Friday, January 23, 2015

എളവാത്ത പുസ്തകങ്ങളുള്ള ഗ്രന്ഥശാല


തിങ്കളാഴ്ച കാവാലത്തിന്റെ കർണ്ണഭാരം തിരുവനന്തപുരത്ത് അരങ്ങേറുന്നുണ്ട്. അസുലഭാവസരമാണ്. ഒരു പ്രശ്നം: നാടകം സംസ്കൃതമാണ്. തർജ്ജമ വേണം. വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്റ്റെയ്റ്റ് സെൻട്രൽ ലൈബ്രറി എന്നറിയപ്പെടുന്ന പബ്ലിക് ലൈബ്രറിയിലേക്കു വിട്ടു. നാടകങ്ങളുടെ ഭാഗം മുഴുവന്‍ തപ്പി. ഭാസന്‍ ഇല്ല. ഭാസി (മടവൂര്‍) ഉണ്ട്. ഭാസി (തോപ്പില്‍) ഒരു തട്ടു നിറയെ. (വി)ഷ്ണുനാരായണന്‍ ഇല്ല. ജീവനക്കാരിയോട് അന്വേഷിച്ചപ്പോള്‍ അവിടെയല്ല, സംസ്കൃതം നാടകങ്ങളുടെ വിഭാഗത്തില്‍ ഉണ്ടാകും എന്നു പറഞ്ഞു കാണിച്ചുതന്നു. ചിലപ്പോള്‍ സ്ഥാനം തെറ്റി മുകളിലോ താഴെയോ ആകാം. സംസ്കൃതത്തിന്റെ തട്ടില്‍ ഇല്ല. സ്ഥാനം മാറിവന്ന കവിത, പഠനം, ജീവചരിത്രം, നോവല്‍ ഒക്കെ ഉണ്ട്. താഴെയും മുകളിലും മറ്റു പരിഭാഷാനാടകങ്ങള്‍. കർണ്ണാട്, ടാഗോര്‍, ഷേക്സ്പിയര്‍, ഇബ്സന്‍ ഒക്കെ തപ്പിപ്പെറുക്കി അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കർണ്ണഭാരം കിട്ടി. ചെക്ക്-ഔട്ട് ചെയ്യാന്‍ ചെന്നപ്പോള്‍ പറഞ്ഞു തരാന്‍ പറ്റില്ല, പുസ്തകത്തിനു കേടുപാടുണ്ട്. വിവരമെല്ലാം അറിയിച്ചു: തിങ്കളാഴ്ച നാടകം കാണേണ്ടതാണ്. കുറേ തപ്പിയിട്ടാണ് കിട്ടിയത്. മാഡത്തിനോടു സംസാരിക്കാന്‍ പറഞ്ഞു ലൈബ്രേറിയന്റെ നേരെ ചൂണ്ടി. കദനകഥ മുഴുവന്‍ ആവർത്തിച്ചു. ഒരു അക്ഷരപ്രേമിയുടെ, കലാപ്രേമിയുടെ വേദന അവര്‍ക്കറിയാതെ വരുമോ? “എളവിയതാണ്,” അവര്‍ താളുകള്‍ അടര്‍ത്തിയെടുത്തു കാണിച്ചു. “തരാന്‍ പറ്റില്ല.”

അമർഷത്തോടെ വീട്ടിൽച്ചെന്ന് ഇന്റർനെറ്റില്‍ നോക്കി. പത്തുമിനിറ്റുകൊണ്ട് സാധനം കിട്ടി. ഭാസനാടകങ്ങളുടെ മുഴുവന്‍ ഇംഗ്ലീഷ് പരിഭാഷ. സംശയമുണ്ടെങ്കില്‍ ഒത്തുനോക്കാന്‍ സംസ്കൃതം മൂലം വേറെ ഒരിടത്ത്. പബ്ലിക് ലൈബ്രറിവരെ പോകാനും, തപ്പിയെടുക്കാനും, വാദിക്കാനും, അമർഷംകൊള്ളാനും, പോസ്റ്റിടാനും ചെലവാക്കിയ സമയമുണ്ടായിരുന്നെങ്കില്‍ കർണ്ണഭാരം ഇതിനകം വായിച്ചു കഴിഞ്ഞേനെ.
<< അനുഭവം

No comments: