Sunday, August 20, 2006

വടക്കുംനാഥന്‍

അടുത്തകാലത്തു കണ്ട മിക്ക മലയാളം പടങ്ങളെക്കാളും നല്ലത്‌ എന്നു പറഞ്ഞാല്‍ അതൊരു പ്രശംസായി ആരും വിചാരിക്കുകയില്ലല്ലോ. ഇതു കാണണമെന്നു ശുപാര്‍ശ ചെയ്തവരിലുള്ള മതിപ്പുമൂലവും ഗിരീഷ്‌ പുത്തഞ്ചേരിയുടെ തിരക്കഥ എന്നു കേട്ടതുകൊണ്ടും പ്രതീക്ഷ കുറച്ചു കൂടിപ്പോയി എന്നതാണ്‌ എനിക്കു പറ്റിയ അബദ്ധം.

കേള്‍ക്കാന്‍ സുഖമുള്ള ഒരു പേരിട്ടതായിരിക്കും. അല്ലാതെ പടവുമായുള്ള ബന്ധം പിടികിട്ടിയില്ല.

കഥപറയാന്‍ ഫ്ലാഷ്‌ബാക്കുപയോഗിക്കുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ, ഫ്ലാഷ്‌ബാക്ക്‌ നായകന്റേതാവുമ്പോള്‍, അതില്‍ വരുമായിരുന്ന പല സംഭവങ്ങളും പരിണാമഗുപ്തിയ്ക്കു വേണ്ടി വിട്ടുകളഞ്ഞതു നന്നായില്ല. ഇതിനകത്തു നായിക അറിയുന്ന സംഭവങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂ എന്നതുകൊണ്ട്‌ നായികയുടെ ഫ്ലാഷ്‌ബാക്കാക്കുന്നതായിരുന്നു ഭേദം.

നായകനെ സംസ്കൃതസര്‍വ്വകലാശാലയിലെ വേദാന്തം പ്രൊഫസറാക്കിയത്‌ പുതുമയ്ക്കുവേണ്ടിയായിരിക്കും. അതോ കഥയുടെ ഋഷികേശ്‌ പശ്ചാത്തലവുമൊക്കെച്ചേര്‍ന്ന്‌ കാഴ്ചക്കാരെ ഒന്നു കുഴക്കിക്കളയാം എന്നുവെച്ചിട്ടോ?

കരണത്തടി (രണ്ടെണ്ണം പ്രേക്ഷകരുടെ മുന്‍പില്‍ വെച്ച്‌) കിട്ടും തോറും നായകനോടുള്ള ആരാധന വര്‍ധിക്കുകയും നായകനും വില്ലനും തമ്മില്‍ അടിനടക്കുമ്പോള്‍ അതിന്റെ ഫലപ്രഖ്യാപനമുണ്ടാവാന്‍ കാത്ത്‌ കാറിലിരിക്കുകയും ചെയ്യുന്ന ഒരു 'പൂച്ചക്കുട്ടന്‍' ആയി പദ്മപ്രിയയെ സങ്കല്‍പിക്കാന്‍ വിഷമമുണ്ട്‌. നയന്‍താരയോ മറ്റോ ആയിരുന്നു ഭേദം.

ഭാര്യയെ കരണത്തടിയ്ക്കുന്ന കഥാപാത്രങ്ങളില്‍ നായികയുടെ സഹോദരനുമുണ്ട്‌. തൃശ്ശൂര്‍ ജില്ലയിലൊക്കെ ഇതു സാധാരണ പരിപാടിയായിരിക്കും.

വല്ലപ്പോഴുമൊരിക്കല്‍ മാത്രം അബ്‌നോര്‍മല്‍ ആയി പെരുമാറുന്ന നായകനെ വിട്ട്‌ എപ്പോഴും അബ്‌നോര്‍മല്‍ ആയിത്തന്നെയിരിക്കുന്ന സഹോദരനെക്കൊണ്ട്‌ മകളെ വിവാഹം കഴിപ്പിക്കാന്‍ നായികയുടെ അച്ഛന്‍ തീരുമാനിക്കുന്നതിനു വിശ്വാസ്യതയില്ല.

