Thursday, December 06, 2007

ജനലോ കണ്ണാടിയോ?

വെള്ളെഴുത്തിന്റെ ജനലെഴുത്തു വായിച്ചപ്പോള്‍ മൂന്നുപ്രാവശ്യമെങ്കിലും കണ്ടിട്ടുള്ള റിയര്‍ വിന്‍ഡോ ഒന്നുകൂടി കാണണമെന്നു തോന്നി. ലൈബ്രറിയില്‍ ഹോള്‍ഡിലിട്ട ഡി.വി.ഡി. വൈകാതെ എത്തി. വീട്ടില്‍ക്കൊണ്ടു വെച്ചു. അടുത്ത ആഴ്ചയറുതിയ്ക്കു കാണാം. മറ്റു തിരക്കുകള്‍ കാരണം അതു നടന്നില്ല. ഒരാഴ്ചകൂടി കഴിഞ്ഞു കൊടുക്കാമെന്നു കരുതിയപ്പോള്‍ പറ്റില്ല, ഉടന്‍ തിരികെ എത്തിക്കണം. ലൈബ്രറിയിലുള്ള പതിനാലു കോപ്പികളും മറ്റാരൊക്കെയോ ഹോള്‍ഡില്‍ ഇട്ടിട്ടുണ്ടത്രേ. എന്നാല്‍ പിന്നെ ഒരിക്കല്‍ക്കൂടി അതിന്മേല്‍ത്തന്നെ ഹോള്‍ഡ്‌ ഇട്ടേക്കാമെന്നു വിചാരിച്ചപ്പോള്‍ അതും നടപ്പില്ല. ഒരാഴ്ച കഴിഞ്ഞ്‌ വീണ്ടും ശ്രമിച്ചപ്പോഴാണു കിട്ടിയത്‌. ഇറങ്ങിയിട്ട്‌ അമ്പതുകൊല്ലം കഴിഞ്ഞ ഒരു പടത്തിനാണ്‌ ഈ കാത്തിരിപ്പ്‌. ലോകത്തെവിടെയൊക്കെയോ ഇപ്പോഴും ഇതു കാണപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു എന്നതു തന്നെ മതിയാകുമല്ലോ ഇതൊരു സാധാരണ പടമല്ലെന്ന് ഓര്‍മ്മപ്പെടുത്താന്‍.

ഉദ്വേഗജനകമായ ഒരു കഥ, കറുത്ത പ്രമേയങ്ങളെ സഹനീയമാക്കാന്‍ പാകത്തിന്‌ ഉടനീളം വിതറിയിരിക്കുന്ന നര്‍മ്മം, സാധാരണക്കാരന്റെ പരിവേഷമുള്ള ജെയിംസ്‌ സ്റ്റുവാര്‍ട്ടിന്റെയും പ്രതിഭയും സൗന്ദര്യവും ഒത്തിണങ്ങിയ ഗ്രെയ്സ്‌ കെല്ലിയുടെയും താരസാന്നിദ്ധ്യം, ശുഭകരമായ അന്ത്യം ഇതൊക്കെയായിരിക്കാം അന്‍പതുകളില്‍ ഈ ചിത്രത്തെ ഒരു വന്‍വിജയമാക്കിയത്‌. എന്നാല്‍ അരനൂറ്റാണ്ടു കഴിഞ്ഞിട്ടും കാഴ്ചക്കാര്‍ ഇതിലേക്കു മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നതിനു മതിയായ കാരണം അതൊക്കെയാണോ? അല്ലെന്നു തീര്‍ച്ച. വെറുമൊരു കുറ്റാന്വേഷണകഥയില്‍ ആഴമുള്ള പ്രമേയങ്ങള്‍ ഉള്‍ച്ചേര്‍ക്കാനും അവയെ കാഴ്ചക്കാരിലേക്ക്‌ ഒരു ബാധപോലെ ആവാഹിച്ചുവിടാനുമുള്ള ഹിച്ച്കോക്കിന്റെ പാടവം തന്നെയാണ്‌ ജനലുകള്‍ തുറക്കാതെ തന്നെ എക്കാലവും ജീവിക്കാന്‍ കഴിയുന്ന ഈ എയര്‍ കണ്‍ഡീഷന്‍ഡ്‌ കാലഘട്ടത്തിലും ഈ ചിത്രത്തെ പ്രസക്തമാക്കുന്നത്‌.

