Tuesday, August 15, 2006

സ്വാതന്ത്ര്യദിനസ്മരണകള്‍

പോര്‍ട്‌ലന്‍ഡില്‍ വെച്ച്‌ 2003 ഓഗസ്റ്റ്‌ 15-ന്‌ നടന്ന ഒരു വിധിനിര്‍ണ്ണായകമായ അക്ഷരശ്ലോകസദസ്സിനെത്തുടര്‍ന്നാണ്‌ ഞാന്‍ ഒരു ശ്ലോകരോഗിയായി മാറിയത്‌. ഇതില്‍ ഒരു പ്രമുഖബ്ലോഗര്‍ക്ക്‌ വലിയ പങ്കുണ്ട്‌. ആ രഹസ്യം വെളിപ്പെടുത്താനും ആ ബ്ലോഗറെപ്പറ്റി മാന്യവായനക്കാര്‍ക്കു മുന്നറിയിപ്പുതരാനും ഈ മൂന്നാം വാര്‍ഷികദിനം ഉപയോഗിച്ചുകൊള്ളട്ടെ.

പുണ്യഭൂമിയായ തിരുവല്ലയില്‍ പുണ്യശ്ലോകികളില്ലാതിരുന്നതു കൊണ്ട്‌ ഞാന്‍ ഒരിക്കലും ശ്ലോകത്തിന്റെ സ്വാധീനവലയത്തില്‍ പെട്ടില്ല. ബാലതാരമായിരുന്ന ഒരു അക്ഷരശ്ലോകക്കാരിയെ കല്യാണം കഴിച്ചെങ്കിലും ആ വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം എന്നോടു കനിവുതോന്നി എന്നെ ശ്ലോകങ്ങള്‍ക്ക്‌ അടിമയാക്കിയില്ല. ഞാന്‍ ഷിക്കാഗോയിലായിരുന്നപ്പോള്‍ അവിടെ ആള്‍ക്കാരെ ശ്ലോകം ചൊല്ലിക്കേള്‍പ്പിക്കുന്ന ഒരാള്‍ വരുന്നു എന്നുകേട്ട്‌ ഞാന്‍ വേഗം തന്നെ അവിടം വിട്ടു പോര്‍ട്‌ലന്‍ഡിലേക്കു പോന്നു. അവിടെയുള്ള ആളുകള്‍ വേഗം തന്നെ ആപത്തു തിരിച്ചറിഞ്ഞ്‌ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും ഷിക്കാഗോയില്‍ ഇരകള്‍ കിട്ടാതെ വരികയും ചെയ്തതിനെത്തുടര്‍ന്ന് ഇദ്ദേഹവും പോര്‍ട്‌ലന്‍ഡിലേക്കു വരികയുമാണുണ്ടായത്‌. വിധിയെ തടുക്കാന്‍ ആര്‍ക്കു കഴിയും!

ഇവിടെ ഇദ്ദേഹം വന്ന് രണ്ടുമൂന്നു വര്‍ഷത്തോളം അദ്ദേഹത്തില്‍ നിന്നു രക്ഷപെട്ടുജീവിക്കാന്‍ സൂക്ഷ്മതമൂലം എനിക്കു കഴിഞ്ഞു. എന്നാല്‍, ഇന്നേക്കു മൂന്നുവര്‍ഷം മുന്‍പ്‌, ആ ദുര്‍ദ്ദിനത്തില്‍ വൃത്തത്തില്‍ ചതുരനായ ഇദ്ദേഹം എന്നെ പിടികൂടിയ സംഭവം ഇന്നും എനിക്ക്‌ ഒരു നടുക്കത്തോടുകൂടിയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഓഫീസില്‍ ഞാന്‍ കര്‍മ്മനിരതനായിരിക്കുന്ന വേളകളില്‍ ഫോണില്‍ വിളിച്ച്‌, വൃത്തം, അലങ്കാരം, ഭാഷാചരിത്രം, വ്യാകരണം, സംസ്കൃതം തുടങ്ങിയ മേഖലകളിലെ വിവരങ്ങള്‍ എന്റെ മേല്‍ അടിച്ചേല്‍പിക്കുക, എനിക്ക്‌ പഠിയ്ക്കാനായി ശ്ലോകങ്ങള്‍ എഴുത്തിത്തരിക, അവ കൃത്യസമയത്ത്‌ പഠിക്കാതിരുന്നാല്‍ എന്നെ ശാരീരികമായി ഉപദ്രവിക്കുക, മാനസികമായി തളര്‍ത്തുക എന്നിങ്ങനെ വിവരണാതീതമായ ദുരിതങ്ങളാണ്‌ എനിക്കു സഹിക്കേണ്ടിവന്നത്‌. എന്തിനേറെ പറയുന്നു? ഞാനും ഒരു ശ്ലോകരോഗിയായി എന്നതായിരുന്നു പരിണതഫലം.