നല്ല കുറെ പാട്ടുകളെഴുതിയിട്ടുള്ള ഗിരീഷ്‌ പുത്തഞ്ചേരിയില്‍ നിന്ന് ഇതിലും നല്ല തിരക്കഥകള്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നു.

22 comments:

Adithyan said...

വടക്കുംനാഥന്‍ തമ്മില്‍ ഭേദമുള്ള തൊമ്മനാണെന്ന് ആരൊക്കെയോ പറയുന്നതു കേട്ടിരുന്നു. വന്നു വന്ന് കണ്ടിരിക്കാവുന്ന മലയാള സിനിമകള്‍ ഇല്ലാതാവുകയാണോ?

bodhappayi said...

പാട്ടും പിന്നെ നമ്മുടെ തുളസിയുടെ നാടും കൊള്ളാം.

Anonymous said...

പാട്ടിനു വേണ്ടി വെരുതേ ഉണ്ടാക്കിയ ഒരു പടം എന്നേ എനിക്ക് തോന്നിയുള്ളു..കണ്ടിറങ്ങി കഴിയുമ്പോള്‍ പാട്ടുകളല്ലാതെ വേറേ ഒരൊട്ട scene പോലും മനസ്സിലേക്ക് വന്നില്ല...

Anonymous said...

*തിരുത്തുകള്‍
വെറുതേ
ഒരൊറ്റ

രാജേഷ് പയനിങ്ങൽ said...

സം‌വിധായകന്‍റെ ആദ്യ സിനിമയല്ലല്ലൊ ഇതു.

Obi T R said...

ഇതു രണ്ടുപേരുടേം അദ്യസംരംഭം അല്ല.
എന്നാലും എതേലും വിവരമുള്ള ഒരച്ഛന്‍ ഇന്നാ എന്റെ മോള്‍ നീ അവളെ എവിടേലും കൊണ്ടു പോയി കല്യാണം കഴിച്ചെടുത്തോ എന്നു പറഞ്ഞു ഒരുത്തന്റെ കൂടെ വിടുമോ? അത്രക്ക്‌ നിര്‍ബന്ധം ആണേല്‍ കൂടെ പോയി ഒന്നും കൈ പിടിച്ചു കൊടുക്കാനുള്ള മര്യാദയെങ്കിലും കാണിക്കായിരുന്നു..
എനിക്കു ആ സിനിമയില്‍ ആകെ ഇഷ്ടതപെട്ടതു ഹിമാലയത്തില്‍ വെച്ചുള്ള സീനുകള്‍ മാത്രം. ഒരു പക്ഷേ കാമറമാന്റെ മിടുക്കു കാരണം ആയിരിക്കാം.

Sivadas said...

ഒരു തല്ലിപ്പൊളി സിനിമയാണ്. മനുഷ്യനെ പറ്റിക്കാന്‍ വേണ്ടി “വടക്കുംനാഥന്‍“ എന്നൊരു പേരുമിട്ട്..... കഷടം തന്നെ മലയാളം സിനിമയുടെ കാര്യം. മോഹന്‍ലാലിന്ടെ കാര്യമാണ് അതിലും കഷടം. “തന്മാത്ര” ബാധിച്ചിരിക്കുന്നു.
സത്യത്തില്‍ കരഞ്ഞു പോയി, കാശു പോയതു ഓര്‍ത്ത്..... ആകെ പാട്ടുകള്‍ മാത്രം കൊള്ളാം.
- ശിവദാസ്.

റീനി said...

ഞാനും ഇന്നലെ വടക്കുംനാഥന്‍ കണ്ടു. മൂവിയ്ക്ക്‌ എന്തിനാണ്‌ ആ പേരിട്ടിരിക്കുന്നത്‌ എന്ന് ആലോചിച്ചു നോക്കിയിട്ട്‌ ഒരു പിടിയും കിട്ടുന്നില്ല. പുണ്യ സ്ഥലങ്ങള്‍ ഒക്കെ വടക്കാണോ?

'തന്മാത്ര'"കാഴ്ച""പെരുമഴക്കാലം" എന്നീ മൂവികളുടെ അത്രയും നിലവാരം ഇല്ലയെങ്കിലും ....ഇപ്പോള്‍ ഇറങ്ങുന്ന പല മുവികളുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ എത്രയോ മെച്ചമാണ്‌.