ദാമ്പത്യത്തെക്കുറിച്ചുള്ള നായകന്റെ ഭീതിയെക്കുറിച്ചാണ്‌ ഒന്നാമതായും ഈ ചിത്രമെന്നു തോന്നുന്നു. തന്റെ സ്വതന്ത്രജീവിതത്തിന്‌ അറുതിവരുത്താന്‍ വേണ്ടി, തന്റെ സാഹസികപര്യടനങ്ങള്‍ക്കു മൂക്കുകയറിടാന്‍ വേണ്ടി പിറകെ കൂടിയിരിക്കുന്ന ഒഴിയാബാധയായാണ്‌ ലീസയെ ജെഫ്‌ കാണുന്നത്‌. നോക്കുന്നിടത്തെല്ലാം അയാള്‍ കാണുന്നത്‌ ആ ഭവിഷ്യത്കാലത്തിന്റെ ഭീതിദമായ ചുവരെഴുത്തുകളാണ്‌. കിടപ്പിലായ ഭാര്യയും ട്രാവലിങ്ങ്‌ സെയില്‍സ്‌മാനും ചേര്‍ന്ന ജോടിയാണ്‌ ഇതിന്റെ ഏറ്റവും ഭയങ്കരമായ ഉദാഹരണം. പടത്തിന്റെ തുടക്കത്തില്‍ പ്രത്യാശയും പരസ്പരസ്നേഹവും നിറഞ്ഞവരായി രംഗപ്രവേശം ചെയ്യുന്ന നവവധൂവരന്മാരെയാകട്ടെ ദാമ്പത്യത്തിന്റെ ഊരാക്കുരുക്കില്‍ പെട്ട പുരുഷനായും അയാള്‍ക്ക്‌ ഒരു പുകവലിവേളയുടെ സ്വൈരം പോലും കൊടുക്കാത്ത സ്ത്രീയായും പരിണമിപ്പിക്കുകയാണ്‌ ക്രമേണ ഹിച്ച്കോക്ക്‌. എന്നാല്‍, വിവാഹം ഒഴിവാക്കിയുള്ള ഒരു ജീവിതമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അതിന്റെ ഏകാന്തതയെക്കുറിച്ചും ശൂന്യതയെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലുകളും കണ്മുമ്പില്‍ തെളിയുന്നുണ്ടു ജെഫിന്‌: മറ്റ്‌ അവിവാഹിതരുടെ ജീവിതങ്ങളിലൂടെ. അപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയത്തിന്റെ മൂന്നു നിലകളിലൂടെയാണ്‌ സംവിധായകന്‍ മൂന്നവസ്ഥകളെ അവതരിപ്പിച്ചിരിക്കുന്നത്‌. താഴത്തെ നില അവിവാഹിതരുടെ നരകമാണ്‌. ജെഫിന്റെ നേര്‍ക്കുള്ള രണ്ടാമത്തെ നില വിവാഹിതരുടെ നരകവും. മുകളിലത്തെ നില സന്തുഷ്ടരായ വിവാഹിതരുടേതാണെന്നത്‌ ജെഫിന്റെ പേടിക്കാഴ്ചകള്‍ക്ക്‌ അപ്രാപ്യമായിരിക്കുമ്പോള്‍ തന്നെ സംവിധായകന്‍ നമുക്കു വ്യക്തമായി കാണിച്ചു തരുന്നുണ്ട്‌. എന്നാല്‍ ആ സന്തുഷ്ടിയുടെ സാധ്യതകളെക്കാള്‍ ജെഫിനെ ആകര്‍ഷിക്കുന്നത്‌ ദുരിതം നിറഞ്ഞ ഭാവികാലത്തിന്റെ പ്രത്യക്ഷങ്ങളാണ്‌. വിവാഹജീവിതത്തിനു മാനസികമായി തയ്യാറെടുപ്പില്ലാതിരിക്കുമ്പോള്‍ പോലും ലീസ തന്നെയുപേക്ഷിച്ചു പൊയ്ക്കളയുമോ എന്ന ഭീതിയും അയാള്‍ അനുഭവിക്കുന്നുണ്ട്‌. അവള്‍ പിണക്കത്തില്‍ യാത്രപറയുന്ന ദിവസം 'സ്റ്റാറ്റസ്‌ ക്വോ' നിലനിര്‍ത്തിക്കൂടേ എന്ന് ആകാംക്ഷയോടെ അയാള്‍ ചോദിക്കുന്നു. 'വിന്‍ഡോ ഷോപ്പര്‍' എന്നാണ്‌ അയാളെ സ്റ്റെല്ല പരിഹസിക്കുന്നത്‌.

