എന്നാലും അത് ആദ്യമായി പറഞ്ഞയാള്‍ പറയാന്‍ ശ്രമിച്ചത് ഇതാണല്ലോ: ഒരു ഭാഷയുപയോഗിക്കുന്നവര് ഏറ്റവുമധികം എന്തിനെപ്പറ്റി സംസാരിക്കാന്‍ അതുപയോഗിക്കുന്നു അഥവാ ഉപയോഗിച്ചുപോന്നു എന്നത് അധികം പര്യായങ്ങളുള്ള വാക്കുകള്‍ തേടിപ്പോയാല്‍ കണ്ടുപിടിക്കാന്‍ കഴിയും. മലയാളിക്ക് snowയ്ക്കും iceനും fogനും frostനും sleetനുമെല്ലാം കൂടി മഞ്ഞെന്നൊരു വാക്കല്ലേയുള്ളൂ. നമ്മള് ജീവിതത്തെ അതിരറ്റു സ്നേഹിക്കുന്നതു കൊണ്ട് മരണത്തെക്കുറിക്കാന് മലയാളത്തില്‍ ഒരുപാടു വാക്കുകളുണ്ടെന്നു കവി ഡി. വിനയചന്ദ്രന് ("നാടുവാഴി നാടുനീങ്ങുന്നു, കഥാകൃത്തു കഥാവശേഷനാകുന്നു, കവി യശശ്ശരീരനാകുന്നു,...സാധാരണക്കാര്‍ വടിയാകുകയും തട്ടിപ്പോവുകയും കായുകയും വെടിതീരുകയുമൊക്കെച്ചെയ്യുന്നു" എന്നോ മറ്റോ അദ്ദേഹം പറയുന്നു).
നമ്മുടെ ഭാഷയെ സിനിമാപ്പാട്ടെഴുത്തുകാര്ക്കും ടി.വി.ക്കാര്‍ക്കും ബൂലോഗര്ക്കുമുപയോഗിക്കാന് ഒരു നിഘണ്ടുവോളം വലുതാക്കിയ മണിപ്രവാളകാലത്തെ എഴുത്തുകാരന് എസ്കിമോ മഞ്ഞിനെയെന്നപോലെ ഏറ്റവുമധികം കൈകാര്യം ചെയ്തിരുന്നത് എന്തായിരുന്നിരിക്കാം? എന്തിനെച്ചൊല്ലിയായിരിക്കും ഏറ്റവും ആനന്ദിച്ചതും രസിച്ചതും ചര്‍ച്ചചെയ്തതും കലഹിച്ചതും തരളനായതും സ്വപ്നംകണ്ടതും വ്യാകുലപ്പെട്ടതും? നിഘണ്ടു അരിച്ചുപെറുക്കി ഏറ്റവുമധികം പര്യായമുള്ള വാക്കു കണ്ടുപിടിക്കാനുള്ള സാങ്കേതികതയും വിവരവും വിവരസാങ്കേതികതയുമില്ലാത്തതുകൊണ്ടു ഒരു ഊഹം നടത്തി അതെത്രമാത്രം ശരിയാണെന്നു പരിശോധിക്കാമെന്നു കരുതി. സുന്ദരി എന്ന വാക്കിന് നിഘണ്ടുവില്‍ എത്ര പര്യായങ്ങളുണ്ടായിരിക്കും? ഊഹം മോശമായില്ല. ആകെക്കിട്ടിയത് 294 വാക്കുകളാണ്.
സൗന്ദര്യമുള്ളവള്‍ എന്നര്‍ത്ഥമുള്ള വാക്കുകള്‍ മാത്രം 75 എണ്ണമുണ്ട്. പിന്നെ നല്ല ശരീരമുള്ളവള്‍, നല്ല കണ്ണുള്ളവള്‍ (100 എണ്ണം - മൂന്നിലൊന്നും ഇതാണ്), നല്ല മുടിയുള്ളവള്‍ എന്നു തുടങ്ങി ഓരോ അവയവത്തിനും ധാരാളം വാക്കുകള്‍. താത്പര്യമുള്ളവര്‍ക്കുവേണ്ടി വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് താഴെക്കൊടുക്കുന്നു. പട്ടിക പൂര്‍ണ്ണമായി ഇവിടെ കാണാം.