മനസ്സില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകള്‍....കണ്ണുകള്‍കൊണ്ടു കഥ പറയുന്ന കാവ്യ....എന്തു കൊണ്ടോ പഴയ ശാരദയെ ഓര്‍മ്മിപ്പിക്കുന്ന പദ്‌മപ്രിയ....

Unknown said...

വടക്കുംനാഥന്‍=തമ്മില്‍ ഭേദം തൊമ്മന്‍!

രാത്രി 1 മണിക്ക് ഉറക്കമിളച്ചിരുന്ന് കണ്ടതാ രണ്ട് ദിവസം മുമ്പ്. ആ പേരുമായുള്ള ബന്ധം മോഹന്‍ലാല്‍ വടക്കുംനാഥന്റെ മുമ്പില്‍ ശയന പ്രദക്ഷിണം നടത്തി എന്നതാവണം.മുഷിപ്പിക്കാത്ത സിനിമ. എന്റെ പ്രതീക്ഷകള്‍ വാനോളമായിരുന്നത് കൊണ്ടാവണം ചെറിയ നിരാശയും തോന്നി കണ്ട് കഴിഞ്ഞപ്പോള്‍.

പദ്മപ്രിയയെ ശരിക്കും ഇഷ്ടപ്പെട്ടു. കാവ്യ ആസ് യൂഷ്വല്‍! മോഹന്‍ലാല്‍ തന്മാത്രയില്‍ നിന്ന് വ്യത്യസ്തനാവാന്‍ കഷ്ടപ്പെടുന്നത് പോലെ തോന്നി.

സു | Su said...

സിനിമ എന്നു പറഞ്ഞാല്‍ ഒരു നായകന്റേയോ നായികയുടേയോ പടം അല്ല. അതില്‍ ഒരുപാട് വിജയഘടകങ്ങള്‍ ഉണ്ട്. മോഹന്‍‌ലാലിന്റെ പടത്തിനു പോകുന്നവര്‍ ലാലേ ശരണം എന്നും പറഞ്ഞ് പോകരുത്.

ലാലേട്ടന്‍ ഒരു സിനിമയില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ ആ സിനിമ കാണാന്‍ പോകും. പക്ഷെ ലാലേട്ടന്‍ ഒറ്റയ്ക്കാണ് ആ ചിത്രത്തില്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ അങ്ങനെ ഒരു സിനിമയ്ക്ക് പോലും പോകുമോന്ന് സംശയമാണ്.

വടക്കും‌നാഥന്‍ എന്ന ചിത്രത്തില്‍ യേശുദാസിന്റെ പാട്ടുണ്ട്. കളഭം തരാം എന്നൊരു നല്ല പാട്ടുണ്ട്. കാവ്യാമാധവനുണ്ട്. അഭിനയം എന്താന്ന് അറിയുന്ന പത്മപ്രിയ ഉണ്ട്. രവീന്ദ്രന്‍ മാഷിന്റെ സംഗീതമുണ്ട്.
ഒരു നല്ല സിനിമയുടെ ഘടകങ്ങള്‍ ഇതൊക്കെയും ആവാം. കഥയും അത്ര മോശമൊന്നും അല്ല.

Sreejith K. said...