തന്റെ സാമ്പിള്‍ സ്യൂട്ട്കെയ്സുമായി നിശാടനം നടത്തുന്ന ഒരാള്‍ ഭാര്യയെ കൊന്നതാണെന്നുള്ള വിദൂരനിഗമനത്തിലെത്താനും ജെഫിന്‌ ബുദ്ധിമുട്ടുണ്ടാകുന്നില്ല. എന്തുകൊണ്ട്‌? തന്റെ ജീവിതത്തില്‍ നിന്നു ലീസയെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ തലപുകഞ്ഞുകൊണ്ടിരിക്കുന്ന ജെഫിന്‌ അതു കഴിഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ വേണം വിടാനെന്ന പഴഞ്ചൊല്ലില്‍ നിന്ന് ഒരു സിനിമാപ്പേരുതന്നെ കണ്ടെത്തിയ ഹിച്ച്കോക്ക്‌ എന്ന കള്ളന്റെ ചിത്രങ്ങളില്‍ മിക്കതിലും 'നായക'ന്മാരുടെ ദൗര്‍ബല്യങ്ങളുടെ മൂര്‍ത്തരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലന്മാരും അവരുടെ ഉള്‍നരകങ്ങളില്‍ നിന്നു ജനിച്ചതുപോലെയുള്ള പ്രതിസന്ധിഘട്ടങ്ങളും ബാഹ്യരൂപമെടുത്തു വരുന്ന ഇത്തരം കാഴ്ച കാണാവുന്നതാണ്‌.

ലൈംഗികമായ ശേഷിക്കുറവിനെക്കുറിച്ചുള്ള അവിവാഹിതന്റെ ഉത്കണ്ഠയും അന്നത്തെ ഹോളിവുഡിന്റെ ചട്ടങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ടു ഹിച്ച്കോക്ക്‌ ദ്യോതിപ്പിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കെന്താണ്‌ വീഞ്ഞുകുപ്പി തുറക്കാന്‍ എപ്പോഴും ഇത്ര ബുദ്ധിമുട്ട്‌? ('പിക്കിള്‍ കുപ്പികള്‍ ഇത്രയും കട്ടിയായിട്ട്‌ അടച്ചുവെച്ചതു കൊണ്ട്‌ മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു സ്പീഷിസ്‌' എന്ന് പുരുഷവംശത്തെ ഒരു ബ്ലോഗര്‍ വിശേഷിപ്പിച്ചത്‌ ഓര്‍ത്തുപോയി.)