എന്നെ സ്വാധീനിച്ചു കഴിഞ്ഞ ഇദ്ദേഹം ഇന്റര്‍നെറ്റ്‌ എന്ന മാരകായുധം ഉപയോഗിച്ച്‌ ഒരു അക്ഷരശ്ലോകഗ്രൂപ്പ്‌ തുടങ്ങുകയും നിരപരാധികളായ പലരും അതില്‍ വീഴുകയുമുണ്ടായി. അതുകൊണ്ടും നിര്‍ത്താതെ ബ്ലോഗ്‌, വിക്കിപീഡിയ തുടങ്ങിയ പുതിയ മാധ്യങ്ങളുപയോഗിച്ച്‌ ഇദ്ദേഹം തന്റെ ദൂഷിതവലയം വിശാലമാക്കുകയും അതില്‍ നിഷ്കളങ്കരായ പലരും ചെന്നുപെട്ട്‌ 'ഊനകാകളി', 'സ്വാഗത' എന്നൊക്കെ പറഞ്ഞു നടക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഇതിനു നിശ്ശബ്ദസാക്ഷിയായിരിക്കാന്‍ ഇനി എനിക്കു കഴിയില്ല എന്നു ഞാന്‍ തീരുമാനിച്ചതിന്റെ ഫലമാണ്‌ ഈ കുറിപ്പ്‌. ഒരു ഗുരുവായി അറിയപ്പെടുക എന്നതാണ്‌ ഇദ്ദേഹത്തിന്റെ ചിരകാലാഭിലാഷം. ഈ ഗൂഢോദ്ദേശ്യത്തോടെയാണ്‌ ഇദ്ദേഹം തന്റെ ബ്ലോഗിന്‌ 'ഗുരുകുലം' എന്ന്‌ പേരുകൊടുത്തിരിക്കുന്നത്‌.

ഇദ്ദേഹത്തിന്റെ ഇരകളില്‍ താരതമ്യേന ഭാഗ്യശാലിയായ ഞാന്‍ ശ്ലോകത്തില്‍ ഒതുങ്ങിനിന്നെങ്കില്‍, ബ്ലോഗില്‍ ഗണിതം, ജ്യോതിശ്ശാസ്ത്രം, റഷ്യന്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ തുടങ്ങിയ പല പീഡനമുറകളും അദ്ദേഹം ഒരുക്കിവെച്ചിട്ടുണ്ട്‌. ഇതിലൊക്കെ ചെന്നുപെട്ടാല്‍ ജീവിതം തന്നെ തുലയുമെന്നും എന്നെപ്പോലെ വിവര്‍ത്തനവും മറ്റുമായി ജീവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു തന്നുകൊണ്ട്‌, ഈ സ്വാതന്ത്ര്യദിനം നിങ്ങള്‍ക്ക്‌ അടിമത്തത്തില്‍ നിന്നുള്ള ശാശ്വതസ്വാതന്ത്ര്യത്തിന്റേതാകട്ടെ എന്നാശംസിച്ചുകൊണ്ട്‌ ഉപസംഹരിക്കട്ടെ.

ജയ്‌ഹിന്ദ്‌!

<< എന്റെ മറ്റു മനോഗതങ്ങള്‍

30 comments:

-B- said...

ഒരാള്‍ പിടിയനായിരുന്നു അല്ലേ ഈ ദേഹം. ഇത്‌ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഊന കാകളി രക്ഷപ്പെട്ടേനെ. യു ആര്‍ സോ ലേറ്റ്.