സിനിമയ്ക്ക് വടക്കുംനാഥന്‍ എന്ന പേരിട്ടത്, പടം പുറത്തിറക്കാന്‍ പറ്റാതെ വന്ന ഒരു അവസ്ഥയില്‍ നിര്‍മ്മാതാവ് തൃശ്ശൂര്‍ വടക്കുംനാഥന്‍ അമ്പലത്തില്‍ പ്രാര്‍ത്ഥിച്ചത് ഫലവത്തായതിനാലാണെന്ന് എവിടേയോ വായിച്ചിരുന്നു. ചിത്രം യാതൊരു നിലവാരവും പുലര്‍ത്തിയില്ല എന്നു തന്നെ എന്റേയും അഭിപ്രായം. സിനിമ കണ്ടിറങ്ങുമ്പോള്‍ നായകന്റെ വട്ട് കാണികള്‍ക്കും പകര്‍ന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ചിത്രീകരണവും ഒന്ന് രണ്ട് പാട്ടുകളും കൂടാതെ സിനിമയിലെ ചില ഡയലോഗുകളും‍ എനിക്കിഷ്ടപ്പെട്ടു. സാമ്പിള്‍ ഇതാ‍
1) നായകന്‍: ഇവിടെ വന്ന് ബഹളമുണ്ടാക്കാന്‍ നിനക്ക് ബ്രാന്തുണ്ടോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം എനിക്കാണല്ലോ ബ്രാന്ത്.
2) നായകന്‍ വില്ലനോട്: അപ്പൂപ്പന്‍ താടി പറന്ന് നടക്കുന്നത് കണ്ട് ഭൂമിക്ക് ഗുരുത്വാകര്‍ഷണബലമില്ലെന്ന് നീ കരുതരുത്.

രാജ് said...

അസഹനീയം, അവസാനത്തെ പയറ്റ് മാത്രം നന്നായി. ലാലെന്ന പഹയനു കൈയും കാലും വീശാനറിയാം [പെരിങ്ങോട്ടുകാര് ചവുട്ടി ഉഴിഞ്ഞതിന്റെ ഫലം ;)]

Anonymous said...

ഹാവൂ! ഭാഗ്യം.. ഒരു സിനിമയും കൂടി അങ്ങിനെ കാണണ്ട..

അരവിന്ദ് :: aravind said...

പഴയ (സത്യന്‍-ശ്രീനി-മോഹന്‍ലാല്‍, പ്രിയന്‍-മോഹന്‍ലാല്‍ , ലോഹിതദാസ്-സിബിമലയില്‍ ടീമുകളുടെ സുവര്‍ണ്ണകാലം) സിനിമകളോട് ഇടിച്ചു നില്‍ക്കുന്ന ക്വാളിറ്റി പടങ്ങളേ കാണൂ എന്ന് ശഠിച്ചിരുന്നാല്‍ ഇക്കാലത്ത് മലയാളപടങ്ങള്‍ ഒന്നും തന്നെ കാണേണ്ടി വരില്ല. തമ്മില്‍ ഭേദപ്പെട്ട തൊമ്മനെ തെരെഞ്ഞെടുക്കൂ..ആശ്വസിക്കൂ..
ഈയിടെ ഇങ്ങനെ തമ്മില്‍ ഭേദം എന്ന് തോന്നിയ പടങ്ങള്‍.

തന്മാത്ര - എന്തുകൊണ്ടോ, കാഴ്ചയേക്കാള്‍ എനിക്കിഷ്ടപ്പെട്ടു. മോഹന്‍‌ലാല്‍ ഫാന്‍ ആയതിനാലാകാം.പക്ഷേ കാഴ്ചയുടെ ഫസ്റ്റ് ഹാഫ് അതിമനോഹരം. നല്ല ഒഴുക്കാണ്.

നരന്‍ - നാട്ടിലായിരുന്നേ ആ മലവെള്ളത്തിലെ കുത്തൊഴുക്കിലെ മോഹന്‍ലാലിന്റെ തടി പിടുത്തത്തിനു ഞാന്‍ ചാടിയെണീറ്റ് കൈയ്യടിച്ചേനെ...സൂപ്പര്‍ ഹ്യുമണ്‍ ആയിട്ടും ഒട്ടും അംഭഗി തോന്നാഞ്ഞ ഒരു പടം. ഭീമന്‍ രഘുവും വളരെ നന്നായിട്ടുണ്ട്. ശരിക്കും ക്ഷ പിടിച്ചു. ആസ്വദിച്ചു. ടൈം പാസ്!

ചന്ദ്രോത്സവം : മോഹന്‍‌ലാലിന്റെ ആ സ്റ്റൈല്‍ കാണാന്‍ മാത്രം ഈ പടം കാണാം. കഥയും മറ്റും സാധാരണം..എന്നാലും മോഹന്‍‌ലാലിനെ കണ്ട് കൊണ്ടിരിക്കാം. ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നത് ചിലപ്പോള്‍ അരോചകമാണെങ്കിലും, ചില ഡയലോഗുകള്‍ (എന്നതാ മുല്ലപ്പൂ ഒക്കെയായിട്ട് സെറ്റപ്പ് കൊള്ളാലോ? സ്റ്റൈല്‍) രസിച്ചു. ജഗദീഷിന്റെ കഷ്ടകാലം വെളിവാക്കുന്ന പടം.

