായ വളറ്ത്തിയ കുട്ടി” എന്ന കഥ സ്കൂളില്‍ പഠിപ്പിച്ചത്? എന്നിട്ടുമെന്താണു ആരും അവരവരുടെ കുട്ടികളെ ചെന്നായക്കു വളര്‍ത്താന്‍ വിട്ടുകൊടുക്കാത്തത്?
“താഹ മാടയിയേയും എന്നെയും പോലെയുള്ളവര്‍”എന്നു വി കെ ശ്രീരാമന്‍ എഴുതിയതു എന്തിനാണു സര്‍? ശ്രീ എന്നെഴുതിയാലും ആള്‍ക്കാര്‍ സ്രീ എന്നു ഉച്ചരിക്കുന്നതെന്തുകൊണ്ടാണു സര്‍?അഞ്ചു പത്ത് അയ്മ്പതല്ലേ സര്‍, വടക്കര്‍ പറയുമ്പോലെ-പാണ്ഡവര്‍ ഐവരല്ലേ സര്‍, അന്‍വറല്ലല്ലോ?എന്തിനാണു സര്‍, ചെസ്സില്‍, പാട്ടില്‍, കവിതയില്‍,കഥയില്‍-ഒക്കെ ആണിനും പെണ്ണിനും വെവ്വേറെ മത്സരം?എന്തിനാണു സര്‍, സവര്‍ണ്ണകലയായ ശ്ലോകത്തിനു പിന്നാലെ,ചുള്ളിക്കാടും, പ്രഭാവര്‍മ്മയും ഓടുന്നത്? വറ്ണ്ണം എന്ന്തിനു വേറെയും ദുരറ്ഥങ്ങളുണ്ടോ?
Why sweeper post are not reserved for Brahmins and Home secretary's post for ST- if the idea of reservation is to undo the earlier hierarchy? Why do industrial and agri. labourers and workers vote for BJP (an NDTV assessment)when that party doesnot even have tradu union or labour union wing?
-Yakshi

രാജേഷ് ആർ. വർമ്മ said...

അനോണീ,

ആളു കൊള്ളാമല്ലോ. ശ്വാസം വിടാതെ എത്ര ചോദ്യമാണു ചോദിച്ചത്‌! ചോദ്യം ചോദിക്കാന്‍ എന്തെളുപ്പം അല്ലേ? എങ്കില്‍ ഒരു വ്യവസ്ഥ. ഞാന്‍ മറുപടി പറയുന്ന ഓരോ ചോദ്യത്തിനും ഒരു ചോദ്യം അങ്ങോട്ട്‌.

പിന്നെ സാറു വിളിയൊന്നും വേണ്ട. എല്ലാവരും സമന്മാര്‍. പോരത്തതിനു നമ്മള്‍ രണ്ടും ഒരേ പ്രായക്കാരും.

1) ചെന്നായയുടെ നിറം ചുകപ്പാണോ?

ഇന്ത്യയില്‍ സാധാരണ കാണപ്പെടുന്നതിന്റെ തൊലി ചുവപ്പാണെന്ന് ഇവിടെ കാണുന്നു. തൊലിയുടെ നിറം തൊലിപ്പുറത്തേയുള്ളൂ എന്നു നാം പലപ്പോഴും ഓര്‍ക്കാറില്ലല്ലോ. "വെളുത്ത സുന്ദരി" എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ സുന്ദരിയുടെ ഉള്ളുമുഴുവന്‍ വെളുത്താണ്‌ - വെളുത്ത പായസം പോലെ.

മറുചോദ്യം: മലയാളികള്‍ garlicന്‌ എന്തുകൊണ്ട്‌ വെളുത്തുള്ളി എന്നു പറയുന്നു?

2) ചെന്നായ ഒട്ടും ക്രൂരതയില്ലാത്ത മൃഗമാണെന്നു നമുക്കു ബോധ്യമാകാനല്ലേ "ചെന്നായ വളര്‍ത്തിയ കുട്ടി" എന്ന കഥ സ്കൂളില്‍ പഠിപ്പിച്ചത്‌?

ഒന്നാമത്‌, അനോണി പറയുന്ന ഈ കഥ ഞാന്‍ പഠിച്ചിട്ടില്ല. (നമ്മള്‍ ഒരു പ്രായക്കാരല്ലേ? അനോണി സ്കൂളില്‍ തോറ്റിരുന്നോ?) രണ്ടാമത്‌, പാഠപുസ്തകസമിതിക്കാരുടെ തീരുമാനത്തിന്റെ ഉദ്ദേശം ഊഹിക്കാന്‍ എന്നോടാവശ്യപ്പെട്ടാല്‍ ചുറ്റും. എന്റെ കയ്യിലുള്ള പരഹൃദയജ്ഞാനം വേര്‍ഷന്‍ 3.1 ആണ്‌. ഇപ്പോള്‍ 2007 വേര്‍ഷനാണു വില്‍ക്കുന്നത്‌. മൂന്നാമത്‌, ചെന്നായ ക്രൂരമൃഗമാണോ? ആട്ടിറച്ചികൂട്ടി ഉണ്ണുന്ന ഇടയന്മാരെ നോക്കി 'ഇതു ഞാനെങ്ങാനും ചെയ്തിരുന്നെങ്കില്‍ വിവരമറിഞ്ഞേനെ' എന്നു പറയുന്ന ഒരു ചെന്നായയെ ഒരു ഈസോപ്പുകഥയില്‍ കണ്ടു. മനുഷ്യനെക്കാളും, കൊതുകിനെക്കാളും, വൈറസിനെക്കാളും, പശുവിനെക്കാളും ക്രൂരത ചെന്നായയ്ക്കുണ്ടോ? നാലാമത്‌, കാട്ടുമൃഗങ്ങള്‍ വളര്‍ത്തിയ മനുഷ്യക്കുട്ടികളുടെ കഥകള്‍ ഒരുപാടു പറയെപ്പെട്ടിട്ടുണ്ട്‌ - ടാര്‍സനും ജംഗിള്‍ ബുക്കും മുതല്‍. ഇവയില്‍ പലതിന്റെയും ഉദ്ദേശം കാട്ടുമൃഗങ്ങളുടെ ക്രൂരതയെക്കുറിച്ചു വിധികല്‍പ്പിക്കലായിരുന്നില്ല. മനുഷ്യസ്വഭാവത്തിലെ സഹജവും സഹവാസജവുമായ അംശങ്ങളെക്കുറിച്ചു ചിന്തിക്കലായിരുന്നു.