കാഴ്ചയെയും ഒളിഞ്ഞുനോട്ടത്തെയും കുറിച്ചുള്ള ഒരു ചിത്രവും കൂടിയാണ്‌ റിയര്‍ വിന്‍ഡോ. അയല്‍ക്കാരന്റെ പിന്മുറ്റം കാണത്തക്കവിധം തുറക്കുന്ന ജനല്‍ പണിയരുതെന്നു യഹൂദരുടെ പുരാതനനിയമസംഹിത അനുശാസിക്കുന്നതായി കേട്ടിട്ടുണ്ട്‌. ന്യൂ യോര്‍ക്ക്‌ നഗരം ഈ നിയമമനുസരിച്ചായിരുന്നു പണിഞ്ഞിരുന്നതെങ്കില്‍ ഈ ചിത്രം ഒരിക്കലും ഉണ്ടാകുകയില്ലായിരുന്നു. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന സംശയം കാരണം മറ്റുള്ളവന്റെ മുറികളിലേക്കു ക്യാമറ ലെന്‍സും ദൂരദര്‍ശിനിയുമുപയോഗിച്ചു നോക്കാന്‍ ജെഫ്‌ മടിക്കുന്നില്ല. എന്നാല്‍, ഇതൊരു തുടക്കം മാത്രമാണ്‌. ഒരു കുറ്റകൃത്യവും നടന്നിട്ടില്ലാത്ത മറ്റു വീടുകളിലെ താമസക്കാരെ നോക്കാനും പോലീസിലെ സുഹൃത്തിനെ ഉപയോഗിച്ച്‌ 'പുള്ളി'യുടെ തപാല്‍ പരിശോധിപ്പിക്കാനും അയാളുടെ വീടു പരിശോധിക്കാന്‍ പോലും ആവശ്യപ്പെടാനും ക്രമേണ അയാള്‍ സന്നദ്ധനാകുന്നു. ഇവിടെ അതിക്രമിച്ചു കടക്കലിന്റെ ഒന്നാം ഘട്ടമായിത്തീരുകയാണ്‌ നോട്ടം.

സാഹസികമായ സ്ഥലങ്ങളില്‍ സാഹസികമായ പ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുന്നവരെ സ്വന്തം സാഹസികതയിലൂടെ ക്യാമറയില്‍ പകര്‍ത്തി സാഫല്യം തേടുന്ന ജെഫിന്‌ നോട്ടം ഒരു ഭ്രാന്താണ്‌. അയാളുടെ സ്വഭാവത്തിന്റെ ഭാഗമായ ഈ സാഹസികത അവനവനെ നോക്കാതിരിക്കാനുള്ള തന്ത്രമാണോ എന്നു പോലും തോന്നിപ്പോകുന്നു കാലൊടിഞ്ഞു മുറിയില്‍ പെട്ടുപോയ അയാളെ കാണുമ്പോള്‍. 'അവസാനമില്ലാത്ത ഉല്ലാസയാത്ര നടത്തുന്ന ഒരു വിനോദസഞ്ചാരി' എന്നാണ്‌ ലീസ അയാളെ പരിഹസിക്കുന്നത്‌. മറ്റൊരാളെ നോക്കുമ്പോള്‍ അറിവുള്ളവര്‍ കാണുന്നത്‌ അവനവനെത്തന്നെയാണെങ്കില്‍ അറിവില്ലാത്തവര്‍ അവനവനെ നോക്കാതിരിക്കാനുള്ള പോംവഴിയായി വിനിയോഗിക്കുന്നു നോട്ടത്തെ. ചലനശേഷിയും സ്വയം പ്രതിരോധശേഷിപോലും നശിച്ച ജെഫ്‌ വലിയൊരു കണ്ണായി മാറിയിരിക്കുകയാണ്‌. കണ്ണിനെയും ക്യാമറയെയും പോലെ തന്നത്താന്‍ കാണാനുള്ള കഴിവില്ലാത്ത ഒരു 'കണ്ണു മെയ്യായവന്‍'. തന്റെ കാഴ്ചവെട്ടത്തില്‍ കടന്നുകയറി ലീസ സാഹസികത പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതോടെ അവളില്‍ ആകര്‍ഷണം വര്‍ദ്ധിക്കുകയാണ്‌ അയാള്‍ക്ക്‌.