എനിക്കു വയ്യ ചിരിക്കാന്‍... എന്റമ്മോ.. :)

Manjithkaini said...

അപ്പോ അതിനാണിദ്ദേഹം ചെലവു മുഴുവനെടുക്കാം എല്ലാവരും പോര്‍ട്ട്‌ലാന്‍ഡിലേക്കു പോരൂ എന്നിടക്കിടെ വിളിച്ചു കൂവാറ്. ഹോ ഈ പോസ്റ്റിട്ടതു നന്നായി. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാമല്ലോ :)

വേ: വേ. അപ്‌കമിംഗ് (upkmmj)

അപ്‌കമിംഗ് ശ്ലോകരോഗി എന്നോമറ്റോ ആണോ?

Santhosh said...

കഴിഞ്ഞയാഴ്ച പോര്‍ട്‍ലന്‍ഡിലേയ്ക്ക് വിട്ട വണ്ടി വഴിയ്ക്ക് യു ടേണ്‍ അടിച്ചത് എത്ര നന്നായി:)

ഉമേഷ്::Umesh said...

എന്തു പറയാന്‍? ഇക്കാലത്തു് ഒരുത്തര്‍ക്കും ഉപകാരം ചെയ്യാന്‍ പാടില്ല, സ്വാതന്ത്ര്യദിനത്തില്‍പ്പോലും :-)

എനിക്കു പറയാനുള്ളതൊക്കെ ഇവിടെ പറഞ്ഞിട്ടുണ്ടു്. ശേഷം ചിന്ത്യം!

കണ്ണൂസ്‌ said...

ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു!!

മായാവലയത്തില്‍ ആദ്യമേ പെട്ടിരുന്ന രാജേഷിനേയും സന്തോഷിനേയും തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സുഭാഷിതത്തില്‍ തര്‍ജ്ജമക്ക്‌ കൈവെച്ച ആദ്യത്തെ ബൂലോഗി ഞാനാണെന്ന് തോന്നുന്നു. തുടര്‍ന്ന് ബാബു, പയ്യന്‍സ്‌, രാഘവന്‍ മാഷ്‌, സിദ്ധാര്‍ത്ഥന്‍ തുറ്റങ്ങി ഊനകാകളി ബീക്കുട്ടി വരെ തര്‍ജ്ജമക്കാരായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ ഞാന്‍ വീണ്ടും ഖേദിക്കുന്നു. രാജേഷ്‌ ഈ വിവരം നേരത്തെ തരേണ്ടിയിരുന്നതാണെന്ന് ശക്തിയുക്തം പ്രഖ്യാപിക്കുന്നു.

Shiju said...

ഇദ്ദേഹത്തിന്റെ ജ്യോതിശാസ്ത്ര, ഗണിതം, ജ്യോതിഷം, കലണ്ടര്‍ മുതലായ ദുശ്ശീലങ്ങള്‍‍ക്ക്‌ അടിമയായി പോയ വിവരം ഖേദപൂര്‍‌വ്വം ഞാന്‍ അറിയിക്കട്ടെ.

സംസ്‌കൃതം അറിയാത്തതിനാല്‍ ശ്ലോകം എന്ന ദുശ്ശീലത്തില്‍ നിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടിട്ടുണ്ട്‌. പക്ഷെ ശ്ലോകത്തിന്റെ മലയാള പരിഭാഷയുമായി ഇദ്ദേഹം പ്രലോഭിപ്പിക്കുണ്ട്‌. ആ വലയിലും പെട്ട്‌ പോകുമോ.

വല്യമ്മായി said...

വിശാലന്‍റെ സ്വപ്നങ്ങളിലല്ലാതെ ഈ മാന്യദേഹം ദുബായില്‍ വരുമ്പോള്‍ ശിഷ്യപെടണമെന്നു കരുതി ദക്ഷിണ കരുതി വെച്ചതായിരുന്നു.ഇനിയിപ്പോ.........

Unknown said...