ഗുണം | ഉദാഹരണം | എണ്ണം |
---|---|---|
മുടി | 26 | |
കറുത്തത് | കരിങ്കുഴലി | 5 |
വണ്ടിനെപ്പോലെയുള്ളത് | അളിവേണി | 1 |
പായല്‍ പോലെയുള്ളത് (!) | കണ്ടിപ്പുരികുഴലി | 1 |
കറ്റപോലെയുള്ളത് | കറ്റവാര്‍കുഴലി | 3 |
കാര്‍മേഘം പോലെയുള്ളത് | കൊണ്ടല്‍വേണി | 3 |
ചുരുണ്ടത് | പുരികുഴലി | 3 |
തഴ പോലെയുള്ളത് | തഴക്കാര്‍കുഴലാള്‍ | 1 |
പൂവുചൂടിയത് | മാലവാര്‍കുഴലി | 7 |
പൊതുവെ നല്ലത് | പൂവേണി | 2 |
മുഖം | 14 | |
ചന്ദ്രനെപ്പോലെയുള്ളത് | താരേശാസ്യ | 8 |
താമര പോലെയുള്ളത് | ജലജമുഖി | 2 |
പൊതുവേ നല്ലത് | സുമുഖി | 4 |
നെറ്റി | 2 | |
വില്ലു പോലെ വളഞ്ഞത് | ചിലനുതലാള്‍ | 1 |
പൊതുവേ നല്ലത് | ഒണ്ണുതലാള്‍ | 1 |
പുരികം | 3 | |
വളഞ്ഞത് | നതഭ്രൂ | 1 |
പൊതുവേ നല്ലത് | സുഭ്രൂ | 2 |
കണ്ണ് | 100 | |
പേടിച്ചത് | കാതരമിഴി | 3 |
മാനിന്റേതു പോലെ നീണ്ടത് | ഏണലോചന | 17 |
ഇളകുന്നത് | ചഞ്ചലാക്ഷി | 16 |
ചെരിഞ്ഞ (കണ്കോണുകൊണ്ടുള്ള) നോട്ടമുള്ള | പ്രതീപദര്‍ശിനി | 2 |
നീണ്ടത് | നെടുങ്കണ്ണി | 13 |
താമര പോലെയുള്ളത് | കമലാക്ഷി | 11 |
കറുത്തത് | നീലക്കണ്ണാള്‍ | 4 |
അലസമായത് | അലസാക്ഷി | 2 |
കരിം കൂവളപ്പൂ പോലെയുള്ളത് | ഉത്പലാക്ഷി | 3 |
മീനിന്റെ ആകൃതിയിലുള്ളത് | മീനാക്ഷി | 12 |
മഷിയെഴുതിയത് | മൈക്കണ്ണി | 2 |
കരിങ്കുരുകില്‍ (എന്തരോ എന്തോ) പോലെയുള്ളത് | ഖഞ്ജനനേത്ര | 1 |
ഉപ്പന്‍/ചെമ്പോത്തിന്റേതു പോലെ ചുവന്നത് | ചകോരാക്ഷി | 1 |
മദ്യം പോലെയുള്ളത് | മദിരാക്ഷി | 2 |
പൊതുവേ ഭംഗിയുള്ളത് | സുലോചന | 11 |
കണ്പീലി | 1 | |
പൊതുവേ ഭംഗിയുള്ള | പക്ഷ്മള | 1 |
ചുണ്ട് | 9 | |
തൊണ്ടിപ്പഴം പോലെയുള്ളത് | ബിംബാധരി | 1 |
പവിഴം പോലെയുള്ളത് | വിദ്രുമാധരി | 1 |
ചുവന്നത് | രക്താധരി | 5 |
വിറയ്ക്കുന്നത് | തരളാധരി | 1 |
മധുരമുള്ളത് | മധുരാധരി | 1 |
പല്ല് | 4 | |
വെളുത്തത് | ശുഭദതി | 2 |
പൊതുവേ ഭംഗിയുള്ളത് | സുദതി | 2 |
ശബ്ദം | 5 | |
കിളിയുടേതു പോലുള്ളത് | കിളിമൊഴി | 1 |
കുയിലിന്റേതു പോലുള്ളത് | കുയില്‍മൊഴി | 2 |
പൊതുവേ നല്ലത് | കളമൊഴി | 2 |
സംസാരം | 6 | |
പൊതുവേ നല്ലത് | ചടുലവാണി | 2 |
തേന്‍ പോലെയുള്ളത് | മടുമൊഴി | 4 |
കഴുത്ത് | 1 | |
ശംഖു പോലെയുള്ളത് | കംബുകണ്ഠി | 1 |
മാറ് | 9 | |
കുടം പോലെയുള്ളത് | കുംഭസ്തനി | 2 |
പന്തു പോലെയുള്ളത് | പന്തണിക്കൊങ്കയാള് | 1 |
കുന്നു പോലെയുള്ളത് | മാടണിമുലയാള്‍ | 1 |
ഭാരമുള്ളത് | പീനസ്തനി | 5 |
വയര്‍ | 1 | |
ഒതുങ്ങിയത് | കൃശോദരി | 1 |
അരക്കെട്ട് | 13 | |
ഒതുങ്ങിയത് | ക്ഷീണമധ്യ | 11 |
പൊതുവേ നല്ലത് | സുമധ്യ | 2 |
തുട | 4 | |
തുമ്പിക്കൈ പോലെയുള്ളത് | കരഭോരു | 1 |
വാഴത്തട പോലെയുള്ളത് | രംഭോരു | 1 |
പൊതുവെ വലിയത് | ഘനോരു | 2 |
നടപ്പ് | 8 | |
പതുക്കെയുള്ളത് | മന്ദഗമന | 2 |
ആനയുടേതു പോലെയുള്ളത് | ഗജഗാമിനി | 4 |
അരയന്നത്തിന്റേതു പോലെയുള്ളത് | അന്നനടയാള്‍ | 2 |
ശരീരം ആകെപ്പാടെ | 88 | |
താമരവളയം | ബിസാംഗി | 1 |
പുതുമയുള്ള | നവാംഗി | 1 |
മെലിഞ്ഞ | കൃശ | 6 |
മാര്‍ദ്ദവമുള്ള | മൃദുല | 2 |
വെളുത്തനിറമുള്ള | കനകാംഗി | 1 |
പൊതുവേ സൗന്ദര്യമുള്ള, മറ്റ് അവയവങ്ങള്‍ക്കു ഭംഗിയുള്ള | ശോഭന | 77 |
ആകെമൊത്തം | 294 |
കണ്ണുകള്‍ കാതില്ച്ചെന്നു തൊടുന്നതു നല്ലത്, മാറിടത്തിന്റെ ഭാരം കൊണ്ട് ശരീരം മുമ്പോട്ടു കുനിഞ്ഞിരുന്നാല്‍ കേമം, മാറിടത്തിന്റെയും നിതംബത്തിന്റെയും ഭാരം കാരണം നടക്കാന്‍ പതുക്കെയാണെങ്കില്‍ ഉത്തമം - ഇങ്ങനെ പോകുന്നു നിയമങ്ങള്‍.
