Sunday, November 04, 2007

ശ്രീരാമകഥാസുധ

സി. വി. ശ്രീരാമന്റെ ഇരിക്കപ്പിണ്ഡം എന്ന കഥ നടക്കുന്നത്‌ വാരാണസിയിലാണെങ്കിലും അതു സിനിമയാക്കിയ കെ. ആര്‍. മോഹനന്‍ അവസാനരംഗങ്ങളെ ധനുഷ്കോടിയിലേക്കു പറിച്ചുനട്ടു. ഉപ്പുകാറ്റില്‍ ദ്രവിച്ച ഇഷ്ടികളോടെ നിലകൊള്ളുന്ന ഭിത്തികളും എന്നോ പൊളിഞ്ഞുവീണ മേല്‍ക്കൂരകളുമുള്ള ജനശൂന്യമായ ആ നഗരം ഒരു ശ്രീരാമന്‍ കഥയുടെ പരിസമാപ്തിയ്ക്ക്‌ എത്രയും ഉചിതമായ ഒരു രംഗപടമൊരുക്കി. ഒരിക്കല്‍ മനുഷ്യരായിരുന്ന ആത്മാവുകള്‍ ആ കഥകളില്‍ ആവസിച്ചു. ലഹരിയുടെയും മാംസദാഹത്തിന്റെയും മറ്റ്‌ ഇന്ദ്രിയകാമനകളുടെയും പിന്‍വിളികള്‍ക്കു വശംവദരായി മോക്ഷത്തിന്റെ വഴിയുപേക്ഷിച്ചു വീണ്ടും വീണ്ടും മടങ്ങിപ്പോകുന്ന മനുഷ്യദൗര്‍ബല്യങ്ങള്‍ അവയില്‍ അലഞ്ഞുതിരിഞ്ഞു. വിഷം കുടിച്ചിറക്കുമ്പോഴും അവരെ അമൃതിന്റെ ഓര്‍മ്മ തുടര്‍ച്ചയായി അലട്ടി. ആത്മാവിനെ തീര്‍ത്ഥങ്ങളില്‍ കഴുകിയെടുക്കാന്‍ അതിലെ കഥാപാത്രങ്ങള്‍ വീണ്ടും വീണ്ടും പുണ്യനഗരികളില്‍ അലഞ്ഞു. എല്ലാ ക്ഷേത്രമതിലുകള്‍ക്കും പുറത്ത്‌ അവര്‍ വീണ്ടും ഭൂതകാലത്തിന്റെ വേതാളത്തെ കണ്ടുമുട്ടി. അത്‌ അവരെ കൂട്ടിക്കൊണ്ടു പോയി പാപത്തിന്റെ തെരുവുകളില്‍ തള്ളി.

ശ്രീരാമന്റെ കഥകളിലെ 'അയാള്‍'ക്കു കഥാകാരന്റേതുപോലെ സോഡാക്കുപ്പിക്കണ്ണടവെച്ച ഹ്രസ്വദൃഷ്ടിബാധിച്ച കണ്ണുകളായിരുന്നോ എന്നറിയില്ല. എന്നാല്‍, അയാള്‍ നോക്കുന്നിടത്തെല്ലാം അയാള്‍ മനുഷ്യന്റെ ഇച്ഛാശക്തിയുടെയും പ്രയത്നത്തിന്റെയും പരാജയത്തിന്റെ കാഴ്ചകള്‍ കണ്ടു. രോഗം തളര്‍ത്തിയ ശരീരത്തിനുള്ളിലിരുന്നു രുചികരമായ ഭക്ഷണത്തിനു കൊതിയ്ക്കുന്ന വൃദ്ധസന്യാസിയെയും ഭാര്യ മരിക്കാന്‍ കിടക്കുമ്പോള്‍ ഹോം നേഴ്സിനെ 'ട്രെയിനി'യായി റിക്രൂട്ട്‌ ചെയ്യുന്ന വൃദ്ധനെയും കണ്ട ആ കണ്ണുകള്‍ അപൂര്‍വമായി വിജയകഥകള്‍ കണ്ടപ്പോഴും അവയെ അപ്രാപ്യമായ ഔന്നത്യത്തിയാണു കണ്ടത്‌. മദ്യപിച്ചു മരിച്ച ഒരാളുടെ മകന്‍ ദുശ്ശീലങ്ങളില്ലാത്ത ചെറുപ്പക്കാരനായി ജീവിക്കുന്നതു കാണുന്ന ഒരു കഥയിലെ നായകന്‍ കൊതിയ്ക്കുന്നത്‌ അടുത്ത ജന്മത്തിലെങ്കിലും അയാളെപ്പോലെ ജനിക്കണം എന്നാണ്‌.