ഈ ഗുരുവാവാനുള്ള രോഗം മാറാന്‍ ബെസ്റ്റ് മരുന്ന് എന്നെപ്പോലുള്ള തല തെറിച്ച രണ്ട് പയ്യന്മാരെ ശിഷ്യന്മാരാക്കുക എന്നതാണ്.രണ്ടാഴ്ചക്കകം ‘ശ്ലോകം’എന്ന് കേട്ടാല്‍ നാലാം നിലയിലാണെങ്കിലും ജനലില്‍ക്കൂടി വെളിയിലേക്ക് ചാടും.

(ഉമേഷേട്ടാ,രാജേഷേട്ടാ... ആ ശ്ലോകങ്ങള്‍ വായിക്കാന്‍ തുടങ്ങിയത് മുതല്‍ അറിയാവുന്ന മലയാളത്തില്‍ എനിക്കും ശ്ലോകക്കമ്പം കയറിയിരിക്കുന്നു.ബ്ലോഗിലെ ശ്ലോകങ്ങള്‍ ആസ്വദിക്കാറുണ്ട് എന്നെക്കൊണ്ടാവുന്ന രീതിയില്‍. ഞാനെങ്ങാനും ശ്ലോകം എഴുതാന്‍ തുടങ്ങിയാല്‍... വേണ്ട നിങ്ങളൊക്കെ ജീവിച്ച് പൊയ്ക്കോട്ടേ :))

സു | Su said...

"തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഓഫീസില്‍ ഞാന്‍ കര്‍മ്മനിരതനായിരിക്കുന്ന വേളകളില്‍ ഫോണില്‍ വിളിച്ച്‌, വൃത്തം, അലങ്കാരം, ഭാഷാചരിത്രം, വ്യാകരണം, സംസ്കൃതം തുടങ്ങിയ മേഖലകളിലെ വിവരങ്ങള്‍ എന്റെ മേല്‍ അടിച്ചേല്‍പിക്കുക, എനിക്ക്‌ പഠിയ്ക്കാനായി ശ്ലോകങ്ങള്‍ എഴുത്തിത്തരിക, അവ കൃത്യസമയത്ത്‌ പഠിക്കാതിരുന്നാല്‍ എന്നെ ശാരീരികമായി ഉപദ്രവിക്കുക, മാനസികമായി തളര്‍ത്തുക എന്നിങ്ങനെ വിവരണാതീതമായ ദുരിതങ്ങളാണ്‌ എനിക്കു സഹിക്കേണ്ടിവന്നത്‌."

ദൈവമേ... അദ്ദേഹം എന്ന ഇദ്ദേഹം ഇങ്ങനെയാണോ? അറിഞ്ഞത് നന്നായി. അമേരിക്കയില്‍ അല്ലാഞ്ഞത് അതിലും നന്നായി.

:)

ഉമേഷ്::Umesh said...

സൂവേ, രക്ഷപ്പെട്ടെന്നു കരുതിയോ? പിന്നെ സൂവിന്റെ ബ്ലോഗില്‍ കാലാകാലങ്ങളില്‍ പല പേരിലും പ്രത്യക്ഷപ്പെടുന്ന അനോണി ആക്ച്വലി ആരാണെന്നാ വിചാരം? :-)

എന്നെപ്പറ്റി ആരെങ്കിലും എന്നെങ്കിലും എഴുതും എന്നു സ്വപ്നം കണ്ടു നടക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ആദ്യം വിശാലന്‍ എഴുതി. ദാ ഇപ്പോള്‍ രാജേഷും. സമാധാനമായി :-)

രാജേഷിനെപ്പറ്റി ഇതുപോലൊരെണ്ണം എഴുതിവെച്ചിട്ടു് അദ്ദേഹത്തിനു ദുഃഖം വരും എന്നു കരുതി പ്രസിദ്ധീകരിക്കാതെ വെച്ച എന്നോടു തന്നെ ഇതു വേണമായിരുന്നോ? ശുട്ടിടുവേന്‍...

എട്ടുപത്തു കൊല്ലത്തിനു ശേഷം എന്നെ വീണ്ടും ശ്ലോകം ചൊല്ലിച്ചതിനു് ഒരുപാടു നന്ദി, രാജേഷ്!