ടി. പി. അനില്‍കുമാറിന്റെ ദാരുശില്പം തന്റെ അളവുകള്‍ ആരുടേതാണെന്നു കാഴ്ചക്കാരനോടു പറയുന്നതുപോലെ ഈ വാക്കുകള്‍ അവയെ തീര്‍ത്ത വാക്കാശാരിമാരുടെ (Wordsmiths) നാരായങ്ങള്ക്കു ചലനം പകര്‍ന്ന, എന്നോ ജീവിച്ചു മരിച്ച, പതിവ്രതമാരുടെയും കുലടകളുടെയും രാജകന്യകമാരുടെയുമൊക്കെ മെയ്യളവുകളെപ്പറ്റി നമ്മോടു പറയുന്നു. ആ പദശോഭകളുടെ കരിനിഴലുകളില്‍ ഏതൊക്കെയോ കവികളുടെ ഇക്കിളിസ്വപ്നങ്ങളുടെ സൗന്ദര്യസങ്കല്പങ്ങള്ക്കൊത്തു സ്വന്തം ശരീരം പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു നിരാശയില്‍ മുങ്ങിക്കഴിഞ്ഞിരിക്കാനിടയുള്ള മറ്റു കുറെ ജന്മങ്ങളെക്കുറിച്ചും.
സുന്ദരിയ്ക്ക് മുന്നൂറോളം പര്യായങ്ങളുണ്ടെന്നു കാണുമ്പോള്‍ സ്വാഭാവികമായും നോക്കിപ്പോകുന്നത് സുന്ദരന്‍ എത്രയെന്നാകുമല്ലോ. പതിവുപോലെ, ഈ മേഖലയിലും സ്ത്രീപുരുഷസമത്വം നിലനിന്നിരുന്നില്ലെന്നു കാണുന്നു. എണ്ണം 35. താമരയിതള് പോലെ വിടര്‍ന്ന കണ്ണുകളുള്ള പെണ്ണിന്റെ പര്യായങ്ങളോരോന്നും എണ്ണിപ്പറയാന്‍ മടികാണിക്കാത്ത നിഘണ്ടുകാരന് പോലും ആണിന്റെ കണ്ണിന്റെ കാര്യം വരുമ്പോള്‍ "അരവിന്ദപര്യായങ്ങളോട് നയനപര്യായങ്ങള് ഏതും ചേര്‍ത്ത് വിഷ്ണു, സുന്ദരന്‍ എന്നീ അര്‍ഥങ്ങളുള്ള പദങ്ങള്‍ ഉണ്ടാക്കാം." എന്നു പറഞ്ഞൊഴിയുന്നതല്ലാതെ അവയെല്ലാം നിരത്തിയെഴുതാന് ഉത്സാഹം കാണിക്കുന്നില്ല.
ഗുണം | ഉദാഹരണം | എണ്ണം |
---|---|---|
മുഖം | 1 | |
പൊതുവേ നല്ലത് | സുമുഖന്‍ | 1 |
കണ്ണ് | 15 | |
താമര പോലെയുള്ളത് | പങ്കജാക്ഷന് | 12 |
വലിയത് | വിശാലാക്ഷന് | 1 |
പൊതുവേ നല്ലത് | മുഗ്ധലോചനന്‍ | 2 |
ആരോഗ്യമുള്ളത് | 1 | |
പൊതുവേ സൗന്ദര്യമുള്ളത് | 18 | |
ആകെ മൊത്തം | 34 |
പത്തിനൊന്നു മാത്രം പര്യായങ്ങളാണു തങ്ങള്ക്കുള്ളതെന്നറിഞ്ഞ് ഒരു സുന്ദരനെന്ന നിലയില്‍ എനിക്ക് അമര്‍ഷം അടക്കാന്‍ കഴിയുന്നില്ല. ബാക്കി ഇരുനൂറ്റെഴുപതോളം പര്യായങ്ങള്‍ ഉടന്‍ ഉണ്ടാക്കി ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കവികളും നിഘണ്ടുകാരന്മാരും ഉള്‍ക്കൊള്ളുന്ന വ്യവസ്ഥാപിതസാഹിത്യലോകത്തോടു കത്തെഴുതിയും ഇ-മെയിലും എസ്.എം.എസും അയച്ചും ഫോണ്‍ ചെയ്തും പ്രതിഷേധിക്കാന്‍ നിങ്ങളും കൂടുമല്ലോ.
