നഗത്തെക്കരത്തിൽദ്ധനുസ്സായ്ക്കുലയ്ക്കും
ജഗദ്ധാത്രിയെത്തൻ മടിത്തട്ടിലേൽക്കും
അഘത്തെത്തടുക്കും, മഖത്തെത്തുലയ്ക്കും,
സുഖം നൽകുമെങ്ങൾക്കു വൈക്കത്തുചൊക്കൻ
മണിക്കാളമേലേറി വെക്കം നടക്കും
പിണക്കാട്ടിലന്തിയ്ക്കണിക്കൂത്തടിയ്ക്കും
ഇണക്കും പ്രപഞ്ചം, ഭരിയ്ക്കും, മുടിക്കും
തുണച്ചീടുമെങ്ങൾക്കു വൈക്കത്തുചൊക്കൻ
ശിരസ്സിൽ ശശിക്കീറൊതുക്കിദ്ധരിക്കും
കരിമ്പാമ്പിനെത്തൻ കഴുത്തിൽപ്പിണയ്ക്കും
പുരത്തെക്കരിയ്ക്കും, കരിത്തോലുടുക്കും
വരം നൽകുമെങ്ങൾക്കു വൈക്കത്തുചൊക്കൻ
വഴങ്ങാത്ത ദൈത്യർക്കു ഗർവ്വം കെടുക്കും
കുഴങ്ങുന്ന ഭക്തർക്കു മാർഗ്ഗം തെളിക്കും
മഴക്കാറൊടേൽക്കും ജടക്കെട്ടുലയ്ക്കും
ഭയം പോക്കുമെങ്ങൾക്കു വൈക്കത്തുചൊക്കൻ
യമന്നുള്ളിലും ഭീതിയേറ്റം കൊടുക്കും
നമിക്കും ഹരിക്കും വിധിക്കും തുണയ്ക്കും
സഭാമണ്ഡപത്തിൽ സഹർഷം നടിക്കും
ശുഭം നൽകുമെങ്ങൾക്കു വൈക്കത്തു ചൊക്കൻ
<< കവിതകൾ
8 comments:
രാജേഷ് ജി. അഭിനന്ദനങ്ങള്‍!
rരാജേഷ്.
ഗംഭീരമായിരിയ്ക്കുന്നു. ആശംസകൾ.
:)
വളരെ നന്നായിരിക്കുന്നു
പുതുവർഷാശംസകൾ
ഇഷ്ടമായി, അഭിനന്ദനങ്ങള്‍!
ദേവദാസ്, കപ്ലിങ്ങാട്, വിനയരാജ്, തഥാഗതൻ, ജ്യോതി,
നന്ദി.
നല്ല ശിവസ്തുതി...നല്ല രചനാശൈലി...പക്ഷേ ബൂലോകത്തുള്ളവർക്കായി വാക്കുകളുടെ അർത്ഥം കൂടി കൊടുക്കുക... ‘നഗം’(പർവ്വതം,പാമ്പ്,വൃഷം,നഗജ(പാർവ്വതി) എന്നൊക്കെ അർത്ഥം ഉള്ളത്കൊണ്ട് ഏതാണ് വിവക്ഷിച്ചതെന്ന് ബൂലോക വാസികളും മനസ്സിലാക്കട്ടെ അല്ലെങ്കിൽ നാഗം എന്ന് എഴുതിയതിൽ തെറ്റ് സംഭവിച്ച് നഗമായി മാറിയതെന്ന് അവരൊക്കെ ചിന്തിച്ച് പോയാലോ... ഈ കവിതക്ക് എന്റെ പ്രണാമം
നന്ദി ചന്തുനായർ
Post a Comment