ഇംഗ്ലീഷ് ടെക്സ്റ്റ് ആയിരുന്ന കലണ്ടറിനെ മലയാളത്തിലാക്കാനും, വൃത്തങ്ങളെപ്പറ്റി വിക്കിപീഡിയയിലിടാനും മറ്റും എന്നെ പ്രേരിപ്പിച്ച കറുത്ത കൈകള്‍ രാജേഷിന്റേതാണെന്നു പറഞ്ഞുകൊള്ളട്ടേ. ഗണിതവും അദ്ദേഹത്തോടു ഞാന്‍ പറഞ്ഞിട്ടുണ്ടു്. ചെവി തന്നിട്ടില്ല :-)

Anonymous said...

രാജേഷേട്ടാ
ഈ മുന്നറിയിപ്പിന് എത്ര നന്ദി പറഞ്ഞാലാണ് മതിവരിക? ജീവിതത്തില്‍ ഒരു കാലത്തും സാധാരണ ഒരു ഫുള്‍സ്റ്റൊപ്പ് മാത്രമല്ലാതെ വിസര്‍ഗ്ഗം ഏതെങ്കിലും വാക്കിന്റെ അടുത്ത് കണ്ടാല്‍ ഓടുമായിരുന്ന ഞാന്‍ ഇപ്പൊ എത്ര വിസര്‍ഗ്ഗം കണ്ടാലും അത് വായിക്കുമെന്നായി. ഇതില്‍ ചതിയുണ്ടെന്ന് എനിക്ക് മനസ്സിലാക്കാന്‍ പോലും ഇപ്പോ ദേ ഈ കുറിപ്പ് വായിച്ചപ്പോളാണ് കത്തുന്നത്. അതുമാത്രമോ ‘:’ സെമികോളന്‍ എന്ന് പറഞ്ഞ് നടന്ന എന്നെ അത് വിസര്‍ഗ്ഗം എന്ന് വരെ പറയിപ്പിച്ചു (ദൈവമെ,അത് വിസര്‍ഗ്ഗം അല്ലെ ഇനി?)
റഷ്യന്‍ പോയിട്ട് റഷ്യേടെ മാപ്പ് പോലും നോക്കാണ്ടിരുന്ന എന്നെക്കൊണ്ട് അതിന്റെ കവിതകള്‍ വായിപ്പിച്ച് റഷ്യന്‍ പഠിച്ചാല്‍ കൊള്ളാമായിരുന്നു എന്ന് വരെ തോന്നിപ്പിച്ചു. കര്‍ത്താവെ, ഞാന്‍ കവിതയും വായിച്ചു..കണ്ടോ ഈ നീരാളിപിടുത്തതിന്റെ ശക്തി...

പക്ഷെ ജന്മസിദ്ധാ‍മായ മടി എന്നുള്ള ഒറ്റ കാരണം കൊണ്ട് ഞാന്‍ പിടിച്ച് നില്‍ക്കുന്നു. നീ ഒരു മടിച്ചിയാണ് എന്ന് എന്നെ വഴക്ക് പറഞ്ഞവരെ നോക്കി ഞാന്‍ ഇന്ന് അട്ടഹസിച്ച് ചിരിക്കുകയാണ്...അല്ലെങ്കില്‍ എന്തായെനെ കഥ...

ഇങ്ങിനെ വേറെ ചിലരും ഇവിടെ ഈ ബൂലോകത്തില്‍ ഉണ്ട്. അവരുടെ പേരു ഞാന്‍ എടുത്ത് പറയുന്നില്ല. ഞാന്‍ രക്ഷപ്പെടണം എന്ന് മാത്രമെ എനിക്ക് എപ്പോഴും ആഗ്രഹമുള്ളൂ.

രാജേഷേട്ടന് ആയിരം നന്ദി...ഈ ബൂലോകത്തിന്റെ കാവല്‍ മാലാഖ പട്ടത്തിന് ഞാന്‍ റെക്കമെന്റ് ചെയ്യുന്നതായിരിക്കും.

ഉമേഷ്::Umesh said...

അല്ലാ, ബിരിയാണിക്കുട്ടിക്കു് “ഊനകാകളി” എന്ന പേരു് ഉറച്ചോ? ഞാന്‍ കൃതാര്‍ത്ഥനായി... :-)

സു | Su said...