ചെന്നായ മനുഷ്യനെ ആക്രമിയ്ക്കുന്നതിനു മൂന്നു കാരണങ്ങളാണ്‌ ഇവിടെ കാണുന്നത്‌: 1) പേയ്‌ 2) മനുഷ്യരുടെ കയ്യില്‍ നിന്നും ക്രൂരതയനുഭവിച്ചതിനുള്ള പ്രതികാരം 3) വനനശീകരണം മൂലം ഇരകിട്ടാതെ വരുന്നത്‌.

മറുചോദ്യം: ഋശ്യശൃംഗന്റെ അമ്മയുടെ പേര്‍ എന്തായിരുന്നു?

3) ആരും അവരവരുടെ കുട്ടികളെ വളര്‍ത്താന്‍ ചെന്നായയ്ക്കു വിട്ടുകൊടുക്കാത്തതെന്ത്‌?

ഒന്ന്‌, പുസ്തകങ്ങളില്‍ വായിക്കുന്നതെല്ലാം ശരിയായിരിക്കണമെന്നില്ല എന്ന അറിവുള്ളതുകൊണ്ട്‌. രണ്ട്‌, കുട്ടികളെ വളര്‍ത്താന്‍ കൂടുതല്‍ പരിശീലനമുള്ളവരെ കിട്ടാനുള്ളതുകൊണ്ട്‌

4) താഹ മാടായിയെയും എന്നെയും പോലുള്ളവര്‍ എന്നു വി.കെ.ശ്രീരാമന്‍ എഴുതിയത്‌ എന്തിനാണ്‌?

ഇവിടെ അങ്ങനെ എഴുതിയതു കാണുന്നില്ല.

മറുചോദ്യം: അനോണിയായിരുന്നെങ്കില്‍ എങ്ങനെ എഴുതിയേനെ?

5) ശ്രീ എന്നെഴുതിയാലും ആള്‍ക്കാര്‍ സ്രീ എന്ന് ഉച്ചരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

അറിയില്ല. ഊഹിയ്ക്കാം. ശ, സ എന്നീ ശബ്ദങ്ങള്‍ മലയാളത്തില്‍ സംസ്കൃതത്തില്‍ നിന്നു വന്നതാണ്‌. അന്യഭാഷകളില്‍ നിന്നു കടന്നുവന്ന മറ്റു പല ശബ്ദങ്ങളുടേതും പോലെ ശ്രയുടെയും ഉച്ചാരണം ഇപ്പോഴും മലയാളിയ്ക്കു വഴങ്ങിയിട്ടില്ല.

മറുചോദ്യം: ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ അനോണി എന്തുകൊണ്ടാണ്‌ ആള്‍ക്കാര്‍ എന്നു പറയുന്നത്‌?

6) അഞ്ചു പത്ത്‌ അയ്മ്പതല്ലേ, വടക്കര്‍ പറയുംപോലെ?

അയ്മ്പത്‌ അമ്പതായിത്തീര്‍ന്നതാവണം - നോയ്മ്പ്‌ നോമ്പും തേയ്‌മാനം തേമാനവും പായ്‌മരം പാമരവും വായ്‌മൊഴി വാമൊഴിയുമായതുപോലെ.

അവനവനും അവനവന്റേതും കേമമെന്നു കരുതാന്‍ തെളിവുകള്‍ തേടിയാല്‍ ധാരാളം കിട്ടും. അവനവന്റെയും അവനവന്റേതിന്റെയും കുറവുകള്‍ നോക്കാന്‍ ചങ്കൂറ്റം കാണിച്ചാലും കിട്ടും ധാരാളം.

മറുചോദ്യം: ചൊല്ലുക എന്നതിനു ചെല്ലുക എന്നു പറയുന്ന വടക്കരെന്താ കൊല്ലുക എന്നതിനു കെല്ലുക എന്നു പറയാത്തത്‌?

7) പാണ്ഡവര്‍ ഐവരല്ലേ അന്‍വറല്ലല്ലോ.

പാണ്ഡവര്‍ അഞ്ചുപേരുള്ളതുകൊണ്ട്‌ ഐവരും ശോഭയുള്ളതുകൊണ്ട്‌ അന്‍വറും ആണ്‌.

മറുചോദ്യം: അഞ്ചുനൂറ്‌ ഐനൂറാണോ അഞ്ഞൂറാണോ?

8) എന്തിനാണു സാര്‍ ആണിനും പെണ്ണിനും വെവ്വേറെ മത്സരം?

ആണിനെ പെണ്ണു തോല്‍പിച്ചാലോ എന്ന പേടികൊണ്ടായിരിക്കും.

മറുചോദ്യം: സ്ത്രീകള്‍ക്കെന്താ മേല്‍ശാന്തിയായാല്‍?

9) എന്തിനാണു സവര്‍ണ്ണകലയായ ശ്ലോകത്തിനു പിന്നാലെ ചുള്ളിക്കാടും പ്രഭാവര്‍മ്മയും ഓടുന്നത്‌?

സവര്‍ണ്ണകല എന്നൊന്നില്ല. ശ്ലോകം സംസ്കൃതവൃത്തത്തിലെഴുതിയ നാലുവരിയാണ്‌. അതൊരു കലയാണെന്നു പലരും തെറ്റിദ്ധരിച്ചതുകൊണ്ടാവണം അവരെഴുതിയ ഭൂരിപക്ഷം ശ്ലോകങ്ങളിലും കവിതയില്ലാത്തത്‌.