<< എന്റെ മറ്റു തോന്നിയവാസങ്ങള്‍
26 comments:
ഒരു മെയില്‍ ഷൊവനിസ്റ്റ് നിഘണ്ടുവിന്റെ പരിച്ഛേദം ;-)
ശരീരം വിട്ടൊരു വാക്കില്ല സ്ത്രീയെക്കുറിച്ച്, നോക്കലും പറയുമില്ല. അനുഭവമോ?
എന്റെ മാഷെ ഇത് കൊറെ മെനക്കെട്ടല്ലോ..
എന്തായാലും ഈ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് എനിയ്കിഷ്ടമായി, അതോടൊപ്പം കേട്ടു പരിചയമുള്ള കുറെ പേരുകളുടെ സമാനാര്ത്ഥങ്ങളും അറിയാന്‍ സാധിച്ചു.
ഇനിയിപ്പം ‘പുണ്ഡീവരാക്ഷന്‘ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇവിടെ തപ്പാമല്ലോ!!
താങ്ക്സ് മാഷേ!
പങ്കജാക്ഷി
കോമളാംഗി/കോമളന്
സുനയനി
വാരിജാക്ഷി/വാരിജാക്ഷന്‍
ഉല്പലാക്ഷന്
(ഏനിവിലോചനയാണോ ഏണീവിലോചനയാണോ)
ഗഗനവിലോചന എന്നൊരു വാക്കുണ്ടോ?
അതുപോലെ പേടമാന്മിഴി
നന്നായി. മലയാളം പ്രണയവിരുദ്ധമാണു, ഡാര്‍ളിങ്, സ്വീറ്റ് ഹാര്‍ട്ട്, ഹണി ഇതിനൊന്നും അടുത്ത് വരുന്ന വാക്കൊന്നും മലയാളത്തിലില്ല എന്ന് ഇന്നാളു നമത് വിലപിക്കുന്നുണ്ടായിരുന്നു. എന്തിനാണതൊക്കെ? ഈ ഐറ്റംസ് ഉപയോഗിച്ച് തുടങ്ങിയാല്‍ മതിയല്ലോ.
പഷ്മളേ, എന്‍ മൈക്കണ്ണി.. പീനസ്തനിയാം നിന് വിദ്രുമാധരിയില് നിന്നൊഴുകി വരും കിളിമൊഴി കേള്‍ക്കവേ മദിരാക്ഷിയായ് നീയെന്നോര്ത്തുപോയ് നിന്നുടെ മുഗ്ധലോചനന്‍ എന്നൊക്കെ വേണം ഇനി പ്രണയകാര്ഡുകളില് എഴുതാന്‍.
സമത്വത്തിലേക്ക് ഒരു സ്റ്റെപ്പെങ്കില് ഒരു സ്റ്റെപ്പ് എന്ന പോളിസി പുറത്ത് എന്റെ വക രണ്ട് വാക്ക്
മദിരാക്ഷന്‍, ബ്രഹതോദരന്
സുന്ദരന്‍ എന്ന വാക്കിന് പര്യായമായി ഉപയോഗിക്കുന്ന പല പദങ്ങളും നിഘണ്ഡുവിലെഴുതാന് പറ്റാത്തതോണ്ടാ ഈ പ്രശ്നം വന്നത്. :) സാരമില്ല.
ഉദാഹരണം വേണോ? ;)
ആണുങ്ങള്‍ക്ക് അവരുടെ മനസ്സിന്റെ സ്വഭാവമനുസ്സരിച്ചും പര്യായങ്ങളുണ്ടല്ലോ;
വിശാലമനസ്കന്, സങ്കുചിതമനസ്കന്‍...:)
മാറിടത്തിന്റെ ഭാരം കൊണ്ട് മുന്നോട്ടു കുനിഞ്ഞ ശരീരം എന്നൊക്കെ പറയുമ്പോള്‍ barbarian invasions-ലെ ഒരു സംഭാഷണം ഓര്‍ത്തു..
Thier breasts outweighs their brain
The amount of blood it requires drains the brain...
സൌന്ദര്യത്തിന്റെ കൂടെ വിനയവും മര്യാദയും ഉള്ളവരെകൂടി കൂട്ടുമെങ്കില്‍ പ്രതിഷേധത്തില്‍ ഞാനും ചേരുന്നു..:)
രാജിന്റെ കമന്റിലുണ്ടെല്ലാം.:)
സാഹിത്യത്തിലും കലയിലും സ്ത്രീ ശരീരത്തിനു പ്രാമുഖ്യം വന്നതിനെപ്പറ്റി മലയാളത്തില്‍ കൂടുതല്‍ എഴുതേണ്ടതുണ്ട്. ബ്ലോഗില്‍ അടുത്തകാലത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് (നോട്ടക്കുറവു വന്നതെന്ന് ഞാന്‍ വിലയിരുത്തുന്നതെങ്കിലും) ഒരു കുറിപ്പ് വന്നത് നമതുവാഴ്വും കാലത്തിന്റേതാണ്. വില്പനച്ചരക്കാകുന്ന സ്ത്രീയെക്കുറിച്ച്.
