ഹോളിവുഡാവാന്‍ ഞങ്ങളെക്കൊണ്ട് അനായാസം പറ്റുമെന്നുള്ള ബോളിവുഡിന്റെ നാട്യത്തിന്റെ ഫലമായുണ്ടായ പടങ്ങളില്‍ പലതിലും ഹോളിവുഡായി നടിക്കുന്ന ബോളിവുഡിനെയേ കാണാന്‍ കഴിയുന്നുള്ളൂ. കൂള്‍ ആയ നടീനടന്മാരെയും കൂള്‍ ആയ സാങ്കേതികവിദ്യകളും കൂള്‍ ആയ അമേരിക്കന്‍ ബ്രാന്‍ഡുകളും ഇണക്കി നിര്‍മ്മിച്ച, ഹോളിവുഡിലായിരുന്നെങ്കില്‍ നേരെ വീഡിയോയില്‍ ചെന്നൊടുങ്ങുമായിരുന്ന ദേശി ഉല്പന്നങ്ങളില് നിന്നു വേറിട്ടു നില്ക്കുന്നു നവാഗതനായ ഹോമി അദജാനിയയുടെ ബീയിങ്ങ് സൈറസ്. ഉദ്വേഗജനകമായ ഒരു കഥയെ കഴിവുറ്റ നടീനടന്മാരുടെ സഹായത്തോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ഈ ഇംഗ്ലീഷ് ഭാഷാ ചിത്രം.
ചത്തുതുലയുകയും ചാവാതെ തുലയുകയും ചെയ്യുന്ന കഥാപാത്രങ്ങളെ കാര്‍ട്ടൂണുകളായി വരച്ചാല്‍ കാണികള്‍ക്കു നീരസം കുറയുമെന്ന കണക്കുകൂട്ടല്‍ ശരിയാവാമെങ്കിലും അതിശയോക്തി തെല്ലുകുറച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആഴമേറിയ സിനിമാനുഭവമായേനേ എന്നു തോന്നി. കഥാപാത്രങ്ങളിലൊരാള്‍ തന്നെ കഥപറയുന്ന പല ചിത്രങ്ങളിലും സംഭവിക്കുന്നതുപോലെ അയാള്‍ അറിഞ്ഞിട്ടില്ലാത്ത സംഭവങ്ങളെ ആഖ്യാനത്തിലുള്‍പ്പെടുത്തുന്ന പിശക് ഈ ചിത്രത്തിലും കണ്ടു. 'ഇങ്ങനെയാവാം പിന്നീടു സംഭവിച്ചത്' എന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ വിശ്വാസ്യത കൂടിയേനേ. സൂപ്പര്‍ താരങ്ങളായിരുന്ന പലരും കാണികള്‍ക്കിഷ്ടപ്പെടാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍, "ഇതു ഞാനല്ല, ഞാന്‍ ഇങ്ങനെ അഭിനയിക്കുന്നതാണ്. കണ്ടു രസിക്കൂ" എന്നൊരു സമീപനം ഡിംപിള്‍ കപാഡിയയുടെ അഭിനയത്തില്‍ അനുഭവപ്പെട്ടു.
ഒന്നൊഴികെ എല്ലാ കഥാപാത്രങ്ങളും പാഴ്സികളായ, ഒരു പാഴ്സി സംവിധായകന്റെ ഈ ചിത്രം കൗതുകത്തിനുവേണ്ടി ആചാരവിശേഷങ്ങളെയും മറ്റും ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനപ്പൂര്‍വം വിട്ടുനിന്നതു ശ്രദ്ധേയമായി. കൊലപാതകങ്ങളുടെയും പണക്കൊതിയുടെയും അവിഹിതബന്ധങ്ങളുടെയും വൃത്തികേടിന്റെയും കഥപറയുന്ന ഒരു രുചികരമായ ത്രില്ലറായി ഒതുങ്ങിനില്ക്കാന് ശ്രമിയ്ക്കുമ്പോള്‍പ്പോലും സമ്പത്തിന്റെ ക്ഷണികതയുടെയും വ്യര്‍ത്ഥകാമനകളുടെയും ഹിംസയെ പെറ്റുകൂട്ടുന്ന ഹിംസയുടെയും കയ്പ് കാണികളുടെ വായില്‍ അവശേഷിപ്പിക്കാന്‍ കഴിയുന്നത് അത്ര സാധാരണമല്ല, ബോളിവുഡിലെങ്കിലും.
5 comments:
ഈ ചിത്രം കണ്ടിരുന്നു ..ഇപ്പോള്‍ ഹിന്ദി സിനിമ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടു..Rahul BOse അഭിനയിച്ച കുറെ ചിത്രങ്ങള്‍
കണ്ടിരുന്നു.. ഒക്കെയും പതിവു പ്രമേയങ്ങളില്‍ നിന്നും മാറിയായിരുന്നു..
qw_er_ty
പ്രിയംവദ, നന്ദി. കണ്ടുപിടിച്ചു കാണുന്നുണ്ട്.
നല്ല വിശകലനം. കാണാനായ് കാത്തിരിക്കുന്നുണ്ട്.
രാഹുല്‍ ബോസിനെ പോലെ തന്നെ കൊണ്കണ സെന്‍ ശര്‍മ്മയുടെ സിനിമകളും വ്യത്യസ്തങ്ങളായി തോന്നിയിട്ടുണ്ട്.
ബീയിങ് സൈറസ് കാണാന്‍ മാര്‍ക്ക് ചെയ്ത സിനിമയാണ്. ‘മൈ ബ്രദര്‍ നിഖിലും‘ കാണണമെന്നുണ്ട്.
ഏറനാടന്‍, ദില്ബന്, നന്ദി.
കൊങ്കണയുടെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് അയ്യര്‍, 15 പാര്‍ക്ക് അവന്യൂ (അമ്മ അപര്‍ണാസെന്‍ വക), തിത്ലി എന്നിവ വ്യത്യസ്തതയുള്ള പടങ്ങളായിരുന്നു. വേറൊന്നും കണ്ടിട്ടില്ല.
Post a Comment