" ഉമേഷ്::Umesh said...
സൂവേ, രക്ഷപ്പെട്ടെന്നു കരുതിയോ? പിന്നെ സൂവിന്റെ ബ്ലോഗില്‍ കാലാകാലങ്ങളില്‍ പല പേരിലും പ്രത്യക്ഷപ്പെടുന്ന അനോണി ആക്ച്വലി ആരാണെന്നാ വിചാരം? :-)"

എന്തിനാ അനോണി ആയി വരുന്നത്? പേരിട്ട് വന്നാലും, എനിക്ക് കാര്യം പറഞ്ഞാല്‍ മനസ്സിലാകും.

ഉമേഷ്::Umesh said...

ചുറ്റി, ഇനി ആ അനോണികളൊക്കെ ഞാനായിരുന്നു എന്നും സൂ വിചാരിക്കുമോ?

വാരഫലമൊന്നു നോക്കട്ടേ: “മാനഹാനി, തെറ്റിദ്ധാരണ, സുഹൃദ്‌ബന്ധങ്ങളില്‍ ഉലച്ചില്‍, മനസ്സുഖം കുറയും, ആളുകള്‍ അടുക്കാന്‍ മടി കാണിക്കും...”

:-)

Anonymous said...

അപ്പൊ ഉമേഷേട്ടന് വാരഫലത്തില്‍ ഒന്നും വിശ്വാസമില്ലാന്ന് പറഞ്ഞിട്ട്? :)

സു | Su said...

അങ്ങനെ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് അല്പമെങ്കിലും വിചാരം ഉള്ളവര്‍ മറ്റുള്ളവരെ ദ്രോഹിക്കാന്‍ ഇറങ്ങിത്തിരിക്കില്ല.

ഞാന്‍ വിചാരിച്ചില്ല, അനോണിയൊന്നും ഉമേഷ്‌ജി ആണെന്ന്. എന്നെങ്കിലും ഒരിക്കല്‍ താനേ പുറത്ത് വരും.

-B- said...

എന്നാലും ‘ഊനകാകളി’! വേറെ എന്തൊക്കെ പേരുണ്ടായിരുന്നു ഉമേഷേട്ടാ. വല്ല സുമുഖിയൊ ദാക്ഷായണിയൊ അങ്ങനെ വല്ലതും പറയാര്‍ന്നു. :)

Adithyan said...

ഓഓ മായ് ഗാ‍ാ‍ാഡ്!!!
ഈ രക്തദാഹിയുടെ ഇപ്പൊഴത്തെ ഇര ഞാനാണെന്ന സത്യം ഇപ്പൊഴാണ് എനിക്കു മനസിലായത്. ഒരു ശുദ്ധഗതിക്കാരനായ ഞാന്‍ എന്റെ സെല്‍ നമ്പറും ഓഫീസ് നമ്പറും ഈമെയില്‍ ഐഡിയും ഒക്കെ ഇദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. :(

ആദ്യ വിളിയില്‍ തന്നെ ഇദ്ദേഹം വൃത്തങ്ങളെപ്പറ്റിയും വ്യാകരണത്തെപ്പറ്റിയും ഒക്കെ പറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ ഒളിമ്പിക്സിലെ അഞ്ചു വൃത്തങ്ങള്‍ അല്ലാതെ വേറെ ഒരു വൃത്തത്തേയും കുറിച്ച് എനിക്ക് വിവരം ഒന്നും ഇല്ലെന്നു കണ്ടാണോ എന്തോ ആക്രമണം യൂണിക്കോഡില്‍ രേഫം(ഇതു തന്നെ അല്ലേ?) എങ്ങനെ വേണം എന്നു തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലേയ്ക്കു കയറി. എന്റെ ഭാഗ്യത്തിന് എന്റെ അജ്ഞത അവിടെയും എനിക്കു തുണയായി :)

ഏതായാലും ഈ ഒരു മുന്നറിയിപ്പ് തന്ന രാജേഷ് അവര്‍കള്‍ക്ക് എന്റെ സ്വന്തം പേരിലും ബൂലോകത്തിന്റെ പേരിലും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഷിക്കാഗോയില്‍ നിന്ന് ഈ ബാധ ഒഴിഞ്ഞു പോയതു ഷിക്കാഗോക്കാരടെ ഭാഗ്യം.