പുതിയ ചോക്കലേറ്റ് പുരുഷസങ്കല്പത്തിനു ചേരുന്ന ഒരു പര്യായം സിനിമയില്‍ നിന്ന്: തത്തമ്മച്ചുണ്ടന്‍ ! മെട്രോമെയ്ല് 20% വരെ സ്ത്രീസ്വഭാവങ്ങള് ഉള്ളവനാകാം എന്നാണ് വയ്പ്പ്. പദസമ്പത്ത് വിപുലമായേക്കും. ഉടനെ.
തഥാഗതന്റെ കമന്റ് സൂചിപ്പിക്കുന്നതുപോലെ ലേഖനത്തിലെ ലിസ്റ്റ് പൂര്‍ണം അല്ല. പര്യായങ്ങള്‍ കൂടുതല്‍ ഉള്ള നാമങ്ങള്‍ വേറേയുണ്ടാകാനും ഇടയുണ്ട്. (വിഷ്ണൂ ശിവന് മുതലായ ദേവന്മാര്ക്ക് ഉറപ്പായും പര്യായങ്ങള്‍ അധികം ഉണ്ട്; അഗ്നി വായു/കാറ്റ് സമുദ്രം സൂര്യചന്ദ്രന്മാര് മുതലായവര്‍ക്കും സാധ്യത തോന്നുന്നു -- തോന്നല്‍ മാത്രം)
വായിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത് എല്ലാ സുന്ദരികള്‍ക്കും സുന്ദരന്മാര്ക്കും നന്ദി. വിക്കിനിഘണ്ടുവിലേക്കുള്ള ലിങ്ക് തിരുത്തി.
പെരിങ്ങോടരേ,
ശരീരം വിട്ടുള്ള വാക്കുകള്‍ സ്ത്രീയെക്കുറിച്ച് ഇല്ലാതില്ല. എന്നാലും ഇത്രയും വരില്ല. ഉദാ: സുശീല, വരയുവതി തുടങ്ങിയവ. ഇക്കൂട്ടത്തില്‍ത്തന്നെ പലതും സുന്ദരി എന്നതിനു പുറമേ മറ്റും അര്‍ത്ഥങ്ങളുള്ള വാക്കുകളാണ്. ഉദാ: സുകുമാരി.
മറ്റൊരാള്‍,
പുണ്ഡീവരാക്ഷന് ആയിരിക്കില്ല, പുണ്ഡരീകാക്ഷന്‍ ആയിരിക്കും - വെളുത്ത താമരപ്പൂവുപോലെ മനോഹരമായ കണ്ണുകളോടുകൂടിയവന്‍.
തഥാഗതരേ,
താങ്കള്‍ പറഞ്ഞ വാക്കുകളെല്ലാമുണ്ട്. വിക്കിയിലേക്കുള്ള ലിങ്കു നോക്കുമല്ലോ. ഏനിയെ ഏണിയാക്കി തിരുത്തി. എന്റെ പിഴ.
ഗഗനവിലോചന നിഘണ്ടുവില്‍ കാണുന്നില്ല. ആകാശം പോലെ നീലിമയുള്ള കണ്ണുകളുള്ളവള്‍ എന്നാണോ?
ഡാലീ,
മലയാളം പ്രണയവിരുദ്ധമല്ല. മലയാളിയും മലയാളിച്ചിയും പ്രണയവിരുദ്ധരായിട്ട് അധികം നാളായിട്ടില്ല. ഡാര്‍ലിങ്ങിന് ചിലവാക്കുകള്‍ (സ്തീലിംഗം): ഓമന, ഓമലാള്‍, പ്രിയ, പ്രിയതമ, ദയിത, അരുമ, സുപ്രിയ, സുഭഗ. കാര്‍ഡെഴുതാന്‍ ബുദ്ധിമുട്ടേണ്ട. ഇതൊന്നും നമ്മള് ഉപയോഗിക്കാത്തതു വളര്ത്തുദോഷമായിരിക്കും. ഇവിടെ ഇതൊന്നും കാണാത്തത് സുന്ദരിയുടെ പര്യായങ്ങള്‍ മാത്രം തെരഞ്ഞുപോയതുകൊണ്ടാണ്.
മദിരാക്ഷന്‍ ഇഷ്ടമായി. ബ്രഹദോദരന് സുന്ദരനാവാന്‍ വഴിയില്ല.