ലയണ്‍ : കൊള്ളാം. ദിലീപിന്റെ സരസമായ സംഭാഷണങ്ങള്‍.

പാണ്ടിപ്പട : ബെലേ ഭേഷ്...ആവണക്കെണ്ണ..അല്ല വണക്കമണ്ണ തൊട്ട്...ചിരിച്ചു ചിരിച്ചു.....വെറും കോമഡി. ബാറ്റില്‍‌ഷിപ്പ് പോട്ടംകിന്‍ കണ്ട് കഞ്ചാവു പുകച്ച് ചിന്തിക്കുന്നവര്‍ ആ ഏരിയയിലേക്ക് പോവരുത്.

പച്ചക്കുതിര : ആവറേജ്. സലീം കുമാറും ദിലിപിന്റേയും ചില സംഭാഷണങ്ങള്‍ കൊള്ളാം. ആകാശ് മേനോന്‍, ഡിസാസ്റ്റര്‍. ഒരു സെന്റി സീന്‍ അഭിനയിക്കാന്‍ സിലീപ് ഒരു മൂന്ന് പ്രാവിശ്യം കൂടി ജനിക്കണം എന്ന് ഈ ചിത്രത്തിന്റെ അവസാനസീനുകള്‍ തെളിയിക്കുന്നു.

പിന്നെ ചില ഹിന്ദിയും കണ്ടു:

ബീയിംഗ് സൈറസ് : നല്ല പടമാണ്. സസ്പെന്‍സ് ത്രില്ലര്‍. ലോജിക്കല്‍. ഇഷ്ടപ്പെട്ടു.
യുന്‍ ഹോതാ തോ ക്യാ ഹോതാ : നസറുദ്ദീന്‍ ഷായുടെ ആദ്യ സംവിധാനസംരഭം..സത്യമായിട്ടും..നിരാശപ്പെടുത്തി. എങ്കിലും വെറുതേ, ഫോര്‍ റെക്കോര്‍ഡ്‌സ് ഒന്നു കണ്ട് നോക്കൂ.

ഓംകാര കാണാന്‍ കിടക്കുന്നു.


ഇനി
കണ്ടു കൊണ്ടിരുന്നപ്പോള്‍ സ്ക്രീന്‍ എറിഞ്ഞു പൊട്ടിക്കാന്‍ തോന്നിപ്പിച്ച ചില അലവലാതി പടങ്ങള്‍

ഭരത് ചന്ദ്രന്‍ ഐ.പി.എസ് : വാട്ടീസ് ദിസ്? ദൈവമേ ഇതെങ്ങനെ നാട്ടില്‍ ഹിറ്റായി? സുരേഷ് ഗോപിയെ കണ്ടാല്‍ രണ്ടും കല്പിച്ച് രണ്ട് പൊട്ടിക്കാന്‍ തോന്നും. മലയാള സിനിമയില്‍ സെന്‍സറിംഗ് നിര്‍ത്തിയോ? എന്തൊക്കെ തെറികളാണ് പറയുന്നത് !! ബോള്‍സ് മാന്‍ എന്ന് ഒരു പെണ്ണുമ്പിള്ള. കൊള്ളാം...മലയാളികള്‍ക്ക് ഒന്നും മനസ്സിലാകാത്തത് കൊണ്ട് കൈയ്യടിച്ചുകാണും.

പൊലീസ് : ഇത് പടമോ ? പ്രുഥ്വിരാജിനും സഹോദരനും ഇതിന്റെ സംവിധായകനും പേ പിടിച്ചോ?

അനന്ദഭദ്രം : ഇതൊക്കെ എഴുതിവിടുന്നവന്‍ നാലാം ക്ലാസ്സും ഗുസ്തിയുമാണോ? ആ നിലവാരം കണ്ടിട്ട് തോന്നിയതാണ്.കഷ്ടപ്പെട്ടുണാക്കിയ കാശ് ഇങ്ങനെ വേസ്റ്റാക്കാന്‍ ഈ നിര്‍മ്മാതാക്കള്‍ക്കെങ്ങനെ തോന്നുന്നു ആവോ!