ജെഫിന്റെ ഒപ്പം കാണികളെയും ഹിച്ച്കോക്ക്‌ ആ ജനലരികില്‍ തടവിലിട്ടിരിക്കുകയാണ്‌. അവസാനഭാഗത്തൊഴികെ അവിടെ നിന്നു പുറത്തുകടക്കാത്ത കാമറയെ സര്‍ഗ്ഗപരമായ ഒരു വെല്ലുവിളിയെന്നതിനെക്കാള്‍ കാണികളെ ജെഫുമായി തന്മയീഭാവം സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു അടവായിട്ടാണ്‌ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍, ജെഫിന്റെ വീക്ഷണകോണിലൂടെ കഥയവതരിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍ അദ്ദേഹത്തിന്‌ ജെഫിനെ കാണിച്ചുതരേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു. അതിനു പകരം, അയാളെ കാണിക്കുകയും അയാള്‍ കാണാത്തതും ചിലതു നമ്മെ കാണിക്കുകയും ചെയ്യുന്നതോടെ അയാളുടെ കാഴ്ചയെ ചോദ്യം ചെയ്യാനാവശ്യമായ അകലം നമുക്കു തരികയാണ്‌ സംവിധായകന്‍. അതു നമ്മള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ജെഫിന്റെ ഒളിഞ്ഞുനോട്ടത്തിലെ പങ്കാളിമാത്രമായി നമുക്കു ചുരുങ്ങേണ്ടിവരും.

കാഴ്ചയെക്കുറിച്ചെന്നപോലെ സിനിമാക്കാഴ്ചയെക്കുറിച്ചും അസാധാരണമായ ചില സത്യങ്ങള്‍ നമ്മെ അനുഭവിപ്പിക്കാനാണ്‌ ഹിച്ച്കോക്ക്‌ ശ്രമിച്ചിരിക്കുന്നത്‌. പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ഞൊറിഞ്ഞുയരുന്ന റ്റൈറ്റില്‍ സീക്വന്‍സിലെ തിരശ്ശീല മുതല്‍ ഇതു വ്യക്തമാകുന്നുണ്ട്‌. ഒരു കൊലപാതകം നടന്നിട്ടില്ലായിരിക്കാം എന്നു തോന്നിത്തുടങ്ങുമ്പോള്‍ ജെഫിനെയും ലിസയെയും പോലെ നമ്മളും അസ്വസ്ഥരാകാന്‍ തുടങ്ങുന്നു. ഹിച്ച്കോക്കിന്റെ സിനിമ കാണാന്‍ പോയാല്‍ ചോരയൊഴുകുന്നതു കാണാം എന്ന പ്രതീക്ഷയുമായി കണ്ണും മിഴിച്ചിരിക്കുന്ന നമ്മെയല്ലേ അദ്ദേഹം പരിഹസിക്കുന്നത്‌? അയല്‍ വീട്ടിലെ ബഹളം കേട്ടു ബാല്‍ക്കണിയില്‍ കാഴ്ചകാണാനിറങ്ങിവരുന്ന സംഗീതസംവിധായകന്റെ വീട്ടിലെ വിരുന്നുകാരെപ്പോലെ, തങ്ങള്‍ക്കു സംഭവിച്ചാല്‍ ദുരന്തമായി മാറുമായിരുന്ന സംഭവങ്ങള്‍ മറ്റുള്ളവര്‍ക്കു സംഭവിക്കുന്നതു കാണാന്‍ കഴയ്ക്കുന്ന കണ്ണുകളുമായി കാത്തിരിക്കുന്ന നമ്മളെ? 'നിനക്കു സ്വയം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!' (If only you could see yourself!) എന്നാണു ലീസ ജെഫിനെ പഴിക്കുന്നത്‌. ക്ലൈമാക്സ്‌ രംഗത്തില്‍ ജെഫ്‌ കാഴ്ചപ്പണ്ടമായിത്തീരുകയും അയാളുടെ അയല്‍ക്കാര്‍ അയാളുടെ ദുരന്തം കാണാനെത്തിച്ചേരുകയും ചെയ്യുന്ന രംഗത്തില്‍ ക്യാമറയും അവരോടൊപ്പം ചേരുകയാണ്‌.