ഓടോ: ഫോണ്‍ കണകഷന്‍ വേറേ എടുക്കണം.

Anonymous said...

ന്റെ ആ‍ദീക്കുട്ടീ ഒന്നു പറയണ്ട..ഇന്നലത്തെ മയില്‍പ്പീലി പോസ്റ്റ് കണ്ട് സ്നേഹം മൂത്ത് മൂത്ത് ഉമേഷേട്ടന് ഒരു ഈമെയില്‍ അയച്ചാലൊ എന്ന് വരെ ഞാന്‍ ഏതൊ യാമത്തില്‍ വിചാരിച്ചു...
എന്തു നന്നായി വിഭൊ:

ബിന്ദു said...

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നു പറഞ്ഞതു പോലെയാണല്ലേ ഉമേഷ്‌ജീ.. ( പാവം ആരെങ്കിലും സപ്പോര്‍ട്ടു ചെയ്യേണ്ടേ? :))

സു | Su said...

രാജേഷ്, നമ്മളൊക്കെ ഉമേഷ്‌ജിയെ ഗുരുവായി അംഗീകരിച്ചാല്‍പ്പിന്നെ ഒറ്റയ്ക്ക് കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് നമ്മളെ പറഞ്ഞ് അകറ്റി നിര്‍ത്തുകയാ.

wv (biyee)

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

ആദിത്യോ,

എന്നാലും ഞാന്‍ സിബുവിനെക്കാള്‍ എത്രയോ ഭേദം. നാട്ടില്‍ പോകാനിറങ്ങിയ ശനിയനെയും ശനിയനെ എയര്‍പോര്‍ട്ടില്‍ കാണാന്‍ ചെന്ന ആദിത്യനെയും കൂടി വിളിച്ചു വീട്ടില്‍ കൊണ്ടുപോയിട്ടു് കട്ടന്‍ കാപ്പിയും കടയില്‍ നിന്നു വാങ്ങിയ കരിഞ്ഞ പരിപ്പു വടയും മാത്രം കൊടുത്തിട്ടു് മൂന്നു മണിക്കൂര്‍ യൂണിക്കോഡിലെ രേഫത്തെപ്പറ്റിയും വിക്കിയുടെ പ്രസക്തിയെപ്പറ്റിയും ബ്ലോഗ്ഗുകളുടെ സൂചിക ഉണ്ടാക്കേണ്ടതിനെപ്പറ്റിയുമൊക്കെ സിബു ഘോരഘോരം പ്രസംഗിച്ചു എന്നാണു കേട്ടതു്. (“ആദി സിബുവിനെ തൊട്ടോ” എന്നു് ഇഞ്ചിയുടെ ചോദ്യം. കൈ വെച്ചില്ലേ എന്നായിരിക്കും വിവക്ഷ)

ശത്രുക്കളോടു പോലും ഞാന്‍ ഈ ചതി ചെയ്യില്ല :-)

Santhosh said...

എല്ലാരേം ഞാന്‍ പറ്റിച്ചേ! ഞാന്‍ സീയാറ്റിലില്‍ അല്ലല്ലോ...

Adithyan said...

ഭക്ഷണത്തിന്റെ കാര്യം മാത്രം പറയരുത്.

ബാര്‍ബെക്യൂഡ്, ഗ്രില്ല്‌ഡ്, മാരിനേറ്റഡ്... ആഹഹാ.... മീറ്റ് മാത്രമോ ഫിഷും..

പിന്നെ ദോശ, സാമ്പാര്‍, ചട്നി, ചോറ്, മീന്‍ വറുത്തത്.

എന്തിനു പറയാന്‍ ഒരു ഒന്നു രണ്ടു മാസത്തിനിടക്ക് ഇത്ര രുചിയായി ഭക്ഷണം കഴിച്ചിട്ടില്ല.
യ്യോ വൈന്‍ മറന്നു :))

ങാ അപ്പൊ ഭക്ഷണക്കാര്യം കഴിഞ്ഞു.