മധുചന്ദ്രലേഖ : അഭിപ്രായം പറയാന്‍ അശക്തന്‍. പടം തുടങ്ങി ഇരുപത് മിനിട്ടായപ്പോഴേക്കും ഞാന്‍ പുറത്ത് ചാടി.

ഒരിടം : ഈ വേശ്യ, പിന്നെക്കുറേ മിണ്ടാത്ത സീനികള്‍ ഇതൊക്കെ ചുമ്മായെടുത്ത് കാണിച്ചാല്‍ അവാര്‍ഡ് കിട്ടുമോ? ഇതൊക്കെ ഉണ്ടാക്കുന്നവന്‍ ഒരു സിം‌പിള്‍ കഥയായ “കഴകം” ഒന്ന് കാണുന്നത് നല്ലതാണ്. സോഷ്യല്‍ സ്റ്റി‌ഗ്മയുള്ള ഒരു വിഷയവും വേണ്ട, കഴിവുള്ളവന്‍ സിനിമയെടുത്ത് ശ്രദ്ധ കിട്ടുവാന്‍. അല്ലെങ്കില്‍ റ്റി,വി ചന്ദ്രന്റെ ഏതെങ്കിലും പടം.(എന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഒരു വേള്‍‌ഡ് ക്ലാസ് സംവിധായകനാണ്. അടൂരിനേക്കാളൊക്കെ എത്രയെത്ര മെച്ചം!)

bodhappayi said...

അനന്ദഭദ്രം നല്ലതല്ലന്നൊ!!! അരവിന്ദാ അടി. അടുത്ത കാലത്ത് കണ്ടതില്‍ വെച്ചു എനിക്കിഷ്ടപെട്ട ഒരു സിനിമയാ അതു. നല്ല സിനിമാട്ടൊഗ്രാഫി, സംഭാഷണം, അഭിനയം. മനോജ് കെ ജയന്റ്റെ തിരിച്ചു വരവല്ലെ അതില്‍ കണ്ടതു. ഒരു മുത്തശ്ശികഥ പോലേ നല്ല സിനിമ.

ബിന്ദു said...

ഇതു വരെ വടക്കുംനാഥന്‍ കാണാന്‍ പറ്റിയിട്ടില്ല. പാട്ടു കേട്ടു. അപ്പോള്‍ കാണണ്ട എന്നാണോ എല്ലാരും പറയുന്നത്? ;)

രാജേഷ് ആർ. വർമ്മ said...

ആദിത്യന്‍, കുട്ടപ്പായി, പ്രമോദ്‌, സു,
ആര്‍ദ്രം, obi, ശിവദാസ്‌, റീനി, ദില്‍ബാസുരന്‍, ശ്രീജിത്ത്‌, പല്ലി, പെരിങ്ങോടന്‍, ചുക്കുകാപ്പി, അരവിന്ദ്‌,ബിന്ദു, അഹം,

എല്ലാവര്‍ക്കും ചര്‍ച്ചയ്ക്കു നന്ദി

Obi,

ഞാനറിഞ്ഞില്ലല്ലോ. ഗിരീഷ്‌ പുത്തഞ്ചേരിയുടെയും ഷാജൂണിന്റെയും മുന്‍ പടങ്ങള്‍ ഏവ?

ഓബിയുടെ പേര്‌ സ്റ്റാര്‍ വാഴ്സില്‍ നിന്നെടുത്തതാണോ? ഓബിയുടെ പ്രിയപ്പെട്ട പടങ്ങളിലൊന്നായ ഗുഡ്‌ ബൈ ലെനിന്‍ എനിക്കും വളരെ ഇഷ്ടപ്പെട്ടതാണ്‌.