പ്രകടമായ രാഷ്ട്രീയമുള്ള വ്യക്തിജീവിതമുണ്ടായിട്ടും ഈ കഥാകൃത്തിന്റെ കഥകള്‍ ഒരു രാഷ്ട്രീയകക്ഷിയുടെയോ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ പോലും പ്രചാരണോപാധിയായില്ല. പ്രവാസജീവിതത്തെയും തൊഴിലിനെയും വിശ്വസാഹിത്യപരിചയത്തെയും സാംസ്കാരികപ്രതിഭകളുടെ സൗഹൃദത്തെയും പോലെ തന്റെ സര്‍ഗ്ഗജീവിതത്തിന്‌ ഇന്ധനമായി തന്റെ രാഷ്ട്രീയബോധത്തെയും ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കണം.

ആദ്യം മുതല്‍ എല്ലാ ഇന്‍ഡ്യന്‍ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളകളിലും കാഴ്ചക്കാരനായിരുന്ന സി. വി. ശ്രീരാമന്റെ ചെറുകഥകള്‍ അരവിന്ദനെയും (വാസ്തുഹാരാ, ചിദംബരം) കെ. ആര്‍. മോഹനനെയും (പുരുഷാര്‍ത്ഥം) ടി. വി. ചന്ദ്രനെയും (പൊന്തന്‍മാട) പോലുള്ള കഴിവുറ്റ ചലച്ചിത്രകാരന്മാരുടെ മൂശകളില്‍പ്പോലും മൂലകഥകളുടെ മാറ്റിനൊത്തു തിളങ്ങുന്ന ചലച്ചിത്രകൃതികളായി ഉരുത്തിരിയാരുന്നതിനു കാരണങ്ങള്‍ പലതായിരിക്കാം. വരാനിരിക്കുന്ന ചലച്ചിത്രകാരന്മാരുടെ കൈകളിലായിരിക്കാം അദ്ദേഹത്തിന്റെ മികച്ച കഥകള്‍ കാലാതിവര്‍ത്തികളായ സൃഷ്ടികളായി പരിണമിക്കാനിരിക്കുന്നത്‌.

ഓണപ്പതിപ്പുകള്‍ മലയാളത്തിലെ മികച്ച ചെറുകഥകളുടെ സമാഹാരമായിരുന്ന സമീപഭൂതകാലത്ത്‌ ഒരു ഓണപ്പതിപ്പു കിട്ടിയാല്‍ എന്നും ആദ്യം വായിച്ചിരുന്നത്‌ സി. വി. ശ്രീരാമന്റെ കഥകളായിരുന്നു. മാസ്റ്റര്‍പീസുകളായിരുന്ന ക്ഷുരസ്യധാരയുടെയോ വാസ്തുഹാരയുടെയോ ഇരിക്കപ്പിണ്ഡത്തിന്റെയോ ഔന്നത്യത്തിലെത്താതിരുന്നപ്പോള്‍പ്പോലും അവ നിരാശപ്പെടുത്തിയില്ല. ഏഴിലൊന്നു മാത്രം പുറത്തുകാണാവുന്ന ഒരു ഹിമാനിയെപ്പോലെയാവണം കഥയെന്നു പറഞ്ഞ ഹെമിങ്ങ്‌വേയുടെ മാതൃകയില്‍ അദ്ദേഹത്തിന്റെ ചെറിയ കഥകളുടെ ഉപരിതലത്തിനടിയില്‍പ്പോലും സങ്കീര്‍ണ്ണമായ വലിയൊരു ലോകം വായനക്കാരുടെ മനസ്സില്‍ കനംതൂങ്ങി. കുറച്ചുകൊല്ലം മുമ്പ്‌ വായിച്ച 'ചില്ലുകൂടുകളില്‍' എന്ന കഥ ഓര്‍മ്മിക്കുന്നു. ചില്ലുകൂടുകളില്‍ അടുക്കിവെച്ച പലഹാരങ്ങള്‍ പോലെ സ്വന്തം ശരീരവും സൗഹൃദവും ജീവിതവിജയത്തിനുള്ള ആയുധങ്ങളാക്കിയ ഒരു സ്ത്രീസുഹൃത്തിന്റെ ജൈത്രയാത്രയിലെ ഏറ്റവും പുതിയ ഒരു ദിവസത്തിനു സാക്ഷിയാകുന്ന ആഖ്യാതാവിന്റെ സ്മരണകളില്‍ പറയപ്പെടാത്ത അത്തരം ഒരുനൂറു പഴയ ദിവസങ്ങള്‍ അനുഭവിപ്പിക്കാന്‍ അനായാസം കഴിയുന്നു കഥാകാരന്‌.