ഞങ്ങള്‍ മൂന്നളും (അതായത് ശനി, സിബു പിന്നെ ഞാന്‍) അങ്ങനെ ലോകകാര്യങ്ങളും മലയാള സിനിമയെപ്പറ്റിയും ഒക്കെ സംസാരിച്ചിരിക്കുമ്പോഴാണ് എനിക്കാ ബുദ്ധിമോശം തോന്നിയെ - പോര്‍ട്ട്‌ലാന്‍ഡിലേക്കൊന്നു വിളിക്കാന്‍. അവടം കൊണ്ട് തീര്‍ന്നുന്നു പറഞ്ഞാ മതിയല്ലോ. ഫോണ്‍ എടുത്ത വഴിയേ അപ്പുറത്തു നിന്നും തുടങ്ങിയില്ലേ, “സിബൂ, രേഫം അക്ഷരത്തിന്റെ നേരെ മോളില്‍ വേണോ , അതോ സ്വല്‍പ്പ സൈഡിലോട്ടു വേണോ” , “യൂണിക്കോഡ് 2017-ഇല്‍ ടാന്‍സാനിയായില്‍ ഉപയോഗിക്കാന്‍ ചാന്‍സ് ഉണ്ട്” എന്നൊക്കെപ്പറഞ്ഞുള്ള തള്ളലുകള്‍. ;) അവസാനം ശനിയനെ കൊണ്ടേ വിടണം എന്നു പറഞ്ഞാ ഒന്നു ഫോണ്‍ ത്ഴെ വെച്ചത് :)

(വടി മേടിച്ചു കൊടുത്ത് അടി വാങ്ങുന്നത് ഒരു പകരുന്ന ശീലമാണല്ലെ?) :))

ഉമേഷ്::Umesh said...

രാജേഷ് എന്നെ പുഷ് ചെയ്തു, ഞാന്‍ സിബൂനെ പുഷ് ചെയ്തു, സിബു ആദിയെ ഭക്ക്ഷണം കൊടുത്തു പുഷ് ചെയ്തു, ആദി എന്നെ പുഷ് ചെയ്തു...

സത്യമായും ഇത്ര നല്ല ഭക്ഷണമാണെന്നറിഞ്ഞില്ല, അറിഞ്ഞിരുന്നെങ്കില്‍ ഞാനും വന്നേനേ...

(എസ്. എസ്. എല്‍. സി. യ്ക്കു റാങ്കു കിട്ടിയ ഒരു പെങ്കൊച്ചു് “മമ്മി ഡാഡിയെ പുഷ് ചെയ്തു, ഡാഡി എന്നെ പുഷ് ചെയ്തു, അതു കൊണ്ടാ എനിക്കു റാങ്ക് കിട്ടിയേ, അല്ലാതെ തമ്പുരാനാണെ ഞാന്‍ പ്രതീക്ഷിച്ചില്ല” എന്നു പറഞ്ഞതു പോലെ.)

:-)

സു | Su said...

ഭക്ക്ഷണം.
എന്താ ഇത്?

പോര്‍ട്ട്‌ലാന്‍ഡ് ഇപ്പോഴും അമേരിക്കയില്‍ത്തന്നെയല്ലേ? ഉമേഷ്‌ജി പോര്‍ട്ട്‌ലാന്‍ഡിലും? എനിക്കൊരു പേടി.

ഉമേഷ്::Umesh said...

(സംഭവം കൈപ്പിശകാണെങ്കിലും ഒന്നു് ഉരുളാന്‍ നോക്കട്ടേ...)

ഭക്ക്ഷണം ശരി തന്നെ സൂ. ഈ പോസ്റ്റിലെ മൂന്നാമത്തെ കമന്റു വായിക്കൂ.

:-)

സു | Su said...

ഉമേഷ്‌ജീ,

ഉരുളൂ. 12.03 നു ഉറങ്ങിയാല്‍ നല്ലതാണെന്ന് ഒരാള്‍ എന്നോട് പറഞ്ഞു. അതുകൊണ്ട് ഞാന്‍ പോകുന്നു.


w v (vixqyx)

രാജേഷ് ആർ. വർമ്മ said...

ബൂലോകത്തിലെ ഭീകരവാദത്തിനെതിരെ സംഘടിച്ച, പ്രതികരിച്ച എല്ലാ വായനക്കാര്‍ക്കും കൂപ്പുകൈ!

qw_er_ty