കണ്ണൂസ്,
നിഘണ്ടുവില്‍ എഴുതാന്‍ പറ്റാത്ത വാക്കുകളില്ലല്ലോ. അഥവാ ബ്ലോഗില്‍ എഴുതാന്‍ പറ്റില്ല എന്നു തോന്നുന്നെങ്കില്‍ ഇ-മെയിലില്‍ അറിയിച്ചോളൂ. :-)
റോബി,
ബാര്‍ബേറിയന്‍ ഇന്വേഷന്സ് വളരെ ഇഷ്ടമായ പടമാണ്. കേരളത്തില്‍ ബാര്‍ബേറിയന്‍ ആക്രമണങ്ങള്‍ നടക്കുന്നതിനു മുമ്പുള്ള ഒരു മദനോത്സവക്കാലത്തായിരിക്കണം ഈ വാക്കുകളില്ക്കൂടുതലും വിറ്റഴിഞ്ഞത്. പിന്നെ, മര്യാദക്കാരുടെ പ്രതിഷേധം വരുമ്പോള്‍ അറിയിക്കാം. തത്ക്കാലം സുന്ദരന്മാര് മാത്രം കൂടിയാല്‍ മതി. :-)
ഗുപ്തന്,
ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്ന പട്ടിക ഉദാഹരണങ്ങളും എണ്ണങ്ങളുമാണ്. നിഘണ്ടുവില്‍ നിന്നു കിട്ടിയതു മുഴുവന്‍ കാണണമെങ്കില്‍ വിക്കി നിഘണ്ടുവിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തത്തമ്മച്ചുണ്ടന്‍ കൊള്ളാം. എന്തായാലും പുകവലി നിന്നുകിട്ടിയല്ലോ. ഡാലി പറഞ്ഞതിനോടു സാമ്യമുള്ള മദിരോദരന് ഇന്നത്തെ മിക്ക സുന്ദരന്മാര്ക്കും ചേരും.
വിഷ്ണുവിനും ശിവനും ദേവിയ്ക്കും കൂടുതല്‍ പര്യായങ്ങള്‍ ഉണ്ടാകാന്‍ വഴിയുണ്ട്. ആയിരം പേരു വീതം ഉള്ളവരല്ലേ. "നാരായണന് തന്റെ പദാരവിന്ദം, നാരീജനത്തിന്റെ മുഖാരവിന്ദം" എന്നാണല്ലോ പൂജ്യവസ്തുക്കളുടെ പട്ടിക.
ഡാലി,
പറയാന്‍ മറന്നു. "പക്ഷ്മളേ, എന്‍ മൈക്കണ്ണീ" എന്നു തുടങ്ങുന്ന കൃതി നന്നായിട്ടുണ്ട്. ചലച്ചിത്രഗാനരചനയില്‍ ശോഭനമായ ഭാവി കാണുന്നുണ്ട്.
പിന്നെ, ഹണിയാദി വാക്കുകള്‍ക്ക് നിത്യോപയോഗത്തില് ചക്കര, മുത്ത്, ചക്കരമുത്ത്, പൊന്ന്, തങ്കം, തങ്കക്കുടം, കണ്ണ്, കരള്‍ തുടങ്ങിയ പര്യായങ്ങളും ഉണ്ടല്ലോ.
ഇത്തിരി കയറിയ നെറ്റിയും, ഉണ്ണികുടവയറും പുരുഷസൌന്ദര്യ ലക്ഷണമാണെന്നു ആരോ (പുറകില്‍ നിന്നാണെന്ന് തോന്നുന്നു) പറഞ്ഞതില്‍ നിന്നാണു ബൃഹതോദരന് ഉണ്ടായത്. സൌന്ദര്യം പോരെങ്കില്‍ വേണ്ടാ തിരിച്ചെടുത്തു.. :)
“നിന്റെ കാണാത്ത മാമ്പഴങ്ങള്‍“ എന്ന പാട്ട് കേട്ടപ്പോള്‍ ചെറ്യോരു കോണ്‍ഫിഡന്‍സ് ഈ സിനിമാ പാട്ടെഴുത്തില്‍ ഉണ്ടാര്‍ന്നു. ഇനി ഒന്ന് ശ്രമിച്ചു നോക്കന്നെ. :)
നമത് പറഞ്ഞത് പബ്ലിക്കായി വിളിക്കാവുന്ന വാക്കുകള്‍ എന്നാനെന്ന് തോന്നുന്നു. കരള്‍, മുത്ത്, ഓമലേ പോയിട്ട് ഡാര്‍ലിങ് എന്ന് പോലും ഞാനോ പരിചത്തിലുള്ള മല്ലൂസോ പബ്ലികായിട്ട് വിളിക്കുന്നില്ല. ഓയ്, ദേ നോക്യേന് , മനുഷ്യാ, എന്നൊക്കെ മാറി പേരു വിളിക്കാം എന്ന നിലയിലായിരിക്കുന്നു. വളര്‍ത്ത് ദോഷംതന്നെ.
http://disorderedorder.blogspot.com/2008/02/blog-post_14.html
ആദ്യത്തെ ടേബിള്‍ ഒത്തിരി സ്പേസ് ഇടയില്‍ വിടുന്നു, ഒരു പേജോളം. എന്റെ ഐ ഇ 6 ആയോണ്ടാവോ? വേറെ ആര്‍ക്കും പ്രശ്നമില്ലേ?
'പുണ്ഡരീകാക്ഷന്‍' അതെ അതുതന്നെ.
തെറ്റ് തിരുത്തി തന്നതിന് വളരെ നന്ദി. അച്ഛന്റെ പരിചയത്തിലുള്ള ഒരു സാറിന്റെ പേരാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ട ഈ പേരിന്റെ വ്യത്യസ്തത കാരണം ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്താണ്.
കൊറിയക്കാര്‍ക്കു പറ്റിയ ഒരു പേര് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്:)‘കുഞ്ഞിക്കണ്ണന്’.