മധുരതരമെന്നു തോന്നാവുന്ന ഒരു ശുഭപര്യവസാനവും നുണഞ്ഞ്‌ വീടുകളിലേക്കു മടങ്ങിയ അമ്പതുകളിലെ പ്രേക്ഷകരെ സ്റ്റുഡിയോകള്‍ ആഗ്രഹിച്ചതുപോലെ തൃപ്തിപ്പെടുത്തിവിടുമ്പോഴും അവരുടെ മനസ്സുകളില്‍ ഇരുണ്ടഭീതികള്‍ വിതച്ചു ചിരിക്കുകയാണു ഹിച്ച്കോക്ക്‌: ഉറങ്ങുന്ന ജെഫിന്‌ ഒരു വേട്ടമൃഗത്തിനെന്നപോലെ കാവലിരിക്കുമ്പോഴും അയാള്‍ കാണാതെ പുസ്തകം മാറ്റിവായിക്കുന്ന ലീസയിലും മധുവിധു കഴിഞ്ഞു ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ദമ്പതികളിലും കൂടി ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള അസ്വാരസ്യം നിറഞ്ഞ ദാമ്പത്യത്തെച്ചൊല്ലിയുള്ള ആശങ്കകള്‍, പൈശാചികകൃത്യം നടത്തിയ കൊലപാതകി പിശാചായിരുന്നില്ല - നമ്മെപ്പോലെ മാനുഷികമായ ദൗര്‍ബല്യങ്ങളുള്ള ഒരു മനുഷ്യനായിരുന്നു എന്ന തിരിച്ചറിവ്‌, ഇതെല്ലാം മനസ്സിലേക്കു കള്ളക്കടത്തു നടത്തിക്കഴിഞ്ഞിരിക്കുന്നു ഈ അതികായനായ ചലച്ചിത്രകാരന്‍.

സിനിമകള്‍ കാണുമ്പോള്‍ പശ്ചാത്തലസംഗീതം ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ അതാണു വിജയകരമായ സംഗീതമെന്നു പറയാറുണ്ട്‌. അതു വിപരീതാര്‍ത്ഥത്തില്‍ റിയര്‍ വിന്‍ഡോയ്ക്കും ബാധകമാണ്‌. സ്വാഭാവികമായ പശ്ചാത്തലശബ്ദങ്ങള്‍ മാത്രമാണ്‌ ഇതിലുപയോഗിച്ചിട്ടുള്ളത്‌. എന്നാല്‍, ഒരിക്കല്‍പ്പോലും ഇതു കണ്ടിരിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടില്ല ആ കാര്യം. എവിടെയോ വായിച്ചപ്പോഴാണ്‌ അങ്ങനെയാണല്ലോ എന്നു ശ്രദ്ധിച്ചത്‌.

ഹിച്ച്കോക്ക്‌ റിയര്‍ വിന്‍ഡോ എടുത്തത്‌ ടെലിവിഷന്‍ വ്യാപകമാകുന്നതിനു മുന്‍പാണ്‌. മടിയില്‍ ഒരു സുന്ദരിയിരുന്നു ചുംബിക്കുമ്പോഴും അയല്‍പക്കത്ത്‌ നടന്നതെന്താണെന്നോര്‍ത്ത്‌ അസ്വസ്ഥനാകുകയും ഏകാകിയായ അയല്‍ക്കാരിയുടെ നേര്‍ക്ക്‌ അവള്‍ കാണാതെ ഗ്ലാസുയര്‍ത്തുകയും ചെയ്യുന്ന നായകനെ സൃഷ്ടിക്കുമ്പോള്‍ അദ്ദേഹത്തിനു നമ്മുടെ ടി.വി. കാലത്തെ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞിരിക്കുമോ? മെഗാസീരിയലുകളും റിയാലിറ്റി ഷോകളും കാര്‍ന്നുതിന്നു കഴിഞ്ഞ, 'പിതൃസഹജമായ' വാത്സല്യത്തോടെ കഥാപാത്രങ്ങളെക്കുറിച്ചു ചര്‍ച്ചനടത്തുകയും അടുത്ത എപ്പിസോഡില്‍ എന്തായിരിക്കും നടക്കാന്‍ പോകുന്നതെന്ന് തീരുമാനിക്കാനും ശ്രമിക്കുന്ന നമ്മള്‍ 'കാഴ്ചക്കാരുടെ' ജീവിതത്തെ?