സവര്‍ണ്ണകല എന്ന്‌ ഒരു കലയെ വിളിയ്ക്കുന്നത്‌ ഒരു പട്ടിയെ പണക്കാരന്‍ പട്ടി എന്നു വിളിക്കുന്നതുപോലെയാണ്‌. ഒരു പണക്കാരന്‍ ഒരു പട്ടിയെ വളര്‍ത്തുകയും തന്റെ ചുറ്റുമുള്ള മനുഷ്യരടക്കമുള്ള ജീവികളെയൊക്കെ കാണുമ്പോള്‍ 'ടിപ്പൂ... പിടിയെടാ' എന്നു പറയുകയും ചെയ്തു ശീലിപ്പിച്ചാല്‍ അയാളോടുള്ള വൈരാഗ്യം അതിനോടും ആളുകള്‍ക്കുണ്ടാകും. അയാളെങ്ങാനും ക്ഷയിച്ചു പോകുകയും പട്ടി തെരുവാധാരമാവുകയും ചെയ്താല്‍ വിവരമില്ലാത്ത ആള്‍ക്കാര്‍ ആ പാവം ജീവിയെ കുറെനാള്‍ കല്ലെറിയുകയും അവസാനം ഇതു വെറുമൊരു പട്ടിയാണെന്നു മനസ്സിലാക്കി ഏതെങ്കിലും ഒരു പട്ടിസ്നേഹി അതിനെ പോറ്റാന്‍ തുടങ്ങുകയും ചെയ്യും. അതുതന്നെയായിരിക്കണം ചുള്ളിക്കാടും പ്രഭാവര്‍മ്മയും ചെയ്യുന്നത്‌ എന്നെ എന്റെ പരഹൃദയജ്ഞാനം പറയുന്നു.

മറുചോദ്യം: സ്വയംസേവകകേസരിയായ അഡ്വാണി എന്തുകൊണ്ടാണ്‌ ഉച്ഛിഷ്ടമേശപ്പുറത്തിരുന്ന് സായിപ്പിന്റെ കത്തിയും മുള്ളും പിടിച്ച്‌ ഉണ്ണുന്നത്‌?

10) വര്‍ണ്ണം എന്നതിനു വേറെയും ദുരര്‍ത്ഥങ്ങളുണ്ടോ?

വര്‍ണ്ണത്തിനല്ല, വര്‍ണ്ണഭേദത്തിനാണു ദുരര്‍ത്ഥങ്ങളുള്ളത്‌.

മറുചോദ്യം: ജാതിവാദി വര്‍ണ്ണവാദിയാവണമെന്നുണ്ടോ?

11) Why sweeper post are not reserved for Brahmins?

(പത്തു വാചകം തുടര്‍ച്ചയായി മലയാളത്തില്‍ പറഞ്ഞുകഴിയുമ്പോള്‍, ഇംഗ്ലീഷറിയില്ലെന്നു വിചാരിക്കുമോ എന്നു കരുതി പതിനൊന്നാമത്തേത്‌ ഇംഗ്ലീഷിലാക്കുന്ന മലയാളിമനോഭാവമാണോ ഇവിടെ കാണുന്നത്‌? അതോ തൂപ്പുകാരന്‍ എന്നു പറയുന്നതിലും നല്ലത്‌ സ്വീപ്പര്‍ ആണെന്നു വെച്ചിട്ടോ?)

എന്നിട്ടു വേണം സര്‍ക്കാരാപ്പീസിലൊന്നും തൂപ്പുകാരില്ലാതാവാന്‍. അനോണിയ്ക്കറിയുന്ന എത്ര ബ്രാഹ്മണന്മാര്‍ ആപ്പണിയ്ക്കു പോകും?

മറുചോദ്യം: ഇന്ത്യന്‍ ജനസംഖ്യയുടെ എത്ര ശതമാനമാണ്‌ അവര്‍ണ്ണര്‍? സര്‍ക്കാരുദ്യോഗങ്ങളില്‍ എത്ര ശതമാനം അവര്‍ വഹിയ്ക്കുന്നു?

12) Why Home secretary's post [is] not reserved for ST?

എന്റെ അധികാരപരിധിയില്‍ വരുന്നതായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ ചെയ്തേനെ.

മറുചോദ്യം: അമേരിക്കയിലുള്ള ഇന്ത്യക്കാരില്‍ അവര്‍ണ്ണരുടെ ശതമാനം എത്ര?

13) Why do industrial and agri. labourers and workers vote for BJP (an NDTV assessment)when that party doesnot even have tradu union or labour union wing?

മതം ഒരു ലഹരിയാണ്‌. ലഹരിപിടിച്ച മനുഷ്യന്‌ സ്വന്തം പ്രവൃത്തികളുടെ ഭവിഷ്യത്തിനെപ്പറ്റിയുള്ള ബോധം കുറവായിരിക്കും.

മറുചോദ്യം: എന്‍ഡിടിവി ഏതു പാര്‍ട്ടിക്കാരുടേതാണ്‌?

Santhosh said...

ഹ ഹ ഹ...

(മൂന്നാം ചോദ്യത്തിന്‍റെ മറുചോദ്യം കണ്ടില്ല! :))

അതും കൂടി കണ്ടിട്ടു വേണം വീണ്ടും ചിരിക്കാന്‍!

Roby said...

ഹോ....ഇതറിഞ്ഞിരുന്നെങ്കില്‍ കോഴ്സിന്റെ ഭാഗമായുള്ള കുറെ പ്രോബ്ലം സെറ്റ് അങ്ങോട്ട് തന്നേനെ. ഇനിയിപ്പം അടുത്ത സെമസ്റ്ററിലാകട്ടെ...