ഇത് സുന്ദരന്റെ പര്യായമായി കണക്കാക്കാമോ രാജേഷേട്ടാ?:)
ഓഫ്. കൊറിയന്‍ സുന്ദരന്മാര്ക്കും കൊറിയയില്‍ പോയി സുന്ദരന്മാരെന്ന മട്ടില്‍ നടക്കുന്നവര്‍ക്കും പറ്റും പ്രമോദേ.....
ഓഫിന്റെയും ഓഫ്. അപ്പോള്‍ ആ പാവം ലാപുടയുടെ സൌന്ദര്യം നീ എന്തുവച്ചളക്കും ?
ഹിഹി:)
മീശ വെച്ചളക്കാം പോരേ?
ഡാലി,
നമതിന്റെ പോസ്റ്റും ചര്‍ച്ചയും വായിച്ചിട്ടു പിന്നെഴുതാം.
കുമ്പയും പുറത്തുരോമവും കഷണ്ടിയും മറ്റും പുരുഷന്റെ ലക്ഷണങ്ങളാണെന്നുള്ള പ്രമാണം ഞാന്‍ മറന്നുപോയി. 'ബൃഹദോദരന്' പറ്റില്ലെന്നു പറഞ്ഞതു തിരിച്ചെടുത്തിരിക്കുന്നു. ധൂമവദനന്, കഷണ്ടിശിരസ്ക്കന് ഇതൊക്കെ ആകാം.
ഇഞ്ചി,
പഠിച്ച പണി പതിനേഴും നോക്കി ഒടുവില്‍ പതിനെട്ടിന് ആ അനാവശ്യ സ്പെയ്സ് ഒഴിവായിക്കിട്ടി. html tableന്റെ ഇടയില്‍ വരികള്‍ മുറിക്കരുതെന്നായിരുന്നു ബ്ലോഗറിന്റെ മനസ്സിലിരിപ്പ്.
പ്രമോദേ,
"കുഞ്ഞിക്കണ്ണന്" കൊള്ളാം. ഓരോ വംശവും അവര്‍ക്കു സ്വന്തമായുള്ളതു സ്വന്തമായിരുന്നെങ്കില്‍ എന്ന് ആഗ്രഹമുള്ളതുമായ ഗുണങ്ങള്‍ കേമമായി പറയും. ചുരുണ്ടമുടി നമ്മുടെ സൗന്ദര്യലക്ഷണവും സ്വര്‍ണ്ണമുടി സായിപ്പിന്റേതുമാകുന്നതുപോലെ. (സുഭാഷ് ചന്ദ്രന്റെ ഒരു കഥയില്‍ കണ്ണില്ലാത്ത ഒരാള്‍ക്ക് കുഞ്ഞിക്കണ്ണന് എന്നു പേരുണ്ട്.)
...ചേലൊത്ത മൂക്കീ അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ
ദരിദ്രയില്ലത്തെ യവാഗു പോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തീ....
(തോലനാണെന്നു തോന്നുന്നു, പഴയ ഓര്‍മ്മ)
“വിരൂപാക്ഷന്” എന്ന വിശേഷണം എനിയ്ക്കു ചേരും.
“ആജാനുബാഹു”വോ? ലംബോദരന്?
പഞ്ചതന്ത്രത്തില്‍ മൂന്നു ആണ്മീനുകള്:
ചിന്താശീലന്, അതിചിന്താശീലന്, ചിന്താരഹിതന്
അനാഗതശ്മ്ശ്രുവിനെ എല്ലാര്ക്കും അറിയാം.
പെണ്ണുങ്ങള്‍ക്കു ഈ പേരുകളൊന്നു പോരെന്നെ. “നിന്നെ ഞാനെന്തു വിളിക്കും” എന്നു പ
ണ്ടു ഞാന്‍ പാടീയത് അതുകൊണ്ട്.
ഒരു ചേച്ചിയുമായി സംഭാഷണം:
ചേച്ചി:ചെല്ലട്ടെ. മോന് ഉണര്‍ന്നു കാണും
ഞാന്‍: മോനോ?. മക്കള്‍ ഇവിടെയില്ലന്നല്ലെ പറഞ്ഞത്?
ചേച്ചി: അത് ഭര്‍ത്താവിനെയാണ് ഉദ്ദെശിച്ചത്. സാധാരണ “മോന്” എന്നതിനു മുന്‍പു ഒരു വാക്കു ഉപയോഗിക്കാറുണ്ട്.
നമ്മള് പൊതുവേ സുന്ദരന്മാരാണല്ലോ, എഴുതാന്‍ പോയാല്‍ കണ്ണൂസേട്ടന് മുതല്‍ എഴുതേണ്ടി വരും, അല്ലെ ? ;)
എന്നാലും ഡാലീസ് ബൃഹതോദരന് എന്ന് പറയണ്ടാര്‍ന്നു; തോരന്ന്നൊക്കെ!