6 comments:

ദിലീപ് വിശ്വനാഥ് said...

ഈ ഹിച്കോക് ക്ലാസ്സിക് കണ്ടിട്ടുണ്ട്. നല്ല ചിത്രം.

നവരുചിയന്‍ said...

നന്നായിരിക്കുന്നു സുഹൃത്തെ ... ഞാനും ചിത്രം കണ്ടിടുണ്ട് .. പിന്നെ എഡിറ്റിംഗ്‌ ഏറ്റവും നന്നായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇതു . hitch cockian ചിത്രങ്ങളില്‍ phycho ഒഴിവാക്കിയാല്‍ ഏറ്റവും നല്ല ചിത്രം .

Roby said...

അഭിരുചിയുടെ പേരില്‍ മനുഷ്യരെ മൂന്നായി തരം തിരിക്കാം. ഈ മൂന്നുതരക്കാരും ഇഷ്ടപ്പെടുന്ന ഒരേയൊരു സംവിധായകനാണ്‌ ഹിച്‌കോക്ക്‌ എന്നു പറയാം. എങ്കിലും, അദ്ദേഹത്തിന്റെ സിനിമകളുടെ ബൗദ്ധികമായ വായനകള്‍ സാധാരണമല്ല. രാജേഷും, മുന്‍പ്‌ വെള്ളെഴുത്തും ചൂണ്ടിക്കാണിച്ച ബൗദ്ധിക സാധ്യതകള്‍ കാണാതിരിക്കാനാണ്‌ എളുപ്പം. അത്രമാത്രമാണ്‌ ആ സിനിമകളുടെ വിനോദപരമായ പൂര്‍ണത. ആരും കാണാതെ താന്‍ കുഴിച്ചിട്ട പ്രേതങ്ങളെ ഇങ്ങനെ ചില 'കിഴിഞ്ഞ' കണ്ണുള്ള മലയാളികള്‍ പുറത്തെടുക്കുമെന്ന്‌ അദ്ദേഹം കരുതിയിട്ടുണ്ടാകുമോ...

നല്ല ലേഖനം...സിനിമ പോലെ.

ഓ.ടോ: കിഴിഞ്ഞ എന്നതിന്‌ sharp, keen, having ability to foresee എന്നൊക്കെയാണ്‌ ഞങ്ങളുടെ നാട്ടിലെ പ്രയോഗാര്‍ഥം. മിസ്റ്റേക്കരുത്‌...

രാജേഷ് ആർ. വർമ്മ said...

വാല്മീകി, നവരുചിയന്‍, റോബി: നന്ദി.

കുറച്ചുപേര്‍ക്കു മാത്രം അറിയപ്പെടുന്ന രഹസ്യമാണു ഹിച്ച്കോക്ക്‌ സിനിമയുടെ ഉള്ളുകള്ളികളെന്നു റോബി പറഞ്ഞതു ശരിയാണെന്നു തോന്നുന്നില്ല. ത്രൂഫോയും മറ്റും Cahiers du Cinemaയ്ക്കു വേണ്ടി നടത്തിയ അഭിമുഖം മുതലിങ്ങോട്ട്‌ ഹിച്ച്കോക്കിനെക്കുറിച്ച്‌ ടണ്‍ കണക്കിനു പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്‌. കണക്റ്റിക്കട്ടിലെ ഫെയര്‍ഫീല്‍ഡ്‌ യൂണിവേഴ്സിറ്റി ഹിച്ച്കോക്കിനെപ്പറ്റി മാത്രം ഒരു വാര്‍ഷികജേര്‍ണല്‍ പോലും ഇറക്കുന്നുണ്ട്‌.