തുളസി,

ഇതൊരു ശാശ്വതപ്രശ്നമാണ്‌. "പടം നല്ലതാണ്‌, എനിക്കിഷ്ടമായില്ല" എന്നും "പടം നല്ലതല്ല, പക്ഷേ, എനിക്കിഷ്ടമായി" എന്നും ഇഷ്ടപ്പെടാത്തവരും ഇഷ്ടപ്പെട്ടവരും പറയണമെന്നു മറുകൂട്ടര്‍ പറഞ്ഞുകൊണ്ടിരിക്കും :-)

വര്‍മ്മേ,

നമ്മളെ വെറുതെ വിടാത്തവന്മാരെ നമ്മളെന്തിനു വെറുതെ വിടണം? പിന്നെ, ബ്ലോഗിന്റെ പേരില്‍ Helo World ഒരെല്ലു കുറവുണ്ടു കേട്ടോ.

:-)

Anonymous said...

അതേയ്..കഥ എഴുതാന്നൊക്കെ പറഞ്ഞ് മനുസന്മാരെ പറ്റിക്കാന്‍ തൊടങ്ങീട്ട് ഇമ്മിണി കാലയല്ലാ മാഷെ...എപ്പളാ ഇനി? അടുത്ത ബ്ലൂമൂണിനാ?

VINEETH 4U 4 EVER said...

വദക്കുംനാതന്‍ വലിയ ഒരു കഥാമൂല്യമൊന്നും ഇല്ല..
പാട്ടുകള്‍- കൊള്ളാം...എദീറ്റിങ് വളരെമൊസമ്‌
സ്ലൊവ് മൂവീ

Obi T R said...

വടക്കുംനാഥനു മുന്നെ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ഒരു ഒരു സിനിമ Greetings ആണു, കാവ്യ മാധവന്‍, ജയസൂര്യ ഒക്കെ അഭിനയിച്ചത്. അതിനു മുന്നെ ഉള്ളതൊന്നും ഓര്‍മ്മയീല്ല. ഗിരീഷ് പുത്തഞ്ചേരി മുന്‍പു Renjith ന്റെ അസോസ്സിയേറ്റ് തിരക്കഥാകൃത്തായിട്ട് വര്‍ക്ക് ചെയ്തിരുന്നു.. വി എം വിനു ന്റെ പല്ലാവൂര്‍ ദേവനാരായണ്‍ എന്ന സിനിമയുടെ തിരക്കഥ അദ്ദേഹത്തിന്റേതാണു.

ഇപ്പോള്‍ നല്ല സിനിമ കാണല്‍ കുറവാണു. അടുത്തു കണ്ടതില്‍ പ്രീയനന്ദനന്റെ പുലിജന്മം ആണിഷ്ടപെട്ടത്.

aneel kumar said...

വൈദ്യശാസ്ത്രത്തെപ്പറ്റിയൊക്കെ അറിഞ്ഞു സംസാരിക്കാറുള്ള മോഹന്‍‌ലാല്‍, മയോകാര്‍ഡിയല്‍ ഇന്‍‍ഫ്രാക്‍ഷന്‍ എന്ന വാക്കെങ്കിലും തെറ്റാതെ പറയാന്‍ ശ്രദ്ധിക്കണമായിരുന്നു.

ഒരു തട്ടിക്കൂട്ടുപടം.

രാജേഷ് ആർ. വർമ്മ said...

ഓബി,

നന്ദി. ആദ്യചിത്രമാണെന്നുള്ള തെറ്റായ പരാമര്‍ശം മാറ്റി.

പല്ലാവൂര്‍ ദേവനാരായണന്‍ ഒരു പന്നപ്പടമാണെന്നു പലരും പറഞ്ഞതുകൊണ്ടു കണ്ടില്ല.

പുലിജന്മം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്‍. പ്രഭാകരന്റെ നോവല്‍ 'ഏഴിനും മീതെ' മാതൃഭൂമിയില്‍ വന്നതാണ്‌. വളരെ നല്ലതായിരുന്നു. നാട്ടില്‍ വന്നപ്പോഴാണ്‌ ടി വിയിലും മറ്റും വരുന്നു എന്നു കേട്ടത്‌. പലരോടും അന്വേഷിച്ചെങ്കിലും എവിടെ ഓടുന്നു എന്നറിയാന്‍ കഴിഞ്ഞില്ല.

വിന്‍ലോലു, അനില്‍,
നന്ദി