മറുചോദ്യങ്ങള്‍ക്കുത്തരം ആര്‍ക്കും പറയാമോ, അതോ അനോണിയുടെ മകന്‍ തന്നെയായിരിക്കണമെന്നുണ്ടോ?

ഒരു ചോദ്യം എന്റെ വകയും.
uzbcmy എന്നാല്‍ എന്ത്?

വെള്ളെഴുത്ത് said...

ഉള്ളിലുണ്ടായിരുന്ന ചോദ്യങ്ങൾ കൂടി തിക്കിത്തിരക്കി സ്ഥലം വിട്ടു. പല രീതിയിൽ വിപുലപ്പെടുത്തിയെടുക്കാവുന്ന ഒരപാര സാദ്ധ്യതയാണല്ലോ ഇവിടെ പോസ്റ്റായിരിക്കുന്നത് !

Unknown said...

കൊള്ളാം

മോളമ്മ said...

വാട്ടേന്‍ ഐഡിയ! കട്ടപങ്കയായി.
ഇവിടെ ഉത്തരങ്ങള്‍ കൊടുത്തോണ്ടിരിക്കണ വരെ ചോദ്യങ്ങളും മറുചോദ്യത്തിനുള്ള ഉത്തരങ്ങളും റെഡ്ഡി. (വേറെ പണീയില്ല ഇതൊക്കെ തന്നെ പണി)

ചോദ്യം: ഭൂമിയുടെ ആകൃതിയെന്ത് എന്ന ചോദ്യത്തിനു, ഭൂമിയുടെ ആകൃതി ആദ്യം പരന്നതാണെന്ന് പറഞ്ഞു, പിന്നെ പറഞ്ഞു ഉരുണ്ടതാണെന്ന്, പിന്നെ പറഞ്ഞു നടുഭാഗം അല്‍പ്പം പുറത്തേയ്ക്ക് തള്ളി മുകള്‍ പരന്നതാണെന്ന്. പിന്നെ പറഞ്ഞു അതിലും ചെറിയ മാറ്റങ്ങള്‍ ഉണ്ട് അതുകൊണ്ട് ഭൂമിയ്ക്ക് ഭൂമിയുടെ ആകൃതി എന്ന്.

ഇതിലും നല്ലൊരുത്തരം താങ്കള്‍ക്ക് പറയാനാവുമോ?

ലോകത്തിലെ എല്ലാകാര്യങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ നിഷേധിക്കുമോ?

(താങ്കള്‍ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കില്‍?)

(കുഞ്ഞുമോള്‍)

Anonymous said...

മലയാളം ബ്ലോഗിന്റെ "മാധവികുട്ടി" തന്നെ ആയ "Inji pennu"
http://entenaalukettu.blogspot.com/2008/05/blog-post_04.html
ഇങ്ങനെ എഴുതുന്നത് ആദ്യം ഉത്തരം എഴുതി പിന്നെ ചോദ്യം
എഴുതുന്ന പോലെയല്ലേ ?.

രാജേഷ് ആർ. വർമ്മ said...

സന്തോഷ്‌,

എന്തൊരു സൂക്ഷ്മനിരീക്ഷണം! മൂന്നാം ചോദ്യത്തിന്റെ മറുചോദ്യം വിട്ടുപോയത്‌ താഴെക്കൊടുക്കുന്നു:

രാമായണം വായിച്ചു വായിച്ച്‌, വാദിച്ചു വാദിച്ച്‌, നമ്മളിനി പാലം പണി കുരങ്ങന്മാരെ ഏല്‍പിക്കുമോ?

റോബി,

ഞാന്‍ പറഞ്ഞുതന്ന ഉത്തരമെങ്ങാനും എഴുതി പിഎച്ച്‌ഡി കിട്ടിയാല്‍ ഗൈഡിന്റെ സ്ഥാനത്ത്‌ എന്റെ പേരും ചേര്‍ക്കേണ്ടി വരും, പറഞ്ഞേക്കാം.

uzbcmy എന്നത്‌ "ഉരുളികുന്നത്തു സക്കറിയ ബസ്സിറങ്ങിയപ്പോള്‍ ചമ്മലോടെ മുങ്ങിക്കളഞ്ഞു യേശു" എന്ന വാചകത്തിന്റെ ചുരുക്കമാണ്‌.

ചോദ്യങ്ങള്‍ക്കും മറുചോദ്യങ്ങള്‍ക്കും ആര്‍ക്കും ഉത്തരം പറയാം.

മറുചോദ്യം: തൊലിയുടെ നിറത്തിന്റെ പേരില്‍ ചരിത്രത്തില്‍ പല പ്രശ്നങ്ങളും ഉണ്ടായിട്ടുള്ള സ്ഥിതിയ്ക്ക്‌ വെളുത്ത തൊലിയുള്ളവര്‍ ഇനിമുതല്‍ തൊലി കറുപ്പിച്ചു നടക്കണം എന്ന അഭിപ്രായം ന്യായമല്ലേ?

വെള്ളെഴുത്ത്‌, അനൂപ്‌,

നന്ദി. "കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയവഴി പോകുന്നപോലെ" എന്നു കേട്ടിട്ടില്ലേ?

കുഞ്ഞുമോളേ,

ഭൂമദ്ധ്യത്തിലുള്ള വ്യാസത്തെക്കാള്‍ 42 കിമീ മാത്രം ധ്രുവങ്ങള്‍ തമ്മിലുള്ള വ്യാസത്തില്‍ കുറവുള്ള ഒരു ഗോളമാണു ഭൂമി എന്ന് ഇവിടെ കാണുന്നു. ശരാശരി വ്യാസം 12,742 ആകുമ്പോള്‍ ആ വ്യത്യാസം നിസ്സാരമല്ലേ? ആണെന്നാണ്‌ എന്റെ അഭിപ്രായം. അല്ലാത്തവരുണ്ടാകാം. അവരുടെ ഉത്തരം വ്യത്യസ്തമായിരിക്കാം.