മലയാളം സി. വി. ശ്രീരാമനില്‍ നിന്ന് വി. കെ. ശ്രീരാമനിലെത്തിനില്‍ക്കുമ്പോള്‍, ഓണപ്പതിപ്പുകള്‍ ചെറുകഥകളില്ലാതെ പുറത്തിറങ്ങുമ്പോള്‍, ജനസമ്മതിയില്‍ അനുഭവകഥകള്‍ കഥകളെ പിന്തള്ളുമ്പോള്‍, ശ്ലോകങ്ങളെയും പദ്യകവിതയെയും പോലെ വിനിമയമൂല്യം നശിച്ച, ക്ലാവുപിടിച്ച, ഒരു ചെമ്പുനാണയമായി ജനമനസ്സില്‍ ചെറുകഥ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന നാളുകളിലാണോ നാം ജീവിക്കുന്നതെന്നു സംശയിക്കാറുണ്ട്‌. വിവാദത്തിനും പ്രശസ്തന്മാരുടെ ജീവിതകഥകള്‍ക്കും കൊതിയ്ക്കുന്ന ജനങ്ങള്‍ക്കു വേണ്ടതു വിളമ്പുന്ന പത്രപ്രവര്‍ത്തനം വിവാദങ്ങളില്‍ നിന്നും ചേരിപ്പോരുകളില്‍ നിന്നും ദീര്‍ഘകാലം വിട്ടുനിന്ന ശ്രീരാമനെ അവസാനനാളുകളിലെങ്കിലും മെരുക്കിയെടുത്ത്‌ തന്റെ വളപ്പില്‍ തളച്ചിരുന്നോ?

<< മറ്റു മനോധര്‍മ്മം

8 comments:

എതിരന്‍ കതിരവന്‍ said...

ശരിയാണ്‍. സി. വി. ശ്രീരാമനോടു കൂടി കഥയുടെ ഒരു കാലഘട്ടവും കഴിഞ്ഞതായി വ്യാകുലപ്പെടാം. ഇപ്പോള്‍ കഥകള്‍ ആര്‍ക്കും വേണ്ട, അനെക്ഡോടുകള്‍ മതിയെന്ന് എഡിറ്റര്‍മാര്‍ നിഷ്കര്‍ഷിക്കുന്നുവെന്ന് കെ. എല്‍. മോഹനവര്‍മ്മ നേരിട്ട് പറഞ്ഞിട്ടുണ്ട്. ബ്ലോഗിലും കഥ എന്ന നിര്‍വചിക്കപ്പെടാവുന്നവയ്ക് ശ്രദ്ധ കിട്ടുന്നില്ല എന്നു തോന്നുന്നു. അവ വിരളമാണു താനും.

എന്തെങ്കിലും ഉള്‍ക്കാഴചയെ പേടിയ്ക്കുന്നോ മലയാളി?

Umesh::ഉമേഷ് said...

വളരെ നന്നായി.

വിഷ്ണു പ്രസാദ് said...

രാജേഷ്,
മലയാള കഥ തിരിച്ചു വരേണ്ടതുണ്ട്.നല്ല കുറിപ്പായി ഇത്.ബ്ലോഗുകളില്‍ നല്ല കഥകള്‍ കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു...

അനംഗാരി said...

നല്ല കുറിപ്പ്.

ഗുപ്തന്‍ said...

നന്നായി ഈ കുറിപ്പ്. സിവിയെക്കുറിച്ച് ബൂലോഗത്ത് ഒരു നല്ല അനുസ്മരണം വന്നില്ല എന്ന് തോന്നിയിരുന്നു. മറ്റെയാ‍ളുടെ പേരില്‍ ബ്ലോഗില്‍ വന്നകുറിപ്പ് എഴുത്തിന്റെ ശ്രദ്ധക്കുറവുകൊണ്ടോ മാംസളതയുള്ളിടത്തുതന്നെ നോക്കാന്‍ ശീലിച്ച വായനക്കാരുടെ കണ്ണിന്റെ കുഴപ്പംകൊണ്ടോ വഴിയാധാരമായിപ്പോയി :-(

രാജേഷ് ആർ. വർമ്മ said...

ജയകേരളം, എതിരന്‍, ഉമേഷ്‌, വിഷ്ണു, അനംഗാരി, മനു,

എല്ലാവര്‍ക്കും നന്ദി.

ശ്രീരാമനെക്കുറിച്ചു കണ്ട രണ്ടു നല്ല ബ്ലോഗ്‌പോസ്റ്റുകള്‍:

വേറിട്ടകാഴ്ചകള്‍

നിലാവുകൂട്ടം

Anonymous said...

രാജേഷ് ഭായ്, ഞാനിതെടുക്കുന്നു. "അക്ഷരം” മാസികയിലിടാന്‍. മാസിക ഇറങ്ങിയാല്‍ മെയിലില്‍ എത്തുന്നതാണ്.
അലോഗ്യാവൊ?
-സു-

രാജേഷ് ആർ. വർമ്മ said...

സുനിലേ,

നേരത്തെ ചോദിച്ചതുകൊണ്ട്‌ അലോഹ്യമൊന്നുമില്ല. അക്ഷരം എന്താണെന്നു പറഞ്ഞുതരുമോ?