ഏതൊക്കെയാണു മൂന്നുതരം അഭിരുചികളെന്നു പറയാന്‍ വിട്ടുപോയോ?

Roby said...

രാജേഷ്‌,
ഞാന്‍ പറഞ്ഞത്‌ ഒരാപേക്ഷിക തലത്തിലാണ്‌. സമശീര്‍ഷരായ Bergman, Fellini, Kurosawa, Tarkovski, Godard, Bunuel എന്നിവരുടെ സിനിമകളെക്കുറിച്ച്‌ ബൗദ്ധിക തലത്തില്‍ വന്ന പഠനങ്ങളുടെ ബാഹുല്യത്തെ അപേക്ഷിച്ച്‌ ഹിച്‌കോക്കിനെ പറ്റിയുള്ള പല പഠനങ്ങളും അവയുടെ technical aspects, style എന്നിവയെ കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ cameo appearance, ട്രെയിലറുകള്‍ എന്നിവയെക്കുറിച്ചൊക്കെ തിസീസുകള്‍ വന്നിട്ടുണ്ട്‌. ചെറിയൊരു ഉദാഹരണം...സിനിമകളെ കുറിച്ചുള്ള ബൗദ്ധിക പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന senses of cinema യുടെ Great director database-ല്‍ ഹിച്‌കോക്കിനെക്കുറിച്ചുള്ള ഒരു പഠനം പ്രസിദ്ധീകരിക്കുന്നത്‌ കഴിഞ്ഞ വര്‍ഷം മാത്രമാണ്‌. അതിനു മുന്‍പ്‌ നൂറിലധികം സംവിധായകരുടെ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ അതില്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ കാര്യം തന്നെയെടുത്താല്‍, മേല്‍ പറഞ്ഞ എല്ലാ സംവിധായകരെക്കുറിച്ചും പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാനിടയായിട്ടുണ്ട്‌. എന്നാല്‍ ഹിച്‌കോക്കിനെ ആരും ഇതു വരെ തൊട്ടു കണ്ടില്ല. ഒരു പക്ഷെ എന്റെ പരിചയക്കുറവായിരിക്കാം.
മൂന്നുതരം പ്രേക്ഷകരെ കുറിച്ച്‌ വിശദീകരിക്കാതിരുന്നത്‌ മനപൂര്‍വമാണ്‌. ഇനി അതെഴുതാം.
1.ചെവികള്‍ക്കിടയില്‍ ജീവിക്കുന്നവര്‍
2.തോളുകള്‍ക്കിടയില്‍ ജീവിക്കുന്നവര്‍
3.കാലിനിടയില്‍ ജീവിക്കുന്നവര്‍
ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ എന്താണ്‌ വിശദീകരിക്കാതിരുന്നത്‌ എന്ന്. ഇത്‌ generalize ചെയ്യാവുന്ന ഒരു ആശയമാണ്‌...

(കാലിനിടയിലെ ജീവിതം എന്നാല്‍ ലൈംഗികത മാത്രമല്ല, തൊലിപ്പുറമെയുള്ള സെന്‍സിറ്റിവിറ്റിയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നവര്‍. Comedy, Action etc. പ്രേമികള്‍. പള്‍പ്പ്‌, പൈങ്കിളി എന്നൊക്കെ പറയാം). ഇതു മൂന്നും mutually exclusive അല്ല. ഏറ്റവും ബൗദ്ധികമായ സിനിമകള്‍ നിര്‍മ്മിക്കുന്ന ടെറന്‍സ്‌ മാലിക്‌ ആവര്‍ത്തിച്ചു കാണുന്ന ഒരു സിനിമ ബെന്‍ സ്റ്റില്ലറുടെ ഒരു കോമഡിയാണെന്ന്‌ എവിടെയോ വായിക്കുകയുണ്ടായി.

രാജേഷ് ആർ. വർമ്മ said...

റോബി,

നല്ല രസികന്‍ വിശദീകരണം. നന്ദി.