ഉത്തരമന്വേഷിക്കുന്നവളുടെ തൃപ്തിയാണു പ്രധാനഘടകം. ആന എങ്ങനിരിക്കും എന്നന്വേഷിയ്ക്കാന്‍ തുടങ്ങുമ്പോള്‍ ആരെങ്കിലും 'ആന ആനയെപ്പോലിരിക്കും' എന്നു പറഞ്ഞാല്‍ അതു കേട്ടു തൃപ്തിപ്പെടുന്നവരുണ്ട്‌. എന്നാല്‍, ആനയെ അടുത്തറിഞ്ഞ്‌, ആന തൂണുപോലെയാണ്‌ എന്നും ആന മുറം പോലെയാണെന്നും ആന ചൂലുപോലെയാണെന്നുമുള്ള അറിവുകളിലൂടെ കടന്നുപോയി, തൂണുപോലെയുള്ള കാലുകളും മുറം പോലെയുള്ള ചെവികളും മറ്റുമുള്ള ഒരു ജീവിയാണ്‌ ആനയെന്നും മനസ്സിലാക്കിക്കഴിഞ്ഞ്‌ 'ഇതൊക്കെയാണെങ്കിലും, ആന ആനയെപ്പോലിരിക്കും' എന്ന അറിവിലെത്തിച്ചേര്‍ന്നു മാത്രം തൃപ്തിയടയുന്നവരുമുണ്ട്‌.

ഒരു ചോദ്യത്തിന്‌ ഉത്തരം പറയാന്‍ എനിക്കു പറ്റിയില്ലെന്നു സമ്മതിച്ചാല്‍?
- ചോദിച്ചയാള്‍ ഉത്തരം പറയണം.

നല്ല സൗഹൃദം പ്രതീക്ഷിയ്ക്കുന്നു :-)

മറുചോദ്യം: ഇല്ലനക്കരി എന്നാല്‍ എന്ത്‌? കുട്ടനാട്ടില്‍ രാമങ്കരി, മിത്രക്കരി തുടങ്ങി അറുപത്തിനാലു കരികളുണ്ടെന്നു കേട്ടിട്ടുണ്ട്‌. അതിലൊന്നോ? അതോ ഒരു anagram ആണോ?

അനോണീ,

എല്ലാ ചോദ്യങ്ങളും ചോദിക്കുന്നത്‌ ഉത്തരം പ്രതീക്ഷിച്ചല്ല. ഉത്തരം പ്രതീക്ഷിക്കാതെയും സ്വയം ഉത്തരം കണ്ടെത്തിക്കഴിഞ്ഞും ചോദ്യം ചോദിക്കുന്നതു തെറ്റല്ല.

മറുചോദ്യം: 'വെറും ഒരു ഉറക്കുമരുന്ന്' എന്ന് മാധവിക്കുട്ടി വിശേഷിപ്പിച്ച സാധനം എന്താണ്‌?

മോളമ്മ said...

ഉത്തരം: കുട്ടനാട്ടിലുള്ള കരികള്‍ സ്ഥലപേരുകളാണല്ലോ. വിശാലമായ കുട്ടനാടന്‍ കരിനിലങ്ങള്‍ക്ക് അരികില്‍ കിടക്കുന്നതിനാലാണ് അവയ്ക്ക് ആ പേര് വന്നത്. എന്നാല്‍ ഇല്ലനക്കരി ഒരു സ്ഥലപേരോ anagram ഓ അല്ല. അടുക്കളയോട് ബന്ധപ്പെട്ട ഒരു പദമാണ്. പണ്ട് വിറകടുപ്പുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് അടുപ്പ് സ്ഥിതി ചെയ്യുന്ന സ്ലാബ് (പാതിയമ്പുറം) നുമുകളിലായി വിറക് സൂക്ഷിക്കാന്‍ ഒരു പറം അഥവാ മേക്കട്ടി ഉണ്ടായിരുന്നു. വിറകടുപ്പില്‍ നിന്നും വരുന്ന പുക പറത്തിലും ചുമരിന്റെ വശങ്ങളിലും തട്ടി അവിടെ ഘനീഭവിച്ച് കിടക്കും. കുറേ കാലത്തെ ഈ പുകകരി ചുമരിലും പറത്തിലും കട്ടപ്പിടിച്ച് ഒലിക്കാന്‍ തുടങ്ങും ഇതാണ് ഇല്ലനക്കരി. ശ്രദ്ധിച്ചീട്ടുണ്ടെങ്കില്‍ അറിയാം അടുക്കളയുടെ ഈ ഭാഗം എത്ര കുമ്മായം അടിച്ചാലും കറുത്ത് തന്നെ കിടക്കും. അന്നത്തെ സ്ത്രീയുടെ അധ്വാനത്തിന്റെ അളവാണ് ആ പുകകരിയുടെ കനം! ഈ ഇല്ലനക്കരി അന്ന് മുറിവുണക്കുന്നതിനു ബെസ്റ്റ് ആയിരുന്നു. സ്തീകളും കുട്ടികളും വലിയ മുറിവുകള്‍ പോലും വച്ചുകെട്ടാന്‍ ധാരാളമായി ഉപയോഗിച്ചിരുന്നത് ഇല്ലനക്കരിയാണ്. ഭയങ്കര നീറ്റലുണ്ടാവും അതോടെ ആ മുറിവ് കരിയുകയും ചെയ്യും.

ചോദ്യം: ‘പൂപ്പാത്തി‘ എന്താണ്?
(കുഞ്ഞുമോള്‍)

രാജേഷ് ആർ. വർമ്മ said...