ഡാലി,
നമതെഴുതിയതു വായിച്ചു. പരസ്യമായി പ്രേമം പ്രകടിപ്പിക്കാന്‍ മലയാളിക്കു ഭാഷയെക്കാള്‍ ശീലം (സംസ്ക്കാരം, സാഹചര്യങ്ങള്‍ എന്നൊക്കെ പറയാം) ആണെന്നു തോന്നുന്നു പ്രതിബന്ധം. അതുകൊണ്ടാണല്ലോ ഡാലി പറഞ്ഞതുപോലെ നമ്മള് ഇംഗ്ലീഷ് വാക്കുകളുപയോഗിച്ചും അതു ചെയ്യാത്തത്. ഊണുകഴിഞ്ഞു വായ കഴുകുന്നതിലും ആലിംഗനം ചെയ്യുന്നതിലും വീട്ടില്ക്കയറുന്നതിനു മുമ്പു ചെരുപ്പൂരുന്നതിലുമെന്നപോലെ ഈ ശീലത്തിലും കീഴ്വഴക്കമെത്ര ശതമാനം, അനാരോഗ്യകരമായ അമര്ത്തിവെക്കല് എത്ര ശതമാനം, ആരോഗ്യകരമായ ആത്മനിയന്ത്രണം എത്ര ശതമാനം എന്നൊക്കെ നമുക്കെന്നല്ല വിദഗ്ധന്മാര്ക്കുതന്നെ ഉറപ്പുണ്ടാകുമെന്നു തോന്നുന്നില്ല.
ദൈവമേ,
അവിടുന്നു പറഞ്ഞ ശ്ലോകത്തിന്റെ ഒന്നാം പകുതി ഇങ്ങനെയാണെന്നോര്മ്മ:
അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ...
ഇങ്ങനെ സുന്ദരമെങ്കിലും ആഭിജാത്യം കുറഞ്ഞ ഭാഷയിലുള്ള സ്തുതികേട്ടു പിണങ്ങിയ രാജ്ഞിയെ (കാമുകിയെന്നും കേട്ടിട്ടുണ്ട്) "അര്‍ക്കശുഷ്ക്കഫലകോമളസ്തനീ..." എന്നു തുടങ്ങി വൈരൂപ്യത്തെ അഭിജാതഭാഷയില് മുക്കിയ ശ്ലോകം ചൊല്ലി തോലന് സംതൃപ്തയാക്കിയെന്ന് ഐതിഹ്യം. ഭാഷയുടെ മേന്മ, സൗന്ദര്യം എന്നീ സങ്കല്പങ്ങളെ ഇതിലും ഭംഗിയായി ബന്ധിപ്പിക്കുന്ന വേറൊരു കഥ ഓര്‍ക്കുന്നില്ല.
എതിരന്‍,
പതിവുപോലെ എതിരന്റെ കമന്റുകള്‍ പോസ്റ്റിനെ പുതിയ മേഖലകളിലേക്കു കൊണ്ടുപോകുന്നു. നന്ദി. "അനാഗതശ്മശ്രു" എന്നത് വരാമെന്നു സമ്മതിച്ചിട്ടു വരാതിരിക്കുന്ന അതിഥികളെ കുറിക്കാനാണുപയോഗിക്കുന്നതെന്നാണു ഞാന്‍ കരുതിയത് :-)
പച്ചാളം,
:-)
പ്രതിഷേധിച്ച എല്ലാവര്ക്കും നന്ദി!
സുന്ദരവിഡ്ഢിക്കു് എത്ര പര്യായമുണ്ടു് ?
പര്യായങ്ങളൊന്നും കാണുന്നില്ല. സുന്ദരന്‍ എന്നു കേള്‍ക്കുമ്പോള്‍ ഉടന്‍ വിഡ്ഢി എന്നുകൂടി അതിന്റെ കൂടെ തോന്നാറുണ്ടോ?
എങ്കില്‍ സെബിന് പറയൂ: സുന്ദരവിഡ്ഢിയുടെ സ്ത്രീലിംഗം എന്ത്?
“ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയനദ്വയന്തീ” എന്നോ മറ്റോ അല്ലേ തോലകവിയുടെ വരികള്‍ രാജേഷേട്ടാ?
അതെ പ്രമോദേ. ദരിദ്രയില്ലത്തെയാണോ ദരിദ്രരില്ലത്തെയാണോ എന്നൊരു സംശയം.
മലയാളിയ്ക്കു പണ്ടേ ഇഷ്ടമില്ലാത്ത ഒരു വിളിയായിരുന്നു കഞ്ഞിയെന്നതും കൂടിയാവാം സ്തുതിയ്ക്കപ്പെട്ടവള്ക്ക് ഈ സ്തുതി ഇഷ്ടപ്പെടാതെ വരാന്‍ മറ്റൊരു കാരണം. തന്റെ കുടവയറില്ക്കുടികൊണ്ട്, തന്റെ എല്ലാവിധ മൂച്ചിനും കാരണമായിയിരിക്കുന്ന ഭക്ഷണസാധനത്തെ കഴിവില്ലായ്മയുടെയും കൊള്ളരുതായ്മയുടെയും പര്യായമാക്കിയവര് മലയാളിയെപ്പോലെ മറ്റുണ്ടോ എന്തോ?
ചൈനയിലേതുപോലെ കൊറിയയിലും കഞ്ഞിയുണ്ടോ? കഞ്ഞിയും കിഴങ്ങനും അവര്‍ക്കും പരിഹാസ്യമായ വാക്കുകളാണോ?
കൊറിയയില്‍ കഞ്ഞി ഉണ്ട്,പക്ഷെ ഉപ്പിടില്ല.
Post a Comment