കുഞ്ഞുമോള്‍,

നിഘണ്ടുനോക്കി മെനക്കെടാതെ ചോദ്യം ചോദിച്ചതിനു പ്രായശ്ചിത്തമായി ഇല്ലനക്കരിയെ വിക്കി നിഘണ്ടുവില്‍ ചേര്‍ത്തു. ഇതിനു ഞങ്ങളുടെ നാട്ടില്‍ വാമൊഴിയില്‍ 'പൊകയെറ' എന്നു പറയും. 'പുകയുറ' എന്നായിരിക്കണം വരമൊഴിരൂപം. അവള്‍ ഇത്ര കേമിയാണെന്നറിയില്ലായിരുന്നു. (ഞങ്ങളുടെ ഉവ്വാവില്‍ കാപ്പിപ്പൊടിയായിരുന്നു വെച്ചുകെട്ടിയിരുന്നത്‌.) ഇതിനു ഔഷധഗുണമുള്ളതായി ആയുര്‍വേദ പുസ്തകങ്ങളില്‍ പറഞ്ഞിട്ടുള്ളതായി നമ്മുടെ വീട്ടിലെ ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നയാള്‍ പറഞ്ഞു.

പൂപ്പാത്തിയോ? ചുറ്റി! ഓളപ്പാത്തി, ഉഴവുപാത്തി, എണ്ണപ്പാത്തി, തോക്കിന്റെ പാത്തി, പാവം ഇവള്‍ ഒരു പാപ്പാത്തി ഒക്കെ കേട്ടിട്ടുണ്ട്‌. ഇതറിയില്ല. ഊഹിക്കാം. താഴെക്കൊടുത്തിരിക്കുന്നതില്‍ ഒന്നാണോ?

1) ഒരു തരം മീന്‍
2) മലരി
3) പൂവിന്റെ നാളി
4) പൂവു കൊണ്ടുപോകുന്ന വള്ളം
5) പൂത്തുപോയ ചപ്പാത്തി :-)

മോളമ്മ said...

കൂടുതലായി കേട്ടീട്ടുള്ള കാര്യങ്ങള്‍ വച്ച് ഊഹിക്കാതെ ഊഹം പാപ്പാത്തിയില്‍ മുട്ടി കല്‍പ്പാത്തിയിലെത്തി.:).

പാത്തി എന്നാല്‍ സാധാരണയായി വെള്ളം ((ദ്രാവകം) ഒഴുക്കി കൊണ്ട് പോകുന്ന സാധനം അഥവാ ചാല്‍.(തോക്കിന്റെ പാത്തി പരന്നത് എന്ന അര്‍ത്ഥത്തില്‍ നിന്നാണെന്ന് തോന്നുന്നു) കല്‍പ്പാത്തി- വെള്ളം ഒഴുക്കുന്നതിന് കല്ലുകൊണ്ടുണ്ടാക്കിയത്. ലോഹപാത്തിയാണ് ഓട്ടുമ്പുറത്തുനിന്നും മഴവെള്ളം ഒരുമിച്ചെടുത്ത് മണ്ണിലേയ്ക്ക് ഒഴുക്കുന്നത്. എണ്ണപാത്തി എണ്ണ ഒഴുക്കുന്ന സാധനം. (എണ്ണപാത്തിയിലെ എണ്ണ ധാരയായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്.) അപ്പോള്‍ പൂപ്പാത്തി എന്തായിരിക്കും? വെള്ളം (ദ്രാവകം) പൂപോലെ ഒഴുക്കുന്നത്; അതായത് ഷവര്‍.(പണ്ട് തേക്കും തിരിയും നടത്തിയിരുന്ന പറമ്പില്‍ വെള്ളം ഒഴുക്കി കൊണ്ടിരുന്ന മണ്‍പാത്തിയില്‍ (ചാല്‍) ഇരുന്നാണ് കുളി. പിന്നീട് കുളിക്കാന്‍ ‘ഷവര്‍‘ വന്നപ്പോള്‍ മണ്‍പാത്തിയില്‍ നിന്നും അനായാസമായി പരിണമിച്ചുണ്ടായതാവണം പൂപ്പാത്തി)

കൊഞ്ഞനം കാണിച്ചത് കൊണ്ടാണോ മറുചോദ്യം ഇല്ലാത്തത്. ഈ കളി കഴിഞ്ഞോ?
ഈ ഭാഗത്തെ ചോദ്യം: പുരികങ്ങളുടെ ധര്‍മ്മമെന്ത്?
(കുഞ്ഞുമോള്‍)

എതിരന്‍ കതിരവന്‍ said...

“ഇല്ലരക്കരി” എന്നാണ് ഞങ്ങടെ നാട്ടില്‍. ഇതിനു സമാനമായ വാക്ക് തെലുങ്കരും ഉപയോഗിക്കുന്നു.

പുരികത്തിന്റെ ധര്‍മ്മം:
ധര്‍മ്മകൊടുക്കുമ്പോള്‍ ‘ഇത്രേയൊള്ളോ” എന്നഭാവം പ്രകടിപ്പിക്കാനുള്ള ശരീരഭാഗം.
(Desmoond Morris പുരികത്തെപ്പറ്റി കാര്യമായി പറഞ്ഞിട്ടുണ്ടേ).

INRI എന്നു കുരിശിന്റെ താഴെ എഴുതിയിരിക്കുന്നത് “ഇസ്രായേലിന്റെ നാഥനും രാജാവുമായ ഈശൊ” എന്നതിന്റെ ചുരുക്കമാണെന്നു പണ്ട് പാലായിലെ ഒരു ചേച്ചി പറഞ്ഞു തന്നിട്ടുണ്ട്.

രാജേഷ് ആർ. വർമ്മ said...

എതിരന്‍, നന്ദി. പക്ഷേ, താങ്കള്‍ പറഞ്ഞതു ശരിതന്നെ. പക്ഷേ, പുരികങ്ങളുടെ പ്രധാനധര്‍മ്മം ബ്യൂട്ടീഷ്യന്‍ കുലത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ ഒരു മാസവരുമാനം ഉണ്ടാക്കുക എന്നതാണ്‌.

മറുചോദ്യം: 'ചെപ്പുക' എന്നാല്‍ എന്ത്‌?

മോളമ്മ said...

ചെപ്പുക എന്നാല്‍ പറയുക എന്നാണ്. ഇത് തെലുങ്കില്‍ നിന്നും വന്നതാണ്. എന്നാല്‍ ചെമ്പ് കലര്‍ന്നതിനെ ചെപ്പ് ചേര്‍ത്ത് പറയുന്ന സ്ഥിതിക്ക് (ചെപ്പുകുടം) ചെപ്പുക എന്നാല്‍ ചെമ്പിന്റെ പുക (ചെമ്പില്‍ നിന്നും ഉണ്ടാകുന്ന പുക) എന്നും പറയാം.

മറുചോദ്യം: അമ്മ എന്ന വാക്കിന്റെ ഉത്ഭവം എങ്ങനെയാണ്?

എതിരന്‍: യൂദന്മാരുടെ രാജാവായ നസ്രായേല്‍ക്കാരന്‍ ഈശോ എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ഇത് എഴുതി വച്ചിരിക്കുന്നത് കുരിശിന്റെ മുകളിലാണ്, താഴെയല്ല. :)
യൂദന്മാരുടെ രാജാവായ നസ്രായേല്‍ക്കാരന്‍ ഈശോ പെട്ടെന്നുള്ള മരണത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞ് കുരിശുവരച്ച് കിടന്നുറങ്ങണമെന്ന് അമ്മാമ്മ എപ്പോഴും പറയുന്നതാണ്. ഞങ്ങള്‍ എപ്പോഴും മറന്ന് പോവുകയും ചെയ്യും.

(കുഞ്ഞുമോള്‍)

എതിരന്‍ കതിരവന്‍ said...

mOLamma: That pala-chechchi meant:
I= for israel
N= for Naathhan
R= for Raajaav
I=for izo.

She (and others) belived it is the acronym of malayaaLam!

question:
what is the meaning of mOLamma?
mOL+amma? since "la LayOrabhEda" mOlamma? or from mOramma?

Vishnuprasad R (Elf) said...

kollam.Nalla chodyangalum utharangalum. Ini ente vaka oru chodyam, entha windows-ino Linux-ino malayalam pathipp illathathu?

Vishnuprasad R (Elf) said...

Adutha chodyam: Lokathile ettavum adyathe chodyam enthayirunnu? Ara chodichath? Aroda Chodichath

രാജേഷ് ആർ. വർമ്മ said...

കുഞ്ഞുമോള്‍ പറഞ്ഞ ചെപ്പുകയുടെ അര്‍ത്ഥം ശരിയാണ്‌. തെലുങ്കില്‍ നിന്നു വന്നതാണോ അതോ തെലുങ്കിലും മലയാളത്തിലും ഒരേയിടത്തുനിന്നു വന്നതാണോ എന്നറിയില്ല.

കതിരവന്‍,

മോളായും അമ്മയായും പെണ്ണിനെ കാണാന്‍ ആഗ്രഹമുള്ള ഏതോ ഒരാണാണ്‌ മോളമ്മ എന്ന പേരിട്ടത്‌.

ഡോണ്‍,

മലയാളികളെല്ലാം ഇംഗ്ലീഷ്‌ വേര്‍ഷന്‍ വാങ്ങിച്ച്‌ ഉപയോഗിച്ചുകൊള്ളും എന്നു കമ്പനികള്‍ക്ക്‌ അറിയുന്നതുകൊണ്ട്‌.

ലോകത്തിലെ ആദ്യത്തെ ചോദ്യം: "സത്യം പറ. ഇതാരുടേതാണ്‌?" (ആദാമിന്റെ പുറത്തുനിന്ന് ഒരു നീളന്‍ തലമുടി പൊക്കിക്കാണിച്ചുകൊണ്ട്‌ ഹവ്വ ചോദിച്ചത്‌).

Roby said...

uzbcmy എന്നത്‌ "ഉരുളികുന്നത്തു സക്കറിയ ബസ്സിറങ്ങിയപ്പോള്‍ ചമ്മലോടെ മുങ്ങിക്കളഞ്ഞു യേശു" എന്ന വാചകത്തിന്റെ ചുരുക്കമാണ്‌.

ഹഹ രാജേഷെ, അതെനിക്കു കിട്ടിയ വേഡ് വേരി ആയിരുന്നു..:)

മറു ചോദ്യത്തിനുത്തരം: തികച്ചും ന്യായമാണ്.

ഏതായാലും ചോദ്യോത്തരങ്ങള്‍ പുരോഗമിക്കട്ടെ.

നിര്‍മ്മല said...

നല്ല പോസ്റ്റ് രാജേഷ്! 8-ന്‍റെ ഉത്തരം കൊള്ളാം :)
മോളമ്മ ഓക്സീമോറനുദാഹരമായി ഞാന്‍ ഉപയോഗിക്കാറുണ്ട്.

oxymoron -ന്‍റെ മലയാള പദം എന്താണ്?

രാജേഷ് ആർ. വർമ്മ said...

ഓക്സീമോറന്റെ വിക്കി നിര്‍വചനത്തില്‍ ആദ്യം പറഞ്ഞിരിക്കുന്ന അര്‍ത്ഥം വിരോധാഭാസമാണ്‌. രണ്ടാമതു പറഞ്ഞിരിക്കുന്നതിനു 'നിരര്‍ത്ഥകപ്രയോഗം' എന്നതിലും നല്ല ഒരു വാക്ക്‌ അറിയില്ല. ഉണ്ടായിരിക്കണം.

എതിരന്‍ കതിരവന്‍ said...

oxymoron ന്റെ മലയാളം ‘പ്രാണമോരന്‍’ എന്നാണ്. oxygen=പ്രാണവായുവിന്റെ ‘പ്രാണ’യും പിന്നെ moron ന്റെ തത്തുല്യവും.

രാജേഷ് ആർ. വർമ്മ said...

അങ്ങനെയാണെങ്കില്‍ പ്രാണമൂഢന്‍ എന്നല്ലേ വരേണ്ടത്‌ എതിരാ?

മോളമ്മ said...

രാജേഷ്,
തെലുങ്കില്‍ വളരെയധികം ഉപയോഗിക്കുന്ന വാക്കാണ് ചെപ്പൂ. പറയൂ എന്ന അര്‍ത്ഥത്തിലും ചെരുപ്പ് എന്ന അര്‍ത്ഥത്തിലും. എന്നാല്‍ ചെപ്പുക എന്നൊരു വാക്ക് അവര്‍ക്കില്ല. ഒരിടത്തു നിന്ന് വന്നതാണെങ്കിലും മലയാളത്തില്‍ ഉപയോഗമില്ലാതെയും തെലുങ്കില്‍ വളരെയധികം ഉപയോഗിക്കപ്പെട്ടും ഇരിക്കുന്നു ഇത്.

കതിരന്‍,

കുഞ്ഞു'മോള്‍' & പെണ്ണ'മ്മ' യില്‍ നിന്നാണ് മോളമ്മ ഉണ്ടായത്.

എതിരന്‍ കതിരവന്‍ എന്ന് വച്ചാല്‍ എതിര് പറയുന്നോര്‍ക്കൊന്നും കതിരില്ല എന്നാണോ?

നിര്‍മ്മല,
മലയാളത്തില്‍ ഓക്സിമോര്‍ ആണെന്നറിയാതെ ഉപയോഗിക്കുന്ന ഒന്നാണ് 'ഭയങ്കര നല്ലത്'.

വിരോധം തോന്നുമാറുക്തി അല്ലേ വിരോധാഭാസം. ഓക്സിമോറിന് വിരോധകം മതിയാവില്ലേ രാജേഷ്

(കുഞ്ഞുമോള്‍)

രാജേഷ് ആർ. വർമ്മ said...

കുഞ്ഞുമോള്‍ ചെപ്പലിനെക്കുറിച്ചു ചെപ്പിയതിനോടു യോജിക്കുന്നു.

ഓക്സിമോറണ്‍-ന്റെ രണ്ടര്‍ത്ഥം കണ്ടില്ലേ? ഒന്നാമത്തേത്‌ വിരോധാഭാസം. രണ്ടാമത്തേതു വേണമെങ്കില്‍ വിരോധകമാകാം. വിരോധമില്ല.

എതിരന്‍ കതിരവന്‍ said...

മോളമ്മ/കുഞ്ഞുപെണ്ണ്:
അതെ, എതിരു പറയുന്നവര്‍ക്കൊന്നും കതിരു കൊടുക്കുകയില്ല. ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ ‘ എന്നു വിശ്വസിക്കുന്നവരെ കളിപ്പിക്കല്‍.
‘എതിര്‍ പാരാതത്’ എന്നു വച്ചാല്‍ (തമിഴ്) unparalleled എന്നാണ് അര്‍ത്ഥം. അപ്പോള്‍ എതിരന്‍ കതിരവന്‍ എന്നു വച്ചാല്‍ സൂര്യനു തുല്യനോ അതിലും ഗംഭീരനൊ എന്ന്.

പ്രിയ said...

ആറ് ദിവസം കൊണ്ടു ഈ പ്രപഞ്ചം മൊത്തം ഉണ്ടാക്കി ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന് ബൈബിള്. അത് ഞായര് ആണെന്നും അന്ന് ജോലി ഒന്നും ചെയ്യാതെ പള്ളിയില് പോയ് പ്രാര്ഥിക്കണം എന്നും വിശ്വാസം .

എന്നിട്ടും എന്തേ കലണ്ടറില് ആദ്യദിവസം ഞായര് ആയി ? (SUNDAY , MONDAY, TUESDAY... )

ദൈവം ആദ്യം വിശ്രമിച്ചിട്ടാ ബാക്കി 6 ദിവസം ജോലി ചെയ്തേ?

രാജേഷ് ആർ. വർമ്മ said...

ഞായറാഴ്ചയാണ്‌ ദൈവം സൃഷ്ടി തുടങ്ങിയത്‌. ശനിയാഴ്ച വിശ്രമിച്ചു. ക്രിസ്തുമതം ഉണ്ടാകുന്നതു വരെ ഈ ദൈവം ഉണ്ടാക്കിയ മനുഷ്യര്‍ ശനിയാഴ്ചയാണ്‌ ശബ്ബത്ത്‌ ആചരിച്ചിരുന്നത്‌. അതിനു ശേഷമാണത്രെ ഞായറാഴ്ച വിശ്രമദിവസം ആയത്‌.

മറുചോദ്യം: ശബ്ബത്ത്‌ ദിവസം ജോലിചെയ്യുന്നവര്‍ക്ക്‌ എന്തു പ്രതിഫലം കൊടുക്കണം എന്നു പുറപ്പാടു പുസ്തകം പറയുന്നു?

മോളമ്മ said...

ഉത്തരം:
ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവേക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.
(പുറ.31:15)

മേരിക്കുട്ടി(Marykutty) said...

സണ്‍‌ഡേ- അതയത് സൂര്യ ദേവന്റെ ദിവസം. ക്രിസ്തുമതത്തില്‍ കൂടുതലും അന്യമതത്തില്‍ നിന്നും കടമെടുത്ത ആചാരങ്ങളാണ്‌. ഉദാഹരണത്തിന് ക്രിസ്തുമസ്.

രാജേഷ് ആർ. വർമ്മ said...

നന്ദി മേരിക്കുട്ടി.

adheeni said...

ചെപ്പുക എന്നാൽ തലശേരി ഭാഗത്ത്‌ ദേഷ്യപ്പെട്ട് ഉച്ചത്തിൽ സംസാരിക്കുക (ആക്രോശിക്കുക) എന്ന അർത്ഥം കൂടി ഉണ്ട് എന്നാണ് കേ ട്ടറിവ് ...